അടുത്തകാലത്തൊന്നും ഇത്രയും മനോഹരവും ആസ്വാദ്യകരവുമായ ഒരു യാത്രാനുഭവം വായിച്ചിട്ടില്ല. ശ്രീ ജി സാജൻ സകുടുംബം നടത്തിയ ഒരു വിദേശയാത്രയുടെ കിടിലൻ വിവരണമാണ് ” മദ്ധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ “.എസ് കെ പൊറ്റെക്കാട്ടിന്റെ പ്രവാസയാത്രകളുടെ രസികത്തവും സാഹസികതയും സാജന്റെ കൃതിയിലും ദൃശ്യമാണ്. ഇന്റർനെറ്റിന്റെയും വിക്കിപീഡിയയുടെയും സോഷ്യൽ നെറ്റ് വർക്കിന്റെയും കാലത്താണ് സാജനും കുടുംബവും അപരിചിതമായൊരു പ്രവിശ്യ തേടി സഞ്ചരിക്കുന്നത്. ഏഴു വൻകരയിലും യാത്രചെയ്ത മലയാളികളുടെ പൊതുബോധത്തിന് ഇതൊന്നും ഇന്ന് പുത്തരിയല്ല. എന്നാൽ സവിശേഷമായൊരു സ്‌ഥലരാശിയിൽ കേവലം വിനോദത്തിന് മാത്രമായല്ലാതെ ഒരു കുടുംബം അലക്ഷ്യമായി നടത്തുന്ന ഈ യാത്രക്ക് അപൂർവമായൊരു സർഗാത്മകതയുണ്ട്. കവിതയും സംഗീതവും കൈകോർത്തു നടക്കുന്ന ഈ ചരരാശികുടുംബത്തിന് വിപുലമായ വായനയുടെയും കലാസ്വാദനത്തിന്റെയും അകമ്പടിയുണ്ട്. ഇടതു ലിബറൽ ചിന്തയുടെ കനലും സോവിയറ്റനന്തര ലോകത്തോടുള്ള അനുഭാവവും മാനവികതയിലുള്ള അഭിനിവേശവും ഈ യാത്രയെ സമ്പന്നമാക്കുന്നുണ്ട്.
ചരിത്രവും ഭൂമിശാസ്ത്രവുമൊന്നുമല്ല സാധാരണ മനുഷ്യജീവിതത്തെ നിർണയിക്കുന്നത് എന്ന് നല്ല നിശ്ചയമുള്ള ഒരാളാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. യാത്ര രക്തത്തിൽ കലർന്ന കുടുംബമാണ് സാജന്റേത്. ദൂരദർശൻ ജീവിതകാലത്ത് ഇൻഡ്യാ മഹാരാജ്യം മുഴുവനും കറങ്ങിനടന്നു. പിന്നീട് അനൗദ്യോഗികമായ നിരവധി വിദേശയാത്രകളും തരമായി. ഈ യാത്രകളിൽ നിന്നാണ് കൃത്യമായ ദിശയും ഗതിയുമുള്ള ഒരു യാത്രയുടെ ഗൗരവം തികഞ്ഞ ആശയം ഉള്ളിൽ കയറിപ്പറ്റിയത്. താരതമ്യേന അപരിചിതമായൊരു ഭൂമിശാസ്ത്രമാണ് അതിനായി തിരഞ്ഞെടുത്തത്. ഒപ്പം ജീവിതസഖി ബിന്ദുവും ഇളയ മകൻ അഭിജിത്ത് എന്ന അബുവുമുണ്ട്. ചക്കിക്കൊത്ത ചങ്കരനെന്ന മട്ടാണ് ഈ ദമ്പതികൾ. അലഞ്ഞുള്ള നടത്തവും അല്പം സാഹസികതയും അന്തവും കുന്തവുമില്ലാത്ത ജീവിതശൈലിയും. ഒന്നിനെക്കുറിച്ചും വേവലാതിപ്പെടാതെയുള്ള ഇവരുടെ ജീവിതയാത്രയുടെ നേർചിത്രമാണ് ഈ യാത്രയുടെ താളുകളിൽ നാമിനി വായിക്കാൻ പോകുന്നത്.
പഴയ സിൽക്ക് പാതയുടെ ഭാഗമായിരുന്ന സോവിയറ്റ് യൂണിയന്റെ പ്രവിശ്യകളായ കിർഗിസ്‌ഥാനും ഉസ്‌ബെക്കിസ്‌ഥാനും തിരഞ്ഞെടുത്തപ്പോൾ മധ്യേഷ്യയിലെ നൊമാഡിക് സംസ്കാരം അടുത്തറിയാമെന്നൊരു ആഗ്രഹമുദിച്ചു . ഈ പാതയിലൂടെയാണല്ലോ പണ്ട് സഞ്ചാരിയായ മാർക്കോപോളോ നടന്നുപോയതെന്ന ചിന്ത യാത്രയുടെ ആവേശം വർധിപ്പിച്ചു. വിക്കിപീഡിയയിൽ നടത്തിയ വിശദമായ തിരച്ചിലിൽ തുടങ്ങുന്നു യാത്രയുടെ ഒരുക്കം. കേരളത്തിന്റെ ആറിരട്ടി വലിപ്പവും ആറിലൊന്നു മാത്രം ജനസംഖ്യയുമുള്ള രാജ്യമാണ് കിർഗിസ്‌ഥാൻ. വടക്ക് കസാക്കിസ്‌ഥാൻ, പടിഞ്ഞാറ് ഉസ്‌ബെക്കിസ്‌ഥാൻ, തെക്ക് താജികിസ്‌ഥാൻ, കിഴക്ക് ചൈന. മധ്യേഷ്യയുടെ ഭൂപടം നിവർത്തി കാര്യമായൊരു പഠനം തന്നെ നിർവഹിച്ചു. വലിയ മരുഭൂമികളും പുൽമേടുകളും സ്റ്റെപ്പികളും നിറഞ്ഞ കിർഗിസ്‌ഥാൻ ഒരു സ്വപ്നഭൂമിയയായി കൊച്ചുകേരളത്തിൽ നിന്നെത്തിയ ഈ നാടോടി യാത്രികരെ വരവേറ്റു. 1917 ലെ വിപ്ലവത്തിന് ശേഷം സോവിയറ്റ് റഷ്യയുടെ ആസൂത്രിതമായ സാമൂഹ്യമാറ്റങ്ങൾ അടുത്തറിയാൻ ഈ യാത്ര സഹായകമായി എന്നുതന്നെയാണ് സാജന്റെ വിവരണങ്ങൾ സൂചിപ്പിക്കുന്നത്.
മഞ്ഞണിഞ്ഞ ഹിന്ദുക്കുഷ് മലനിരകൾ കടന്ന് വിമാനം കിർഗിസ്‌ഥാന്റെ തലസ്‌ഥാന നഗരമായ ബിഷ്കെക്കിൽ ഇറങ്ങി. സാജന്റെ യാത്രാപുസ്തകം വായിക്കുന്നതിനു മുമ്പ് തന്നെ സന്തോഷ് ജോർജ് കുളങ്ങരയുടെ ‘സഞ്ചാരം’ എപ്പിസോഡുകളിലൂടെ കിർഗിസ്‌ഥാന്റെ വിഹഗ വീക്ഷണം സാധ്യമായിരുന്നു. ഒരു പ്രഫഷണൽ വ്ലോഗർ നടത്തിയ സൂക്ഷ്മനിരീക്ഷണങ്ങളുടെ അനർഘ വിവരണമായിരുന്നു അതെല്ലാം. എന്നാൽ വലിയ മുന്നൊരുക്കങ്ങൾ ഇല്ലാതെ, സ്റ്റാർ ഹോട്ടലുകൾ ഒഴിവാക്കി കഴിയുന്നതും ഹോംസ്റ്റേ സംഘടിപ്പിച്ചുള്ള നമ്മുടെ നാടോടി കുടുംബത്തിന്റെ യാത്ര നടന്നും ഇരുന്നും വിശ്രമിച്ചും, തീവണ്ടിയിലും ടാക്സികളിലുമായി ഏതാണ്ട് ഒരുമാസത്തോളം അങ്ങനെ നീണ്ടുപോയി. യാത്രക്കിടയിൽ രണ്ടോ മൂന്നോ കിർഗിഷ് വാക്കുകളുടെ സഹായത്തോടെയാണ് ജീവിതം എന്നോർക്കണം. ഇതിനിടയിൽ പറ്റിയ അമളികളും അപ്രതീക്ഷിത കരങ്ങളിൽ നിന്ന് ലഭിച്ച സഹായങ്ങളും ഈ പുസ്തകത്തെ ദാർശനിക പരിവേഷമുള്ള ഒരനുഭവാവിഷ്കാരമാക്കി മാറ്റുന്നുണ്ട്. മാനവികതയിലുള്ള വിശ്വാസവും തികഞ്ഞ നർമ്മബോധവും ഈ കുടുംബത്തിന്റെ സഞ്ചാരകഥയെ ഹൃദ്യമാക്കുന്നു. പരിഹാസത്തിന്റെ കണ്ണാടി സ്വന്തം നേർക്ക് തിരിച്ചുപിടിക്കുന്നതിലൂടെ ആഖ്യാനത്തിന്റെ ലാളിത്യവും നേർമയും മാത്രമല്ല മഹത്തായ പാഠങ്ങളും സാജൻ പറയാതെ പറയുന്നുണ്ട്. വിശാലമായ വായനയുടെയും ചിന്തയുടെയും അകമ്പടി ഈ യാത്രാപുസ്തകത്തിന്റെ ഓരോ താളിലും ഒളിഞ്ഞിരിക്കുന്നു.
മധ്യേഷ്യൻ ജനത എക്കാലവും നൊമാഡുകളായി അലഞ്ഞുതിരിഞ്ഞു ജീവിച്ചവരാണ്. നാടോടികളായ അവരെ പല പല സാമ്രാജ്യങ്ങൾ കടന്നുചെന്ന് ആക്രമിച്ചു. പേർഷ്യൻ, ഗ്രീക്ക്,അറബ്, മംഗോൾ എന്നിങ്ങനെ. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സിൽക്ക് റൂട്ടിന്റെ വഴികളിലൂടെ വാണിജ്യാവശ്യങ്ങൾക്കായി എത്തിയവരാണ് കിർഗിസ്‌ഥാനെ കീഴടിക്കിയത്. പിന്നീട് സാറിസ്റ്റു റഷ്യയുടെ പതനത്തിനു ശേഷം സോവിയറ്റ് ഭരണത്തിന്റെ കീഴിലായി ഈ പ്രവിശ്യകൾ. സോവിയറ്റ് കാലം കഴിഞ്ഞതോടെ ഈ പ്രദേശങ്ങൾ സ്വതന്ത്രമായെന്നു പറയാം. ഇസിക് കൂൾ തടാകത്തിന്റെ വിസ്തൃതിക്ക് ചുറ്റുമാണ് കിർഗിസ്‌ഥാൻ ജീവിച്ചത്. വിവിധ ഗ്രാമങ്ങളിലെ ഹോം സ്റ്റേകളിൽ അന്തിയുറങ്ങി പകൽ മുഴുവനും ഗ്രാമ നഗര കാഴ്ചകൾ കണ്ടു നടക്കുമ്പോഴും, താമസിച്ച ഇടങ്ങളിലെ തദ്ദേശീയരോട് സോവിയറ്റ് അനന്തര കാലത്തെക്കുറിച്ചു ചോദിക്കുമ്പോഴെല്ലാം സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വപനമാണ് ജനങ്ങൾ പങ്കുവെക്കുന്നത്. ഇസിക് കൂൾ തടാകത്തെക്കുറിച്ചു കേൾക്കുന്ന മാത്രയിൽ കുട്ടിക്കാലത്തു വായിച്ച സോവിയറ്റ് പുസ്തകങ്ങളിലെ സ്റ്റെപ്പികളുടെയും സാവന്നകളുടെയും കാന്യനുകളുടെയും ഓർമകളാണ് സാജനും ബിന്ദുവും അയവിറക്കിയത്. നീണ്ടുപോകുന്ന പുൽമേടുകളും ഗോതമ്പ് ചോള വയലുകളും നീളമുള്ള മരങ്ങൾ വളർന്നു നിന്ന റോഡുകളും കൊച്ചുകൊച്ചു ഭവനങ്ങളും കൃഷിസ്‌ഥലങ്ങളും ചന്തകളും നിറഞ്ഞ കിർഗിസ്‌ഥാനിലെ ഗ്രാമാന്തരങ്ങൾ സമൃദ്ധമായ ഓർമകളായി യാത്രയെ പുണർന്നു നിന്നു. റഷ്യയിലും യുക്രൈനിലുമുള്ള ലക്ഷക്കണക്കിന് ആളുകൾ യുദ്ധഭൂമിയിൽ നിന്നു രക്ഷപ്പെട്ട് കിർഗിസ്‌ഥാൻ പോലുള്ള മധ്യേഷ്യൻ രാജ്യങ്ങളിൽ കുടിയേറിയിട്ടുണ്ട്. കണ്ടുമുട്ടാനിടയായ പലരാജ്യങ്ങളിലും നിന്നെത്തിയ വിദേശ സുഹൃത്തുക്കളോട് അവരുടെ ഭാഷയിലെ അഭിവാദ്യങ്ങൾ പറഞ്ഞും ദേശീയഗാനങ്ങൾ പാടികേൾപ്പിച്ചും ഹിന്ദിഗാനങ്ങൾ പരസ്പരം മൂളിക്കേൾപ്പിച്ചും ജിജ്ഞാസുക്കൾക്ക് ഭാരതീയ യോഗയെക്കുറിച്ചു വിവരിച്ചുമൊക്കെയായി സഹവർത്തിത്വമുള്ളൊരു ബന്ധം സ്‌ഥാപിച്ചെടുക്കാൻ യാത്രാകുടുംബത്തിനു സാധിക്കുന്നുണ്ട്. ഇതെല്ലാം അബു പഠിപ്പിച്ച രണ്ടേ രണ്ടു കിർഗിഷ് വാക്കുകൾ കൊണ്ടാണെന്ന് ഓർക്കണം. സ് ദ്രാവസ്തു ഇച്യേ , മേന്യ സൊവൂത് സാജൻ .. തീർന്നു ഇത്രയേ വേണ്ടൂ അന്യോന്യത്തിന്.
ഒരു നഗരത്തെ അറിയുവാൻ ഒരറ്റം മുതൽ മറ്റേ അറ്റം വരെ കാൽനടയായി സഞ്ചരിക്കണം എന്ന സന്തോഷ് ജോർജ് കുളങ്ങരയുടെ അതേ വീക്ഷണമാണ് സാജനും അടിവരയിട്ടുറപ്പിക്കുന്നത്. ഒരു സമൂഹം എങ്ങനെ ജീവിക്കുന്നു എന്നറിയാൻ ഏറ്റവും നല്ല സ്‌ഥലമാണ് അവരുടെ ചന്തകൾ. അവരുടെ ഭക്ഷണം, വസ്ത്രധാരണം ആശയവിനിമയം, സഞ്ചാരഗതി എല്ലാം മാറിനിന്നു നോക്കുമ്പോൾ മനസ്സിലാവും. ഫോട്ടോഗ്രഫിയിൽ കമ്പമുള്ള അബു തന്റെ യാഷിക്ക ക്യാമറയിലും സോണിയിലും ദൃശ്യങ്ങൾ പകർത്തി. അബുവിന്റെ അല്പം വളർന്ന നീണ്ട മുടി , കാഴ്ചക്കാരിൽ കൗതുകമുണർത്തി. ഒരു വിദേശ വനിത അബുവിനു നൽകിയ മധുരചുംബനം വായനയിൽ ഉടനീളം പ്രസരിക്കുന്നുണ്ട്. കിർഗിസ്‌ഥാനിലെ ഏറ്റവും വലിയ നഗരവും മനോഹര സ്‌ഥലവും തലസ്‌ഥാന നഗരിയായ ബിഷ്കെക്ക് ആണ്. വൃത്തിയുള്ള റോഡുകളും ഒപ്പമുള്ള വലിയ നടപ്പാതകളും പൂന്തോട്ടങ്ങളും സൈക്കിൾ വീഥികളും വലിയ നഗരചത്വരങ്ങളും രാജ്യത്തിന്റെ കഥ പറയുന്ന കൂറ്റൻ ശില്പങ്ങളും ബിഷ്കെക്കിനെ സ്വർഗീയതുല്യമാക്കുന്നു എന്നാണ് സാജൻ അടയാളപ്പെടുത്തുന്നത്.
ബിഷ്കെക്കിൽ നിന്നു ടോക്‌മോക്ക് നഗരത്തിലേക്ക് നടത്തിയ ട്രെയിൻ യാത്രയെക്കുറിച്ചുള്ള അധ്യായം കാഴ്ചയുടെ മറ്റൊരു സൗന്ദര്യത്തെ തുറന്നുതരുന്നു. തിരക്കില്ലാത്ത ട്രെയിനിൽ പരിചയപ്പെടാനിടയായ ഇംഗ്ലീഷ് അറിയാത്ത സ്വെറ്റ്ലേന എന്ന റഷ്യൻ പെൺകുട്ടിയുമായുള്ള സൗഹൃദം എത്രമേൽ സഹായകരമായി എന്ന് വായിക്കുന്നിടത്ത് യാത്രകളിൽ ഭാഷക്കും ദേശത്തിനുമപ്പുറം തളിർക്കുന്ന സാഹോദര്യം നാമനുഭവിക്കുന്നു. അവളുടെ സഹായത്തോടെയാണ് തുടർന്നുള്ള യാത്രകളുടെ തുടക്കം. നൂർലാൻ എന്ന മിടുക്കൻ ഡ്രൈവറെ പരിചപ്പെടുന്നിടത്ത് യാത്ര പുതിയ ഗതിവേഗമാർജിക്കുന്നു.പാമിർ മലനിരകളുടെ തുടർച്ചയായ ടിയാൻ ഷാൻ മലനിരകളും അവിടെ നിന്നു ഉദ്ഭവിക്കുന്ന സിർ ദാരിയ, അമു ദാരിയ എന്നെ നദികളും ഇസിക് കൂൾ താഴ് വരക്കു ചുറ്റും ഒഴുകിപ്പരന്നു കിർഗിസ്‌ഥാനെ ഫലഭൂയിഷ്ഠമാക്കുന്നതിന്റെ വിവരണം കഴിഞ്ഞാൽ ടോക്‌മോക്കിലുള്ള ബരാന ടവർ എന്ന മധ്യേഷ്യയിലെ ഏറ്റവും പഴക്കമുള്ള ഗോപുരത്തിന്റെ കാഴ്ചയാണ്.
കിർഗിസ്‌ഥാനിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ സോങ് കൂൾ ലക്ഷ്യമാക്കി നടത്തിയ കുതിരസവാരിയുടെ കഥയാണ് ഈ പുസ്തകത്തിലെ സാഹസികത നിറഞ്ഞ, എന്നാൽ കാഴ്ചയുടെ ധ്യാനം എഴുത്തിൽ സാക്ഷാത്കരിച്ച ഒരധ്യായം. സമുദ്രനിരപ്പിൽ നിന്ന് 3012 അടി ഉയരത്തിൽ കിടക്കുന്ന സോങ് കൂൾ തടാകത്തിനു 270 ച.മീ വിസ്തീർണമുണ്ട്. ആദ്യമായി കുതിരസവാരി നടത്തുന്ന കുടുംബത്തെ ഖാഖു എന്ന വഴികാട്ടി ചില ബാലപാഠങ്ങൾക്കൊപ്പം മതിയായ ധൈര്യവും പകർന്നു യാത്രയാക്കി. ചോളം വിളയുന്ന പാടങ്ങളും കുറ്റിക്കാടുകളും പുൽമേടുകളും കരിങ്കൽക്കെട്ടുകൾ നിറഞ്ഞ പാതകളും ശ്മാശനങ്ങളും തകർന്ന പള്ളി സെമിത്തേരികളും പിന്നിട്ട് കുതിരകൾ കയറ്റം കേറിപ്പോകുന്നു. ചുറ്റും ഭീമാകാരമായ സ്റ്റെപ്പി മലനിരകൾ മാത്രം. തവിട്ടും ചാരവും ചുവപ്പും കലർന്ന വിസ്തൃതമായ പുൽമേടുകൾ. തികച്ചും വിജനമായ രഥ്യയിലൂടെ ഭൂമിയിലെ അപരിചിതമായ മണ്ണിൽ കുതിരയുടെ പാദങ്ങൾ സ്പർശിക്കുന്ന ശബ്ദം ശ്രവിച്ചുള്ള യാത്ര. പുൽമേടുകളും സാവന്നകളും കുറ്റിക്കാടുകളും നിറഞ്ഞ എട്ടു ലക്ഷം ചതുരശ്ര കി.മീ പരന്നുകിടന്ന ഈ സ്റ്റെപ്പിയിലൂടെയാണ് ആയിരക്കണക്കിന് വർഷങ്ങൾ മധ്യേഷ്യയിലെ നൊമാഡുകൾ സഞ്ചരിച്ചത്. യൂറോപ്പിനെയും ഏഷ്യയെയും വേർതിരിക്കുന്ന യുറാൽ പർവ്വതനിരകളുടെ തുടർച്ചയാണിത്. അഗാധമായ കൊക്കകളുടെ വശം ചേർന്നുള്ള ഒറ്റയടിപ്പാതയിലൂടെ കയറ്റിറക്കങ്ങൾ താണ്ടിയുള്ള യാത്രയുടെ സാഫല്യമായി അടുത്ത നിമിഷം. അനന്തമായ പുല്മേടുകൾക്കപ്പുറം മലനിരകളുടെ താഴ് വരയിൽ ഒരു ബിന്ദുപോലെ നീലത്തടാകം. ആ നിമിഷത്തെ സാജൻ ഓർക്കുന്നതിങ്ങനെ : “ഇപ്പോൾ ശരീരമോ മനസ്സോ ഇല്ല. ശബ്ദങ്ങൾ ഇല്ല. വിശപ്പോ ദാഹമോ ഭയമോ അനിശ്ചിതത്വമോ ഇല്ല. നിർമമമായൊരു അവസ്‌ഥ.ഇത് ധ്യാനത്തിന്റെ മാർഗം. ഞങ്ങൾക്കായി മാത്രം പ്രകൃതി ഒരുക്കിവെച്ച ദൃശ്യം. അസ്തമയത്തിന്റെ നിറഭേരിയാണ് ആകാശത്ത്.സൂര്യാസ്തമയത്തിന്റെ ചുവപ്പും തടാകത്തിന്റെ നീലിമയും പുൽപ്പരപ്പിന്റെ തവിട്ടും ചേർന്ന അഭൗമമായ ഒരു രംഗലീല.”
താരമനോഹരിയായ അന്ന് രാത്രി സ്റ്റെപ്പിയിലെ വയ്ക്കോൽ കൂടാരമെന്നു പറയാവുന്ന യെർട്ടിൽ സഞ്ചാരികൾ അന്തിയുറങ്ങി. യെർട്ട് സഞ്ചാരികളുടെ ഒരു കമ്മ്യൂൺ പോലെയാണ്. മധ്യേഷ്യൻ ജീവിതത്തിന്റെ പ്രതീകമാണ് മനോഹരമായ യെർട്ടുകൾ. മുളകൊണ്ട് പണി തീർക്കുന്ന യെർട്ടിന്റെ കൂരയുടെ അകദൃശ്യം കോണുകളുടെ മനോഹര പാറ്റേൺ ആണ്.കിർഗിസ്‌ഥാന്റെ ദേശീയപതാകയിൽ ഈ പാറ്റേൺ ആലേഖനം ചെയ്തിട്ടുണ്ട്.
യാത്രകളേക്കാൾ വലിയ പാഠശാലയില്ല എന്ന തിരിച്ചറിവോടെ നമ്മുടെ സഞ്ചാരി കുടുംബം കിർഗിസ്‌ഥനോടു വിടചൊല്ലി തൊട്ടടുത്ത രാജ്യമായ ഉസ്‌ബെക്കിസ്‌ഥാനിലേക്കു പ്രവേശിക്കുകയാണ്. ഇരുരാജ്യങ്ങളുടെയും അതിർത്തിയിൽ നോ മാൻസ് ലാൻഡിൽ ഒരു മുള്ളുവേലി മാത്രം. കൈവശമുള്ള പേപ്പർ വിസ മാത്രം മതി പ്രവേശനത്തിന്. ഉസ്ബെക് അതിർത്തിയെക്കുറിച്ച അബു മതിയായ ഗവേഷണം നടത്തിയിരുന്നു. ‘ഐ ആം എ ഡിസ്കോ ഡാൻസർ’ എന്ന ഹിന്ദുസ്‌ഥാനി ഗാനം പാടിയാണ് ഇന്ത്യൻ യാത്രികരെ ഉസ്ബെക് സെക്യൂരിറ്റി ഉദ്യോഗസ്‌ഥൻ സ്വീകരിച്ചത്. തുടർന്ന് റോഡിലും ട്രെയിനിലും ഹോട്ടലുകളിലും പാർക്കുകളിൽപ്പോലും ഇതേ ഊഷ്മള സ്വീകരണമാണ് കിട്ടിയത്. ഒരു ജനത മറ്റൊരു വിദേശ ജനതയെ ഇത്രമേൽ അകമഴിഞ്ഞ് സ്നേഹിക്കുമോ എന്നത് സഞ്ചാരികളെ അദ്‌ഭുതം കൊള്ളിച്ചു എന്നാണ് സാജന്റെ സാക്ഷ്യം.ഹിന്ദി സിനിമയും ഹിന്ദി താരങ്ങളും അവർക്കു ഹരമായിരുന്നുവത്രെ.അങ്ങനെ ഉസ്‌ബെക്കിസ്‌ഥാനിലെ നഗര വീഥികളിൽ കണ്ടുമുട്ടിയ സൗഹൃദങ്ങളും ശില്പനിർമിതികളും പൂന്തോട്ടങ്ങളും പള്ളിമിനാരങ്ങളും നീല പൂപ്പാത്രങ്ങളും സൗന്ദര്യം വഴിഞ്ഞ കെട്ടിടങ്ങളും സമർഖന്ദ് , താഷ്കന്റ് തുടങ്ങിയ ചരിത്രപ്രധാനമായ ഇടങ്ങളും സന്ദർശിക്കുന്ന ഒരുപാടു വിശേഷങ്ങൾ ഇനിയുമുണ്ട്. വിസ്താരഭയത്താൽ അതിലേക്കു കടക്കു
ന്നില്ല. വായനക്കാർക്കും ചിലതു ബാക്കിവെക്കണമല്ലോ.
കഥകളിലൂടെ നഗരങ്ങളെ ഓർമകളായും അഭിലാഷങ്ങളായും ചിഹ്നങ്ങളായും വിവരിച്ചു നഗരങ്ങൾക്കുള്ളിലെ അദൃശ്യനഗരങ്ങളെ കാണിച്ചുതരുന്ന ഇറ്റാലോ കാൽവിനോയുടെ പുസ്തകത്തെക്കുറിച്ചും ഇവിടെ സാജൻ ഓർമ്മിക്കുന്നുണ്ട്. ഒരു മാസം നീണ്ടുനിന്ന യാത്രയുടെ പര്യവസാനം വേദനാജനകമായിരുന്നു എന്ന് പറയേണ്ടല്ലോ. അവിടെനിന്ന് അടർന്നു പോരുമ്പോൾ തോന്നിയ വേദന.
പുസ്തകം അവസാനിക്കുമ്പോഴും ഈ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുമ്പോഴും ലോകത്തിന്റെ മറ്റൊരു കോണിൽ യുദ്ധം നടക്കുന്നുണ്ട്. അവിടെനിന്നും ആയിരക്കണക്കിനാളുകൾ മറ്റു രാജ്യങ്ങളിലേക്ക് അഭയം തേടി യാത്രയാവുന്നുണ്ട്. ആ യാത്രയിൽ അവർ അപരിചിത സംസ്കാരങ്ങളെ തൊട്ടറിയുന്നുന്നു. അവിടെ പുതിയ സൗഹൃദങ്ങൾ പൂവിടുന്നു. യുദ്ധത്തിന്റെ ക്രൂരതക്കപ്പുറം മാനവികതയുടെ മൃദുസ്പർശം അവരനുഭവിക്കുന്നു. അടുത്ത യാത്രയുടെ സ്വപ്നങ്ങളുമായി ഈ സഞ്ചാരികുടുംബം കേരളത്തിന്റെ മണ്ണിൽ തിരിച്ചെത്തിയിരിക്കുന്നു.സാജനും കുടുംബവും നടത്തുന്ന അടുത്ത ലോകയാത്രക്കായി അക്ഷമയോടെ കാത്തിരിക്കുന്നൊരു വായനാസമൂഹം ഇവിടെയുണ്ട്. നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയായ അബു ഒപ്പിയെടുത്ത ചിത്രങ്ങൾ പുസ്തകത്തിന്റെ സൗന്ദര്യം കൂട്ടുന്നു
(ലോഗോസ് ബുക്സ് ആണ് പ്രസാധകർ.)
കവർ : സി പി ജോൺസൺ