പൂമുഖം LITERATUREകുഞ്ഞിക്കഥ പരൽമീനുകളുടെ ചുംബനം

പരൽമീനുകളുടെ ചുംബനം

അതൊരു ക്വാറൻ്റെയിൻ കാലമായിരുന്നു. മാസ്കിനാൽ മുഖം മറച്ച് വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന മനുഷ്യരിൽ നിന്നയാൾ ഒളിച്ചു നിന്നു .

പിന്നെ, ദുരന്തകാലം വിജനമാക്കിയ തെരുവിലേക്ക് ഇറങ്ങി.

അയാൾക്ക് പോലും തിട്ടമില്ലാത്തത്ര വർഷങ്ങൾ നീണ്ട ഏകാന്തവാസം മുറിഞ്ഞതങ്ങനെയാണ്. പരിഹാസങ്ങളുടെയും അടക്കം പറച്ചിലുകളുടെയും കാരമുള്ളുകളൊഴിഞ്ഞ ഗ്രാമവീഥികൾ അയാളെ നോക്കി പുഞ്ചിരിച്ചു. ഓർമ്മയുറച്ചതിൽ പിന്നെ കണ്ണാടി നോക്കാത്തവനപ്പോൾ സ്വന്തം മുഖം കാണണമെന്ന ആശയുദിച്ചു. മുഖാവരണം നീക്കി പാതയോരത്തെ ജലാശയത്തിൽ നോക്കവെ, മറ്റുള്ളവരുടേതു പോലെയല്ലാത്ത തന്റെ മുഖവും എത്ര സുന്ദരമെന്ന് തോന്നി. ഒറ്റപ്പെടലിന്റെ നാളുകൾ മായ്ച്ചു കളഞ്ഞ മനുഷ്യമുഖങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ട നിമിഷത്തിൽ ജലത്തിൽ നിന്നൂളിയിട്ടുയർന്ന പരൽമീനുകൾ അവന്റെ പ്രതിബിംബത്തെ ചുംബനങ്ങൾ കൊണ്ടു മൂടി.

കവർ: വിൽസൺ ശാരദ ആനന്ദ്

Comments

You may also like