അറുപത്
ജോലി കിട്ടി രണ്ടാഴ്ച ഹേമ കോട്ടയത്തുള്ള അപ്പച്ചിയുടെ വീട്ടിൽനിന്ന് പോയി വന്നു. പിന്നീട് എറണാകുളത്ത് ഒരു ഹോസ്റ്റലിൽ താമസമായി. ലില്ലി എന്നും സബീന എന്നുംപേരുള്ള രണ്ട് ഉദ്യോഗസ്ഥകളായിരുന്നു റൂമിൽ ഒപ്പമുണ്ടായിരുന്നത്. ലില്ലിക്ക് ജോലി ഒരു സ്വകാര്യ സ്ഥാപനത്തിൽ. സബീനയ്ക്ക് ഹൈക്കോടതിയിൽ.
‘സബീനച്ചേച്ചി അധികം സംസാരിക്കില്ല. അതിന്റെ കാരണം വഴിയേ ഹേമയ്ക്ക് മനസ്സിലായിക്കൊള്ളും.’ പരിചയപ്പെട്ടപ്പോൾ ലില്ലി പറഞ്ഞു.
ലില്ലി പറഞ്ഞത് ശരിയായിരുന്നു. സബീന ഒരു തവണ മുഖത്തുനോക്കി മന്ദഹസിച്ചു. പിന്നെ സംസാരിക്കാൻ വന്നതേയില്ല.
അടുത്തദിവസം ലില്ലി പരാതി പറഞ്ഞു: ‘പുതിയ റൂമേറ്റ് വരുന്നു എന്നു കേട്ടപ്പോൾ വലിയ ആശ്വാസം തോന്നിയിരുന്നു. മിണ്ടീം പറഞ്ഞുമിരിക്കാമല്ലോ. ഇപ്പോൾ വന്നതാകട്ടെ പഴയതിന്റെ ട്രൂകോപ്പി. ഒട്ടും മിണ്ടാട്ടമില്ലാത്ത ഇനം. നിങ്ങൾക്കൊക്കെ എന്താ ഈ പറ്റുന്നെ?’
ഹേമ ചിരിച്ചു പോയി. സമയം കിട്ടുമ്പോഴെല്ലാം ലില്ലി രണ്ടുപേരെയും കൂട്ടി പുറത്ത് കറങ്ങാൻ പോകും. സബീന ഉടനീളം നിശ്ശബ്ദയായിരിക്കും. അത്യാവശ്യത്തിന് മാത്രം സംസാരിക്കും.
‘സബീനച്ചേച്ചിക്ക് എന്താ പറ്റിയത്, ഒന്നും മിണ്ടുന്നില്ലല്ലോ?’ ഒരു ദിവസം ലില്ലിയോട് ചോദിച്ചു.
‘ഈ പറയുന്ന ആളും വ്യത്യസ്തമല്ലല്ലോ.’ ലില്ലി ചിരിച്ചുകൊണ്ട് ഒന്ന് ചൊറിഞ്ഞു.
പിന്നെ സബീനയെ പറ്റി അറിയാവുന്ന കാര്യം പറഞ്ഞു.
‘അവരുടെ ഏറ്റവും അടുത്ത കൂട്ടുകാരി ഒരിക്കൽ ഇവരെ കാണാൻ വന്നിരുന്നു. ഒരു ട്രീസ. അവരെ തിരിച്ചു യാത്രയാക്കാൻ ഞാനാണു പോയത്. ട്രീസാമ്മ ഭയങ്കര വായാടിയായിരുന്നു. അരമണിക്കൂറുകൊണ്ട് സബീനച്ചേച്ചിയുടെ ജാതകം മുഴുവൻ എനിക്ക് പറഞ്ഞു തന്നു.’
‘അതേ, നമ്മടെ ആളിന് ഒരു പ്രേമം ഉണ്ടായിരുന്നു, കേട്ടോ. ജോലി കിട്ടിയ ശേഷം, സ്വന്തം ഓഫീസിൽ തന്നെ. അതു വൺവേ ആണെന്ന് സബീനച്ചേച്ചി തിരിച്ചറിഞ്ഞില്ല. ഇഷ്ടം തോന്നിയ ആള് ഒരു സുന്ദരനായിരുന്നു. ഓഫീസിൽ എല്ലാരുമായും സന്തോഷത്തോടെ ഇടപെടുന്നയാള്. സബീനച്ചേച്ചിയുമായി കൂടുതൽ സംസാരിക്കും. ‘’ഡീ സബീനേ, നിന്നെ ഞാൻ കെട്ടിക്കോളാം’’ എന്ന് തമാശയ്ക്ക് കൂടെക്കൂടെ പറയും. ഈ മണ്ടി അത് കാര്യമായി എടുത്തു. കുറച്ചു കാലം കഴിഞ്ഞ് അയാളെ പരുവത്തിന് അടുത്തു കിട്ടിയപ്പോൾ ഇനി നമ്മുടെ കല്യാണക്കാര്യം നോക്കരുതോ എന്ന് സബീനച്ചേച്ചി ചോദിച്ചു. അയാൾ അമ്പരന്നു പോയി. അയാളുടെ അമ്പരപ്പു കണ്ട് ഇവർക്ക് പെട്ടെന്ന് കാര്യങ്ങൾ എല്ലാം മനസ്സിലായി. വലിയ ലജ്ജയും നിരാശയുമായി. അതിൽ പിന്നെ ആരോടും വലിയ മിണ്ടാട്ടമില്ല.’
‘അവരുടെ ജീവിതം മറ്റുള്ളവരുടെ ജീവിതങ്ങളിൽ നിന്ന് മോശമൊന്നുമല്ല.’
ഹേമ പറഞ്ഞു.
‘മനസ്സിൽ താലോലിക്കാൻ അവർക്ക് ഒരു പ്രണയമുണ്ട്. കുടുംബത്തിൻറെ ബാധ്യതകൾ ഒട്ടുമില്ല. സ്വതന്ത്ര ജീവിതം! എത്ര സ്ത്രീകൾക്ക് അതുണ്ട്?’
ലില്ലി അതിശയത്തോടെ ഹേമയെ നോക്കി. ‘എനിക്ക് വേഗം റൂം മാറണം. അല്ലെങ്കിൽ രണ്ടിന്റെയും ഇടയിൽപ്പെട്ട് എനിക്ക് ഭ്രാന്താവും.’ ലില്ലി ചിരിച്ചുകൊണ്ട് പറഞ്ഞു.
പിറ്റേന്ന് ലില്ലി പുറത്തു പോയിരുന്നപ്പോൾ ഹേമയുടെ പേഴ്സ് മേശപ്പുറത്ത് തുറന്നിരിക്കുന്നതു കണ്ട് സബീന പറഞ്ഞു:
അതൊക്കെ എടുത്ത് പെട്ടിയിൽ അടച്ചുവക്കൂ.
‘എന്തുപറ്റി?’ ഹേമ അതിശയത്തോടെ ചോദിച്ചു.
സബീന മടിച്ചുമടിച്ച് പറഞ്ഞു: ‘അവള് …. ചൂണ്ടും.’
അറുപത്തിയൊന്ന്
ഒരു ദിവസം അത്താഴം കഴിഞ്ഞ് ഉറങ്ങുന്നതിനു മുൻപ് ഹേമ ചോദിച്ചു:’ നിങ്ങൾ രണ്ടാളും എൻ്റെ കല്യാണം കൂടാൻ വരുന്നോ? അടുത്തതിന്റെ അടുത്ത തിങ്കളാഴ്ചയാണ്.’
ലില്ലി ചാടിഎഴുന്നേറ്റു. സബീനയും കൗതുകത്തോടെ തല ഉയർത്തി ഹേമയെ നോക്കി.
‘ഇതിങ്ങനെ ലാഘവത്തോടെയാണോ പറയേണ്ടത്! ആരെയാണ് കെട്ടുന്നത്? എവിടെവച്ചാണ്? ഒക്കെ പറഞ്ഞേ.’
ലില്ലി ആവേശത്തോടെ പറഞ്ഞു. സബീനയും സാധാരണമല്ലാത്ത കൗതുകത്തോടെ കട്ടിലിൽ എഴുന്നേറ്റിരുന്ന് ഹേമയെ നോക്കി. കാര്യങ്ങൾ വിശദീകരിക്കുന്നതിനു മുമ്പ് ഹേമ സബീനയേയും ലില്ലിയെയും നോക്കി. ലില്ലി വിവാഹമോചിതയാണെന്ന് ആരോ പറഞ്ഞു ഹേമക്കറിയാം. സബീന വിവാഹമേ വേണ്ടെന്ന് വെച്ചിരിക്കുന്ന ആളാണെന്ന് ലില്ലി പറഞ്ഞുമറിയാം.
‘ഗിരി എന്നാണ് എന്നെ കെട്ടാൻ പോകുന്ന ആളിന്റെ പേര്. കൂടെ പഠിച്ചതാണ്. ഇപ്പോ കൃഷിയും ചെറിയ ബിസിനസും ആണ് പരിപാടി. അത്യാവശ്യം ബന്ധുക്കളെ കൂട്ടി കല്യാണം രജിസ്റ്റർ ചെയ്യുകയാണ്.’
‘അതെന്താ ചടങ്ങില്ലേ?’ സബീനയാണ് ചോദിച്ചത്.
‘ഒന്നുമില്ല. ഞങ്ങൾക്ക് കുറച്ചു കാലം ഒരുമിച്ച് ജീവിക്കേണ്ടി വന്നിട്ടുണ്ട്. അത് നാട്ടുകാർക്കെല്ലാം അറിയാം. അതുകൊണ്ട് കല്യാണം നടത്തിയാൽ വരാൻ ആർക്കും താല്പര്യം കാണില്ല. അതുകൊണ്ടെന്താ, വലിയൊരു ചടങ്ങ് നടത്തേണ്ട ചെലവ് ക്ലീനായി ഒഴിവായി.’
കേൾവിക്കാർ രണ്ടും കുറച്ചുനേരം നിശ്ശബ്ദരായി ഇരുന്നു.
‘അക്കാര്യങ്ങളൊക്കെ വിശദമായി പറ പെണ്ണേ.’ ലില്ലി ഉത്സാഹിപ്പിച്ചു.
വിശദമായിതന്നെ പറഞ്ഞു. ലില്ലിയും സബീനയും വാ പൊളിച്ച് കേട്ടിരുന്നു.
‘വാർത്ത അറിഞ്ഞിരുന്നു. നീയായിരുന്നോ ആ വിദ്യാർത്ഥികളിൽ ഒന്ന്!’ ലില്ലി അതിശയിച്ചു.
‘വാർത്ത ഞാനും കേട്ടിരുന്നു.’ സബീനയും പറഞ്ഞു.
വാർത്ത ഹോസ്റ്റലിൽ കാതോട് കാത് പരന്നു. രണ്ട് ദിവസങ്ങളിൽ ഓരോരുത്തരും അത്ഭുതജീവിയെ കാണുന്നതു പോലെ ഹേമയെ നോക്കാൻ തുടങ്ങി. എങ്ങനെയെന്നറിയില്ല ഓഫീസിലും വാർത്ത എത്തി.
‘കല്യാണമായോ? ഞങ്ങളെ ആരെയും വിളിക്കുന്നില്ലേ?’ ഒപ്പിടാൻ ചെന്നപ്പോൾ സൂപ്രണ്ട് ചോദിച്ചു.
‘പഴയ സുഹൃത്തിനെയാണ് കെട്ടുന്നത്. രജിസ്റ്റർ വിവാഹമാണ്.’
‘ആയിക്കോട്ടെ. കെട്ടുകഴിഞ്ഞ് ഇവിടെ ഒരു പാർട്ടി നടത്താമല്ലോ,എന്താ?’
ഹേമ മന്ദഹസിച്ചു.
അന്ന് ഉച്ചയോടെ ഹേമ ഓഫീസിൽ നിന്ന് ഗിരിയെ ഫോൺ ചെയ്തു. സംഭാഷണ മദ്ധ്യേ ഹേമ ചോദിച്ചു: ‘ഒരഭിപ്രായം പറയണം. വളരെ ആലോചിച്ചു വേണം പറയാൻ.’
‘നീ കാര്യം പറയൂ.’ ഗിരി ആവശ്യപ്പെട്ടു.
‘എനിക്ക് ജോലി ഇഷ്ടപ്പെടുന്നില്ല. നാട്ടിൽ നിന്ന് മാറിയുള്ള താമസവും. ഞാൻ രാജി വെക്കട്ടെ?’
‘ഒട്ടും ആലോചിക്കാതെ ഞാൻ ഒരു മറുപടി പറയട്ടെ?’
‘വേഗം പറ.’
‘നീ ധൈര്യമായി രാജിവെക്ക്.’
‘ശരി ഇനി നന്നായി ആലോചിച്ച് അഭിപ്രായം പറ. നാളെ പറഞ്ഞാൽ മതി.’
‘ഞാൻ നന്നായി ആലോചിച്ചിട്ടുള്ള കാര്യം തന്നെയാണിത്. എന്റെ അഭിപ്രായം പറയട്ടെ?
‘പറ.’
‘നീ രാജിയൊന്നും വെക്കണ്ട. ഇങ്ങു പോര്. ഇനിയങ്ങോട്ട് പോവണ്ട.’
‘ഞാൻ വന്നിട്ട്?’
‘എന്നെ കല്യാണം കഴിക്കണം. പിന്നെ ഉള്ളത് വെച്ച് നമുക്ക് ജീവിക്കാം. ഓർത്തോ, നമ്മൾ കാട്ടിൽ കഴിഞ്ഞതാ. നമ്മൾ എങ്ങനെയും ജീവിക്കും.’
‘ശരി. ഞാൻ രണ്ടു ദിവസം കഴിഞ്ഞ് അങ്ങ് വരും. നീ കല്യാണത്തിന് തുണിയെടുത്തോ?’
‘നിനക്ക് എടുത്തു. എന്റെ ഉടുപ്പും മുണ്ടും കഴുകിയിട്ടിട്ടുണ്ട്. അതുമതി. നിനക്ക് പ്രശ്നമൊന്നും ഇല്ലല്ലോ?’
‘എന്റെ ഇഷ്ടം നീ മരവുരി ഉടുത്തു വരുന്നതാ. അതിൽ കണ്ടാൽ നീ ശ്രീരാമൻ ആണെന്ന് തോന്നുമായിരുന്നു. കല്യാണത്തിന് തൽക്കാലം അത് വേണ്ട.’
അറുപത്തിരണ്ട്
ഒരു ഞായറാഴ്ച മദ്ധ്യാഹ്നത്തോടെ ഷാപ്പിലേക്ക് കടന്നുവന്ന ആളിനെ കണ്ടു രാജൻ വിസ്മയിച്ചു പോയി. പ്രൊഫസർ ചന്ദ്രസേനൻ. ഷാപ്പിലെ ചിട്ടവട്ടങ്ങൾ നന്നായി അറിയാവുന്ന ആളിനെപ്പോലെ പ്രൊഫസർ ഇരുന്നു കഴിഞ്ഞയുടനെ സപ്ലൈയർമാർക്ക് ഓർഡർ നൽകി- ഒരു കുപ്പി പട്ട, കപ്പ, ഞണ്ട് കറി. ചോദിച്ച സാധനങ്ങൾ രാജൻ തന്നെ നൽകി. രാജന്റെ മുഖത്ത് നോക്കാതെ അദ്ദേഹം നിശ്ശബ്ദനായി കഴിക്കാനും കുടിക്കാനും തുടങ്ങി. തീർന്നപ്പോൾ ഒരു കുപ്പി കൂടി ആവശ്യപ്പെട്ടു. അത് തുടങ്ങുന്നതിനു മുമ്പ് അദ്ദേഹം ആരോടെന്നില്ലാതെ ഉച്ചത്തിൽ പറഞ്ഞു: All the world is a stage, and all the men and women are merely players.
തുടർന്ന് അതിന്റെ അർത്ഥം മലയാളത്തിൽ വിശദീകരിച്ചതോടെ മറ്റു കുടിയന്മാർക്കും രസം പിടിച്ചു. ജീവിതത്തെ പറ്റി വലിയൊരു ചർച്ച തന്നെ അവിടെയുണ്ടായി. ചർച്ചയ്ക്ക് മുറുക്കം കുറയുമ്പോൾ പ്രൊഫസർ കവിതയിൽ നിന്ന് രണ്ട് വരികൾ കൂടി താളത്തിൽ പാടി അർത്ഥം വിശദീകരിക്കും. പിന്നെയും ചർച്ച. ഒടുവിൽ കൊടിയ നിരാശയിൽ എന്നവണ്ണം sans eyes,sans taste, sans everything എന്നു പറഞ്ഞു പ്രൊഫസർ എഴുന്നേറ്റു പുറത്തേക്ക് പോയി. രാജൻ കൂടെ ചെന്നു.

‘സാറിന് എന്നെ ഓർമ്മയുണ്ടോ? ഞാനും ഒരു സ്റ്റുഡൻറ് ആയിരുന്നു കഴിഞ്ഞ വർഷം വരെ.’ രാജൻ പറഞ്ഞു.
പ്രൊഫസർ സൂക്ഷിച്ചു നോക്കി.
‘മോനെ എനിക്ക് ആരെയും വേറെ വേറെ അറിയില്ല. നിങ്ങളെല്ലാം എനിക്ക് മക്കളാണ് അത്രമാത്രം. എന്നാലും കേൾക്കട്ടെ. നീ ആരാ, എന്താ പേര്?’
‘പേര് രാജൻ. കഴിഞ്ഞവർഷം സ്റ്റഡി ടൂർ പോയപ്പോൾ കാട്ടിൽ അകപ്പെട്ടുപോയ നാല് പേരിൽ ഒരാളാണ്.’
‘ഓ കാട്ടിൽ അകപ്പെട്ടുപോയ നാല് പേരിൽ ഒരാൾ അല്ലേ? എന്നിട്ട് രക്ഷപ്പെട്ടു അല്ലേ?’
‘അതെ സർ.’
‘മഠയൻ. നീ ഇപ്പോഴാണ് ശരിക്കും അകപ്പെട്ടത്. കാട്ടിൽ നീ സുരക്ഷിതനായിരുന്നു. ആത്മാവിനെ വേണേൽ നീ തിരികെ കാട്ടിൽ പൊയ്ക്കോ. ഞാൻ വെറുതെ പറയുന്നതല്ല, ഇവിടെ ജീവിതമില്ല. കാട്ടിൽ അതുണ്ട്. പുലിയോ കടുവയോ പിടിച്ചു തിന്നുന്നതിനു മുമ്പ് കിട്ടുന്ന മരങ്ങൾക്കിടയിലുള്ള ഓരോ നിമിഷവും അർത്ഥസമ്പുഷ്ടമാണ്. ഇവിടെയുള്ളത് ശുദ്ധ ഭോഷ്ക്ക്.’
പ്രൊഫസർ ആടിയാടി അകന്നു. രാജന് അയാളെ നമസ്ക്കരിക്കണമെന്ന് തോന്നിപ്പോയി. പിന്നാലെ ഓടിച്ചെന്ന് നമസ്കരിച്ചു. എന്നിട്ടു പറഞ്ഞു:
‘സർ കൂടെക്കൂടെ ഇവിടെ വരണേ. എന്നോട് ഇതുപോലെ എന്തെങ്കിലുമൊക്കെ പറയണേ.’
അറുപത്തിമൂന്ന്
ഗിരിയുടെയും ഹേമയുടെയും വിവാഹം അനാർഭാടമായി നടന്നു. പുറത്തുനിന്ന് ആരെയും ഉൾപ്പെടുത്തേണ്ട എന്ന് തീരുമാനിച്ചതോടെ ഹേമ ലില്ലിയോടും സബീനയോടും പങ്കെടുക്കാൻ വരേണ്ട എന്ന് അറിയിച്ചു. വധൂവരന്മാർക്കും അടുത്ത ബന്ധുക്കൾക്കും പുറമേ രജിസ്ട്രാർ ഓഫീസിൽ എത്തിച്ചേർന്നത് രാജനും സ്റ്റെല്ലയും മാത്രമായിരുന്നു. കാട്ടിലകപ്പെട്ടതും രക്ഷപ്പെട്ടതുമായ കഥ അറിയാവുന്നതു കൊണ്ടാകണം ഓഫീസിലുള്ള ജീവനക്കാർ എല്ലാവരും തന്നെ വധൂവരന്മാരെ കാണാനെത്തി. അവർ രാജനെയും സ്റ്റെല്ലയേയും തിരിച്ചറിഞ്ഞു.
കൂട്ടത്തിൽ പെടാതെ അല്പം മാറി നിന്നിരുന്ന രാജന്റെ അടുത്തേക്ക് നാലഞ്ചു ഉദ്യോഗസ്ഥർ അന്വേഷണങ്ങളുമായി എത്തി.
‘ഡേയ്, മറ്റേ കൊച്ചിന്റെ കല്യാണം നേരത്തെ കഴിഞ്ഞു അല്ലേ?,’ ഒരു ഉദ്യോഗസ്ഥ രാജനോട് ചോദിച്ചു.
‘കഴിഞ്ഞു.’ രാജൻ പറഞ്ഞു.
‘അപ്പോ ഇനി താൻ കൂടിയേ ഉള്ളൂ രക്ഷപ്പെടാൻ അല്ലേ?,’ ചെറുപ്പക്കാരനായ ഒരു ഉദ്യോഗസ്ഥൻ രാജനോട് ചോദിച്ചു.
‘മനസ്സിലായില്ല,’ രാജൻ പറഞ്ഞു.
‘കല്യാണമേ. താൻ എവിടുന്നെങ്കിലും ഒരുത്തിയെ പൊക്കിക്കൊണ്ട് ഇങ്ങു വാ. ഞങ്ങൾ രജിസ്റ്റർ ചെയ്തു തരാം.’
‘ഞാൻ എവിടെ നിന്നുകൊണ്ടുവരാനാ? തൻ്റെ വീട്ടിൽ ആളുണ്ടെങ്കിൽ പറ. നമ്മക്ക് നോക്കാം.’
അതു വലിയ വഴക്കായി. രാജനും രണ്ടുമൂന്ന് ഉദ്യോഗസ്ഥരുമായി കയ്യാങ്കളിയുമായി. രാജനെ ഗിരിയുടെ ചിറ്റപ്പൻ അനുനയിപ്പിച്ച് ഓഫീസിന്റെ കോമ്പൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയി. തിരികെ വന്ന് അയാൾ ഉദ്യോഗസ്ഥരോട് ക്ഷമ യാചിച്ചു.
‘മാപ്പാക്കണം സാറമ്മാരേ. വിവരമില്ലാത്ത എനമാ അത്. ചെറുക്കന്റെ കൂടെ കാട്ടിൽ പെട്ടതു കൊണ്ട് ചടങ്ങിന് വിളിച്ചതാ.’
പുറത്ത് ഒരു മാടക്കടയുടെ മുന്നിൽ വധൂവരന്മാരും സംഘവും തിരിച്ചെത്തുന്നതു കാത്ത് രാജൻ നിന്നു. തുരുതുരെ ബീഡി വലിച്ചു കൊണ്ട്, അനന്തമായ ക്ഷമയോടെ. അതേസമയം ഒരു ചിന്ത അവൻ്റെ മനസ്സിൽ അലോസരം ഉണ്ടാക്കി നിലനിന്നു. എന്താണ് മനുഷ്യർക്ക് മറ്റു ചിലരെ ഭരിക്കണം, കുറഞ്ഞപക്ഷം പരിഹസിക്കുകയെങ്കിലും ചെയ്യണം എന്നു തോന്നുന്നത്? അത്തരം സ്വഭാവമുള്ള ഒരാളിന് ഏതുകാലത്താവും മാനസാന്തരം വന്ന് എല്ലാവരും തുല്യരാണെന്ന ബോധം ഉണ്ടാവുക?
ഗിരിയും ഹേമയും മറ്റുള്ളവരും വരുന്നത് രാജൻ കണ്ടു. സ്റ്റെല്ല പതിയെ ശ്രദ്ധിച്ചാണ് നടക്കുന്നത്. ഗർഭലക്ഷണം.
കവർ: വിൽസൺ ശാരദ ആനന്ദ്