പൂമുഖം LITERATUREവായന ഫാസിസ്റ്റു വിരുദ്ധർക്കൊരു കൈപ്പുസ്തകം

ഫാസിസ്റ്റു വിരുദ്ധർക്കൊരു കൈപ്പുസ്തകം

മലയാളത്തിന്റെ പ്രിയ കവിയും ഫാസിസ്റ്റ്‌ വിരുദ്ധ സാംസ്കാരിക ചിന്തകനും സർവ്വോപരി എന്റെ ആത്മസുഹൃത്തുമായ പി എൻ ഗോപീകൃഷ്ണന്റെ ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’ എന്ന, വർത്തമാന കാലത്തെ രാഷ്ട്രീയ പാശ്ചാത്തലത്തിൽ‌ അതീവ പ്രാധാന്യമുള്ള പഠനഗ്രന്ഥം ഇന്ന് വായിച്ച്‌ തീർത്തു. ഈ ഗ്രന്ഥത്തിന്റെ അതിപ്രാധാന്യം കണക്കിലെടുത്തുകൊണ്ടാണ് , മറ്റ്‌ പല സുപ്രധാനമായ തിരക്കുകളുണ്ടായിട്ടും 750 ഓളം പേജുകൾ ഉള്ള, ‘ലോഗോസ്‌ ബുക്സ്‌’ പ്രസിദ്ധീകരിച്ച ഈ പുസ്തകം കരുതലോടെ വായിക്കുന്നതിനു ഞാൻ നിർബന്ധപൂർവ്വം സമയം കണ്ടെത്തിയത്‌.

മൂന്നര – നാലു പതിറ്റാണ്ടോളമെത്തുന്ന ഞങ്ങളുടെ ആത്മസൗഹൃദങ്ങളിലൂടെ, സ്വകാര്യ സംഭാഷണങ്ങളിലും ചെറു സൗഹൃദ സംഘങ്ങളിലെ ചർച്ചകളിലും ഗോപി പറഞ്ഞ കാര്യങ്ങൾ, പങ്കിട്ട പൊതു ആശങ്കകൾ, മൂന്ന് പതിറ്റാണ്ടോളം നീണ്ട ഇത്‌ സംബന്ധിച്ച്‌ ജാഗ്രതയോടെ ഗോപി നടത്തിയ അന്വേഷണങ്ങൾ, 2014 നു ശേഷം സവിശേഷമായി നടത്തിയ അനുസ്യൂതമായ പഠനങ്ങൾ, നിരവധി വർഷങ്ങളിലായി ആനുകാലികങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും പ്രസിദ്ധം ചെയ്ത ഒട്ടനവധി ലേഖനങ്ങൾ, ഈ വിഷയവുമായി തന്നെ ബന്ധപ്പെട്ട്‌ ഗോപി തന്നെ മുൻപ്‌ എഴുതിയ പുസ്തകം (നാഥുറാം ഗോദ്സേയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സത്യാനന്തര പരീക്ഷണങ്ങളും), ഗോപിയുടെ ഒട്ടനവധി പ്രഭാഷണങ്ങൾ, അഭിമുഖങ്ങൾ.. ഇവയെല്ലാം വളരെ സൂക്ഷ്മമായി പിന്തുടരുന്ന ഒരാളെന്ന നിലയ്ക്ക്‌ അവയുടെയെല്ലാം തുടർച്ചയും വികാസവുമാണ് ഈ ആധികാരിക പഠനം എന്ന് ഉറപ്പിച്ച്‌ പറയാനാകും. പ്രിയ സുഹൃത്തുക്കൾ നടത്തുന്ന ‘നവമലയാളി’ ഓൺലൈൻ പോർട്ടലിൽ ഖണ്ഡശ: പ്രസിദ്ധീകരിച്ച ലേഖന പരമ്പരയുടെ കൂടുതൽ ചിട്ടയായ, വികസിതമായ പുസ്തക രൂപമാണീ ഗ്രന്ഥം.

ലോകത്തെ വിവിധയിടങ്ങളിലുണ്ടായ ഫാസിസ്റ്റ്‌ വാഴ്ചകളുടെ ചരിത്രത്തിൽ സമാനതകൾക്കൊപ്പം തന്നെ വൈജാത്യങ്ങളും സവിശേഷകളും ഓരോന്നിനുമുണ്ടല്ലോ. അവയുടെയെല്ലാം ഭൗതികാടിത്തറയായ ധനമൂലധനത്തിന്റെ ഭീകരസ്വേച്ഛാധിപത്യവും സാമൂഹ്യാടിത്തറയായ ഓരോയിടത്തേയും മെജോറിറ്റേറിയനിസവും പൊതുവായ ഘടകങ്ങളെന്ന നിലയിൽ സമാനതകളാണെങ്കിൽ, അതാതിടങ്ങളിൽ ചരിത്രപരമായി ഉരുത്തിരിഞ്ഞ്‌ വന്ന സമൂഹങ്ങളിൽ ആ മെജോറിറ്റേറിയൻ പൊതുബോധം ഉണ്ടാക്കിയെടുക്കുന്നതിനു അതാതിടത്തെ ഫാസിസ്റ്റ്‌ ശക്തികൾ അടിസ്ഥാനമാക്കുന്ന പ്രത്യയശാസ്ത്രവും പ്രയോഗ രീതികളും സവിശേഷമായി തന്നെ വ്യതിരിക്തമാക്കപ്പെടുന്നുമുണ്ട്‌‌.

ഫാസിസ്റ്റ്‌ ചരിത്രത്തിലെ ഏറ്റവും കാലപ്പഴക്കമുള്ളതും (ഒരു നൂറ്റാണ്ട്‌) ഏറ്റവും വലുതും ഏറ്റവും ഭീകരസ്വഭാവമുള്ളതുമായ ഫാസിസ്റ്റ്‌ സംഘടനയായ ആർഎസ്‌എസിന്റെ നെടുനായകത്വത്തിൽ ഇന്ത്യയിൽ സാക്ഷാൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റ്‌ വാഴ്‌ചയുടെ പ്രത്യയശാസ്ത്ര അടിത്തറയായ ബ്രാഹ്മണിക്കൽ ജാതിവ്യവസ്ഥയുടെ ഉള്ളറകളിലേയ്ക്കും കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഓരോ ഘട്ടത്തിലും അതിസൂക്ഷ്മതയോടെ അത്‌ ആവിഷ്കരിക്കുവാൻ ശ്രമിച്ച നിരന്തരമായ പ്രയോഗങ്ങളെ പറ്റിയും സുപ്രധാനമായ സന്ദർഭങ്ങളിൽ അത്‌ നടത്തിയ സമർത്ഥമായ നീക്കങ്ങളെ കുറിച്ചും സർവ്വോപരി എന്തുകൊണ്ടും ഹിന്ദുത്വ ഫാസിസത്തിന്റെയും അതിന്റെ പ്രത്യയശാസ്ത്ര പ്രയോഗത്തിന്റെയും പരമ പ്രധാനീയനായ ആചാര്യൻ സവർക്കറുടെ നൃശംസമായ ചരിത്രത്തിന്റേയും ആധികാരികമായ വസ്തുതകളെ അധികരിച്ച്‌ നടത്തിയ വിപുലമായ പഠനമാണു ഈ ഗ്രന്ഥം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിൽ ഹിന്ദുത്വ ഫാസിസ്റ്റ്‌ ശക്തികൾ കേരളത്തിലടക്കം ഇന്ത്യയിലെമ്പാടും ഹിന്ദുത്വ പൊതുബോധ സൃഷ്ടിക്കായി നടത്തിയ നാൾവഴികളിലേയ്ക്കും ഉള്ളറകളിലേയ്ക്കും ഈ ഗ്രന്ഥം വെളിച്ചം വീശുന്നുണ്ട്‌.

ഹിന്ദുത്വ പൊതുബോധവും അതിതീവ്ര വലത്‌ ആശയങ്ങളും ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താൻ ഉദ്യമിക്കുന്ന ഇന്ത്യയിലെ സംസ്ഥാനം നിലവിൽ കേരളമാണെന്നതിനാൽ തന്നെ, ഈ ഗ്രന്ഥം അതീവ പ്രാധാന്യം അർഹിക്കുന്നുണ്ട്‌. ഗോപി തന്നെ ഒരിക്കൽ പങ്ക്‌ വെച്ചത്‌ പോലെ, ഇന്ന് കേരളത്തിൽ ഏത്‌ ഗ്രാമത്തിലേയും പ്രാദേശിക സംഘപരിവാർ പ്രവർത്തകനുമായി സംസാരിക്കുകയാണെങ്കിൽ മണിക്കൂറുകളോളം അവർ ഉദ്ദേശിക്കുന്ന ആശയം വാതോരാതെ വിളമ്പിത്തരാനയാൾക്ക്‌ കഴിയും. ചരിത്രവിരുദ്ധതയും നുണകളും അപനിർമ്മിതിയും പകയും വിദ്വേഷവും വെറുപ്പും നിറഞ്ഞതാണെങ്കിലും ഹിന്ദുത്വ ഫാസിസത്തിന്റെ ആശയപ്രചാരണത്തിൽ അവ്യക്തതയില്ലാതെ എത്രമേൽ പരിസരം മലിനമാക്കാനും ,‌ ചിട്ടയോടെ ലഭിച്ച പരിശീലനത്തിലൂടെ, അയാൾക്ക്‌ കഴിയും. നേരേമറിച്ച്‌, കേരളത്തിലെ കടുത്ത ഫാസിസ്റ്റ്‌ വിരുദ്ധനെന്നും ഇടത്‌ പക്ഷ പ്രവർത്തകനെന്നും സ്വയം കരുതുന്നവർക്ക്‌ പോലും ഹിന്ദുത്വ ഫാസിസത്തെ നേരിടുന്നതിനെ സംബന്ധിച്ച തെളിമയാർന്ന ഉൾക്കാഴ്ച ഒരു അപൂർവ്വതയാണ് . അവ്യക്തതകളും ആശയക്കുഴപ്പങ്ങളും ദൃഢതയില്ലായ്മയും ഒട്ടു മിക്കവരിലും സർവ്വസാധാരണയുമാണ് . ഈ പാശ്ചാത്തലത്തിൽ, പ്രിയ സുഹൃത്ത്‌ പി എൻ ഗോപീകൃഷ്ണൻ നിതാന്ത ജാഗ്രതയോടെയും ദൃഡനിശ്ചയത്തോടെയും പതിറ്റാണ്ടുകളോളം നടത്തിയ കഠിന പ്രയ്‌തനത്തിന്റെയും ഫലമായി സാക്ഷാൽക്കരിക്കപ്പെട്ട ഈ ഗ്രന്ഥം തീർച്ചയായും മലയാള ഭാഷ അറിയുന്ന ഏതൊരു ഫാസിസ്റ്റ്‌ വിരുദ്ധ പോരാളിക്കും അതിശക്തമായ ആയുധമാണ് , തീർച്ചയായും വായിച്ചിരിക്കേണ്ട, പഠിക്കേണ്ട ഗ്രന്ഥമാണ്.

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like