“ക്ലാസ്മേറ്റ്സ്” വാട്സ്ആപ്പ് ഗ്രൂപ്പിലെ ശബ്ദസന്ദേശമായിട്ടാണ് അവന്റെ മരണവാർത്ത എന്നെത്തേടിയെത്തിയത്. ഞെട്ടൽമാറി, സമനില
വീണ്ടെടു ത്തപ്പോഴെയ്ക്കും ഇൻബോക്സിൽ മെസേജുകൾ കരഞ്ഞു വിളിച്ചുതുടങ്ങി.
“എന്തുപറ്റിയതാ?!”
“ആത്മഹത്യയാണല്ലേ!”
“അവനെന്തിനായിത് ചെയ്തെ ?!”
“നിന്നോടെന്തെങ്കിലും പറഞ്ഞാരുന്നോ ?!”
“നിങ്ങളായിരുന്നില്ലേ കട്ടഫ്രണ്ട്സ്…”
ചോദ്യങ്ങൾ എന്നെ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു. എന്റെ മൗനം അവരെയും. ഇനി വിളികൾ വന്നു തുടങ്ങും. ഫോൺ ഓഫ് ചെയ്ത് പിന്നിലേയ്ക്ക് മലർന്നു.
പിന്നിലെവിടെയോ അവന്റെ ചിരി കേട്ടതുപോലെ
ഡ്രൈവ് ചെയ്യുന്നതിന്നിടയിലാണ് ആശുപത്രിയിൽ വിളിച്ച് ലീവ് പറഞ്ഞത്. കൊവിഡ്ക്കാലമായതിനാൽ ” നാട്ടിലൊന്നുപോണം” എന്ന ഒറ്റവാക്ക് മതിയാകാതെ വന്നു.
“എന്താണ് ഡോക്ടർ ഇത്ര അർജെൻസി!!!” എന്ന് സൂപ്രണ്ട്.
കാര്യം പറഞ്ഞു.
സ്വരത്തിലെ നനവും വിറയും തിരിച്ചറിഞ്ഞിട്ടാകാം, “ഡോക്ടർക്കറിയാല്ലോ ഇവിടുത്തെ സിറ്റുവേഷൻ, വേഗം വന്നാൽ മതി…” എന്നനുവാദം കിട്ടി.
കൊറോണ കുരുക്കഴിച്ചിട്ട നിരത്തുകൾ സ്പീഡോമീറ്ററിലെ സൂചികളെ ഭ്രാന്തുപിടിപ്പിച്ചു. വണ്ടിയേക്കാൾ വേഗതയിൽ ഓർമ്മകൾ കുതിച്ചുപായുന്നു.
അവന്റെ ചിരിയാൽ പ്രകാശം പരന്ന വൈകുന്നേരങ്ങൾ.
വെയിൽ ചാഞ്ഞു വീണ കോളേജ് വരാന്തകൾ.
ഒന്നിച്ചുള്ള യാത്രകൾ.
വിയർത്തൊട്ടി തോളിൽ കയ്യിട്ട കളിക്കളങ്ങൾ.
അവനുണ്ടാക്കിയിരുന്ന കരകൗശലവസ്തുക്കൾ.
പിന്നെ… അവൾ; എനിക്കായി വേണ്ടെന്ന് വെച്ച അവന്റെ ആദ്യപ്രണയം.
അവർ ഒരേ നാട്ടുകാരായിരുന്നു, കോളേജിൽ വന്നിരുന്നതും പോകുന്നതും ഒന്നിച്ച്. അവളെ ഇഷ്ടമാണെന്ന് അവൻ ആദ്യം പറഞ്ഞതെന്നോടാണ്. അതെന്നല്ല, എന്തുമാദ്യം പറയുന്നതെന്നോടായിരുന്നു. ആരുമറിയാതെ അവൻ കരളിലൊളിപ്പിച്ച പ്രണയത്തിന്റെ നോവ് അവളെയറിക്കാൻ ഇറങ്ങിപ്പുറപ്പെട്ട നിമിഷത്തെ പിന്നിടെത്ര തവണ ശപിച്ചിരിക്കുന്നു!!! തന്റേടിയെന്ന വാക്കിന്റെയർത്ഥംപോലെ കോളേജിൽ നിറഞ്ഞുനിന്നവളെ നിസാരമായി കൈകാര്യം ചെയ്യാമെന്ന അഹന്തയ്ക്ക് കിട്ടിയ ശിക്ഷയാണ് പിന്നീടുള്ള ജീവിതമെന്ന് തോന്നിയിട്ടുണ്ട്.

“എനിക്ക് അവനെയല്ല, നിന്നെയാണിഷ്ടം” എന്ന് ഉച്ചത്തിലവൾ വിളിച്ചുപറയുമ്പോൾ കോളേജപ്പാടെയൊരു വൃത്തം ചമച്ച് ഞങ്ങളെ നോക്കി നിന്നു. കൂട്ടത്തിലേറ്റവും പുറകിലായി അവനും.
വൈകിട്ട് അവറാച്ചന്റെ ചാരായയിടുക്കിൽനിന്ന് ഓരോ നിൽപ്പൻതീയുണ്ട വിഴുങ്ങി, എരിച്ചിൽ കുടഞ്ഞെറിഞ്ഞിട്ടവൻ പറഞ്ഞു – “അല്ലേലും അതാണതിന്റെ ശരി… നിങ്ങള് തമ്മിലാ ചേർച്ച. ഒരേജാതി, രണ്ടാൾക്കും വീട്ടിൽ സ്വത്തൊണ്ട്. രണ്ടാളും നന്നായി പഠിക്കേം ചെയ്യും…. “
ഞാനൊന്നും മിണ്ടാതെ, ഒഴിഞ്ഞ ഗ്ലാസ് അവറാച്ചന്റെ നേരെ നീട്ടി ഒരെണ്ണത്തിന് കൂടി പറഞ്ഞു.
പറഞ്ഞവാക്കിന്റെ നേരുകാക്കാക്കാനെന്നോണം അവൾ എന്നെത്തേടി വന്നുകൊണ്ടേയിരുന്നു. അവന്റെ ഒഴിഞ്ഞമിഴികൾ തന്ന മുറിവേറ്റു നൊന്ത് ഞാനവളോട് ദ്വേഷിച്ചിട്ടും അവളെന്റെ പിന്നാലെ കൂടി.
അങ്ങനെയങ്ങനെ ഇടയ്ക്കെപ്പോഴൊ ഞങ്ങൾ മൂന്നുപേരുള്ള കഥയിൽ നിന്നവനിറങ്ങിപ്പോകുകയും ഞാനുമവളും മാത്രമാകുകയും ചെയ്തു.
എന്റെ പെണ്ണെന്ന ചാപ്പ പേറിനടന്നിട്ടും “ഇഷ്ടമാണ്” എന്ന് തിരിച്ചു പറയാൻ മടിച്ചു. എന്റെ കുമ്പസാരങ്ങൾ കേട്ടുമടുത്ത ഒരു വൈകുന്നേരം അവൻ പറഞ്ഞു – “നിന്നേക്കാ വലുതൊന്നുമല്ലളിയാ എനിക്കവള്…”
തൃശ്ശൂരെത്തിയപ്പോൾ ആദ്യം കണ്ട ഡ്രൈവ്-ഇൻ-റസ്റ്റാറന്റിലേയ്ക്ക് വണ്ടി തിരിച്ചു. ഫോണിലാകെ മെസേജുകൾ, മിസ്ഡ് കോളുകൾ, ഗ്രൂപ്പിൽ അവന്റെ വിവിധ ചിത്രങ്ങൾ, ആദരാഞ്ജലികൾ…
കടയ്ക്കകത്തേയ്ക്ക് പ്രവേശിച്ചപ്പോൾ വീണ്ടും ഫോൺ ശബ്ദിക്കുന്നു – അനൂപാണ്.
സ്വകാര്യത തോന്നിയ ഒരു മൂലയ്ക്കിരുന്നിട്ട് ഫോണെടുത്തു. “ഹലോ…”
“അളിയാ, അനൂപാണ് “
“ഹാ….”
“നീ വരുന്നുണ്ടല്ലോ, ല്ലേ?”
“ഉം…തൃശ്ശൂരായി…”
“ഫ്യൂണറൽ നാളയേ നടക്കൂ… കൊവിഡ് ടെസ്റ്റ് ഒക്കെക്കഴിഞ്ഞപ്പൊ വൈകി. നാളപ്പോസ്റ്റുമാർട്ടം നടത്തിയേ ബോഡി കിട്ടൂ…”
“ഉം…”
“നീയിന്നെവിടെ തങ്ങും “
“അവിടെത്തീട്ട് നോക്കാം “
“എങ്കിലിങ്ങോട്ട് വാ… ഒരുമിച്ച് പോകാം.”
“ഉം”
“ലൊക്കേഷൻ ഇട്ടേക്കാം”
ഫോൺ കട്ടുചെയ്ത്, വാട്സ്അപ്പ് തുറന്നു. കടവന്ത്രയിലെ വില്ലയുടെ ലൊക്കേഷൻ വിൻഡോയിൽ തെളിയുന്നു.
അനൂപിനൊപ്പം ചെലവിട്ട വൈകുന്നേരം മനസിന്റെ പിരിമുറുക്കം കുറച്ചു. അവർ തമ്മിലുള്ള പെരുമാറ്റവും കുഞ്ഞുങ്ങളുടെ കളിചിരികളും കണ്ടിരിക്കെ മനസ് പറഞ്ഞു – “എത്രസന്തോഷമുള്ള കുടുംബം”
ഞങ്ങളെ തനിച്ചാകാൻ വിട്ടിട്ട് അവന്റെ ഭാര്യയും മക്കളും ഉറങ്ങാൻപോയി. ടെറസ്സിൽ, മങ്ങിക്കത്തുന്ന നക്ഷത്രങ്ങൾക്ക് താഴെ ഞങ്ങൾ; മൂന്നാമത്തെ പെഗ്ഗ് സിപ്പ് ചെയ്തിട്ട് അനൂപ് ചോദിച്ചു – “എന്തിന്റെ കഴപ്പാര്ന്നവന്…”
തൊണ്ടയിൽ കിനിയുന്ന കയ്പുമായി ഞാൻ മിണ്ടാതെയിരുന്നു. മറുപടികൾക്ക് കാക്കാതെയവൻ എന്തെക്കൊയോകൂടിച്ചോദിച്ചു.
“നിന്നോടെന്തെങ്കിലും പറഞ്ഞിരുന്നോ…”
“സാമ്പത്തികപ്രശ്‌നങ്ങളുണ്ടോ?!
“ഒത്തിരി നാളായിട്ട് ഗൾഫിലല്ലേ?! “
“കോവിഡ്കാരണം പോന്നതല്ലേ, തിരിച്ചുപോകാൻ പറ്റാത്തതിന്റേണോ!! “
“കൊച്ചുകുട്ടികളല്ലേ രണ്ടും!! “
“ഭാര്യയ്ക്കും ജോലിയൊന്നുമില്ലല്ലോ… “
അങ്ങനെയെന്തൊക്കെയോ…
ഒന്നും മിണ്ടിയില്ല. അൽപ്പം കഴിഞ്ഞാലവൻ കരച്ചിൽ തുടങ്ങുമെന്നറിയാവുന്നതിനാൽ കുപ്പി അടപ്പിട്ട് മാറ്റി വെച്ചു.
“ഞാൻ നാട്ടിലങ്ങനെ പോകാറില്ലെന്ന് നിനക്കറിയാല്ലോ..” എങ്ങനെ തുടരണമെന്ന സന്ദേഹത്തോടെ നിർത്തി, ഒരു സിപ്പ് എടുത്തു.
“രണ്ടുവർഷം മുന്നേ പെങ്ങളുടെ മോള് വയസറിയിച്ചപ്പോഴാ അവസാനം പോയത്. പെങ്ങളേം പിള്ളാരെം അളിയൻ കൊണ്ടോയേപ്പിന്നെ നാട്ടീപ്പോയിട്ടില്ല. അന്നാണ് അവനെ അവസാനം കണ്ടത് “
“വിളിക്കാറില്ലേ…”
“വല്ലപ്പോഴും… ദിവസോം മെസ്സേജയയ്ക്കും “
“ഗുഡ്മോണിംഗും ഗുഡ്നൈറ്റും എനിക്കും വരാറുണ്ട് “
“ഉം…”
“നീയിപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലല്ലേ?! “
“Yes “
“ഭാര്യയോ?! “
“ഇവിടെ, തൃപ്പൂണ്ത്ര ആയുർവേദ കോളേജിൽ…”
“നിങ്ങൾ ഒന്നിച്ചല്ലേ…”
“ഞാൻ കോഴിക്കോടും അവൾ ഇവിടെയുമല്ലേ…”
“അതല്ല ഞാൻ ചോദിച്ചത്…”
ചിരിക്കുകയാണെന്നറിയിക്കാൻ ആ അരണ്ടവെളിച്ചത്തിൽ ഞാൻ വെറുതെ ശബ്ദമുണ്ടാക്കി.
“അവനും ഫാമിലി പ്രോബ്ലംസുണ്ടായിരുന്നു. ലെവലില്ലാത്ത അടിയായിരുന്നെന്നാ കേട്ടത്.”
മൂളിയതേയുള്ളൂ.
അവൻ അവസാനമായി വിളിച്ചപ്പോൾ പറഞ്ഞകാര്യങ്ങളായിരുന്നു മനസ്സിൽ.
നന്നായി കുടിച്ചിട്ടാണ് അന്നും വിളിച്ചത്.
“ഡാ… ഡോക്ടറെ, ഞാനിന്നവളെക്കാണാൻ പോണ് “
“എവളെ !!! “
“നെന്റെ പഴേ കാമുകീല്ലേ… അവളെ… ” വാക്കുകൾ കുഴയുന്നു.
“നിനക്കിതെന്തിന്റെ കേടാട…”
“നീ കൂടെയൊള്ളപ്പ ചോദിക്കണമെന്നാര്ന്ന്… നിനക്കിപ്പം നാട്ടീ വരാന്നേരമില്ലല്ലോ…”
“കൊറോണയല്ലേടാ.. ഞാൻ കൂടി വന്നിട്ട് നമുക്ക് ചോദിക്കാം ” മയപ്പെടുത്താൻ നോക്കി.
“നീ കൊറോണ കഴിഞ്ഞ് ഒണ്ടാക്കിയാ മതി. എനിക്കിന്ന് തന്നെ ചോയിക്കണം. കൊറോണ കഴിഞ്ഞ് ആരൊക്കെയുണ്ടാകുമെന്നാർക്കറിയാം”
“ഡാ… ഞാൻ പറയുന്നത് കേൾക്ക്…”
“അവളിപ്പോ വല്യനേതാവല്ലേടാ, വാർഡ് മെമ്പറ്… ഇന്നാള് വീട്ടിവന്നിട്ട് വല്യ ഉപദേശം. കുടിക്കരുത്, ഭാര്യയെ തല്ലരുത്, രണ്ട് പെമ്പിള്ളാരല്ലേ… അന്നേ ചോദിക്കാനോങ്ങിയതാണ്. അമ്മേം ഭാര്യേം അടുത്തു നിക്കുമ്പം കൊറച്ചിലല്ലേട..”
“നീയത് വിടളിയാ… വർഷം കൊറയായില്ലേ…”
“അതൊക്കെ നെനക്ക്… എനിക്ക് എല്ലാവർഷവും ഒന്നു പോലാടാ…”
വീണ്ടും എന്തോ പറയാനാഞ്ഞ എന്റെ കാതിൽ തെറിവാക്കുകൾ ചിതറിച്ച് ഫോൺ കട്ടായി.
“സ്നേഹോള്ളവനാര്ന്ന്…” അനൂപ് വിതുമ്പാൻ തുടങ്ങി.
“രാവിലെ ഇറങ്ങണം. നമുക്ക് കിടന്നാലോ?”
എത്ര ശ്രമിച്ചിട്ടും ഉറക്കം അനുഗ്രഹിക്കാത്ത രാത്രി. പേക്കിനാവുകളായിരുന്നു ഭേദം, ഓർമ്മകൾക്ക് അതിലേറെ മുനയും മൂർച്ചയുമുണ്ട്. കണ്ണടഞ്ഞുപോയാൽ, കണ്ടൽക്കാടുകളിൽ നിന്ന് കൂടിളകി വരുന്ന കുളക്കോഴികളുടെ കരച്ചിൽ കാതിൽ നിറയും, അവന്റെ ചിരിക്കുന്ന മുഖം തെളിയും.
മുത്തിയപ്പൻകാവിലെ കണ്ടൽവേരുകൾ പറിച്ചാണവൻ കരകൗശല വസ്തുക്കളുണ്ടാക്കിയിരുന്നത്. കാടുകയറുമ്പോൾ മിക്കവാറും എന്നെയും കൂട്ടും. രുചിയേറിയ ചില പഴങ്ങൾ പറിച്ചു തരും. ഞാറയുടേതൊഴികെയുള്ള പേരുകളൊന്നും ഓർമ്മയിൽ നിന്നില്ല. അവിടെ നിന്ന് പറിച്ചെടുക്കുന്ന വേരുകൾ കൊണ്ട്, ആഭരണങ്ങളും സഞ്ചികളും പാത്രങ്ങളും കൗതുകമുണർത്തുന്ന ചെറുരൂപങ്ങളും മെനഞ്ഞെടുക്കുമ്പോൾ അവന്റെ കൈകളുടെ വേഗവും താളവും കാണേണ്ട കാഴ്ചയാണ്. ചിലതിന് നിറം കൊടുക്കും, ചിലവ നിറമില്ലാതെയാണ് ഭംഗി. ഞാറയും കടുക്കയും ചെമ്പരത്തിയും അമരിയും പിന്നെ ചില കാട്ടുചെടികളുമൊക്കെ ചേർത്ത് ചാറുണ്ടാക്കിയാണ് നിറംവരുത്തുക. കോളേജിലൊക്കെ അവന്റെ വർക്കുകൾക്ക് വലിയ ഡിമാന്റായിരുന്നു. ആ വഴിയ്ക്ക് ഞങ്ങളുടെ വട്ടച്ചെലവുകൾക്കുളള പണവുമൊത്തിരുന്നു. വിറ്റുപോയവയേക്കാൾ മികച്ച ഡിസൈനിലുള്ള ഒരു മാല അവന്റെ മുറിയിൽ തൂങ്ങിക്കിടക്കുന്നത് കണ്ടു ചോദിച്ച ചോദ്യങ്ങളെ മൗനം കൊണ്ടവൻ തോൽപ്പിച്ചു കളഞ്ഞത് ഞാനോർത്തു. അതു മാതിരിയൊന്ന് പിന്നീടൊരിക്കലുമുണ്ടാക്കാതെ അവനത് അവൾക്കായി കാത്തുവെച്ചതാണോ!!!
പരിഭവമേതുമില്ലാതെ അവൻ ഒഴിഞ്ഞു പോയ ഞങ്ങളുടെ മുക്കോണപ്രണയകഥയിലേയ്ക്ക് അവന്റെ മരണത്തെ കെട്ടിയിടാൻ മനസുവെമ്പുന്നതുപോലെ, ഓരോ തവണ വിലക്കുമ്പോഴും കൂടുതൽ കരുത്തോടെ ആ ചോദ്യമുയരുന്നു, അന്ന് അവനവളെ കണ്ടുകാണുമോ? എങ്കിൽ അതേ ചോദ്യത്തിന് ഒരിക്കലവളെന്നോടു പറഞ്ഞ ഉത്തരമായിരിക്കില്ലേ അവനോടും പറഞ്ഞിട്ടുണ്ടാകുക?!
മുത്തിയപ്പൻകാവിന്റെ തുടർച്ചയായി കായൽ വരെ നീളുന്ന ചതുപ്പിൽ നിറയെ കാട്ടുപരുത്തിയും വേഴാങ്കോലും പേരറിയാത്ത കണ്ടലുകളുമാണ്. നട്ടുച്ചയ്ക്കും ഇരുട്ടു വീണുകിടക്കുന്ന കാട്ടിൽ വെച്ചാണ് ഞങ്ങളാദ്യമായി പ്രണയത്തെ ശരീരം കൊണ്ട് വ്യാഖ്യാനിച്ചത്. കുളക്കോഴിക്കുഞ്ഞുങ്ങളെ വിരട്ടിയോടിച്ച ദ്രുതചലനങ്ങൾക്കുശേഷം കിതപ്പും വിയർപ്പുമാറ്റാൻ ചതുപ്പിന്റെ തിട്ടയിൽ
മലർന്നു കിടക്കുമ്പോഴാണ് ഒരാവശ്യമില്ലെങ്കിലും ഇത്തരം സീനുകളിൽ ക്ലീഷേയായ ആ ചോദ്യം ഞാൻ ചോദിച്ചത് – ” നിനക്കെന്നെ അത്രയ്ക്കിഷ്ടമാണോടീ…?!”
“എനിക്കവനെയായിരുന്നു ഇഷ്ടം “
“ഹെന്ത്…” എന്ന ചോദ്യം തൊണ്ടയിൽ വെച്ചേ മരിച്ചു. തെല്ലിട കഴിഞ്ഞ് നാവാടിയത് മറ്റൊരു ചോദ്യത്തിന്റെ ചിതറിയ കഷ്ണങ്ങളുമായിട്ടാണ്.
“എന്നിട്ടെന്താ… നീയന്ന്…അങ്ങനെ…?!”
“നമ്മൾ തമ്മിൽക്കാണുന്നത് കോളേജിൽ വെച്ചാ… ഞാനും അവനുമെല്ലാം ആശാൻ കളരി തൊട്ടെ ഒന്നിച്ചുപഠിച്ചതാ… ഇത്രവർഷം ഒരുമിച്ചുണ്ടായിട്ടും മനസിലെ ഇഷ്ടം തുറന്നുപറയാൻ തന്റേടമില്ലാത്തവനോട് ഞാൻ പിന്നെയെങ്ങനെ പെരുമാറണം “
സ്ഥാനം തെറ്റിയ വസ്ത്രങ്ങൾ നേരേയാക്കി അവൾ എഴുന്നേറ്റു.
“നിനക്കറിയാല്ലോ, എന്റെ വീട്ടുകാരുടെ സ്വഭാവം. രണ്ടുജാതി… നട്ടെല്ലു നിവർത്തി നിൽക്കാത്തൊരുത്തന്റെ കൂടെക്കൂടി ഞാനെന്ത് ചെയ്യാനാണ് !! “
“അപ്പോൾ നമ്മുടെ പ്രണയം?!” എന്റെ സിരകളിൽ അൽപ്പം മുന്നേ നിറഞ്ഞ ലഹരി തണുത്തുകഴിഞ്ഞിരുന്നു.
“നിന്നെയാർക്കാടാ പ്രേമിക്കാതിരിക്കാനാവുക…” കഴിഞ്ഞുപോയ നിമിഷങ്ങളിൽ ഞാനവളുടെ ദേഹത്ത് വിരിയിച്ച മലരികളുടെ നിറം കണ്ണുകളിൽ നിറച്ചവൾ സ്വകാര്യംപറഞ്ഞു. അഴിഞ്ഞുവീണ മുടി കോതിപ്പിന്നി, വസ്ത്രങ്ങൾ നേരെയാണന്നുറപ്പിച്ചിട്ടവൾ കുപ്പക്കാടുകൾ വകഞ്ഞുമാറ്റി പുറത്തേയ്ക്ക് പോയി.
തലേന്നത്തെ മഞ്ഞപ്പൂക്കൾ ചെമന്നു കൊഴിയുന്ന പരുത്തിക്കാട്ടിൽ കഴിഞ്ഞുപോയ നിമിഷങ്ങൾക്ക് സംഭവിച്ച നിറംമാറ്റത്തെക്കുറിച്ചോർത്ത് ഞാൻ കിടന്നു.
അതേക്കുറിച്ച് ഞാനവനോട് ചോദിച്ചത് മറ്റൊരു രീതിയിലായിരുന്നു –
“ആൾക്കാര് കേൾക്കെ ഇൻസൾട്ട് ചെയ്തിട്ടും നിനക്കെവളോട് ദേഷ്യമൊന്നുമില്ലേ…”
“ദേഷ്യം… ഉം… പിന്നെയതങ്ങ് പോയി. ഒന്നൂല്ലെലും നിന്റെ പെണ്ണല്ലേ…”
“ഒന്നിച്ച് കളിച്ചുവളർന്നതല്ലേ… ഒരിക്കേപ്പോലും പറയാന്തോന്നീട്ടില്ലേ?! “
“പറഞ്ഞാലും അവൾടെ വായീന്ന് ഇതൊക്കെത്തന്നെ കേട്ടേനെ… നമ്മള് നമ്മടെ നെല നോക്കണ്ടേ അളിയാ…” അവൻ ശബ്ദമില്ലാതെ ചിരിച്ചു.
“പണ്ടത്തെയൊരു കതയൊണ്ട്… പറഞ്ഞുകേട്ടതാണ്. “
ഞാനവന്റെ മുഖത്തു കണ്ണു നട്ടുകേട്ടിരുന്നു.
“ഞങ്ങള് പണ്ടു തലമുറ മുതലെ അവൾടെ തറവാട്ടിലെ കുടികെടപ്പുകാരാ… അത്തറവാട്ടിലെപ്പാടത്തുമ്പറമ്പിലുമാ പണീം നയിപ്പുമെല്ലാം… അപ്പുപ്പന്റെ കാലത്തെ സംഭവാ.. അപ്പുപ്പന്റെ അനിയനൊരു ചാഴിയപ്പാപ്പനൊണ്ടാർന്ന്… അങ്ങേർക്ക് ജന്മിത്തറവാട്ടിലെ പെണ്ണുമായി പ്രേമം… “
“ന്നിട്ട്…”
“എന്നിട്ടെന്ത്… തല്ലിക്കൊന്ന് ചതുപ്പീത്താത്തി. “
കുറച്ചുനേരത്തേയ്ക്ക് ആരും മിണ്ടിയില്ല.
“കഥയൊക്കെ അവളും കേട്ടുകാണും” അവൻ ഇന്നിലേയ്ക്ക് തിരിച്ചുവന്നു.
“ഞാങ്കാരണം നീ നാണം കെട്ടു..” ഉള്ളിൽ വന്ന സങ്കടം എന്റെ വാക്കുകളെ നനയിച്ചു.
“നീയെന്തിനാ വെഷമിക്കുന്നെ… നീയന്ന് ചാടിക്കേറിപ്പറഞ്ഞകൊണ്ട് എല്ലാം അവിടെക്കഴിഞ്ഞു” അവനെന്റെ തോളിൽ കയ്യിട്ടുചിരിച്ചു.
ഒരുപാട് വൈകി, ഉറക്കവും ദു:സ്വപ്നങ്ങളും മാറിമാറി അരിച്ചെത്തുമ്പോഴും അവന്റെ ചിരി എന്നിൽ മായാതെ നിന്നു.
അൽപ്പം വൈകി ഉണരുമ്പോൾ അനൂപും ഭാര്യയും അടുക്കളപ്പണിയിലാണ്.
“ഞാൻ റെഡി. നീ fresh ആയാലുടനെ എറങ്ങാം” അനൂപ്.
“ഓഫീസിൽ പലരും ക്വാറന്റയിനിലാണ്. ലീവ് കിട്ടിയിരുന്നെങ്കിൽ ഞാനും വന്നേനെ” അവന്റെ ഭാര്യയുടെ ക്ഷമാപണം.
എന്റെ അവസ്ഥ കണ്ടിട്ടാകാം അനൂപാണ് ഡ്രൈവ് ചെയ്തത്. എറണാകുളത്ത് നിന്ന് ആലപ്പുഴയിലെത്തുന്നതുവരെ ഞങ്ങൾ അധികമൊന്നും മിണ്ടിയില്ല. അനൂപും ഓർക്കുന്നത് അവനെക്കുറിച്ച് തന്നെയാകാം.
മെഡിസിന് അഡ്മിഷൻ കിട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് പോയതോടെയാണ് നാടുമായുള്ള ബന്ധം മുറിയുന്നത്. അച്ചന് ജോലി കണ്ണൂരായതിനാൽ കുടുംബത്തോടെ താമസം അങ്ങോട്ടേയ്ക്ക് മാറ്റി. അവനല്ലാതെ അടുത്ത സുഹൃത്തുക്കളായി ആരുമുണ്ടായിരുന്നില്ല. അവളല്ലാതെ കത്തെഴുതാനും ആരുമില്ലായിരുന്നു.
നാൾപോകെ കത്തുകൾക്ക് നിറം മങ്ങി വന്നു. പെണ്ണുകാണാൻ ആൾക്കാര് വന്നുതുടങ്ങിയതൊക്കെ അറിയിച്ചത് നിർവികാരമായിട്ടാണ്. ഇപ്പോൾ വിവാഹക്കാര്യം വീട്ടിലവതരിപ്പിക്കാനാകില്ലെന്ന് മറുപടിയെഴുതി. മാസങ്ങൾ കഴിഞ്ഞു കിട്ടിയ കല്യാണക്കുറിയോടെയാണ് കത്തിടപാടുകൾ അവസാനിച്ചത്.
പിന്നീട് നാട്ടിൽ പോകുന്നത് ഇന്റേൺഷിപ്പ് സമയത്താണ്.
“നിങ്ങളെന്താണ് കല്യാണം കഴിക്കാഞ്ഞത് ?!” അവനാദ്യം ചോദിച്ചതതാണ്.
കുറച്ചുനേരം തറപ്പിച്ചു നോക്കി നിന്നുവെങ്കിലും മറുപടിക്കായി വാശി പിടിച്ചില്ല. പക്ഷേ, ആ കണ്ണുകളിൽ വേറെയും ചോദ്യങ്ങൾ മുളപൊട്ടുന്നത് കണ്ടു. ആ ചോദ്യങ്ങൾ അവളോടവൻ ചോദിച്ചിരിക്കുമോ!! “
മരണവീട് എത്തുമ്പോഴും അവൻ പറഞ്ഞ അവസാനവാചകങ്ങളായിരുന്നു മനസ്സിൽ…
നാട്ടിലേയ്ക്കുള്ള റോഡിലേയ്ക്ക് കാറ് തിരിയുമ്പോൾ മുതൽ മനസ് പരിചിതമുഖങ്ങളെ തിരഞ്ഞു തുടങ്ങി.
മരണവീടിനു മുന്നിലെ റോഡിലും ഇടവഴിയിലുമായി തമ്മിൽ കലരാതെ നിൽക്കുന്ന ആളുകൾ. വിവിധനിറമുള്ള മാസ്കുകൾ ധരിച്ച, ഒറ്റക്കാഴ്ചയിൽ തിരിച്ചറിയുന്ന ആരുമില്ലാത്ത ആൾക്കൂട്ടം. വണ്ടിയിൽ നിന്നിറങ്ങിയ പ്പോഴാണ് സ്ഥലംപോലും എത്ര മാറിപ്പോയെന്നോർത്തത്.
വർഷമത്രെ കടന്നു പോയിരിക്കുന്നു, ഞാനാണിവിടെ അപരിചിതൻ.
ദിക്കറിയാതെ തെല്ലിടനിന്നു. പിന്നെ, നിലവിളികൾ തെളിച്ച വഴിയെ മുന്നോട്ടു നടന്നു. അവന്റെ വീടിന് മുന്നിലെ വിശാലമായ ചതുപ്പ് നികർന്ന് വീടുകൾ ഉയർന്നിട്ടുണ്ട്. ബാക്കി നിലം പുരയിടമാക്കി മുൾവേലി കെട്ടിത്തിരി ച്ചിരിക്കുന്നു. അതിരുകളില്ലാതെ വഴി നടന്നിരുന്ന മണ്ണിനെ കീറി നീണ്ടു പോകുന്ന മുൾവേലിയുടെ മധ്യത്തിൽ വെച്ചെനിക്ക് ശ്വാസം മുട്ടി. വലിപ്പമുള്ള, പുതിയ വീടുകൾക്കിടയിൽ അവന്റെ വീട് മാത്രം മാറ്റങ്ങളില്ലാതെ, ദൈന്യതയോടെ നിൽക്കുന്നു. മുറ്റമാകെ വെള്ളം കിനിഞ്ഞും, ഈർപ്പംകെട്ടി ചുവരുകളടർന്നും ഇടയ്ക്കിടെ നിലവിളികളുയർത്തിയും നിൽക്കുന്ന വീട്.
അവനെ ഒരു നോക്ക് കണ്ട്, അന്യനെപ്പോലെ ഒതുങ്ങി നിൽക്കുമ്പോൾ പിന്നിൽ നിന്നാരോ എന്റെ പേര് മന്ത്രിക്കുന്നത് കേട്ടു.
“ശിവനാണെടോ…” എന്റെ തപ്പൽ കണ്ടവൻ പറഞ്ഞു – ചാത്തൻ ശിവൻ “
“ആ…ഹ്. മാസ്ക്ക് വെച്ചതുകൊണ്ട് മനസിലായില്ല “
“നിങ്ങള് കാറേ വന്നെറങ്ങുമ്പോ ഞാനവടെ നിൽപ്പൊണ്ടാരുന്നു… “
അവൻ ഞങ്ങളെയും കൊണ്ട് തെക്കേത്തൊടിയിലേയ്ക്ക് നടന്നു. ചിതയൊരുങ്ങുന്നുണ്ട്. കിഴക്കേ മൂലയിൽ ഒതുങ്ങിനിന്നിരുന്ന കൂട്ടത്തിലേയ്ക്ക് കൈചൂണ്ടി ശിവൻ പറഞ്ഞു – ” നമ്മട ടീമെല്ലാം അവിടൊണ്ട്, നിങ്ങളങ്ങോട്ട് ചെല്ല്… “
എന്റെ നോട്ടം ചെന്നു തറഞ്ഞത് അവളിലാണ്, ഞങ്ങൾ അങ്ങോട്ടെയ്ക്ക് ചെന്നതുമവൾ പുറംതിരിഞ്ഞു നിന്നു. എല്ലാവർക്കുമായി ഒന്ന് രണ്ടു വാക്കും , ചിരി പോലെ ചില ചേഷ്ഠകളും കൈമാറി നിശബ്ദം കൂട്ടത്തിൽ ചേർന്നു.
“അവന്റെയളിയൻ വിളിച്ചുപറയുമ്പോഴാണ് ഞാനറിയുന്നത്.” തീരെ ദുർബലമായിപ്പോയ ശബ്ദത്തിൽ പറഞ്ഞുതുടങ്ങി – ” ആത്മഹത്യ ചെയ്യാനും മാത്രം എന്തേലുമുള്ളതായിട്ടെനിക്കുമറീല്ല…”
വാട്സ്ആപ്പ്ഗ്രൂപ്പിൽ നിന്നാണ് വിവരമറിഞ്ഞതെന്ന് അവരറിയരുതെന്ന് എനിക്ക് തോന്നി. പറഞ്ഞുതീർന്നതും അവളെ നോക്കി, അടരുകളായി വിറകുകൾ ചേർന്നുയുർന്നുയരുന്ന ചിതയിലാണ് നോട്ടം.
“എന്തായാലും കഷ്ടമായിപ്പോയ്…” സുരേഷാണ്.
“നിനക്കെന്തെങ്കിലുമറിയാമെന്നാ ഞങ്ങള് കരുതീത്… ” എന്ന് രശ്‌മി.
“നിന്നോടുപോലുമവനൊന്നും പറഞ്ഞിട്ടില്ലെങ്കിപ്പിന്നെ… ” പേരോർമ്മ വരാത്ത ഒരാൾ.
“ഇത്ര ചെകയാനെന്തിരിക്കുന്ന്… അന്യായ അടിയല്ലാരുന്നോ…” അനീഷെന്നോ വിനീഷെന്നോ പേരായ ഒരുവൻ.
“ആ പെണ്ണിന്റേം കുഞ്ഞുങ്ങടേം കാര്യാ കഷ്ടം…” വീണാദേവി പി എസ്.
“എന്ത് കഷ്ടം, ജീവിച്ചിരുന്നപ്പോ അവറ്റോൾക്ക് എന്തു സ്വസ്ഥതയാ കൊടുത്തേ… ” JK Nair എന്ന് സ്വയം ചുരുങ്ങിയ പഴയ ജയകൃഷ്ണൻ.
അടക്കിയ ശബ്ദത്തിൽ എല്ലാവരും അവനെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.
അവന്റെ മദ്യപാനം.
നാട്ടിൽ വന്നാൽ മടങ്ങിപ്പോകാനുള്ള മടി.
കൂട്ടുചേർന്നുള്ള അടിപിടിയും വഴക്കുകളും.
ഭാര്യയെ തല്ലുന്നത്, പിളേളരെ നോക്കാത്തത്…
അങ്ങനെയങ്ങനെ…
കൂട്ടത്തിൽ ഞാനുമവളും മാത്രം നിശബ്ദരായിരുന്നു.
“സാമ്പത്തികപ്രശ്നം വല്ലതുമുണ്ടായിരുന്നോ !!” അനൂപാണ്.
“കുടിച്ച് വരുത്തിവെച്ചതായിരിക്കാനേ തരോള്ള്…” JK നായരുടെ വിശദീകരണം.
“അതെന്തോ ആവട്ടെ, നമ്മളെക്കൊണ്ടാവണത് ചെയ്യണം” പീറ്റർ
“റിയൂണിയൻ മുതലങ്ങനാണല്ലോ…” പ്രഭ.
“അതു വേണം…” ഷംന അൽപ്പം ശങ്കയോടെ തുടർന്നു. “അക്കൂടെ… അവന്റെ ഭാര്യയ്ക്ക് എന്തെങ്കിലും ജോലി ശരിയാക്കിക്കൊടുത്താൽ നന്നായിരിക്കും”
“കടം എത്രയൊണ്ടെന്നറിയാവോ…” സുരേഷ് ആരോടെന്നില്ലാതെ ചോദിച്ചു.
“ഒള്ളതത്രയും വീട്ടാനാണോ…” JK നായർക്ക് നീരസം.
“അത്ര വലിയ കടമൊന്നുമില്ല… ഒണ്ടേൽ ഞാനറിഞ്ഞേനെ…” എന്റെ ശബ്ദമുയർന്നു. “ഇനി അതത്രെയുണ്ടേലും ഞാൻ വീട്ടിക്കൊള്ളാം.”
ചർച്ചകൾ നിലച്ചു. ആ നിശബ്ദതയിൽ ആയുധത്തിന്റെ മൂർച്ചയോടെ അവളുടെ ശബ്ദമുയർന്നു.
“അവൻ ഇതിനുമുമ്പും ചാകാൻ നോക്കീട്ടൊണ്ട്…”
ഞാനൊന്ന് ഞെട്ടി.
“എന്ന് “
“എപ്പോൾ “
“എന്തായിരുന്നു കാരണം “
“ആത്മഹത്യാ പ്രവണതയുണ്ടായിരുന്നല്ലേ…”
“ഹാ… നീയിവിടുത്തെ വാർഡ് മെമ്പറല്ലേ…”
ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങൾ അവഗണിച്ചവൾ എനിക്ക് നേരെ തിരിഞ്ഞു. കരഞ്ഞുകലങ്ങിയ നോട്ടം എന്റെ കണ്ണുകളിൽ വന്നു തറച്ചു തീഷ്ണമായി.
“ഒന്നല്ല…രണ്ടുവട്ടം…” അവളുടെ നെഞ്ചിൽ ഒരേങ്ങൽ വന്ന് തിക്കുമുട്ടി.
“വീട്ടുകാര് കണ്ടതുകൊണ്ട് രണ്ടു വട്ടവും ആള് പോയില്ല…” നോട്ടം എന്റെ കണ്ണുകളിൽ തന്നെയാണ്.
തല താഴ്ത്താൻ പോലുമാകാതെ ഞാൻ നിന്നു – ആദ്യമായി കേൾക്കുന്നു.
“അറിഞ്ഞിരുന്നോ !! കാര്യമെന്തെന്ന് ചോദിച്ചിരുന്നോ !! “
“ഞാനറിഞ്ഞിരുന്നില്ല ” എന്നു പറയാനുള്ള മനസാന്നിദ്ധ്യം വീണ്ടെടുക്കു ന്നേരം ആൾക്കൂട്ടം ഒരു ഞെട്ടലോടെ ചലിച്ചുതുടങ്ങി. ദുർബലമായിപ്പോയ നിലവിളികൾ പിടഞ്ഞുയർന്ന് ചുറ്റുപാടുകളെ വിറകൊള്ളിച്ചു. അവനെ ചിതയിലേക്കെടുക്കുകയാണ്. എല്ലാവരും തിരക്കിട്ടങ്ങോട്ട് നീങ്ങി. തീഷ്ണമായ കണ്ണുകൾ നിറച്ചുകൊണ്ട് എന്നെ നോക്കിനിന്നവളും തിരിഞ്ഞുനടന്നപ്പോൾ ആൾക്കൂട്ടത്തിൽ ഞാൻ തനിച്ചായി. അകലം പാലിച്ചു നിൽക്കുന്നവർക്കിടയിലൂടെ അവന്റെ ശവമഞ്ചം മുന്നോട്ടുനീങ്ങുന്നു. ഒരു നോക്കുകൂടി കാണാൻ ഞാനെത്തി നോക്കി. മുഖം കാണാനാകുന്നില്ല; എതിർവശത്തേയ്ക്ക് ചരിഞ്ഞാണ് കിടപ്പ്. ആൾക്കൂട്ടത്തിൽ ഞാനവളെ തിരഞ്ഞു. പുറകിൽ നിന്നാലാ ചുമലുകൾ ചലിക്കുന്നത് കാണാം, കരയുകയാണ്. അപ്പോഴാണ് ഞാൻ കണ്ടത്, ആ കഴുത്തിലെ വിയർപ്പിൽ പറ്റിച്ചേർന്ന് കിടക്കുന്നു, അവൻ തീർത്ത ആ മാല. കണ്ടൽവേരുകളാൽ മെനഞ്ഞ്, നിറം തേച്ച് രണ്ടാമതൊന്ന് സൃഷ്ടിക്കാതെ, അവൾക്കായി മാത്രം കരുതി വെച്ച മാല. നിലവിളികൾ പെയ്തിറങ്ങുന്നിടത്ത് കരയാൻ മറന്ന് ഞാൻ നിന്നു. ഒരേയൊരു ചോദ്യം മന സ്സിൽ വന്നുനിറയുന്നു – എന്നാണ് അവനെന്റെ അരികിലിൽ ഇല്ലാതായത് !!!
കവർ: ജ്യോതിസ് പരവൂർ