പൂമുഖം LITERATUREകഥ മധുര

അതിവിദൂരതയിലെങ്ങോ കൊതിപ്പിച്ചു കടന്നുകളഞ്ഞൊരു കനവുപോലെ “മധുര”!
അമ്മയുടെ മണം മാറാത്ത തത്തപ്പച്ച നിറമുള്ള കാഞ്ചീപുരംപട്ട്, വേണിച്ചിത്തിയുടെ കരവിരുതിൽ പട്ടുപാവാടയായപ്പോൾ അമ്മയെപുതച്ചപോലെ. വാക്കുകളാൽ പ്രകടിപ്പിക്കുവാനാവാത്ത ഉള്ളിലെ വികാരങ്ങൾ മിഴികൾ പറയാൻ തുടങ്ങിയപ്പോളാവണം പാട്ടിമ്മ ചേർത്തുപിടിച്ചു പറഞ്ഞത് “ലക്ഷണമാരുക്ക് അംബാൾ മാതിരി”. നിറഞ്ഞസന്തോഷത്തോടെ ഓടി പത്രം വായിച്ചുകൊണ്ടിരുന്ന അപ്പായുടെ മുന്നിൽ ചെന്നുനിന്ന് കൊഞ്ചിക്കൊണ്ട് ചോദിച്ചു ” കൊഞ്ചം ഇങ്കെ പാരേ, നല്ലാരുക്കയാന്ന് ?” ” ഉം .. എന്ന് മൂളലിനൊപ്പം ഒരു ചേർത്തുപിടുത്തവും അതായിരുന്നു അപ്പായുടെ മറുപടി. അതിന്റെ അർത്ഥം ഇന്ന് ഈ നാൽപ്പതാംകാലത്ത് അറിയുന്നു, ആ നോവും!
കുടുംബത്തിലെ എല്ലാവരും ചേർന്നായിരുന്നു മധുര യാത്ര. പട്ടുപാവാടക്കുള്ളിൽ കൊളുന്ത് വെച്ച് മടക്കി ബാഗിനുള്ളിൽ വെച്ചിട്ട് പാട്ടിമ്മാ പറഞ്ഞു

“മീനാക്ഷി അംബാളെ പാക്കപോകുമ്പോത് അഴകാ ലക്ഷണമാ പോണം ന്നാ കുഴന്തൈ, പുരിയ്താ ഉനക്ക്?”

യാത്രയിലുടനീളം കീർത്തനങ്ങളായിരുന്നു, താളങ്ങളും, എപ്പോഴോ ഉറങ്ങി, ഉണർന്നു നോക്കുമ്പോൾ അമുദാത്തയുടെ മഠത്തിലാണ്. മധുരയിൽ അന്നോളം എനിക്കറിയാവുന്ന ഏക സ്വന്തം.

“ആഹാ , എന്ന ചെല്ലം തൂങ്കി മുടിച്ചിട്ടെയോ” വാത്സല്യം നിറച്ചുവെച്ച ചിരിയോടെ അമുദാത്ത, അമുദാത്തയ്ക്ക് മക്കളില്ലായിരുന്നു.
എന്നെ ഊട്ടുമ്പോഴും, ഒരുക്കുമ്പോഴുമെല്ലാം അമുദാത്തയുടെ കണ്ണുകളിൽ മഴ പെയ്തിരുന്നു.

ഇടയിൽ പാട്ടിമ്മായോട് “നീങ്ക ചൊല്ലുങ്കോ പാട്ടീ, അവങ്കൊക്കിട്ടെ” എന്ന് എന്തിനോ യാചിച്ചുകൊണ്ടും..

പകൽ മുഴുവൻ അപ്പാവോടെ കയ്യിൽത്തൂങ്ങി മധുര കണ്ടു നടന്നു .

നോക്കുന്നിടത്തെല്ലാം മുല്ലയും , കനകാംബരവും, കുങ്കുമവും,നാർത്തങ്കായും കുപ്പിവളകളും.

എന്തൊരഴകായിരുന്നു തെരുവിന്. സന്ധ്യക്ക് വലിയ വലിയ അരിപ്പൊടിക്കോലങ്ങൾക്കിടയിലൂടെ പട്ടുപാവാടയുമിട്ട് ദീപക്കാഴ്ചകൾകണ്ട്,
നിറയെ കിലുക്കമുള്ള കൊലുസ് താളത്തിൽ കിലുക്കി, കൈ നിറയെ കുപ്പിവളകളും മുടി നിറയെ മുല്ലപ്പൂവും ചൂടി , വിളക്കുകളാൽ അലങ്കരിച്ച മീനാക്ഷികോവിലിന്റെ ഗോപുരമുകളിലേക്ക് അത്ദുതത്തോടെ നോക്കി അപ്പായോട് വാമൂടാതെ സംശയം ചോദിച്ചു നടന്നു.

വര : പ്രസാദ് കാനാത്തുങ്കൽ

കണ്ട കാഴ്ചകളൊക്കെയും അത്ഭുതങ്ങളായി ഏറെക്കാലം കൂടെയുണ്ടായിരുന്നു. വളർച്ചയുടെ വഴികളിലെപ്പോഴൊക്കെയോ ഒന്നുകൂടി പോകണമെന്നും അന്ന് കണ്ട അത്ഭുതക്കാഴ്ചകളുടെ നേരറിയണം എന്നുമൊക്കെ വല്ലാതെ ആഗ്രഹിച്ചിരുന്നു. ഒന്നും നടന്നില്ല, അങ്ങനൊരാഗ്രഹം ഉണ്ടായിരുന്നുവെന്ന് പോലും മറന്നുപോയിരുന്നു .
ഒരാഴ്ചത്തെ ആ യാത്രയെ അമുദാത്തയുടെ വീട്ടിൽ വെച്ച് പെട്ടന്നവസാനിപ്പിക്കാൻ അപ്പായ്ക്ക് തോന്നിയതെന്താവും? പാട്ടിമ്മായും അന്ന് കുറേ കരഞ്ഞിരുന്നു. എനിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു യാത്ര അവസാനിപ്പിച്ച് തിരിച്ചുപോകാൻ..
മഞ്ഞണതേച്ച അമുദാത്തയുടെ തുടുത്ത നുണക്കുഴി വിടരുന്ന കവിളുകളും. ചെറിയ താളത്തിൽ എന്നെ കൂടെക്കിടത്തി പാടുന്ന “എന്ന തവം സെയ്തനേ യശോദാ” പാട്ടും, ചേർത്തു പിടിച്ചുള്ള കൊഞ്ചിക്കലും ഒക്കെയും എനിക്കത്ര ഇഷ്ടമായിരുന്നു.

“മധുരൈലെ വന്തതും കുഴന്തൈ അപ്പാവെ മറന്തിട്ടോം ഇല്ലെയോ” എന്ന് അപ്പ ഒരു പ്രാവശ്യം എന്നോട് പരാതിപോലെ കൊഞ്ചിച്ചു പറഞ്ഞിരുന്നു.

പിന്നീടൊരിക്കലും അപ്പ മധുരയ്ക്ക് എന്നെ കൂട്ടീട്ട് പോയതേയില്ലാ, എന്തോ ആ ബന്ധത്തിൽ നിന്ന് എന്നെ അകറ്റി നിർത്താനായിരുന്നു അപ്പ ശ്രമിച്ചത്. മരണം വരേയും അദ്ദേഹത്തിനെ നോവിച്ചിരുന്നു ആ യാത്ര എന്നുമാത്രം അറിയാം, വളർന്നപ്പോൾ തോന്നിയ ചില ഊഹങ്ങളും!

അപ്രതീക്ഷിതമായി ഇന്ന് മധുരയിൽ നിന്നും വന്ന ഫോൺകോൾ, അമുദാത്ത തീരെ വയ്യാതെ കിടക്കുന്നു, ജീവൻ പോകുന്നതിന് മുൻപ് കാണുവാൻ ആഗ്രഹിക്കുന്നു!
അപ്പയുടെ ഇഷ്ടത്തിനെതിരായ് ആദ്യ തീരുമാനം…
അല്ല , അപ്പായ്ക്ക് സമ്മതമായിരിക്കും!

Comments

You may also like