പൂമുഖം LITERATUREകവിത മുറിവായി ഒരു കവിത

മുറിവായി ഒരു കവിത

അവളുടെ കൈയില്‍
കവിതയുണ്ടത്രെ.
ആരെയും കാട്ടാതെ
എപ്പോഴുമവളതൊളിച്ചുവെക്കും.
വഴിയിറങ്ങിയാല്‍
സാരി കൊണ്ട് മറച്ചു പിടിക്കും.
ചിലരവളുടെ വീട്ടിലേക്കും
സ്വകാര്യതയിലേക്കും
ഒളിഞ്ഞു നോക്കി.
ഒരു തോര്‍ത്ത് കൊണ്ട്
അവളത് പൊതിഞ്ഞു പിടിച്ചിരിക്കയാണത്രെ.
പുറം കാണാത്ത
അവളുടെ കവിതയെ
എല്ലാവരും ജിജ്ഞാസയോടെ നോക്കി.
ആരുമത് കണ്ടില്ല.
കണ്ടവരോ
പുറത്തു പറഞ്ഞില്ല.

യാദൃച്ഛികമൊരിക്കല്‍
ഞാനവളുടെ കൈ കണ്ടു.
പൊതിഞ്ഞവയൊക്കെയുമൂര്‍ന്നു പോയതിനാല്‍
ഞാനവളുടെ കൈകളില്‍ നോക്കി.
കവിതയൊന്നും കണ്ടില്ല.
എന്നാല്‍ കവിതയായൊരു നീളന്‍
മുറിവുണ്ടായിരുന്നു കൈയില്‍.
എന്തൊക്കെയോ കാരണങ്ങളാല്‍
ജീവിതമൊടുക്കാന്‍ ശ്രമിച്ച
പരാജയത്തിന്‍റെ മുറിവ്.
ആ മുറിവായിരുന്നു
അവളുടെ കവിത.
മുറിവുണങ്ങിയാലും
ജീവിതം നീറ്റുന്ന കവിത.

ജീവിതം
മുറിവായാലും
ധ്വനിപ്പിച്ചു കാട്ടുവതു തന്നെ
കവിതയെന്ന്
ഞാനും തീരുമാനിച്ചു

കവർ : ജ്യോതിസ് പരവൂർ

Comments

You may also like