പൂമുഖം TRAVEL സിഡ്നിയിലെ ഡിസംബര്‍: പ്രണയപ്പൂട്ടുകളും മറ്റും

സിഡ്നിയിലെ ഡിസംബര്‍: പ്രണയപ്പൂട്ടുകളും മറ്റും

രേ സമയം പാടലനിറത്തിലുള്ള മേലാപ്പും പരവതാനിയുമായി  നവംബറില്‍ സിഡ്നിയെ സ്വപ്നം പോലെ കൊണ്ടുനടന്ന ജക്കരന്ത മരങ്ങള്‍ പുത്തന്‍ പച്ചയുമായി ഗ്രീഷ്മത്തിലേയ്ക്ക് കടന്നിരുന്നു. മുപ്പത്തൊമ്പത് ഡിഗ്രിയിലേയ്ക്കും നാല്‍പ്പത്തൊന്നു ഡിഗ്രിയിലേയ്ക്കും ഒന്നെത്തിനോക്കി, മടങ്ങി ശരാശരി ചൂട് ഇരുപതുകളില്‍ തന്നെ തട്ടിയും തടഞ്ഞും തുടര്‍ന്നു.
അപ്പോഴും, ഇടവിട്ട്, കൊടുങ്കാറ്റും ഇടിയും മഴയും കാലാവസ്ഥാപ്രവചനങ്ങളായി വന്നു- പ്രകൃതി, അവയെ, ഫലത്തില്‍ ചാറ്റല്‍ മഴകളില്‍ അവസാനിപ്പിച്ചു.-
പ്രവൃത്തിദിവസങ്ങളിലും ഒരു സുഖവാസകേന്ദ്രത്തിന്‍റെ അനായാസത അനുഭവപ്പെടുന്ന നഗരാന്തരീക്ഷത്തില്‍, ക്രിസ്മസും പുതുവര്‍ഷവും അടുത്തതോടെ, നമ്മുടെ നാട്ടില്‍ നിന്ന് വ്യത്യസ്തമായി, തിരക്കും ബദ്ധപ്പാടും ഒന്നുകൂടി കുറഞ്ഞു. ഓഫീസുകളും ഒഴിവുകാല മാനസികാവസ്ഥയിലാണെന്ന്‍ ജോലിയിലുള്ള സുഹൃത്തുക്കള്‍ പറയുമായിരുന്നു. ‘ഒരാഴ്ചകൂടി കഴിഞ്ഞാല്‍ റിയല്‍ എസ്റ്റേറ്റ് രംഗമടക്കം മിക്കവാറും നിശ്ചലമാകും. യൂറോപ്പിലും പടിഞ്ഞാറന്‍ നാടുകളിലും പതിവുള്ളത് പോലെ.’
ഓഫീസ് സമയം കഴിഞ്ഞ് പകല്‍ അവസാനിക്കാന്‍ ഒരുപാടു നേരം ബാക്കിയുള്ള മാസങ്ങള്‍-
അര്‍ദ്ധരാത്രിക്കും വെറുതെ നാട് ചുറ്റാന്‍ തയ്യാറുള്ള കുടുംബാംഗങ്ങള്‍ ‍-
യാത്രകള്‍ മുടക്കമില്ലാതെ തുടര്‍ന്നു —
സിഡ്നിക്കകത്തും പുറത്ത് ന്യൂ സൌത്ത് വെയില്‍സിന്‍റെ ഉള്ളില്‍ തന്നെയുള്ള പ്രദേശങ്ങളിലും–
കടപ്പുറം- കടലിടുക്ക്- ഉള്‍ക്കടല്‍- ജെട്ടി- തടാകം- പുഴയോരം എന്നിവകളിലേയ്ക്ക് –
അല്ലെങ്കില്‍, ചെറുതും വലുതുമായ പാര്‍ക്കുകളുടെ പച്ചപ്പിന്‍റെ സമൃദ്ധിയിലേയ്ക്ക്-
അതുമല്ലെങ്കില്‍, മലമടക്കുകളിലും മുകളിലും ഉള്ള ലുക്ക്ഔട്ടുകളിലേയ്ക്ക്..
റോയല്‍ നാഷണല്‍ പാര്‍ക്ക് ഒരു വശത്തുകൂടി മുറിച്ചു കടന്ന്‍, ഗോംഗ് എന്നറിയപ്പെടുന്ന വോളംഗോംഗിലേയ്ക്കുള്ള വഴിയില്‍, കിഴുക്കാംതൂക്കായ ഇല്ലവാര മലഞ്ചെരിവില്‍ സ്ഥിതി ചെയ്യുന്ന സബ്ലൈം പോയന്‍റില്‍ ഒന്നിലധികം തവണ പോയി. ആദ്യം ബൈക്കിന്‍റെ പിന്നിലിരുന്നും അടുത്ത തവണ എല്ലാവരുമൊത്ത് കാറിലും-  ഇരുചക്രവാഹനത്തിലെ യാത്രയില്‍ വിശേഷിച്ചും, വഴിതന്നെ മികച്ച ദൃശ്യാനുഭവമാണ്- സ്പീഡ് ബ്രേക്കറുകളും കേടുപാടുകളുമില്ലാത്ത, വ്യക്തമായി ലെയ്ന്‍ തിരിച്ചിട്ടിട്ടുള്ള, പൊടി പറക്കാത്ത വീതിയേറിയ പാതയില്‍, വശത്തുള്ള പ്രത്യേക ലെയ്നിലൂടെ വ്യായാമത്തിന്‍റെ ഭാഗമായി യാത്രചെയ്യുന്ന സൈക്കിള്‍ യാത്രക്കാരെ കാണാം. പലയിടത്തും, ഒരു തെങ്ങുയരത്തില്‍ ഇരുവശവും പാറകള്‍ ചെത്തിയെടുത്താണ് റോഡ്‌ നിര്‍മ്മിച്ചിരിക്കുന്നത്. ഹെയര്‍പിന്‍ ബെന്‍ഡുകളിലൂടെ പോകുന്ന പാതക്കിരുവശവും, ഇടതൂര്‍ന്ന വനങ്ങളാണ്.   .
ബ്രിട്ടീഷ് അധിനിവേശത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ തന്നെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിക്കപ്പെട്ട നാല്‍പ്പതിനായിരം ഏക്കറോളം വിസ്തൃതിയില്‍ പരന്ന്‍ കിടക്കുന്ന മഴക്കാട് റോയല്‍ നാഷണല്‍ പാര്‍ക്ക് ആയത് കാലമേറെ കഴിഞ്ഞ്, ബ്രിട്ടീഷ് രാജ്ഞി ആ വഴി കടന്നു പോയതിനു ശേഷമാണ്. നടക്കാനും  സൈക്ലിംഗിനും കയാക്കിംഗിനും ഹൈക്കിംഗിനും സാഹസിക പര്‍വതാരോഹണങ്ങള്‍ക്കും സൌകര്യമുള്ള പാര്‍ക്കിന്‍റെ ഉള്‍ഭാഗങ്ങളിലേയ്ക്കുള്ള യാത്ര മറ്റൊരവസരത്തിലേ നടക്കു എന്നറിയാമായിരുന്നു.
സമുദ്രത്തിന്‍റെ ഓരം ചേര്‍ന്ന് മുപ്പതു കി.മീ. നീളത്തില്‍ കിടക്കുന്ന ‘കോസ്റ്റ് വാക്ക്’ പറ്റുമെങ്കില്‍ മുഴുവനായും നടന്നുകാണണമെന്നുമുണ്ടായിരുന്നു. [ഫലത്തില്‍, ആ യാത്ര നടന്നില്ല- മറ്റു പല യാത്രകളുടെ തിരക്കില്‍…] അവിടവിടെ, ഭക്ഷണശാലകളും വൃത്തിയുള്ള ടോയ് ലറ്റുകളും എടുത്തു പറയേണ്ട വിനോദയാത്രാസൌകര്യങ്ങള്‍ തന്നെയാണ്. ദീര്‍ഘദൂരപാതകളില്‍, കൃത്യമായ ദൂരം ഇടവിട്ട്, വൃത്തിയില്‍ പരിപാലിക്കപെടുന്ന റെസ്റ്റ്റൂമുകള്‍ ഇല്ലാത്ത അനുഭവം സിഡ്നിയില്‍ എവിടെയും ഉണ്ടായില്ല.

ദൈനംദിന ജീവിത സൌകര്യങ്ങള്‍ ഉറപ്പു വരുത്തുന്ന സര്‍ക്കാര്‍ നയം, കൃത്യമായ നികുതി കൊടുക്കുന്നതിന് സാധാരണക്കാരന് പ്രേരണയാകുന്നു എന്ന്‍ പതിനാറു വര്‍ഷങ്ങളായി സിഡ്നിയില്‍ ജോലി ചെയ്യുന്ന ബന്ധു, സന്തോഷ്‌ പറഞ്ഞു.

സീക്ളിഫ് ബ്രിഡ്ജിലെ നടപ്പാതയില്‍

സീക്ളിഫ് ബ്രിഡ്ജിലെ നടപ്പാതയില്‍

ചരല്‍ക്കല്ലുകളും പാറകളും അടിയില്‍ കല്‍ക്കരിയുടെ കനത്തിലുള്ള അടരുകളുമായി ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളിലൂടെ രൂപപ്പെട്ടതാണ് ഇല്ലവാര മലഞ്ചെരിവ്. .
റോയല്‍ നാഷനല്‍ പാര്‍ക്കിന്‍റെ തെക്കേ അറ്റം ചേര്‍ന്നുള്ള ഓട്ട്ഫോര്‍ഡ് ലുക്ക്ഔട്ടിലാണ് ഞങ്ങള്‍ വാഹനം നിര്‍ത്തി ഇറങ്ങിയത്.
ഇത്തരം ലുക്ക്ഔട്ട് പോയന്‍റുകള്‍, ബീച്ചുകള്‍ പോലെ തന്നെ സമൃദ്ധമാണ്‌ സിഡ്നിയിലും പരിസരങ്ങളിലും.. കാടിന്നുള്ളിലൂടെ പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ പൊടുന്നനെ വശത്തേ യ്ക്കുള്ള ഇടവഴിയുടെ തുടക്കത്തില്‍ ചെറിയ ബോര്‍ഡ് പ്രത്യക്ഷപ്പെടുന്നു. ലുക്ക്ഔട്ടിന്‍റെ പേരുമായി. വണ്ടി പാര്‍ക്ക് ചെയ്യാനുള്ള സ്ഥലത്ത് നിര്‍ത്തി, കാടിന്നുള്ളിലൂടെ അല്പദൂരം നടന്നാല്‍ കാടും മലയും ആകാശവും സമുദ്രവും ചേര്‍ന്നൊരുക്കുന്ന അപൂര്‍വ ദൃശ്യങ്ങളില്‍ ഒന്നിലേയ്ക്ക് നമ്മള്‍ ചെന്നുചേരുന്നു. അത്യാവശ്യം ഇരിപ്പിടങ്ങളും സുരക്ഷ ഉറപ്പാക്കുന്ന അരമതിലും കാഴ്ചയുടെ ചെറിയ വിവരണം തരുന്ന ബോര്‍ഡും എല്ലാത്തിലുമുണ്ട്…

കാറുകളിലും ബൈക്കുകളിലുമായി ഇരുപതോ മുപ്പതോ പേര്‍, കാഴ്ചകള്‍ കണ്ടും ചിത്രങ്ങള്‍ എടുത്തും സ്ഥലത്തുണ്ടായിരുന്നു.  ഒരു കൂട്ടര്‍ കാട്ടിലേയ്ക്കുള്ള നടപ്പാതയിലൂടെ നടന്ന്‍ മറഞ്ഞു. പിന്നില്‍, കാടിനുള്ളില്‍ തന്നെ ഒരു ട്രെയിന്‍ വന്നു നിന്നതിന്‍റേയും അല്പം കഴിഞ്ഞ് യാത്ര തുടര്‍ന്നതിന്‍റേയും ശബ്ദം കേട്ടു.. മിക്കവാറും, ബുഷ്‌വാക്കിംഗിനെത്തുന്ന വരുടെ മാത്രം സൌകര്യത്തിനായി ഓടുന്ന വണ്ടിക്ക് ആളെക്കയറ്റാനും ഇറക്കാനും മാത്രമായാണ്  ഇപ്പോള്‍ ഓട്ട്ഫോര്‍ഡ് റെയില്‍വെ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്-

പാരാഗ്ലൈഡിംഗിനും ഹാംഗ് ഗ്ലൈഡിംഗിനും പ്രസിദ്ധമായ സ്റ്റാന്‍വെല്‍ ടോപ്സിലെ ബാള്‍ഡ്ഹില്‍ ലുക്ക്ഔട്ടിലേയ്ക്കാണ് അവിടെനിന്ന്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നത്.- മൂന്നോ നാലോ പേര്‍ ഭീമന്‍ ചിറകുകളുടെ സഹായത്തോടെ ഉയരത്തില്‍ ചുറ്റിക്കൊണ്ടിരുന്നു

നേരെ താഴെയുള്ള ബീച്ചിലായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന ദശകത്തില്‍ ലോറന്‍സ് ഹാര്‍ഗ്രേവ് എന്ന സാഹസികനായ എഞ്ചിനീയര്‍ അകം പൊള്ളയായ, ചതുര സ്തംഭാകൃതിയിലുള്ള box kites ന്‍റെ ശൃംഖലകളുപയോഗിച്ച് മനുഷ്യന് പറക്കാമെന്നു തെളിയിച്ചത്. 1894 നവംബര്‍ 12 ആം തിയതി നാല് പട്ടങ്ങള്‍ കൂട്ടിക്കെട്ടിയ സംവിധാനത്തിന്‍റെ സഹായത്തോടെ ഭൂമിയില്‍ നിന്ന്‍ പതിനാറടി ഉയരത്തിലേയ്ക്ക് ഹാര്‍ഗ്രേവിന് ഉയരാനായി ഉദ്ദേശം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം, 1903 ഡിസംബര്‍ 17ന്  ആദ്യ വിമാനം  പറപ്പിക്കാന്‍ റൈറ്റ് സഹോദരര്‍ക്ക് ഉത്തേജനം കൊടുത്ത ഘടകങ്ങളില്‍ ഒന്നായിരുന്നു ഹാര്‍ഗ്രേവിന്‍റെ പ്രകടനം..
സ്റ്റാന്‍വെല്‍ ലുക്ക്ഔട്ടിനോടു ചേര്‍ന്ന്‍ 1940 ല്‍ സ്ഥാപിച്ചിരുന്ന ഓടില്‍ നിര്‍മ്മിച്ച ഹാര്‍ഗ്രേവിന്‍റെ സ്മാരക ഫലകം കഴിഞ്ഞ വര്‍ഷം മോഷണം.പോകുകയുണ്ടായി. അത് ഇളക്കിയെടുക്കാന്‍ ഉപയോഗിച്ച ഇരുമ്പു പാരയും ചങ്ങലയും മോഷണം നടന്ന സ്ഥലത്ത് തന്നെ കിടന്നിരുന്നു
ദിവസങ്ങള്‍ കഴിഞ്ഞ്, അര കി.മീ. ദൂരത്തൊരു പൊന്തക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഫലകവും കിട്ടി.
പൂര്‍വസ്ഥാനത്ത് തന്നെ പുന:പ്രതിഷ്ഠയും നടന്നു.

സ്റ്റാന്‍വെല്‍ പാര്‍ക്കിനെയും ഓട്ട്ഫോര്‍ഡ്നേയും വോളംഗോംഗിന്‍റെ വടക്ക് ഭാഗവുമായി ബന്ധിപ്പിക്കുന്ന ലോറന്‍സ് ഹാര്‍ഗ്രേവ്‌ ഡ്രൈവിന്‍റെ ഒരു ഭാഗം 2003 ല്‍ എന്നേയ്ക്കുമായി അടച്ചിട്ടു. മലഞ്ചെരിവില്‍ നിന്ന്‍ ഉരുളന്‍ കല്ലുകളും പാറക്കഷണങ്ങളും തെന്നിവീണു ണ്ടായിക്കൊണ്ടിരുന്ന അപകടങ്ങള്‍ ഒഴിവാക്കാനായിരുന്നു ഇത്. പൊതുജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന്‍, പരിഹാരമായി പണിത സീ.ക്ലിഫ് ബ്രിഡ്ജ് എന്ന അദ്ഭുതമായിരുന്നു അടുത്ത വഴിക്കാഴ്ച..

പാലത്തിന്‍റെ പേര്, മത്സരത്തില്‍ പങ്കെടുത്ത്, സമ്മാനം നേടിയ പതിനൊന്നുകാരി പെണ്‍കുട്ടി നിര്‍ദ്ദേശിച്ചതായിരുന്നു ഒരുപാട് പരസ്യചിത്രങ്ങളിലും ചലചിത്രങ്ങളിലും ഇടം കണ്ടെത്തിയ ഈ പാലവും അവിടെ നിന്ന് ലഭിക്കുന്ന കാഴ്ചയും, പ്രകൃതിയും മനുഷ്യന്‍റെ ശില്പ വൈദഗ്ദ്ധ്യവും ചേരുമ്പോഴുണ്ടാവുന്ന സാദ്ധ്യതയുടെ അവിശ്വസനീയമായ ഉദാഹരണമാണ്. സൈക്കിള്‍ സവാരിക്കാര്‍ക്കും  കാല്‍നടക്കാര്‍ക്കും മൊട്ടോര്‍വാഹനങ്ങള്‍ക്കും വേറെവേറെ ലെയ്നുകള്‍ ഉണ്ട്. ബ്രിഡ്ജിന്‍റെ ഒരുവശം കൂറ്റന്‍ പാറക്കെട്ടുകള്‍ നിറഞ്ഞ മല മറുവശം അലയടിക്കുന്ന ശാന്തസമുദ്രം.
ലോഹനിര്‍മ്മിതമായ സുരക്ഷാവേലിയോട് ചേര്‍ന്ന്‍ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ അയവില്‍ കെട്ടിയിരിക്കുന്ന ലോഹച്ചങ്ങല കാണാം. അതില്‍, പൂട്ടിയ നിലയില്‍ ഞാന്നുകിടക്കുന്ന അസംഖ്യം പൂട്ടുകളും! സബ്ലൈം പോയന്‍റ് എന്ന ഞങ്ങളുടെ അന്നത്തെ ലക്ഷ്യസ്ഥാനത്തും കൌതുകകരമായ ഈ സംവിധാനം കണ്ടു..

സ്റ്റാന്‍വില്‍ ടോപ്പില്‍ നിന്നുള്ള കാഴ്ച

സ്റ്റാന്‍വില്‍ ടോപ്പില്‍ നിന്നുള്ള കാഴ്ച

കമിതാക്കള്‍, സ്വന്തം പ്രേമത്തിന്‍റെ ഉറപ്പിനും സുരക്ഷയ്ക്കും വേണ്ടി, അവശേഷിപ്പിച്ചു പോകുന്നവയാണ് പൂട്ടുകള്‍. പാലത്തിന്‍റെ കമ്പിയഴികളില്‍ തന്നെയായിരുന്നു നേരത്തെ ഇവ തൂങ്ങിക്കിടന്നിരുന്നത്. ഭാരവും തുരുമ്പും പാലത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുന്നു എന്ന് കണ്ട അധികൃതരാണ്, മുഷിപ്പന്‍ സദാചാരപ്പോലീസ് ചമയാതെ/ പൂട്ടുകള്‍ക്കായി ചങ്ങല നിര്‍മ്മിച്ചത്- ഉദ്ദേശ്യം വ്യക്തമാക്കുന്ന ബോര്‍ഡുമുണ്ടടുത്ത്:
‘പാലത്തിന്‍റെ അഴികള്‍ ഒഴിവാക്കി നിങ്ങളുടെ പ്രണയപ്പൂട്ടുകള്‍ ഈ ചങ്ങലകളില്‍ കോര്‍ക്കുക.!.’

പ്രണയപ്പൂട്ടുകള്‍ക്ക് നൂറുവര്‍ഷം പഴക്കമുള്ള ഒരു കഥ പറയാനുണ്ട്. ഒന്നാം ലോകമഹാ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. നഡ എന്ന സ്കൂള്‍ ടീച്ചറും റെല്‍ജാ എന്ന സെര്‍ബിയന്‍ ഓഫീസറുമാണ് കഥാപാത്രങ്ങള്‍. വിവാഹനിശ്ചയം കഴിഞ്ഞ്, യുദ്ധത്തില്‍ പങ്കെടുക്കാന്‍ യാത്രയായ കാമുകന്‍ ഗ്രീസില്‍ വെച്ച് മറ്റൊരു യുവതിയുമായി  പ്രേമത്തിലായി. പ്രണയ നൈരാശ്യത്തില്‍നിന്ന്‍ കരകയറാതെ നഡ രോഗഗ്രസ്തയായി- ചെറുപ്പത്തില്‍ തന്നെ മരണത്തിനു കീഴടങ്ങി.

അന്നുതൊട്ട്, നാട്ടിലെ പെണ്‍കുട്ടികള്‍, സ്വന്തം പേരും കാമുകന്‍റെ പേരും എഴുതിച്ചേര്‍ത്ത പൂട്ടുകള്‍ നഡയും റെല്‍ജയും പതിവായി സന്ധിക്കാറുണ്ടായിരുന്ന പാലത്തിന്‍റെ അഴികളില്‍ ബന്ധിച്ച്, താക്കോല്‍ ദൂരെ വലിച്ചെറിയുന്നത് പതിവാക്കി-

നഷ്ടപ്പെടാതിരിക്കാന്‍, പ്രണയത്തെ പൂട്ടിവെയ്ക്കുക !

വ്യക്തികളുടെ മാനസികാവസ്ഥകള്‍ കണ്ടറിഞ്ഞുള്ള നിര്‍ദ്ദേശങ്ങള്‍ ഉയരം കൂടിയ പല സ്ഥലങ്ങളിലും കാണാം. സംശയകരമായ മട്ടില്‍ ഒറ്റയ്ക്ക് ആരെങ്കിലും കൂടുതല്‍ നേരം അങ്ങനെയുള്ള മുനമ്പുകളില്‍ നില്‍ക്കുന്നത് കണ്ടാല്‍, ബോര്‍ഡില്‍ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിച്ചറിയിക്കണം എന്ന്‍ മറ്റുള്ളവര്‍ക്കുള്ള നിര്‍ദ്ദേശത്തെക്കാള്‍ ശ്രദ്ധേയമായി തോന്നിയത്, ഒരുപക്ഷേ ഭാരിച്ച മനസും, ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനവുമായി, വന്നു നില്‍ക്കുന്നവരോട് നേരില്‍ സംവദിക്കുന്ന മറ്റു ചില നിര്‍ദ്ദേശങ്ങളാണ്..
‘ആശ വിടരുത്’
‘ഇനി വരാനുള്ളത് നല്ല ദിവസങ്ങള്‍’
‘പിന്തിരിയു..സഹായിക്കാന്‍ തയ്യാറായി ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്.’

സബ്ലൈം പോയന്‍റിലേയ്ക്ക് പോകാനായി വീണ്ടും ഉയരങ്ങളിലേയ്ക്ക് പോകുന്നതിന്നിടെ, സമുദ്ര നിരപ്പില്‍ നിന്ന്‍ നാനൂറിലധികം അടി ഉയരത്തില്‍ പാറപ്പുറത്ത് തന്നെ സ്ഥിതിചെയ്യുന്ന ഹെലന്‍സ്ബര്‍ഗിലെ വെങ്കിടേശ്വര ക്ഷേത്രത്തിലും പോയി.
വശ്യമായ പ്രകൃതി സൌന്ദര്യത്താല്‍ ചുറ്റപ്പെട്ട് നില്‍ക്കുന്ന ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം തുടങ്ങിയത് 1978 ലാണ്. ഏതാനും ഭക്തര്‍ക്കുണ്ടായ ദിവ്യദര്‍ശനമാണ് വേദവിധിയനുസരിച്ചുള്ള ക്ഷേത്രനിര്‍മ്മാണത്തില്‍ കലാശിച്ചത് എന്ന്‍ ഭക്തര്‍ പറയുന്നു.  നാല് ചുറ്റമ്പലങ്ങളുള്ള വലിയ ക്ഷേത്രമാണിത്. ശ്രീ വെങ്കിടേശ്വരസ്വാമി, ലക്ഷ്മി ദേവി, ചന്ദ്രമൌലിയായ ശിവന്‍, ത്രിപുര സുന്ദരി തുടങ്ങിയവരുടെ പ്രതിഷ്ഠകളുണ്ട്.

ദര്‍ശനത്തിനെത്തിയവരില്‍ വിദേശികളും ഏറെ പേരുണ്ടായിരുന്നു. കാണിക്കപ്പെട്ടിയില്‍ ഡോളറും സെന്റുമിട്ട്, ആപ്പിളും ഓറഞ്ചും പ്രസാദമായി വാങ്ങിയ യു.എസ്.എ. ക്ഷേത്രത്തിലെ അനുഭവം ഓര്‍മ്മ വന്നു
ചുറ്റും  ചിറകടിച്ചു പറക്കുന്നത് ഭംഗിയുള്ള കോക്കറ്റു പക്ഷികള്‍.
അമ്പലത്തിനോടു ചേര്‍ന്നുള്ള കാന്‍റീനില്‍ നിന്ന്‍ സ്വാദുള്ള മസാലദോശയും വടയും കിട്ടി.. ക്ഷേത്രത്തില്‍ കയറുന്നത് ഇനിയൊരവസരത്തിലാവാം എന്ന്‍ തീരുമാനിച്ച് (ഇതും നടന്നില്ല.) ഞങ്ങള്‍ യാത്ര തുടര്‍ന്നു.
വീണ്ടും കാട്-
കാടിനുള്ളിലൂടെ ഹെയര്‍പിന്‍ ബെന്‍ഡുകള്‍…
സബ്ലൈം പോയന്‍റ്!

മറ്റു ലുക്ക്ഔട്ടുകളില്‍ നിന്ന്‍ ഇതിനുള്ള മേന്മ, കൂടുതല്‍ ഉയരത്തില്‍ ആയതുകൊണ്ട് കൂടുതല്‍ വിസ്താരത്തില്‍ ,കൂടുതല്‍ മനോഹരമായ കാഴ്ചകളാണ് മുന്നില്‍ എന്നത് തന്നെയാണ്. ഇവിടെ നിന്ന് കാടിനുള്ളിലൂടെ താഴോട്ടിറങ്ങാന്‍, 850 മീ. നീളത്തില്‍ സബ്ലൈം പോയന്‍റ് ട്രാക്ക് എന്ന അസംസ്കൃതമായ നടവഴിയുണ്ട്. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ ഈ ഉദ്യമത്തിന് തുനിയരുത് എന്ന മുന്നറിയിപ്പ് വഴിയുടെ തുടക്കത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വശത്ത് സ്ഥാപിച്ചിട്ടുള്ള ചങ്ങലയില്‍ പിടിച്ച്,ദുര്‍ഘടമായ വഴിയിലൂടെ കുറച്ചു ദൂരം ഇറങ്ങിനോക്കി. ഏറെക്കുറെ കുത്തനെയുള്ള ഇറക്കമാണ്…

തോളത്ത് സ്വയം തട്ടി, സ്വയം പറഞ്ഞു : ഇനിയൊരിക്കലാവാം ..
ഞങ്ങള്‍ മടങ്ങി
ഇവിടത്തെ കാലാവസ്ഥയില്‍, ചുറ്റുപാടില്‍, പകല്‍ മുഴുവന്‍ പുറത്ത് ചുറ്റിത്തിരിഞ്ഞു  വീട്ടിലെത്തിയാലും യാത്രാക്ഷീണം തോന്നാറില്ല

അത്താഴത്തിനു ശേഷം, വായിച്ച കൊണ്ടിരിക്കുന്ന പുസ്തകമെടുത്തു. ‘The First Australians’
‘അതെങ്ങനെ തുടങ്ങുന്നു’ എന്ന അടുത്ത അദ്ധ്യായം വായിച്ചു.തുടങ്ങി…
അബൊറിജിനലുകളെ തുരത്തിയും കൊന്നൊടുക്കിയും ബ്രിട്ടീഷുകാര്‍ ഈ രാഷ്ട്രം കൈയടക്കി യതിന്‍റെ ചരിത്രമാണ്. എഴുത്തുകാര്‍ ആദിവാസികളുടെ ഇന്നത്തെ തലമുറയില്‍ പെട്ട ഗവേഷകരും എഴുത്തുകാരുമാണ്
മനസ്സിനെ ഉലച്ച ആദ്യ ഭാഗം ഞാന്‍ പരിഭാഷപ്പെടുത്തട്ടെ:

‘വെള്ളക്കാര്‍ക്ക് വേണ്ടിയിരുന്നത് ഭൂമി മാത്രം. കറുത്തവര്‍ക്ക് വേണ്ടിയിരുന്നതും അത് തന്നെ. അതിനായി അവരന്യോന്യം യുദ്ധം ചെയ്തു..വെള്ളക്കാര്‍ ജയിച്ചു.
ചരിത്രം തുടങ്ങിയത് അങ്ങനെയാണ്.
ഒരുകൂട്ടരുടെ കൈവശമിരിക്കുന്നതാണ് മറ്റേ കൂട്ടര്‍ക്ക് വേണ്ടിയിരുന്നത്. അത് നേടാനായി കൊല്ലാനും അവര്‍ തയ്യാറാണ്. കൈവശപ്പെടുത്തുന്നത് കൈകളാണ്. പക്ഷേ ബൈബ്ള്‍ വിലക്കുന്ന കൊലയ്ക്കും മോഷണത്തിനും മതിയായ സാധൂകരണം കണ്ടെത്തേണ്ടത്  ഹൃദയവും മനസ്സുമാണ്.
നിങ്ങളുടെ മതവിശ്വാസങ്ങളെയാണ് നിങ്ങള്‍ ലംഘിച്ചിരിക്കുന്നത്. അതില്‍ തെറ്റില്ലാതെ യാക്കാന്‍ ഫലപ്രദമായ വഴി, യഥാര്‍ത്ഥ ഉടമകള്‍, ഉടമകളായിരിക്കാന്‍ അര്‍ഹതയുള്ളവരല്ല എന്ന്‍ വിശ്വസിക്കുകയാണ്- അവര്‍ ദൈവപ്രീതി ലഭിക്കാതെ പോയ മൃഗങ്ങളായിരുന്നെന്നും വിശേഷബുദ്ധിയില്ലാത്തവരും മണ്ണിനോട് ആത്മബന്ധമില്ലാത്തവരും ആയിരുന്നെന്നും വിശ്വസിക്കുകയാണ്.
അക്രമത്തിലൂടെ ഭൂമി കൈയേറി കൈക്കലാക്കുന്നതിന്‍റെ ചരിത്രത്തിന് പ്രാചീനകാലത്തോളം  പഴക്കമുണ്ട്. ആയുധങ്ങളുടെ ആധുനികവല്‍ക്കരണത്തിന് ആനുപാതികമായി അതും വളര്‍ന്നു. പക്ഷേ അതിനും മുമ്പ് വളര്‍ന്നത് അന്യരെ ദ്രോഹിക്കാനുള്ള മനുഷ്യന്‍റെ വാഞ്ഛയാണ്. ഭൂമി കൈക്കലാക്കാനുള്ള മോഹം വന്നത് പിന്നീട്-  കുതിരകളെ മെരുക്കാനായതും കപ്പല്‍ യാത്ര സാദ്ധ്യമായതും അതിന് പുതിയ വേഗങ്ങള്‍ നേടിക്കൊടുത്തു. സൈന്യത്തെ ഉപയോഗിച്ച് മറ്റുള്ളവരുടെ ഭൂമി കൈക്കലാക്കാനും ജീവിതം തട്ടിയെടുക്കാനും കഴിഞ്ഞത് അത് മുതല്‍ക്കാണ്.
ആസ്ട്രേലിയയുടെ ചരിത്രവും മറ്റൊന്നായിരുന്നില്ല- അഥവാ ആയിരുന്നോ? ആസ്ട്രേലിയയിലെ ആദിവാസികള്‍ക്കും ആഗ്രഹങ്ങളുണ്ടായിരുന്നു, കഴിവുണ്ടായിരുന്നു. ആയുധങ്ങള്‍ ഉണ്ടായിരുന്നു അവരെന്തേ അന്യോന്യം യുദ്ധം ചെയ്യാനും അന്യന്‍റെ ഭൂമി  വെട്ടിപ്പിടിക്കാനും മുതിരാതിരുന്നത്, മറ്റു രാജ്യങ്ങളെ സ്വന്തം കോളനികളാക്കി, വളര്‍ന്ന ലോകരാഷ്ട്രങ്ങളെ പോലെ?
അത്തരമൊരന്വേഷണം നമ്മളെ കൊണ്ടുചെന്നെത്തിക്കുക ഒരുപക്ഷേ ആധുനികലോകത്തെ മനസ്സിലാക്കാനുള്ള ഒരു നയതന്ത്രമാര്‍ഗ്ഗത്തില്‍ ആയിരിക്കും എന്ന ആകാംക്ഷ നിഷ്ക്കളങ്കതയില്‍ നിന്നുണ്ടാവുന്നതാവുമോ!’


 

Comments
Print Friendly, PDF & Email

You may also like