എന്നാല്‍ ഇപ്പോള്‍ മലയാളത്തില്‍ “ഒഴിവുദിവസത്തെ കളി” എന്ന പേരില്‍ തന്നെ ഒരു സിനിമാക്കളി ഇറങ്ങിയിട്ടുണ്ട്. അത് കാണാനുള്ള ഒരു അവസരം ഈയ്യുള്ളവനുണ്ടായി. ആ കളി മെനക്കെട്ട് ഉണ്ടാക്കിത്തന്ന സനല്‍ ശശിധരന്‍ എന്ന ചങ്ങാതിയുടെ ആദ്യ കളി “ഒരാള്‍പ്പൊക്കം” ആണ്. അതുകണ്ടപാടെ ഞാനൊരു മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് കണ്ടവര്‍ രക്ഷപ്പെടും, അല്ലാത്തവര്‍ തൂക്കിലേറ്റപ്പെടും, തീര്ച്ചാ എന്ന്. എന്തായാലും, ഇക്കളി തീക്കളി തന്നെ. സംശയമില്ല.
ഒരു കോഴിയെ കൊല്ലാന്‍ പേടിക്കുന്ന നമ്മുടെ വ്യവഹാര ജീവിതത്തിലെ കൊഴുപ്പിന്റെ ഭീതി, അസ്ഥിയോടൊട്ടിനില്ക്കുന്ന ആത്മീയ സ്വത്വം എങ്ങിനെ മറികടക്കുന്നു എന്ന ഭയാനകമായ രാഷ്ട്രീയം വളരെ നിസ്സാരമായി, കുട്ടികള്‍ കള്ളനും പോലീസും കളിക്കുന്ന ലാഘവത്തോടെ നമ്മോടു സംസാരിക്കുകയാണ് ഇക്കളി. ആദിവാസി-ദളിത്-സ്ത്രീ-പരിസ്ഥിതി-എന്നിങ്ങനെ പലവിധ പ്രശ്നങ്ങള്‍ നടപ്പ് രീതിയില്‍, പുരുഷഭാഷയില്‍, നിത്യവും നിരന്തരം ആക്രോശിച്ച് വശംകെട്ട പുത്തന്‍ സമരവേദിയിലെക്ക് അലസം, അനായേസേന, എന്നാല്‍ വിപരീത ദിശയില്‍ നിന്നും അതേസമയം അസ്ത്രം പോലെ അത് സംഭവിക്കുന്നു. ഒഴിവുദിവസത്തെ കളി.
ഇത് കാണുക എന്നതാണ് ഇന്നിന്റെ ഏറ്റവും ഇച്ഛാശക്തിയുള്ള രാഷ്ട്രീയ തീരുമാനം. കണ്ടുകഴിഞ്ഞാല്‍, ഇത് മറ്റുള്ളവരെ കാണിക്കുക എന്നതായിരിക്കും നിങ്ങളിലെ സത്യസന്ധനായ മനുഷ്യന്റെ ഏറ്റവും അടുത്ത ലക്‌ഷ്യം. അത് ഞാന്‍ ഉറപ്പ് പറയുന്നു.
നാം പ്രതികരിക്കുന്നവരാണ്. ശ്രീനാരായണ ഗുരു, അയ്യങ്കാളി, വില്ലുവണ്ടി, കയ്യൂര്‍, കരിവെള്ളൂര്‍, പുന്നപ്ര–വയലാര്‍, പാറപ്പുറം സമ്മേളനം, 1957, നിങ്ങളെന്നെ കമ്മ്യൂനിസ്റാക്കി, ബലികുടീരങ്ങളെ, രക്തസാക്ഷി, എന്നൊക്കെ കേട്ടാല്‍ ഇപ്പോഴും രോമം എഴുന്നേറ്റു നില്ക്കുന്ന സവിശേഷ ശരീരവും അതിനകത്ത് എപ്പോള്‍ വേണമെങ്കിലും പൊട്ടി വ്രണപ്പെടാവുന്ന ജാതീയ ബാലതന്ത്രവും പേറുന്ന അപൂര്‍വ്വ ജീവികളാണല്ലോ നാം. നോക്കൂ, തൊട്ടടുത്ത ഒരു ദിവസം തെരഞ്ഞെടുപ്പ് ആഘോഷിക്കാന്‍ പോകുന്ന നമ്മുടെ കേരളത്തില്‍, 1957 മുതല്ക്കിങ്ങോട്ടുള്ള രാഷ്ട്രീയ ചരിത്രം നമുക്ക് മുന്നിലൂടെ, നമ്മുടെ കേള്‍വിപ്പുറത്തുകൂടെ ഇപ്പോള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. എന്നാല്‍ നമുക്ക് മുന്നിലൂടെ തന്നെ നമ്മുടെ ചരിത്രവും അലിഞ്ഞലിഞ്ഞു അദൃശ്യമാകുന്നു. പക്ഷേ ഇതൊന്നും തന്നെ നാം അറിയുന്നതേയില്ല. ഒന്നും നമ്മെ ആകുലപ്പെടുത്തുന്നുമില്ല.
ഈ സന്ദര്ഭനത്തിലാണ് സനല്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളി എന്ന ഒരു സിനിമ – ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു നദി പെട്ടെന്ന് പിടഞ്ഞെഴുന്നേറ്റ് ഓടിവന്ന് നമ്മുടെ മുഖത്തടിക്കുന്നതുപോലെ-നമ്മോടു കലഹിക്കുന്നത്. നന്ദി, സനല്‍, ഇക്കളി തീക്കളി അനുഭവിപ്പിച്ചതിന്.