പൂമുഖം CINEMA ഒരു തട്ടു പൊളിപ്പൻ അരാഷ്ട്രീയ ആക്ഷൻ ചിത്രം

ഒരു തട്ടു പൊളിപ്പൻ അരാഷ്ട്രീയ ആക്ഷൻ ചിത്രം

ഇന്നലെ വിവാദ സിനിമ കണ്ടിരുന്നു

നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല. ഖത്തറിലെ ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ മൊത്തം അഞ്ചു പേരാണ് സിനിമയ്ക്ക് ഉണ്ടായിരുന്നത്. ഞാനും മകളും പിന്നെ മറ്റൊരു മൂന്നംഗ കുടുംബവും. ഓൺ ലൈൻ ബുക്കിങ്ങിനു എന്തൊക്കെയോ തടസ്സങ്ങൾ ഉണ്ടായിരുന്നു, അതിനാലാണോ ആള് കുറഞ്ഞത് എന്നറിയില്ല.

ഞാൻ കണ്ട സിനിമ ഒരു തട്ടുപൊളിപ്പൻ ആക്ഷൻ ചിത്രമാണ്. അതിലെ രാഷ്ട്രീയമൊക്കെ ഈ തട്ടുപൊളിപ്പൻ ആക്ഷൻ കാണിക്കാനായി തട്ടിക്കൂട്ടിയ ഒരു കണക്റ്റിംഗ് വൺ ലൈനർ മാത്രമാണ്. തികച്ചും അപ്രസക്തം. ഒരു മുഴുനീള മസാല ചിത്രത്തിൽ എല്ലാ പ്രേക്ഷകരെയും സന്തോഷിപ്പിക്കാനായി പലതും ചേർക്കുമല്ലോ, അങ്ങിനെ ഉണ്ടാക്കിയ ഒരു ബേസ് ലൈൻ. ആ ബേസ് ലൈനിൽ തന്നെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും കണക്കിന് കളിയാക്കുന്നുണ്ട്. സിപിഎമ്മിനേയും കോൺഗ്രസിനെയും ആ അർത്ഥത്തിൽ കൊന്നു കൊല വിളിക്കുന്നുണ്ട്. സിനിമ പറയുന്ന രാഷ്ട്രീയത്തെ രാഷ്ട്രീയം എന്നു വിളിക്കാമോ എന്നു പോലും അറിയില്ല, രാഷ്ട്രീയത്തെക്കാൾ അരാഷ്ട്രീയത ആണു അതിൽ കൂടുതൽ. രാഷ്ട്രീയം എന്നാൽ ഒരു ക്രിമിനൽ സർക്കസ് ആണു എന്നാണ് സിനിമ പറഞ്ഞു വെക്കുന്നത്. ഇത്തരം ഒരു സിനിമയെ ആഘോഷിക്കാൻ മലയാളി തയ്യാറായി എന്നത് തന്നെ അവരിൽ അരാഷ്ട്രീയത എത്രത്തോളം ആഴത്തിൽ വേരോടിയിരിക്കുന്നു എന്നതിന്റെ തെളിവാണ്.

എന്നെ അത്ഭുതപ്പെടുത്തിയത് ഈ അരാഷ്ട്രീയ ക്രിമിനലിസത്തെ ഏറ്റെടുക്കാൻ നമ്മൾ പുരോഗമന ചിന്തകർ എന്നു കരുതുന്നവർ പോലും തയ്യാറായി എന്നുള്ളതാണ്. ആദ്യം മുതൽ അവസാനം വരെ നിറഞ്ഞു നിൽക്കുന്ന, പരസ്പരം വെട്ടിയും കൊന്നും വെടി വെച്ചും തീർക്കുന്ന അന്താരാഷ്ട്ര ഗുണ്ടാ സംഘങ്ങളുടെ പക തീർക്കലുകളുടെ ഒരു ഭാഗമെന്ന നിലയിലാണ്, അതിന്റെ ഒരു ഇന്ത്യൻ വേർഷൻ എന്ന നിലയിൽ മാത്രമാണ് ഗുജറാത്ത് കൂട്ടക്കൊലകളെയും ചിത്രത്തിൽ കാട്ടുന്നത്. ലോകത്തെ നിയന്ത്രിക്കുന്നത് ചില ഗുണ്ടാ സംഘങ്ങൾ ആണെന്ന വളരെ വീക്ക് ആയ നറേഷനിൽ ഇന്ത്യയിൽ അത്തരം ഗുണ്ടാ സംഘങ്ങൾ രാഷ്ട്രീയത്തെയും മതത്തെയും ഉപയോഗിക്കുന്നു എന്നു കൂടി എടുത്തു കാട്ടുന്നു എന്നേയുള്ളു. അത്തരം ഒരു ഇന്ത്യൻ വേർഷൻ ഇല്ലായിരുന്നെങ്കിൽ ഈ ലോക ഗുണ്ടയിസ സിനിമ ഒരു കോമഡി പീസ് ആയി മാറിയേനെ.

സാധാരണ ഗതിയിൽ ഒരു സിനിമയിൽ നായകന് ഒരു തവണ മാത്രമാണ് ഹീറോയിക് എൻട്രി നൽകുക. ഈ ചിത്രത്തിൽ മോഹൻലാലിന് അഞ്ചോ ആറോ എൻട്രി സീനുകളുണ്ട്. അവതാരപ്പിറവികളുടെ മുഴുവൻ രൗദ്രഭാവവും ആവാഹിച്ച ഈ മൂർത്തിക്ക് ഇപ്പൊ പേര് ഇന്ദു ചൂഢൻ എന്ന നരസിംഹം സ്റ്റൈലിൽ നിന്ന് ഒട്ടും മുന്നിലേക്ക് പോകാത്ത ഒരു പുരുഷ ഹീറോയിക് സിനിമ. ആകെയുള്ള സ്ത്രീക്ക് പരസഹായത്തിനായി നിലവിളിക്കലും ആരെങ്കിലും എഴുതി കൊടുക്കുന്ന പ്രസംഗം വായിക്കലും മാത്രമാണ് പണി.

ആദ്യ പകുതിയിലെ പല ഭാഗങ്ങളും ടെക്നിക്കലി മികച്ചു നിൽക്കുമ്പോഴും, വലിയ ഹീറോകൾ ഒന്നുമില്ലാത്ത ഒരു നവാഗത ഹോളിവുഡ് ഫിലിം മേക്കറുടെ പൊളിഞ്ഞു പോയ ഇംഗ്ളീഷ് മൂവി പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. നല്ല ഇംഗ്ലീഷ് സിനിമകൾ സ്ഥിരമായി കാണാറുള്ളത് കൊണ്ട് പലപ്പോഴും ആ രംഗങ്ങളിൽ എനിക്ക് ഉറക്കം വന്നു. എന്നിരുന്നാലും ഒരു മലയാള സിനിമ നേടിയെടുത്ത സാങ്കേതിക തികവുള്ള രംഗങ്ങൾ എന്ന നിലയിൽ ഇതിനു പിന്നിലുള്ള മുഴുവൻ ക്രൂവും പ്രശംസ അർഹിക്കുന്നുണ്ട്. ഛായാഗ്രഹണവും സംവിധാനവും നന്നായി എന്നു എടുത്തു പറയണം . പൃഥ്വീരാജിന് ആ അർത്ഥത്തിൽ അഭിമാനിക്കുക തന്നെ ചെയ്യാം.

പെട്ടെന്നു ഓർമ്മ വരുന്നത് 1942 a love story എന്ന സിനിമ കണ്ടിറങ്ങി അതിലെ രാഷ്ട്രീയമാണോ പ്രണയമാണോ പ്രധാന സ്റ്റോറി എന്നു തർക്കിച്ച സുഹൃത്തിനെയും അന്ന് യുവാവായിരുന്ന എന്നെയുമാണ്, തർക്കിച്ചു തർക്കിച്ചു ഞങ്ങൾ പിണങ്ങി, കുറെ ദിവസം മിണ്ടാതെ നടന്നു. 1942 a love story വളരെ നന്നായി എടുത്ത മനോഹരമായ ഒരു മൂവി ആയിരുന്നു. അതിൽ പ്രണയം പോലെ തന്നെ പ്രധാനമായിരുന്നു ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന കാലഘട്ടത്തിലൂടെ പറഞ്ഞു പോയ രാഷ്ട്രീയവും ദേശ സ്നേഹവും.

എമ്പുരാന്‍ അങ്ങിനെ മനോഹരമായി ചിത്രീകരിക്കപ്പെട്ട, ശക്തമായ കഥയുടെ പിൻബലമുള്ള, അല്ലെങ്കിൽ ശരിയായ രാഷ്ട്രീയം പറയുന്ന ഒരു സിനിമ പോലുമല്ല. എല്ലാ വിധ മസാലകളും ചേർത്ത, യുവാക്കൾക്ക് വേണ്ടി മാത്രം നിർമ്മിച്ച ഒരു ആക്ഷൻ ചിത്രമാണ്. ഇതിന്റെ വൺ ലൈൻ കഥ ആയി രാഷ്ട്രീയത്തിന് പകരം പ്രണയം ആയിരുന്നെങ്കിലും ചിത്രം മോഹൻലാൽ – പൃഥി ഫാൻസിനിടയിൽ ഹിറ്റ് ആയേനെ. സത്യത്തിൽ മസാലക്കൂട്ടുകൾ വേണ്ടവിധം ചേർത്തപ്പോൾ ചേർക്കാൻ മറന്നു പോയ പ്രണയവും ഡപ്പാം കുത്ത് ഡാൻസും സിനിമയുടെ ആരാധകരെ നിരാശപ്പെടുത്തുന്നുമുണ്ടാവാം.

സിപിഎം എന്നാൽ കേവലം തിരുവാതിര ആണെന്നും കോൺഗ്രസ്സ് എന്നത് അന്താരാഷ്‌ട്ര ഗുണ്ടാ സംഘത്തിന്റെ പിൻബലത്തോടെ മാത്രം നിലനിൽക്കുന്ന ഒന്നാണെന്നും മക്കൾ രാഷ്ട്രീയം ഇല്ലെങ്കിൽ കോൺഗ്രസ്സ് ഇല്ലെന്നും സിനിമ പറഞ്ഞു വെക്കുന്നുണ്ട്. എന്നിട്ടും സകലമാന കോൺഗ്രസുകാരും ഇടതു പുരോഗമന വാദികളും അടിയൻ ലച്ചിപ്പോം എന്നു പറഞ്ഞു കൊണ്ട് ഈ സിനിമയുടെ ഓപ്പൺ ഡിഫൻസിനായി ചാടി വീണത് എന്തിനാണ് എന്നതാണ് അത്ഭുതം
സിനിമ അവസാനിക്കുന്നത് കൂട്ടക്കൊലയുടെ പിൻബലത്തിൽ അധികാരത്തിൽ എത്തുന്ന കാവി രാഷ്ട്രീയത്തെ, നായകന്റെ നേതൃത്വത്തിലുള്ള അതിലും വലിയ അന്താരാഷ്ട്ര ഗുണ്ടാ സംഘം കൊന്നു തീർക്കുന്നത് കൊണ്ട് മാത്രം അധികാരം തിരികെ പിടിക്കുന്ന കോൺഗ്രസ്സിനെ കാണിച്ചു കൊണ്ടാണ് പിന്നെ ദേശീയ പതാകയുടെ വർണ്ണങ്ങളിൽ സാരിയുടുക്കുന്നത് കൊണ്ടും. ഇതാണ് ഈ സിനിമ പറയുന്ന രാഷ്ട്രീയം. ഗുജറാത്തിൽ കൊല്ലപ്പെട്ടവർക്കു വേണ്ടി പ്രതികാരം ചോദിക്കുന്ന, കൊലയാളികളെ തിരികെ വെട്ടിയും കുത്തിയും വെടി വെച്ചും കൊല്ലുന്ന മലയാളി.

ഒരു ഘട്ടത്തിൽ മോഹൻ ലാലും പൃഥ്വി രാജുവും വാളിന് ഷോർട്ടേജ് വന്നിട്ടെന്ന പോലെ ഒരേ വാൾ ഷെയർ ചെയ്തു മിനിറ്റുകളോളം ഒപ്പത്തിനൊപ്പം നിന്ന് ശത്രു നിഗ്രഹം ചെയ്യുന്നത് കണ്ടപ്പോൾ പഴയ എംജിആർ സിനിമകളിൽ വാൾപ്പയറ്റ് നടക്കുമ്പോൾ ചാടിയെണീറ്റ് എം ജി ആറിന് ആയുധമെറിഞ്ഞു കൊടുക്കുന്ന തമിഴ് കാണിയെ പോലെ ആരെങ്കിലും മോഹൻലാലിന് വാളെറിഞ്ഞു കൊടുക്കുമോ എന്നു വരെ ഞാൻ ഭയന്നു. മുന്നിലെല്ലാം സീറ്റുകൾ ഒഴിഞ്ഞു കിടന്നത് ഭാഗ്യം.

ഇത്തരം ഒരു തട്ടു പൊളിപ്പൻ ആക്ഷൻ ത്രില്ലറിന് പ്രതിരോധം തീർക്കാൻ പെട്ടെന്ന് കേരളാ മുഖ്യമന്ത്രിയെ സിനിമ കാണിക്കാൻ കൊണ്ട് പോയ ഇടതു പാർട്ടി സഹചാരികളുടെ ഇടതു ബോധവും പരിശോധിക്കപ്പെടണം. ഒപ്പം കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും മുഖ്യമന്ത്രി നേരിട്ട് തന്നെയിറങ്ങിയും പ്രതിരോധം തീർത്തിട്ടും കേന്ദ്ര സർക്കാരിന്റെയോ ആർ എസ് എസിന്റെയോ സംഘപരിവാറിന്റെ ഔദ്യോഗിക നേതൃത്വങ്ങളുടെയോ നേരിട്ടുള്ള ഭീഷണികൾ ഉണ്ടാകാതിരുന്നിട്ടു പോലും കേരളം പോലെ താരതമ്യേന സുരക്ഷിതമായ, സംഘപരിവാറിന് ഒരു എം എൽ എ പോലുമില്ലാത്ത സംസ്ഥാനത്തെ പ്രമുഖ സിനിമാ പ്രവർത്തകർ സമ്പൂർണ്ണമായി കീഴടങ്ങുന്നത് കാണുമ്പോൾ ഒന്നുറപ്പിക്കാം. വെറ്റില മുറുക്കി,ഫാഷിസത്തെ കുറിച്ചുള്ള ക്‌ളാസിക്കൽ നിർവചനങ്ങൾ പറഞ്ഞു തർക്കിച്ചു, ചാരു കസേരയിൽ ചാഞ്ഞു കിടക്കാവുന്ന കാലം കഴിഞ്ഞു എന്ന്. അതിനു നമ്മൾ മോഹൻലാലിനും പൃഥ്വി രാജിനും നന്ദി പറയണം. ഫാഷിസത്തിനെതിരെയുള്ള വലിയ യുദ്ധം ഇത്തരം കുഞ്ഞു വ്യക്തികളെ ഏൽപ്പിച്ചു ചാരു കസേരയിൽ കിടക്കുന്ന നമ്മുടെ ചെകിട്ടത്തു കിട്ടിയ അടിയാണ് എമ്പുരാൻ.

കവർ : ജ്യോതിസ് പരവൂർ

Comments

You may also like