2024 ൽ പുറത്തിറങ്ങിയ ഇരുന്നൂറിനടുത്ത് മലയാള സിനിമകളിൽ ഇക്കുറി ഇരുപത്തിആറോളം സിനിമകൾ വിജയിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.700 കോടി നഷ്ടമുണ്ടായി എന്നും പറയുന്നു. 2024 ൽ കാണാൻ സാധിച്ച സിനിമകളിൽ ഇഷ്ടപ്പെട്ട പത്തോളം സിനിമകളെക്കുറിച്ച് സൂചിപ്പിക്കുകയാണ്.
1. ആട്ടം

ആനന്ദ് ഏകർഷി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ ആട്ടം ‘ 2024 ലാണ് പുറത്തിറങ്ങിയത്. മികച്ച സിനിമയ്ക്കുള്ള ദേശീയഅവാർഡു കിട്ടിയതോടെ സിനിമ ഏറെ ചർച്ചചെയ്യപ്പെട്ടു. വിനയ് ഫോർട്ട്, ഷാജോൺ, സറിൻ ഷിനാസ് എന്നിവരായിരുന്നു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നാടകസംഘത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്മാരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സറിന്റെ പ്രകടനം തന്നെയാണ് മുൻപന്തിയിൽ നിൽക്കുന്നത്. പുരുഷകേന്ദ്രീകൃത സമൂഹത്തിൽ തന്റേടത്തോടെ നിൽക്കുന്ന നാടകകട്രൂപ്പിലെ നായികയ്ക്ക് ഒരു പ്രതിസന്ധിയുണ്ടായപ്പോൾ അടുപ്പമുണ്ടെന്ന് കരുതുന്നവരുടെ പ്രതികരണത്തിന്റെ വ്യതിയാനം വിദഗ്ധമായി സിനിമ അവതരിപ്പിച്ചിട്ടുണ്ട്. കാമുകൻ പോലും കയ്യൊഴിഞ്ഞ ഘട്ടത്തിലും നായിക തളരാതെ മുന്നോട്ട് പോകുന്ന സാഹചര്യം ഒട്ടും നാടകീയതയില്ലാതെ സിനിമ ചർച്ചചെയ്തു. സാങ്കേതികഘടകങ്ങളും മികച്ചതായിരുന്നു.
2. കിഷ്കിന്ധാ കാണ്ഡം
ബാഹുൽ രമേശിന്റെ തിരക്കഥയിൽ ദിൽജിത് സംവിധാനം ചെയ്ത സിനിമയാണ് ‘കിഷ്കിന്ധാ കാണ്ഡം’. ആസിഫ് അലി, വിജയ രാഘവൻ, അപർണ്ണ ബാലമുരളി എന്നിവരുടെ പ്രകടനങ്ങൾ മികച്ചതായിരുന്നു. തിരക്കഥയുടെ സൂക്ഷ്മത കൊണ്ട് കഥാതന്തു നന്നായി മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞിട്ടുണ്ട്. തിരക്കഥാകൃത്തായ ബാഹുൽ രമേശിന്റെ ക്യാമറക്കാഴ്ചകളും മുജീദ് മജീദിന്റെ പശ്ചാത്തല സംഗീതവും ഇതിവൃത്തത്തിന്റെ മൂഡ് നില നിർത്താൻ സഹായിച്ചു. പ്രമേയത്തിന് ‘ആർക്കറിയാം’ എന്ന സിനിമയുമായി സാമ്യം തോന്നാമെങ്കിലും തിരക്കഥയുടെ കെട്ടുറപ്പ് അതിനെയെല്ലാം മറികടന്നു. അപ്പു പിള്ളയായി വിജയരാഘവന്റെ പ്രകടനം എടുത്ത് പറയേണ്ടത് തന്നെയാണ്.

3. ഉള്ളൊഴുക്ക്

ക്രിസ്റ്റോ ടോമി തിരക്കഥയും സംവിധാനവും ഒരുക്കിയ ‘ഉള്ളൊഴുക്ക്’ കുട്ടനാടൻ മഴവെള്ളത്തിന്റെ പശ്ചാത്തലത്തിൽ അതിഗംഭീരമായി രണ്ട് കഥാപാത്രങ്ങളുടെ സംഘർഷത്തെ അവതരിപ്പിക്കുന്നു. ഉർവശി അവതരിപ്പിച്ച ത്രേസ്യാമ്മ എന്ന അമ്മയുടെയും അസുഖംവന്ന് മരിച്ചു പോയ മകന്റെ ഭാര്യയായി എത്തുന്ന പാർവ്വതിയുടെയും മത്സരിച്ചുള്ള അഭിനയമാണ് ചിത്രത്തിലെ പ്രധാന ആകർഷണം. സ്ത്രീകൾ ഏത് നിലയിലായാലും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളെ സിനിമ ചർച്ചചെയ്യുന്നുണ്ട്. സിനിമയുടെ ക്ലൈമാക്സിനെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടാകാമെങ്കിലും അത്തരമൊരു സാഹചര്യത്തെ മികവുറ്റ രീതിയിൽ സിനിമ പരിഗണിച്ചിട്ടുണ്ട് . സാങ്കേതികഘടകങ്ങളും സിനിമയോട് ചേർന്ന് നിന്നു.
4. മഞ്ഞുമ്മൽ ബോയ്സ്
ആദ്യസിനിമയായ ‘ജാനേ മൻ’ കൊണ്ട് പുതുമയാർന്ന അവതരണത്തിലൂടെ പ്രതീക്ഷ നൽകിയ സംവിധായകനാണ് ചിദംബരം. രണ്ടാംസിനിമയായ ‘മഞ്ഞുമ്മൽ ബോയ്സ്’ ഗംഭീരമായ തിയേറ്റർ അനുഭവമാണ് നമുക്ക് സമ്മാനിക്കുന്നത്. മലയാളത്തിൽ ഇന്നുവരെ കണ്ട സർവൈവൽ ത്രില്ലറുകളിൽ മുന്നിൽ നിൽക്കുന്നു. ഗണപതിയാണ് കാസ്റ്റിംഗ് ഡയറക്ടർ. അതിന്റെ മികവ് കാണാം. സൗബിൻ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ജീൻ ലാൽ, ചന്തു, അഭിരാം ഒക്കെ നന്നായി. ഈ സൗഹൃദസംഘം ഒപ്പം കാഴ്ചക്കാരായ നമ്മളെയും കൂട്ടുന്നു. അവരുടെ കൊടൈക്കനാൽ യാത്രയിൽ നമ്മളും വണ്ടിയിൽ കേറുന്നു. ആ മഞ്ഞിൽ നമുക്ക് കുളിരുന്നു. ആ മഴയിൽ നമ്മൾ നനയുന്നു. അവർക്കൊപ്പം നമ്മളും കമ്പ വലിക്കുന്നു. പ്രതിസന്ധി ഘട്ടത്തിൽ മനുഷ്യത്വവും സൗഹൃദവും എങ്ങനെ തിരിച്ചുവരവിലേക്ക് നയിക്കും എന്ന് തിരിച്ചറിയുന്നു. എഴുത്തിനും സംവിധായകമികവിനും ഒപ്പം ഷൈജു ഖാലിദിന്റെ ക്യാമറ, സുഷിൻ ശ്യാമിന്റെ സംഗീതം, വിവേക് ഹർഷന്റെ എഡിറ്റിംഗ് ഒക്കെ മികവുറ്റതായി. ബാല്യ കാല രംഗങ്ങളെ ചേർത്തുവെയ്ക്കുന്നത് നന്നായി. ആർട്ട് വർക്ക് ചെയ്ത അജയൻ ചാലിശ്ശേരിയുടെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രം.

5. റൈഫിൾ ക്ലബ്

ആഷിഖ് അബു എന്ന സംവിധായകന്റെ ശക്തമായ തിരിച്ചുവരവാണ് ‘റൈഫിൾ ക്ലബ്’ എന്ന സിനിമയിലൂടെ കാണാനാകുന്നത്. ശ്യാം പുഷ്ക്കരൻ, ദിലീഷ് കരുണാകരൻ, സുഹാസ് എന്നിവരുടേതാണ് തിരക്കഥ. ആഷിഖ് അബുവിന്റെ വയനാടൻ ക്യാമറക്കാഴ്ചകൾ മനോഹരം. ആണുങ്ങളും പെണ്ണുങ്ങളും ചേർന്ന ഒരു റൈഫിൾ ക്ലബ്ബിനെ ചുറ്റിപ്പറ്റിയുള്ള സിനിമയാണ്. റാപ്പ് ഗായകനായ ഹനുമാൻ കൈൻഡിന്റെ (സൂരജ്) സാന്നിധ്യം നല്ല ഉണർവ് കൊണ്ടുവരുന്നുണ്ട്. സെക്രട്ടറി അവറാൻ ആയി ദിലീഷ് പോത്തൻ കസറുകയാണ്. വിജയരാഘവൻ, വാണി വിശ്വനാഥ്, വിഷ്ണു അഗസ്ത്യ എന്നിവരും നന്നായിട്ടുണ്ട്. ഉണ്ണിമായ, സുരഭി ലക്ഷ്മി എന്നിവർ മിസ്കാസ്റ്റ് ആയി തോന്നി. റെക്സ് വിജയന്റെ സംഗീതവും കഥയോട് ചേർന്നുനിന്നു. പശ്ചാത്തലത്തിലെ പുതുമ തന്നെയാണ് റൈഫിൾ ക്ലബ്ബിനെ വേറിട്ട് നിർത്തുന്നത്. തോക്കിന്റെയും വെടിയുടെയും പൂരമാണ്.
6. ഭ്രമയുഗം
‘ഭൂതക്കാല’ത്തിന്റെ സംവിധായകനായ രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ‘ഭ്രമയുഗം’. പേര് സൂചിപ്പിക്കും പോലെ ഒരു മനയെ പശ്ചാത്തലമാക്കിയുള്ള ഭ്രമാത്മകമായ സംഭവങ്ങളാണ് ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ ഇതിവൃത്തം. മമ്മൂട്ടി അവതരിപ്പിക്കുന്ന പെരുമൺ പോറ്റി, അർജുൻ അശോകൻ അവതരിപ്പിക്കുന്ന തേവൻ, സിദ്ധാർഥ് ഭരതൻ അവതരിപ്പിക്കുന്ന പാചകക്കാരൻ എന്നിവരെമാത്രം കേന്ദ്രീകരിച്ച് നടക്കുന്ന കഥ. മികച്ച പ്രകടനങ്ങൾ. ടി ഡി രാമകൃഷ്ണൻ എഴുതിയ സംഭാഷണങ്ങൾ മികവുറ്റതാണ്. അധികാരവും അടിച്ചമർത്തലും ഹിംസയും വിഷയമാകുന്ന കഥ ആധുനിക കാലത്തും പ്രസക്തിയുള്ളതാണ്. യക്ഷിയായി വരുന്ന അമൽദ ആ കഥാപാത്രത്തിന് ഒട്ടും യോജിച്ചിരുന്നില്ല. ക്രിസ്റ്റോ സേവറിന്റെ സംഗീതവും സിനിമയ്ക്ക് അനുയോജ്യം. ഷഹനാദ് ജലാലിൻറെ ക്യാമറ വർക്കും മികച്ചു നിന്നു. 2024 ലും ഇത്തരം ഒരു പരീക്ഷണത്തിന് തയ്യാറായത് വിജയം കണ്ടു.

7. ആട് ജീവിതം

ബ്ലെസ്സിയും കൂട്ടരും ഏറെക്കാലം കൊണ്ട് പണിപ്പെട്ട് ഒരുക്കിയ മരുഭൂമിയിലെ കാഴ്ചകൾ ഗംഭീരം. Lawrence of Arabia ഓർമ്മ വരും. മസറയിലെത്തിയ നജീബിന്റെ നരക ജീവിതത്തേക്കാൾ അവിടെ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളെയാണ് സിനിമ ഫോക്കസ് ചെയ്തിരിക്കുന്നത്. പൃഥ്വിരാജിന്റെ മേക്ക് ഓവറിന് അഭിനന്ദനങ്ങൾ. രണ്ടാം പകുതിയിലാണ് പ്രകടനം ഒന്ന് കൂടി മികച്ചു നിന്നത്. നാട്ടിലെ ഓർമ്മകൾ വരുന്ന സീനുകൾ വളരെ സാധാരണമായിപ്പോയി. സിനിമയുടെ ടോട്ടാലിറ്റിയിൽ നിന്ന് വേറിട്ട് നിൽക്കുന്നതായി അനുഭവപ്പെട്ടു. രണ്ടാം പകുതിയിൽ നിറഞ്ഞുനിൽക്കുന്നത് ഇബ്രാഹിം കാദിരിയായി വരുന്ന ജിമ്മി ജീൻ ലുയിസും ഹക്കീമായി വരുന്ന ഗോകുലുമാണ്. അവരുടെ കോമ്പിനേഷൻ രംഗങ്ങൾ മികച്ചതായി. സിനിമയുടെ തുടക്കത്തിൽ സൗദി വിമാനത്താവളത്തിൽ വന്നിറങ്ങുന്ന ഹക്കീമിന്റെ അമ്പരപ്പും ആശങ്കയും ഗോകുൽ എന്ന നടനെ കാണിച്ചു തരുന്നു. അന്ത്യരംഗങ്ങളിലെ ദൈന്യത നമ്മളെ സ്പർശിക്കും. ഒരു വേദനയായി കൊളുത്തി വലിക്കും. മസറയിലെത്തി ഏറെ നാളുകൾക്ക് ശേഷം ഹക്കീമിനെ കാണുന്ന രംഗം ഹൃദയസ്പർശിയായി. കെ എസ് സുനിലിന്റെ മികച്ച ക്യാമറക്കാഴ്ചകൾ മരുഭൂമിയുടെ വന്യത കാണിച്ചു തരുന്നുണ്ട്. റസൂൽ പൂക്കുറ്റിയുടെ ശബ്ദലേഖനം കൊള്ളാം. എ. ആർ. റഹ്മാന്റെ സംഗീതം ചിത്രത്തോട് ചേർന്ന് നിന്നു. മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടിയുടെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രമാണ്.
8. അജയന്റെ രണ്ടാം മോഷണം
സുജിത് നമ്പ്യാർ തിരക്കഥയെഴുതി ജിതിൻ ലാൽ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘അജയന്റെ രണ്ടാം മോഷണം’. ഒരു മുത്തശ്ശിക്കഥ പോലെ അവതരിപ്പിക്കുന്ന സാങ്കേതിക മികവും പ്രകടനങ്ങളും കൊണ്ട് ARM കണ്ടിരിക്കാവുന്ന സിനിമയാകുന്നു . കുഞ്ഞിക്കേളു, മണിയൻ, അജയൻ അങ്ങനെ മൂന്ന് കാലഘട്ടത്തിലെ വേഷങ്ങളായി ടോവിനോ തോമസ് തിളങ്ങി. മണിയന്റെ മാനറിസങ്ങൾ നന്നായി വന്നിട്ടുണ്ട്. കൃതി ഷെട്ടി, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. ദിബു നൈനാൻ തോമസിന്റെ സംഗീതം സിനിമയ്‌ക്കൊരു മുതൽകൂട്ടായി. വൈക്കം വിജയലക്ഷി ആലപിച്ച ‘താഴിട്ട് ‘ഗാനം ശ്രദ്ധേയമായി. കഥയിൽ വൈകാരികമായി അതിനെ ചേർത്തുവെച്ചിട്ടുണ്ട് .ബേസിൽ ജോസഫ് മിസ്കാസ്റ്റ് ആയി തോന്നി. ജഗദീഷിന്റെയും സുരഭി ലക്ഷ്മിയുടെയും പ്രകടനം നന്നായിരുന്നു. വലിയ ബജറ്റിൽ മലയാളത്തിൽ ഇത്തരമൊരു പരീക്ഷണ ചിത്രം ആദ്യമായിട്ടാണെന്ന് തോന്നുന്നു.

9. സൂക്ഷ്മ ദർശിനി

ഡാർക്ക് കോമഡി ത്രില്ലർ വിഭാഗത്തിൽപെട്ട ചിത്രമാണ് എം സി എന്ന പേരിൽ അറിയപ്പെടുന്ന എം സി ജിതിൻ സംവിധാനമ ചെയ്ത ‘സൂക്ഷ്മ ദർശിനി ‘ എന്ന ചിത്രം. ഒരിടവേളയ്ക്ക് ശേഷമുള്ള നസ്രിയയുടെ ശക്തമായ തിരിച്ചുവരവ്, ബേസിലിന്റെ രസിപ്പിക്കുന്ന അഭിനയം എന്നിവ കൊണ്ട് ശ്രദ്ധേയമാണ് ഈ ചിത്രം. ഒരു ത്രില്ലർ സ്വഭാവം സിനിമയിലുടനീളം നിലനിർത്തിയിട്ടുണ്ട്. ക്ലൈമാക്സ് എല്ലാവര്ക്കും വർക്ക് ആകണമെന്നില്ല. നസ്രിയ, ദീപക് പറമ്പിൽ ദമ്പതികളുടെ വീട്ടിനടുത്ത് ബേസിലും അമ്മയും താമസം മാറി വരുന്നത് തൊട്ടാണ് സിനിമയുടെ തുടക്കം. ‘അമ്മയ്ക്ക് ഓർമ്മക്കുറവുള്ള അസുഖമായത് കൊണ്ട് പലപ്പോഴായി വീട് വിട്ടു പോകുന്നു .ഇക്കാര്യത്തിൽ സൂക്ഷ്മ ദർശിനിയായ നസ്രിയയുടെ സംശയങ്ങളാണ് സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നത്. നസ്രിയയുടെ അയൽക്കാരികളായ സുഹൃത്തുക്കളുടെ പിന്തുണ കൂടി ആകുമ്പോൾ അനേഷണം പുരോഗമിക്കുന്നു. സിദ്ധാർഥ് ഭരതൻ ചെയ്ത കഥാപാത്രവും രസകരമായിട്ടുണ്ട്.
10.പ്രേമലു
ഗിരീഷ് എ ഡി സംവിധാനം ചെയ്ത, ഹൈദരാബാദ് പശ്ചാത്തലമാക്കിയെടുത്ത ‘പ്രേമലു ‘കോമഡി റൊമാൻസ് ഴോണറിൽ വന്നൊരു ചിത്രമാണ്. നസ്‌ലീൻ, മമിത എന്നിവരുടെ രസകരമായ കോമ്പിനേഷൻ, സംഗീത്, ശ്യാം മോഹൻ എന്നിവരുടെ കോമഡി, വിഷ്ണു വിജയിന്റെ സംഗീതം എന്നീ ഘടകങ്ങൾ പ്രേമലുവിനെ മികച്ചൊരു എന്റർടൈനർ ആക്കി മാറ്റി. പഠിപ്പ് പൂർത്തിയാക്കാത്ത ലക്ഷ്യബോധമില്ലാത്ത മോഡേൺ നായകൻ, ലക്ഷ്യബോധമുള്ള ജോലിയുള്ള നായിക -ഈ ജോഡികൾ ഹൈദരാബാദിൽ ആകസ്മികമായി ഒരു കല്യാണത്തിന് പരിചയപ്പെടുന്നതാണ് സംഭവങ്ങളുടെ തുടക്കം. നസ്‌ലീന്റെ സ്വാഭാവികമായ സംസാര രീതിയും മമിതയുടെ സ്ക്രീൻ പ്രെസൻസും ഒട്ടും വിരസതയില്ലാതെ സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നു.

‘രോമാഞ്ച’ത്തിന്റെ സംവിധായകൻ ജിത്തു മാധവന്റെ ‘ആവേശം’ ഫഹദ് ഫാസിലിന്റെ തകർപ്പൻ പ്രകടനത്തിലൂടെയും സുഷിന് ശ്യാമിന്റെ പാട്ടുകളിലൂടെയും ഹിറ്റായ സിനിമയാണ്. ബൊഗൈൻ വില്ല, മുറ, ഗോളം, ഭരതനാട്യം, വിശേഷം, വാഴ, ഗഗന ചാരി, പെരുമാനി എന്നീ സിനിമകളും ശ്രദ്ധിക്കപ്പെട്ടു. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഒരു കൂട്ടം മലയാളസിനിമകൾ പ്രദർശിപ്പിച്ചിരുന്നു. 2024 ൽ പ്രമേയത്തിലും അവതരണത്തിലും പുതുമ കൊണ്ടു വരാൻ ശ്രമിക്കുന്ന സംവിധായകരുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു. അത് മലയാള സിനിമയ്ക്കും പ്രതീക്ഷ നൽകുന്നു. ഹോളിവുഡ്, കൊറിയൻ സിനിമകൾ അനുകരിച്ച് വയലൻസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന സിനിമകൾ ഇപ്പോൾ മലയാളത്തിൽ സാധാരണമായി.
കവർ: ജ്യോതിസ് പരവൂർ