പൂമുഖം CINEMA ടൊറോന്‍റോ രാജ്യാന്തരചലച്ചിത്രമേള 2024 – വിസ്മയിപ്പിക്കുന്ന തിരക്കാഴ്‌ചകളുമായി ഒരു ഉത്സവകാലം കൂടി

ടൊറോന്‍റോ രാജ്യാന്തരചലച്ചിത്രമേള 2024 – വിസ്മയിപ്പിക്കുന്ന തിരക്കാഴ്‌ചകളുമായി ഒരു ഉത്സവകാലം കൂടി

വൃക്ഷാവലികള്‍ അവയുടെ വാര്‍ഷികാഘോഷങ്ങളായ നിറം‌മാറ്റത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്ന കാലമാണ്‌ കാനഡയില്‍ സെപ്റ്റംബറിന്‍റെ ആദ്യവാരം. വലിഞ്ഞുമുറുകുന്ന തണുപ്പുകാലത്തിന്‍റെ ആരംഭകാലം. ആറുമാസംകൊണ്ട് ഒരുവര്‍ഷത്തെ ഓട്ടമാണ്‌ മനുഷ്യര്‍ക്കും പ്രകൃതിക്കും. ഏപ്രിലില്‍ തളിര്‍ത്തവയൊക്കെ പൂത്തും കായ്ച്ചും ഇനി കൊഴിയാന്‍ തുടങ്ങും. നോക്കിനില്‍ക്കെയായിരുന്നു, ആ വളര്‍ച്ച. ആട്ടവും പാട്ടും കൂട്ടവുമായി ഓടിനടന്നവരൊക്കെ ചുവരുകള്‍ക്കുള്ളിലേയ്ക്ക് വലിയാനുള്ള ശ്രമങ്ങളായി. ഉത്സവങ്ങളുടെയൊക്കെ കൊടിയിറക്കമായി.

ഇത്തരം ഉത്സവങ്ങളിലെ മഹോത്സവമായിട്ടാണ്‌ ടൊറോന്‍റോ നഗരം അവിടുത്തെ രാജ്യാന്തരചലച്ചിത്രോത്സവത്തെ വിശേഷിപ്പിക്കുന്നത്. അങ്ങനെ പറയപ്പെടുന്നതില്‍ തെറ്റുമില്ല. എഴുപത് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഇരുനൂറ്റമ്പതോളം ചിത്രങ്ങളാണ്‌ ഇരുപത്തഞ്ചോളം വേദികളിലായി മൂന്നരലക്ഷത്തോളം പ്രേക്ഷകര്‍ പതിനൊന്നു ദിവസങ്ങളിലായി കണ്ടുതീര്‍ത്തത്. പല പ്രമുഖചിത്രങ്ങളുടേയും സം‌വിധായകരും അഭിനേതാക്കളുമുള്‍പ്പെടുന്ന കലാപ്രവര്‍ത്തകര്‍ നാലു വേദികളിലായി നിവര്‍ന്ന ചുവപ്പുപരവതാനിയില്‍, വെള്ളിവെളിച്ചത്തില്‍ ആരാധകര്‍ക്കായി കയറിയിറങ്ങി. ഇഷ്ടതാരങ്ങളെ ഒരു നോക്കുകാണാന്‍ ആരാധകര്‍ തണുപ്പും വെയിലും വകവയ്ക്കാതെ മണിക്കൂറുകളോളം കാത്തുനിന്നു. ആദ്യത്തെ നാലുദിവസം നഗരഹൃദയത്തിലെ രാജപാതയായ കിങ് സ്ട്രീറ്റ് വെസ്റ്റ്‌ വാഹനങ്ങളെ മാറ്റിനിര്‍ത്തി നടപ്പാത മാത്രമാക്കിയിരുന്നു. നഗരത്തിലെ ഹോട്ടല്‍മുറികളെല്ലാം തന്നെ സ്വദേശികളും വിദേശികളുമായ അതിഥികള്‍ കൈയടക്കിയിരുന്നു.

Cameron Bailey, CEO of TIFF


ഓരോ ചലച്ചിത്രമേളയും അതിന്‍റെ ഉള്ളടക്കത്താല്‍ ഒരു പുതിയ ദൃശ്യസംസ്ക്കാരം കുറിക്കാന്‍ വഴിമരുന്നിടുന്നുണ്ടെന്ന കാര്യത്തില്‍ സംശയമുണ്ടാകാന്‍ വഴിയില്ല. പുതിയ ചലച്ചിത്രനിര്‍മ്മിതികള്‍ക്കായുള്ള യാത്രകളില്‍ നേരിടുന്ന വെല്ലുവിളികളും, സാഹസികതകളും, അവ പുറത്തുകൊണ്ടിവരുന്ന കാണാക്കാഴ്ചകളുമാണ്‌ ഒരു പ്രേക്ഷകനില്‍ വിസ്മയങ്ങളുണ്ടാക്കുന്നത്. പതിനൊന്നാം ദിവസം കാഴ്ചയുടെ ഉത്സവം കൊടിയിറങ്ങുമ്പോള്‍, ചലച്ചിത്രങ്ങളെ ഗൗരവമായി സമീപിക്കുന്ന പ്രേക്ഷകര്‍ കണ്ടതും കാണാനുള്ളവയുമായ ഒരു പറ്റം ചിത്രങ്ങളുടെ പേരുകള്‍ മനസ്സുകളില്‍ കുറിച്ചെടുത്തു. നാലും അഞ്ചും ചിത്രങ്ങള്‍ ദിവസേന കണ്ടുതീര്‍ത്താല്‍‌പ്പോലും ഇഷ്ടചിത്രങ്ങളെല്ലാം കണ്ടുതീര്‍ക്കാനാവില്ലല്ലോ ആര്‍ക്കും! ടൊറോന്‍റോ തിരഞ്ഞെടുക്കുന്ന ചിത്രങ്ങളില്‍ ഭൂരിപക്ഷവും ഓസ്ക്കര്‍ നോമിനേഷനുകളില്‍ എത്തിച്ചേരുകയും അവയില്‍ പലതും പുരസ്കൃതമാകുകയും ചെയ്യാറുണ്ടെന്നുള്ളതാണ്‌ ഈ ചലച്ചിത്രമേളയുടെ ഏറ്റവും വലിയ പ്രത്യേകതയായി പ്രേക്ഷകര്‍ കണ്ടെടുത്തിട്ടുള്ളത്. തിരഞ്ഞെടുക്കുന്ന കഥകളിലെ വ്യതിരിക്തതയും, അവതരണരീതികളിലെ മികവുമായിരിക്കും അതിനെ ഉയര്‍ത്തിനിര്‍ത്തുന്നതും.

2024 ലെ ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച കഥാചിത്രമായി കാണികള്‍ തിരഞ്ഞെടുത്തിട്ടുള്ളത് (People’s Choice Award) മൈക്ക് ഫ്‌ലാനഗന്‍ സം‌വിധാനം ചെയ്ത ‘Life of Chuck’ ആണ്‌. ‘കിങ് ഒഫ് ഹൊറര്‍’ എന്നറിയപ്പെടുന്ന സ്റ്റീവന്‍ കിങി (Stephen King) ന്‍റെ നാല്‌ നോവെലകളുടെ സമാഹാരമായ ‘If It Bleeds’ എന്ന പുസ്തകത്തിലെ ചക്കിന്‍റെ ജീവിതം പറയുന്ന കഥ തന്നെയാണ്‌ ചിത്രത്തിനാധാരം. Tom Hiddleston, Chiwetel Ejiofor, Karen Gillan എന്നിവരാണ്‌ ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ വരുന്നത്.

ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത് Jacques Audiard ന്‍റെ ‘Emilia Perez’ ഉം മൂന്നാം സ്ഥാനത്തെത്തിയത് ഷോണ്‍ ബേക്കറിന്‍റെ ‘അനോര’യുമാണ്‌.

A scene from Emilia Perez


Midnight Madness വിഭാഗത്തിലെ മികച്ച ചിത്രമായി കാണികള്‍ തിരഞ്ഞെടുത്തത് ‘ദ് സബ്‌സ്റ്റന്‍സ്’ (The Substance) എന്ന Coralie Fargeat ചിത്രവും, രണ്ടാം സ്ഥാനത്ത് John Hsu സം‌വിധാനം ചെയ്ത Dead Talents Society എന്ന തായ്‌വാനീസ് ചിത്രവും തൊട്ടുപിന്നില്‍ Andrew De Young ന്‍റെ അമേരിക്കന്‍ ചിത്രമായ Friendship മാണ്‌.

വാര്‍ത്താചിത്രങ്ങളുടെ (Documentary) വിഭാഗത്തില്‍ മികച്ചതായി കാണികള്‍ തിരഞ്ഞെടുത്തത് Mike Downie യുടെ The Tragically Hit: No Dress Rehearsal എന്ന ചിത്രമാണ്‌. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ യഥാക്രമം Josh Greenbaum ന്‍റെ Will & Harper ഉം Ali Weinstein ന്‍റെ Your Tomorrow യുമാണ്‌.

ആഗോളചലച്ചിത്രനിരൂപക സംഘടന (International Federation of Film Critics) നവാഗതസം‌വിധായകര്‍ക്കായി നല്‍കുന്ന FIPRESCI പുരസ്ക്കാരം ലഭിച്ച മികച്ച ചിത്രം കനാന്‍ വര്‍സമേ (K’naan Warsame) യുടെ സൊമാലി ചിത്രമായ ‘മദര്‍ മദറി’ (‘Mother Mother’) നാണ്‌. അക്രമവും വ്യാകുലതകളും കൊടികുത്തി വാഴുന്ന ഒരു പ്രദേശത്തു നടക്കുന്ന പ്രതികാരനടപടികള്‍ക്കുമേല്‍ മാനുഷികതയുടെ സന്ദേശം പരത്തുന്ന ചിത്രമായിട്ടാണ്‌ ജൂറി ഈ ചിത്രത്തെ കണ്ടത്. Li Cheuk-to, Pierre-Simon Gutman, Azadeh Jafari, Saffron Maeve, and Wilfred Okiche എന്നീ വിഖ്യാതനിരൂപകരായിരുന്നു ജൂറിയംഗങ്ങള്‍.

മികച്ച ഏഷ്യ-പസിഫിക്ക് ചിത്രത്തിനുള്ള NETPAC (Network for the Promotion of Asian Pacific Cinema) പുരസ്ക്കാരം നേടിയത് മികച്ച ഏഷ്യ-പസിഫിക്ക് ചിത്രത്തിനുള്ള NETPAC (Network for the Promotion of Asian Pacific Cinema) പുരസ്ക്കാരം നേടിയത് സ്യൂ കിം (Sue Kim) സം‌വിധാനം ചെയ്ത The Last of the Sea Women എന്ന ചിത്രമാണ്‌. തെക്കന്‍ കൊറിയയിലെ ജെജു ദ്വീപി (Jeju Island) ലെ ഒരു പറ്റം മുതിര്‍ന്ന വനിതാ മുങ്ങല്‍‌വിദഗ്ദ്ധരുടെ കഥയാണ്‌ ചിത്രം പറയുന്നത്. പാര്‍‌ശ്വവത്ക്കരിക്കപ്പെട്ട, അനുകമ്പയര്‍ഹിക്കുന്ന ഇക്കൂട്ടരുടെ, ആഗോളതാപനത്തിനും സമുദ്രമലിനീകരണത്തിനുമെതിരേയുള്ള യുദ്ധത്തിലേയ്‌ക്കുള്ള ശ്രദ്ധക്ഷണിക്കല്‍ കൂടിയാണീ ചിത്രമെന്ന് ജൂറി അഭിപ്രായപ്പെടുന്നു. Hannah Fisher, Dr. Vilsoni Hereniko, Kerri Sakamoto എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍.

Matthew Rankin ന്‍റെ ‘Universal Language’ മികച്ച കനേഡിയന്‍ നവാഗതചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. Marie Helen Viens, Philippe Lupien എന്നിവര്‍ സം‌വിധാനം ചെയ്ത ‘You Are Not Alone’ ഈ വിഭാഗത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.

Canada Goose ഏര്‍പ്പെടുത്തിയ മികച്ച കഥാചിത്രത്തിനുള്ള സമ്മാനം നേടിയത് Sophie Deraspe യുടെ ‘Shepherds’ ആണ്‌.

‘They Will Be Dust’ എന്ന സ്പാനിഷ് ചിത്രമാണ്‌ Platform വിഭാഗത്തില്‍ മികച്ചതായി ജൂറി തിരഞ്ഞെടുത്തത്. സംവിധായകന്‍ – Carlos Marques-Marcet. ഈ വിഭാഗത്തില്‍ ജൂറിയുടെ പ്രത്യേകപരാമര്‍ശം നേടിയത് Huang Xi സം‌വിധാനം ചെയ്ത ‘Daughter’s Daughter’ എന്ന തായ്‌വാനീസ് ചിത്രമാണ്‌.

A scene from They’ll Be Dust


The Girl With The Needle, Conclave, Pedro Paramo, The Last Showgirl, Quisling: The Final Days തുടങ്ങിയചിത്രങ്ങളും ഭേദപ്പെട്ട നിലവാരം പുലര്‍ത്തിയിരുന്നു.

കുറേ ഹ്രസ്വചിത്രങ്ങളും മേളയില്‍ സമ്മാനങ്ങള്‍ നേടിയെടുത്തു.

പായല്‍ കപാഡിയയുടെ All We Imagine As Light, റീമ കാഗ്‌തിയുടെ Superboys of Malegaon, ലക്ഷ്‌മിപ്രിയ ദേവിയുടെ Boong, സന്ധ്യ സൂരിയുടെ Santosh എന്നീ ഇന്ത്യന്‍ ചിത്രങ്ങള്‍ മേളയിലുണ്ടായിരുന്നെങ്കിലും ഒന്നും പുരസ്ക്കാരങ്ങള്‍ക്ക് അര്‍ഹമായില്ല. ശ്രീനിവാസ്‌ കൃഷ്ണയുടെ 1991 ലെ ചിത്രമായ ‘മസാല’ കനേഡിയന്‍ ക്ലാസ്സിക് വിഭാഗത്തില്‍ പ്രദര്‍‌ശിപ്പിച്ചിരുന്നു. രാജ് കപൂറിന്‍റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ‘ആവാരാ’ യുടെ ഒരു പ്രത്യേകപ്രദര്‍ശനവും മേളയോടൊപ്പം സംഘടിപ്പിച്ചിരുന്നു.

A scene from All We Imagine As Light


11 ദിവസത്തെ ദൃശ്യമാസ്മരികതയുടെ നീണ്ട നിര അവസാനിക്കുന്നതോടൊപ്പം ടൊറോന്‍റോ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകളും ആരംഭിക്കുകയായി. 2025 സെപ്റ്റംബര്‍ 4 മുതല്‍ 14 വരെയാണ്‌ അടുത്ത ഉത്സവക്കാലം.

കവർ : ജ്യോതിസ് പരവൂർ

Comments

You may also like