പൂമുഖം LITERATUREലേഖനം ലഹരിയിൽ നിന്ന് മോചനം: ലാഭത്തിലേക്കൊരു പാഠ്യപദ്ധതി

ലഹരിയിൽ നിന്ന് മോചനം: ലാഭത്തിലേക്കൊരു പാഠ്യപദ്ധതി

ഈ വർഷം കേരളം സ്കൂൾ സിലബസിൽ കൊണ്ടുവന്ന ചില മാറ്റങ്ങൾ അഭിനന്ദനാർഹമാണ്. ആദ്യ രണ്ട് ആഴ്ചകളിൽ ഓരോ ദിവസവും ആദ്യ രണ്ട് പിരിയഡുകൾ നൈതിക വിദ്യാഭ്യാസത്തിനും പൗരബോധത്തിനും സാമൂഹിക ഉത്തരവാദിത്വത്തിനും മാറ്റിവച്ചിരിക്കുന്നു. ചൊവ്വാഴ്ചകളിൽ മയക്കുമരുന്നുവിരുദ്ധ ബോധവൽക്കരണ ക്ലാസുകളും ഉണ്ട്. ഹൈസ്കൂൾ തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് എന്നീ പുത്തൻ വിഷയങ്ങളും പഠിപ്പിക്കുന്നു. ഇതൊക്കെ അനുകരണീയമായ മാതൃകകൾ തന്നെയാണ്. ഇതുമായി ചേർന്ന് മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്ക് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, വയറിംഗ്, പ്ലംബിംഗ് തുടങ്ങിയ മേഖലകളിൽ അടിസ്ഥാനവിവരം നൽകുന്നതും സമയോചിതമായ നടപടിയാകും.

കുട്ടികൾ മദ്യത്തിനും രാസ ലഹരിക്കും അടിമയായി ജീവിതം കൈവിട്ട് പോകുന്നവരായി മാറുന്നതിന്റെ വിവരങ്ങൾ ആശങ്കാജനകമാണ്. കേരളത്തിലെ,അഥവാ ഇന്ത്യയിലെത്തന്നെ വിദ്യാഭ്യാസരംഗം, കുട്ടികളെ പരീക്ഷയിൽ ഉന്നതമാർക്ക് നേടാനും അതിനായി സങ്കീർണമായ സിലബസുകൾ ആഴത്തിൽ പഠിക്കാനും പ്രേരിപ്പിച്ചിട്ടുണ്ടെങ്കിലും, ജീവിതത്തിൽ അവശ്യമായ സാമ്പത്തികവിജ്ഞാനം നൽകുന്നതിൽ ഒട്ടും വിജയിച്ചിട്ടില്ല. മാതാപിതാക്കൾ ഗർഭധാരണസമയത്തുതന്നെ കുട്ടി ആരാ കണമെന്നു നിശ്ചയിക്കുന്ന കാലമാണ് ഇന്ന്. ഇത് അടിമുടി മാറ്റേണ്ടതുണ്ട്.

ഒരൊ വിഷയവും മനഃപാഠം ആയി പഠിക്കുക, പരീക്ഷയിൽ ചോദ്യങ്ങൾക്കു മറുപടി എഴുതാൻ പരിശീലിക്കുക എന്നതാണ് സ്കൂളുകളിൽ നിലവിലെ പഠനരീതി. വിമർശനാത്മകചിന്ത, വിശകലനശേഷി, സങ്കൽപ്പനം തുടങ്ങിയവയ്ക്ക് നമ്മുടെ വിദ്യാഭ്യാസത്തിൽ ഇതുവരെ ഇടം കിട്ടിയിട്ടില്ല. ഈ സമീപനം, വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസത്തെയും ജീവിതജ്ഞാനത്തെയും പ്രതികൂലമായി ബാധിക്കുന്നു.

കേരളത്തിൽ സർക്കാർ ജോലി മാത്രമാണ് കേമം എന്നതാണ് പലരുടെയും മാനസികാവസ്ഥ. അതിലേക്കായി പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷകൾക്ക് വേണ്ടിയുള്ള കോച്ചിങ് സെന്ററുകളിലേക്ക് ഓടിപ്പായുന്ന ആയിരക്കണക്കിന് യുവാക്കളെ കാണാം. ‘സുരക്ഷിത ജോലി’ ചിന്താധാരയുടെ ഫലമായി, കുട്ടികളിൽ സംരംഭകത്വം, പുതുമയോടുള്ള കൗതുകം, ആത്മവിശ്വാസം, എന്നിവയെല്ലാം നഷ്ടപ്പെടുന്നു. പരീക്ഷകളിലെ തോൽവി, അല്ലെങ്കിൽ ജോലിയില്ലായ്മ അവരെ മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും അടുപ്പിക്കുന്നു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വിപുലമായ സംരംഭകവികസനം കേരളത്തിൽ നടക്കാത്തതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കാം.

വിജയം എന്നത് ഒരു സർക്കാർ ജോലി നേടുന്നതിലേക്കുള്ള വഴി മാത്രമാണെന്നും അത് മൂലം ജീവിതാവസാനം വരെ പെൻഷൻ മേടിച്ചു സുരക്ഷിതമായി കഴിയാമെന്നുമുള്ള വ്യാമോഹം കുട്ടികളിൽ അടിച്ചേൽപ്പിക്കുകയാണ്. ഇതോടെ അവരുടെ ഉള്ളിലെ സംരംഭകത്വം മുളയിലേ നുള്ളിക്കളയുകയാണ് മാതാപിതാക്കളും അധ്യാപകരും സമൂഹവും ചെയ്യുന്നത്.

ബോധവൽക്കരണത്തിന്റെ ഒരു പുതിയ വഴി

മദ്യവും മയക്കുമരുന്നുകളും ഇല്ലാതാക്കുവാനായി വായനയെ പ്രോത്സാഹിപ്പിക്കുക, കുട്ടികളുടെ കലാ-കായിക കഴിവുകൾ തിരിച്ചറിഞ്ഞ് വളർത്തുക, അവരിൽ ആത്മവിശ്വാസവും ദിശാബോധവും വളർത്തുക എന്നിവയാണ് ഏറ്റവും നല്ലത്. അതിനൊപ്പം, ഒരു പുതിയ “പോസിറ്റീവ് ലഹരി” കുട്ടികളിൽ വളർത്തണം — ലാഭലഹരി! ഇതിനുള്ള ആദ്യഘട്ടം സാമ്പത്തിക വിദ്യാഭ്യാസം ആണ്.. കേരളത്തിൽ വിദ്യാർത്ഥികൾ പരീക്ഷകളിൽ മികച്ച മാർക്കുകൾ നേടുന്നു, പക്ഷേ ജീവിതത്തിൽ ആവശ്യമായ സാമ്പത്തിക വിജ്ഞാനത്തിൽ അവർ പിന്നിലാണ്.

പണവും നിക്ഷേപവും – പഠിക്കേണ്ട വിഷയങ്ങൾ

കുട്ടികൾക്ക് ചെറുപ്പം മുതലേ ‘പണം’ എന്ന ആശയം നല്ല രീതിയിൽ മനസ്സിലാകണം. എന്താണ് പോക്കറ്റ് മണി? എങ്ങനെ അതിൽ ചിലവുചെയ്യാം? എന്താണ് ക്രെഡിറ്റ് കാർഡ്, ഓഹരിവിപണി, മ്യൂച്വൽ ഫണ്ട്? എന്തൊക്കെ നിക്ഷേപ മാർഗങ്ങൾ ഉണ്ട്? ലാഭം നേടാൻ എങ്ങനെ സാമ്പത്തിക തീരുമാനം എടുക്കാം? എന്താണ് സാമ്പത്തീക അച്ചടക്കം? എങ്ങനെയാണ് അപകടസാധ്യതകൾ വിലയിരുത്തേണ്ടത്? ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങൾ ? ഈ വിഷയങ്ങൾ പഠിപ്പിക്കുന്നത് കുട്ടികളെ അവബോധമുള്ള ഉപഭോക്താക്കളായി മാറ്റുകയും അവരിൽ സംരംഭക മനോഭാവം വളർത്തുകയും ചെയ്യും. ഓഹരിനിക്ഷേപം ഒരു പ്രായോഗിക വിദ്യയായി കാണണം.

മലയാളി പൊതുവെ തനിക്ക് തിരിച്ചുവരവില്ലാത്ത കാര്യങ്ങളിൽ ആണ് നിക്ഷേപം ചെയ്തിട്ടുള്ളത്. ആർഭാടമുള്ള വീടുകൾ, ആവർത്തിക്കുന്ന മോടിപിടിപ്പിക്കലുകൾ,ആഘോഷങ്ങൾ എന്നിവ അവയിൽ പ്രധാനം. ഇതിനു പുറമെ, ഏറ്റവും കുറഞ്ഞ അപകടസാധ്യതയുള്ള ഫിക്‌സഡ് ഡെപ്പോസിറ്റുകൾ, ഇൻഷുറൻസുകൾ, സ്വർണം എന്നിവയിലോ, അതല്ലെങ്കിൽ ഏറ്റവും അപകടം നിറഞ്ഞ ബ്ലേഡ് കമ്പനി, ചിട്ടി, റിയൽ എസ്റ്റേറ്റ്, എം.എൽ.എം പോലുള്ള തട്ടിപ്പുകളിലോ നിക്ഷേപങ്ങൾ നടത്തുന്നവർ. കോവിഡ് കാലമാണ് പലർക്കും ഓഹരി വിപണിയിലേക്കുള്ള വഴി തുറന്നത്. മറ്റു മാർഗ്ഗങ്ങൾ ഇല്ലാതിരുന്ന അവർക്ക് നിക്ഷേപത്തിന് ഓഹരി വിപണിയെ ആശ്രയിക്കേണ്ടി വന്നു.

മാറ്റം എവിടെ വേണം?

സെക്കണ്ടറി പഠനകാലം മുതൽ തന്നെ സമ്പത്തിനെ കുറിച്ചുള്ള അറിവ് നേടിയാൽ മാത്രമേ വ്യക്തികൾക്ക് സമ്പത്ത് സൃഷ്ടിക്കാനും സംരംഭകത്വം സ്വീകരിക്കാനും കഴിയുകയുള്ളൂ. ഇന്ന് ഓഹരിവിപണി യുവാക്കളെ ആകർഷിക്കുന്നു. അതിനുള്ള പലവിധമായ ആപ്ലിക്കേഷനുകളും സൗകര്യങ്ങളും നിലവിലുണ്ട്.ചെറുപ്പം മുതൽ ഈ അറിവ് വിദ്യാർത്ഥികൾക്ക് നൽകുന്നത് അവരെ സാമ്പത്തികമായി സ്വതന്ത്രരാക്കുന്ന ഒരു വഴിയാണ്.

മദ്യ-മരുന്ന് ലഹരി മാറ്റാൻ നിക്ഷേപ ലഹരി!

മദ്യ ലഹരിയും മയക്കുമരുന്ന് ലഹരിയും മാറ്റാൻ മികച്ച മാർഗമാണ് “ലാഭ ലഹരി”. ഓരോ മാസവും ലഭിക്കുന്ന പോക്കറ്റ് മണിയിൽ നിന്ന് ചെറിയൊരു ഭാഗം നിക്ഷേപിച്ചു അതിന്റെ ലാഭം കാണുന്ന കുട്ടികളിൽ സമ്പത്തിനെക്കുറിച്ചുള്ള ധാരണയും ബോധവും വളരാൻ തുടങ്ങും. സംരംഭകത്വത്തിന്റെ വിത്ത് അവരിൽ വളരും. ഇതുവഴി അവർക്കും സമൂഹത്തിനും ദീർഘകാല ആനുകൂല്യങ്ങൾ ലഭിക്കും.

പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടത് എന്തൊക്കെ?

8-10 ക്ലാസുകളിലെ കുട്ടികൾക്ക് പണം, ചെലവിടൽ, ലാഭം, ബാങ്കിംഗ്, അടിസ്ഥാന നിക്ഷേപമാർഗങ്ങൾ എന്നിവയെ കുറിച്ചും ഓഹരി വിപണിയുടെ സാധ്യതകളെ കുറിച്ചും പ്രാഥമിക അറിവുകൾ നല്കണം. 11-12 ക്ലാസുകളിൽ എത്തുമ്പഴേക്ക് ഓഹരി വിപണി, Nifty-Sensex, Mutual Funds, SIP, Long-term Investment, Risk Management എന്നിവയിൽ നേരിട്ട് നിക്ഷേപം നടത്തുവാൻ അവരെ സജ്ജരാക്കണം. നിക്ഷേപത്തിന്റെ സാങ്കേതികവശങ്ങൾ കുട്ടികളെ പഠിപ്പിക്കണം എന്നാണ് ഇത് കൊണ്ടു ഉദ്ദേശിക്കുക. ഡെമോ പ്ലാറ്റ്ഫോമുകൾ വഴി ഓൺലൈൻ മാർക്കറ്റ് ട്രെയിനിങ്ങ്, സിംപ്ലിഫൈഡ് ഇൻവെസ്റ്റ്മെന്റ് ഗെയിമുകൾ, ക്ലബ്ബ് ആക്ടിവിറ്റികൾ തുടങ്ങിയവ വഴി അവർക്കു പരിശീലനം നൽകുക. നിരവധിയായ ഡെമോ സൈറ്റുകൾ ഇന്ന് നിലവിലുണ്ട്. അവയിലൂടെ കുട്ടികൾക്ക് പതിവായി മാർക്കറ്റ് നിരീക്ഷിക്കാൻ അവസരം ലഭിക്കും. പണം ഇല്ലാത്തവർക്ക് പോലും ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുവാൻ സാധിക്കുന്ന ഇത്തരം സൈറ്റുകൾ കുട്ടികൾക്ക് ഗെയിം ആയി രൂപപ്പെടുത്തുകയും ചെയ്യാം.

കേരളത്തിന് ഈ രംഗത്ത് ഒരു മാതൃക യായിത്തീരാൻ കഴിയും. കേരളത്തിലെ വിവിധ ശാസ്ത്ര-സാങ്കേതിക ക്ലബ്ബുകൾ, സ്കൂളുകളിലെ ഐടി ക്ലബ്ബുകൾ എന്നിവയോടൊപ്പം “ഫിനാൻഷ്യൽ ലിറ്ററസി ക്ലബ്ബുകൾ” തുടങ്ങാൻ കഴിയും. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (KITE), SCERT തുടങ്ങിയ സ്ഥാപനങ്ങൾ ഇതിന് നേതൃത്വം നൽകുവാൻ മുന്നോട്ടു വരണം. SEBI, NSDL, NSE Academy തുടങ്ങിയവയുടെയും മികച്ച ഫിനാഷ്യൽ ഇൻസ്റ്റിറ്റൂഷനുകളുടെയും സഹായം ഇത്തരുണത്തിൽ തേടാവുന്നതാണ്. Kerala Startup Mission ഇവർക്കൊപ്പം കൂടിയാൽ ഫിനാൻഷ്യൽ എഡ്യൂക്കേഷനും സംരംഭകത്വവും ശക്തിപ്പെടും. കേരളം സർക്കാർ സിലബസ്സിൽ ഇങ്ങനെ ഒരു മാതൃക നടപ്പാക്കിയാൽ മാറ്റം ഉറപ്പാണ്. പണത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള ബോധം, ലാഭ-നഷ്ടങ്ങൾ നേരിട്ട് അനുഭവിച്ചറിയുന്നതിന് അവസരം, കുടുംബത്തിലെ സാമ്പത്തിക തീരുമാനങ്ങളിൽ പങ്കാളിത്തം, എന്നിവ കുട്ടികൾക്ക് പഠനത്തിൽ ദിശാബോധം നൽകും. ഇതിലൂടെ സംരംഭകത്വത്തിലേക്ക് തിരിയുന്ന പുതിയ തലമുറയെ വാർത്തെടുക്കുവാൻ കഴിയും.

മികച്ച മാർക്കുകൾ നേടാനും വലിയ ശമ്പളമുള്ള ജോലി നേടാനും മാത്രമല്ല ജീവിതം. അതിനപ്പുറമാണ് സമ്പത്ത് സൃഷ്ടിക്കുന്ന സമീപനം. ഓഹരിവിപണി ഒരു ചൂതാട്ടമല്ല — അത് ഒരു ശാസ്ത്രമാണ്. കൃത്യമായ പഠനവും നിരീക്ഷണവുമാണ് അതിന് വേണ്ടത്. ഈ ശാസ്ത്രം കുട്ടികൾക്ക് പഠിപ്പിക്കേണ്ടത് ഇന്നിന്റെ അടിയന്തര ആവശ്യമാണ്. കേരളം ഇന്ത്യയിലെ ആദ്യത്തെ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിച്ച ജനതയുള്ള സംസ്ഥാനമാകുന്നതിലേക്കുള്ള ഉറച്ച ഒരു കാൽ വെപ്പാവും ഇത്. ഇന്ന് നിക്ഷേപം പഠിക്കുന്ന കുട്ടികൾ നാളെയുടെ ബിസിനസ് ലീഡർമാരാവും.

കവർ: ജ്യോതിസ് പരവൂർ

Comments

You may also like