കേരളത്തിലെ സ്ത്രീമുന്നേറ്റത്തിൻ്റെ പരിണാമത്തിലെ ഒരു നിർണായക ഘട്ടം
“ഹാവാനയിലെ പെൺകുട്ടികൾ വെസ്പകളിൽ ചവിട്ടിത്തിരിയുമ്പോൾ, അവർ ഭരണകൂടത്തിനെതിരെ തിരിയുന്നു” (“The Motorcycle Diaries ചെ ഗുവേര)
കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക ചരിത്രത്തിൽ വി.ടി. ഭട്ടതിരിപ്പാടിന്റെ “അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്” എന്ന നാടകം ഒരു വിപ്ലവകരമായ നാഴികക്കല്ലായിരുന്നു. സ്ത്രീകളുടെ സ്വപ്നങ്ങളും സാധ്യതകളും അടിച്ചമർത്തപ്പെട്ടിരുന്ന കാലഘട്ടത്തിൽ അനിവാര്യമായ ഒരാശയം നാടകത്തിലൂടെ സമൂഹത്തിലേക്ക് തുറന്നുവിട്ടപ്പോൾ അടുക്കളയുടെ അതിരുകൾക്കപ്പുറത്തേക്ക് സ്ത്രീകളെ എത്തിക്കുക എന്നതായിരുന്നു ആ നാടകം നൽകിയ ശക്തമായ സന്ദേശം. കേരളീയസമൂഹത്തിൽ, പ്രത്യേകിച്ച് യാഥാസ്ഥിതിക ബ്രാഹ്മണസമൂഹത്തിൽ, സ്ത്രീ മുന്നേറ്റത്തിനുള്ള ഒരു തുടക്കമായിരുന്നു അത്. സ്ത്രീകൾ പൊതുമണ്ഡലത്തിൽ സജീവമായി പങ്കെടുക്കുന്നതിന് വേണ്ടിയുള്ള ആഹ്വാനം.
എന്നിരുന്നാലും, സാമൂഹ്യമായും മാനസികമായും മുന്നേറ്റം നടത്തിയ സ്ത്രീകൾക്ക് സ്വതന്ത്രമായി ചലിക്കാൻ ആവശ്യമായ സാഹചര്യം ഉണ്ടാവാൻ പിന്നെയും വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്നു. സമൂഹത്തിൽ സ്ത്രീകളുടെ പദവിക്ക് വലിയ മാറ്റങ്ങൾ വന്നിട്ടും എളുപ്പത്തിലും ആത്മവിശ്വാസത്തോടെയും യാത്ര ചെയ്യാനുള്ള അവസരം ഇല്ലാത്തനിനാൽ പൊതു ഗതാഗതത്തെ ആശ്രയിച്ചാണ് സ്ത്രീകൾ ജോലിസ്ഥലത്തേക്കും മറ്റും പോയിരുന്നത്. എന്നാൽ ആ പരിമിതിയെ എളുപ്പത്തിൽ മറികടന്നത് ഗിയർലെസ് സ്കൂട്ടറുകളുടെ വരവോടെയായിരുന്നു.
1930-40തുകളിൽ മാനുവൽ ഗിയറിംഗ് സിസ്റ്റം ഉപയോഗിച്ചുകൊണ്ടുള്ള ഇറ്റലിയിലെ ഇന്നോസെന്റി ലാംബ്രെറ്റ (Innocenti Lambretta) സ്കൂട്ടറുകൾ യൂറോപ്പിൽ ജനപ്രിയമായി. എന്നാൽ ഇവ ഗിയർലെസ്സിലേക്ക് എത്താൻ 1958 വരെ കാത്തിരിക്കേണ്ടിവന്നു. സെൻട്രിഫ്യൂഗൽ ക്ലച്ച് സിസ്റ്റം ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന “സാൽസ്ബറി ഹോപ്പർ”എന്ന ഗിയർലസ്സ് സ്‌കൂട്ടർ സാൽസ്ബറി മോട്ടോർസ് പുറത്തിറക്കിയതോടെ ഗിയർലെസ്സ് വിപ്ലവത്തിനു തുടക്കമായി. 1960 ൽ ജപ്പാനിലെ പ്രശസ്ത മോട്ടോർ കമ്പനിയായ ഹോണ്ട ഈ മേഖലയിലേക്ക് കടന്നുവന്നതോടെ സ്‌കൂട്ടറുകൾ കൂടുതൽ ജനകീയമായി. അറുപതുകളിൽ തന്നെ യൂറോപ്യൻ സിനിമകളിൽ സ്‌കൂട്ടർ ഓടിക്കുന്ന സ്ത്രീകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഫെഡറിക്കോ ഫെല്ലിനിയുടെ “ലാ ഡോൾസ് വിറ്റ” എന്ന സിനിമയിൽ ആനിക് എമി അഭിനയിച്ച “മാഡലീന”എന്ന കഥാപാത്രം രാത്രിയിൽ റോമിന്റെ ശൂന്യമായ തെരുവിലൂടെ കറുത്ത ടർടിൽനെക്ക് സ്വെറ്ററും ധരിച്ച് ഹെൽമെറ്റ് ഇല്ലാതെ തലമുടി കാറ്റിൽ പറത്തിയുള്ള നടത്തിയ യാത്ര അന്നത്തെ, 1960-കളിലെ യൂറോപ്യൻ എലിറ്റ് സ്ത്രീകളുടെ സ്റ്റാറ്റസ് സിംബലായിരുന്നു. പക്ഷെ നമ്മുടെ നാട്ടിൽ ടു വീലർ എന്നും പുരുഷന്മാർക്ക് മാത്രമുള്ളതാണ് എന്ന ധാരണയിൽ പിന്നേയും വർഷങ്ങൾ കടന്നുപോയി. തൊണ്ണൂറുകളിൽ തുടങ്ങി 2000 ആയതോടെ ഗിയർലെസ്സ് സ്‌കൂട്ടറുകൾ ഇന്ത്യയിൽ വ്യാപകമായി. അപ്പോഴും സ്ത്രീകളുടെ യാത്രാസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായില്ല. വലിയ തടസ്സങ്ങൾ നിലനിന്നു. പൊതു ഗതാഗതം എന്നത് അത്ര സുഖകരമായിരുന്നില്ല എന്നുമാത്രമല്ല സ്ത്രീകളെ സംബന്ധിച്ചു അത്ര സുരക്ഷിതവും ആയിരുന്നില്ല, സ്വകാര്യ വാഹനങ്ങൾ എന്നത് സാമ്പത്തികമായും സാമൂഹികമായും സ്ത്രീകൾക്ക് എത്തിപ്പിടിക്കാൻ കഴിഞ്ഞിരുന്നുമില്ല. കുടുംബങ്ങളിൽ വാഹനങ്ങളുടെ കാര്യങ്ങൾ കൈകാര്യം ചെയ്തുവന്നത് പുരുഷന്മാരായിരുന്നു. ഇരുചക്ര വാഹനങ്ങൾ ഡ്രൈവ് ചെയ്യൽ പുരുഷന്മാരുടെ മേഖലയായി കരുതപ്പെട്ടു. അവരുടെ താല്പര്യങ്ങൾ അടങ്ങിയ മോഡൽ ആയിരുന്നു ഇറങ്ങിയിരുന്നതും. മതപരമായും സാമൂഹികമായും സ്ത്രീകൾക്ക് പുറത്തിറങ്ങുക എന്നത് അത്ര എളുപ്പവും ആയിരുന്നില്ല. പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലെ സ്ത്രീകൾക്ക്, പുരുഷബന്ധുവിന്റെ സഹായമില്ലാതെ യാത്രചെയ്യുന്നത് സാമൂഹികമായും പ്രായോഗികമായും വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. വീടിനപ്പുറത്തുള്ള ലോകവുമായി ബന്ധപ്പെടാൻ അവർക്കുണ്ടായിരുന്ന പരിമിതികൾ ഏറെയായിരുന്നു.
എന്നാൽ മോട്ടോർവാഹനനിർമാതാക്കൾ ഗിയർലെസ്സ് സ്‌കൂട്ടറുകളുടെ മോഡൽ കുറച്ചുകൂടി ഭംഗി കൂട്ടി നിറങ്ങൾ മാറ്റി, വണ്ടിയുടെ തൂക്കവും വലുപ്പവും പരമാവധി കുറച്ചു. അതോടെ തങ്ങൾക്കും എളുപ്പത്തിൽ സ്‌കൂട്ടർ ഓടിക്കാം എന്ന നിലയിലേക്ക് സ്ത്രീകളുടെ മാനസികാവസ്ഥയും വളർന്നു. റോഡിലൂടെ സ്‌കൂട്ടർ ഓടിച്ചുപോകുന്ന സ്ത്രീകളെ പുരുഷന്മാർ പരിഗണിക്കാനും തുടങ്ങി. അത് ഗിയർലെസ്സ് സ്‌കൂട്ടർ വിപ്ലവത്തിന് വേഗത കൂട്ടി. അതോടെ സ്ത്രീകൾക്ക് സ്വന്തം ഇഷ്ടത്തിനും ആവശ്യത്തിനും അനുസരിച്ച് യാത്ര ചെയ്യാൻ കഴിയും എന്ന് വന്നു.ബസ്സിനായി കാത്തിരിക്കേണ്ടതില്ല, പുരുഷന്മാരെ ആശ്രയിക്കേണ്ടതില്ല. ഇത് അവരുടെ സ്വാശ്രയത്തെയും ആത്മവിശ്വാസത്തെയും വളരെയധികം വർദ്ധിപ്പിച്ചു. ഒപ്പം സ്ത്രീകളുടെ തൊഴിൽ സാധ്യതകളും വർധിച്ചു. വീട്ടിൽ നിന്ന് അകലെയുള്ള ജോലികൾ സ്വീകരിക്കാനും സമയത്തിന് എത്താനും പ്രത്യേകിച്ച് ഷിഫ്റ്റുകളിലോ അസാധാരണ സമയങ്ങളിലോ ജോലി ചെയ്യുന്നവർക്കും യാത്ര നടത്താനും സാധിക്കുമെന്ന് വന്നു.കോളേജുകളിലേക്കും പരിശീലന കേന്ദ്രങ്ങളിലേക്കും സ്വന്തമായി യാത്രചെയ്യാൻ കഴിയുന്നത് പെൺകുട്ടികളുടെ വിദ്യാഭ്യാസരംഗത്ത് വലിയ മുന്നേറ്റങ്ങൾക്ക് വഴിവെച്ചു. സുഹൃത്തുക്കളെ കാണാനും, ഒത്തൊരുമിച്ചു പുറത്തു പോയി ചായ കുടിക്കാനും, ആരാധനാലയങ്ങളിലേക്ക് പോകാനും, സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനും, ചുരുക്കി പറഞ്ഞാൽ സ്വന്തം ഇഷ്ടപ്രകാരം സഞ്ചരിക്കാൻ ഉള്ള സ്വാതന്ത്ര്യമാണ് ഗിയർലസ്സ് സ്‌കൂട്ടർ സ്ത്രീകൾക്ക് നൽകിയത്. അതവരുടെ സാമൂഹികജീവിതത്തെ സമ്പുഷ്ടമാക്കി. ജാതി-മത ഭേദമന്യേ ഈ മാറ്റം എല്ലാ സമുദായങ്ങളിലുമുള്ള സ്ത്രീകളെയും ഏറെ സ്വാധീനിച്ചു എന്ന് മാത്രമല്ല വളരെ പെട്ടെന്ന് പ്രായോഗികമാക്കാൻ ഓരോരുത്തരും ഉത്സാഹിക്കുകയും ചെയ്തു.ബാങ്ക് ലോൺ മുഖേന വാഹനം സ്വന്തമാക്കി. ഒരു ഹിന്ദു സ്ത്രീയും മുസ്ലിം സ്ത്രീയും ഒരു ക്രിസ്ത്യൻ സ്ത്രീയും സമാനമായ ആത്മവിശ്വാസത്തോടെ റോഡിൽ സ്കൂട്ടി ഓടിക്കുന്നകാഴ്ച സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഏകീകൃത ചിത്രമായി. പുരുഷന്മാരുടെ മനോഭാവത്തിലെ മാറ്റവും പ്രധാനമാണ്. സ്ത്രീകൾ സ്കൂട്ടറുകൾ ഓടിക്കുന്നത് സാധാരണമായതോടെ, പുരുഷന്മാരുടെ മനസ്സിൽ സ്ത്രീകൾക്കും മാറ്റങ്ങൾ പ്രയോഗികമാക്കാൻ സാധിക്കും എന്ന ബോധ്യം വന്നു.
“അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്” എന്ന നാടകം സ്ത്രീകൾക്ക് വേണ്ടി മാനസികവും സാംസ്കാരികവുമായ തുറവി ആയിരുന്നുവെങ്കിൽ, ഗിയർലെസ്, ഇലക്ട്രിക് സ്കൂട്ടികൾ അവർക്ക് ശാരീരികമായ സ്വാതന്ത്ര്യപ്രാപ്തി ആയിരുന്നു. ഗിയർലെസ്സ് വണ്ടികളിൽ തന്നെ, ഇലക്ട്രിക് സ്കൂട്ടികൾ വന്നതോടെ ലൈസൻസ് ആവശ്യമില്ലാത്ത സ്‌കൂട്ടികളും വിപണിയിൽ എത്തി. ഇത് കേരളത്തിലെ സ്ത്രീകളുടെ ജീവിതത്തിൽ വരുത്തിയ മാറ്റം അളക്കാനാവാത്തതാണ് അതുകൊണ്ടുതന്നെ സ്കൂട്ടി ഓടിക്കുന്ന സ്ത്രീ അടുക്കളയെ അതിജീവിച്ച് റോഡിനെ അതിരില്ലാത്ത അരങ്ങാക്കി മാറ്റികൊണ്ട് ഭട്ടതിരിപ്പാടിന്റെ വിപ്ലവത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടന്നു. അദ്ദേഹത്തിന്റെ സ്വപ്നത്തെ അരങ്ങിൽ മാത്രമല്ല റോഡിൽ ജീവന്റെ ചലനമാക്കി.സ്വന്തം ജീവിതത്തിന്റെ കൂടി ഡ്രൈവറായി അവർ. അത് സമഗ്രമായ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയായി മുന്നേറിക്കൊണ്ടിരിക്കട്ടെ.
കേരളീയ സ്ത്രീകളുടെ സ്വാതന്ത്ര്യചരിത്രത്തിലെ ഏറ്റവും ശക്തമായ അദ്ധ്യായങ്ങളിലൊന്നാണിത്- രണ്ടു ചെറിയ ചക്രങ്ങളിൽ സംഭവിച്ച ഒരു വലിയ വിപ്ലവം.
കവർ: ജ്യോതിസ് പരവൂർ