പൂമുഖം LITERATUREലേഖനം ശശി തരൂരിന്റെ ലേഖനത്തിന് ഒരു മറുവായന

ശശി തരൂരിന്റെ ലേഖനത്തിന് ഒരു മറുവായന

കോൺഗ്രസിന്റെ വർക്കിങ് കമ്മിറ്റി അംഗവും തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എം പിയും ആയ ശ്രീ ശശി തരൂർ ദീപികയിൽ എഴുതിയ “അടിയന്തരാവസ്ഥയുടെ പാഠങ്ങൾ ഉൾക്കൊള്ളണം” എന്ന ലേഖനം, ഒറ്റനോട്ടത്തിൽ ഇന്ദിരാഗാന്ധിയുടെ കാലഘട്ടത്തിലെ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഒരു ചരിത്രപരമായ ഓർമ്മപ്പെടുത്തൽ മാത്രമായി തോന്നാമെങ്കിലും, അതിന്റെ ആഴത്തിലുള്ള വ്യാഖ്യാനം പരിശോധിക്കുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിലവിലെ ബി.ജെ.പി. സർക്കാരിന്റെയും ഭരണരീതികളെ ലക്ഷ്യം വെച്ചുള്ള ഒരു സൂക്ഷ്മമായ വിമർശനം അതിൽ ഒളിഞ്ഞുകിടപ്പുണ്ടെന്ന് വ്യക്തമാകും. ഇന്ദിരാ ഗാന്ധിയുടെ ഭരണത്തെ മുന്നിൽ നിർത്തിക്കൊണ്ട്, തരൂർ മോദി ഭരണത്തിലെ ചില അവിശുദ്ധ പ്രവണതകളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്. അടിയന്തിരായവസ്ഥയെ കുറിച്ച് കോൺഗ്രസ്സും ഇന്ദിരാഗാന്ധിയും ഉൾപ്പെടെയുള്ളവർ അത് തെറ്റായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. അതിനാൽ അടിയന്തിരാവസ്ഥയെ പറ്റിയുള്ള ചർച്ച പാടില്ല എന്നല്ല, അടിയന്തരാവസ്ഥയുടെ പാഠങ്ങൾ ഉൾകൊള്ളുകയാണ് വേണ്ടത്. ഇന്ന് ജീവിച്ചിരിക്കുന്ന കോൺഗ്രസ്സുകാർ, രാഹുലും പ്രിയങ്കയും സോണിയയും അടക്കമുള്ള കോൺഗ്രസുകാർ ഒരിക്കലും അടിയന്തരാവസ്ഥയെ ന്യായീകരിക്കുന്നവർ അല്ല. മാത്രവുമല്ല, ഇന്ത്യയിലെ ഇപ്പോഴുള്ള ജനസംഖ്യയിൽ സിംഹഭാഗവും അടിയന്തരാവസ്ഥയെ കുറിച്ച് കേട്ടു കേൾവിമാത്രമുള്ളവർ ആണ്‌. മാത്രമല്ല കഴിഞ്ഞ കുറെ വർഷങ്ങളായി അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ അസ്വതന്ത്രരും ആണ്. അതിനാലാണ് ഈ മറുവായനയുടെ പ്രധാന്യം മനസിലാക്കേണ്ടത്.

അടിയന്തരാവസ്ഥ ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമാണ്. ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ വ്യക്തിസ്വാതന്ത്ര്യം അടിച്ചമർത്തുകയും, മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുകയും, ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്ത കാലഘട്ടമാണത്. മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടതും, പത്രസ്വാതന്ത്ര്യം ഹനിക്കപ്പെട്ടതും, രാഷ്ട്രീയ വിയോജിപ്പുകൾ അടിച്ചമർത്തപ്പെട്ടതും, നീതിന്യായ വ്യവസ്ഥയുടെ കീഴടങ്ങലും, നിർബന്ധിത വന്ധ്യംകരണവും ചേരിപൊളിക്കലും പോലുള്ള ക്രൂരതകളും അദ്ദേഹം വിശദീകരിക്കുന്നു. തരൂർ ഈ സംഭവങ്ങളെക്കുറിച്ച് എഴുതുമ്പോൾ, അതിൽ നിന്ന് ഉൾക്കൊള്ളേണ്ട പാഠങ്ങളെക്കുറിച്ചാണ് പ്രധാനമായും സംസാരിക്കുന്നത്. എന്നാൽ, ഈ പാഠങ്ങൾ ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം ഊന്നിപ്പറയുന്നുണ്ടെങ്കിൽ, അത് കഴിഞ്ഞ കാലത്തെക്കുറിച്ച് മാത്രമല്ല, വർത്തമാനകാലത്തെക്കുറിച്ചും കൂടിയാണെന്ന് വ്യക്തം.

സ്വതന്ത്ര മാധ്യമങ്ങളുടെയും നീതിന്യായ വ്യവസ്ഥയുടെയും പ്രാധാന്യത്തെ കുറിച്ചും, ഭൂരിപക്ഷപിന്തുണയുള്ള ഒരു അതിശക്തമായ ഭരണകൂടം ജനാധിപത്യത്തിന് എത്രമാത്രം അപകടകരമാകാം എന്നതിനെക്കുറിച്ചും മുന്നറിയിപ്പ് നൽകുകയാണ് തരൂർ. അടിയന്തരാവസ്ഥയിലെ പ്രധാന ആക്ഷേപങ്ങൾ അക്കമിട്ടു നിരത്തുമ്പോൾ അതെ പ്രവൃത്തി തന്നെയാണ്, അല്ലെങ്കിൽ അതിലും മുകളിലാണ് അപ്രഖ്യാപിത അടിയന്തിരാവസ്ഥ കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുന്നത് എന്നും, ഇന്ദിരാഗാന്ധി നടത്തിയ അടിയന്തിരാവസ്ഥയിൽ നിന്ന് പാഠങ്ങൾ പഠിക്കണമെന്നും ആണ് ശശി തരൂർ വാദിക്കുന്നത്.

അധികാര കേന്ദ്രീകരണം ആണ് അടിയന്തരാവസ്ഥയിൽ ഇന്ദിരയും,കഴിഞ്ഞ 11 വർഷമായി മോദിയും ചെയ്തു കൊണ്ടിരിക്കുന്നത്. അടിയന്തരാവസ്ഥയുടെ പ്രധാന സവിശേഷത ഇന്ദിരാ ഗാന്ധിയിൽ അധികാരം കേന്ദ്രീകരിക്കപ്പെട്ടുവെന്നതാണ്. മോദി ഭരണത്തിലും സമാനമായ ഒരു അധികാരകേന്ദ്രീകരണം പലപ്പോഴും ചർച്ചാ വിഷയമാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് അമിതമായ അധികാരം കൈയാളുന്നുവെന്നും, മറ്റു മന്ത്രിമാർക്കോ സ്ഥാപനങ്ങൾക്കോ വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്നുമുള്ള വിമർശനങ്ങൾ നിലവിലുണ്ട്. തരൂർ അടിയന്തരാവസ്ഥയെക്കുറിച്ച് പറയുമ്പോൾ, പരോക്ഷമായി മോദി ഭരണത്തിലെ ഈ പ്രവണതയെയാണ് ചൂണ്ടിക്കാണിക്കുന്നത്.

ജനാധിപത്യ സ്ഥാപനങ്ങളുടെ ദുർബലപ്പെടുത്തൽ ആണ് മറ്റൊരു താരതമ്യം. അടിയന്തരാവസ്ഥയിൽ നീതിന്യായ വ്യവസ്ഥയും മറ്റ് ജനാധിപത്യ സ്ഥാപനങ്ങളും ദുർബലീകരിക്കപ്പെട്ടു. ഇന്ന്, സി.ബി.ഐ., ഇ.ഡി., തിരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന വിമർശനം ശക്തമാണ്. ഈ സ്ഥാപനങ്ങളെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷം നിരന്തരം ആരോപിക്കുന്നു. തരൂർ അടിയന്തരാവസ്ഥയിലെ ഈ അവസ്ഥയെക്കുറിച്ച് പറയുമ്പോൾ, നിലവിലെ സാഹചര്യത്തിലേക്ക് വിരൽ ചൂണ്ടുകയാണ്.

വിയോജിപ്പുകളെ അടിച്ചമർത്തൽ അടിയന്തരാവസ്ഥയിൽ ഇന്ദിര ഗാന്ധി സ്വീകരിച്ച തന്ത്രമാണെങ്കിൽ മോദി പിന്തുടരുന്നതും മറ്റൊന്നല്ല. അടിയന്തരാവസ്ഥയിൽ സർക്കാരിനെതിരെ ശബ്ദമുയർത്തിയവരെ ജയിലിലടക്കുകയും അടിച്ചമർത്തുകയും ചെയ്തു. മോദി ഭരണത്തിൽ, വിമതശബ്ദങ്ങളെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നുവെന്നും, സാമൂഹിക പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും കേസ് എടുത്ത് നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നുവെന്നുമുള്ള ആരോപണങ്ങൾ അനവധിയുണ്ട്. വിയോജിക്കാനുള്ള അവകാശത്തിന്റെ പ്രാധാന്യം തരൂർ ഊന്നിപ്പറയുമ്പോൾ, മോദി ഭരണത്തിലെ ഈ അടിച്ചമർത്തൽ പ്രവണതയെയാണ് അദ്ദേഹം വിമർശിക്കുന്നത്.

അടിയന്തരാവസ്ഥയിൽ മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി. ഇന്നത്തെ കാലത്ത് നേരിട്ടുള്ള സെൻസർഷിപ്പ് ഇല്ലെങ്കിലും, പല മാധ്യമങ്ങളും സർക്കാരിന് അനുകൂലമായ നിലപാടുകൾ മാത്രം എടുക്കുന്നുവെന്നും, വിമർശനാത്മകമായ റിപ്പോർട്ടിംഗിൽ നിന്ന് പിന്നോട്ട് പോകുന്നു. മാധ്യമങ്ങളെ വരുതിയിലാക്കാൻ സർക്കാർ പല മാർഗ്ഗങ്ങളും ഉപയോഗിക്കുന്നുവെന്ന് ആരോപണമുണ്ട്. പല മാധ്യമങ്ങളെയും വിലക്കെടുക്കുകയാണ് മോദി സർക്കാരിന്റെ കാലത്ത് ചെയ്തത്. തരൂർ അടിയന്തരാവസ്ഥയിലെ മാധ്യമ കൂച്ചുവിലങ്ങിനെക്കുറിച്ച് സംസാരിക്കുന്നത്, നിലവിലെ മാധ്യമങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള ഒരു പരോക്ഷ പരാമർശമാണ്.
മോദിയെ ലാക്കാക്കിയുള്ള വിമർശനം ആണ് ശശി തരൂരിന്റെ ലേഖനത്തിന്റെ കാതൽ എന്ന് വേണം മനസിലാക്കുവാൻ.

ഇന്ദിരാ ഗാന്ധിയുടെ ഭരണത്തിൽ നടന്ന തെറ്റുകൾ ഒരു പാഠമായി ഉദാഹരിച്ചുകൊണ്ട്, സമാനമായ തെറ്റുകൾ ആവർത്തിക്കരുതെന്ന് ഓർമ്മിപ്പിക്കുക എന്നതാണ് തരൂരിന്റെ ലക്ഷ്യം. നേരിട്ട് മോദിയുടെ പേരെടുത്ത് പറയാതെ, അടിയന്തരാവസ്ഥയുടെ ഇരുണ്ട ഓർമ്മകൾ ഒരു മുന്നറിയിപ്പായി അവതരിപ്പിക്കുമ്പോൾ, അത് നിലവിലെ ഭരണത്തെക്കുറിച്ച് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഇന്നത്തെ കാലത്തും ഈ പാഠങ്ങൾ പ്രസക്തമാണ് എന്ന് തരൂർ പറയുമ്പോൾ, അദ്ദേഹം ഉന്നം വെയ്ക്കുന്നത് മോദിഭരണത്തിൽ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെയാണ്.

ഈ ലേഖനം ഒരു രാഷ്ട്രീയപരമായ നീക്കമായി കാണാവുന്നതാണ്. നേരിട്ടുള്ള വിമർശനങ്ങൾ പലപ്പോഴും ഇന്ദിരാ ഗാന്ധിക്ക് എതിരായ വ്യക്തിപരമായ പരാമർശമായി തോന്നാമെങ്കിലും, ചരിത്രപരമായ ഒരു സംഭവത്തെ ഉദാഹരിച്ച് വിമർശനം ഉന്നയിക്കുമ്പോൾ അത് കൂടുതൽ സ്വീകാര്യത നേടുകയും, ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്യും. അതിനാൽ, തരൂരിന്റെ ലേഖനം ഇന്ദിരാ ഗാന്ധിയെക്കുറിച്ചുള്ളതായിരിക്കുമ്പോൾ പോലും, മോദി സർക്കാരിന്റെ ഭരണരീതികളെ വിമർശിക്കാനുള്ള ഒരു സമർത്ഥമായ ആയുധമായി അതിനെ അദ്ദേഹം ഉദ്ദേശിച്ചിരിക്കാം.

ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ തരൂർ ആ ദിശ തുടരുന്നതായി കാണാം. മോദിജിയുടെ നേതൃത്വം (കേവലം ) വ്യക്തിപ്രഭാവത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും രാജ്യത്തിന്റെ വിദേശ നയത്തിൽ കാതലായി മാറ്റം വന്നു എന്നും അതിപ്പോൾ ദേശീയതയിൽ ഊന്നിയതാണെന്നും, ഇടത് നയങ്ങളിൽ നിന്നും മാറി ആഗോളവൽക്കരണം പുൽകി ഇന്ത്യ ദാരിദ്ര്യ നിർമാർജനത്തിൽ മുന്നോട്ടുപോയതിന് തുടക്കമിട്ടത് നരസിംഹ റാവു,മൻമോഹൻസിംഗ് സർക്കാരുകൾ ആണെന്നു മോദി മറന്നുപോയി എന്നും തരൂർ പറഞ്ഞു. ഇത് ദീപിക ലേഖനത്തിന് തുടർച്ചയായി കരുതാവുന്നതാണ്.

കവര്‍: ജ്യോതിസ് പരവൂര്‍

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.