പൂമുഖം LITERATUREലേഖനം ജാതിയെ കുറിച്ച് ഓർക്കുന്നതും പറയുന്നതും

ജാതിയെ കുറിച്ച് ഓർക്കുന്നതും പറയുന്നതും

ജാതിയെ കുറിച്ച് പറയുന്നത് ആരാണ്? ജാതി വ്യവസ്ഥയുടെ ഭാരം ഏറ്റവും അധികം പേറേണ്ടി വന്ന ഹതഭാഗ്യരാണ് ജാതി വിഷയത്തെ കുറിച്ച് സംസാരിക്കുന്നത്.

എന്ത് കാരണം കൊണ്ടാണവർ ജാതിയെ കുറിച്ച് പറയുന്നത്? ജാതി കൊണ്ടുണ്ടായ യാതനകൾ അവരുടെ മനസ്സിന്റെ അടിത്തട്ടിൽ കിടക്കുന്നത് അവരുടെ ജീവിതത്തെ, ചിന്തകളെ, സ്വത്വബോധത്തെ എല്ലാം അത്രമേൽ ആഴത്തിൽ ബാധിച്ചിട്ടുണ്ട്. അതിനാൽ കഴിഞ്ഞകാലം അവർക്ക് ഒരു തുടർച്ചയുടെ പേരാണ്. അല്ലാതെ ഒരു പുസ്തകത്താൾ മറി ക്കുന്നത് പോലെ എളുപ്പം മറക്കാൻ കഴിയുന്നതല്ല.

എന്ത് കാരണം കൊണ്ടാണവർ ജാതിയെ കുറിച്ച് പറയുന്നത് ചിലർക്ക് അരോചകമാകുന്നത്? ചൂഷക പക്ഷത്ത് നിന്നിരുന്നവർക്ക് ചൂഷിതരുടെ രോദനം എന്നും അരോചകം തന്നെ ആയിരിക്കുമല്ലോ. ആർക്കാണ് പഴയ കാല ദ്രോഹങ്ങളുടെ പേരിലുള്ള കുറ്റപ്പെടുത്തലുകൾ കേൾക്കാൻ താല്പര്യം?

ഇന്ത്യയിൽ ഇന്ന് ജാതിവ്യവസ്ഥ നിലനിൽക്കുന്നില്ലേ? ഏറിയും കുറഞ്ഞും ഇന്നും ഇന്ത്യയിൽ ജാതി വ്യവസ്ഥ നിലനിൽക്കുന്നുണ്ട്. കേരളമെന്ന വിശാലമായ “നഗര”ത്തിലാണ് അത് ഏറ്റവും കുറവ്. എന്നിട്ടും ആദിവാസി ഗോത്രത്തിൽ പെട്ട മധു മർദ്ദനമേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു ആദിവാസി യുവാവിനെ ചിലർ കെട്ടിയിട്ട് മർദ്ദിച്ച വാർത്തയും നാം കണ്ടു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഗ്രാമ പ്രദേശങ്ങളിൽ സ്ഥിതി ഇതിനേക്കാൾ രൂക്ഷമാണ്. എന്ന് വച്ച് കേരളം സ്വർഗ്ഗമാണ് എന്ന് കരുതുക വയ്യ.

ജാതിയും ധർമ്മവും ഒന്നാണോ? ഈ വിഷയത്തിൽ പഴയ ചില നിർവ്വചനങ്ങൾ ഇക്കാലത്ത് കൂടുതൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ജാതി വ്യവസ്ഥ ധർമ്മത്തെ അടിസ്ഥാനമാക്കി ഉള്ളതാണെന്ന് ഒരു കൂട്ടർ പറയുമ്പോൾ അവർ കർമ്മ ധർമ്മങ്ങളെ ജാതിയുടെ മൂലമായി കാണുന്നു. എന്നാൽ ചിലർ ജാതിയല്ല ഉള്ളത് കർമ്മം അടിസ്ഥാനമാക്കി “ഉണ്ടാകുന്ന” ധർമ്മം മാത്രമാണ് ഉള്ളതെന്ന് വാദിക്കുന്നു. അതായത് ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ഒരാൾ ജാതിശ്രേണിയിൽ ഉയർന്നവനോ താഴ്ന്നവനോ ആകുന്നതെന്ന് അവർ സമർത്ഥിക്കുന്നു.

അതായത് നാം സമൂഹത്തിൽ പരിഗണിക്കാറുള്ളത് ജന്മനാൽ ഉള്ള ജാതിയല്ല എന്നാണോ? വാസ്തവം അങ്ങനെയല്ല എങ്കിലും അവർ സമർത്ഥിക്കുന്നത് അങ്ങനെയാണ് എന്നാണ്. അതായത് സാമൂഹ്യ യാഥാർഥ്യത്തിന് നിരക്കാത്ത ഒരു വിശദീകരണമാണ് അവർ നൽകുന്നത്.

എന്താണ് സാമൂഹ്യ യാഥാർഥ്യം? ഒരു മനുഷ്യൻ അയാളുടെ മാതാപിതാക്കളുടെ ജാതിയിൽ സ്വാഭാവികമായി എണ്ണപ്പെടുന്നു. ദളിതന്റെ മകൻ ദളിതനായി കണക്കാക്കപ്പെടുന്നു. അല്ലാതെ ദളിതന്റെ മകൻ ഉയർന്ന വിദ്യാഭ്യാസം ചെയ്തത് കൊണ്ട് ജ്ഞാനം നേടിയവനും “ബൃഹ്മണം” ചെയ്യുന്നവൻ ആകുക കൊണ്ട് ബ്രാഹ്മണനായി കണക്കാക്കപ്പെടുന്നില്ല. പൂജാവിധികൾ അഭ്യസിച്ച ഒരു അബ്രാഹ്മണന് കേരളത്തിൽ ചില ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലി നോക്കാൻ അവസരം ഒരുക്കിയിട്ടുണ്ട് എങ്കിലും അവന്റെ വിവാഹവും സാമൂഹ്യ ബന്ധങ്ങളും ജീവിത വ്യവഹാരങ്ങളും മറ്റ് ഇടപെടലുകളും അബ്രാഹ്മണരുമായി ആയിരിക്കും. അപ്പോൾ കർമ്മവും ജാതിയും തമ്മിൽ ഉണ്ടെന്ന് പറയുന്ന ബന്ധം അയഥാർത്ഥമാണ് എന്നാണ്. അതിനർത്ഥം “ഏട്ടിലെ പശു പുല്ല് തിന്നില്ല” എന്ന് പറഞ്ഞത് പോലെയാണ് നിർവ്വചനങ്ങളുടെ കാര്യം.

അപ്രകാരം സാമൂഹ്യ യാഥാർഥ്യങ്ങൾ വ്യത്യസ്തമായിരിക്കെ ജാതി മൂലമുള്ള വേർതിരിവ് എങ്ങനെയാണ് ഇല്ലാതാക്കുക? തുടക്കത്തിൽ പറഞ്ഞത് പോലെ ജാതി മൂലം കൊണ്ടവനും കൊടുത്തവനും അതിനെ ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ട് എന്നത് സത്യമാണ്. ചിലർ അജ്ഞത കൊണ്ടോ മറ്റ് ചിലർ മേനിക്കോ അങ്ങനെ ഒന്നില്ല എന്ന് പറയുകയും ഭാവിക്കുകയും ചെയ്യുമ്പോഴും വാസ്തവം അവർക്കും അറിവുള്ളതാണ്. അത് മാറണമെങ്കിൽ അവർണ്ണ സമുദായങ്ങൾക്ക് ആകെ സവർണ്ണ സമുദായങ്ങൾക്കൊപ്പം സാമൂഹ്യ അന്തസ്സ് നേടാൻ കഴിയണം. ഇത് പറയുമ്പോൾ സംവരണവും സാമ്പത്തിക അവസ്ഥയും ഒക്കെ ചിലർ പൊക്കി കൊണ്ടു വരും. അത് ശരിയല്ല.

എന്ത് കാരണത്താലാണ് സംവരണവും സാമ്പത്തിക അവസ്ഥയും ഒക്കെ ചിലർ പൊക്കി കൊണ്ടു വരുന്നത് ശരിയല്ലെന്ന് പറയുന്നത്? എന്തെന്ന് വച്ചാൽ നമ്മുടെ മുന്നിലെ വിഷയം സാമൂഹ്യ അന്തസ്സിന്റേതാണ്, സാമ്പത്തിക നിലയുടേതല്ല. അവർണ്ണർ ഏറിയകൂറും സാമ്പത്തികമായി ക്ഷീണിതരായിരുന്നു എന്നത് കൊണ്ട് സവർണ്ണർ സംവരണത്തെ അതിനുള്ള പരിഹാരമായിട്ടാണ് കരുതി വരുന്നത്. അത് തെറ്റായ കാഴ്ചപ്പാടാണ്. വിദ്യാഭ്യാസത്തിലും തൊഴിളിലും സംവരണം ലഭിക്കുന്നത് കൊണ്ട് സാധാരണ നിലയ്ക്ക് കഴയാത്ത അളവിലും രീതിയിലും കഴിയുന്നത്ര സാമൂഹ്യ അന്തസ്സ് ആർജ്ജിക്കാൻ സഹായിക്കുക എന്നത് മാത്രമാണ് സംവരണത്തിന് ചെയ്യാൻ കഴിയുക. എന്നാൽ സമൂഹത്തിലെ സവർണ്ണ മേൽക്കോയ്‌മ ഇതിന്റെ യഥാർത്ഥ ഫലം കാണുന്നതിന് സഹായകമല്ല.

അങ്ങനെയെങ്കിൽ മറ്റെന്താണ് വഴി? മറ്റ് വഴി എന്നത് ഒന്നാമത് സകാരാത്മകമായ സാമൂഹ്യ ഇടപെടലുകൾ തന്നെയാണ്. നാം കേൾക്കാറുള്ള നവോത്ഥാനം ഒരു സത്യമായി തീരണം. അങ്ങനെ വരുമ്പോൾ വ്യാജമായ പ്രചാരണങ്ങൾക്ക് പകരം സത്യസന്ധമായ ഏറ്റുപറച്ചിൽ ഉണ്ടാകും. സവർണ്ണർ യാഥാർഥ്യം അംഗീകരിക്കാനും അവർണ്ണ സമുദായങ്ങളെ സാമൂഹ്യ ഇടപെടലുകളിൽ ഒപ്പത്തിനൊപ്പം ഉൾപ്പെടുത്താനും തയ്യാറാകും. ഒപ്പത്തിനൊപ്പം എന്നത് ജീവിതത്തിന്റെ സകല മേഖലകളിലും ഉണ്ടാകുമ്പോൾ മാത്രമേ ജാതി എന്ന ഭൂതം ഒഴിഞ്ഞു പോയി എന്ന് നമുക്ക് അവകാശപ്പെടാൻ ആകൂ.

സകാരാത്മകമായ സാമൂഹ്യ ഇടപെടലുകൾക്ക് എത്രത്തോളം സാധ്യതയുണ്ട്? ഏതാനും ഉദാഹരണങ്ങൾ?

സകാരാത്മകമായ സാമൂഹ്യ ഇടപെടലുകൾക്ക് അളവറ്റ സാധ്യതയാണുള്ളത്. വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം നിർണായകമാണെങ്കിലും, ആഴത്തിൽ വേരൂന്നിയ ജാതി അടിസ്ഥാനമാക്കിയുള്ള മുൻവിധികളെയും അത് മൂലമുള്ള വേർതിരിവുകളെയും തകർക്കാൻ അവയ്ക്ക് മാത്രമായി കഴിയില്ല. സാമൂഹിക ഇടപെടലുകളിലെ യഥാർത്ഥ നടപടികൾ അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ സമത്വത്തിലേക്ക് ഉയർത്താനും അവരുടെ അന്തസ്സ് പുനഃസ്ഥാപിക്കാനും സഹായിക്കും. ചില ഫലപ്രദമായ നടപടികൾ താഴെ കൊടുക്കുന്നു.

സമൂഹാടിസ്ഥാനത്തിലുള്ള നൈപുണ്യ വികസന പരിപാടികൾ നടപ്പാക്കുക: താഴ്ന്ന ജാതി സമൂഹങ്ങൾക്കായി പ്രത്യേകമായി തൊഴിൽ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് അവരുടെ തൊഴിൽ സാധ്യതയും സാമ്പത്തിക സ്വാതന്ത്ര്യവും വർദ്ധിപ്പിക്കും. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത എന്നാൽ മറ്റ് നൈപുണ്യങ്ങൾ സ്വായത്തമാക്കാൻ കഴിവുള്ളവരെ അവരിൽ നിന്ന് കണ്ടെത്തി പ്രത്യേക പരിശീലനം നൽകുന്നത് അവരെ ആത്മാഭിമാനവും സ്വാശ്രയബോധവുമുള്ളവരാക്കി തീർക്കും.

മാധ്യമങ്ങളിലും കലകളിലും ജാതി ഉൾക്കൊള്ളുന്ന പ്രാതിനിധ്യം നടപ്പാക്കുക: സിനിമകളിലും സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും വൈവിധ്യത്തെ ഉൾക്കൊള്ളുന്ന രീതിതയിൽ പ്രാതിനിധ്യം പ്രോത്സാഹിപ്പിക്കുന്നത് സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കുവാനും ഉൾക്കൊള്ളൽ പ്രക്രിയയെ സർവ്വ സാധാരണമാക്കുവാനും സഹായിക്കും.

സാമൂഹിക സംയോജന സംരംഭങ്ങൾ സംഘടിപ്പിക്കുക: ജാതി-പ്രജാതികളുടെ മിശ്രണം സാധ്യമാക്കുന്ന രീതിയിൽ എല്ലാ ജാതികളെയും ഉൾപ്പെടുത്തി കൊണ്ടുള്ള സാംസ്കാരിക ഉത്സവങ്ങൾ, കായിക പരിപാടികൾ, സമൂഹ ഭക്ഷണം എന്നിവ സംഘടിപ്പിക്കുന്നത് സാമൂഹിക ഐക്യം വളർത്തിയെടുക്കാനും തടസ്സങ്ങൾ തകർക്കാനും സഹായിക്കും. ആരാധനാലയങ്ങൾ, മറ്റ് പൊതു സാംസ്കാരിക ഇടങ്ങൾ എന്നിവിടങ്ങളിൽ ബോധപൂർവ്വം ഇത്തരം ഉൾപ്പെടുത്തലുകൾക്കുള്ള സാഹചര്യം ഉണ്ടാക്കുവാൻ ഉത്പതിഷ്ണുക്കളായ വ്യക്തികൾ മുൻകൈ എടുക്കുകയും വേണം.

നിയമസഹായവും ബോധവൽക്കരണ കാമ്പെയ്‌നുകളും നടത്തുക: സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് സൗജന്യ നിയമസഹായം നൽകലും അവരുടെ അവകാശങ്ങളെയും വിവേചന വിരുദ്ധ നിയമങ്ങളെയും കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തലും പാർശ്വവൽക്കരിക്കപ്പെട്ട ഗ്രൂപ്പുകളുടെ ശാക്തീകരണം സാധ്യമാക്കും.

സംരംഭകത്വ പിന്തുണ നൽകുക: താഴ്ന്ന ജാതിയിൽ പെടുന്ന വ്യക്തികൾക്ക് സംരംഭത്തിന് വേണ്ട പ്രോത്സാഹനം നൽകുക, സംരംഭകർക്ക് സാമ്പത്തിക സഹായം, മാർഗനിർദേശം, വിപണി പ്രവേശനം എന്നിവ വാഗ്ദാനം ചെയ്യുക എന്നത് അവരെ സുസ്ഥിരവും സുരക്ഷിതവുമായ ബിസിനസുകൾ കെട്ടിപ്പടുക്കുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനും സഹായിക്കും.

ജാതി-നിഷ്പക്ഷ ഭവന നയങ്ങൾ നടപ്പിലാക്കുക: ഭവന നിർമ്മാണത്തിൽ ജാതി അടിസ്ഥാനമാക്കിയുള്ള വേർതിരിവ് തടയുന്ന നയങ്ങൾ നടപ്പിലാക്കുന്നത് സാമൂഹിക സംയോജനത്തെ പ്രോത്സാഹിപ്പിക്കും. വിശേഷിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും താഴ്ന്ന ജാതിയിൽ പെട്ട വിഭാഗങ്ങളുടെ കോളനികൾ പട്ടണങ്ങളുടെ പുറത്തും വൃത്തിഹീനമായ പ്രദേശങ്ങളിലും ഇതര വിഭാഗങ്ങളുടെ ഇടങ്ങളിൽ നിന്ന് അകലെ വേറിട്ട് നിർമ്മിക്കുന്ന അവസ്ഥ നിർത്തലാക്കുന്നത് ഇഴുകിച്ചേർന്നുള്ള ജീവിതത്തെ പ്രോത്സാഹിപ്പിക്കുകയും അത് വഴി അവരിൽ കൂടുതൽ ആത്മാഭിമാനം വളർത്താനും ഒപ്പം അവരെ സമന്മാരായി സ്വീകരിക്കാനുള്ള സ്വാഭാവിക സാഹചര്യം മറ്റുള്ളവർക്ക് ഒരുക്കുകയും ചെയ്യും.

അനുകൂലമായ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ നടപ്പിലാക്കുക: താഴെ തലം മുതൽ സ്കൂൾ പാഠ്യപദ്ധതിയിൽ ജാതി വിവേചനത്തെയും സാമൂഹിക നീതിയെയും കുറിച്ചുള്ള പാഠങ്ങൾ ഉൾപ്പെടുത്തുന്നത് ഉറപ്പാക്കണം. അത് ഭാവി തലമുറകളിൽ കൂടുതൽ ഉൾക്കൊള്ളാനുള്ള ഒരു മനോഭാവം രൂപപ്പെടുത്താൻ ഏറെ സഹായിക്കും.

നിലവിലുള്ള സംവരണങ്ങൾക്കൊപ്പം ഇത്തരം നടപടികൾ കൂടുതൽ തുല്യതയുള്ള ഒരു സമൂഹം സൃഷ്ടിക്കാൻ സഹായിക്കും.

*മുഖചിത്രത്തിലെ ഇമേജിന് കെ. ജയാനന്ദനോട് കടപ്പാട്

Comments

You may also like