കൃത്യവും രേഖകളുടെ പിൻബലമുള്ളതും ആയ തെളിവുകളോടെയാണ് രാഹുൽ ഗാന്ധി കഴിഞ്ഞ ലോകസഭ ഇലക്ഷനിൽ എങ്ങനെ വോട്ട് കൃത്രിമം നടന്നുവെന്ന് പത്രസമ്മേളനം വിളിച്ചു കുട്ടി രാജ്യത്തോട് വിവരിച്ചത്.
ഒരേ ഐ ഡി യിൽ പല ബൂത്തുകളിൽ വോട്ട്
വീട്ടു നമ്പർ പൂജ്യവും അച്ഛന്‍റെ പേര്
അക്ഷരമാലയും ആയ ഐ ഡി കൾ
ഒരേ മേൽവിലാസത്തിൽ നിന്ന് 60/70 വോട്ടർമാർ
ബീർ കടയുടെ മേൽവിലാസത്തിൽ ഡസൻ കണക്കിന് വോട്ടർമാർ
70 ഉം 90 ഉം കടന്ന കന്നി വോട്ടർമാർ
5 മണിക്ക് ശേഷം വോട്ടുകളുടെ കുത്തൊഴുക്ക്.
പ്രതീക്ഷിച്ചതുപോലെ കേന്ദ്രസർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും രാഹുൽ ഗാന്ധിയുടെ പത്രപ്രസ്താവനയെ അപലപിക്കുകയും ഔദ്യോഗികമായി പരാതി കൊടുക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തിരിക്കുന്നു. 24 ലെ തിരഞ്ഞെടുപ്പിനെ കുറിച്ച് പരാതി കൊടുക്കേണ്ട സമയപരിധി കഴിഞ്ഞു എന്നുള്ള ഉറപ്പിലും തങ്ങൾക്കു ഭയപ്പെടാൻ ഒന്നുമില്ലെന്ന നാട്യത്തിലും ആണ് അത്തരം വെല്ലുവിളികൾ നടത്തുന്നത്. കമ്പ്യൂട്ടർ രേഖകൾ ലഭ്യമായിരുന്നുവെങ്കിൽ ഇതിലും നേരത്തെ വിവരങ്ങൾ സമാഹരിക്കുവാനും വിലയിരുത്തുവാനും രാഹുൽ ഗാന്ധിക്ക് കഴിയുമായിരുന്നു പക്ഷേ കടലാസ് രേഖകൾ മാത്രമാണ് ഇലക്ഷൻ കമ്മീഷൻ കൈമാറിയത്. പരിശോധനാസമയം ദീർഘിപ്പിക്കുക എന്നത് തന്നെയാവണം ലക്ഷ്യം.
ശരിയായ ജനാധിപത്യം നിലനിൽക്കുന്ന ഒരു രാജ്യത്താണെങ്കിൽ പുറത്തുവിട്ട വിവരങ്ങൾ രാഷ്ട്രീയ സ്ഫോടനങ്ങൾക്കും പൊതുപ്രക്ഷോഭങ്ങൾക്കും സർക്കാരിന്‍റെ രാജിക്കും ഒക്കെ വഴിവെയ്ക്കുമായിരുന്നു. പക്ഷേ ഇവിടെ സ്വന്തം തിരഞ്ഞെടുപ്പുവിജയവും പ്രാദേശിക പോക്കറ്റുകളിൽ ഭരണവും മുഖ്യലക്ഷ്യമായി കരുതുന്ന പല പ്രതിപക്ഷ കക്ഷികളും ഇത് ആ രീതിയിൽ കൈകാര്യം ചെയ്യുമോ എന്ന് സംശയമാണ്. ഇന്ത്യൻ മുഖ്യധാരാമാധ്യമങ്ങൾ അടുത്ത കാലത്തായി പത്രധർമ്മം അടിയറ വെച്ചിരിക്കുന്നതിനാൽ പത്ര സമ്മേളനത്തെ ലാഘവത്തോടെയും ഭാഗികമായും ആണ് കവർ ചെയ്തത്. വരും ദിനങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് എന്ത് പ്രതികരണമാണ് ഉണ്ടാവുക എന്ന് നോക്കാം. ഈ പശ്ചാത്തലത്തിൽ, ഇന്നലെ തലസ്ഥാനത്ത് നടന്ന പ്രതിഷേധ റാലി ശ്രദ്ധേയമായി. പ്രമുഖ രാഷ്ട്രീയ നിരീക്ഷകരുടെ പ്രതികരണങ്ങളും പ്രതീക്ഷ നൽകുന്നു.
ഇതിനു മുൻപ് തിരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ നടത്തിയ ജനാധിപത്യ അട്ടിമറി അതീവ ഗുരുതരമായിരുന്നു. Àssociation For democratic Reforms (ADR)Common cause, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( marxist) എന്നിവർ ചേർന്നാണ് ഇലക്ഷൻ ബോണ്ടുകൾക്കെതിരെ കോടതിയെ സമീപിച്ചത്. സാധാരണഗതിയിൽ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്യേണ്ട സാഹചര്യം ആണ് അത് ഉയർത്തിയത്. പക്ഷേ ആദ്യത്തെ ഒച്ചപ്പാടുകൾക്ക് ശേഷം അത് സാധൂകരിക്കപ്പെട്ടു. സുപ്രീംകോടതി വരെ അംഗീകരിക്കുകയും ചെയ്തു അധാർമ്മികമായി സമാഹരിച്ച പണം തിരിച്ചടക്കാൻ പാർട്ടികൾക്ക് ഉത്തരവ് പോലും നൽകാതെയാണ് കോടതി കേസ് മടക്കി കെട്ടിയത്. ഏജൻസികളെ ഉപയോഗിച്ചു നിർബന്ധമായി ശേഖരിച്ച ബോണ്ടുകളിലൂടെ ബി ജെ പിക്ക് പ്രചാരണ പ്രവർത്തനങ്ങളിൽ കിട്ടിയ സാമ്പത്തിക മുൻതൂക്കത്തിൽ അവസാനിച്ചില്ല ബോണ്ട് കുംഭകോണത്തിന്‍റെ പ്രത്യാഘാതങ്ങൾ. തകരുന്ന ദേശീയപാതകളും ലോകത്തിനു മുൻപിൽ ഒന്നിലേറെ തവണ ഗുണശോഷണത്തിന്‍റെ പേരിൽ ബഹിഷ്‌കൃതമായി തല കുനിക്കേണ്ടി വന്ന രാജ്യത്തെ ഫാർമസ്യുട്ടിക്കൽ രംഗവും അതിന്‍റെ ഫലങ്ങൾ ആണ്. എങ്കിലും ബോണ്ടുകളെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾക്ക് ഒരു പ്രധാനമാറ്റം കൊണ്ടുവരാൻ കഴിഞ്ഞു. തിരഞ്ഞെടുപ്പു ബോണ്ടുകൾ ജനാധിപത്യവിരുദ്ധമാണെന്ന് ഭരണകൂട സ്ഥാപനങ്ങളും ജനാധിപത്യബോധമുള്ള ഏവരും അംഗീകരിക്കുവാൻ ഇടയായി. അവ ഭാവിയിൽ വേണ്ടെന്നു ഔദ്യോഗികമായി തീരുമാനിക്കപ്പെടുകയും ചെയ്തു.
അതിലും ഗുരുതരമാണ് വോട്ട് മോഷണ വിഷയം. അത് കഴിഞ്ഞ തിരഞ്ഞെടുപ്പിനെയും അധികാരത്തിൽ വന്ന സർക്കാരിനെയും നിയമപ്രാബല്യമില്ലാത്തതാക്കാൻ പ്രാപ്തിയുള്ളതാണ്. തിരഞ്ഞെടുപ്പ് റദ്ദ് ചെയ്യൽ, സർക്കാറിന്റെ രാജി, വീണ്ടും ഒരു തിരഞ്ഞെടുപ്പ് എന്നിവയൊക്കെയാണ് യഥാർത്ഥ ജനാധിപത്യ വ്യവസ്ഥിതീകളിൽ സംഭവിക്കുക. നമ്മുടെ രാജ്യത്ത് അത് എത്രകണ്ടു പ്രയോഗികമാവും എന്ന് അനുമാനിക്കാൻ കഴിയുന്നില്ല. നിലവിലുള്ള സാഹചര്യത്തിൽ ഏറെക്കുറെ അസാധ്യമാണെന്നു വരാം.
എങ്കിലും ഈ വെളിപ്പെടുത്തലുകൾക്ക് ഒരു വലിയ ദൗത്യം നിർവഹിക്കാനാവും. ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ ബാലറ്റിലോ വോട്ടേഴ്സ് ലിസ്റ്റിലോ കൃത്രിമം നടക്കാതെ ഇരിക്കാനുള്ള മുൻകരുതലുകൾ ചെയ്യാൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുവാനുള്ള അനിവാര്യമായ ഒരു സാഹചര്യം സംജാതമായിരിക്കുന്നു എന്നതാണ് അത്.
ബീഹാറിൽ നടന്ന പ്രത്യേക വോട്ടർ ലിസ്റ്റ് പരിഷ്കരണം ഇതിന്‍റെ വെളിച്ചത്തിൽ പരിശോധിക്കപ്പെടണം. അടുത്ത പടിയായി ഒരു കൂട്ടം വോട്ടർമാരെ അയോഗ്യരാക്കി പുറം തള്ളുന്ന കാഴ്ചയാണ് അവിടെ കണ്ടത്. ഘട്ടം ഘട്ടമായി തിരഞ്ഞെടുപ്പ് പ്രക്രിയയെ അടിമുടി പരാജയപ്പെടുത്തി വരുതിയിലാക്കുന്ന പദ്ധതി. വോട്ടർലിസ്റ്റ് പരിഷ്കരണവും കുറ്റമറ്റ രീതിയിൽ ആവണം. നിലവിലുള്ള ലിസ്റ്റ് പാടെ റദ്ദു ചെയ്തത് അടിസ്ഥാന ഡാറ്റകളുടെ നാശത്തിനു വഴിവെച്ചു. ഇതിന്‍റെ ഫലം ദൂരവ്യാപകമാണ്. ഭാവിയിൽ ആധാർ കാർഡിന് പകരം റേഷൻ, സാമൂഹ്യ പെൻഷൻ, സൗജന്യ ആരോഗ്യ പരിരക്ഷ, തൊഴിലുറപ്പ്, ബാങ്ക് അക്കൗണ്ട് എന്നിവയ്ക്ക് അടിസ്ഥാനരേഖയായി തിരഞ്ഞെടുപ്പ് ഐഡി കാർഡ് നിഷ്കര്ഷിക്കുന്നു എന്ന് വെയ്ക്കുക. ഇപ്പോൾ വോട്ടർ ലിസ്റ്റിൽ നിന്ന് പുറത്താവുന്നവർ മുഴുവൻ മേൽ പറഞ്ഞ പദ്ധതികളിൽ നിന്നെല്ലാം അയോഗ്യരായി പുറത്താവും. പൗരത്വ രജിസ്റ്ററിൽ നിന്ന് പുറത്തായവരുടെ അതെ ഭാഗധേയമാണ് അങ്ങനെയുള്ളവരും നേരിടേണ്ടി വരിക.
മാത്രമല്ല, ഇത് കാണിക്കുന്നത് തിരഞ്ഞെടുപ്പിന് മുൻപും കൃത്രിമങ്ങൾ നടക്കുവാനുള്ള സാധ്യതയാണ്. അവിടെയും വേണം ശരിയായ നടപടിക്രമങ്ങളും കുറ്റമറ്റ പരിശോധനാസംവിധാനങ്ങളും. തിരഞ്ഞെടുപ്പ് കഴിയുന്ന മുറയ്ക്ക് ഫലപ്രഖ്യാപനത്തിനുശേഷം ബാലറ്റ് പേപ്പറുകളുടെ എല്ലാ രേഖകളും ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ എല്ലാ കക്ഷികൾക്കും പരിശോധനയ്ക്ക് ലഭ്യമാവണം. ആസന്നമായ ബീഹാർ ഇലക്ഷനിൽ തന്നെ ഇത് പ്രാവർത്തികമാവണം. ഇച്ഛാശക്തിയും അങ്ങനെ ഒരു തീരുമാനവുമുണ്ടെങ്കിൽ പ്രാവർത്തികമാക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത കാര്യമാണ്. രഹസ്യവോട്ടിനുള്ള അവകാശം ലംഘിക്കപ്പെടും എന്ന വിമർശനവും എതിർപ്പും ഉണ്ടാവാം. അതിനെ നേരിടാൻ അനുയോജ്യമായ നിബന്ധനകൾ കൊണ്ടുവരാൻ സാധിക്കും.
തൃശ്ശൂരിലെ ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ക്രമക്കേടുകൾ നടന്നിട്ടുണ്ടാവും എന്ന് രണ്ടുമുന്നണികളു ടെയും സ്ഥാനാർത്ഥികൾ സൂചിപ്പിച്ചിരുന്നു. എന്നാൽ സർക്കാർ അത് വോട്ട് മറിക്കലായി വ്യാഖ്യാനിച്ചു ലാഘവപ്പെടുത്തി. പൂരം കലക്കൽ ഇത്രയും ഭീമമായ ഒരു വോട്ട് മാറ്റത്തിന് വഴിവെച്ചു എന്ന തീർപ്പ് കേരളീയ സമൂഹത്തിനെ സംബന്ധിച്ച് അതിശയോക്തിപരമായിരുന്നു. അത് ഇപ്പോൾ പുന:പരിശോധിക്കാവുന്നതാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയെ സംരക്ഷിക്കാൻ വേണ്ടി നടത്തുന്ന ഒരു യത്നവും പാഴ് ചിലവല്ല.
പഞ്ചായത്ത് മുതൽ നിയമസഭ വര ഇലക്ഷൻ നടത്താൻ പോകുന്ന കേരളത്തിൽ എല്ലാ പ്രതിപക്ഷ കക്ഷികളും ഔദ്യോഗിക സംവിധാനങ്ങളും കോടതിയും സിവിൽ സമൂഹവും ചേർന്ന് മേൽനോട്ടത്തിനും വോട്ടിനു ശേഷമുള്ള പരിശോധനയ്ക്കും വേണ്ട കുറ്റമറ്റ ക്രമീകരണങ്ങൾ ഉറപ്പുവരുത്തണം. ഇതിൽ പ്രാദേശികരാഷ്ട്രീയതാല്പര്യങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടികളെ പിന്നോട്ട് വലിക്കരുത്. ഈ യജ്ഞത്തിൽ ജനാധിപത്യത്തിന്‍റെ സംരക്ഷണം ആവണം പൊതു ലക്ഷ്യം.