പൂമുഖം LITERATUREലേഖനം അയോഗ്യർ എന്തുകൊണ്ട് ഭരണാധികാരികളാകുന്നു?

അയോഗ്യർ എന്തുകൊണ്ട് ഭരണാധികാരികളാകുന്നു?

ജനാധിപത്യത്തിലെ വൈരുധ്യങ്ങൾ!

നമ്മുടെ ലോകത്ത് പലപ്പോഴും ഒരു സ്ഥാനത്തിന് യോഗ്യരല്ലാത്തവരെന്ന് തോന്നിക്കുന്ന നേതാക്കൾ അധികാരത്തിൽ വരാറുണ്ട്. അവർ ശരിയായ വിദ്യാഭ്യാസമോ, രാഷ്ട്രീയ പരിചയമോ, സ്വഭാവഗുണമോ ഇല്ലാത്തവരായിരിക്കാം, ഏകാധിപത്യ സ്വഭാവമുള്ളവരായിരിക്കാം. ഡൊണാൾഡ് ട്രംപ്, വ്‌ളാഡിമിർ പുടിൻ, നരേന്ദ്ര മോദി, നെതന്യാഹു, എർദോഗൻ, ഖമേനി തുടങ്ങിയവരൊക്കെ ഇതിനുദാഹരണമാണ്. ജനാധിപത്യമില്ലാത്ത ചൈന, ഉത്തര കൊറിയ, ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ പല നേതാക്കളെയും അഴിമതിക്കാരോ, അധികാരക്കൊതിയന്മാരോ, അല്ലെങ്കിൽ പരിചയമില്ലാത്ത ദേശീയവാദികളോ ആയി വിമർശകർ കാണാറുണ്ട്. ഇങ്ങനെയുള്ള ആളുകൾക്ക് എങ്ങനെയാണ് അധികാരം ലഭിക്കുന്നത്? ജനാധിപത്യരാജ്യങ്ങളിൽ പോലും ഇത്തരം വ്യക്തികൾക്ക് എങ്ങനെ മുന്നോട്ട് വരാൻ കഴിയുന്നു? ഈ ചോദ്യത്തിനുള്ള ചില കാരണങ്ങൾ താഴെക്കൊടുക്കുന്നു.

  1. ജനപ്രിയവാദം (പോപ്പുലിസം): വികാരങ്ങൾക്ക് പ്രാധാന്യം നൽകുന്ന രാഷ്ട്രീയം

ജനപ്രിയ നേതാക്കൾ തങ്ങളാണ് സാധാരണ ജനങ്ങളെ പ്രതിനിധീകരിക്കുന്നതെന്നും, അഴിമതിക്കാരായ രാഷ്ട്രീയക്കാർക്ക് എതിരാണെന്നും പറഞ്ഞ് രംഗപ്രവേശം ചെയ്യുന്നു. അവർ തുടക്കത്തിൽ തങ്ങളെ നിലവിലുള്ള രാഷ്ട്രീയ സംവിധാനങ്ങൾക്കെതിരായ ഒരാളായി അവതരിപ്പിക്കുകയും, ജനങ്ങളുടെ കൈയ്യടി നേടാൻ വലിയ വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുന്നു. ജനങ്ങളുടെ ദേഷ്യം, ഭയം, അതൃപ്തി എന്നിവ ഇവർ സമർത്ഥമായി മുതലെടുക്കുന്നു. 2016-ൽ അമേരിക്കയിൽ ഡൊണാൾഡ് ട്രംപിന്റെ വളർച്ച ഇതിന് പ്രധാന ഉദാഹരണമാണ്. അദ്ദേഹത്തിന് മുൻപ് രാഷ്ട്രീയ പരിചയമോ, നല്ലൊരു പ്രതിച്ഛായയോ ഇല്ലായിരുന്നു. എന്നിട്ടും, കുടിയേറ്റം, ആഗോളവൽക്കരണം, ചില രാഷ്ട്രീയ നിലപാടുകൾ എന്നിവയ്ക്കെതിരെയുള്ള അദ്ദേഹത്തിന്റെ ശക്തമായ സംസാരം ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ ആകർഷിച്ചു.ഇന്ത്യയിൽ നരേന്ദ്ര മോദിയും സമാനമായ തന്ത്രങ്ങൾ ഉപയോഗിച്ചു. അഴിമതിക്ക് എതിരായും, മുസ്ലീങ്ങൾക്കെതിരായും നിലകൊണ്ടും ഹിന്ദു ദേശീയതയെ ഉയർത്തിപ്പിടിച്ചും അദ്ദേഹം വലിയ ജനപിന്തുണ നേടി. താനൊരു സാധാരണക്കാരനാണെന്നും, സ്വയം വളർന്നുവന്ന ആളാണെന്നും, അഴിമതിയില്ലാത്തവനാണെന്നും അദ്ദേഹം സ്വയം ചിത്രീകരിച്ചു. അണ്ണാഹസാരയെയും കെജ്രിവാളിനെയും കിരൺ ബേദിയെയും പോലുള്ളവരെ ഉപയോഗിച്ച് മൻമോഹൻ സിംഗ് സർക്കാരിനെതിരെ വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് അദ്ദേഹം അധികാരം നേടി. ചായക്കടക്കാരൻ എന്ന ലേബൽ ഉപയോഗിച്ച് സാധാരണക്കാരുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയുമെന്ന് പ്രതിഛായ സൃഷ്ടിക്കുകയും ചെയ്തു. ബ്രസീലിലെ ബോൾസോനാരോ, മെക്സിക്കോയിലെ ഒബ്രാഡോർ എന്നീ ലാറ്റിനമേരിക്കൻ നേതാക്കളും ജനങ്ങൾക്കിടയിൽ നിലനിന്ന അതൃപ്തി മുതലെടുത്താണ് അധികാരം പിടിച്ചെടുത്തത്. എന്നാൽ, അധികാരത്തിൽ വന്നതിന് ശേഷം ഇവർ ജനാധിപത്യ സ്ഥാപനങ്ങളായ നിയമനിർമ്മാണ സഭ, നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങൾ എന്നിവയെ ദുർബലപ്പെടുത്തുകയും സാധാരണ ജനങ്ങളെ വിഡ്ഢികളാക്കുകയും ചെയ്യുന്നതായി കാണാം.

  1. ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വിശ്വാസത്തിന്റെ തകർച്ച

പല രാജ്യങ്ങളിലും, കോടതികൾ, പാർലമെന്റുകൾ, മാധ്യമങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയ പരമ്പരാഗത ജനാധിപത്യസ്ഥാപനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ട്. അഴിമതി, കാര്യക്ഷമതയില്ലായ്മ, ജനങ്ങളുടെ പ്രശ്‌നങ്ങളിൽ നിന്ന് അകന്നുനിൽക്കൽ എന്നിവയാണ് ഈ വിശ്വാസത്തകർച്ചയ്ക്ക് കാരണം. ഇത് “വേഗത്തിൽ കാര്യങ്ങൾ ശരിയാക്കാം” എന്ന് വാഗ്ദാനം ചെയ്യുന്ന “ശക്തരായ” നേതാക്കൾക്ക് വഴി തുറക്കുന്നു. ഇങ്ങനെയുള്ള നേതാക്കൾ ജനാധിപത്യത്തിലൂടെ അധികാരത്തിൽ വന്നാലും, പിന്നീട് ജനാധിപത്യ സ്ഥാപനങ്ങളെ തങ്ങളുടെ കാൽക്കീഴിലാക്കി നിയമങ്ങൾ മാറ്റിയെഴുതാൻ ശ്രമിക്കുന്നതാണ് കാണുന്നത്. തുർക്കിയിൽ എർദോഗന്റെ ജനപ്രീതിക്ക് കാരണമിതാണ്. അദ്ദേഹം സാമ്പത്തിക പരിഷ്കാരങ്ങളും അഴിമതിവിരുദ്ധനിലപാടുകളും ഉയർത്തിപ്പിടിച്ച് അധികാരത്തിൽ വന്നു. എന്നാൽ പിന്നീട് അധികാരം കേന്ദ്രീകരിക്കാൻ തുടങ്ങി. റഷ്യയിൽ പുടിനും സമാനമായ തന്ത്രമാണ് ഉപയോഗിച്ചത്. സോവിയറ്റ് യൂണിയൻ തകർന്നതിന് ശേഷമുള്ള അവസ്ഥയിൽ ജനങ്ങൾ ക്രമവും സ്ഥിരതയും ആഗ്രഹിച്ചു. ഇത് പുടിന് അധികാരം നേടാൻ വഴിയൊരുക്കി. എന്നാൽ, അവർക്ക് സിവിൽ സ്വാതന്ത്ര്യങ്ങൾ നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു.

  1. വംശീയവും മതപരവുമായ ഭൂരിപക്ഷവാദം

വിവാദപരമായ പല നേതാക്കളും സ്വത്വ രാഷ്ട്രീയം ഉപയോഗിച്ച് അധികാരത്തിൽ തുടരുന്നു. ഭൂരിപക്ഷ സമൂഹത്തെ ന്യൂനപക്ഷങ്ങളിൽ നിന്നോ പുറത്തുനിന്നുള്ളവരിൽ നിന്നോ ഉള്ള ഭീഷണികളെക്കുറിച്ച് ഉൽക്കണ്ഠ ഉള്ളവരാക്കി ഒരുമിപ്പിക്കാൻ ഉദ്യമിക്കുന്നു. ഉദാഹരണമായി ഇന്ത്യയിൽ മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ഹിന്ദു ദേശീയതയ്ക്ക് പ്രാധാന്യം നൽകുന്നു. അവർ പലപ്പോഴും മുസ്ലീം ശബ്ദങ്ങളെ അവഗണിക്കുകയും പൗരത്വഭേദഗതി നിയമം, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ തുടങ്ങിയ വിവാദപരമായ നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നു. ഏകീകൃത സിവിൽ കോഡ് എന്ന ആശയം കേൾക്കാൻ നല്ലതാണെങ്കിലും, ഇത് മുസ്ലീങ്ങൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും ഗോത്രവർഗ്ഗക്കാർക്കും അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുമെന്ന് വിമർശകർ പറയുന്നു.

മ്യാൻമറിൽ, സൈനിക ഭരണകൂടവും ജനപ്രിയ നേതാക്കളും ബുദ്ധദേശീയത ഉയർത്തിപ്പിടിച്ച് റോഹിങ്ക്യൻ മുസ്ലീങ്ങളുടെ വംശഹത്യയെ ന്യായീകരിച്ചു. ഇറാനിൽ മതപരമായ നിയമങ്ങൾ ഭരണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. അവിടെ തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾ പോലും മതനേതാവിന് കീഴിലാണ്. ഇസ്രായേലിൽ, ബെഞ്ചമിൻ നെതന്യാഹുവിനെപ്പോലുള്ള നേതാക്കൾക്ക് സയണിസ്റ്റ്, മത വിഭാഗങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നു. ഇസ്രായേലിലെ ജൂത ഭൂരിപക്ഷത്തിന്റെ സ്വത്വം, സുരക്ഷ, സാംസ്കാരിക മൂല്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള അവരുടെ വാദങ്ങൾ വോട്ടർമാരെ ആകർഷിക്കുന്നു, പ്രത്യേകിച്ചും അവിടുത്തെ സംഘർഷങ്ങൾക്കിടയിൽ. ഇത് രാഷ്ട്രീയപരമായ വേർതിരിവുകളിലേക്കും ചിലപ്പോൾ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള ആശങ്കകളിലേക്കും നയിക്കുന്നു. മതപരമോ, വംശീയമോ, സാംസ്കാരികമോ ആയ സ്വത്വത്തിന്റെ അടിസ്ഥാനത്തിൽ ആളുകൾ വോട്ട് ചെയ്യുമ്പോൾ, ഒരു നേതാവിന്റെ യോഗ്യതയോ സത്യസന്ധതയോ രണ്ടാമതായി മാറുന്നു.

  1. സാമ്പത്തിക പ്രശ്നങ്ങളും പ്രതിസന്ധികളും

ഒരു രാജ്യത്ത് തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക അസമത്വം എന്നിവ രൂക്ഷമാകുമ്പോൾ, വോട്ടർമാർ കൂടുതൽ ധൈര്യശാലികളായ പുതിയ നേതാക്കളെയും ജനപ്രിയ നേതാക്കളെയും തിരഞ്ഞെടുക്കാൻ തയ്യാറാകുന്നു. ആഫ്രിക്കയിൽ പതിറ്റാണ്ടുകളായി അധികാരത്തിൽ തുടരുന്ന പല നേതാക്കളും (സിംബാബ്‌വെയിലെ റോബർട്ട് മുഗാബെ, കാമറൂണിലെ പോൾ ബിയാ) സാമ്പത്തിക ഭയങ്ങളെ മുതലെടുക്കുകയും പെട്ടെന്നുള്ള പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. സിറിയ, ലെബനൻ, യെമൻ, ഇറാഖ്, വടക്കേ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ വർഷങ്ങളായി സാമ്പത്തിക ബുദ്ധിമുട്ടുകളും രാഷ്ട്രീയ അടിച്ചമർത്തലുകളും നിലനിൽക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ, സുരക്ഷിതത്വവും ക്രമവും വാഗ്ദാനം ചെയ്യുന്ന (അടിച്ചമർത്തലുകളിലൂടെയാണെങ്കിൽ പോലും) നേതാക്കൾക്ക് ജനപിന്തുണ നേടാൻ കഴിയും. സാമ്പത്തിക പ്രതിസന്ധികൾ കൂടുമ്പോൾ, തങ്ങൾക്ക് പെട്ടെന്ന് ആശ്വാസം നൽകുമെന്ന് വാഗ്ദാനം ചെയ്യുന്ന നേതാക്കളെ ആളുകൾ വിശ്വസിക്കുന്നു. ഇത് പലപ്പോഴും കഴിവില്ലാത്തതോ അഴിമതിക്കാരായതോ ആയ നേതാക്കളെ അധികാരത്തിലെത്തിച്ചേക്കാം, ഇത് നിലവിലുള്ള പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുന്നു. ജനാധിപത്യപരമായ സാഹചര്യങ്ങളിൽ പോലും, സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ ശരിയായ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് തടയുന്നു.

  1. മാധ്യമങ്ങളുടെ ദുരുപയോഗവും തെറ്റായ വിവരങ്ങളും

ആധുനിക രാഷ്ട്രീയം തെറ്റായ വിവരങ്ങൾ, സാമൂഹിക മാധ്യമങ്ങളിലെ കൃത്രിമങ്ങൾ, അവ സൃഷ്ടിക്കുന്ന വൈകാരികത എന്നിവയാൽ രൂപപ്പെടുന്നു എന്നത് ആശങ്കാ ജനകമാണ്. ഏകാധിപത്യ സ്വഭാവമുള്ള നേതാക്കൾ പ്രധാന മാധ്യമങ്ങളെ നിയന്ത്രിക്കാനോ, അവരെ വിമർശിക്കുന്നവരെ മോശക്കാരാക്കാനോ, തങ്ങൾക്ക് അനുകൂലമായ പ്രചാരണം നടത്താനോ, വ്യാജവാർത്തകൾ കൊണ്ട് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ നിറയ്ക്കാനോ പണം മുടക്കുന്നു. റഷ്യയിൽ, പുടിന്റെ പ്രതിച്ഛായ രാജ്യത്തിന്റെ “സംരക്ഷകൻ” എന്ന നിലയിൽ കെട്ടിപ്പടുക്കാനും യുദ്ധങ്ങളെ ന്യായീകരിക്കാനും എതിർശബ്ദങ്ങളെ ഇല്ലാതാക്കാനും സർക്കാർ നിയന്ത്രിത മാധ്യമങ്ങൾ ഉപയോഗിച്ചു. ഫിലിപ്പീൻസിൽ, റോഡ്രിഗോ ഡ്യൂട്ടേർട്ട് സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് പ്രസിഡൻ്റ് സ്ഥാനം നേടുകയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ നിയമപരമായി കൊല്ലുന്നതിനെ പിന്തുണയ്ക്കുകയും വിമർശകരെ നിശ്ശബ്ദരാക്കുകയും ചെയ്തു. അമേരിക്കയിൽ, ട്രംപ് മാധ്യമങ്ങളെ “വ്യാജവാർത്ത” എന്ന് വിളിക്കുകയും ജനങ്ങളെ നേരിട്ട് സ്വാധീനിക്കാൻ ട്വിറ്റർ പോലുള്ള സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുകയും ചെയ്തു. വിവരങ്ങൾ നിയന്ത്രിക്കപ്പെടുകയോ വളച്ചൊടിക്കപ്പെടുകയോ ചെയ്യുമ്പോൾ, വോട്ടർമാർക്ക് യഥാർത്ഥ വിവരങ്ങളെക്കാൾ നിർമ്മിച്ചെടുത്ത ‘യാഥാർത്ഥ്യ’ങ്ങളാണ് ലഭിക്കുന്നത്.

  1. രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെയും വിമർശനാത്മക ചിന്തയുടെയും അഭാവം.

ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ഥാനാർത്ഥികളെക്കുറിച്ചുള്ള അറിവ് തുലോം കുറവോ ലഭ്യമല്ലാത്തതോ ആണ്‌. വോട്ടർമാർ പലപ്പോഴും തങ്ങളുടെ സ്വത്വം, വികാരം, അല്ലെങ്കിൽ തെറ്റായ വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്. നയങ്ങളെക്കുറിച്ചോ ചരിത്രപരമായ കാര്യങ്ങളെക്കുറിച്ചോ ഉള്ള അറിവിന്റെ അടിസ്ഥാനത്തിലല്ല. വിമർശനാത്മകമായി ചിന്തിക്കാനുള്ള ശരിയായ രാഷ്ട്രീയവിദ്യാഭ്യാസത്തിന്റെ അഭാവമാണ് ഇത്തരം തിരഞ്ഞെടുപ്പുകൾക്ക് വഴിയൊരുക്കുന്നത്. നേതാക്കളുടെ പ്രവർത്തനങ്ങൾ, വാഗ്ദാനങ്ങൾ, ചിന്താഗതികൾ എന്നിവയെ വിമർശനാത്മകമായി വിലയിരുത്താൻ ആളുകളെ പഠിപ്പിക്കാത്തിടത്തോളം കാലം, യോഗ്യതയുള്ളവരെക്കാൾ വ്യക്തിപ്രഭാവമുള്ളവർ വിജയിക്കും.

  1. സംവിധാനങ്ങളിൽ വരുത്തുന്ന കൃത്രിമത്വവും ദുർബലമായ ജനാധിപത്യങ്ങളും.

പല നേതാക്കളും തെറ്റായ തിരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിൽ വരികയോ അല്ലെങ്കിൽ കൃത്രിമം കാണിച്ച സംവിധാനങ്ങളിലൂടെ അധികാരത്തിൽ തുടരുകയോ ചെയ്യുന്നു. തിരഞ്ഞെടുപ്പിൽ തട്ടിപ്പ് നടത്തുക, വോട്ടർമാരെ ഭീഷണിപ്പെടുത്തുക, വിജയിച്ചവരെ വിലയ്ക്ക് വാങ്ങിയും കൂറുമാറ്റിയും ഭരണം തങ്ങൾക്ക് അനുകൂലമായി മാറ്റുക എന്നിവയെല്ലാം യോഗ്യതയില്ലാത്തവരും ഏകാധിപത്യ ശൈലിയുള്ളവരും ആയ നേതാക്കളെ അധികാരത്തിൽ നിലനിർത്താൻ സഹായിക്കുന്ന തന്ത്രങ്ങളാണ്.

ഇറാനിലെ തിരഞ്ഞെടുപ്പുകൾ മതപരമായ അധികാരികൾ കർശനമായി നിയന്ത്രിക്കുന്നു. അവർ ലിബറൽ ചിന്താഗതിയുള്ളവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുന്നു. ആഫ്രിക്കയിലെ മിക്ക രാജ്യങ്ങളിലും തിരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെങ്കിലും, നേതൃത്വ മാറ്റത്തിന് സാധ്യതയില്ല. കാരണം, അതെല്ലാം അട്ടിമറിക്കപ്പെടുകയാണ്. ഇന്ത്യയിൽ പോലും, തിരഞ്ഞെടുപ്പ് കമ്മീഷൻ, നീതിന്യായ വ്യവസ്ഥ തുടങ്ങിയ ജനാധിപത്യ സ്ഥാപനങ്ങൾക്ക് ഭരണകക്ഷിയോട് പക്ഷപാതിത്വമുണ്ടെന്നും നിഷ്ക്രിയരാണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. അഫ്ഗാനിസ്ഥാൻ പോലെ യുദ്ധം തകർത്ത രാജ്യങ്ങളിൽ, ജനാധിപത്യ സ്ഥാപനങ്ങളുടെ അഭാവവും ആഭ്യന്തര പ്രശ്നങ്ങളും പലപ്പോഴും ശക്തരായ സൈനിക മേധാവികളെയും പ്രാദേശിക നേതാക്കളെയും അധികാരത്തിലെത്തിക്കാൻ സഹായിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ, തിരഞ്ഞെടുപ്പുകൾ പേരിന് മാത്രമായിരിക്കാം, യഥാർത്ഥ അധികാരം പലപ്പോഴും ഭീഷണികളിലൂടെയും അടിച്ചമർത്തലുകളിലൂടെയും ഉറപ്പിക്കപ്പെടുന്നു. ചൈനയേയും, ഉത്തര കൊറിയയേയും പോലുള്ള ജനാധിപത്യമില്ലാത്ത രാജ്യങ്ങളിലെ അവസ്ഥയും ഒട്ടും ആശാസ്യമല്ല.

21-ാം നൂറ്റാണ്ടിലെ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ

യോഗ്യതയില്ലാത്ത നേതാക്കളെ തിരഞ്ഞെടുക്കുന്നത് എല്ലായ്പ്പോഴും വോട്ടർമാരുടെ അറിവില്ലായ്മയുടെയോ ദുരുദ്ദേശ്യത്തിന്റെയോ ഫലമല്ല. ഇത് പലപ്പോഴും സമൂഹത്തിലെ സ്ഥാപനപരവും സാമ്പത്തികവും സാംസ്കാരികവുമായ ആഴത്തിലുള്ള പ്രശ്നങ്ങളുടെ ഒരു സൂചനയാണ്.

ജോർജ് ഓർവെൽ പറഞ്ഞതുപോലെ, “രാഷ്ട്രീയ ഭാഷ കള്ളങ്ങളെ സത്യമായി തോന്നിക്കുന്നതും കൊലപാതകത്തെ മാന്യമായി കാണിക്കുന്നതും ഒഴിഞ്ഞ വാക്കുകൾക്ക് ഉറച്ച രൂപം നൽകുന്നതുമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു.”

ഇതിനുള്ള പരിഹാരം വോട്ടർമാരെ കുറ്റപ്പെടുത്തുന്നതിലോ നേതാക്കളെ മോശക്കാരാക്കുന്നതിലോ അല്ല, മറിച്ച് താഴെ പറയുന്ന കാര്യങ്ങളിലാണ്:
> വിദ്യാഭ്യാസം ശക്തിപ്പെടുത്തുക.
> മാധ്യമങ്ങളുടെ സത്യസന്ധത ഉയർത്തിപ്പിടിക്കുക.
> ജനാധിപത്യത്തിലുള്ള പൊതുജന വിശ്വാസം തിരികെ കൊണ്ടുവരിക.
> അസമത്വവും അനീതിയും ഇല്ലാതാക്കുക.
> പൗരന്മാരുടെ പങ്കാളിത്തവും തുറന്ന ചർച്ചകളും പ്രോത്സാഹിപ്പിക്കുക.

കവര്‍: ജ്യോതിസ് പരവൂര്‍

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.