വെളിച്ചമകന്ന
മാസങ്ങളിൽ
പുറപ്പെട്ടുപോയി.
ഒച്ചയില്ലാത്ത
ഇടങ്ങളിലേക്ക്
ഒളി(ലി)ച്ചിറങ്ങി.
ആകാശവും ഭൂമിയും
മാത്രമുള്ളപ്പോൾ
കല്ലുരച്ചു,
മൂർച്ചകൂട്ടി,
തുടഞരമ്പിൽ
വലിച്ചുകെട്ടി
ഇലമണങ്ങൾ
നൂണിറങ്ങി.
കിളികളെ,
കാറ്റിനെ,
തിരകളെ…
എയ്യുന്നത്,
കിനാവുകണ്ടു.
മലയിൽ ,
മടിയിൽ ,
മലർന്നുകിടന്നപ്പോൾ
മഴപെയ്തു.
കുതിർന്നു…,
ഇറങ്ങിനടന്നു,
കുഞ്ഞുപട്ടി
കൂടെക്കൂടി.
തീകായുന്നേരം
വാലാട്ടിവന്നു.
മുതുകിൽ തട്ടി,
മൂർച്ചകൂട്ടി…
കളഞ്ഞുകിട്ടിയ
മാനിറച്ചിനീട്ടി.,
ദൂരെദൂരെ,
കണ്ണെത്താ-
ഉയരങ്ങളിൽത്തട്ടി,
വേട്ടമൃഗങ്ങളുടെ
ഓരി.
2
കാടിന്നോരത്തെ വണ്ടിയിൽ
കടുവയുടെപല്ല് , കടലാസുപൂവ്,
കുത്തഴിഞ്ഞ വാക്ക്,
കുഴഞ്ഞപിടിയുള്ള തോക്ക്,
പനങ്കള്ള്, പാതിരാക്കാറ്റ്.
പാതിപ്പാക്കറ്റുസിഗരറ്റ്….
കൂരിരുട്ടിൽ
കുറുനരികൾ വിളിക്കും, കുമിഞ്ഞുപെയ്യും കാറ്റ്.
കുത്തിനോവിക്കും,
കാട്ടുപൂക്കൾ
മഴയുണ്ടെങ്കിൽ..,
വണ്ടിപ്പുറത്തു വിരിച്ച, കുടയുമായിരിക്കും.
വിളിക്കും,
വെറുപ്പിനെയും
വേതാളത്തെയും
വേണ്ടുവോളം…,
(വേണ്ടുവോളം)
വിതുമ്പുമെ-
ടുത്തുകൊണ്ടുപോകുമതും (അതുമെടുത്തുകൊണ്ടുപോകും)
തുലാവർഷം.
വയലുകളെപ്പറ്റി ചോദിക്കും,വീടുകളെപ്പറ്റി,
വൈകുന്നേര
വെയിലിനെപ്പറ്റി,
വീർത്തുപൊട്ടി,വീർപ്പുമുട്ടി-
ക്കഴിയുന്നവരെപ്പറ്റി…
വിട്ടുപോരണമെന്നേ തോന്നാത്തവരെപ്പറ്റി,
വറുതിവരെ-
യറുതിവരെ,
വിടവിൽ ,
ഒളിച്ചിരിക്കുന്നവരെപ്പറ്റി.
കുടമടക്കും
കുതിർന്നിരിക്കും.
കൂനിറങ്ങും….
പടിഞ്ഞാറ് ,
തേയിലത്തോ-
ട്ടങ്ങൾക്കപ്പുറം,
കൃത്യമറുന്നൂറടിയിൽ
പേരില്ലാപൊത്തിനും
പുതുപട്ടണത്തിനുമിടയിൽ…
പാലം
പിറവിക്കും
പിന്നിലേത്…
വഴുക്കുന്നത്,
വേച്ചുവേച്ചു
നടക്കേണ്ടത്
പിടയുന്നുണ്ടതിൽ
പ്രശ്നത്തോളം
പുളിപ്പുള്ള
പ്രാണൻ,
(പലതവണയെയ്തതാണ്,
പകൽപോലെന്തോ
കേട്ടതാണ്,)
മുയലോടുംവഴി
നിറവിനു മറവിലെ
പകലുംവലിച്ചാരോ
പതുങ്ങിനടക്കുമ്പോൾ…
വിറയ്ക്കുന്നൂ
വിരലുകൾ,
വി(റയൂ)(യർപ്പൂ)റി
വഴുവഴുക്കുന്നായുധം.
#നിഥിന്
കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്