പൂമുഖം LITERATUREകവിത മുറിയിലൊരാനയുണ്ട്

മുറിയിലൊരാനയുണ്ട്

കാണാനാകുന്നുണ്ടോ?

രക്തമിറ്റുന്ന കൊമ്പുകൾ ആട്ടിയാട്ടിയുള്ള

ആ നിൽപ്പ്?

ആർപ്പുവിളിയിൽ മദിച്ച്

ഉദ്ധതമായി നിൽക്കുന്ന

ആ മസ്തകം?

സ്വയം ആലവട്ടമായിമാറി വീശുന്ന

ആ പാളച്ചെവികൾ?

സംശയത്തോടെ ചിമ്മിയും തുറന്നും

ചുറ്റിനും നിരീക്ഷിക്കുന്ന

ആ കണ്ണുകൾ?

നിശ്ശബ്ദഭീഷണിയായ് നീളുന്ന

ആ തുമ്പിക്കൈ?

കാൽക്കീഴിലെ ഭൂമി ചവുട്ടിമെതിക്കുന്ന

ലഹരിയിൽ

നൃത്തംചെയ്യുന്ന തൂണുകളായി

ആ കാലുകൾ?

ആണികൾ കൂർത്ത ചാട്ടയായ് പുറകിൽ

ചുഴറ്റിക്കളിക്കുന്ന

ആ വാല്?

ഇത്രയൊക്കെയായിട്ടും

നിങ്ങൾക്കതിനെ കാണാനാകുന്നില്ലേ?

എനിക്കെല്ലാം വ്യക്തമായിക്കാണാമല്ലൊ!

എന്നാൽ കാത്തിരിക്കു…

നാളെയൊരിക്കൽ

ആ കൊമ്പുകളിൽ കോർത്ത് നിങ്ങളെ

മുകളിലേക്കെറിയുമ്പോൾ

ഒരു പക്ഷേ…!

എങ്കിൽ, ഇതുകൂടി പറയട്ടെ-

നിങ്ങൾക്ക് കാണാനാകാത്തതു-

കൊണ്ട് തന്നെയാണു

അതിവിടെ, ഇങ്ങിനെ,

നിലകൊള്ളുന്നത് !

poster design : Wilson Sarada Anand

Comments
Print Friendly, PDF & Email

You may also like