പൂമുഖം LITERATUREലേഖനം ‘അമ്മമലയാള’മല്ല, ‘വിജ്ഞാന മലയാള’മാണ് വേണ്ടത്

‘അമ്മമലയാള’മല്ല, ‘വിജ്ഞാന മലയാള’മാണ് വേണ്ടത്

മലയാളത്തിനു ഒരു സർവ്വകലാശാല എന്ന ആശയത്തിനു കുറഞ്ഞത് നൂറുവർഷത്തെ പഴക്കമെങ്കിലുമുണ്ട്. കേരളത്തിൽ ഒരു സർവ്വകലാശാല വേണമെന്നും അതിനു ‘മലയാള മഹാമന്ദിരം’എന്ന് നാമകരണം ചെയ്യണമെന്നും 1909ൽത്തന്നെ എ.ആർ. രാജരാജവർമ്മ നിർദ്ദേശം വെയ്ക്കുന്നുണ്ട്. ഇന്നത്തെ കേരളസർവ്വകലാശാലയുടെ പൂർവ്വരൂപം ആരംഭിക്കുന്നതുതന്നെ ഈ ലക്ഷ്യത്തെ മുന്നിൽക്കണ്ടുകൊണ്ടാണ്. അതിനർത്ഥം മലയാളിയുടെ ഭാഷാ സാഹിത്യപഠനത്തിന്റെ ചരിത്രത്തിനു അക്കാദമികമായ യുക്തിക്കപ്പുറം ഒരു സ്വയം പ്രതിരോധത്തിന്റെ സാംസ്കാരിക യുക്തി കൂടി പ്രവർത്തിക്കുന്നുണ്ട് എന്നാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കൊളോണിയൽ മൂല്യവ്യവസ്ഥയിൽ സ്വത്വം നഷ്ടപ്പെട്ട മലയാളീസമൂഹത്തിന്റെ രാഷ്ട്രീയസമരം എന്ന നിലയിലാണ് ഭാഷാസാഹിത്യ പഠനങ്ങളുടെ ആരംഭത്തെ വിലയിരുത്തേണ്ടത്.

എ.ആർ. രാജരാജവർമ്മ

രാജാധികാരവും വൈദേശികാധികാരവും തമ്മിൽ സന്ധിചെയ്തപ്പോഴും ചെറുത്തുനിൽപ്പിന്റെ നിരവധി പ്രത്യക്ഷവും പരോക്ഷവുമായ സമരമുഖങ്ങൾ തുറക്കപ്പെടുകതന്നെ ചെയ്തു. വൈദേശികമായ ഒരു സാംസ്കാരികാവബോധത്തിൽ സ്വന്തം ഭാഷയും സംസ്കാരവും നഷ്ടപ്പെടുന്നതിനെതിരായ രാഷ്ട്രീയ ജാഗ്രതയുടെ ഭാഗമായി വേണം മലയാളഭാഷാപഠനം ആരംഭിച്ചതിനെ വിലയിരുത്താൻ. ബ്രിട്ടിഷ് വ്യവസ്ഥയ്ക്കുള്ളിൽ നമ്മളാഗ്രഹിക്കുന്ന നമ്മുടെ സമൂഹം രൂപപ്പെടുത്താനുള്ള പരിശ്രമത്തിന്റെ ഭാഗമാണത്. അതായത് ‘മലയാളി’ എന്ന അവബോധനിർമ്മിതിയുടെ ചരിത്രവൽക്കരണപ്രക്രിയ എന്ന നിലയിലാണ് ഭാഷാസാഹിത്യപഠനത്തിന്റെ ആരംഭത്തെ വിശദീകരിക്കേണ്ടത്. ഇംഗ്ലീഷിന്റെ സമഗ്രാധിപത്യത്തിൽ ശ്വാസംമുട്ടിപ്പോയ ഒരു ജനത സാമൂഹ്യമായ അസ്തിത്വം നിലനിർത്താൻ നടത്തിയ സമരത്തിന്റെ തുടർച്ചകൂടിയാണത്.

മെക്കാളെ പ്രഭു

മെക്കാളെയുടെ വിദ്യാഭ്യാസപദ്ധതി വിഭാവനം ചെയ്ത ഇംഗ്ലീഷ് വിദ്യാഭ്യാസം ഇന്ത്യയിൽ ബ്രിട്ടീഷ് അധികാരയുക്തിയെ ആഴത്തിൽ ഉറപ്പിച്ചെടുക്കാനുള്ള ഉപാധിയായിരുന്നു. ലോകത്തെവിടെയുമെന്ന പൊലെ ഇന്ത്യയിലും ഭരണകൂടം അതിന്റെ അധികാരശക്തിയെ നിലനിർത്താനും വ്യാപിപ്പിക്കാനുമുള്ള ഉപകരണമായിത്തന്നെയാണ് വിദ്യാഭ്യാസപ്രക്രിയയെ ഉപയോഗിച്ചിരുന്നത്. ‘രക്തത്തിലും നിറത്തിലും ഇന്ത്യക്കാരനും അഭിരുചിയിലും സംസ്കാരത്തിലും വെള്ളക്കാരനു’മായ ഒരു ജനതയായിരുന്നല്ലോ മെക്കാളെയുടെ സ്വപ്നം. സാംസ്കാരികമായി കീഴ്പെടുത്താനുള്ള മാധ്യമം എന്നനിലയിൽ വിദ്യാഭ്യാസത്തെ അതിസമർത്ഥമായി ഉപയോഗിക്കാനുള്ള ശ്രമം ഇങ്ങനെ ഒരു വശത്ത് മുന്നേറിയപ്പോഴാണ് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി സ്വദേശീയമായ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചിന്ത ശക്തിപ്പിട്ടുവരുന്നത്. ‘ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ഉത്തമാംശങ്ങളുടെ ആവിഷ്കാര’മായി ഗാന്ധിജി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെ കൊളോണിയൽ ഘടനയ്ക്കകത്ത് പുനർനിർവ്വചിച്ചു. ഇത് പ്രധാനമായും വിഭാവനം ചെയ്യപ്പെട്ടത് ഭാഷാബോധത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. നിലനിൽക്കുന്ന സാമ്പ്രദായിക വിദ്യാഭ്യാസത്തിനു ബദൽ എന്നനിലയിൽ മാതൃഭാഷാബോധനത്തെ അദ്ദേഹം മുന്നോട്ടുവെച്ചു. ഇന്ത്യക്കാരുടെ മൊത്തം ഭാഷയല്ലാഞ്ഞിട്ടും ഹിന്ദിയെ ഇന്ത്യൻ ജനതയുടെ ദേശീയഭാഷയായി പ്രഖ്യാപിച്ചു. ഇന്ത്യൻ ജനതയെ ദേശീയമായി ഒന്നിപ്പിക്കാനുള്ള ഉപാധിയായി ഹിന്ദിപഠനത്തേയും പ്രചരണത്തേയും ഗാന്ധിജി വിഭാവനം ചെയ്തു. ദേശീയഭാഷ എന്ന സങ്കല്പത്തെ ശക്തമായി അവതരിപ്പിച്ചപ്പോൾത്തന്നെ നാട്ടുഭാഷകളുടെ പഠനത്തിന്റെ രാഷ്ട്രീയമായ ഉള്ളടക്കം വിശദീകരിക്കാൻ അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരുന്നു.

സാധാരണജനങ്ങൾക്ക് ജീവിതാവശ്യങ്ങൾ നിർവ്വഹിക്കാൻ മറ്റൊരുഭാഷയെ ആശ്രയിക്കേണ്ടിവരുന്നതിനെ ‘വേദനാജനകമായ ദാസ്യം’ എന്നാണ് ഗാന്ധിജി വിശേഷിപ്പിക്കുന്നത്. “തങ്ങളുടേതല്ലാത്ത ഭാഷയിൽ ബോധനം സ്വീകരിക്കുന്ന ഒരു രാജ്യത്തിലെകുട്ടികൾ ആത്മഹത്യയാണ് ചെയ്യുന്നതെന്ന് എനിക്കുറപ്പുണ്ട്. അതവരുടെ ജന്മാവകാശത്തെ അപഹരിക്കലാണ്. ഒരു വൈദേശികാദ്ധ്യയന ഭാഷ ചെറുപ്പക്കാരുടെ മേൽ അനർഹമായ ഭാരം ചുമത്തുന്നു; അതവരുടെ നൈസർഗ്ഗികസിദ്ധികളെ അപഹരിക്കുന്നു; വളർച്ച മുട്ടിക്കുന്നു;അതവരെ സ്വന്തം വീട്ടിൽനിന്നും ഒറ്റപ്പെടുത്തുന്നു; തന്മൂലം ഞാൻ അത്തരം കാര്യം ഒരു ദേശീയ ദുരന്തമായി കണക്കാക്കുന്നു. ഗാന്ധിജി അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. ഇങ്ങനെ പ്രധാനമായും ഭാഷയെ മുൻ നിർത്തി കൊളോണിയൽ വിദ്യാഭ്യാസരീതിക്ക് ബദലായി സമഗ്രമായ ഒരു തദ്ദേശീയ വിദ്യാഭ്യാസ പരിപ്രേക്ഷ്യം അവതരിപ്പിച്ചു എന്ന് മാത്രമല്ല, അതിനെ ദേശീയസ്വാതന്ത്ര്യസമരത്തിന്റെ മുന്നുപാധിയായി സ്വീകരിക്കുകയും ചെയ്തു. അതുമൂലം കൈത്തൊഴിൽ അഭ്യസിക്കുന്നവരും മാതൃഭാഷപഠിക്കുന്നവരും ഹിന്ദിപഠിക്കുന്നവരും ഖദർ ധരിക്കുന്നവരും എല്ലാം സ്വാതന്ത്ര്യസമര പോരാളികളായി. ഭാഷാപഠന പ്രക്രിയയെ രാഷ്ട്രീയസമരത്തിന്റെ ഭാഗമായി കാണാനും രാഷ്ട്രീയമായ ഉള്ളടക്കമില്ലാത്ത വിദ്യാഭ്യാസവീക്ഷണം, അത് എത്രമേൽ മഹത്തരമായ ബദൽ സ്വപ്നങ്ങളെ മുന്നോട്ടു വെച്ചാലും മനുഷ്യന്റെ വിമോചനമൂല്യത്തെ അഭിസംബോധന ചെയ്യാനുതകില്ലെന്നതാണ് ഗാന്ധിയൻ വിദ്യാഭ്യാസദർശനത്തിന്റെ ഉള്ളടക്കം. ഈ ഒരു പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ടുവേണം ‘ഭാഷയ്ക്കൊരു സർവ്വകലാശാല’ എന്ന ആശയത്തെ വിശകലനം ചെയ്യാൻ. ഭാഷാപഠനത്തിന്റെ രാഷ്ട്രീയയുക്തിയുമായി അത് ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

1912ൽ തന്നെ മലയാളത്തിനു ഒരു സാങ്കേതിക പദ നിഘണ്ടു വേണമെന്ന നിർദ്ദേശം ഉയർന്നുവരുന്നുണ്ട്. അതിനുവേണ്ടി എ ആർ രാജരാജവർമ്മയും ശിഷ്യൻ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും ചേർന്ന് പരിശ്രമിക്കുന്നുമുണ്ട്. ശാസ്ത്ര-സാങ്കേതിക മേഖലകളിൽ സുഗമമായ വ്യവഹാരത്തിനുതങ്ങുന്ന ഭാഷയായി മലയാളത്തെ മാറ്റിയെടുക്കാനുള്ള പരിശ്രമത്തിനു പക്ഷേ, തുടർച്ചയുണ്ടായില്ല. അതിനുകാരണം അധികാരത്തിന്റെ ഭാഷ എന്ന നിലയിൽ ഭരണതലങ്ങളിൽനിന്ന് മലയാളത്തെ മാറ്റിനിർത്താൻ കാട്ടിയ ‘ജാഗ്രത’തന്നെയായിരുന്നു. ഏത് ശാസ്ത്രവിഷയവും അനായസമായി കൈകാര്യം ചെയ്യാനുള്ള ശേഷി മലയാളത്തിനു കൈവന്നേ മതിയാകൂ. അടിസ്ഥാനപരമായി അതിനുള്ള ഉപാധിയായി മാറേണ്ടതാണ് മലയാളം സർവ്വകലാശാല. മലയാളം രണ്ടാം ഭാഷയായുള്ള പഠനം പത്താംതരം കൊണ്ട് നിർത്തലാക്കണമെന്നും തുടർന്നങ്ങോട്ട് എല്ലാ വിഷയങ്ങളും മലയാളത്തിൽ പഠിക്കാനുള്ള അവസരങ്ങളാണ് കുട്ടികൾക്കുണ്ടാകേണ്ടതെന്നും അമ്പതുവർഷം മുമ്പ് തന്നെ ഇ.എം.എസ് വിശദീകരിക്കുന്നുണ്ട്.

ഇ.എം.എസ്

മറ്റ് വിജ്ഞാനമേഖലകളുടെ വ്യവഹാരത്തിനുതകുന്ന ഭാഷയായി മലയാളം മാറാനുള്ള വഴി എന്ന നിലയിലാണ് ഈ നിർദ്ദേശം പ്രസക്തമാകുന്നത്. 1857ൽ മദ്രാസ് സർവ്വകലാശാല സ്ഥാപിക്കപ്പെട്ടതുമുതൽ പരിശോധിച്ചാൽത്തന്നെ കൊളോണിയൽ വിദ്യാഭ്യാസ ഘടനയിൽ ഒരു ഘട്ടത്തിലും ശാസ്ത്ര വിഷയങ്ങളുൾപ്പടെ മാതൃഭാഷയിൽ പഠിക്കാനുള്ള അവസരങ്ങളുണ്ടായിരുന്നില്ല. നാട്ടുഭാഷാ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ബ്രിട്ടീഷുകാരുടെ കാഴ്ചപ്പാടുകൾ കൃത്യമായ കൊളോണിയൽ താല്പര്യങ്ങളെ മുന്നിൽ നിർത്തിത്തന്നെയായിരുന്നു. മലയാളത്തെ മലയാളമാക്കി ‘പ്രത്യേക പരിഗണന’ നൽകി നിലനിർത്താൻ അവർ പ്രത്യേകം ശ്രദ്ധിച്ചു! ഇങ്ങനെ ചരിത്രപരമായിത്തന്നെ മാതൃഭാഷയ്ക്ക് വിജ്ഞാനമേഖലയിൽ ഉണ്ടായിരുന്ന അയിത്തം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും തുടർന്നു. എന്നാൽ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനവിഭജനത്തിനു ശേഷം സംസ്ഥാനങ്ങൾ തങ്ങളുടെ വിവേചനാധികാരമുപയോഗിച്ച് സ്വന്തം ഭാഷയുടെ ശക്തിക്കും നിലനിൽപ്പിനും വേണ്ടി നിലകൊണ്ടു. അപ്പൊഴും പ്രബുദ്ധമെന്ന് വിളികൊണ്ട മലയാളീ സമൂഹത്തിനു ഭാഷയുടെ രാഷ്ട്രീയ അവബോധം തിരിച്ചറിയാനായില്ല. തമിഴന്റെ ‘ഭാഷാ ഭ്രാന്തി’നെ അവസരം കിട്ടുമ്പോഴെല്ലാം പരിഹസിച്ചുകൊണ്ട് നമ്മൾ ഔദ്യോഗിക ഭരണതലങ്ങളിൽ ഇംഗ്ലീഷിനെ വാരിപ്പുണർന്നു. അതുകൊണ്ട് ‘മലയാളം’ ‘മലയാളം’ എന്ന യാന്ത്രികമായ നിലവിളികളെ അഭിസംബോധന ചെയ്തുകൊണ്ടല്ല ഭാഷയ്ക്കൊരു സർവ്വകലാശാല എന്ന ആശയത്തെ അഭിമുഖീകരിക്കേണ്ടത്. നമ്മുടെ കാവ്യസങ്കല്പങ്ങളിലെ ‘അമ്മ മലയാള’വും ‘നന്മമലയാള’വും എല്ലാം മലയാളത്തെ ഒരു തരം കാല്പനികമായ തുരുത്തിൽ കൊണ്ടുചെന്ന് കെട്ടിയിടുന്നതിനാണ് അത്യന്തികമായി ശ്രമിച്ചത്.

അധികാരത്തിന്റെ ഭാഷയാക്കി മലയാളത്തെ മാറ്റാൻ ഈ പറയുന്ന കാല്പനികഭാഷാ രോദനങ്ങൾക്ക് കഴിഞ്ഞില്ല. പകരം ആരെയും ബുദ്ധിമുട്ടിക്കാത്ത, ഗൗരവപ്പെട്ട വ്യവഹാരങ്ങൾക്ക് ആരും ഉപയോഗിക്കാത്ത ഒരു തരം മധ്യവർഗ്ഗ വഴുവഴുപ്പുള്ള ഭാഷയാക്കി മലയാളം മാറി. ഔദ്യോഗിക ഭാഷ എന്ന സങ്കല്പം തന്നെ മലയാളത്തെ സംബന്ധിച്ചിടത്തോളം പരിഹാസത്തിനും വിവാദങ്ങൾക്കും മാത്രമുള്ളതായി മാറി. പല ഇംഗ്ലീഷ് പദങ്ങൾക്കും വികൃതതർജ്ജുമകൾ ഉണ്ടാക്കി മലയാളിതന്നെ രസിച്ചു. അധികാരത്തിന്റെ മേഖലകളിലെല്ലാം ഇംഗ്ലീഷ് തന്നെ മേലാളഭാഷയായി തുടർന്നു. ഗൗരവമാർന്ന ഗവേഷണമേഖലകളിലൊന്നും മലയാളത്തിനു പ്രവേശനമുണ്ടായില്ല. ഈ അവസ്ഥ പ്രബലപ്പെട്ടുനിൽക്കുന്ന സവിശേഷമായ ഒരു വർത്തമാനകാലത്ത് നിന്നുകൊണ്ടാണ് മലയാളം സർവ്വകലാശാല എന്ന ആശയത്തെ നാം വിശകലനം ചെയ്യേണ്ടത്. ഉന്നതവിദ്യാഭ്യാസമേഖലയിൽ ഇന്ന് നിലനിൽക്കുന്ന തരത്തിലുള്ള ഭാഷാപഠന വകുപ്പുകൾ ആരംഭിക്കാനാണെങ്കിൽ അതിനു പുതിയസർവ്വകലാശാല വേണമെന്നില്ല. നിലവിലുള്ള ഗവണ്മെന്റ് കോളേജുകളിൽത്തന്നെ അത് തുടങ്ങാവുന്നതേയുള്ളൂ. മറ്റ് വിജ്ഞാനമേഖലകളുമായി മുഖാമുഖം നിൽക്കുന്ന ഭാഷയാക്കി മലയാളത്തെ മാറ്റാനും വിവിധ വിഷയമേഖലകളിലെ അറിവുകൾ ഭാഷയെ സമ്പുഷ്ടമാക്കാനുമുള്ള ഉപാധി എന്ന നിലയിലാണ് മലയാളം സർവ്വകലാശാലയെ വ്യവഹരിക്കേണ്ടത്. എല്ലാ ലോകഭാഷകളും ഇവിടെ പഠനവിഷയമാകണം. ശാസ്ത്രപഠനം മലയാളത്തിൽ നടത്താനുള്ള അവസരമൊരുക്കണം. അതിനുതകുന്ന തരത്തിൽ ഭാഷയുടെ സാങ്കേതികപദാവലീ വികാസത്തിനാവശ്യമായ ഗവേഷണങ്ങൾക്ക് മുന്തിയ പരിഗണൻ നൽകണം. മറ്റ് ലോകഭാഷകളിൽനിന്നുള്ള അറിവുകൾ നമ്മുടെ ഭാഷയിലേക്കും തിരിച്ചും പ്രവഹിക്കണം. ഇംഗ്ലീഷ് അറിയാത്തതിന്റെ പേരിൽ മാത്രം ഉന്നതവിദ്യാഭ്യാസമേഖലയിൽ പ്രവേശനം നിഷേധിക്കപ്പെടുന്ന ഗ്രാമങ്ങളിലെ കുട്ടികൾക്ക് ശാസ്ത്രവും ഗണിതവും എല്ലാം സ്വന്തം ഭാഷയിൽ പഠിക്കാനുള്ള അവസരമുണ്ടാകണം. ഗണിത-ശാസ്ത്ര പഠനങ്ങളുടെ സൗന്ദര്യാത്മകതലം വെളിപ്പെടാനുള്ള ഉപാധിയായി സാഹിത്യപഠനത്തെ കാണണം. വസ്തുനിഷ്ഠമായ ഒരാശയത്തെ ആത്മനിഷ്ഠവും വൈകാരികവുമായി പരിവർത്തിപ്പിക്കാനുള്ള സാഹിത്യത്തിന്റെ സിദ്ധിയെ ആ നിലയിൽ വിലയിരുത്തുകയും സമീപിക്കുകയും വേണം.

ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠസ്വഭാവത്തെ സാഹിത്യത്തിന്റെ അനുഭൂതിതലവുമായി സമന്വയിപ്പിക്കുമ്പോഴാണ് ശാസ്ത്രപഠനം കൂടുതൽ സർഗ്ഗാത്മകമാകുന്നത്. കേവലസാഹിത്യപഠനം എന്ന സമീപനമല്ല ഭാഷാസർവ്വകലാശാല പിന്തുടരേണ്ടത്. സമസ്തവിജ്ഞാന ശാഖകളേയും ഉൽഗ്രഥിക്കാനുള്ള പൊതുമാധ്യമമായി മാതൃഭാഷയെ മാറ്റാനുള്ള രാഷ്ട്രീയാവബോധമായിരിക്കണം മലയാളം സർവ്വകാലാശാലയെ നയിക്കുന്നത്. അല്ലാതെ, സങ്കുചിതവും പരിമിതവും ഭൂതകാലരതിയിൽ നിന്നു വിമോചിതമാകാത്തതുമായ സാമ്പ്രദായികഭാഷാപഠനസങ്കല്പനവും കൊണ്ട് ഭാഷാസർവ്വകലാശാലയെ നിർവ്വചിക്കാൻ ശ്രമിക്കുന്നത് അത്യന്തികമായി മലയാളീ സമൂഹത്തോട് ചരിത്രപരമായി ചെയ്യുന്ന അനീതിയായിരിക്കും.

Comments
Print Friendly, PDF & Email

You may also like