പൂമുഖം ഓർമ്മ ഒരു ഗോൾ കീപ്പറുടെ വേവലാതികൾ

ഒരു ഗോൾ കീപ്പറുടെ വേവലാതികൾ

എയർഫോഴ്സ് കാലം. ട്രെയിനിംഗ് കാലം തൊട്ട് സുഹൃത്തുക്കളായ ബാബുവും ബാലനും വോളിബോൾ കളിക്കാൻ പ്രഗത്ഭരായിരുന്നു. രണ്ട് പേർക്കും ആറടി പോക്കവുമുണ്ട്. അംബാലയ്ക്ക് അടുത്തുള്ള യൂണിറ്റിൽ പോസ്റ്റിംഗ് കിട്ടി രണ്ട് പേർക്കും. അങ്ങനെ കമാൻഡ് വോളിബോൾ ചാമ്പ്യൻഷിപ്പ് വന്നപ്പോൾ സെലക്ഷന് പോയി. ടീമിൽ ഇടം കിട്ടി. അക്കൊല്ലം അംബാല ഏരിയ കപ്പടിച്ചു. സന്തോഷത്തോടെ തിരിച്ചെത്തി സെക്ഷനിൽ തിരക്കുള്ളത് കൊണ്ട് ബാലൻ യൂണിറ്റിലേക്ക് തിരിച്ചു പോയി. ബാബു സ്പോർട്സ് സെക്ഷനിൽ തുടർന്നു. കപ്പടിച്ച ആഘോഷം കഴിഞ്ഞ് യൂണിറ്റിൽ തിരികെ പോകാനിരിക്കുകയായിരുന്നു ബാബു.

വര -പ്രസാദ്

കമാൻഡ് ഹാൻഡ് ബോൽ മത്സരം ഉടനെ വരികയാണ്. കഴിഞ്ഞ തവണ ആട്ടിമറിയിലൂടെ നടാടെ ജേതാക്കളായിരുന്നു അംബാല. പക്ഷെ ആ വിജയികൾക്ക് വേണ്ട വിധത്തിൽ സ്വീകരണം കൊടുത്തിരുന്നില്ല. അത് കൊണ്ട് കളിക്കാരെല്ലാം ഇപ്രാവശ്യം മത്സരങ്ങളിൽ നിന്ന് ഒഴിഞ്ഞു. ചുരുക്കത്തിൽ ഇന്റർ ഏരിയ കളിക്കാൻ ടീമില്ല. സ്പോർട്സ് സെക്ഷൻ ആകെ വേവലാതി പൂണ്ടു. എങ്ങനെ ഒരു ഹാൻഡ് ബോൾ ടീമിനെ ഒപ്പിയ്ക്കും? അത് കൊണ്ട് അംബാലയിൽ എത്തിയ വോളിബോൾ, ഫുട്ബോൾ കളിക്കാരിൽ നിന്ന് ഒരു ഹാൻഡ് ബോൾ ടീം തട്ടിക്കൂട്ടി. ബാബു ആണെങ്കിൽ മുമ്പൊരിക്കലും ഹാൻഡ് ബോൾ കളിച്ചിട്ടുമില്ല. ബാബുവിനെ ഗോൾ കീപ്പറാക്കി. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റായ ഭട്ടിണ്ടയിൽ വച്ചാണ്‌ ഇപ്രാവശ്യം ടൂർണമെന്റ്.

അങ്ങനെ തട്ടിക്കൂട്ടിയ അംബാല ടീം ഭട്ടിണ്ടയിൽ എത്തി. ഉദ്‌ഘാടന മത്സരം കഴിഞ്ഞ തവണത്തെ ജേതാക്കളായ അംബാലയും ആതിഥേതയരും കഴിഞ്ഞ തവണത്തെ റണ്ണേഴ്സുമായ ഭട്ടിണ്ടയും തമ്മിലാണ്.

ഗോൾ വലയത്തിൽ ബാബുവിന്റെ പരീക്ഷണം. ഹാൻഡ് ബോളിന് നല്ല കട്ടിയുണ്ട്. ദേഹത്ത് കൊള്ളാതെ സൂക്ഷിയ്ക്കണം. ഭട്ടിണ്ട ടീമിൽ ഏഷ്യാഡ്‌ ഒക്കെ കളിച്ച, പരംജിത്ത് സിംഗ് എന്ന നാഷണൽ ടീമിലുള്ള കളിക്കാരനും കമാൻഡ് കളിക്കാരൊക്കയുണ്ട്.

കഴിഞ്ഞ തവണത്തെ ജേതാക്കളായത് കൊണ്ട് അംബാല കരുത്തരായിരിക്കുമെന്ന് എല്ലാവരും കരുതി. മത്സരം തുടങ്ങി. ഭട്ടിണ്ട ഒരു ഗോളടിച്ചു. അംബാല തിരിച്ചടിച്ചു. അവർ രണ്ടാമതും അടിച്ചു, അംബാല തിരികെയടിച്ചു. അങ്ങനെ 8-8 എന്ന നിലയിലായി. അംബാല ടീമിനെ അവർ അളന്നെടുത്തു. പിന്നീട് ഭട്ടിണ്ട ടീമിന്റെ ഒരു തേരോട്ടമായിരുന്നു. പരംജിത്ത് സിംഗ് അംബാല ഗോൾ പോസ്റ്റിൽ തന്നെയായിരുന്നു. ഗോൾ കീപ്പറായ ബാബുവിന് ഒന്ന് രണ്ടെണ്ണം തടുക്കാൻ പറ്റി. പിന്നീട് ഒന്നും മനസ്സിലായില്ല. ആരൊക്കെയോ ഗോളടിച്ചു. അവരുടെ ഏറ് ഒന്നും കാണാൻ പോലും പറ്റിയില്ല. 43 ഗോളുകൾ അവർ എറിഞ്ഞു കൂട്ടി. ബോർഡിൽ സ്കോർ മാറ്റുന്നവർക്ക് വിശ്രമമേ ഉണ്ടായിരുന്നില്ല.

ബാബു ഹിഗ്വറ്റയെ ഓർത്തു. ഗോൾ വലയത്തിന്റെ ഏകാന്തത മടുത്ത് മുന്നോട്ട് കയറി കളിച്ച കൊളമ്പിയയുടെ ഫുട്ബോൾ ഗോൾ കീപ്പർ. ഗോൾ വർഷം മടുത്ത് പോസ്റ്റ്‌ വിട്ട് ഓടാൻ തോന്നി ബാബുവിന്. മത്സരം കഴിഞ്ഞപ്പോഴാണ് ആശ്വാസമായത്. കൈയ്ക്ക് പരിക്ക് പറ്റിയ വേദനയെന്ന കാരണത്താൽ ബാബു അടുത്ത മത്സരത്തിൽ നിന്ന് മാറി നിന്നു. മത്സരം കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും ഗോൾ വലയത്തിൽ നിസ്സഹായനായി നിന്ന് ഗോളുകൾ ഏറ്റ് വാങ്ങേണ്ടി വന്ന അവസ്ഥ ബാബുവിനെ പിന്തുടർന്നു.

Comments
Print Friendly, PDF & Email

ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

You may also like