വർഷത്തിൽ രണ്ടു പ്രാവശ്യം കുടുംബവീട്ടിൽ വന്നുതാമസിക്കുമായിരുന്ന വൃദ്ധസന്യാസിയായ ഒരു ബന്ധു എനിക്കുണ്ടായിരുന്നു.ബന്ധങ്ങളഴിച്ചു വരുമ്പോൾ എൻ്റെ മുത്തശ്ശിയുടെ അമ്മാവനായിട്ടുവരും. അവർ സമപ്രായക്കാരായിരുന്നു. എല്ലാവരും വിളിക്കുന്ന വല്യമ്മാവനെന്ന അതേ വിളി തന്നെ ഞാനും അദ്ദേഹത്തെ വിളിച്ചു. സിലോണിൽനിന്ന് കാലവർഷക്കാറ്റ് ചെങ്ങന്നൂരിലെത്തുന്ന അതേ ദിവസമാണ് തെക്കുനിന്നുള്ള മെയിലിൽ അദ്ദേഹവും അവിടെ തീവണ്ടിയിറങ്ങുന്നത്. അപ്പോൾ സന്യാസിയുടെ ചടച്ചുയർന്ന വൃദ്ധദേഹത്തെപ്പൊതിഞ്ഞ് മഴത്തുള്ളികൾ രസിക്കും.
എനിക്കോർമ്മയുള്ളപ്പോഴൊക്കെ അദ്ദേഹം വീട്ടിൽ വന്നിട്ടുള്ളത് അന്തി പരക്കുന്ന പരപരാ വെട്ടത്തിലാണ്. എന്നിട്ട് വിളക്കുതൊഴുത് ആരോടുമൊന്നും മിണ്ടാതെ കടവിൽപ്പോയി ദീർഘനേരം മുങ്ങിക്കിടക്കും. ജലരാശിയുടെ അപാരത അയാളെ ഇഹലോകത്തു നിന്ന് മറച്ചുപിടിക്കും. യാത്രകളുടെ അലച്ചിലും മുഷിവും കഴുകിക്കളഞ്ഞ് പുഴ അയാളെ സ്ഫുടം ചെയ്തെടുക്കും. വന്നുകഴിഞ്ഞാൽ രണ്ടുരാത്രിയും ഒരു പകലും മാത്രമേ അദ്ദേഹം വീട്ടിൽ കഴിയുകയുള്ളൂ. രണ്ടാമത്തെ രാത്രിയുടെ അവസാന പാദങ്ങളിലൊന്നിൽ ആരോടും യാത്ര പറയാതെ വന്നതുപോലെ മടങ്ങിപ്പോകുകയും ചെയ്യും. അന്നേരം പുറത്ത് ജലമറയുള്ള പല്ലക്കുമായി മഴ കാത്തുനിൽക്കുന്നുണ്ടായിരിക്കും. മഴയോടൊപ്പം സന്യാസിയും വടക്കോട്ടുപോവും.തലക്കാവേരിയും കൊങ്കണവും കടക്കുമ്പോൾ മഴമനസ്സ് രണ്ടായിപ്പിരിയും. അതിലൊന്ന് മാളവം വഴി ദില്ലിക്കുള്ളതാണ്. അതിലാണ് വലിയമ്മാവൻ്റെ തുടർയാത്ര ! മാസങ്ങൾ കഴിഞ്ഞ് വടക്ക് പൈൻ മരങ്ങളുടെ ഇലപഴുത്തുകൊഴിയാൻ തുടങ്ങുന്ന ആദ്യത്തെ ആഴ്ചയിൽത്തന്നെ സന്യാസി ഭാണ്ഡം മുറുക്കി തെക്കോട്ടു യാത്രതിരിക്കും. ആ യാത്രയ്ക്കിടയിലും വീട്ടിലൊന്നുകയറും.
വീട്ടിൽവരുന്ന സമയത്ത് ആകാശം തെളിഞ്ഞ വൈകുന്നേരം കിട്ടിയാൽ എന്നെയും കൂട്ടി നടക്കാനിറങ്ങും. ആരെങ്കിലും അവരുടെ വീട്ടിലേക്ക് വിളിച്ചാൽ പുഞ്ചിരിച്ചുകൊണ്ട് നിരസിക്കും. കുഞ്ഞുങ്ങളുടെ നെറുകയിൽ വിരൽതൊട്ട് ഹരി ഓം എന്നു മന്ത്രിക്കും. പരിചിതരാണെങ്കിലും വലിയമ്മാവൻ ആരോടും ഒന്നും തിരക്കിയില്ല. എല്ലാവരുടെയും ചോദ്യങ്ങൾക്ക് പുഞ്ചിരികൊണ്ട് തിരശ്ശീലയിടുകയും ചെയ്തു. എല്ലാം പരിത്യജിച്ചവൻ്റെ ആ ജന്മത്തെ ഞാൻ അത്ഭുതത്തോടെ നിരീക്ഷിച്ചു.
വർഷങ്ങളായി ചങ്ങലക്കിട്ടിരിക്കുന്ന മാധവി വലിയമ്മായിയുടെ പടിക്കലെത്തുമ്പോഴാണ് അത്ഭുതം നടക്കുന്നത്. ഭ്രാന്തിൻ്റെ ജല്പനങ്ങൾ മറന്ന് എൻ്റെ രാഘവൻ കൊച്ചാട്ടോന്ന് അമ്മായി നീട്ടിവിളിക്കും. അപ്പോൾ അവരുടെ ശബ്ദം ഒരു ഭാവഗായികയുടെ ഗാനശ്രമം പോലെ തോന്നിച്ചു. സർവ്വവും ത്യജിച്ചവന് എന്താണുള്ളത്. ഒരു പേരുപോലും അവനില്ല! അന്നേരവും വൃദ്ധൻ ഹരി ഓം എന്ന് പറഞ്ഞു. അമ്മായിക്ക് രണ്ടു പേർ മുണ്ടുകൊടുത്തിട്ടുള്ളതാണ്. രണ്ടാമത്തെയാളിൻ്റെ നിരന്തരപീഡനം കൊണ്ടാണ് അവർക്ക് ബുദ്ധിസ്ഥിരത പോയതെന്ന് മുത്തശ്ശി പറഞ്ഞുകേട്ടിട്ടുണ്ട്. അതല്ല, അയാളുടെ രഹസ്യക്കാരിയായ ജോലിക്കാരി ദിവസേന ഓരോ തുള്ളി വിഷം കൊടുത്തു കൊടുത്ത് അവരുടെ ബുദ്ധികെട്ടുപോയതാണെന്ന് ലീലാമണി രഹസ്യമായി എന്നോടു പറഞ്ഞിട്ടുള്ളതാണ്. ആ വിവരം പുറത്തുവിടരുതെന്ന് അവൾ കൈയിൽ തൊട്ട് സത്യം ചെയ്യിച്ചതുമാണ്. എന്നിട്ടും ഞാനത് വല്യമ്മാവനോട് പറഞ്ഞുകൊടുത്തു. ഒരു സ്ത്രീയുടെ ദാരുണകഥ കേട്ടിട്ടും സന്യാസി നിശ്ചിന്തനായി നടന്നതേയുള്ളൂ. എനിക്ക് സങ്കടവും നീരസവും തോന്നി. അത് മനസ്സിലാക്കിയിട്ടെന്നോണം അയാൾ ഇത്രയും കൂടെ പറഞ്ഞു. വാസനകളാണ് മനുഷ്യനെ ഓരോന്നു ചെയ്യിപ്പിക്കുന്നത്. ഇതോടെ ഞാൻ തീർത്തും നിരായുധനായി. ഇതെന്തു ഭാഷയാണ്? എന്തായാലും സാധാരണ മനുഷ്യൻ്റേതല്ല.
വൈകുന്നേരത്തെ ആ നടപ്പ് നടന്നുനടന്ന് ഞങ്ങൾ സാധാരണ പഞ്ചവടിയിലാണെത്തുക.പഞ്ചവടിയിൽ നിന്നാൽ ആകാശത്തിൻ്റെ പൂർണ്ണദൃശ്യം കിട്ടും. കമിഴ്ത്തിവച്ച പടുകൂറ്റൻ ചിരട്ടയുടെ കുഴിയൻ ഭിത്തിയിൽ ഞാന്നുകിടക്കുന്ന നക്ഷത്രങ്ങളുടെ പൊലിമ . വലിയമ്മാവന് ആകാശഗംഗ മന:പാഠമായിരുന്നു. എട്ടുവയസ്സുള്ള എനിക്ക് ആകാശഗംഗയിലെ കടവുകളെപ്പറ്റി പറഞ്ഞു തന്നത് അദ്ദേഹമാണ്.
“അതാ പറന്നുതാഴുന്ന പക്ഷിയെപ്പോലൊരു നക്ഷത്രക്കൂട്ടം നീ കണ്ടോ?”
ഞാൻ സൂക്ഷിച്ചു നോക്കി ഓരോ നോട്ടത്തിലും ആകാശക്കാഴ്ച തെളിഞ്ഞു തെളിഞ്ഞു വന്നു. അവസാനം കണ്ടു. ചുണ്ടുനീട്ടി താഴ്ന്നിറങ്ങുന്ന പടുകൂറ്റൻ പക്ഷി !! ഞാൻ തലകുലുക്കി. അതിൻ്റെ ചുണ്ട് മരീചിയാണ്. കണ്ണ് വസിഷ്ഠനാണ്. പിന്നെ അംഗിരസ് ! അങ്ങനെ പക്ഷിയുടെ ഓരോ ഇടങ്ങളിലും ഓരോ മുനികളാണ്. ആകെ ഏഴുപേർ !! സന്യാസി വിശദീകരിച്ചു. മുനിയെന്താണെന്ന് ചെറിയൊരു ധാരണയെനിക്കുണ്ടായിരുന്നു. എന്നിട്ടും ഞാൻ സംശയം ചോദിച്ചു.
“എന്താണ് മുനിയെന്നു വച്ചാൽ ?”
വലിയമ്മാവൻ വിശദീകരിച്ചു. എല്ലാം ഉപേക്ഷിച്ചയാളാണ് മുനി.സ്വന്തം പേരു പോലും! അവർക്ക് ഈ ലോകത്ത് മറ്റാരും തന്നെയില്ല. അത്തരമൊരു സാഹചര്യം എനിക്കോർക്കാൻ പോലും കഴിയുമായിരുന്നില്ല.
ഞാൻ വീണ്ടും സംശയം ചോദിച്ചു.
“വലിയമ്മാവൻ മുനിയല്ലേ?”
എൻ്റെ ചോദ്യം കേട്ട് അയാൾ ചിരിച്ചതേയുള്ളൂ. എൻ്റെ സംശയം തീരുന്നില്ലായിരുന്നു.
“വലിയമ്മാവനും ഒടുക്കം നക്ഷത്രമാകുമോ?”
വൃദ്ധൻ ഉറക്കെച്ചിരിച്ചു.
“ഇല്ല “
ഞാൻ ചോദ്യരൂപേണ അയാളെ നോക്കി. അദ്ദേഹം പറഞ്ഞു. ജന്മങ്ങൾ തീരണം. എന്നാലേ നക്ഷത്രമാകൂ.
എനിക്കൊന്നും പിടികിട്ടിയില്ല. മനുഷ്യജന്മത്തിൻ്റെ പോക്കുവരവുകളിൽ എന്തൊക്കെയോ ദുരൂഹതകളുണ്ടെന്ന് തോന്നുകമാത്രം ചെയ്തു.
വീട്ടിൽ മടങ്ങിയെത്തുവോളം പിന്നെ ഞങ്ങളൊന്നും മിണ്ടിയില്ല. വന്നപാടെ തൻ്റെ ഭാണ്ഡംതുറന്ന് പല നിറത്തിലുള്ള ചിലപൊതികളെടുത്തു. വിഭൂതിയുടെ പരിമളത്താൽ വീടകം നിറഞ്ഞു.
“ഒക്കെ ഓരോ യാത്രകളുടെ ഓർമ്മയാണ്. ” സന്യാസിയുടെ വാക്കുകൾക്ക് യാത്രയുടെ തിരക്ക്.
“ദേവാലയങ്ങൾ മാത്രമല്ല, എണ്ണമറ്റ നദീതീരങ്ങൾ, ജനപഥങ്ങൾ,ആളൊഴിഞ്ഞ മരുഭൂമികൾ, കുഷ്ഠരോഗികൾ മാത്രം താമസിക്കുന്ന തെരുവുകൾ…….. “
എന്തിനായിരുന്നു ഈ യാത്രകളെന്ന് കേട്ടിരുന്നവർക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ആരും ഒന്നും ചോദിച്ചില്ല.
ചോദിക്കപ്പെട്ടില്ലെങ്കിലും വൃദ്ധൻ തന്നെ അതിന് മറുപടിയും പറഞ്ഞു
“ഉൾത്താപമകറ്റാനാണ് !!”
അടുത്തപകൽ അയാൾ സദാ നാമജപവുമായി ഒരിടത്തിരുന്നു. ഇടയ്ക്ക് എന്നെക്കണ്ടപ്പോൾ ചോദിച്ചു.
“നിനക്ക് ആശാനെ പഠിക്കാനുണ്ടോ?”
“ഉണ്ട് “
“എന്താണാ കവിതയുടെ പേര് ?”
ഞാൻ മറുപടി പറഞ്ഞു
“കുട്ടിയും തള്ളയും “
സന്യാസി ചിന്താധീനനായി. എന്നിട്ട് ചോദിച്ചു.
“നാമിങ്ങറിയുവതല്പം ….അല്ലേ ?”
ഞാനൊരു സ്വപ്നാടകനെപ്പോലെ തലയാട്ടി. എനിക്കതിൻ്റെ ആന്തരാർത്ഥങ്ങളൊന്നും ഗ്രഹിക്കാനുള്ള പ്രായമായിരുന്നില്ലല്ലോ! പരിവ്രാജകൻ തൻ്റെ ആകെസമ്പാദ്യമായ ഭാണ്ഡം തുറന്ന് ഒരു ഭസ്മപ്പൊതിയെടുത്തു. ഉജ്ജയിനിയിലെയാണ്. കാലനെക്കൊന്ന കാലനാണ്. അയാളണിഞ്ഞ വിഭൂതിയാണ്. അതിലൊരിത്തിരി നുള്ളിയെടുത്ത് എൻ്റെ നെറ്റിയിൽവരച്ച് സന്യാസി എന്നെ അനുഗ്രഹിച്ചു.
“ഭവഭീതിയാണ് ഏറ്റവും വലിയ പേടി. അതൊഴിയണം “
അജ്ഞതയാൽ ശ്വാസം മുട്ടി ഞാനിരുന്നതേയുള്ളൂ. പിന്നെയും അയാളെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. കനത്ത തത്വജ്ഞാനത്തിൻ്റെ ഇരുമ്പുവാതിൽ കടക്കാനാവാതെ എൻ്റെ ബാല്യം പിന്മാറി നിന്നു.
പതിവുതെറ്റിക്കാതെ അടുത്ത പുലർച്ചയ്ക്ക് ആരോടുമൊന്നും പറയാതെതന്നെ വൃദ്ധൻ മടങ്ങിപ്പോയി. പിന്നെ വരുന്നത് ഇടമുറിഞ്ഞ് തുലാം പെയ്യുന്ന ഒരു സന്ധ്യാസമയത്താണ്. അത്തരമൊരു വരവ് പതിവില്ലാത്തതാണ്.
വീട്ടിലാരുമില്ല. എല്ലാവരും മാധവി വലിയമ്മായിയുടെ ദഹനത്തിന് പോയിരിക്കുകയാണ്. സന്യാസി കിണറ്റിൻകരയിൽ പോയിക്കുളിച്ചു വന്ന് നിലവിളക്കുകൊളുത്തി. ഭസ്മലേപമിട്ട സന്യാസിയുടെ മുഖം വലിഞ്ഞുമുറുകിയിരുന്നു. ശവമടക്ക് കഴിഞ്ഞു വന്ന മുത്തശ്ശി സന്യാസിയോടു രഹസ്യം പറഞ്ഞു.
“മാധവി പോയി”
“അറിയാം”
വൃദ്ധൻ്റെ ശബ്ദം തീരെത്താഴ്ത്തി വച്ച ഒരു വിളക്കിൻനാളം പോലെ തോന്നി
അയാളുടെ മുഖം അയഞ്ഞയഞ്ഞു വന്നു. അയാൾ കരയുമോ എന്നു പോലും ഞാൻ ഭയന്നു.ഒടുക്കം സന്യാസി ഭിത്തിയിലൂടെയൂർന്ന് തറയിലിരുന്നു.
” ക്ഷേ അവളെരിഞ്ഞടങ്ങുന്നത് കാണാനെനിക്കാവില്ല …. “
നിലത്തമർന്ന് അയാൾ മച്ചിലേക്ക് നോക്കിയിരുന്നു. ശബ്ദമില്ലാത്ത ഒരു പൊട്ടിക്കരച്ചിലിലാണ് അയാളെന്ന് ആ തൊണ്ടമുഴയുടെ ദ്രുതസഞ്ചാരത്തിൽ നിന്ന് എല്ലാവർക്കും പിടികിട്ടി. മലർത്തിവച്ച കൈത്തലങ്ങൾ ഒരു പ്രേമഭിക്ഷുവിൻ്റേതുപോലെ ശൂന്യവും ദയനീയവുമായിത്തോന്നി.
ഏറെ നേരമിരുന്നപ്പോൾ ബന്ധങ്ങളറ്റ് വീണ്ടുമയാൾ പരിവ്രാജകനായി. പിന്നീട് ആരോടും മിണ്ടാതെ തുലാമഴയിലിറങ്ങി നടന്നു.
അതായിരുന്നു ഒടുവിലത്തെ വരവ് !!
കവർ: ജ്യോതിസ് പരവൂർ