ഒമ്പതാം ക്ലാസിൽ കാഞ്ഞങ്ങാട് ദുർഗയിൽ പഠിക്കുമ്പോഴാണ്, സ്‌കൂളിൽ മലയാളം പ്രശ്നോത്തരി മത്സരം നടന്നത്. എനിക്കന്ന് രണ്ടാം സ്ഥാനം കിട്ടി. സഹപാഠിയായ ഇന്ദുവിനായിരുന്നു ഒന്നാം സ്ഥാനം. കവി കുഞ്ഞുണ്ണി മാഷ് ഉദ്‌ഘാടകനായി എത്തിയ സാഹിത്യ സമാജം പരിപാടിയിലാണ് ആദ്യമായിട്ടൊരു പുസ്തകം സമ്മാനമായി കിട്ടുന്നത്. മാലിയുടെ (വി മാധവൻ നായർ) മഹാഭാരതമാണ് അന്ന് കിട്ടിയത്. ഇന്ദുവിന് കിട്ടിയത് തകഴിയുടെ ‘ചെമ്മീൻ ‘ ആയിരുന്നു. അത് വരെ പൂമ്പാറ്റയിൽ വന്നു കൊണ്ടിരുന്ന കെ വി രാമനാഥന്റെ “അത്ഭുത വാനരന്മാർ എന്ന നോവലും മനോരമയിൽ വന്നിരുന്ന കോട്ടയം പുഷ്പനാഥൻ, ബാറ്റൺ ബോസ് എന്നിവരുടെ കുറ്റാന്വേഷണ നോവലുകൾ മാത്രമേ ഞാൻ വായിച്ചിരുന്നുള്ളു. അമ്മ അമ്പലത്തറ കൈരളി ഗ്രന്ഥശാലയിൽ നിന്നെടുക്കുന്ന പുസ്തകങ്ങൾ ഞാൻ വായിച്ചു തുടങ്ങിയിരുന്നില്ല.
മാലി മഹാഭാരതം വളരെ താൽപ്പര്യത്തോടെ ഞാൻ വായിച്ചു തുടങ്ങി. ജനമേജയന്റെ സർപ്പയാഗത്തോട് കൂടി തുടങ്ങി, ഒടുവിൽ ധർമ്മ പുത്രരുടേ അന്ത്യത്തോടെ അവസാനിക്കുന്ന മഹാഭാരത കഥ ലളിത സുന്ദരമായിട്ടാണ് അതിൽ പറഞ്ഞിട്ടുള്ളത്. അത് വായിച്ചു കഴിഞ്ഞ് ഇന്ദുവിനു കൊടുത്തപ്പോൾ, ഇന്ദു തകഴിയുടെ ചെമ്മീൻ വായിക്കാൻ തന്നു, പിന്നെ കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പളനിയുടെയും ലോകത്തേക്ക് പോയി കുറച്ചു ദിവസം. സംഭാഷണങ്ങളിലൂടെ ഉരുത്തിരിയുന്ന ആ നോവൽ ഏറെ ആകർഷിച്ചിരുന്നു. അങ്ങനെ വായനയുടെ രസം പിടിച്ചു നടന്ന നാളുകളിൽ കാഞ്ഞങ്ങാട് പൂർണ്ണിമ ബുക്സ്റ്റാളും ആരംഭിച്ചിരുന്നു. അവിടെ പോയി അതിന്റെ ഉടമസ്ഥൻ രാധാകൃഷ്‌ണേട്ടനോട് വർത്തമാനം പറഞ്ഞിരുന്ന് അവിടെ വരുന്ന പുതിയ പുസ്തകങ്ങൾ കാണുമായിരുന്നു. അപ്പോൾ കറന്റ് ബുക്ക്സ് പുറത്തിറക്കിയിരുന്ന ലോക ക്ലാസിക്കുകളുടെ ചെറിയ വേർഷൻ ഒന്ന് രണ്ടെണ്ണം വാങ്ങിയിരുന്നു. അതൊക്കെ വാങ്ങാൻ അപ്പപ്പോഴായി സ്വരൂക്കൂട്ടി വെച്ച പൈസയാണ് ചിലവഴിച്ചത്. ഇടയ്ക്ക് അപ്പോൾ ഉണ്ടായിരുന്ന കൈലാസ് തിയേറ്ററിനടുത്ത് പ്രഭാത് ബുക്സിന്റെ വക പുസ്തകോത്സവം വരും.
ഡി സി, മൾബറ, എൻ ബി എസ് എന്നിവയിറക്കുന്ന മലയാള പുസ്തകങ്ങൾക്ക് നല്ല വിലയായിരുന്നു. ആകെ വാങ്ങാൻ പറ്റുന്ന പുസ്തകങ്ങൾ റഷ്യൻ വിവർത്തനങ്ങളായിരുന്നു. റാദുഗ പബ്ലിക്കേഷൻസ് പുറത്തിറക്കിയിരുന്ന ആ പുസ്തകങ്ങൾ ആകര്ഷകമായ അച്ചടിയിലാണ് വന്നിരുന്നത്. രണ്ടോ അഞ്ചോ രൂപ കൊടുത്താൽ മാക്സിം ഗോർക്കി, ടോൾസ്റ്റോയ് തുടങ്ങിയവരുടെ കഥകൾ കിട്ടും. ചുവന്ന കവറിൽ വന്ന ദാസ് ക്യാപ്പിറ്റലും അപ്പോൾ വാങ്ങിയിരുന്നു.
അങ്ങനെ വാങ്ങുന്ന പുസ്തകങ്ങളൊക്കെ വീട്ടിലെ അലമാരയിൽ ഞാൻ അടുക്കി വെച്ചു തുടങ്ങി. അച്ഛന്റെ മുറിക്കു തൊട്ടപ്പുറത്താണ് എന്റെ പുസ്തകങ്ങൾ അടുക്കി വെയ്ക്കുന്ന മുറി.മച്ചിലേക്കുള്ള ഏണിപ്പടികളും അതെ മുറിയിലാണ്. തൊട്ടടുത്ത മുറിയാണെങ്കിൽ ഉണങ്ങിയ അടയ്ക്ക സൂക്ഷിക്കാനുള്ളതായിരുന്നു. സാധാരണ മുറിയുടെ വാതിലിനു പകരം കാറ്റ് കടക്കാതിരിക്കാൻ ചെറിയ മരപ്പലകൾ നിരത്തിയ വാതിലായിരുന്നു അതിന്. പുസ്തകങ്ങളുടെ എണ്ണം ക്രമമായി കൂടി വന്നു. ബഷീറിന്റെ സമ്പൂർണ്ണ കൃതികളുടെ പ്രീ പബ്ലിക്കേഷൻ പതിപ്പ് രണ്ട് വോളിയങ്ങളായി ഒരു അമൂല്യ നിധി പോലെ ഞാനതിന്റെ മുകളിൽ വെച്ചു. നെഹ്‌റു കോളേജിൽ പ്രീഡിഗ്രിയ്ക്ക് ചേർന്നതോടെ അവിടത്തെ വിശാലമായ ലൈബ്രറിയിൽ നിന്ന് ഇഷ്ടം പോലെ മാഗസിനുകളും പുസ്തകങ്ങളും വായിക്കാൻ തുടങ്ങി.
പ്രീഡിഗ്രി കഴിഞ്ഞ് എൻട്രൻസ് ഒന്നും കിട്ടാത്ത നിരാശയിൽ ഒന്നാം വർഷ ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് കൊച്ചിയിൽ പോയി എഴുതിയ എയർഫോഴ്സ് നിയമന പരീക്ഷയുടെ അടിസ്ഥാനത്തിൽ 1990 ഫെബ്രുവരി ഒന്നിന് ബാംഗ്ലൂരിൽ പരിശീലനത്തിന് ചേരാനുള്ള അറിയിപ്പ് കിട്ടുന്നത്. ചെറുപ്പത്തിൽ കിട്ടിയ ജോലിയല്ലേ, ചേർന്നോളൂ എന്ന് എല്ലാവരും പറഞ്ഞപ്പോൾ ഞാനും മറ്റൊരു വഴി കണ്ടില്ല. അങ്ങനെ പുസ്തകങ്ങളെ ആ മുറിയിൽ തനിച്ചാക്കി ഞാൻ നാട് വിട്ടു.
പരിശീലനത്തിന്റെ ആറുമാസം കഴിഞ്ഞപ്പോൾ ഞാൻ അവധിയ്ക്ക് വന്നു. എന്റെ പുസ്തകങ്ങൾ വെച്ച റൂമിന്റെ അലമാര തുറന്നു. അലമാരയുടെ നടുവിലായി ചിതൽ തീർത്ത മൺരേഖ. അത് എല്ലാ പുസ്തകങ്ങളെയും ബാധിച്ചിട്ടുണ്ട്. ഏറെ സങ്കടമായി. പുസ്തക സ്നേഹികളായ പുഴുക്കൾ!
ഞാൻ പോയ ശേഷം ആരും ആ അലമാര തുറന്നിട്ടില്ല. തൊട്ടടുത്ത മുറിയിൽ അടയ്ക്കയുമാണല്ലോ, അമ്മയാണെങ്കിൽ അപ്പുറത്തെ തിരക്കുകളിൽ .മച്ചിൽ നിന്ന് താഴോട്ട് ഇറങ്ങിയ ചിതൽ. കഷ്ടപ്പെട്ട് ശേഖരിച്ച പുസ്തകങ്ങൾ കാലിയാക്കി. ചിതലെല്ലാം കളഞ്ഞ് അലമാര വൃത്തിയാക്കി. പുസ്തകങ്ങളോടുള്ള ഇഷ്ടം ഒന്ന് കൂടി കൂടി.
വര : പ്രസാദ് കാനാത്തുങ്കൽ