പൂമുഖം LITERATUREകഥ എന്റെ കുട്ടിസഖാവിന്…

എന്റെ കുട്ടിസഖാവിന്…

അച്ഛനെയാരും പേര് വിളിക്കുന്നതായി കേട്ടിട്ടില്ല. എല്ലാവരും സഖാവെന്നേ വിളിക്കൂ. അതെന്താ അങ്ങനെയെന്ന് അച്ഛനോടുചോദിച്ചാൽ നിറഞ്ഞൊരു ചിരി മാത്രമാണ് മറുപടി. ആ വിളിയിൽ നിറഞ്ഞ സ്നേഹവും ബഹുമാനവും എന്റെ കുഞ്ഞുമനസ്സിനെ സന്തോഷിപ്പിച്ചു. ആ സന്തോഷത്തിന് അഭിമാനം എന്നാണ് അമ്മ പറഞ്ഞിരുന്ന പേര്. പക്ഷെ ഒരിക്കൽ മാത്രം ആ പേര് എന്നെ വല്ലാതെ ഭയപ്പെടുത്തി.

ഞാനന്ന് എട്ടാം ക്ലാസിലാണ്. സ്ക്കൂൾ പി. റ്റി. എ. കളൊന്നും ഇന്നത്തെപ്പോലെ സജീവമല്ലാതിരുന്ന കാലം. സ്ക്കൂളിലൊരു സമരം നടന്നു. കുട്ടികളുടെ മൂത്രപ്പുരകൾക്ക് വൃത്തിയും സുരക്ഷയുമില്ലെന്ന് ആരോപിച്ച് പത്താം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ ഞാനും പങ്കാളിയായി. സമരം വിജയിച്ചു. പക്ഷേ, തുടർന്നുണ്ടായ പൊല്ലാപ്പ് ചില്ലറയല്ല. അദ്ധ്യാപകരും ചില വിദ്യാർത്ഥികളും എന്നെ വിചിത്രമായി നോക്കുന്നുണ്ടായിരുന്നു. അച്ഛന്റെ അടുത്ത സുഹൃത്തായ അദ്ധ്യാപകൻ രഹസ്യഭാവത്തോടെ ഉപദേശിക്കുകയും ചെയ്തു – “സഖാവിന്റെ മോളാണ്‌ നീ… അരാഷ്ട്രീയ സമരങ്ങളിൽ പങ്കെടുക്കരുത്” എനിക്കൊന്നും മനസ്സിലായില്ല. എന്തോ തെറ്റ് ചെയ്തെന്നും അത് അച്ഛന് ഇഷ്ടമാകില്ല എന്നും പിടികിട്ടി. വീട്ടിലേയ്ക്ക് മടങ്ങുന്നവഴി പാർട്ടി ഓഫീസിന്റെ മുന്നിൽ വെച്ച് ശ്രീധരൻ മാമനെ കണ്ടു. അച്ഛനെപ്പോലെ സഖാവാണ്. വഴക്കൊന്നും പറഞ്ഞില്ല, സമരത്തെക്കുറിച്ച് വിശദമായി ചോദിച്ചു – പതിവ് ചിരി മുഖത്തില്ലാതെ…

വൈകിട്ട് സ്ക്കൂൾ വിട്ടുവരുമ്പോൾ വീട്ടിലേയ്ക്ക് തിരിയുന്ന പാടവരമ്പിൽ വെച്ച് പത്താം ക്ലാസിലെ റസിയാത്തയാണ് പറഞ്ഞത് – “റോസെ… സമരം നടത്തിയത് നിന്റച്ഛന്റെ എതിർപാർട്ടിയാണ് …”

അറിവില്ലായ്മ കൊണ്ടാണ് അന്നേരവും വീട്ടിലെത്തുന്നത് വരെയും ഞാൻ ഞെട്ടിയില്ല. വീട്ടിൽ, ഞാനെത്തുന്നതിന് മുമ്പേ, വാർത്തയെത്തി. അമ്മ കലി തുള്ളി നിൽക്കുന്ന പൂമുഖത്ത് ഞാൻ തല കുനിച്ച് നിന്നു. “പെണ്ണിന്റെ അഹമ്മതി…” എന്ന സ്ഥിരം പല്ലവിയോടെ അമ്മ ഇടിച്ച് കുത്തി പെയ്തു.

പെയ്തൊഴിഞ്ഞിട്ടും തോരാതെ രാത്രി വൈകിയും അമ്മ കരഞ്ഞതെന്തിനെന്ന് എനിക്ക് പിടി കിട്ടിയില്ല. “അച്ഛൻ വരട്ടെ… കാണിച്ച് തരാം” എന്ന് ഭീഷിണിപ്പെടുത്തായിട്ടാണ് അമ്മ എന്നെ ഉറക്കാൻ വിട്ടത്. അച്ഛനന്ന് പാർട്ടി സമ്മേളനത്തിനോ മറ്റോ പോയിരിക്കുകയാണ്. ഉറക്കത്തിൽ ഞാൻ അച്ഛനെ സ്വപ്നം കണ്ടു. ജീവിതത്തിൽ ചിരിച്ചുകൊണ്ടല്ലാതെ കണ്ടിട്ടില്ലാത്ത അച്ഛൻ ആ സ്വപ്നത്തിൽ വന്നെന്നെ തല്ലി. കരഞ്ഞുകൊണ്ടുണർന്ന ഞാൻ ഉറങ്ങാതെ നേരം വെളുപ്പിച്ചു. സ്ക്കൂളിലേയ്ക്ക് പോകുന്നേരവും അച്ഛൻ വന്നിരുന്നില്ല. എനിക്ക് ചെറിയ തലവേദന തോന്നി.

അമ്മ പറഞ്ഞുനിർത്തിയിടത്ത് നിന്നാണ് പലരും; നാട്ടുകാർ, കൂട്ടുകാർ, അദ്ധ്യാപകർ, പാർട്ടിക്കാർ ഒക്കെ സംസാരിച്ച് തുടങ്ങിയത്. അവരിൽ നിന്നാണ് സമരത്തിൻറെ വാർത്ത പത്രത്തിലൊക്കെ വന്നതായറിഞ്ഞത് – “സഖാവ് വർക്കിയുടെ മകൾ വലത് വിദ്യാർത്ഥി സംഘടനയിൽ…” തീ വിഴുങ്ങിയാലെന്ന പോലെയാണ് ഞാനന്ന് നേരം വൈകിച്ചത്. സ്ക്കൂൾ വിടാനുള്ള മണി മുഴങ്ങിയപ്പോൾ എങ്ങോട്ടെങ്കിലും ഓടിപ്പോയാലോയെന്ന് തോന്നി. ഒരുപാട് ശബ്ദങ്ങൾ എന്നെ വേട്ടയാടി, ഓടിച്ച് വീട്ടുപടിക്കൽ തന്നെയെത്തിച്ചു. ഉമ്മറത്ത് കസേരയിൽ പത്രം വായിച്ചിരിക്കുന്ന അച്ഛൻ – തലയ്ക്ക് ചുറ്റുമുള്ള ആരവങ്ങൾ കൂടി വന്നു. പിന്നെ ഒന്നും ഓർമ്മയില്ല.

പനിച്ച് കിടന്നതൊക്കെ അമ്മ പറഞ്ഞാണറിഞ്ഞത്. അച്ഛൻ പാർട്ടിക്കമ്മറ്റിക്ക് പോയെന്ന് പറഞ്ഞപ്പോൾ അമ്മയുടെ മുഖത്ത് പതിവില്ലാത്തൊരു ഭാവം. ആ കമ്മറ്റിയിൽ ഞങ്ങളുടെ സമരത്തെക്കുറിച്ച് ആൾക്കാർ അച്ഛനോട് ചോദിക്കുന്നതും അച്ഛൻ തല കുനിച്ച് നിൽക്കുന്നതും അമ്മയുടെ മുഖഭാവത്തിൽ നിന്ന് ഞാൻ വായിച്ചെടുത്തു. നിശബ്ദം കരഞ്ഞുറങ്ങിപ്പോയ എന്നെ ഉണർത്തിയത് അച്ഛനാണ്. നെറ്റിയിൽ കൈപ്പടം ചേർത്ത് വെച്ച് എന്റെ അരികിലിരിക്കുന്നു. “അറിയാതെ ചെയ്തതാണച്ഛാ…” എന്നേ പറയാനായുള്ളൂ. ചിരിച്ചുകൊണ്ട് ശിരസ് മാറോടണച്ചു – “എന്തിനാ കരേണത്… തെറ്റ് ചെയ്തോരല്ലേ കരയുക?”

ഞാൻ വിങ്ങിപ്പൊട്ടി. ” കമ്മറ്റിക്കാരൊക്കെ… സമരത്തെക്കുറിച്ച് ചോദിച്ചോ…”

“ഉം… കമ്മറ്റീല് മാത്രല്ല. എത്രപേര് സമരനായികയെക്കാണാൻ വന്നെന്നോ! എം എൽ ഏ…”

“ആര്… സൈനു ആൻറിയോ! അത് അമ്മയെക്കാണാൻ വരുന്നതല്ലേ…”

“അമ്മയെയൊക്കെ ഇനി ആര് കാണുന്നു…” അച്ഛൻ അമ്മയെ നോക്കി കണ്ണിറുക്കി. എന്നിട്ട് എന്റെ കയ്യിലേക്ക് അന്നത്തെ പത്രം നീട്ടി. കണ്ണ് മിഴിച്ചിരുന്നപ്പോൾ ഉൾപ്പേജിലെ വാർത്ത തൊട്ട് കാണിച്ചു.

“നേതാജി മെമ്മോറിയൽ ഹൈസ്കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് എം പി ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചു. സ്ക്കൂളിൽ പുതിയ സാനിട്ടേഷൻ സമുച്ചയം നിർമ്മിക്കുന്നതിനും മറ്റ് ചില അറ്റകുറ്റപ്പണികൾക്കുമാണ് ഈ ഫണ്ട് വിനിയോഗിക്കുകയെന്ന് എം.എൽ.ഏ P.R. സൈനബ വാർത്താ സമ്മേളനത്തിൽ…” ഞാൻ വായന നിർത്തി അച്ഛനെ നോക്കി.

“മോൾക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്യാൻ ഒരിക്കലും മടിക്കരുത്. ശരിക്ക് വേണ്ടിയുള്ള സമരങ്ങളെല്ലാം ഇടതുപക്ഷത്താണ് ” അച്ഛൻ ചിരിക്കുന്നു – “മോള് ഏത് പക്ഷമാണ്”. ഞാൻ ആ കരവലയത്തിലേക്ക് കൂടുതൽ ചേർന്നിരുന്ന് പറഞ്ഞു- “ഇടതുപക്ഷത്ത്…” “വാർത്ത മുഴുവൻ വായിക്ക്…” അച്ഛൻ ചൂണ്ടിക്കാണിച്ചിടത്ത് എന്റെ കണ്ണുകൾ ഉടക്കി-” പാർട്ടി ജില്ലാ കമ്മറ്റിയംഗം ശ്രീ. സി.പി. വർക്കിയുടെ മകളാണ് സ്ക്കൂളിലെ സമരത്തിന് നേതൃത്വം നൽകിയ റോസാ…”

“ദാ നോക്കെടോ, തന്റെ പേര് പത്രത്തിൽ… “അച്ഛൻ തുടരുന്നു -” പാർട്ടി കമ്മറ്റിയിൽ എന്ത് പറഞ്ഞന്നല്ലേ… അവര് പറഞ്ഞത് അടുത്ത സ്ക്കൂൾ ഇലക്ഷനിൽ മോള് മത്സരിക്കണമെന്ന്…”

അച്ഛൻ മേശമേലിരുന്ന ഒരു പുസ്തകം എനിക്ക് സമ്മാനിച്ചു. ഒരു സ്ത്രീയുടെ മുഖചിത്രം – ” ഇതാണ് റോസാ ലക്സംബർഗ്. ആ പേര് തന്നെയല്ലേ എന്റെ മോൾക്കും…? “

ഞാൻചിരിച്ചു. പുസ്തകങ്ങൾ എനിക്കിഷ്ടമാണ്. മണത്ത് നോക്കി – പുതിയ പുസ്തകം. അതിന്റെ ആദ്യപേജിൽ ചെമന്ന അക്ഷരത്തില്‍ ഇങ്ങനെ എഴുതിയിരുന്നു- “എന്റെ കുട്ടിസഖാവിന്… എന്റെ സമരസഖാവിന്…”

പിന്നെയൊരിക്കലും ഞാനച്ഛനോട് ആ ചോദ്യം ചോദിച്ചിട്ടില്ല – ” അച്ഛനെ എല്ലാവരുമെന്താണ് സഖാവെന്ന് വിളിക്കുന്നത്.”

Comments
Print Friendly, PDF & Email

ആലപ്പുഴ ആര്യാട് സ്വദേശി.
കഥകൾ, സിനിമനിരൂപണം, നാടകം, ലേഖനങ്ങൾ എന്നിവ എഴുതാറുണ്ട്. അമച്ച്വർ ഫോട്ടോഗ്രാഫറാണ്. ഗ്രന്ഥശാല പ്രവർത്തകനാണ്.

You may also like