പൂമുഖം ഓർമ്മ ഓർമകൾക്ക് മുകളിൽ വേർപാടിന്റെ നനവ്

ഓർമകൾക്ക് മുകളിൽ വേർപാടിന്റെ നനവ്

യു. എ. ഖാദർ എന്ന കഥാകാരനെ കാണുമ്പോഴെല്ലാം, ആയതിനാൽ തന്നെയാണ് അതിന് മുമ്പ് കണ്ട ആളല്ല എന്നൊരു തോന്നൽ ചിലപ്പോഴൊക്കെ ഉണ്ടായിട്ടുള്ളത്. പറയുന്ന വാക്കുകളുടെ ഉൾക്കാമ്പും മുഖത്ത് പടരുന്ന ചിരിയും മുമ്പത്തേതിലും തെളിമയാർന്നതെന്ന് പലപ്പോഴും ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഓരോ തവണ ചേർന്നു നിൽക്കുമ്പോഴും സ്നേഹവും അടുപ്പവും ഏറി വരുന്നതായുള്ള അനുഭവമാണ് എന്നുമുണ്ടായിട്ടുള്ളത്.

ഒരു ഗ്രാമചൈതന്യത്തിന്റെ സ്വരസ്‌ഥാനങ്ങൾ കാവുകളിലെ ഉത്സവത്തേക്കാൾ മഹനീയമാക്കി, ഈ കഥാദേശത്തെ സുപരിചിതമാക്കിത്തന്നത് അങ്ങനെയായിരുന്നല്ലൊ.

മലയാളത്തിനുമപ്പുറത്ത്, ദൂരെദിക്കിലുള്ളൊരു ദേശത്ത് ജനിച്ച ഒരാളിലൂടെ തൃക്കോട്ടൂരിലെ അനേകം വീരപുരുഷന്മാരുടെയും വീരാംഗനകളുടെയും കഥകൾ മലയാളലോകം വായിച്ചറിഞ്ഞത് ഈ മനുഷ്യനിലൂടെയല്ലെ. ആ എഴുത്തുകാരൻ അങ്ങനെ, തൃക്കോട്ടൂർ പെരുമക്കാരനായി. ആ പെരുമകളിലൂടെ ഭാഷക്കാകമാനം അഭിമാനത്തിന്റെ നിറച്ചാർത്തുള്ള താരകമായി.

പുലിമറഞ്ഞ ദൈവവും കൈമുറിയൻ നാരായണനും വണ്ണാർത്തൊടി വൈദ്യൻമാരും കുരിക്കളം തറവാടും വരോളിക്കാവ് ഭഗവതിയുമെല്ലാം ചേർന്ന് ഉന്മാദം പൂത്ത എത്രമാത്രം കഥകളാണ് യു.എ. ഖാദർ നമുക്ക് പറഞ്ഞു തന്നിട്ടുള്ളത്. ഒരു ഗ്രാമചൈതന്യത്തിന്റെ സ്വരസ്‌ഥാനങ്ങൾ കാവുകളിലെ ഉത്സവത്തേക്കാൾ മഹനീയമാക്കി, ഈ കഥാദേശത്തെ സുപരിചിതമാക്കിത്തന്നത് അങ്ങനെയായിരുന്നല്ലൊ.

തൃക്കോട്ടൂർ എന്ന ദേശത്തു ‘സംഭവിക്കുന്ന’ കഥകളിലും നോവലുകളിലുമെല്ലാം അധികാരത്തിന്റെ, ക്രൂരതയുടെ ഒക്കെ മൂർത്തരൂപമായി അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ പല പേരിൽ വരുന്നുണ്ടെങ്കിലും അവർക്ക് ആരാന്റെ പെണ്ണുടലും അവർ ചവിട്ടി നിൽക്കുന്ന മണ്ണും തന്റെ വരുതിയിലാക്കാൻ പ്രയത്നിക്കുന്നവരാണ്. എന്നാലാവട്ടെ കഥയേതെന്ന് ഓർമയിൽ വരുന്നില്ല. കഥയിൽ നിന്നൊഴിഞ്ഞു കാര്യങ്ങൾ കണ്ടു നിന്ന ഒരാളായി കഥാകാരൻ ഒടുക്കം സ്വയം അടയാളപ്പെടുന്നതും വായിച്ചിട്ടുണ്ട്. ‘കച്ചവടത്തിന്റെ അകക്കണ്ണും പുറംകണ്ണും ഏതെന്നറിയാത്ത യു.എ. ഖാദറിന് കഥയിലിനിയെന്ത് കാര്യം?’ എന്നായിരുന്നു ആ ചോദ്യം. അതെ. ഭഗവതിക്കാവിലെ, ചാത്തൻതറയിലെ അങ്ങനെ ഒട്ടേറെയിടങ്ങളിലെ മിത്തുകളും യാഥാർഥ്യങ്ങളും നുള്ളിയെടുത്ത് നമ്മെ വിസ്മയപ്പെടുത്താൻ ഇനിയാരുണ്ട്?

എന്നെ സംബന്ധിച്ചേടത്തോളം യു.എ. ഖാദർ എന്ന മനുഷ്യൻ രചനകളിലൂടെ ഉള്ള് തൊട്ട ഒരെഴുത്തുകാരൻ മാത്രമായിരുന്നില്ല. ആദ്യപുസ്തകത്തിന് അവതാരികയെന്ന സ്നേഹം ചേർത്തു നൽകിയ പ്രിയമുള്ള ഒരാള് കൂടിയായിരുന്നു.

അവതാരിക വിചാരിച്ച സമയത്ത് എഴുതാൻ അദ്ദേഹത്തിന്റെ തിരക്ക് അനുവദിച്ചില്ല. പക്ഷെ, അതെന്നെ അറിയിക്കാതെ ഉടനെ തരാമെന്ന ഉറപ്പിൽ പല തവണ ഓരോ അവധികൾ പറഞ്ഞു. എന്റെ സമീപദേശത്താണ് അദ്ദേഹത്തിന്റെ വാസം എന്നത് ഇടയ്ക്ക് അവിടെ പോയി “ബുദ്ധിമുട്ടിക്കാൻ” എനിക്ക് സൗകര്യവുമായിരുന്നു. ആഴ്ചകൾക്ക് ശേഷം എന്റെ ബദ്ധപ്പാട് കണ്ടിട്ടാവണം, അവതാരിക എന്നേക്കാൾ എളുപ്പത്തിൽ കിട്ടുന്ന വേറെ നല്ല എഴുത്തുകാരെ ആരെയും കണ്ടില്ലേയെന്ന് എന്നോട് ചോദിച്ചത്.

സാറിന്റെ അവതാരിക വേണമെന്റെ പുസ്തകത്തിന്. അതിനായി ഞാനിനിയും കാത്തു നിൽക്കാമെന്ന എന്റെ പുഞ്ചിരിയ്ക്ക് മുമ്പിൽ അദ്ദേഹം കൈയിലെടുത്ത രചനകളുടെ കൈയെഴുത്തു കോപ്പി മേശയിൽ തന്നെ വെച്ചു. പിന്നീട് ഞാനദ്ദേഹത്തോട് നേരിട്ടോ ഫോണിലൂടെയോ അവതാരികയുടെ കാര്യം ചോദിച്ചു ബുദ്ധിമുട്ടിച്ചതേയില്ല. ശേഷം, രണ്ടാഴ്ച. ഒരു ദിവസം ഉച്ചക്ക് അദ്ദേഹമെന്നെ വിളിച്ചു. അവതാരിക തയ്യാറെന്ന് അറിയിച്ചു. ഏറെ സന്തോഷത്തോടെ ഞാൻ പൊക്കുന്ന് ‘അക്ഷര’ത്തിലെത്തി. അദ്ദേഹമെനിക്ക് ചിരിച്ചു കൊണ്ട് ഒരു കവർ ഏൽപ്പിച്ചു. എന്റെ “കഥകളെ”ക്കുറിച്ച് നല്ല തെളിഞ്ഞ വാക്കുകൾ എന്റെ കൈയിലെ കവറിനുള്ളിലെ വെളുത്ത കടലാസ്സിൽ. യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ഒരോർമപ്പെടുത്തൽ. ഡിടിപി കഴിഞ്ഞാൽ ഒന്നു വന്ന് കാണിക്കണേ എന്ന്.

ഏതാനും ആഴ്ചകൾക്ക് ശേഷം കോഴിക്കോട് പ്രസ്സ് ക്ലബ്ബ് ഹാളിൽ വെച്ച് എന്റെ പുസ്തകം പ്രകാശനം നിർവ്വഹിച്ചതും യു. എ. ഖാദർ തന്നെ. അന്നവിടെ അദ്ദേഹം നടത്തിയ ചെറിയ പ്രസംഗത്തിൽ ഈ പുസ്തകം കുറച്ചു നാൾ മുമ്പ് പുറത്തിറങ്ങേണ്ടതായിരുന്നു എന്ന് സൂചിപ്പിച്ചു. എന്റെ അവതാരിക വൈകി. അതിനാൽ പുസ്തകവും. എന്നുമുള്ള തിരക്കും അതിനേക്കാൾ മടിയും കാരണമാണ് അവതാരിക വൈകിയത്. പറഞ്ഞ പല തിയതികളും മാറി. എന്നിട്ടും മറുത്തൊന്നും പറയാതെ, ക്ഷമ കാണിച്ച റഫീഖിനോട്..

ഒന്നുമല്ലാത്ത എന്നോട്, വേദിയിൽ വെച്ച് ക്ഷമ പറഞ്ഞ വലിയ മനസ്സിന്റെ ഉടമയോട് ഞാൻ കൂടുതൽ ചേർന്നു നിന്നു. സാധാരണയായി തിരക്കുള്ള ആർക്കും പറ്റാവുന്ന കാര്യമല്ലേയിത്. അതിനു ക്ഷമാപണത്തിന്റെ ആവശ്യമെന്ത്? ഖാദർ സാറിന്റെ മുഖം കൂടുതൽ തെളിഞ്ഞു.

പിന്നീട് പല അവസരങ്ങളിലും ഖാദർസാറിനെ കാണാൻ ഞാൻ പോയി. വിശേഷാവസരങ്ങളിൽ, സന്തോഷവാർത്തകൾ കേൾക്കുമ്പോൾ ഒക്കെ വിളിച്ചു ആഹ്ലാദം പങ്കിട്ടു. മാസങ്ങൾക്ക് മുമ്പ് ഞാനും ഗോപിസാറും (കവി പി. കെ. ഗോപി) കൂടി അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ ഏറെ സന്തോഷം പ്രകടിപ്പിച്ചു. ആ ലക്കം മാധ്യമം വാരികയിൽ വന്ന കഥയെ കുറിച്ച് സൂചിപ്പിച്ചപ്പോൾ വയ്യ.. അതിനാൽ പുറത്തേക്ക് അധികം പോകാറില്ലെന്നും പറഞ്ഞു. എഴുതാതിരിക്കാൻ പറ്റുന്നില്ല. ഇനിയും പുതിയ രണ്ടു കഥകൾ കൂടി വരാനുണ്ടെന്നും പറഞ്ഞു. ഞങ്ങൾ മൂന്നുപേരും കൂടി ചേർന്നു നിന്ന് ഒരു ഫോട്ടോ എടുത്തു. അന്ന്, ചിരിച്ചു കൊണ്ട്, സന്തോഷത്തോടെ ഞങ്ങളെ യാത്രയാക്കിയത് ഇന്ന് പ്രകാശമുള്ള ചിത്രമാവുന്നു. ആ ഓർമകൾക്ക് മുകളിൽ വേർപാടിന്റെ നനവ് പടരുന്നു. എന്റെ രചനകളിലെ *അകംകോപ്പുകളിലേക്ക് വെളിച്ചം ഇറ്റിച്ച പ്രിയ കഥാകാരാ.. യാത്ര പറയുന്നില്ല. ഉള്ളിലുണ്ടാവും എന്നുമെന്നും. ദീപ്തമായ ഒരോർമയായി.

*രചയിതാവിന്റെ അകംകോപ്പുകൾ. അവതാരികയുടെ തലക്കെട്ട്

ചിത്രം :
1) ലേഖകന്റെ പുസ്തകം ‘ നഗരക്കൊയ്ത്ത്’ പി.കെ. ഗോപിക്ക് നൽകി യു. എ. ഖാദർ പ്രകാശനം നിർവഹിക്കുന്നു. സമീപം പി.കെ. പാറക്കടവ്, അമ്മാർ കിഴുപറമ്പ്‌.
2) യു. എ. ഖാദറിന്റെ വസതിയിൽ ലേഖകനും പി. കെ. ഗോപിയും.

Comments
Print Friendly, PDF & Email

You may also like