പൂമുഖം Travelയാത്ര ഒരു പ്രേതക്കപ്പലിന്റെ കദനകഥ

ഒരു പ്രേതക്കപ്പലിന്റെ കദനകഥ

എന്റെ ഇപ്പോഴത്തെ പേര് ലാ ഗ്രാൻഡെ ഹെർമിൻ എന്നാണ്. ഈ പേരിലാണ് ഞാനിപ്പോൾ അറിയപ്പെടുന്നത്. എന്റെ ശരിക്കും പേര് വേറെയായിരുന്നു. അതേപ്പറ്റി ഞാൻ വഴിയെ പറയാം ട്ടോ. ഇപ്പോൾ ഞാനുള്ളത് ഒന്റാരിയോ തടാകത്തിന്റെ പടിഞ്ഞാറൻ തീരത്തുള്ള ജോർഡൻ തുറമുഖത്താണ്. അവിടെ ഉപേക്ഷിക്കപ്പെട്ട, നശിക്കപ്പെട്ട നിലയിലുള്ള എന്നെ നിങ്ങൾക്കു കാണാം. ‘കടൽക്കൊള്ളക്കാരുടെ കപ്പൽ’, ‘പ്രേതക്കപ്പൽ’ എന്നൊക്കെയാണ് ഇന്നെല്ലാവരും എന്നെ വിളിക്കുന്നത്. അതു കേൾക്കുമ്പോൾ എനിക്കു വല്ലാതെ സങ്കടം വരും ന്നേ ! അപ്പോഴെല്ലാം എന്റെ ഭൂതകാലവും ഓർമ്മ വരുമെനിക്ക്. സന്തോഷം നിറഞ്ഞ, പ്രതാപം നിറഞ്ഞ നാളുകളായിരുന്നത്!

ഞാൻ എങ്ങനെ ഇവിടെയെത്തിയെന്ന്, എങ്ങനെയാണ് ഉപേക്ഷിക്കപ്പെട്ടതെന്ന് എന്റെ കഥ കേട്ടാൽ നിങ്ങൾക്കും മനസ്സിലാകും കൂട്ടുകാരേ…

1914 ൽ ക്യൂബെക്കിലെ ലാസോണിലായിരുന്നു ഞാൻ പിറവി കൊണ്ടത്. അന്ന് എന്റെ പേര് ‘LE PROGRES’ എന്നായിരുന്നു. സെൻറ് ലോറൻസ് നദിയിലെ കടത്തുവള്ളമായിട്ടാണ് എന്റെ ജീവിതയാത്ര തുടങ്ങിയത്. 1930 ൽ അവർ എന്റെ പേരു മാറ്റി ‘LA VERENDRYE’ എന്നാക്കി. എങ്കിലും 1956 വരെ ഞാൻ കടത്തുവള്ളമായുള്ള എന്റെ ദൗത്യം തുടർന്നു. അക്കാലത്താണ് വുഡ് പൾപ്പ് ചുമക്കുന്ന ചരക്കു കപ്പലായി ഞാൻ പരിവർത്തനം ചെയ്യപ്പെടുന്നത്. അപ്പോഴേക്കും എന്റെ പേര് ‘ LA MARJOLAINE’ എന്നായി മാറിയിരുന്നു. മാറിമാറി അവർ പല പേരുകൾ എന്നെ വിളിക്കുമ്പോഴും ഞാൻ, ഞാനായിത്തന്നെ എന്റെ സ്വത്വത്തിൽ ജീവിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു. അതിനിടെ ഇടയ്ക്കു ഞാൻ വീണ്ടുമെന്റെ പഴയ ജീവിതത്തിലേക്കു പോയിരുന്നു ട്ടോ… അതെനിക്ക് വളരെ ഇഷ്ടവുമായിരുന്നു. ആളുകളുടെ കലപിലയും ചിരിയും സങ്കടവും വേവലാതിയുമെല്ലാം എന്റേതും കൂടിയായിരുന്നു അന്നൊക്കെ. യൗവനത്തിൽ നിന്നും വാർദ്ധക്യത്തിലേക്കു കാലൂന്നിയ ഘട്ടത്തിൽ ഇടയ്ക്കു കുറച്ചുനാൾ ഞാൻ ജോലിയിൽ നിന്നു മാറിനിന്നു. അതിനുശേഷം വെള്ളത്തിൽ അമ്മാനമാടുന്ന ഭോജനശാലയായി മാറി ഭക്ഷണപ്രിയരെ സന്തോഷിപ്പിച്ചു. എന്നാൽ, എന്റെ പ്രായാധിക്യമോ എന്തോ ആ ജോലി പെട്ടെന്നു നഷ്ടമായി. പിന്നീടാണ്, മറ്റൊരാളായി, അയാളുടെ തനിപ്പകർപ്പായി എനിക്കു വേഷം മാറേണ്ടി വന്നത്. 1991 ലാണത്.

ആ കഥ ഇങ്ങനെയാണ്…

പണ്ടുപണ്ട് ജാക്വസ് കാർട്ടിയർ എന്നൊരു ഫ്രഞ്ച് സമുദ്രയാത്രികൻ ഉണ്ടായിരുന്നു. കാണായ സമുദ്രങ്ങളിലൂടെ കപ്പലിൽ ചുറ്റി നടന്ന്, പര്യവേക്ഷണം നടത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിനോദം. പുതിയ പുതിയ ലോകങ്ങളെ, പുതിയ പുതിയ ഭൂമികകളെ കണ്ടെത്തുന്നതിലേക്ക് കപ്പലുകളെ നയിക്കാൻ കാർട്ടിയർക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. ഇതു കേട്ടറിഞ്ഞ ഫ്രാൻസിലെ രാജാവ് ഏഷ്യയിലെ സമ്പന്ന വിപണികളിലേക്ക് ഒരു പടിഞ്ഞാറൻ പാത കണ്ടെത്താമെന്ന പ്രതീക്ഷയിൽ കാർട്ടിയറെ തന്റെ കമ്മീഷന്റെ കീഴിൽ സമുദ്രസഞ്ചാരത്തിനു നിയമിച്ചു. അങ്ങനെ 1534 ഏപ്രിൽ 20 ന് അദ്ദേഹം ഫ്രാൻസിനു വേണ്ടി തന്റെ ആദ്യ യാത്രയാരംഭിച്ചു.

അദ്ദേഹത്തിന്റെ രണ്ടാമത്തെ പര്യടനം 1535 മെയ് 19 നായിരുന്നു. മൂന്നു കപ്പലുകളും നൂറ്റിപ്പത്തു പുരുഷന്മാരും രണ്ടു ഇറോക്വോയൻ ബന്ദികളുമുൾപ്പെട്ടതായിരുന്നു ആ ‘carrack’ (പണ്ട് പണ്ട്, അതായത് പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിലൊക്കെ സമുദ്രസഞ്ചാരം നടത്തുന്ന കപ്പലുകളുടെ കൂട്ടത്തിനെ അങ്ങനെയാണത്രേ പറയുക!). 1535 ജൂൺ 15 ന് ജാക്ക്(ജാക്വസ് തന്നെയാണു ട്ടോ ഈ ജാക്കും) കാർട്ടിയറെ സെന്റ് പിയറിയിലേക്ക് കൊണ്ടുവന്ന ആ carrackന്റെ പേരാണ് ഗ്രാൻഡെ ഹെർമിൻ.

സെന്റ് ലോറൻസ് നദി പര്യവേക്ഷണം ചെയ്യുമ്പോൾ ജാക്ക് കാർട്ടിയർ ഉപയോഗിച്ച രണ്ടാമത്തെ കപ്പലായിരുന്നു ലാ ഗ്രാൻഡെ ഹെർമിൻ. സെന്റ് ലോറൻസ് നദിയുടെ തീരത്തുള്ള പ്രദേശത്തെ വിശേഷിപ്പിക്കാൻ കാനഡ എന്ന പേര് ആദ്യമായി രേഖപ്പെടുത്തിയത് ഈ ജാക്വസ് കാർട്ടിയർ ആണത്രേ! അതിനുശേഷം ഈ തീരങ്ങളിലെ ചെറിയ ചെറിയ ഫ്രഞ്ച് കോളനികളെ പരാമർശിക്കാനും കാനഡ എന്ന പേര് ഉപയോഗിച്ചുവത്രേ! പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യം വരെ ഈ ഫ്രഞ്ച് കോളനിക്കാരെ കനേഡിയൻ എന്നു വിളിച്ചിരുന്നു. കാനഡ കണ്ടുപിടിക്കുന്നതിൽ ഈ ജാക്ക് കാർട്ടിയറുടെ സംഭാവന എന്നു പറയാവുന്നത് ഈ ഭൂഖണ്ഡത്തിലേക്ക് നുഴഞ്ഞു കയറിയ ആദ്യത്തെ യൂറോപ്യൻ എന്ന നിലയിലാണ്. കൂടുതൽ കൃത്യമായി പറഞ്ഞാൽ സെന്റ് ലോറൻസ് നദിക്ക് സമീപമുള്ള കിഴക്കൻ പ്രദേശമാണ് അദ്ദേഹം കൈയടക്കിയത്. അത് പിന്നീട് ന്യൂഫ്രാൻസായി കോളനിവൽക്കരിക്കപ്പെട്ടു.

വയസ്സായി വിശ്രമത്തിലായിരുന്ന എന്നെ 1991 ലാണ് ഈ ലാ ഗ്രാൻഡെ ഹെർമിന്റെ തനിപ്പകർപ്പാക്കി മാറ്റിയത്. നൂറ്റിനാല്പത് അടി നീളമുള്ള ഏറ്റവും വലിയ കപ്പൽ! അപ്പോഴേക്കും എന്റെ നല്ലകാലം തീർന്നിരുന്നുവെന്നു തോന്നുന്നു കൂട്ടുകാരേ… അല്ലെങ്കിൽ തൊട്ടതും പിടിച്ചതുമെല്ലാം ഇങ്ങനെ ദോഷമായി വരുമോ?

വീണ്ടും ഒരിക്കൽക്കൂടി എന്നെ ഭോജനശാലയാക്കാൻ ശ്രമം നടത്തി നോക്കി, പരാജയപ്പെട്ടു. പിന്നെ, ഒന്റാരിയോ തടാകത്തിൽ എന്തോ പദ്ധതിയുണ്ടെന്നും പറഞ്ഞു 1997 ൽ എന്നെ ഇങ്ങോട്ടു കൊണ്ടുവന്നു. ഈ ജോർഡൻ തുറമുഖത്തു ശാപമോക്ഷത്തിനായി ഞാനും ആ പദ്ധതിയുടെ അനുമതിക്കായി എന്റെ മുതലാളിയും കാത്തിരിക്കുന്നതിനിടയിൽ അദ്ദേഹം മരിച്ചു പോയി. അങ്ങനെ ഞാൻ അനാഥയായി.

എന്തു ചെയ്യണമെന്നറിയാതെ ഈ തുറമുഖത്തു ദിവസങ്ങൾ തള്ളി നീക്കുന്നതിനിടയിൽ 2003 ജനുവരിയിൽ എങ്ങനെയോ ഒരു തീ പിടുത്തമുണ്ടായി. കടൽക്കൊള്ളക്കാർ ചെയ്തതാവും എന്നൊക്കെ നാട്ടുവർത്തമാനം ഉണ്ട്. എന്തായാലും തടി കൊണ്ടുണ്ടാക്കിയ പല ഭാഗങ്ങളും കത്തി നശിച്ചു. അവശേഷിക്കുന്ന ഭാഗങ്ങൾ തുരുമ്പെടുത്തു തുടങ്ങി. ഒരുപാട് കേടുപാടുകൾ സംഭവിച്ച ഞാൻ ഒരു വികൃതരൂപമായി മാറി. ഇപ്പോൾ ഒരു വശത്തേക്കു ചരിഞ്ഞു കിടക്കുകയാണ് ഞാൻ. ഇനിയൊരു ഉയിർപ്പ് എനിക്കുണ്ടാകുമെന്നു തോന്നുന്നില്ല കൂട്ടുകാരേ… പഴയ പ്രതാപകാലത്തിന്റെ അവശേഷിപ്പായി ഉയരമുള്ള കൊടിമരങ്ങൾ മാത്രം ബാക്കിയായി. അങ്ങനെ ഞാൻ ഉപേക്ഷിക്കപ്പെട്ടവളായി.

ഇനി, നിങ്ങൾ പറയൂ… ഞാൻ പ്രേതക്കപ്പലാണോ?

ഇനിയും സംശയമാണെങ്കിൽ എന്റെ കാലം കഴിയുന്നതിനു മുമ്പ് ഒരിക്കലെങ്കിലും എന്നെ വന്നു കാണൂ, ഞാൻ ഒന്റാരിയോയിലെ ഹാമിൽട്ടണും സെൻറ് കാതറിനും ഇടയ്ക്കുള്ള ജോർഡൻ തുറമുഖത്തിന്റെ തീരത്തുണ്ട്.

കുഞ്ഞൂസ് (Kunjuss)

Comments
Print Friendly, PDF & Email

എറണാകുളം മരട് സ്വദേശി. ഇപ്പോൾ കാനഡയിലെ മിസ്സിസ്സാഗയിൽ താമസം. നീർമിഴിപ്പൂക്കൾ, വാക്കുകൾ പൂത്ത മേപ്പിൾവീഥികൾ എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

You may also like