പൂമുഖം COLUMNS ഇന്നാട്ടിലെ കുരാഷ്ട്രീയ ബുദ്ധിജീവികൾ ഒരുനാൾ ചോദ്യം ചെയ്യപ്പെടും

ഇന്നാട്ടിലെ കുരാഷ്ട്രീയ ബുദ്ധിജീവികൾ ഒരുനാൾ ചോദ്യം ചെയ്യപ്പെടും

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.
ന്ത്യൻ ജാനാധിപത്യം തലങ്ങും വിലങ്ങും അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഒരു വശത്ത് തീവ്രമായ ഇന്ത്യൻ ദേശീയതയാണ് ഇന്ത്യൻ ജനാധിപത്യമെന്നും ഭാരത് മാതാകീ ജയ് എന്ന് വിളിക്കാത്തവരൊക്കെ ദേശവിരുദ്ധരാണെന്നുമുള്ള കൊണ്ടുപിടിച്ചുള്ള ആശയപ്രചാരണങ്ങളും ആളെക്കൂട്ടലും നടക്കുമ്പോൾ മറുവശത്ത് ജാനാധിപത്യം എന്ന സങ്കൽ‌പം തന്നെ തകർക്കപ്പെടേണ്ടതാണെന്നും ഭാരത് മാതാവ് എന്ന ആശയത്തോട് ആഭിമുഖ്യം കാട്ടുന്ന എല്ലാവരും തീവ്രമായ ഇന്ത്യൻ ദേശീയതയുടെ പ്രയോക്താക്കളാണെന്നുമുള്ള രീതിയിൽ ആൾക്കൂട്ടരൂപീകരണം നടക്കുന്നു. യഥാർത്ഥത്തിൽ ഇവ രണ്ടിലും പെടാത്ത, ഭരണഘടനാനുസൃതമായി നിർമിക്കപ്പെട്ട ഫെഡറൽ സ്വഭാവമുള്ള ഭാരതം എന്ന ജനാധിപത്യസംവിധാനം ഈ രണ്ടുതരം മുരട്ടുവാദങ്ങൾക്കുമിടയിൽ പെട്ട് ഞെരിഞ്ഞുപോവുന്നു. ജനാധിപത്യത്തിൽ ഊന്നിയുള്ള ഭാരതം എന്ന രാഷ്ട്രവിഭാവനം അതിന്റെ ഭൌതീകമായ അതിർത്തികളിൽ അല്ല ഒതുങ്ങുന്നത്. “ജനനീ ജന്മഭൂമിച്ഛ സ്വർഗാദപി ഗരീയസി” എന്ന കാവ്യഭാവനയിലുമല്ല അത് പുലരുന്നത്. “ജന്മഭൂമി” എന്ന കാഴ്ചപ്പാടോടെയാണ് നിങ്ങൾ ഭാരതത്തെ സ്നേഹിക്കുന്നതെങ്കിൽ തിരുവനന്തപുരത്തുനിന്ന് കാസർകോഡ് എത്തുന്നതിനിടെ തന്നെ നിങ്ങൾ ആയിരം അന്യഭൂമികൾ കടന്നിരിക്കും.കന്യാകുമാരിമുതൽ കാഷ്മീർ വരെ സഞ്ചരിക്കുകയാണെങ്കിൽ ലക്ഷോപലക്ഷം അന്യത്വങ്ങളായിരിക്കും നിങ്ങൾക്ക് കടന്നുപോകാനുണ്ടാവുക. മതപരമോ ഭാഷാപരമോ സാംസ്കാരികപരമോ ഭുമിശാസ്ത്രപരമോ ആയ ഒരുതരം ഏകത്വബോധവും സ്വന്തഭാവനയും ഭാരതത്തിൽ ഒരിടത്തും ഒരാൾക്കും കണ്ടെത്താനാവില്ല. ഓരോ ഭാരതീയനെ സംബന്ധിച്ചും ഭാരതീയത എന്നത് മറുനാടുകളുടെ ഒരു സമുച്ഛയമാണ്. അതേസമയം മറുനാടുകളെ സ്വന്തമെന്ന് കണ്ടെത്താനും കരുതാനുമുള്ള മാനസിക വളർച്ചയും വികാസവും കൂടിയാണ് ഭാരതീയത. അതായത് സ്വയം പ്രതിഫലിപ്പിക്കാൻ കഴിയുന്ന ഏകമായ ഒന്നിനെ ചേർത്തുപിടിച്ചുകൊണ്ടുള്ള സ്വാർത്ഥമായ ഒരു വികാരപ്രകടനമല്ല ഭാരതീയന്റെ ദേശീയത. ഒരിക്കലും സ്വയം പ്രതിഫലിപ്പിക്കാൻ കഴിയാത്ത എണ്ണമറ്റ പലമകളെ സ്വന്തമെന്ന് കരുതി സ്നേഹിക്കാൻ കഴിയുന്ന മാനസിക വികാസമാണത്. അതിനെയാണ് ജനാധിപത്യപരമായ ഒരു ഫെഡറൽ സംവിധാനമായി നമ്മുടെ ഭരണഘടനയിൽ ഉൾ‌ക്കൊള്ളിച്ചിരിക്കുന്നത്. ഈ സംവിധാനത്തെയാണ് നേരത്തേ സൂചിപ്പിച്ച രണ്ടുകൂട്ടരും ഒരുപോലെ ആക്രമിച്ച് തോൽ‌പിക്കാൻ ശ്രമിക്കുന്നത്.

thequint_2016-02_602550a3-3b20-4e4f-9adf-fa8c4e161feb_JNU ABVP

[pullquote align=”left” cite=”” link=”” color=”” class=”” size=””]ജനിച്ച മണ്ണ് എന്ന കാൽ‌പനികതയിൽ ഊന്നിയുള്ള ദേശീയത സത്യത്തിൽ ഭരണഘടനയ്ക്ക് എതിരായ ഒന്നാണ്. അങ്ങനെയാണെങ്കിൽ നെയ്യാറ്റിൻ‌കരയിൽ ജനിച്ച ഞാൻ നെയ്യാറ്റി‌ങ്കരയുടെ ദേശീയതയ്ക്കുവേണ്ടിയും തിരുനാവായിൽ ജനിച്ച ഒരാൾ തിരുനാവായുടെ ദേശീയതയ്ക്കുവേണ്ടിയും ആയിരിക്കും വാദിക്കുക രണ്ടുമണ്ണിനും രണ്ട് സ്വഭാവങ്ങളും സ്വത്വങ്ങളുമാണുള്ളത്.[/pullquote]

ജനിച്ച മണ്ണ് എന്ന കാൽ‌പനികതയിൽ ഊന്നിയുള്ള ദേശീയത സത്യത്തിൽ ഭരണഘടനയ്ക്ക് എതിരായ ഒന്നാണ്. അങ്ങനെയാണെങ്കിൽ നെയ്യാറ്റിൻ‌കരയിൽ ജനിച്ച ഞാൻ നെയ്യാറ്റി‌ങ്കരയുടെ ദേശീയതയ്ക്കുവേണ്ടിയും തിരുനാവായിൽ ജനിച്ച ഒരാൾ തിരുനാവായുടെ ദേശീയതയ്ക്കുവേണ്ടിയും ആയിരിക്കും വാദിക്കുക രണ്ടുമണ്ണിനും രണ്ട് സ്വഭാവങ്ങളും സ്വത്വങ്ങളുമാണുള്ളത്. മതത്തിലും ഭാഷയിലും ഊന്നിയുള്ള ദേശീയതയും ഇതുപോലെതന്നെ ഭരണഘടനാവിരുദ്ധമാണ്. മതപരവും ഭാഷാപരവുമായ ഭിന്നദേശീയതയ്ക്കുവേണ്ടിയുമുള്ള വാദങ്ങളും ഹിന്ദിയും ഹിന്ദുത്വവും അടിച്ചേൽ‌പിച്ചുകൊണ്ടുള്ള ഏകതാനമായ ദേശീയതയ്ക്കുവേണ്ടിയുള്ള വാദങ്ങളും ഒരേ ലക്ഷ്യമുള്ളതും ഭരണഘടന വിഭാവനം ചെയ്യുന്ന വിശാലവും പുരോഗമനാത്മകവും പ്രായോഗികവുമായ നവീനദേശീയതയ്ക്ക് എതിരുനിൽക്കുന്നതുമാണ്. ഒരുകൂട്ടർ ഭാരതം എന്ന ഫെഡറൽ സംവിധാനത്തിൽ നിന്നും അടർന്നുമാറിക്കൊണ്ട് തങ്ങൾ മാത്രമുള്ള ദേശീയതയുണ്ടാക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരുകൂട്ടർ ബഹുസ്വരമായ എല്ലാത്തിനെയും ഇല്ലാതാക്കിക്കൊണ്ട് തങ്ങൾമാത്രമുള്ള ഏകതാനദേശീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു എന്നുമാത്രം. രണ്ടുകൂട്ടരും നിർജീവമായ മണ്ണിന്മേലാണ് അവകാശവാദങ്ങൾ കെട്ടിപ്പൊക്കുന്നത്, മനുഷ്യന്റെ മേലല്ല. മനുഷ്യനെ കൊന്നായാലും പുറന്തള്ളിയായാലും ആരും ചോദ്യം ചെയ്യാത്ത സ്വന്തം ദേശീയസ്വത്വം ഉണ്ടാക്കാനാണ് അവർ ആലോചിക്കുന്നത്.

അനേകത്വങ്ങളെ സ്വാംശീകരിക്കാൻ കഴിയുന്നതും ബഹുസ്വരതയെ ഉൾക്കൊള്ളാൻ കഴിയുന്നതുമായ ഒരു ഇന്ത്യൻ ജനാധിപത്യത്തെ വിഭാവനം ചെയ്യുന്ന ഭരണഘടനയെ ഇല്ലായ്മ ചെയ്യുകയാണ് ഇരുകൂട്ടരുടേയും ലക്ഷ്യം. എന്നാൽ വിശ്വമാനവികതയെക്കുറിച്ചു സംസാരിക്കുന്നവരും വിഘടനപരമായതും ഏകതാനവുമായ ഇത്തരം ദേശീയതാവാദങ്ങളെ പിന്താങുന്നു എന്നത് ഉൾക്കൊള്ളാൻ കഴിയാത്ത ഒന്നാണ്. അധിനിവേശം ചെയ്തും ഉന്മൂലനം ചെയ്തും ഏകതാനമായ ദേശീയത ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന ഭൂരിപക്ഷതീവ്രവാദികൾക്ക് എതിരുനിക്കുന്നു എന്നതുകൊണ്ടുമാത്രം വിഘടനത്തിലൂടെ ഏകതാനമായ ദേശീയത ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന ന്യൂനപക്ഷ തീവ്രവാദികളെ പിന്താങ്ങുന്നതിൽ യാതൊരുവിധയുക്തിയുമില്ല. രാജ്യം ഒരു തെറ്റല്ല. തെറ്റിനെ ഒരു രാജ്യമാണെന്ന് വ്യാഖ്യാനിക്കരുതെന്നു മാത്രം. പുതിയകാലത്ത് രാഷ്ട്രീയം എന്നത് അനുകൂലിച്ചും പ്രതിക്കൂലിച്ചും സമയം കളയുന്ന ഒരു പ്രക്രിയയല്ല എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. അനുകൂലിക്കലും പ്രതികൂലിക്കലും ഇന്ന് ടെലിവിഷൻ ചാനലുകളിലെ വൈകുന്നേരമ്പോക്കുകൾ മാത്രമാണ്. അരാഷ്ടീയരായ സെലിബ്രിറ്റികളുടെ കടലകൊറിക്കലുകളെയും പത്രങ്ങൾ ഉണ്ടാക്കുന്ന സെൻസേഷണലൈസ് ചെയ്ത വാർത്തകളേയും ആഘോഷിച്ച് നേരമ്പോക്കുന്നവർ ചെയ്യുന്നത് ഉണർന്നിരുന്നുകൊണ്ട് ഉറങ്ങുന്നതിനു തുല്യമാണ്. ദേശീയതയെക്കുറിച്ചുള്ള ചർച്ചകളിൽ പക്ഷം ചേരലുകളല്ല ഉണ്ടാവേണ്ടത്. ഭരണഘടന വിഭാവനം ചെയ്യുന്ന ദേശീയത എന്നത് തികച്ചും വ്യത്യസ്തമായ ഒരു ആശയമാണെന്ന് തിരിച്ചറിയുകയും അത് ജനങ്ങളിൽ പ്രചരിപ്പിക്കുകയുമാണ്. അതിനു പകരം നേരത്തേ പറഞ്ഞ കൂട്ടരെ അനുകൂലിച്ചും പ്രതികൂലിച്ചും കാലം കഴിക്കുന്ന കുരാഷ്ട്രീയ ബുദ്ധിജീവികൾ ഈ നാട്ടിലെ ഏറ്റവും സാധാരണക്കാരായ ജനങ്ങളാൽ ഒരുകാലത്ത് വിചാരണചെയ്യപ്പെടും.*

*ഒട്ടോ റെനോ കാസ്റ്റില്ലോയുടെ “ഒരു നാള്‍ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും“ എന്ന കവിതയിലെ വരിയോട് കടപ്പാട്.

end line

Comments
Print Friendly, PDF & Email

You may also like