പഠിക്കുന്ന കാലത്ത് അച്ഛന് സ്വത്ത് ധാരാളം ഉണ്ട്. പക്ഷെ പണത്തിന് ആര്‍ക്കും കഴിവില്ലാത്ത കാലം. ഒരു ദിവസം ഫീസ് കൊടുക്കേണ്ടത് അച്ഛന്‍ വശം ഇല്ലായിരുന്നു. നാരായണിക്കുട്ടി കരഞ്ഞുകൊണ്ട് സ്കൂളിലേക്ക് ഓടുകയാണ്. കരയണ്ട ഇതാ പൈസ നീ വാങ്ങിക്കോ എന്നും പറഞ്ഞു കൊടുത്തു. സ്പോര്‍ട്സിന് കൂടി ചേര്‍ന്ന് ഡ്രസ്സ് വാങ്ങണം. എന്‍റെ ഭര്‍ത്താവ് അവളുടെ കുട്ടിയേട്ടനാണ്. കുട്ടിയേട്ടന് കത്തയച്ചു പണം സ്കൂള്‍ അഡ്രസ്സില്‍ അയച്ചുകൊടുത്തു. 25 വയസ്സുള്ളപ്പോള്‍ എന്നെ കല്യാണം കഴിക്കുമ്പോള്‍ അവള്‍ക്ക് കേവലം 7 വയസ്സ്. ലീവില്‍ വന്നാല്‍ കുട്ടിയേട്ടന്‍റെ അടുത്ത് ഉറങ്ങണം, ഒന്നിച്ച് ഭക്ഷണം കഴിക്കണം, അച്ചും പുള്ളിയും കളിക്കണം. കത്തില്‍ അവള്‍ക്ക് വെക്കും കളിച്ചു തോറ്റ വകയില്‍ കൊടുക്കാനുള്ള പൈസ ലീവില്‍ വരുമ്പോള്‍ തരണം എന്ന്. അത്ര കമ്പനിയാണ്. പ്രസവം കഴിഞ്ഞ് പോകുമ്പോള്‍ ഒരു കറക്കുന്ന പശുവിനെയും കൊണ്ടാണ് ഞാന്‍ കൂത്താളിക്ക് പോയത്. അന്ന് മുതല്‍ ഭര്‍ത്താവിനെ വിഷമം അറിയിക്കാതെ കഴിക്കുവാനുള്ള ശ്രമത്തിലായി. പശുവിനെ കറക്കും, പാല്‍ പീടികയില്‍ കൊടുക്കും. വളപ്പില്‍ ഗോപാലന്‍ നായരുടെ പീടിക മാത്രമേയുള്ളൂ കൂത്താളി സിറ്റിയിലുള്ള ആകെയുള്ള ചായപ്പീടിക. കാലത്ത് അവിടെ എത്തിച്ചുകൊടുക്കും. പുലരുന്നതിനു മുന്‍പു തന്നെ എഴുന്നേറ്റ് അടുക്കളപ്പണി ഏതാണ്ടെടുക്കും. കുഞ്ഞനെ നോക്കുവാന്‍ അമ്മയും മരുമക്കളും ഉണ്ട്. പശുവിനെ കറവല്ലാതെ നെല്ല് കൊയ്യാന്‍ പോകും. ഭര്‍ത്താവ് പേരാമ്പ്ര പോയെങ്കിലെ ഞാന്‍ പുറപ്പെടുകയുള്ളൂ. കാരണം മൂപ്പര്‍ അറിയാതെയാണ് പോകുന്നത്. കൂടെ അമ്മയും പോരും. ബെതാണ്ടം നെല്ല് കൊയ്യുന്നത് എനിക്ക് വലിയ പരിചയമില്ല. എന്നാല്‍ അമ്മ കൊയ്യുന്നത് കാണിച്ചുതരും. മുതുവനെക്ക് വടക്കേതാഴെയാണ് കൊയ്യാന്‍ പോക്ക്. കറ്റ ഞാന്‍ കെട്ടി മുതുവന കൊണ്ടുപോയിടും. രാത്രി മൂപ്പര്‍ വരുമ്പോഴേക്കും വീട്ടില്‍ പണിയെല്ലാം റെഡിയായി. എവിടെയും പോയ ലക്ഷണമില്ല. അങ്ങനെ കൂലി കൊണ്ടുവരും.
അന്ന് വീട്ടില്‍ ദാരിദ്ര്യം കൊണ്ടല്ല പോകുന്നത്. പക്ഷെ ! കുട്ടികളുടെ ഭാവി, ഭര്‍ത്താവിനെ സഹായിക്കല്‍ ഇതാണുദ്ദേശം. അങ്ങനെ സോമനും ജനിച്ചു. നല്ലപോലെ വളര്‍ത്തി എടുത്ത് ലാളിക്കുവാനൊന്നും എനിക്ക് സമയം കിട്ടില്ല. വേണ്ടതെല്ലാം എത്തിച്ചുകൊടുക്കും. അമ്മയും മരുമക്കളും വീട്ടില്‍ ഉണ്ട്. പെങ്ങള്‍ക്ക് താമസിക്കുന്നിടത്ത് കിണറില്ല. വിറ്റ്, കിണറുള്ള സ്ഥലത്തേക്ക് പോകുകയാണെന്നും പറഞ്ഞുള്ള ആവലാതി. ഞാന്‍ പറഞ്ഞിട്ടാണ് അതവള്‍ക്ക് വിട്ടുകൊടുത്ത് പുതിയോട്ടില്‍ ഷെഡ് കെട്ടി താമസമാക്കിയത്. അതിലിടക്ക് നടന്ന സംഭവം. രണ്ടര വയസ്സില്‍ മകന് ഒരു ദിവസം പനിച്ചു. ഭര്‍ത്താവ് സ്ഥലത്തില്ലലോ. അമ്മയോട് ഞാന്‍ പറഞ്ഞു. കുഞ്ഞന്‍റെ ചെയിന്‍ പണയം വെച്ച് ഡോക്ടറെ കാണിക്കണം എന്ന് അമ്മ അത് പോലെ ചെയ്തു. അതറിഞ്ഞ് പെങ്ങള്‍ വന്ന് അമ്മയോട് പറഞ്ഞു. മക്കള്‍ ഒന്നായാലും നാലായാലും സൌന്ദര്യം ഉണ്ടായാലും ഇല്ലെങ്കിലും പെറ്റമ്മക്ക് മക്കള്‍ ഒരു പോലെയാണ്. എന്‍റെ കുട്ടികളെ നിങ്ങള്‍ വന്നു നോക്കാറുണ്ടോ? എന്ന് എനിക്കത് സഹിച്ചില്ല. ഞാന്‍ ആരോട് സങ്കടം പറയും. കുഞ്ഞനെയും എടുത്ത് എനിക്കിനി കേട്ടുകൂടാ എന്നും പറഞ്ഞുകൊണ്ട് നിലവിളിച്ചുകൊണ്ട് കുറുന്താഴേക്ക് ഓടി. അടുത്ത വീടാണത്. എന്നെ ആവള കൊണ്ടാക്കിത്തരണം എന്ന് അവരോട് നിലവിളിച്ചു പറഞ്ഞു. അവര്‍ അമ്മയുടെ സമ്മതം വാങ്ങി ആവള കൊണ്ടാക്കിത്തന്നു. അതിന് മുന്‍പ് അച്ഛന്‍ മരിച്ചിരുന്നു. ഇത് ആദ്യത്തെ വിട്ടുവരുന്നതിനു മുന്‍പുള്ള കാര്യമാണ്. അങ്ങനെ പടിഞ്ഞാറയിലേത് പെങ്ങള്‍ പാര്‍വ്വതിക്ക് വിട്ടുകൊടുത്തു. ഞങ്ങള്‍ പുതിയോട്ടില്‍ ഷെഡ് കെട്ടി സ്ഥലം മാറി. അപ്പോഴേക്കും എന്‍റെ അച്ഛന് സുഖക്കേടായി. പുരപ്പണി തുടങ്ങി പകുതിയാക്കി പണവും തീര്‍ന്നു. എല്ലാം അപ്പുക്കുട്ടിയേട്ടനാണ് ആളായി നില്‍ക്കുന്നതും കൈകാര്യവും. ജ്യേഷ്ഠത്തിയമ്മയും സജീവമായുണ്ട്. അന്ന് മൂപ്പര്ക്ക് സ്വാതന്ത്ര്യ സമരപ്പെന്‍ഷന്‍ കിട്ടിത്തുടങ്ങിയിട്ടില്ല. അതാണ് പെങ്ങളോട് അളവറ്റ സ്നേഹം കാണിച്ചതെന്ന് പിന്നീട് മനസ്സിലായി.

പണി തീരാത്ത പുരയില്‍ കൂടി. അച്ഛന് രോഗം കലശലായി. എനിക്ക് പ്രസവത്തിന്‍റെ സമയവും. അങ്ങനെ ഞാന്‍ ആവളക്ക് പോയി. പത്താമത്തെ മാസം ചന്ദ്രനെ പ്രസവിച്ചു. അവന് 27 ദിവസമായപ്പോള്‍ എന്‍റെ സ്നേഹം നിറഞ്ഞ അച്ഛന്‍ മരിച്ചു. എന്‍റെ മനസ്സ് വീണ്ടും പതറി. അങ്ങനെ ഞങ്ങള്‍ ആവള നിന്ന് പിരിഞ്ഞ് എല്ലാവരുടെയും വഴിക്ക് പോയി. അന്ന് നാരായണിയുടെ നിമ്മിക്ക് 10 മാസം പ്രായം വരും. ജോലി വളയത്ത് നേഴ്സ് ആയിട്ടാണ് അന്ന്. ഞാന്‍ പുതിയോട്ടില്‍ എത്തി. സ്നേഹം നിറഞ്ഞ അച്ഛന്‍റെ വേര്‍പാട് കാരണം ഞാന്‍ മനസ്സ് പതറിയ നിലയിലായി. മൂപ്പര്‍ ചിട്ടിഫണ്ടില്‍ തന്നെയാണ്. രാവിലെ പോകും രാത്രി തിരിച്ചുവരും. അരി ചാക്കോടെ വാങ്ങും സാധനം വാങ്ങേണ്ടത് ഒന്നിച്ചും എത്തിച്ചുതരും. ഞാന്‍ വെറും കിടത്തം. അമ്മ എല്ലാം വെച്ച് കുറെ അരിയും എടുത്ത് മകളുടെ അടുത്തേക്ക് പോകും. ഞാന്‍ മക്കള്‍ക്ക് കൊടുത്ത് ഞാനും കഴിക്കും എന്ന ധാരണയില്‍. പക്ഷെ, ആ ഒരവസ്ഥയിലല്ല എന്‍റെ മനസ്സ്. ഇത്രയും അറിയുന്നില്ല.
അങ്ങനെ ഒരു ദിവസം ഭര്‍ത്താവിന് തിരിച്ച് പട്ടാളത്തില്‍ ചെല്ലുവാന്‍ കാര്‍ഡ് വന്നു. എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ വൈമനസ്യം കാണിച്ചെങ്കിലും എന്നെക്കൊണ്ട് സമ്മതിപ്പിച്ച് വീണ്ടും പോയി. പക്ഷെ അധികകാലം അവിടെ തുടരാനായില്ല. അച്ഛന്‍ നഷ്ടപ്പെട്ട കാരണം ഞാന്‍ തളര്‍ന്നു പോയി. ഭക്ഷണം, ഉറക്കം ഒന്നും ഇല്ലാതായി. ഒരു കൊല്ലം വീണ്ടും സര്‍വ്വീസിലിരിക്കുമ്പോള്‍ ഇവിടുത്തെ സ്ഥിതി അറിയുന്ന അയല്‍വാസികള്‍ ഭര്‍ത്താവിനെ അറിയിച്ചു. എനിക്ക് കത്തു വന്നു ഞാന്‍ ഒരു ഹര്‍ജി എഴുതി അയക്കുവാനുള്ള നിര്‍ദ്ദേശവും തന്നു. വിട്ടുവരാന്‍, അല്ലെങ്കില്‍ ഞാനും കുട്ടികളും നഷ്ടപ്പെടുമെന്നുള്ള വിഷമം കൊണ്ട്. അതു പ്രകാരം ഞാന്‍ ഹര്‍ജി എഴുതി അയച്ചു. ഹര്‍ജി കിട്ടി. രണ്ട് ഉദ്യോഗസ്ഥര്‍ കാര്യം അന്വേഷിക്കാന്‍ വീട്ടില്‍ എത്തി. അവര്‍ കണ്ട കാഴ്ച, ഞാന്‍ മുടിയും ഡ്രസ്സും കൊണ്ട് ഒരു പായയില്‍ കിടക്കുന്നു. അഞ്ചും രണ്ടരയും വയസ്സായ മണ്ണില്‍ കുളിച്ച മക്കള്‍ അടുത്തിരിക്കുന്നു. മുലപ്പാല്‍ കുടിക്കാനില്ലാതെ അമൂലൊക്കെ വീട്ടില്‍ ആങ്ങള വാങ്ങി വെച്ചിട്ടുണ്ടെങ്കിലും കൊടുക്കുവാനുള്ള ഓര്‍മ്മ എനിക്കില്ല. പല്ലിക്കുട്ടിപോലുള്ള ചന്ദ്രന്‍ അടുത്ത് കിടക്കുന്നു. ഈ കാഴ്ചയാണ് അന്വേഷണത്തിന് വന്നവര്‍ കാണുന്നത്. കുഞ്ഞിരാമന്‍ നമ്പ്യാരുടെ വീടാണോ ഇത്? എന്നൊരു ചോദ്യം. അതെ എന്ന് എന്‍റെ മറുപടി. എന്തിനാണ് ഒരു ജോലി ഉപേക്ഷിച്ചു പോരുന്നത്. നിങ്ങള്‍ വിട്ടുവരാന്‍ ഒരു അപേക്ഷ അയച്ചിട്ടുണ്ടോ? ഞാന്‍ പറയുന്നു എന്‍റെ അവസ്ഥ. മൂന്നു മക്കള്‍ മരിച്ചുപോയി അച്ഛന്‍ കാണാതെ. ഇപ്പോള്‍ ഉള്ള ഈ മക്കളെ സംരക്ഷിക്കുവാന്‍ എനിക്ക് കഴിയുന്നില്ല. അടുത്ത് ജോലി കിട്ടിയാല്‍ പോകാമോ? പോകാം, എന്‍റെ മറുപടി. അങ്ങനെ വിട്ടു വന്നു. പിന്നെയും ചിട്ടിഫണ്ടില്‍ ജോലി തുടര്‍ന്നു.
(തുടരും)
