പൂമുഖം OPINION ടോം വടക്കനും പ്രവാസി മലയാളിക്കും കേരള രാഷ്‌ടീയത്തിൽ എന്ത് കാര്യം.?

രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കിയ ലേഖന പരമ്പര തുടരുന്നു. : ടോം വടക്കനും പ്രവാസി മലയാളിക്കും കേരള രാഷ്‌ടീയത്തിൽ എന്ത് കാര്യം.?

 

എന്റെ സുഹൃത്ത് ടോം വടക്കൻ കോൺഗ്രസ് വിട്ട്, എതിർ ചേരിയായ ബി ജെ പിയിൽ ചേർന്നു . ഈ പാർട്ടി മാറ്റം, ഗള്‍ഫിലെ കള്ളുകുടി സദസ്സുകള്‍, നാഷണൽ മീഡിയ, കേരളത്തിലെ സോഷ്യൽ മീഡിയ തുടങ്ങി എല്ലായിടത്തും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു –തെറി വിളിച്ചു.
നാഷണൽ മീഡിയ അത്ഭുതത്തോടെ ആണ് പ്രതികരിച്ചത്. ‘80 കളില്‍ കോൺഗ്രസ് കക്ഷിക്ക് ഒരു മീഡിയ വകുപ്പ് ഉണ്ടാക്കി, അത് ഭേദപ്പെട്ട രീതിയില്‍ നടത്തിക്കൊണ്ട് പോന്ന ഒരാളായിട്ടാണ് ടോമിനെ ദേശീയ മീഡിയ കണ്ടിരുന്നത്. നാഷണൽ ടെലിവിഷന്‍ ചാനലുകളിൽ, സ്വന്തം കക്ഷിക്ക് വേണ്ടി, വൃത്യസ്തമായ, മറുപടികൾ കൊണ്ട്, സംയമനത്തോടെ, എതിരാളികളെ കൈകാര്യം ചെയ്ത,, ഒരു നേതാവായിരുന്നു അദ്ദേഹം.. അർണബ് ഗോസ്വാമി ഉൾപ്പെടെ പലരുടെയും,ആദ്യത്തെ മെഗാ ബ്രേക്ക് , രാഷ്‌ടീയ റിപ്പോർട്ടിങ്ങിന് വഴിയൊരുക്കിയത് ടോം ആണ്. മാന്യനും, ലിബറലും, സമകാലീന രാഷ്‌ടീയക്കാരില്‍ പലരില്‍ നിന്നും വ്യത്യസ്തനായി , അഴിമതി -ലൈംഗിക ആരോപണങ്ങളില്‍ പെടാത്തവനും എന്ന മട്ടില്‍ ഒരു ക്ലീൻ ഇമേജ് ഉള്ള കോൺഗ്രസ് നേതാവ് ആയിരുന്നു അദ്ദേഹം. ഡൽഹിയിൽ അത്യപൂർവമായി മാത്രം കണ്ടു വരുന്ന ഒരു ഇനം! അത് കൊണ്ട് തന്നെ, രാജീവ് ഗാന്ധി , പ്രധാനമന്ത്രിയായ കാലം തൊട്ട് കോൺഗ്രസ് ഓഫീസിൽ അദ്ദേഹത്തെ കണ്ടുവന്ന ഏതൊരാളേയും ഈ മാറ്റം അത്ഭുതപ്പെടുത്തും .
പക്ഷെ മലയാളി തന്റെ കൂപ മണ്‍ഡൂക ദേശീയ രാഷ്‌ട്രീയ വീക്ഷണത്തിലൂടെ ഇങ്ങനെ ഒരാളെ നോക്കിക്കാണുന്നത് വളരെ വിചിത്രമായ രീതിയില്‍ ആണ്. കേരളത്തിൽ സ്കൂൾ പൂർത്തിയാക്കി , ഡൽഹിയിൽ പഠിച്ച്, വടക്കേ ഇന്ത്യക്കാരിയെ വിവാഹം കഴിച്ച, പരസ്യ രംഗത്തെ ഒരു പ്രൊഫഷണൽ മലയാളി ആണ് ടോം.വർഷങ്ങൾ ആയി ഡൽഹിയിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ ഉപയോഗ ഭാഷയും വീട്ടിലെ ഭാഷയും ഇംഗ്ലീഷ് ആണ്. ത്രിശ്ശൂരെ വടക്കൻ കുടുംബത്തിൽ നിന്ന് ആണെങ്കിലും നാൽപതു വര്‍ഷം സാധാരണമായി ഉപയോഗിക്കേണ്ടി വരാത്ത ഒരാൾക്ക് സ്വന്തം മാതൃഭാഷക്ക് പോലും ചില അക്‌സെന്റ് ഉണ്ടാവുക സാധാരണമാണ്. ഡൽഹിയിൽ ജീവിക്കുന്ന ഇദ്ദേഹം,മൂന്ന് ഭാഷ അനായാസമായി ഉപയോഗിക്കുന്ന,. ഇംഗ്ലീഷും മലയാളവും അക്‌സെന്റ് കൂടാതെ കൈകാര്യം ചെയ്യുവാൻ അറിയുന്ന ആളാണ് ഡൽഹിയിൽ. ഇത് തന്നെ അല്ലേ അമ്പതു ലക്ഷത്തോളം മലയാളി പ്രവാസികളുടെ, അവരുടെ മക്കളുടെ ഭാഷാപരമായ അവസ്ഥയും എന്ന് നാം ഓർക്കേണ്ടത് അല്ലേ?. അല്ലാത്തവർ, ലോകത്ത് എവിടെയും ഒരു മലയാളി ചേരി ഉണ്ടാക്കി അതിൽ നാടൻ ഭാഷ പറഞ്ഞ്, ഒറ്റപ്പെട്ട് കഴിയുന്ന സാമ്പത്തിക അഭയാര്‍ത്ഥികൾ അല്ലേ?.
ശശി തരൂരും ടോമുമല്ലാതെ, ദേശീയ നേതൃസ്ഥാനങ്ങളിൽ ഇംഗ്ലീഷ് ഭാഷ അനായാസകരമായി കൈ കാര്യം ചെയ്യുന്ന അപൂര്‍വ്വം മലയാളികളേയുള്ളൂ . നാട്ടില്‍ വീരശൂര പരാക്രമികളാണെങ്കിലും, ഒരു ഭാഷയും നേരാംവണ്ണം ഉപയോഗിക്കാൻ അറിയാതെ, പട്ടി ചന്തക്കു പോയത് പോലെ പാർലമെന്റിലും ഡൽഹിയിലും കറങ്ങി നടക്കുന്നവരാണ് അധികംപേരും- മലയാളം അല്ലാതെ ഒരു ഭാഷയും അറിയാത്ത പഴയ കോണ്‍ഗ്രസ് എം പി, തനിക്ക് ഇടപെടേണ്ടിവന്നിരുന്ന എല്ലാവര്‍ക്കും പാലക്കാടന്‍ പപ്പടം കൊടുത്ത്,കാര്യങ്ങൾ നടത്തുവാൻ ശ്രമിച്ചിരുന്ന ദയനീയ രംഗം ഓർക്കുന്നു. ഈ കൂട്ടരുടെ ചോദ്യങ്ങൾ തയ്യാറാക്കുന്നത്- പാർലമെൻറിൽ തന്നെയുള്ള മലയാളി ഓഫീസർമാർ ആയിരുന്നു.
വാസ്തവങ്ങൾ , ചിലപ്പോൾ ദുരന്ത നാടകങ്ങളേക്കാൾ പരിതാപകരമായിരിക്കും എന്നത് ടോമിന്റെ കാര്യത്തിൽ ഏകദേശം ശരി ആണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹം ലോക് സഭ ടിക്കറ്റിനു ആശ പ്രകടിപ്പിച്ചപ്പോൾ , ദേശീയ പാർട്ടി ഓഫീസിലെ ചായകൊടുപ്പുകാരും ടിക്കറ്റ് ചോദിക്കുന്നു എന്നായിരുന്നു കേരളത്തിലെ
ഒരു ദേശീയ നേതാവ് പറഞ്ഞത്. കോൺഗ്രസ് ജയിച്ചു വന്നാൽ ഒരു ജൂനിയർമന്ത്രി പദം തന്നെ കിട്ടിയേയ്ക്കാവുന്ന ഒരാളെ പറ്റിയാണ് ആ മഹാൻ പറഞ്ഞത്. കപിൽ സിബലിനെ പോലെ, ചായ പോലും കൊടുക്കാതെ, കോടതികളിൽ പാർട്ടിക്കാർക്ക് വേണ്ടി വാദിക്കുക മാത്രം ചെയ്ത് നേതാവായി വളര്‍ന്നവരുണ്ട്. ജയറാം രമേഷിനെ പോലെ, ടെലിവിഷൻ ചർച്ചകളിലൂടെ, പൊസിഷൻ പേപ്പറുകളിലൂടെ, ക്യാബിനറ്റ് മന്ത്രിമാരായവരുണ്ട്. ഒക്കെ പോട്ടെ, നെഹ്രുവിന്റെ വിശ്വസ്തനായിരുന്ന , വി കെ കൃഷ്ണ മേനോൻ എന്ന ബുദ്ധി രാക്ഷസനായിരുന്ന മലയാളിയെ പറ്റി കേട്ടിട്ടില്ലേ ?. അദ്ദേഹം മലയാളം സംസാരിക്കാറേ ഇല്ല. എന്നിട്ടും തിരുവന്തപുരത്തെ നിന്ന് ഇടതിന്റെ പിന്‍തുണയോടെ ജയിച്ചിട്ടുണ്ട്. ദേശീയ രാഷ്‌ട്രീയത്തിലെ അതുല്യനായ നേതാവ് ആയിരുന്നു എന്നതായിരുന്നു കാരണം..
ഇതൊക്കെ വിരൽ ചൂണ്ടുന്നത് ഒരു വലിയ സത്യത്തിലേക്കാണ്. കേരളത്തിലെ മലയാളിക്ക് പ്രവാസി മലയാളിയുടെ പണം വേണം, ഗുഡ് വിൽ വേണം, അവനെ വെച്ച് പത്രാസു കാണിക്കണം, പക്ഷേ അവൻ നാടിനെ സ്വന്തമായി കണ്ട്, അതിന്റെ രാഷ്‌ട്രീയത്തിൽ കൈ കടത്തുവാൻ പാടില്ല. അവനെ രണ്ടാം ക്ലാസ് പൗരൻ ആക്കി, പിഴിഞ്ഞ് എടുക്കുക .ഒരു അടൂർ സിനിമയിൽ കണ്ടത് പോലെ ഗൃഹാതുരത്വവുമായി നാട്ടിൽ വരുന്ന അവനെ എന്നാണ് തിരിച്ചു പോകുന്നത് എന്ന് നിരന്തരം ചോദിച്ച്, ഈ നാട്ടുകാരൻ അല്ല എന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുക. നാട്ടിലെ കോൺഗ്രസ്-ഇടതു രാഷ്‌ട്രീയത്തിലെ കൂപമണ്‍ഡൂക രാഷ്‌ട്രീയക്കാർ ചെയ്യുന്നതും ഇതൊക്കെ തന്നെ. ടോം വടക്കൻ ഇതിന്റെ ഏറ്റവും പുതിയ രക്തസാക്ഷി ആണ്. ഒരു ലിബറലായ , റോമൻ കാതോലിക്കനായ അദ്ദേഹം ബി ജെ പി പോലെ ഒരു ഹിന്ദുവത പാർട്ടിയിലേക്ക് ചേക്കേറുന്ന അവസ്ഥ വേദനയോടെയേ നോക്കിക്കാണുവാൻ കഴിയൂ അദ്ദേഹത്തെ അറിയാവുന്ന ഒരു പ്രവാസിക്ക്. തന്റെ നല്ല ജീവിത കാലം ഒരു പാർട്ടിക്ക് കൊടുത്ത, ഒരു രാഷ്ട്രീയക്കാരന്‍ പാർട്ടിയിൽ നിന്ന് ഒരു പൊതുസ്ഥാനം ആഗ്രഹിക്കുന്നതില്‍ അപാകത കാണാനാവില്ല. അങ്ങനെ ഒരു ആഗ്രഹമേ പാടില്ല എന്ന മട്ടിൽ ചില നേതാക്കൾ പെരുമാറുമ്പോൾ, സ്വാഭിമാനമുള്ള ആരും ടോം വടക്കനെ പോലെ തിരിച്ചടിക്കാനേ നോക്കു. ഡൽഹിയിലെ തന്നെ കോൺഗ്രസ് നേതൃത്വത്തിലെ അറിയപ്പെട്ട നേതാക്കളുമായുള്ള ചർച്ചക്ക് ശേഷമാണ് അദ്ദേഹത്തിന്‍റെ നടപടി എന്നത്, കോൺഗ്രസ് നേതൃ ശൈലിയുടെ വലിയ പരാജയമാണ് കാട്ടിത്തരുന്നത്. ചില കുടുംബക്കാരല്ലാത്തവർ, അവരുടെ ആശ്രിതർ അല്ലാത്തവർ പാർട്ടിയിൽ നിന്ന് ഒന്നും ചോദിക്കരുത്. എന്ന്. മതവെറിയന്മാരെ എതിർക്കുന്ന ഒരു പാർട്ടിക്ക് ഈ അവസ്ഥ ഒരിക്കലും ഭൂഷണമല്ല എന്ന സത്യം അവർ തിരിച്ചറിയേണ്ടിയിരിക്കുന്നു.
നാട്ടിലെ മലയാളി, പ്രവാസിയെ ഉഴിയാൻ മാത്രമല്ല ,സമൂഹത്തിലും രാഷ്ട്രീയത്തിലും അർഹമായ പ്രാധിനിധ്യം വകവെച്ചു കൊടുക്കേണ്ട സമയം ആയി എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു .ഇല്ലെങ്കിൽ നിങ്ങളുടെ മണി ഓർഡർ എക്കണോമിയുടെ നിക്ഷേപങ്ങൾ നടത്തുന്ന അവസാനത്തെ തലമുറ ആകും ഇന്നത്തേത്.–

Comments
Print Friendly, PDF & Email

മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍.ഫിനാൻഷ്യൽ എക്സ്പ്രസ്സ്, ഹിന്ദു ബിസിനസ് ലൈൻ, മാതൃഭൂമി എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സ്ഥിരതാമസം. ഏതാനും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

You may also like