പൂമുഖം LITERATUREലേഖനം ഹമാസ്-ഇസ്രായേൽ ഉച്ചകോടി വെറും രാഷ്ട്രീയ ഉപജാപമോ?

ഹമാസ്-ഇസ്രായേൽ ഉച്ചകോടി വെറും രാഷ്ട്രീയ ഉപജാപമോ?

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുടെ സംയുക്ത അധ്യക്ഷതയിലും ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിൽ നടന്ന ഗാസ സമാധാന ഉച്ചകോടിയും (Gaza Peace Meet), അതിനു പിന്നാലെയുണ്ടായ ഹമാസ്-ഇസ്രായേൽ കരാറും പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ ഒരു പുതിയ വഴിത്തിരിവായി കണക്കാക്കപ്പെടുന്നു. യുഎസ്, ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളാണ് ഈ ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്. എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള ഹമാസിന്റെയും, അതിന് പകരമായി തങ്ങൾ പിടിച്ചുകൊണ്ടുപോയ ഹമാസ് പോരാളികളെ വിട്ടയക്കുമെന്നുള്ള ഇസ്രായേലിന്റെയും പ്രഖ്യാപനം ഉൾപ്പെടെ, ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെ ആദ്യഘട്ടം ഇരു ഭാഗവും അംഗീകരിച്ചുവെന്ന വാർത്ത വലിയ ആശ്വാസം നൽകുന്നതാണ്. എങ്കിലും ഈ ‘സമാധാന നീക്കത്തിനു’ പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങൾ അതീവ വിമർശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്.

പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകണം

ഈ കരാർ നിലവിൽ വരുമ്പോഴും പശ്ചിമേഷ്യയിൽ ശാശ്വതമായ സമാധാനം ഉണ്ടാകണമെങ്കിൽ ഒരു പരമാധികാര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് ഏക പരിഹാരം. ട്രംപിന്റെ 20 ഇന സമാധാന പദ്ധതി പരിഗണിക്കുമ്പോൾ ഉയരുന്ന ഏറ്റവും പ്രധാന ചോദ്യം പലസ്തീൻ ജനതയുടെ ദീർഘകാലലക്ഷ്യമായ പരമാധികാര പലസ്തീൻരാഷ്ട്രം എന്ന ആവശ്യം എവിടെപ്പോയി എന്നതാണ്. ചർച്ചകളിൽ ഹമാസ് പങ്കെടുക്കുകയും, കരാറിനോട് യോജിക്കുകയും ചെയ്‌തുവെങ്കിലും പലസ്തീൻ രാഷ്ട്ര സ്ഥാപനം എന്ന ആവശ്യം ഒരു പ്രധാന ചർച്ചാവിഷയമായി ഉയർത്തിയതായി കാണുന്നില്ല. ഇതിനു പിന്നിൽ ഹമാസിന്റെ പ്രത്യയശാസ്ത്രപരമായ നിലപാടുകളും രാഷ്ട്രീയ തന്ത്രങ്ങളുമാവണം പ്രവർത്തിക്കുന്നത്. വെസ്റ്റ് ബാങ്കിലുള്ള പലസ്തീൻകാരെ അംഗീകരിക്കുവാൻ ഹമാസിനും സാധ്യമല്ല എന്നതാണ് സത്യം.

നിലവിലെ കരാർ, ബന്ദികളെ മോചിപ്പിക്കാനും ഗാസയുടെ ഭരണം താൽക്കാലികമായി കൈമാറാനും ശ്രദ്ധ വെയ്ക്കുമ്പോൾ, അടിസ്ഥാന പ്രശ്നങ്ങളായഇസ്രായേൽ അധിനിവേശവും പലസ്തീൻ ജനതയുടെ രാഷ്ട്രീയ അവകാശ നിഷേധവും അഭിസംബോധന ചെയ്യുന്നില്ല. അമേരിക്കൻ സഖ്യരാഷ്ട്രങ്ങളിൽപ്പെട്ട അനേകം രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രം നിലനിൽക്കണം എന്ന് ആവശ്യപ്പെടുമ്പോഴും യുഎസ് അത് കേട്ടതായിപ്പോലും നടിച്ചില്ല.

രാഷ്ട്രീയമായ ഒരു പരിഹാരമില്ലാതെ, നടപ്പിലാക്കുന്ന വെടിനിർത്തൽ കരാറുകൾക്ക് താൽക്കാലിക ആശ്വാസം നൽകാൻ മാത്രമേ കഴിയൂ. പലസ്തീൻ ജനതയ്ക്ക് സ്വന്തമായി ഒരു രാഷ്ട്രവും സുരക്ഷയും ലഭിക്കുന്നതുവരെ ഈ മേഖലയിൽ സമാധാനം സുസ്ഥിരമാകില്ല. ട്രംപിന്റെ പദ്ധതിയിൽ പലസ്തീൻ രാഷ്ട്ര സ്ഥാപനത്തെക്കുറിച്ച് വ്യക്തമായ സമയപരിധിയോ ഉറപ്പോ നൽകാത്തത്, ഈ കരാറിന്റെ ലക്ഷ്യങ്ങൾ ഇസ്രായേലിന്റെ സുരക്ഷാ താൽപ്പര്യങ്ങളിൽ മാത്രം ഒതുങ്ങുന്നുവെന്ന് സൂചിപ്പിക്കുന്നതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ഗാസയുടെ പുനർനിർമ്മാണം

ഏകദേശം രണ്ട് വർഷം നീണ്ടുനിന്ന യുദ്ധത്തിൽ ഗാസമുനമ്പിലെ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും തകർന്നു. ഈ പ്രദേശത്തിന്റെ പുനർനിർമ്മാണം മനുഷ്യത്വപരമായ ഒരു വെല്ലുവിളിയാണെങ്കിലും, അതിനു പിന്നിൽ വലിയ രാഷ്ട്രീയവും സാമ്പത്തികവുമായ താൽപ്പര്യങ്ങളുണ്ട്.

ഗാസയുടെ പുനർനിർമ്മാണത്തിന് ആവശ്യമായ ഭീമമായ തുക യുഎസ്, യൂറോപ്യൻ യൂണിയൻ, ഗൾഫ് രാജ്യങ്ങൾ എന്നിവരിൽ നിന്നായിരിക്കും പ്രതീക്ഷിക്കുന്നത്. ഈ സാമ്പത്തിക സഹായം ആര് നിയന്ത്രിക്കുന്നു, ആർക്ക് ലഭിക്കുന്നു എന്നതിലാണ് രാഷ്ട്രീയ ഭാവി ഒളിഞ്ഞിരിക്കുന്നത്. പണം നൽകുന്ന രാജ്യങ്ങൾക്ക് ഗാസയുടെ ഭാവി ഭരണത്തിൽ സ്വാധീനം ചെലുത്താൻ കഴിയും. പുതിയ ഭരണസംവിധാനം – സാങ്കേതിക വിദഗ്ധരുടെ സമിതി – രൂപീകരിക്കുന്നതിലൂടെ, ഹമാസിന്റെ സ്വാധീനം കുറയ്ക്കാനും പശ്ചിമേഷ്യയിൽ യുഎസ് അനുകൂല സന്തുലിതാവസ്ഥ കൊണ്ടുവരാനും ട്രംപ് ഭരണകൂടം ശ്രമിക്കുന്നു. ട്രംപിന്റെ പദ്ധതിയിൽ പുനർനിർമ്മാണ സഹായത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും, ഈ പ്രക്രിയയ്ക്ക് ആരാണ് നേതൃത്വം നൽകുന്നതെന്നോ എത്ര കാലമെടുക്കുമെന്നോ വ്യക്തമാക്കുന്നില്ല. ഇത് കരാറിനെ ഒരു അപൂർണ്ണമായ രാഷ്ട്രീയ ഉപകരണമായി നിലനിർത്തുന്നു.

പെട്ടെന്നുള്ള താൽപ്പര്യം എന്തിന്?

സമാധാന കരാറിനോടുള്ള ട്രംപിന്റെയും, നെതന്യാഹുവിന്റെയും, ഹമാസിന്റെയും പെട്ടെന്നുള്ള താൽപ്പര്യം തീർത്തും രാഷ്ട്രീയ പ്രേരിതമാണ്. സമാധാന ശ്രമങ്ങളിൽ ട്രംപ് അതീവ താൽപ്പര്യം കാണിക്കുന്നതിനു പിന്നിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തന്നെയാണ് പ്രധാന കാരണം.

ട്രംപിന്റെ ലക്ഷ്യം

രണ്ടു കൊല്ലം നീണ്ട യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന നീക്കം ഒരു ‘വിദേശനയ വിജയം’ ആയി അവതരിപ്പിച്ച്, അമേരിക്കയിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ട്രംപ് ശ്രമിക്കുന്നു. താരിഫ് വർദ്ധനയുമായി ബന്ധപ്പെട്ടും ട്രഷറി അടച്ചുപൂട്ടിയത് മൂലവും അമേരിക്കക്കാർക്കിടയിൽ വളരുന്ന അതൃപ്തി ഒഴിവാക്കി, ലോകത്തിലെ ഏറ്റവും പ്രബലനായ ഭരണാധികാരിയാണെന്ന് സ്വയം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.

നോബൽ മോഹം

ഈ തവണ നോബൽ സമാധാന പുരസ്കാരം ലഭിച്ചില്ലെങ്കിലും, അടുത്ത തവണയെങ്കിലും ഈ കരാറിലൂടെ ഒരു നോബൽ ലഭിക്കുക എന്നതായിരിക്കും ട്രംപിന് ഈ സമാധാന കരാർ ഉണ്ടാക്കുന്നതിന് പിന്നിലെ മറ്റൊരു താല്പര്യം. നേരത്തെ പലതവണ നോബൽ സമ്മാനത്തിനായി ട്രംപ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഹമാസിന് അന്ത്യശാസനം നൽകിയും, ഇസ്രായേലിനോട് ‘ബോംബാക്രമണം ഉടൻ നിർത്തണം’ എന്ന് ആവശ്യപ്പെട്ടുമുള്ള ട്രംപിന്റെ പ്രസ്താവനകൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ സ്വാധീനം പ്രകടിപ്പിക്കാൻ വേണ്ടിയായിരുന്നു.

നെതന്യാഹുവിന്റെ മേലുള്ള സമ്മർദ്ദം

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാടും രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ഫലമാണ്. ഗാസയിലെ യുദ്ധക്കുറ്റ ആരോപണങ്ങളുടെയും അന്താരാഷ്ട്ര തലത്തിലുള്ള കടുത്ത എതിർപ്പിന്റെയും പശ്ചാത്തലത്തിൽ, ഒരു സമാധാന കരാർ അംഗീകരിക്കുക എന്നത് നെതന്യാഹുവിന്റെ അധികാരം നിലനിർത്താൻ അത്യാവശ്യമായിരിക്കുന്നു. ബന്ദികളെ മോചിപ്പിക്കാനുള്ള ആവശ്യം ഇസ്രായേലിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ ശക്തമാണ്. ബന്ദികളെ മോചിപ്പിക്കുന്നത് പ്രതിച്ഛായ മെച്ചപ്പെടുത്താൻ നെതന്യാഹുവിന് സഹായിക്കും.

ഹമാസിന്റെ തന്ത്രം

ഹമാസിന്റെ ‘സമാധാന സന്നദ്ധത’ നിലവിലെ സാഹചര്യത്തിൽ രക്ഷപ്പെടാനുള്ള തന്ത്രപരമായ നീക്കമാണ്. ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങളിൽ ഗാസ മുനമ്പ് പൂർണ്ണമായും തകർന്നു. കനത്ത സൈനിക, മനുഷ്യശേഷി നഷ്ടങ്ങൾ സംഭവിച്ച സാഹചര്യത്തിൽ, ഒരു വെടിനിർത്തൽ അവർക്ക് അത്യന്താപേക്ഷിതമാണ്. കരാർ അംഗീകരിക്കുന്നത്, തങ്ങളെ പ്രാദേശിക ശക്തിയായി കണക്കാക്കാൻ മറ്റ് രാജ്യങ്ങളെ പ്രേരിപ്പിക്കുമെന്നും, അതുവഴി അന്താരാഷ്ട്ര അംഗീകാരം നേടാൻ സഹായിക്കുമെന്നും ഹമാസ് കണക്കുകൂട്ടുന്നു. കരാറിലൂടെ ലഭിക്കുന്ന വെടിനിർത്തൽ സമയം അവരുടെ കേഡർമാരെ പുനഃസംഘടിപ്പിക്കാനും രാഷ്ട്രീയ നിലനിൽപ്പ് ഉറപ്പിക്കാനും സഹായിക്കും. നിരായുധീകരണം അംഗീകരിക്കുമോ എന്നത് ഇപ്പോഴും സംശയാസ്പദമാണ്.

യുഎസ് ഒഴികെയുള്ള മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്ത്, ഖത്തർ, തുർക്കി എന്നിവരും തങ്ങളുടെ പ്രാദേശിക സ്വാധീനം ഉറപ്പിക്കാൻ ഈ ചർച്ചകളെ ഉപയോഗിക്കുന്നു. ഹമാസുമായി അടുത്ത ബന്ധം നിലനിർത്തുന്ന ഖത്തറും തുർക്കിയും, തങ്ങളെ പ്രാദേശിക ശക്തികളായും പ്രശ്നപരിഹാരകരായും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നു. ഇത് മറ്റ് ഗൾഫ് രാജ്യങ്ങളേക്കാൾ തങ്ങൾക്ക് പശ്ചിമേഷ്യൻ വിഷയങ്ങളിലുള്ള സ്വാധീനം വർദ്ധിപ്പിക്കാൻ സഹായിക്കും എന്ന തന്ത്രപരമായ നീക്കമാണ്. ഗാസയുമായി അതിർത്തിയുള്ള ഈജിപ്തിന്, അവിടുത്തെ സ്ഥിരത സ്വന്തം ദേശീയ സുരക്ഷയ്ക്ക് നിർണായകമാണ്. ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ പ്രാദേശിക നേതൃത്വം ഉറപ്പിക്കാൻ ഈജിപ്ത് ശ്രമിക്കുന്നു.

ട്രംപ്-നെതന്യാഹു കൂട്ടുകെട്ടും മേഖലയിലെ ആക്രമണങ്ങളും

ട്രംപിന്റെ മുൻ ഭരണകാലത്തെ വിദേശനയങ്ങളും നെതന്യാഹുവിന്റെ ഇസ്രായേൽ സർക്കാരിനുള്ള പിന്തുണയും ഈ മേഖലയിലെ ആക്രമണങ്ങൾക്ക് ഇന്ധനം പകർന്നിട്ടുണ്ട് എന്ന വിമർശനം ശക്തമാണ്. ട്രംപ് ഭരണകൂടത്തിന്റെ നടപടികൾ, പലസ്തീൻ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ പ്രവർത്തിക്കാൻ നെതന്യാഹുവിന് ധൈര്യം നൽകി.

ഗൾഫ് മേഖലയുടെ ഇടപെടലുകൾ

ഇറാൻ, സിറിയ, ലെബനൻ, ഖത്തർ (ദോഹ) തുടങ്ങിയ രാജ്യങ്ങൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിലും മറ്റ് രാഷ്ട്രീയ നീക്കങ്ങളിലും ട്രംപിന്റെ “പരമാവധി സമ്മർദ്ദ” (Maximum Pressure) നയങ്ങൾ പരോക്ഷമായി സഹായകമായി. ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് പിന്മാറിയതും, ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതും ഉദാഹരണങ്ങൾ. ഈ നീക്കങ്ങൾ പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരുന്നതിനു പകരം സംഘർഷങ്ങൾ വർദ്ധിപ്പിക്കുകയാണ് ചെയ്തത്.

സമാധാന കരാറിന്റെ സുസ്ഥിരതയിൽ സംശയം

ട്രംപിന്റെ 20 ഇന സമാധാനപദ്ധതി ഹമാസിന്റെ നിരായുധീകരണം, ഗാസയിൽ നിന്ന് ഇസ്രായേൽ സേനയുടെ ഘട്ടംഘട്ടമായുള്ള പിന്മാറ്റം, പരിവർത്തന സർക്കാർ രൂപീകരണം എന്നിവ ആവശ്യപ്പെടുന്നുണ്ട്. ഈ കരാർ സുസ്ഥിരമാണോ എന്ന ചോദ്യത്തിന് ഉത്തരം പറയുക പ്രയാസമാണ്.

ഹമാസിനെ സംബന്ധിച്ചിടത്തോളം സൈനികശക്തി അവരുടെ നിലനിൽപ്പിന്റെ അടിസ്ഥാനമാണ്. പൂർണ്ണമായി നിരായുധരാകാൻ അവർ തയ്യാറാകുമോ എന്നത് സംശയാസ്പദമാണ്. ഗാസയെ ഭീകരവാദമുക്തമാക്കാനുള്ള ദീർഘകാല ലക്ഷ്യത്തിൽ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സർക്കാർ എത്രത്തോളം സന്ധിചെയ്യും എന്നും കണ്ടറിയണം. കരാറിൽ ഹമാസിന് പൊതുമാപ്പ് നൽകുമെന്നും, ഗാസ വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിത യാത്രാസൗകര്യം നൽകുമെന്നും പറയുന്നു. ഇത് പലസ്തീൻ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരമല്ല, മറിച്ച് താത്കാലികമായ ഒരു ഒത്തുതീർപ്പ് മാത്രമാണ്. ട്രംപിന്റെ താൽപ്പര്യം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹം അധികാരത്തിൽ വന്നില്ലെങ്കിൽ ഈ കരാറിന് യുഎസിന്റെ പിന്തുണ ഉണ്ടാകുമോ എന്നതും സംശയമാണ്.

ചുരുക്കത്തിൽ, ഈജിപ്തിലെ സമാധാന ഉച്ചകോടി ഒരു ‘രാഷ്ട്രീയ രക്ഷാപ്രവർത്തനം’ ആയി കണക്കാക്കാം. ട്രംപിന്റെ തിരഞ്ഞെടുപ്പ് ലാഭവും, നെതന്യാഹുവിന്റെ അധികാര നിലനിൽപ്പും, ഹമാസിന്റെ സൈനിക തന്ത്രവും ഒരുമിച്ചപ്പോൾ സംഭവിച്ച ഒരു താത്കാലിക വെടിനിർത്തലാണ് നിലവിൽ ഉണ്ടായിട്ടുള്ളത്. ആകെ ഉണ്ടായ നേട്ടം ഏറ്റവും വൈകാരികവിഷയമായിരുന്ന ബന്ദികളുടെ കൈമാറ്റം നടന്നു എന്നതാണ്. അതിനപ്പുറം ഈ കരാറിന് ശാശ്വതമായ സമാധാനത്തിന്റെ അടിത്തറ നൽകാൻ കഴിയുമോ എന്നത് സംശയമാണ്.

കവര്‍: വില്‍സണ്‍ ശാരദ ആനന്ദ്‌

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.