പൂമുഖം OPINION മതേതര ഇന്ത്യ വിജയിക്കുക തന്നെ ചെയ്യും

രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കിയ ലേഖന പരമ്പര തുടരുന്നു. : മതേതര ഇന്ത്യ വിജയിക്കുക തന്നെ ചെയ്യും

 

“ബുദ്ധൻ വോട്ട് ചെയ്യാൻ വന്നതായിരുന്നു. കയ്യിൽ മുടന്തി നടക്കുന്ന ഒരു ആട്ടിൻകുട്ടി, ആൾക്കൂട്ടം ബുദ്ധനെ അടിച്ചുകൊന്നു. “ഗോമാംസം” ആൾക്കൂട്ടം അലറിവിളിച്ചു. “ബിംബിസാരന്റെ യാഗശാലയിലേക്ക് കൊണ്ടുപോകുന്ന മുടന്തി നടന്ന ഒരാട്ടിൻകുട്ടിയെ രക്ഷിച്ചതാണ്.” ഭാരത് മാതാ കീ ജയ് വിളികൾക്കിടയിൽ ബുദ്ധന്റെ ശബ്ദം ആരും കേട്ടില്ല.

ഈയടുത്ത് വായിച്ച പി കെ പാറക്കടവിന്റെ കഥയാണ് മുകളിൽ കൊടുത്തത്. അതിൽ ഇന്നത്തെ ഇന്ത്യയുണ്ട്. നരേന്ദ്രമോദിയും സംഘപരിവാറും ഉണ്ട്. ബുദ്ധനല്ല ഗാന്ധി ആയാലും സാധാരണ മനുഷ്യരായ മുഹമ്മദ് അഖ്ലക് ആയാലും  ജുനൈദ് ആയാലും  നിങ്ങൾ എവിടെ വച്ചും ആൾക്കൂട്ടക്കൊലക്ക് വിധേയരാവാം എന്ന യാഥാർത്ഥ്യമുണ്ട്.

2015 സെപ്റ്റംബർ 28ന് യുപിയിലെ ദാദ്രിയിൽ 58 വയസ്സുകാരനായ മുഹമ്മദ് അഖ്‌ലക്കിന്റെ വീട്ടിൽ ബീഫ് സൂക്ഷിച്ചു എന്ന കള്ളക്കഥ ഉണ്ടാക്കി ഒരു കൂട്ടം ആർഎസ്എസുകാർ അദ്ദേഹത്തെ അടിച്ചു കൊന്ന സംഭവം ഈ കഥ വായിക്കുമ്പോഴും നമ്മുടെ ഓർമ്മകളിലുണ്ട്. മോദി ഭരണം അഞ്ചു വർഷം പൂർത്തിയാക്കുമ്പോൾ സ്വതന്ത്ര ഇന്ത്യ അകപ്പെട്ട ചതിക്കുഴിയുടെ ആഴം എത്ര വലുതാണെന്ന വസ്തുത നമ്മെ ബോധ്യപ്പെടുത്തുന്ന നൂറ് സംഭവങ്ങളിൽ ഒന്നുമാത്രമാണ് 65 പേരുടെ ജീവനെടുത്ത ആൾക്കൂട്ടക്കൊല.

അമ്മയുടെ ഗർഭപാത്രത്തിൽ പിറക്കാനിരുന്ന കുഞ്ഞിനെ ത്രിശൂലത്തിൽ കുത്തിയെടുത്ത് ഭാരത് മാതാ കീ ജയ് വിളിച്ച് ആഹ്ളാദ നൃത്തം ചവിട്ടിയ ഗുജറാത്ത് കലാപ നാളുകളിൽനിന്ന് ആൾക്കൂട്ടക്കൊലയിലൂടെ നരേന്ദ്രമോദിയുടെ ഡിജിറ്റൽ ഇന്ത്യ മുന്നോട്ടു പോയെന്ന് സംഘ പരിവാറുകാർക്ക് അഭിമാനിക്കാം. എന്നാൽ മതേതര ഇന്ത്യ വിങ്ങിപ്പൊട്ടുകയാണ്, നിലവിളികൾ ഉയരുകയാണ്, പ്രതിഷേധങ്ങൾ കനക്കുകയാണ്, ഇനിയൊരടി മുന്നോട്ടു പോവുക സാധ്യമല്ലെന്ന് വിളിച്ചു പറയുകയാണ്. ഇങ്ങനെ തുടരുക സാധ്യമല്ല….ഇങ്ങനെ ജീവിക്കുക സാധ്യമല്ല…. ഇങ്ങനെ മരിക്കാനും മനസ്സില്ലെന്ന് ജനങ്ങൾ വിളിച്ചുപറയുന്നുണ്ട്.

ഞങ്ങൾക്ക് ഇങ്ങനെ സാധ്യമല്ല എന്ന തൊഴിലാളികളുടെ, കർഷകരുടെ യുവജനങ്ങളുടെ വിദ്യാർത്ഥികളുടെ സ്ത്രീകളുടെ ബുദ്ധിജീവികളുടെ മഹാഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരുടെ ധീരമായ പ്രഖ്യാപനത്തിനും പോരാട്ടങ്ങൾക്കും കൃത്യമായ ഉത്തരം കണ്ടെത്തുന്ന തെരഞ്ഞെടുപ്പ് എന്ന നിലയിലാണ് പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ് നിർണായകമാകുന്നത്.

ഇന്ത്യയുടെ ഭൂപടം മാറ്റി വരയ്ക്കാതിരിക്കാൻ (മോഡി വീണ്ടും അധികാരത്തിൽ വന്നാൽ പാക് ഭൂപടം മാറ്റി മാറ്റി വരയ്ക്കുമെന്ന കേന്ദ്ര മന്ത്രി മഹേഷ് ശർമ്മയുടെ പ്രസ്താവന വിവരക്കേടല്ല എന്ന് നമുക്ക് ഓർക്കാം) ഇന്ത്യക്കാർക്ക് ഇന്ത്യക്കാരായി ഇന്ത്യയിൽ ജീവിക്കാൻ ഭരണഘടന അട്ടിമറിക്കപ്പെടാതിരിക്കാൻ (മോഡി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയിൽ ഇനി തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് പറഞ്ഞ  ബി.ജെ.പി എം.പി സാക്ഷി മഹാരാജ് വിഡ്ഢിയല്ലെന്ന് മാത്രം നമ്മുക്ക് ഓർക്കാം) ജനാധിപത്യ ഇന്ത്യ വിജയിക്കണം. അതിനു ജനകോടികളെ സജ്ജമാക്കുന്ന പോരാട്ടങ്ങളാണ് അഞ്ച് വർഷമായി ഇടതുപക്ഷം നടത്തികൊണ്ടിരിക്കുന്നത്.
ഇപ്പോൾ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടങ്ങളെക്കുറിച്ച് 2014 ൽ ഇടതുപക്ഷം വിളിച്ചുപറഞ്ഞപ്പോൾ അതിനു ചെവി കൊടുക്കാൻ തയ്യാറാവാതിരുന്നവർ പോലും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ജാഗ്രതയോടെ നീങ്ങുകയാണ്. ഇനിയിത് വേണ്ടെന്ന് സ്വയം പറയുകയാണ്.
ഇടതുപക്ഷം അതിന്റെ സംഘടനാ ശേഷിക്കും സ്വാധീനശക്തിക്കും അപ്പുറത്താണ് സംഘപരിവാറിനെതിരായ സമരം നയിച്ചത്. കഴിഞ്ഞ അഞ്ചുവർഷം തെരുവിൽ വെയിലുകൊണ്ട, മഴനനഞ്ഞ, ലാത്തിയടി ഏറ്റുവാങ്ങിയ, ജയിലിൽ കിടന്ന, പട്ടിണി കിടന്നും പൊരുതിയ, ജനലക്ഷങ്ങളെ നയിച്ചത് ഇന്ത്യയിലെ ഇടതുപക്ഷമാണ്.

ഗോവിന്ദ് പൻസാരെ രക്തസാക്ഷിത്വം വരിച്ചതും കനയ്യ കുമാർ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് തിഹാർ ജയിലിൽ കിടന്നതും തൊഴിലാളികൾ ഒറ്റക്കെട്ടായി പണിമുടക്കിയതും കർഷകർ തെരുവിലിറങ്ങി പ്രതിഷേധിച്ചതും ഇടതുപക്ഷത്തിന്റെ സമര വഴികൾ കൂടുതൽ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു.

ഇന്ത്യൻ ക്യാമ്പസുകൾ ഏറ്റുവിളിച്ച ലാൽസലാം നീലസലാം എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി വിളിച്ചോതുന്നതാണ് ദളിത് ഇടത് സഹകരണത്തിന്റെ സാധ്യതകൾ തുറന്നിട്ട് രാജ്യത്ത് നടന്ന സംവാദങ്ങൾ. ദളിതർക്കെതിരെ അഴിച്ചുവിട്ട കടന്നാക്രമണങ്ങൾക്കെതിരെ അവർ പൊരുതുന്നത് ഇന്ത്യ കണ്ടതാണ്.

ബിജെപിക്കെതിരെ ഇടതു മതേതര ജനാധിപത്യ ശക്തികളുടെയും വ്യക്തികളുടെയും ബോധപൂർവമായ ഇടപെടലുകളാണ് ഈ ഘട്ടത്തിലും ഇടതുപക്ഷം നടത്തുന്നത്.രാജ്യം അപകടവഴിയുടെ തിരിവിൽ വന്നു നിൽക്കുമ്പോഴും ഇടതുപക്ഷത്തിന്റെ പ്രസക്തിയെക്കുറിച്ച് ചോദ്യം ഉന്നയിക്കുന്നവരോട് പുച്ഛം മാത്രം. അവർ വിശ്രമത്തിന് കിട്ടുന്ന സമയത്തെങ്കിലും ചരിത്ര വായനയ്ക്ക് മുതിരണം എന്നഭ്യർത്ഥിക്കുന്നു.

കഴിഞ്ഞദിവസം ഗുജറാത്തിലെ അലഹബാദിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ, അവർ പ്രഖ്യാപിച്ചത് കൂടുതൽ പാർട്ടികളുമായി സഹകരണത്തിന് മുൻകൈ എടുക്കുമെന്നാണ്. അനുഭവം കോൺഗ്രസിനെ പാഠം പഠിപ്പിച്ചതുകൊണ്ടുള്ള മാറ്റമാണ് ഈ പ്രഖ്യാപനമെങ്കിൽ അതു പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്. ഭാവി ഇന്ത്യയ്ക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് അവർ അങ്ങിനെ തീരുമാനിക്കുന്നതെങ്കിൽ, ഇന്ത്യയെ കണ്ടെത്തിയ പാർട്ടി എന്ന അഹങ്കാരത്തിൽ നിന്ന് അവർ പ്രായോഗിക വഴിയിലേക്ക് ഇറങ്ങിവരണം. ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാൻ പറ്റില്ലെന്ന ഈഗോ മാറ്റി വെച്ച് അവർ ഇന്ത്യയെ കാണണം. അപ്പോഴും അവരുടെ ആത്മാർത്ഥതയെ സംശയിക്കുന്നവരായി ആരെങ്കിലും ഉണ്ടെങ്കിൽ അത് കോൺഗ്രസ്സിന്റെ ചരിത്രം നന്നായി മനസ്സിലാക്കിയവരാവും എന്നുമാത്രം പറഞ്ഞുവെക്കട്ടെ.

ഒരു വർഷം രണ്ടു കോടിതൊഴിൽ,  ലിറ്ററിന് 50 രൂപയ്ക്ക് പെട്രോൾ , ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ വീതം, കള്ളപ്പണക്കാർക്കെതിരെ കർശന നടപടി, കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില, അഴിമതി രഹിത ഭരണം ഇതിനെല്ലാംകൂടി മോദി നൽകിയ വിശേഷണം ആയിരുന്നു “അച്ഛാദിൻ ” എന്നത്. അഞ്ചുവർഷംകൊണ്ട് ആരുടെ നല്ല ദിനങ്ങളാണ് വന്നതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നമ്മുടെ മുന്നിലുണ്ട്. പത്ത് ശതമാനം സമ്പന്നരെ(13 കോടി ഇന്ത്യക്കാർ) കൂടുതൽ സമ്പന്നരാക്കുന്ന, കോടീശ്വരൻമാരെ ശതകോടീശ്വരന്മാരാക്കുന്ന, നയങ്ങളാണ് കേന്ദ്രസർക്കാർ നടപ്പിലാക്കിയത്. കോർപ്പറേറ്റുകളുടെയും കള്ളപ്പണക്കാരുടെയും നല്ല ദിനങ്ങളാണ് നരേന്ദ്രമോദി സൃഷ്ടിച്ചത്.

“ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിൻമുറക്കാർ ” എന്നാണ് കവി പാടിയതെങ്കിൽ 2019 ഏപ്രിൽ-മെയ് മാസങ്ങളിലായി ഇന്ത്യയിലെ ജനത ചെറു ഭേദഗതികളോടുകൂടി ഈ വരികൾ ഏറ്റുപാടാൻ തയ്യാറാവുന്നുണ്ട്. പിൻമുറക്കാർ അല്ല ഞങ്ങൾ തന്നെ മോഡിയോട് പ്രതികാരം ചെയ്യുമെന്ന പ്രതിജ്ഞയുമായിട്ടാണ് രാജ്യത്തെ നൂറ് കോടിയോളം വരുന്ന വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് യാത്രയാവുന്നത്. അവരൊന്നും അൾഷിമേഴ്സ് രോഗം ബാധിച്ചവർ ആയിരുന്നില്ലെന്ന് 2019 മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ നരേന്ദ്രമോദിക്ക് മനസ്സിലാവും.

ഭരണകൂടത്തിന് കീഴടങ്ങി ജീവിതം നശിപ്പിക്കാൻ തയ്യാറല്ലെന്ന് ധീരമായി പ്രഖ്യാപിച്ച ജനതയാണ് 2019ലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതെന്ന് ചരിത്രം രേഖപ്പെടുത്തും. മൻ കി ബാത്തിന്റെ അവസാന എപ്പിസോഡിൽ മോഡി പറഞ്ഞു പോലെ ‘ഐ വിൽ ബി ബാക്ക്’ എന്നല്ല ‘വി വിൽ ബി ബാക്ക്’ – ഞങ്ങൾ – ജനങ്ങൾ തിരിച്ചു വരും എന്നാണ് ഒരു ജനത ഒറ്റക്കെട്ടായി പ്രഖ്യാപിക്കാൻ പോകന്നത്. അതാണീ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം.

Comments
Print Friendly, PDF & Email

You may also like