ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നിരവധി ക്രമക്കേടുകൾ ആണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശ്വാസ്യതയെ വെല്ലുവിളിക്കുന്ന മാനം ഇവയ്ക്ക് ഉണ്ട്.
വോട്ട് മോഷണം (Vote Chori), വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ തെറ്റായി നീക്കം ചെയ്യപ്പെടുന്ന (H Files) പ്രശ്നം, ഒരേ വീടിന്റെ മേൽവിലാസത്തിൽ അനേകം വോട്ടുകൾ ചേർക്കുക, ഒരേ ഫോട്ടോയ്ക്ക് വിവിധ പേരുകൾ നൽകുക, വീട്ടു നമ്പറുകൾ ‘0’ ആയി രേഖപ്പെടുത്തുക, തെറ്റായ വിലാസങ്ങളിൽ വോട്ടർമാരെ ചേർക്കുക കമ്പനികളുടെ പേരിൽ പോലും വോട്ടർമാർ ലിസ്റ്റിൽ ഇടം പിടിക്കുക, ഒരേയാൾക്ക് ഇരട്ടയും അതിലധികവും വോട്ടുകൾ സാധ്യമാക്കുക.
രാഹുൽ ഗാന്ധിയുടെ ‘വോട്ട് മോഷണം’ സംബന്ധിച്ച പത്രസമ്മേളനങ്ങളിൽ കൃത്യമായ രേഖകളുടെയും സാങ്കേതികത്തെളിവുകളുടെയും പിൻബലത്തിലാണ് ഇവ അവതരിപ്പിക്കപ്പെട്ടത് . ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിന്റെ വിശ്വാസ്യത സംശയത്തിന്റെ നിഴലിൽ ആയിക്കഴിഞ്ഞു. സാങ്കേതികമായി വളർന്ന ഒരു രാജ്യത്തിന് ഈ പ്രശ്നങ്ങൾ ഒരു അപമാനമാണ്.
എന്നിട്ടും ബീഹാറിൽ തിരഞ്ഞെടുപ്പ് നടന്നു. പ്രതിപക്ഷ കക്ഷികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയാണ് വേണ്ടത് എന്ന് സൂക്ഷ്മരാഷ്ട്രീയ നിരീക്ഷകരുടെ ഭാഗത്തുനിന്നു ഒറ്റപ്പെട്ട ആഹ്വാനങ്ങൾ ഉണ്ടായി എങ്കിലും അർഹിക്കപ്പെട്ട ഗൗരവത്തോടെ അവ കണക്കിലെടുക്കപ്പെട്ടില്ല. പ്രകടമായ ക്രമക്കേടുകളോടെ തിരഞ്ഞെടുപ്പ് നടത്തുകയും ഫലം പുറത്തുവരികയും ചെയ്തു. അതിനെ തുടർന്ന് വന്ന കണക്കുകളിലെ പൊരുത്തക്കേടുകൾ ഉൾപ്പെടെയുള്ള ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാണിച്ച് തിരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്യുവാനോ താൽക്കാലികമായി സ്റ്റേ ചെയ്തു. കോടതിയുടെയും ഇതര ഭരണഘടന സ്ഥാപനങ്ങളുടെയും ഓഡിറ്റിന് വിധേയമാക്കുകവാനോ നടപടികൾ ഉണ്ടാവേണ്ടതാണ്. കാരണം അസാധാരണമായ ക്രമക്കേടുകൾക്ക് അസാധാരണമായ നടപടികൾ ആവശ്യമാണ്. എന്നാൽ ബിജെപി മുന്നണി സർക്കാർ രൂപീകരണവുമായി മുന്നോട്ടു പോവുകയാണ്. നിരീക്ഷകരിൽ ഒരു വിഭാഗവും മാധ്യമങ്ങളും തിരഞ്ഞെടുപ്പ് വിജയം പതിവുപോലെ ജാതി സമവാക്യങ്ങളിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും ചാർത്തിക്കൊടുത്ത് തിരഞ്ഞെടുപ്പ് ഫലത്തിന് സാധുത നൽകുകയാണ്.
ഫലമോ? അതേ തന്ത്രം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടപ്പിലാക്കുവാൻ ഉള്ള നടപടിയുമായി ഇലക്ഷൻ കമ്മീഷൻ നീങ്ങുകയാണ്.. വോട്ടേഴ്സ് ലിസ്റ്റ് കുറ്റമറ്റതലത്തിൽ കാലാകാലങ്ങളിൽ പരിഷ്കരിക്കണമെന്നതിന് ആർക്കും വിയോജിപ്പ് ഉണ്ടാവാൻ ഇടയില്ല. പക്ഷേ അത് ഒരിക്കലും ഒരു തീവ്രയത്നപദ്ധതിയായി , വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ, നിവർത്തിച്ചെടുക്കേണ്ട അടിയന്തര പരിപാടിയല്ല. കേരളം പെട്ടെന്ന് തന്നെ അതിനു വഴങ്ങിയതും എല്ലാ കോണിൽ നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന രീതിയിൽ മുന്നോട്ടുപോകുന്നതും തികച്ചും ജനാധിപത്യവിരുദ്ധമായ നടപടിയാണ്. ഒരുപക്ഷേ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഉപരിയായി ഇന്ത്യൻ ജനാധിപത്യത്തിനെ എന്നെന്നേക്കുമായി തകർക്കുന്ന ഈ ഫാസിസ്റ്റു നടപടിക്കെതിരെ ശക്തമായി നിലകൊള്ളേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്. CEC ക്ക് SIR നടത്താൻ നിയമപരമായ അധികാരം ഉണ്ടോ എന്ന അടിസ്ഥാന പരിശോധനയിൽ നിന്ന് തുടങ്ങി നിയമപരമായിത്തന്നെ നീങ്ങുവാൻ സംസ്ഥാനത്തിന് കഴിയും.
ആധാർ, ജനന-മരണ രജിസ്റ്ററുകൾ, ബാങ്ക് ഡാറ്റാബേസുകൾ, പാൻ കാർഡ് തുടങ്ങിയ സുപ്രധാന വിവരശേഖരങ്ങൾ കൈവശമുള്ള ഇന്ത്യ, നിലവിലെ രീതികൾ പരിഷ്കരിച്ചുകൊണ്ട് 100% കൃത്യതയുള്ള ഒരു വോട്ടർ പട്ടിക നിർമ്മിക്കാൻ സാധിക്കുന്ന ഒരു ‘ഇൻ്റലിജൻ്റ് സിസ്റ്റം’ ഉടൻ സ്ഥാപിക്കുകയാണ് വേണ്ടത്.. അതിലേക്കായി ചില നടപടിക്രമങ്ങൾ നിർദേശിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.
ഏകീകൃതവും കുറ്റമറ്റതും തത്സമയം update ചെയ്യപ്പെടുന്നതും ആയ ഡാറ്റാബേസ് (The National Unified Electoral Register – NUER) ഉണ്ടാക്കുക. വോട്ടർപട്ടിക സംബന്ധിച്ച പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം വിഘടിച്ച ഡാറ്റാശേഖരണമാണ്. നിലവിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും പ്രത്യേക വോട്ടർപട്ടികകൾ ആണുള്ളത്. ഇതിന് പരിഹാരമായി, തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) മുൻകൈയെടുത്ത് ‘ദേശീയ ഏകീകൃത വോട്ടർ രജിസ്റ്റർ’ (NUER) ഉണ്ടാക്കണം. ലോക്‌സഭ, നിയമസഭ, തദ്ദേശ സ്ഥാപനങ്ങൾ എന്നിങ്ങനെ മൂന്നു തലത്തിലുമുള്ള തിരഞ്ഞെടുപ്പുകൾക്ക് ഒരേ വോട്ടർ പട്ടിക ഉപയോഗിക്കണം. അത് സമ്മതിദാനപ്രക്രിയയെ ആധികാരികവും സമ്പൂർണവും ആക്കും. മാത്രമല്ല, സമയനഷ്ടം, ചെലവ് വർദ്ധന എന്നിവ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.
തത്സമയ അപ്‌ഡേഷൻ (Real-time Updation):
പൗരന്റെ നിലവിലെ അവസ്ഥ സംബന്ധിച്ച വിവരങ്ങൾ ആധാർ, ജനന-മരണ രജിസ്റ്റർ, ഇമിഗ്രേഷൻ ഡാറ്റാബേസ് തുടങ്ങിയ സർക്കാർ വിവരസമാഹരണ രേഖകളിൽ നിന്ന് സുരക്ഷിതമായ എൻക്രിപ്ഷൻ വഴി സ്വീകരിച്ച് NUER സ്വയമേവ updated ആവണം. ഇതിന് ചില മാതൃകകൾ രാജ്യത്തിനു മുൻപിലുണ്ട്.
കാനഡയിൽ (National Register of Electors – NRE) വിവിധ സർക്കാർ ഏജൻസികളിൽ നിന്നുള്ള ഡാറ്റ സംയോജിപ്പിച്ച് വോട്ടർ പട്ടിക തുടർച്ചയായി അപ്ഡേറ്റ് ചെയ്യുന്നു. ബെൽജിയത്തിൽ, മുനിസിപ്പാലിറ്റികൾ ദേശീയ രജിസ്റ്ററിലെ വിവരങ്ങളെ അടിസ്ഥാനമാക്കി വോട്ടർമാരുടെ പട്ടിക സ്വയമേവ തയ്യാറാക്കുന്നു.
ചർച്ചയും പരിശീലനവും:
ഇപ്പോൾ പല സംസ്ഥാനങ്ങളിലും നടക്കുന്ന തീവ്ര വോട്ടർലിസ്റ്റ് പരിഷ്കരണം തിടുക്കവും രാഷ്ട്രീയ സമവായത്തിൻ്റെ അഭാവവും മൂലം പൂർണ വിജയം കാണാതെ പോവുകയാണ്. ഇതിന് പ്രധാനകാരണം, സംസ്ഥാന സർക്കാരുകൾക്കും ബന്ധപ്പെട്ട ഏജൻസികൾക്കും വോട്ടർ മാർക്കും വിഷയം പഠിക്കുവാനോ പിഴവില്ലാത്ത രീതികൾ ആവിഷ്കരിക്കാനോ വേണ്ടത്ര സമയം നൽകിയില്ല എന്നതാണ്. പട്ടികപുതുക്കൽ നടപടികളെക്കുറിച്ച് രാഷ്ട്രീയ പാർട്ടികളുമായി മുൻകൂട്ടി വ്യക്തമായ ചർച്ചകൾ നടത്താത്തത്, നടപടികളിൽ അവിശ്വാസം ഉണ്ടാക്കുകയും ‘H ഫയലുകൾ’ പോലുള്ള പ്രശ്നങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണങ്ങൾക്ക് വഴിവെക്കുകയും ചെയ്തു.അവ അ സ്ഥാനത്തല്ലെന്നു ബീഹാർ തിരഞ്ഞെടുപ്പ് മാറിമായങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു. വിവരശേഖരണത്തിനു കൃത്യമായ പരിശീലനത്തോടെ മുഴുവൻ സമയ പ്രവർത്തകരെ നിയോഗിക്കണം.
സമയപരിമിതി ഒരു കെണി:
തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ, പരിമിത സമയത്തിൽ, തിടുക്കത്തിൽ വിവരങ്ങൾ ശേഖരിക്കുന്നത് ഡാറ്റയുടെ കൃത്യതയെ ബാധിക്കാനിടയുണ്ട്. സമയക്കുറവ് കാരണം ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾ കയറിയിറങ്ങി നടത്തുന്ന പരിശോധനകൾ പലപ്പോഴും അപൂർണ്ണമായിത്തീരുന്നു.ഇത് വോട്ടർ പട്ടികയുടെ കൃത്യതയെ ബാധിക്കുക സ്വഭാവികമാണ്. കേരളം ലോക്കൽ ബോഡി തിരഞ്ഞെടുപ്പ് തിരക്കിൽ ഏർപ്പെട്ടിരിക്കുന്ന സമയം ഇതിന് ഒട്ടും അനുയോജ്യമല്ല.
വോട്ട് സുരക്ഷാ കവചം:
H ഫയലുകൾക്കും ഡ്യൂപ്ലിക്കേഷനും പരിഹാരമായി,വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യലും ചേർക്കലും പൂർണ്ണമായും സാങ്കേതികവൽക്കരിക്കണം. ഭാവിയിൽ യന്ത്രനിയന്ത്രിതമായി, പേരുചേർക്കലും നീക്കലും നടക്കുന്ന രീതി (ഓട്ടോമാറ്റിക് എൻറോൾമെൻ്റ്/ഡിലീഷൻ) നടപ്പിൽ വരുത്തുവാൻ ആണിത്. ഇതിനായി ജനന മരണ രെജിസ്ട്രേഷൻ കൃത്യമായി നടക്കുകയും ജനന-മരണ രജിസ്റ്ററുമായി NUER നെ ബന്ധിപ്പിക്കുകയും വേണം. ഒരു മരണം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ പട്ടികയിൽ നിന്ന് ആ പേര് ഓട്ടോമാറ്റിക്കായി നീക്കം ചെയ്യപ്പെടുകയും ആ വിവരം വോട്ടറുടെ കുടുംബത്തിനെ അറിയിക്കുകയും വേണം.
18 വയസ്സ് തികയുന്ന പൗരന്മാർക്ക് അവശ്യരേഖകളോടെ പട്ടികയിൽ പേര് ചേർക്കാൻ സംവിധാനം ഉണ്ടാവണം. പേരുകൾ ആവർത്തിക്കാതിരിക്കാനും ഉണ്ടായാൽ തടയാനും ആധാർ സ്ഥിരീകരണം നിർബന്ധമാക്കണം. ഒന്നിലധികം വോട്ടർ ഐഡികളുമായി ലിസ്റ്റിൽ ഇടം നേടിയവരെ ആധാർ ബയോമെട്രിക് ഉപയോഗിച്ച് നിജപ്പെടുത്തണം. ഇത് കൃത്യമായി നടപ്പിലാക്കുന്ന ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഉറപ്പിക്കണം.
തൊഴിൽ, വിദ്യാഭ്യാസം, വിവാഹം തുടങ്ങി പല കാരണങ്ങളാൽ സ്വദേശം വിട്ടു താമസിക്കേണ്ടി വരുന്ന പൗരന്മാരെ, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട് എന്നിവയിലെ വിലാസങ്ങൾ താരതമ്യം ചെയ്ത് സ്ഥലംമാറ്റം മൂലം സംഭവിക്കുന്ന പിഴവുകൾ പരിഹരിക്കാം. അവർ കൂട്ടത്തോടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാൻ സംഗതിവരരുത്. ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയിലെ വിലാസം മാറ്റുമ്പോൾ പഴയ വിലാസം സ്വയമേവ നീക്കം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. ഒരു വോട്ടറുടെ പേര് നീക്കം ചെയ്യണമെങ്കിൽ, അതത് പൗരന്മാർക്ക് എസ്.എം.എസ്/ഇമെയിൽ അലേർട്ടുകൾ നൽകാനുള്ള സംവിധാനവും നിർബന്ധമായും നടപ്പിൽ വരുത്തേണ്ടതാണ്. നമ്മുടെ രാജ്യത്ത് അന്യ സംസ്ഥാനങ്ങളിൽ തൊഴിൽ തേടുന്നവരുടെ വിലാസം പലപ്പോഴും മാറിക്കൊണ്ടിരിക്കും. ഈ ഡാറ്റാമാറ്റങ്ങൾ മനസ്സിലാക്കാൻ റേഷൻ കാർഡ് വിവരങ്ങളും, ജൻ ധൻ ബാങ്ക് അക്കൗണ്ടിലെ സ്ഥിരം വിലാസവും ഉപയോഗിക്കുന്നത് വളരെ സഹായകമാകും.
സൈബർ സുരക്ഷയും ഡാറ്റാ സ്വകാര്യതയും:
ഈ ഡാറ്റാ രജിസ്റ്റർ നിർമ്മിക്കുകയും നിരന്തരമായി പുതുക്കുകയും ചെയ്യുമ്പോൾ, സൈബർ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. വ്യക്തിഗത വിവരസംരക്ഷണ നിയമങ്ങളെ (Data Protection Laws) ലംഘിക്കാതെ, ഡാറ്റാ കൈമാറ്റം ചെയ്യുന്നതിനായി പാർലമെൻ്റ് നിയമം പാസാക്കണം.
സർക്കാർ ഏജൻസികൾക്കിടയിൽ ഡാറ്റ കൈമാറുമ്പോൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിക്കണം. ECI-ക്ക് ലഭിക്കുന്ന ഡാറ്റ സുരക്ഷിത സെർവറുകളിൽ മാത്രം സൂക്ഷിക്കണം.
NUER ഡാറ്റാബേസിൽ അനധികൃതമായ മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ, പ്രമുഖ സൈബർ സുരക്ഷാ ഏജൻസികളുടെ തുടർച്ചയായ ഓഡിറ്റ് ആവശ്യമാണ്.
രാഷ്ട്രീയ സമവായം:
ഈ ഇൻ്റലിജൻ്റ് സിസ്റ്റം നടപ്പിലാക്കുമ്പോൾ, സാങ്കേതിക പരിഷ്കരണത്തിനൊപ്പം രാഷ്ട്രീയ സമവായവും സുതാര്യതയും ഉറപ്പാക്കേണ്ടത് ഇന്ത്യൻ ജനാധിപത്യത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്.
സോഷ്യൽ ഓഡിറ്റ്:
പൂർത്തീകരിച്ച പട്ടികകൾ വാർഡ്/ പഞ്ചായത്ത് തലത്തിൽ സോഷ്യൽ ഓഡിറ്റിനു വിധേയമാക്കിയതിനു ശേഷം മാത്രമേ ഔദ്യോഗികമായി അംഗീകരിക്കാവൂ. 2003 ൽ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന ജെ എം ലിങ്ദോ തിരഞ്ഞെടുപ്പിലേക്കു പോകുന്ന സംസ്ഥാനങ്ങളിൽ വോട്ടർ ലിസ്റ്റുകൾ വികേന്ദ്രീകൃത ഓഡിറ്റു ചെയ്യണമെന്ന് നിർദേശിച്ചത് നമുക്ക് മുൻപിൽ ഉണ്ട്.
ഇത്തരത്തിൽ ഓരോ ഘട്ടത്തിലും പരിശോധനയും സുരക്ഷിതത്വവും പാലിച്ചു കൊണ്ടുള്ള നവീകരണം ഇന്ത്യൻ ജനാധിപത്യത്തിന് ഒരു സുരക്ഷാ കവചം തീർക്കുകയും, ലോകത്തിനു മുന്നിൽ കുറ്റമറ്റ ഒരു ‘ഡിജിറ്റൽ ജനാധിപത്യ മാതൃക’ അവതരിപ്പിക്കാൻ രാജ്യത്തിനു അവസരം നൽകുകയും ചെയ്യും.
