എഴുതിയെഴുതി കുഴഞ്ഞയീ-
കൈകൾ മുറിച്ചു മാറ്റുന്നു.
മുള്ളുകളില്ലാത്ത പനീർച്ചെടികളിൽ
മണമില്ലാത്ത പൂക്കൾ വിരിയുമെന്നും
ഉപ്പുവറ്റിയ കടലിനായ് മീനുകൾ
സത്യഗ്രഹമിരിക്കുമെന്നും
നേർത്ത സ്വപ്നത്തിൽ
അവ്യക്തചിത്രങ്ങൾ നിഴലിച്ചു.
ലോകമിങ്ങനെ തിരിയുമ്പോൾ
ഓർമ്മകൾ അരിഞ്ഞു മാറ്റിയ
തീരങ്ങളിൽ ഏകാന്തനായ് അലഞ്ഞു,
ഉപ്പുകാറ്റേറ്റ് വിണ്ട പാറകളിൽ
പ്യൂപ്പകൾ ഉരുകിയൊലിച്ചു.
ശ്വാസകോശത്തിൽ കുടുങ്ങിയ ശലഭം
മുറിഞ്ഞ വാക്കായി
കവിതയിൽ പിടഞ്ഞു വീണു.
അറ്റുവീണ കയ്യിൽ
മഷി നിറച്ച തൂലികയും
പാതിമുറിഞ്ഞ കവിതയും
ബാക്കിയായി.
ഫൈസൽ ബാവ - ഗൾഫ് പ്രവാസിയായിരുന്നു. പരിസ്ഥിതി പ്രവർത്തകൻ - ഗൾഫിലും നാട്ടിലും അനേകം മരങ്ങൾ നട്ടു. പിറന്നാൾ മരം എന്ന കൂട്ടായ്മയുടെ സ്ഥാപകൻ. ആനുകാലികങ്ങളിൽ എഴുതാറുണ്ട്. ഇപ്പോൾ വെളിയങ്കോട് എം ടി എം കോളേജിൽ ലൈബ്രെറിയൻ.