പൂമുഖം നിരീക്ഷണം മലയാളിയും , യു എ ഇ സാമ്പത്തിക പ്രഖ്യാപനത്തിലെ നന്മ പൂക്കുന്ന വസ്തുതകളും

മലയാളിയും , യു എ ഇ സാമ്പത്തിക പ്രഖ്യാപനത്തിലെ നന്മ പൂക്കുന്ന വസ്തുതകളും

മ്മുടെ നാട് നേരിട്ട ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ ഉണ്ടായ സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ കടുത്ത നാശനഷ്ടങ്ങളില്‍ നിന്ന് കരകയറുവാന്‍ സര്ക്കാര്‍ സംവിധാനങ്ങളും  പൊതുജനങ്ങളും ഏകമനസ്സോടെ പൊരുതുകയാണ് .

ജാതിയും മതവും രാഷ്ട്രീയ വേര്‍തിരിവുകളും മാറ്റി വച്ചുകൊണ്ട് അവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ് .

ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികള്‍ പ്രളയബാധിതര്‍ക്കായി സഹായങ്ങള്‍ എത്തിക്കുന്നു ,സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നു .
പ്രളയബാധിതര്‍ ഒറ്റയ്ക്കല്ല ഞങ്ങളെവരും കൂടെയുണ്ട് എന്ന സന്ദേശത്തോടെ മനുഷ്യനന്‍മ പരന്നൊഴുകുന്ന പ്രളയാതിജീവനത്തിന്‍റെ ഘട്ടത്തിലൂടെയാണ് നാം കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത് .

പ്രകൃതി ദുരന്തങ്ങളിലും മറ്റും വലിയ നാശനഷ്ടങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന  രാജ്യങ്ങളേയും  ജനങ്ങളേയും  അവയില്‍നിന്നുണ്ടാകുന്ന സാമ്പത്തിക തകര്‍ച്ചകളെ അതിജീവിക്കുന്നതില്‍ സഹായിക്കാന്‍ ആദ്യഘട്ടത്തില്‍ സാങ്കേതിക ഉപകരണങ്ങള്‍ നല്‍കുക –  സാങ്കേതിക വിദഗ്ദ്ധരെ  എത്തിച്ചുകൊടുക്കുക –   രണ്ടാം ഘട്ടത്തില്‍ സാമ്പത്തിക സഹായം വാഗ്ദാനം നല്‍കുക എന്നതൊക്കെ  പുരോഗമന  കാഴ്ചപ്പാടുള്ള രാജ്യങ്ങള്‍ പുലര്‍ത്തുന്ന നന്മയുടെ ഒരു നയതന്ത്രമാണ്.

യു എ ഇ അടക്കം മറ്റു രാജ്യങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക സഹായ വാഗ്ദാനങ്ങളെ ഈ ഒരു കാഴ്ചപ്പാടിലാണ് നാം കാണേണ്ടത് .

’36 ലക്ഷം കോടി രൂപയുടെ വിദേശകടം’ ഉണ്ടെങ്കിലും ഭാരതം വന്‍സാമ്പത്തിക ശക്തിയാണ് ,മറ്റു രാജ്യക്കാരുടെ സഹായം വാങ്ങിക്കുന്നത് മോശമാണ് എന്നൊക്കെ ‘കോണാന്‍ കഴുകി പുരപ്പുറത്ത്’ ഇട്ടുകൊണ്ടുള്ള ഗീര്‍വാണമടി മാറ്റിവച്ച് എന്തെങ്കിലും സാങ്കേതിക ചട്ടങ്ങളോ കീഴ്വഴക്കങ്ങളോ ഉണ്ടെങ്കില്‍ ,രാജ്യനന്‍മയെക്കരുതി അതൊക്കെ മറികടന്ന് ,കേരളത്തിന്‍റെ പുനര്‍ സൃഷ്ടിക്കായി മലയാളികളേയും കേരളത്തേയും സ്നേഹിക്കുന്ന, ലോകരാജ്യങ്ങള്‍ പ്രഖ്യാപിച്ച സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ കൈപ്പറ്റുക എന്നതാണ് ജനനന്മ ആഗ്രഹിക്കുന്ന ഭരണാധികാരികള്‍ ഈ ഘട്ടത്തില്‍ ചെയ്യേണ്ടത് .

39983793_10212855989222359_3829605764117299200_n

UAE സാമ്പത്തിക സഹായ വാഗ്ദാനത്തെ സംബന്ധിച്ച്

UAE ഈ വര്‍ഷം  ‘Sheikh Zaid Year 2018’ ആയി ആചരിക്കുകയാണ്. യു എ ഇ എന്ന രാജ്യത്തിന്‍റെ സ്ഥാപകനും ലോകം കണ്ട ഏറ്റവും നല്ല മനുഷ്യസ്നേഹികളില്‍ ഒരാളുമായ യശ:ശരീരനായ ഷൈക് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹിയാന്‍റെ  പേരില്‍ അനിതരസാധാരണമായ രീതിയിലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും നടന്നു വരുന്ന ഒരു വര്‍ഷം .

UAE രാജ്യം ഇന്ന് കാണുന്ന നിലയിലേക്കുള്ള വളര്‍ച്ചയില്‍ കഠിന പരിശ്രമശാലികളായ മലയാളികളുടെ പങ്ക് എടുത്തു പറഞ്ഞുകൊണ്ടും ‘നമ്മുടെ രാജ്യത്തിന്‍റെ എട്ടാമത്തെ എമിറേറ്റ് ‘ ആയി നാം സ്നേഹിക്കുകയും ചെയ്യുന്ന കേരളത്തേയും അവിടുത്തെ ജനതയേയും സഹായിക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ് ‘ എന്ന് പ്രഖ്യാപിച്ചുകൊണ്ടുമാണ്
യു എ ഇ ഭരണാധികാരികള്‍ ഈ മഹാ ദുരന്തത്തില്‍ കേരളത്തെ എങ്ങനെയൊക്കെ സഹായിക്കാം എന്ന് പരിശോധിക്കാനായുള്ള എമര്‍ജന്‍സി റിലീഫ് കമ്മിറ്റി രൂപീകരിച്ചത്
(ഖലീജ് ടൈംസ് -18/08/2018) .

40075828_10212855985782273_5245514498579628032_n

അതുമായി ബന്ധപ്പെട്ട് നയതന്ത്രതലങ്ങളില്‍ നടന്ന ഉന്നതതല സംഭാഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ,കേരള മുഖ്യമന്ത്രിയും ഇന്ത്യന്‍ പ്രധാനമന്ത്രിയും സഹായവാഗ്ദാനം നടത്തിയ യു എ ഇ ഭരണാധികാരികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തതും ഈ മഹത്തായ സ്നേഹ സമ്മാനത്തെപ്പറ്റി പൊതുജനങ്ങളെ അറിയിച്ചതും

അനാവശ്യ വിവാദകോലാഹലങ്ങള്‍ ഉണ്ടാക്കി ഈ സഹായ പ്രഖ്യാപനത്തിന് താല്‍ക്കാലികമായിട്ടെങ്കിലും തടസ്സം സൃഷ്ടിച്ച്, ആഹ്ളാദിക്കുന്ന ഉത്തരേന്ത്യന്‍ ടീമിനോടൊപ്പം കഥയറിയാതെ തുള്ളിപ്പോകുന്ന മലയാളികളറിയുവാന്‍,

പത്തുലക്ഷത്തോളം മലയാളികള്‍ കുടുംബവും കുട്ടികളുമായി കഴിയുന്ന യു എ ഇ എന്ന രാജ്യവും മലയാളികളും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം ചെറുതല്ല, അത് വാക്കുകളാല്‍ വിവരിക്കാവുന്നതുമല്ല

ട്രൂഷ്യല്‍ സ്റ്റേറ്റ്സ് എന്ന പദവിയില്‍ നിന്നും അബുദാബിയും മറ്റു സമീപ എമിറേറ്റുകളും  ചേര്‍ന്ന് 1971 ഡിസംബര്‍ 2-നു ഐക്യ എമിറേറ്റ്സ് ആയി രൂപം കൊള്ളുന്നതിന് മുന്നേ തന്നെ മലയാളികള്‍ അവിടെയുണ്ടായിരുന്നു .
അബുദാബിയും അയല്‍ എമിറേറ്റുകളും  ചേര്‍ന്ന് യു എ ഇ എന്ന രാജ്യം രൂപം കൊള്ളുകയും അവിടുത്തെ വിദേശ തൊഴിലാളികളെ യു എ ഇ തൊഴിലാളികളായി അംഗീകരിക്കുകയും ചെയ്തപ്പോള്‍ ,ആ രാജ്യത്തെ ഒന്നാമത്തെ ‘ലേബര്‍ കാര്‍ഡ്’ ലഭിച്ചത് ഒരു മലയാളിക്കാണ്,
അബുദാബി ഭരണാധികാരിയും യു എ ഇ യുടെ പ്രഥമ പ്രസിഡന്‍റുമായ , ഷൈക് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹിയാന്‍റെ കൊട്ടാരത്തിലെ ജീവനക്കാരനായിരുന്ന കൊല്ലം ജില്ലയിലെ ശക്തികുളങ്ങര എന്ന മല്‍സ്യബന്ധന ഗ്രാമത്തിലെ ശ്രീ സില്‍വസ്റ്റെര്‍ ആല്‍ഫ്രഡ് ആയിരുന്നു ആ മലയാളി

40015782_10212855918940602_3945113652503248896_n

‘അബുദാബി ഗവണ്‍മെന്‍റ് ചേംബര്‍ ഓഫ് കോമേര്‍സി’ന്‍റെ ചരിത്രത്തില്‍ ഇതുവരെ അറബ് വംശജനല്ലാത്തവനായി ഒരേയൊരാള്‍ മാത്രമേ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ , ശ്രീ എം എ യൂസുഫ് അലി .അറബ് രാജ്യങ്ങളിലെ നൂറ് ബിസിനസ് സംരംഭകരില്‍ ഒന്നാമന്‍ ആയി ഫോബ്സ് മിഡില്‍ ഈസ്റ്റ് തെരഞ്ഞെടുത്ത ആ തൃശൂരുകാരന്‍ മലയാളിയെ യു എ ഇ ഭരണാധികാരികള്‍ കുടുംബാംഗത്തെ പോലെയാണ് കരുതുന്നത് .യു എ ഇ യിലെ ഇന്ത്യയുടെ അനൌദ്യോഗിക അംബാസിഡര്‍ .എന്നാണ് പൊതു സമൂഹം ഇദ്ദേഹത്തെ വിളിക്കുന്നത്

ലോക രാജ്യങ്ങളില്‍ പ്രവാസി ഇന്ത്യക്കാരുടേതായ ഏറ്റവും വലിയ സംഘടന യു എ ഇ യിലാണ് ,ഇക്കഴിഞ്ഞ ഓണത്തിന് ഇരുപത്തി അയ്യായിരം പേര്‍ക്ക് ഓണസദ്യ നല്കി വേള്‍ഡ് റിക്കാര്‍ഡ് സ്ഥാപിച്ച ഷാര്‍ജ ഇന്‍ഡ്യന്‍ അസോസിയേഷന്‍. യു എ ഇ യിലെ ഒരു പ്രമുഖ എമിറേറ്റ് ആയ ഷാര്‍ജയിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന അസോസിയേഷന്‍ രൂപീകരിച്ചതും നയിക്കുന്നതും നമ്മള്‍ മലയാളികളായ പ്രവാസികളാണ്.

യു എ ഇ യില്‍ എവിടെയും ഒരു ഇന്‍ഡ്യക്കാരന്‍ മരിച്ചാല്‍ ആദ്യം സഹായ അഭ്യര്‍ത്ഥന പോകുന്നത് ഒരു മലയാളിക്കാണ് -നാല്‍പ്പതോളം രാജ്യക്കാരുടെ ഏകദേശം ആറായിരത്തിലധികം മൃതദേഹങ്ങള്‍ ബന്ധുമിത്രാദികളുടെ ജന്‍മഗേഹങ്ങളില്‍ എത്തിക്കുവാന്‍ അശ്രാന്തപരിശ്രമം നടത്തിയ ,ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന മലയാളിയായ ശ്രീ അഷറഫ് താമരശേരിക്ക് .‍

39988815_10212855979982128_6442755521605795840_n

അജമാനില്‍ ഒരു സാധാരണ മെക്കാനിക് ആയ ഇദ്ദേഹം ,യു എ ഇ ഭരണാധികാരികള്‍ വരെ ആദരപൂര്‍വ്വം കാണുന്ന  സാമൂഹ്യപ്രവര്‍ത്തകനാണ് ,ഇക്കഴിഞ്ഞ വര്‍ഷം മുംബൈക്കാരനായ ഒരു തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള കടലാസൂപണികളെല്ലാം കഴിഞ്ഞ് അനുഗമിക്കാനായി ആരുമില്ലാതെവന്നപ്പോള്‍ അദ്ദേഹം തന്നെ മൃതദേഹത്തെ അനുഗമിക്കുകയും മുംബൈയിലെ വീട്ടിലെത്തിച്ചു മടങ്ങുകയുമുണ്ടായി .

ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തില്‍ തന്നെ മൂന്നാം സ്ഥാനത്തുള്ളതുമായ  പുസ്തകമേള നടക്കുന്നത് യു എ ഇ യിലെ ഷാര്‍ജയിലാണ് . ഷാര്‍ജ ഇന്‍റര്‍നാഷണല്‍ പുസ്തകമേളയുടെ മുഖ്യചുമതലക്കാരന്‍ ഒരു മലയാളിയാണ് .
ഷാര്‍ജ ഗവണ്‍മെന്‍റിന്‍റെ കള്‍ച്ചറല്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്മെന്‍റിലെ ഉദ്യോഗസ്ഥനായ ശ്രീ പി വി മോഹന്‍കുമാര്‍ കോഴിക്കോട്ടുകാരനായ മലയാളിയാണ് .

40110036_10212855981782173_7433727677929881600_n
മലയാള സാഹിത്യത്തേയും  മലയാള എഴുത്തുകാരേയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഷാര്‍ജ ഭരണാധികാരി ഈ പുസ്തകോത്സവത്തില്‍ ഏറ്റവും വലിയ പവിലിയന്‍ നല്‍കിയിരിക്കുന്നത് മലയാള വിഭാഗത്തിനാണ്

ക്രിസ്ത്യന്‍ പള്ളികളും അമ്പലങ്ങളും ധാരാളമായുള്ള ഒരേയൊരു അറബ് രാജ്യം, ഹൈന്ദവ സഹോദരങ്ങള്‍ക്കായി, മൃതദേഹം സംസ്കരിക്കാനുള്ള ക്രിമിറ്റോറിയം കെട്ടുവാന്‍ സ്ഥലവും പണവും നല്കിയ അറബ് രാജാക്കന്മാരുടെ രാജ്യം .വര്‍ണവിവേചനമോ ഉച്ചനീചത്വമോ ഇല്ലാതെ ഇന്ത്യക്കാരുമായി സഹകരിക്കുന്ന രാജ്യം …അതാണ്‌ UAE

സമൂഹത്തിലെ നാനാ തുറകളിലും പെട്ട ലക്ഷക്കണക്കിന് മലയാളികള്‍ വിയര്‍പ്പ് ചിന്തി വളര്‍ത്തിയ ഒരു രാജ്യമാണ് യു എ ഇ ,വികസനത്തിന്‍റേയും പ്രൌഢിയുടേയും പ്രതീകമായി അവിടങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളിലെല്ലാം തന്നെ മലയാളികളുടെ കയ്യൊപ്പായിരിക്കും കൂടുതലുണ്ടാകുക ..

രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ സജീവമായി നിലകൊള്ളുന്ന പത്തുലക്ഷത്തോളം വരുന്ന തങ്ങളുടെ മലയാളി സഹോദരങ്ങള്‍ക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഓടി എത്തേണ്ട അനുകൂല സമയത്ത് അവര്‍ നീട്ടിയ സ്നേഹത്തെ മുട്ടാപ്പോക്ക് ന്യായവാദങ്ങള്‍ നിരത്തി തട്ടിക്കളയാതെ, കടലാസ് പണികളിലും ചട്ടങ്ങളിലും വേണ്ട മാറ്റങ്ങള്‍ വരുത്തി ജനങ്ങളോട് ഉത്തരവാദിത്വമുള്ളവരായി മാറുകയാണ് ഭരണാധികാരികളുടെ കര്‍ത്തവ്യം.
മറിച്ചാണെങ്കില്‍ കേരള ജനത ,വിശേഷിച്ച് പ്രവാസലോകം നിങ്ങള്‍ക്ക് ഒരിക്കലും മാപ്പ് തരില്ല.

അഡ്വ ജെയിംസ് വിന്‍സെന്‍റ്
സെക്രട്ടറി,
ഷാര്‍ജ -ശക്തികുളങ്ങര പ്രവാസി അസോസിയേഷന്‍

Comments
Print Friendly, PDF & Email

-ജയിംസ് വിന്‍സെന്‍റ്
സെക്രട്ടറി,
ഷാര്‍ജ -ശക്തികുളങ്ങര പ്രവാസി അസോസിയേഷന്‍

You may also like