പൂമുഖം LITERATUREനിരൂപണം മീശ – കഥയുടെ പെരുങ്കളിയാട്ടം

മീശ – കഥയുടെ പെരുങ്കളിയാട്ടം

harish

മൂഹത്തിന്‍റെ ഭൂതകാലസ്മരണകളില്‍  നിന്നാണ് കഥകൾ തെളിഞ്ഞു വരുന്നത്. ഓർമ്മയാണ് കഥയുടെ അടിവേര്. മറവിക്കെതിരായ സമരമുഖങ്ങളിൽ കഥകളെ കാണാം.അധികാരത്തെ അസ്വസ്ഥമാക്കുന്നതും കഥകളാണ്. ഇതിഹാസകൃതിയുടെ നാട്ടുഭേദങ്ങൾ സമാഹരിക്കപ്പെട്ടപ്പോൾ വർഗ്ഗീയ സംഘടനകൾ പ്രതിഷേധവുമായി എത്തിയത് ഈ ഭയത്തിന്‍റെ അടിസ്ഥാനത്തിലാണ്.ചരിത്രം തിരസ്കരിച്ചവർ തങ്ങളെ കഥകളിലൂടെ ആവിഷ്ക്കരിച്ചു.ദേശ കാലങ്ങളിലൂടെ കഥകൾ സഞ്ചരിച്ചു. കാലത്തിന്‍റെയും ദേശത്തിന്‍റെയും മുദ്രകൾ കഥകളിൽ പതിഞ്ഞു. ദേശജീവിതത്തിന്‍റെ സമഗ്രത നാട്ടുകഥകളിൽ ദർശിക്കാം.ഏതൊരു ദേശത്തിന്‍റെയും ആത്മാവ് അവിടെ ജാതമായ കഥകളാണ്.ഏകപാഠമായി കഥയ്ക്ക് സഞ്ചരിക്കാൻ സാധിക്കില്ല.പറച്ചിലിലൂടെ കഥ വലുതാകും,കുറിയതാകും.ദേശം മാറുമ്പോൾ കഥയുടെ സഞ്ചാരഗതിയിൽ വ്യത്യാസമുണ്ടാകും.എസ് ഹരീഷിന്‍റെ ‘മീശ ‘ എന്ന നോവൽ വാവച്ചന്‍റെ യാത്രയുടെ കഥയാണ്. ഒരു ‘കഥ’ എന്ന നിലയിൽ വാവച്ചന്‍ സഞ്ചരിച്ച ദൂരമാണ്. വാവച്ചന്‍റെ അലച്ചിലുകൾ പാട്ടായി മാറി.പാടി പാടി മീശയെ ജനത മൊഴിയിൽ കുടിയിരുത്തി. മലയായിലും എയർ ഇന്ത്യയിലും അയാളെ ആഖ്യാതാവ് കണ്ടെത്തുന്നുണ്ട്. തിരസ്കൃതരുടെ ഭൂപ്രദേശങ്ങളിൽ മീശ പ്രത്യക്ഷനാകുന്നു.ഇതിഹാസസമാനമായ ആഖ്യാനഘടനയാണ് എസ് ഹരീഷ് സ്വീകരിച്ചിരിക്കുന്നത്. മലയാളത്തിൽ ‘കയർ, സുന്ദരികളും സുന്ദരന്മാരും തുടങ്ങിയ നോവലുകൾ ഇതിഹാസത്തിന്‍റെ ആകാരത്തെ പിന്തുടരുന്നുണ്ട്. വൈവിധ്യങ്ങളുടെ ചേർത്ത്കെട്ടലിലൂടെ ദേശജീവിതത്തെ ആവിഷ്കരിക്കുന്നു. മലയാളിയുടെ ചരിത്രത്തിലെ പല പേരുകളും ആഖ്യാനത്തിനിടയ്ക്ക് കാണാം.ചരിത്രസംഭവങ്ങളും മീശയുടെ കഥയ്ക്ക് സമാന്തരമായി സഞ്ചരിക്കുന്നു. മനുഷ്യരുടെ മാത്രം കഥയല്ല മീശ മനുഷ്യേതര ജന്തുജാലങ്ങളുടെ, സസ്യങ്ങളുടെ, പുഴയുടെ, കാലാവസ്ഥയുടെ, അഭൗമശക്തികളുടെ വിളനിലമാണ് വാവച്ചന്‍റെ സഞ്ചാരഭൂമിക.
1
പവിയാന്‍റെയും ചെല്ലയുടെയും മകനായ വാവച്ചൻ, നാട്ടിൽ വന്ന നാടകസംഘവുമായി ചേരുകയും, അവരുടെ നാടകത്തിൽ മീശക്കാരൻ പോലീസിന്‍റെ വേഷം അഭിനയിക്കുകയും ചെയ്യുന്നു.’നാടക ‘ങ്ങളുടെ ആരംഭഘട്ടമായിരുന്നു കാലം.മലബാറില്‍ നിന്നും വന്ന സംഘമാണ് നാടകം അവതരിപ്പിക്കുന്നത്. മേൽവസ്ത്രം അപൂർവ്വം ആളുകള്‍ മാത്രം ഉപയോഗിച്ചിരുന്ന കാലത്താണ് നാടകസംഘം കുട്ടനാട്ടില്‍ വള്ളമിറങ്ങുന്നത്.നാടകസംഘം കര വിട്ടത്തോടുകൂടി വാവച്ചന്‍റെ ജീവിതം ദാരിദ്ര്യത്തിലേക്ക് മടങ്ങി. നാടകസംഘത്തെ അന്വേഷിച്ചു വാവച്ചന്‍ നടത്തുന്ന യാത്രയാണ് നോവല്‍,എന്നാല്‍ അതുമാത്രമായി ചുരുങ്ങുന്നില്ല ആഖ്യാനം.ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളിലെ തിരുവിതാംകൂറിലെ കാര്‍ഷികജീവിതമാണ് ‘മീശ’യുടെ പശ്ചാത്തലം.കാര്‍ഷികവൃത്തിയെ ആശ്രയിച്ച് ജീവിതം കണ്ടെത്തുന്ന ജനതയെ ലോകമഹായുദ്ധത്തെ തുടര്‍ന്നുണ്ടായ ഭക്ഷ്യക്ഷാമം ദുരിതത്തിലാഴ്ത്തി. ഭക്ഷ്യഉത്പന്നങ്ങള്‍ തുല്യമായി വിതരണം ചെയ്യപ്പെടാതിരിക്കുകയും, ചില ഉന്നത സാമൂഹികപദവി വഹിക്കുന്നവരുടെ ഗൃഹങ്ങളില്‍ മാത്രം ശേഖരിക്കപ്പെടുകയും ചെയ്തു.ഭൂരിപക്ഷം പട്ടിണിയില്‍ വലയുബോള്‍ ഒരു വിഭാഗം സമൃദ്ധിയില്‍ ജീവിതം നയിച്ചു,അവര്‍ മഹാകാവ്യങ്ങള്‍ രചിച്ചു.സംസ്കാരത്തെ നിര്‍വചിച്ചു.പവിയനും ചെല്ലയും അടങ്ങുന്ന ജനവിഭാഗം വിശപ്പിനെ അകറ്റാനുള്ള മാര്‍ഗങ്ങള്‍ തിരഞ്ഞു.ചെല്ലയുടെയും പവിയന്‍റെയും അന്ത്യം വിശപ്പ് ശമിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്കിടയിലായിരുന്നു.വാവച്ചനും ദിവസങ്ങളോളം പട്ടിണി കിടക്കുന്നതായി കാണാം.ചരിതസന്ദര്‍ഭം രൂപപ്പെടുത്തിയ വിശപ്പാണ്:അതിനെ മറികടക്കാന്‍ നിര്‍മ്മിച്ച പാട്ടുകളാണ്,പുരാവൃത്തങ്ങളാണ്,മൊഴികളാണ് കൃതിയുടെ അടിത്തറയായി പ്രവര്‍ത്തിക്കുന്നത്.വിശപ്പ് ഒളിഞ്ഞും തെളിഞ്ഞും ഇടയ്ക്കിടെ ‘മീശ’യില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.ആദ്യഭാഗം മുതല്‍ ഇടയ്ക്കിടെ വിശപ്പ് കടന്നുവരുന്നുണ്ട്.വാവച്ചന്‍റെ സ്വപ്നങ്ങളില്‍ രുചിയുള്ള വിഭവങ്ങള്‍ തെളിയുന്നുണ്ട്.വാവച്ചനെ മണത്തുകൊണ്ട് പെങ്ങള്‍ സംസാരിക്കുന്ന സന്ദര്‍ഭത്തില്‍ വെളിച്ചെണ്ണയെ കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്.
“ വെളിച്ചെണ്ണ എങ്ങനെയിരിക്കും? ‘’
വാവച്ചന്‍ ചോദിച്ചു
“ഒരു ദിവസം വള്ളം ചെരിഞ്ഞപ്പോ ഞാന്‍ കണ്ടു.ചെറിയ അടിപായലുപോലെ.ഇച്ചിരി പച്ച”
വാവച്ചന്‍ കൈ ദീര്‍ഘമായി മണത്തു. “ (പേജ് 17 : ജൂലൈ 2018)
വിശപ്പിനെ സംബന്ധിച്ച ആഴമേറിയ വിചാരങ്ങള്‍ മീശയില്‍ ഉടനീളം കാണാം.രാവിലെ ഭക്ഷണം കഴിക്കാത്തത്കൊണ്ട് വിശപ്പിനെ കുറിച്ചു ചിന്തിക്കാത്ത വാവച്ചനെ കാണാം.യാത്രയ്കിടയില്‍ വാവച്ചന്‍റെ ഒപ്പം നിഴല്‍ പോലെ വിശപ്പ് സഞ്ചരിക്കുന്നുണ്ട്.കഥാപാത്രങ്ങളുടെ വിവരണത്തിനിടെ അവരുടെ വിശപ്പും ചര്‍ച്ചയാവുന്നുണ്ട്.വിശപ്പിലൂടെയാണ് അവര്‍ നിര്‍വചിക്കപ്പെടുന്നത്. കാലഘട്ടത്തെ മാത്രമല്ല,വാവച്ചനും പവിയാനും ചെല്ലയും പേറുന്ന ജാതിസ്വത്വത്തെ കൂടെ വിശപ്പിലൂടെ അടയാളപ്പെടുത്തുന്നുണ്ട്. വിശപ്പ് അദ്ധ്വാനിക്കുന്നവര്‍ക്കും, സമൃദ്ധി പണിയെടുപ്പിക്കുന്നവര്‍ക്കും നല്‍കുന്ന സാമൂഹികനീതി സൂക്ഷ്മമായി നോവല്‍ രേഖപ്പെടുത്തുന്നു. ആധുനികതയിലേയ്ക്കുള്ള വഴി മലയായിലേക്ക് പോവലാണെന്നും,അവിടെ വിശപ്പുണ്ടാവുകയില്ലെന്നും,കൃത്യമായ തൊഴില്‍ നിയമങ്ങളുണ്ടെന്നും വാവച്ചനോട് നാരായണപിള്ള പറയുന്നുണ്ട്.നാരായണപിള്ള പില്‍ക്കാലത്ത് എന്‍ എന്‍ പിള്ളയായി ചരിത്രത്തില്‍ ചേര്‍ക്കപ്പെട്ടു.വാവച്ചനെ പുറം ലോകത്തേക്കുള്ള യാത്രയില്‍ നിന്നു വിലക്കിയത് വള്ളമാണ്,കായലാണ്.ഭൂപ്രദേശങ്ങള്‍ മനുഷ്യനുമായി വേര്‍പെടുത്താനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു. മലയായിലേയ്ക്കുള്ള വഴി അന്വേഷിച്ചാണ് പിന്നീടുള്ള വാവച്ചന്‍റെ യാത്ര. അയാള്‍ നടന്നു കയറുന്നത് കഥകളിലേയ്ക്കാണ്,പാട്ടുകളിലേയ്ക്കാണ്.കുട്ടനാടിലെ വയലുകള്‍ പോലെ കഥകള്‍ കൂടിപ്പിണഞ്ഞുകിടക്കുന്ന സങ്കീര്‍ണ്ണമായ ലോകത്തിലാണ് വാവച്ചന്‍ ജീവിക്കുന്നത്.
2
ആഖ്യാതാവ് മകനായ പൊന്നുവിന് പറഞ്ഞു കൊടുക്കുന്ന കഥയാണ് ‘മീശ’.കഥപറച്ചിലിനെ കുറിച്ചുള്ള നിരവധി വീക്ഷണങ്ങള്‍ ആഖ്യാനത്തിനിടെ പറഞ്ഞുപോകുന്നുണ്ട്.പൊന്നുവിന് പറഞ്ഞുകൊടുക്കുന്ന കഥകളില്‍ മനുഷ്യരുടെയും ആത്മാക്കളുടെയും മൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും കഥകള്‍ നിറഞ്ഞിട്ടുണ്ട് .കഥകള്‍ പലവിധമുണ്ട് മൃഗകഥകള്‍,ജന്തു കഥകള്‍,പക്ഷിക്കഥകള്‍,യക്ഷ-കിന്നര-ഗന്ധര്‍വ കഥകള്‍ എന്നിങ്ങനെ കഥയാല്‍ നിര്‍മ്മിച്ച ലോകത്തിലാണ് നാം പാര്‍ക്കുന്നത്.ഇതിഹാസ ആഖ്യാനങ്ങളുടെ കാതലായി വര്‍ത്തിക്കുന്നത് ചങ്ങലക്കണ്ണികള്‍ പോലെ ചേര്‍ന്ന് പോകുന്ന കഥയുടെ ലോകമാണ്.മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്ന പല കഥകളും പിന്നീട് ഒറ്റയൊറ്റ ആഖ്യാനങ്ങളായി ബൃഹത് രൂപം പ്രാപിച്ചു.നളോപാഖ്യാനം, ‘നളചരിതം’ ആട്ടക്കഥയായി.അപ്രകാരം ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക് സഞ്ചരിക്കുമ്പോള്‍ അനുവാചകന്‍ അനേകം കഥകള്‍ കാണുന്നു.ജീവനുള്ള എല്ലാറ്റിനും ഒരു ചരിത്രം പറയാനുണ്ട്.നാം എഴുതിയ ചരിത്രം അപൂര്‍ണമാണെന്നും,പലരും ആ ചരിത്രത്തിന് വെളിയിലാണെന്നും കീഴാള ചരിത്രങ്ങളുടെ പ്രസിദ്ധീകരണത്തോട് കൂടിയാണ് നാം മനസിലാക്കിയത്.നിരക്ഷരരായ ജനത തങ്ങളുടെ ജീവിതം പാട്ടുകളില്‍ സമാഹരിച്ചു.കാലത്തിനും ദേശത്തിനും അനുസൃതമായി ആ പാട്ടില്‍ ചെറിയ വ്യത്യാസങ്ങള്‍ കടന്നുകൂടി.മര്‍ദിതന്‍റെ ചരിത്രമാണ് അവയെല്ലാം ആലപിച്ചത്.അവന്‍റെ/അവളുടെ ചരിത്രം വ്യവസ്ഥാപിതമായ സങ്കല്പങ്ങളെയെല്ലാം തകര്‍ത്തെറിഞ്ഞു.ജനതയുടെ സൌന്ദര്യാനുശീലനത്തെ പാട്ടുകള്‍ തിരുത്താന്‍ ശ്രമിച്ചു.വാവച്ചന്‍റെ ‘മീശ’പാട്ടുകള്‍ വാവച്ചനും മുന്‍പേ ഉണ്ട് എന്നു എഴുത്തുകാരന്‍ പറയുന്നുണ്ട്.കുട്ടനാടിന്‍റെ ഓരോ കടവിലും അതിനു ദേശപരമായ ഭേദങ്ങളുണ്ട്.”ഇതിഹാസങ്ങളുടെ തോണി നമ്മുടെ കടവിനും മുന്‍പെ എത്രയോ കടവുകള്‍ പിന്നിട്ടിരിക്കുന്നു.”
3
ദേശീയതയുടെയും ആധുനികതയുടെയും പ്രതിനിധികള്‍ അപ്പര്‍ കുട്ടനാടിന്‍റെ പ്രാക്തനമായ പ്രപഞ്ചത്തില്‍ കാല് കുത്തുന്നത് വാവച്ചനുമായി ബന്ധപ്പെട്ടാണ്. എഴുത്തച്ഛന്‍റെ നാടക കമ്പനി,മീശയെ കുറിച്ചു കേട്ട കഥകളുടെ വാസ്തവമറിയാന്‍ എത്തിയ താണുലിംഗനാടാര്‍,വെള്ളം വറ്റിക്കുന്ന യന്ത്രവുമായി എത്തിയ സായിപ്പ്,ബേക്കര്‍ സായിപ്പ്,നാരായണഗുരു, തുടങ്ങിയവര്‍ ആധുനിക ലോകബോധത്തിന്‍റെ വക്താക്കളാണ്. താണുലിംഗനാടാര്‍ തിരുവിതകൂറിന്‍റെ വിശദമായ ഭൂപടം അവതരിപ്പിക്കുന്നുണ്ട്.മാത്രമല്ല,ദേശാതിര്‍ത്തികളെ കുറിച്ചുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്.ലോകമഹായുദ്ധം,ദേശീയപ്രസ്ഥാനം തുടങ്ങിയ ചരിത്രസംഭവങ്ങള്‍ നടക്കുമ്പോഴാണ് കായലിനാലും പുരാവൃത്തങ്ങളാലും പട്ടിണിയാലും ചുറ്റപ്പെട്ട ഭൂപ്രദേശത്ത് താന്നുലിംഗനാടാര്‍ ഭൂപടം അവതരിപ്പിക്കുന്നത്. ആധുനികമായ സ്ഥലബോധമാണ് ഭൂപടത്തിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്നത്.അന്നുവരെ ജനങ്ങൾ വൃക്ഷങ്ങളിലും മറ്റും കുറിച്ചിട്ട അതിരുകൾ,സ്‌ഥലബോധം ഭൂപടത്തിലൂടെ റദ്ദ് ചെയ്യപ്പെട്ടു. ആധുനികതയിലേയ്ക്കുള്ള സമൂഹത്തിന്‍റെ ചുവടുവെപ്പാണ് താണുലിംഗനാടാർ വാവച്ചനെ തിരയാൻ ഭൂപടം ഉപയോഗിച്ചതിലൂടെ പ്രകടമായത്. താണുലിംഗനാടാർക്ക് ഭൂപ്രദേശത്തിന്‍റെ മുകൾചിത്രം മാത്രമേ വ്യക്തമായുള്ളു. തന്നെയും കാത്ത് പതിയിരിക്കുന്ന ആഴങ്ങൾ വ്യക്തമായില്ല.ആ അവ്യക്തതയ്ക്ക് ജീവൻ തന്നെ വിലയായി കൊടുക്കേണ്ടി വന്നു.ഒടുക്കം ചതുപ്പിൽ താണ് കുട്ടനാട്ടിലേക്ക് ആധുനികസ്ഥലനിർമ്മിതിയെ കൊണ്ടുവന്ന മനുഷ്യൻ ഇല്ലാതെയായി.ദൃഢഗാത്രനായ പുരുഷൻ എന്ന യൂറോ കേന്ദ്രിതശരീരനിർമ്മിതിയുടെ ഉത്പന്നമാണ് താണുലിംഗനാടാർ.വാവച്ചൻ അടക്കമുള്ള കുട്ടനാടൻ നിവാസികൾ അയഞ്ഞ ശരീരത്തിന് ഉദാഹരണമാണ്.സ്ത്രൈണാംശമുള്ള ആകാരഘടനയാണ് അവരുടേത്.അയഞ്ഞ മാനസികപ്രകൃതമാണ് അവർ പുലർത്തുന്നത്.ജലജീവികളോടും,സസ്യങ്ങളോടും പുലർത്തുന്ന ഉദാരമനോഭാവം ഉദാഹരണമാണ്.സാമാന്യമായൊരു വിലയിരുത്തൽ സാധ്യമല്ല.മലയാളിയുടെ ശരീരഘടനയിൽ കാലക്രമേണ സംഭവിച്ച പരിണാമം പരിശോധിക്കേണ്ടതുണ്ട്.ഭൂപ്രദേശം ശരീരത്തെ നിർമ്മിക്കുന്നു.പുലയന്‍റെയും ബ്രാഹ്മണന്‍റെയും ശരീരഘടനയിലുള്ള വൈവിധ്യം അവരുടെ സ്വത്വനിർമ്മിതിയുടെ അടിത്തറയാണ്.ജാതിശരീരത്തിൽ നിന്ന് പൗരശരീരത്തിലേയ്ക്കുള്ള പരിണാമമാണ് ജനാധിപത്യത്തിലൂടെ നടപ്പിലായത്.അത്തരമൊരു ജീവിതബോധ്യം ആഖ്യാനത്തില്‍ സംഭവിക്കുന്നത് നാരായണഗുരുവിന്‍റെ വരവോടെയാണ്.തെയ്യാമയുടെ വീട്ടിലെ മാടന്‍റെ കല്ലുകള്‍ ഗുരുസ്വാമി ഭാണ്ഡത്തില്‍ കെട്ടി പുഴയില്‍ നിക്ഷേപിക്കുന്നുണ്ട്.പ്രാകൃതമായ ജീവിതപരിസരങ്ങളോട് ഗുരു പുലര്‍ത്തിയ വിപ്രതിപത്തിയാണ് കാരണം.വിഭജിതമായ മനുഷ്യബോധത്തെ ഗുരു ഒരുമിപ്പിച്ചു.ബേക്കര്‍ സായിപ്പിന്‍റെ പക്ഷിനിരീക്ഷണതിന്നും മുന്‍പ് വാവച്ചന്‍ പക്ഷികളെയും നോക്കി തുരുത്തില്‍ കിടക്കുന്നുണ്ട്.പക്ഷേ പക്ഷിയില്‍ വാവച്ചന്‍ ഒരു പഠനവസ്തുവിനെ കാണുന്നില്ല.ബേക്കര്‍ സായിപ്പിന്‍റെ ജീവിതബോധം ജീവികളെ പഠനവസ്തുവാക്കി.തിരുവിതാംകൂറിലെ വെള്ളക്കെട്ടുകളെകുറിച്ച് ലേഖനങ്ങള്‍ വന്നു.വിനിമയബന്ധങ്ങളൊന്നും ഇല്ലാത്ത ലോകത്ത് പോലും അധിനിവേശം എങ്ങനെ സാധ്യമാകും എന്നതിന്‍റെ സൂചനകള്‍ നോവലില്‍ കാണാം.അവസാനത്തെ മുതല അത്തരമൊരു സൂചന നല്കുന്നു.
മൃഗങ്ങൾ,ജലജീവികൾ,പറവകൾ,മരപ്പൊത്തിലും മറ്റും പാർക്കുന്ന ജീവികള്‍ , കരയിലെ ചെറുജലാശയങ്ങളിൽ ജീവിക്കുന്നവ എന്നിങ്ങനെ ‘മീശ’യിലെ ജന്തുജാലങ്ങളെ വർഗ്ഗീകരിക്കാം .നിലവിലുള്ളതും ഇല്ലാത്തതുമായ നിരവധി ജീവികളാണ് ആഖ്യാനഭൂപടത്തിൽ പ്രത്യക്ഷപ്പെടുന്നത്.വാവച്ചന്‍റെ വലിയ മീശയിലൂടെ പുറത്തേക്ക് വരുന്ന ഞണ്ടുകൾ,മീശയുടെ തണലിൽ ഗർഭകാലം തള്ളിനീങ്ങുന്ന മത്സ്യങ്ങൾ,മീശയിൽ പാർക്കുന്ന ചെറുജീവികൾ.പവിയാനെ പുഴ കടക്കാൻ സഹായിക്കുന്ന മുതല.പവിയാന്‍റെ പൂർവ്വികരിൽ ഒരാൾക്ക് സ്വന്തമായുണ്ടായിരുന്ന മുതല.സായിപ്പ് വേട്ടയാടുന്ന അവസാനത്തെ മുതല.അങ്ങനെ മീശപുരാണവും മുതലപുരാണവും ഒരിടത്ത്
സന്ധിക്കുന്നു.മനുഷ്യകേന്ദ്രിതമായ ലോകവീക്ഷണത്തിൽ നിന്ന് ജീവികേന്ദ്രിതമായ ലോകബോധത്തിലേയ്ക്കുള്ള ആഖ്യാനത്തിന്‍റെ സ്ഥാനാന്തരം ഇടനേരത്ത് കാണാം.മനുഷ്യർ നശിക്കുമ്പോൾ മനുഷ്യേതരപ്രകൃതിയും നശിക്കുന്നു.പാമ്പ് കടിച്ചാണ് ചെല്ല മരിക്കുന്നത്.പാമ്പിനോടുള്ള വിദ്വേഷം മൂലം നിരവധി പാമ്പുകളെ കൊണ്ടുവന്ന് വാവച്ചൻ കായലിലിട്ട് തല്ലിക്കൊല്ലുന്നുണ്ട്.പിതാവായ പരീക്ഷിത്തിന്‍റെ മരണത്തിൽ ക്രുദ്ധനായ ജനമേജയൻ സരപ്പസത്രം യാഗത്തിലൂടെ സര്‍പ്പങ്ങളെ അഗ്നിയില്‍ ഹോമിച്ചു.യാഗവേളയിലാണ് മഹാഭാരതമെന്ന വലിയ കഥ വ്യാസശിഷ്യന്‍ വൈശമ്പായനന്‍ ജനമേജയനോട് പറയുന്നത് .മാതാവിന്‍റെ മരണമാണ് പാമ്പുകളോട് വാവച്ചന് പക തോന്നാന്‍ കാരണം.കാലന്‍റെ പുസ്തകവുമായി വാവച്ചന്‍ ഓടുന്നുണ്ട്.ആ കണ്ണാടിയില്‍ തന്നെ ദര്‍ശിക്കുന്നുണ്ട്.
‘’സ്വന്തം താളു വായിച്ച് താൻ ഒറ്റയ്ക്കാണെന്നും തനിക്ക് ആരുമില്ലെന്നും മീശയ്ക്കു തോന്നി. സങ്കടം കൊണ്ട് അയാൾ വിതുമ്പി. എന്നാൽ തന്നെക്കുറിച്ച് ഒരാളെഴുതാൻ പോകുന്ന കഥകൾ വായിച്ച് മീശ ചിരിച്ചു മറിഞ്ഞു. അതിലെന്തുമാത്രം അബദ്ധങ്ങളും മണ്ടത്തരങ്ങളുമാണുള്ളത്! അത് മറ്റാരെയോ കുറിച്ചാണെന്നു തോന്നിയപ്പോൾ ഒന്നു തിരുത്തിയാൽ കൊള്ളാമെന്നുപോലും മീശയ്ക്കു തോന്നി.
“എന്നിട്ട് തിരുത്തിയോ?”
“ഇല്ല. ആ ഗ്രന്ഥത്തിൽ ഒരു വരിപോലും ആർക്കും മാറ്റാൻ പറ്റില്ല. കാലനുപോലും” ‘” (164:ജൂലൈ 2018)

പല വായനകള്‍ക്ക് സാധ്യതയുള്ള ആഖ്യാനമാണ് ‘മീശ’.കായലിന്‍റെ വിസ്താരം ആഖ്യാനത്തിനുണ്ട്,കുട്ടനാടിലെ വയലുകള്‍ കണക്കെ നീളെ നീളെ കഥകള്‍.മിത്തും യഥാര്‍ത്ഥ്യവും ചേര്‍ന്ന് നിര്‍മ്മിച്ച ഭൂമികയാണിത്.എന്നാല്‍ അതിനുമപ്പുറം വിറങ്ങലിച്ച ജീവിതം കാണാം.വിശപ്പ് കാണാം.പോരാടി ഉയര്‍ന്ന ജനതയെ കാണാം.നമ്മുടെ രാഷ്ട്രീയ ശരികള്‍ക്ക് പിന്തുടരാന്‍ സാധിക്കാത്ത ആവിഷ്കാരങ്ങള്‍ കാണാം .

Comments
Print Friendly, PDF & Email

You may also like