പൂമുഖം ചുവരെഴുത്തുകൾ ചോദ്യങ്ങളല്ല ഉത്തരങ്ങൾ ആണ് പ്രധാനം

ചോദ്യങ്ങളല്ല ഉത്തരങ്ങൾ ആണ് പ്രധാനം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

Deluxe Interview Cartoon job interview clipart cartoon images

സ്കലേറ്ററിൽ എതിരെ വരികയായിരുന്ന പെൺകുട്ടി “ഹായ് “ എന്ന് പറഞ്ഞു വലിയ സന്തോഷത്തോടെ ചിരിച്ചപ്പോൾ ഞാൻ ആദ്യം എന്നെത്തന്നെയാണോ എന്ന് സംശയിച്ചു, ചിരിക്കാൻ മറന്നോ എന്ന് സംശയം . അപ്പോഴേക്കും മുകളിൽ എത്തിക്കഴിഞ്ഞിരുന്ന അവൾ പുഷ് ചെയറിൽ ഉറങ്ങുന്ന കുഞ്ഞിനെ ഒപ്പമുള്ള ഭർത്താവിനെ ഏൽപ്പിച്ചു താഴേക്ക് വീണ്ടും എസ്കലേറ്ററിൽ കയറിക്കഴിഞ്ഞിരുന്നു. ഭർത്താവിനൊപ്പമുള്ളത് അവളുടെ അമ്മയാവണം

“എന്നെ ഓർമ്മയുണ്ടോ “ അവൾ ചോദിച്ചു

“മനസ്സിലായില്ല “ ഞാൻ ഇത്തവണ നന്നായി ചിരിച്ചു

“താങ്കളാണ് എന്നെ ആദ്യ ജോലിയിലേക്ക് ഇന്‍റർവ്യൂ ചെയ്തത് “ അവൾ അത്യുത്സാഹത്തോടെ പറഞ്ഞു

“ഓ അതെയോ. കണ്ടതിൽ സന്തോഷം”

“You would remember me, the Mumbai interview, you asked me ……”

“Yes I remember the girl who could dance even in an interview “

അവൾ ഒരു എയർ ലൈനിൽ വർക്ക് ചെയ്യുന്നു ഇപ്പോൾ.
ഇനിയും കാണാമെന്നും ലോകം തീരെ ചെറുതാണെന്നും പറഞ്ഞു ഞങ്ങൾ പിരിഞ്ഞു

ഓർമ്മകൾ കുറെ പുറകോട്ടു പോയി. ഏതാണ്ട് പത്തു വർഷം മുന്‍പാവണം ഞാൻ മുംബൈയിൽ ഇന്‍റർവ്യൂ ചെയ്യാനായി പോയത്. എന്‍റെ രണ്ടാമത്തെയോ മൂന്നാമത്തെയോ മുംബൈ യാത്ര

ഒരു വലിയ റിക്രൂട്മെന്‍റ് സംഘത്തോടൊപ്പം ആണ് യാത്ര. അവർ മുംബൈയിൽ നിന്ന് മറ്റു പലരാജ്യങ്ങളിലേക്കും യാത്ര തുടരും. എന്‍റെ യാത്ര മുംബൈ മുതൽ മുംബൈ വരെ മാത്രം

തലേ ദിവസം രാത്രി ഹോട്ടലിലെത്തി. ലോക്കൽ ഏജന്‍റ് വലിയ പാർട്ടി ഒരുക്കിയിട്ടുണ്ട്. വെള്ളക്കാരെല്ലാം അങ്ങോട്ടാണ്. ഞാൻ തനിയെ നഗരം കാണാനിറങ്ങി. രാത്രി തിരികെ റൂമിലെത്തുമ്പോൾ വളരെ വൈകി. ബാത് റൂമിൽ ക്ളോസറ്റിനരുകിൽ ഷെട്ടാഫ് ഇല്ലാതിരുന്നത് അത്ഭുതപ്പെടുത്തുകയും പിറ്റേ ദിവസം ബുദ്ധിമുട്ടിക്കുകയും ചെയ്തു

രാവിലെ തയ്യാറായി റിസപ്‌ഷനിൽ എത്തുമ്പോഴാണ് അറിയുന്നത് ഇന്‍റർവ്യൂ മറ്റൊരു ഹോട്ടലിൽ വെച്ചാണെന്ന്. ഏജന്‍റ് ഏർപ്പെടുത്തിയിരുന്ന കാർ കാത്തു നിൽപ്പുണ്ടായിരുന്നു. യൂണിഫോമിട്ട ഡ്രൈവർ ഒരു കുപ്പി വെള്ളം വെച്ചു നീട്ടി. വേണ്ടെന്നു പറഞ്ഞു

ഇന്‍റർവ്യൂ നടക്കുന്ന ഹാളിലെത്തിയപ്പോഴാണ് ഞെട്ടിയത്. എന്‍റെ മുറിക്കു മുന്നിൽ മാത്രം നീണ്ട ക്യൂ. അതെന്താ അങ്ങിനെ എന്നന്വേഷിച്ചപ്പോഴാണ് മനസ്സിലായത് ഞാൻ ഇന്‍റർവ്യൂ ചെയ്യുന്നത് പ്രത്യേക സാങ്കേതിക യോഗ്യതകൾ ഒന്നും വേണ്ടാത്ത ഫ്രഷേഴ്‌സിനെ ആണെന്നും മറ്റുള്ളവർ സ്പെഷ്യലിസ്റ്റുകളെ മാത്രമാണെന്നും. സെയിൽസ് മാൻ, അഡ്മിൻ അസിസ്റ്റന്‍റ് , റിസപ്‌ഷനിസ്റ്റ്, തുടങ്ങി നല്ല ഇംഗ്ളീഷ് സംസാരിക്കുന്ന, പേഴ്സണാലിറ്റിയും ഉത്സാഹശേഷിയുമുള്ള ആളുകളെ ആണ് ഞാൻ ഇന്‍റർവ്യൂ ചെയ്തു എടുക്കേണ്ടത്. വിവിധ അന്താരാഷ്‌ട്ര ഫാഷൻ ബ്രാൻഡുകൾക്കും മറ്റു ഡിവിഷനുകൾക്കും വേണ്ടിയാണ് ഇന്‍റർവ്യൂ. എന്‍റെ ഡിവിഷനിൽ ഒന്നോ രണ്ടോ വേക്കന്‍സി മാത്രം

റിക്രൂട്മെന്‍റ് മാനേജർ വേക്കൻസി ലിസ്റ്റ് കൊണ്ടു തന്നു. ഓരോ ബ്രാൻഡുകൾക്കും വേണ്ട തരം ആളുകളെ കുറിച്ച് ഒരു ചെറിയ ബ്രീഫും തന്നു. അതിലൊരു ബ്രാൻഡിന് യാതൊരുവിധ ഇൻഹിബിഷനുകളുമില്ലാത്ത, അപരിചിതരോട് പോലും വര്‍ഷങ്ങളായി പരിചയമുള്ളതു പോലെ ഇടപെടാൻ കഴിയുന്ന, അത്യുത്സാഹ ശേഷിയുള്ള ഔട്ട്ഗോയിംഗ് പേഴ്സണാലിറ്റി ഉള്ളവരെ വേണമെന്ന് പറഞ്ഞിരുന്നു.

എസ്കലേറ്ററിൽ കണ്ട പെൺകുട്ടി അത്തരത്തിൽ ഒരാളായിരുന്നു. റൂമിലേക്ക് കടന്നു വരുമ്പോൾ തന്നെ ഇന്‍റർവ്യൂവർ ആയ എന്നിലേക്ക്‌ പോസിറ്റിവ് എനർജി നിറച്ചു കഴിഞ്ഞിരുന്നു ആ കുട്ടി. Height of confidence . ആദ്യ മിനിറ്റുകൾക്കുള്ളിൽ തന്നെ സെലെക്റ്റഡ് എന്ന് ഞാൻ തീരുമാനിച്ചിരുന്നു ഏതു വേക്കന്‍സിയില്‍, ഏതു പൊസിഷനിൽ എന്നതാണ് ഇനി ഉറപ്പിക്കേണ്ടത്

അപ്പോഴാണ് ഞാൻ ചോദിച്ചത്. If I ask you to dance right now , will you be comfortable enough to do that ?

Yes i can , she replied graciously

അന്ന് ഏതാണ്ട് നൂറിലധികം പേരെ ഇന്‍റർവ്യൂ ചെയ്തിരുന്നു. പകുതിയിലധികം പേരെ എടുക്കുകയും ചെയ്തു. ചെന്നൈയിൽ നിന്നെത്തിയ മൂന്നു സുഹൃത്തുക്കളെ ഓർക്കുന്നു. തലേ ദിവസം നേരത്തെ നഗരത്തിലെത്തി, സന്ധ്യക്ക്‌ തന്നെ ഇന്‍റർവ്യൂ സ്ഥലം സന്ദർശിച്ചു, വഴി തെറ്റില്ലെന്ന് ഉറപ്പാക്കി രാവിലെ നേരത്തെ എത്തി ക്യൂ വിൽ ആദ്യം സ്ഥാനം പിടിച്ചവർ. ഭാഷ അത്ര പോരായിരുന്നെങ്കിലും ആ ഉത്സാഹം എനിക്കിഷ്ടപ്പെട്ടു. മൂന്നാമത്തെയാൾ, കൂട്ടത്തിലെ കൂടുതൽ വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളയാൾ മറ്റു രണ്ടു സുഹൃത്തുക്കൾക്കും ജോലി കിട്ടിയെന്നുറപ്പായതിനാൽ, കൂടുതൽ യോഗ്യതകൾ ഉള്ള തനിക്കു കൂടുതൽ ശമ്പളം ഒന്നിലധികം പ്രാവശ്യം ആവശ്യപ്പെട്ടു. ആദ്യം അയാളുടെ ഫയലിൽ നോ എഴുതാനാണ് തോന്നിയത്. പിന്നീട് ഓൺ ഹോൾഡ് എന്നെഴുതി അയാളോട് 24 മണിക്കൂറിൽ തീരുമാനം ഏജൻസിയെ അറിയിക്കാനാവശ്യപ്പെട്ടു. ചെന്നൈയിലേക്കുള്ള മടക്കയാത്രയിൽ ഒരാൾ മാത്രം പുറം കാഴ്ചകൾ പോലും ആസ്വദിക്കാനാവാതെ ഇരിക്കുന്നത് മനസ്സിൽ കണ്ടു. അയാൾക്കായി തങ്ങളുടെ സന്തോഷം പുറത്തു പ്രകടിപ്പിക്കാൻ കഴിയാതെ ഇരുന്നു വീർപ്പു മുട്ടുന്ന സുഹൃത്തുക്കളെയും. യോഗ്യതകളേക്കാൾ പ്രധാനമാണ് ആറ്റിറ്റ്യൂഡ് എന്ന് ഇവർക്കൊക്കെ എപ്പോഴാണ് മനസ്സിലാകുക

അഹമ്മദാബാദിൽ നിന്നെത്തിയ പെൺകുട്ടിയെ നോ എന്ന ലിസ്റ്റിൽ പെടുത്തി മാറ്റുകയായിരുന്നു. അപ്പോഴാണ് അവൾ ദുഃഖകഥകൾ പറഞ്ഞു തുടങ്ങിയത്. ഒരു കാലില്ലാത്ത ഭർത്താവ് വീട്ടിൽ ഒറ്റയ്ക്കാണെന്നും അയാളെ നോക്കാൻ ആരുമില്ലെന്നും. ‘നിങ്ങളെ സെലക്റ്റ് ചെയ്യുന്നത് ഞാൻ അയാളോട് ചെയ്യുന്ന തെറ്റാവു’മെന്നു മനസ്സിൽ പറഞ്ഞ്, ഫയൽ മടക്കി. ഇന്‍റർവ്യൂവർക്കു വേണ്ടത് നിങ്ങളുടെ കഴിവുകൾ ആണ് സ്മാർട്നെസ് ആണ്, ദുഃഖ കഥകൾ അല്ല

ഒരു ഇന്‍റർവ്യൂ തുടങ്ങി ആദ്യ മിനിറ്റുകൾക്കുള്ളിൽ തന്നെ ഇന്‍റർവ്യൂവർ മനസ്സിൽ ഏകദേശ ധാരണ രൂപപ്പെടുത്തിയിട്ടുണ്ടാകും. ആ ഘട്ടത്തിൽ നിങ്ങളുടെ സർട്ടിഫിക്കറ്റുകളെക്കാൾ പ്രധാനം നിങ്ങളുടെ കോൺഫിഡൻസിനാണ്, പുഞ്ചിരിക്കും, ഇടപെടാനുള്ള കഴിവിനും ആറ്റിറ്റ്യുഡിനുമാണ്. നിങ്ങളുടെ ഓരോ വാക്കില്‍  നിന്നും നിങ്ങളുടെ ചിന്താരീതിയെ അളക്കാൻ കഴിവുള്ളയാളാകും ഇന്‍റർവ്യൂവർ

ഒരു നല്ല ഇന്‍റർവ്യൂവർ വളരെ കുറച്ചു ചോദ്യങ്ങൾ മാത്രമേ ചോദിക്കൂ. അവർ നിങ്ങളെക്കൊണ്ട് കൂടുതൽ സംസാരിപ്പിക്കുകയാണ് ചെയ്യുക. പോസിറ്റിവായി ചിന്തിക്കുന്നവർക്കേ പോസിറ്റിവായി മറുപടികൾ നൽകാൻ കഴിയൂ.

ചോദ്യങ്ങൾ വ്യക്തവും അതോടൊപ്പം ലളിതവുമായിരിക്കണം. അവ ലീഡിങ് ആകരുത്

ഉദാഹരണമായി tell me a negative experience with a customer എന്നാകാം

tell me a negative experience with a customer and how you resolved it എന്ന് ചോദിക്കരുത്

അപ്പോഴേ ലവൻ കസ്റ്റമറുമായി അടിയുണ്ടാക്കിയതും ഒടുവിൽ പോലീസിനെ വിളിച്ചതും ഒക്കെ പറയൂ. അപ്പൊ പിന്നെ പ്രത്യേകിച്ച് തീരുമാനം ഒന്നും നമ്മൾ എടുക്കേണ്ടി വരില്ല. അല്ലെങ്കിൽ അവൻ കഥയുടെ അവസാനം വളച്ചൊടിച്ചു നല്ല ശമരിയാക്കാരനാകും

ഒരു നല്ല ഇന്‍റർവ്യൂവർ and then, tell me more എന്നൊക്കെ പറയുകയേ ഉള്ളൂ നിങ്ങൾ കഥ തുടങ്ങിക്കഴിയുമ്പോൾ കഥ ജെനുവിന്‍ അല്ലെങ്കിൽ നിങ്ങൾ തന്നെ നിങ്ങളുടെ കുഴി തോണ്ടും

ചോദ്യങ്ങളുടെ നിലവാരം ഏതു ലെവലിലുള്ള ജോലിക്കും ഏതാണ്ട് ഒരു പോലെ തന്നെയാകും. ഉത്തരങ്ങളുടെ നിലവാരത്തിനനുസരിച്ചാണ് നിങ്ങൾ ഏതു റോളിലാണ് ഫിറ്റാവുക എന്ന് തീരുമാനിക്കപ്പെടുന്നത്

അതായത് tell me a sales experience എന്ന് ചോദിക്കുമ്പോൾ,
ഇന്നലെ ഒരു ടി വി വിറ്റ കഥ പറയാം അഥവാ നിങ്ങൾ വർക്ക് ചെയ്തിരുന്ന സ്ഥാപനത്തിന്‍റെ സെയിൽസ് താഴേക്കു പൊയ്ക്കൊണ്ടിരുന്നതിന്‍റെ മൂലകാരണം കണ്ടെത്തി അത് തിരുത്തിയത് മൂലമുണ്ടായ ഗ്രോത്തിനെ കുറിച്ചും പറയാം.

ഇന്നലെ ക്ളോസ് ചെയ്ത ഒരു ഫയലിനെ കുറിച്ച് പറയാം അല്ലെങ്കിൽ നിങ്ങളുടെ ഓഫീസിലെ വർക് കൾച്ചർ തന്നെ മാറ്റി മറിച്ചതിനെ കുറിച്ച് പറയാം

നിങ്ങളുടെ ഉത്തരമാണ് നിങ്ങളുടെ ഡ്രീം പൊസിഷനിലേക്കു നിങ്ങളെ ലാൻഡ് ചെയ്യിക്കുന്നത്. ഏതു മേഖലയിലും.

മലയാളികൾ പലപ്പോഴും സ്വന്തം സിവി പോലും നന്നായി വായിച്ചു നോക്കാതെയാണ് ഇന്‍റർവ്യൂകൾക്കു പോകുന്നത് ( ഞാൻ സംസാരിക്കുന്നത് തുടക്കക്കാരെ കുറിച്ചാണ് കേട്ടോ)

പ്രാഥമികമായി വേണ്ടത് നിങ്ങളുടെ സിവിയിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ കൃത്യമായി വിശദീകരിക്കാൻ കഴിയുക എന്നതാണ്

Explain a day in your current job എന്ന് ചോദിച്ചാൽ തന്നെ കള്ളത്തരങ്ങളുമായി വരുന്നവർ തകർന്നു വീഴും. ആദ്യം വേണ്ട ഗുണം സത്യസന്ധരായിരിക്കുക എന്നതാണ്. നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങളിലേക്ക് നിങ്ങളുടെ പോസിറ്റിവ്‌സിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുക ആണ് വേണ്ടത്. നിങ്ങള്‍ക്ക് അറിയാത്തവയെ കുറിച്ച് ആലോചിക്കുമ്പോഴാണ് നിങ്ങളുടെ കോൺഫിഡൻസ് നഷ്ടമാകുന്നത്

ഒരു ഇന്‍റർവ്യൂവിനു പോകുമ്പോൾ, ആവശ്യമായ പ്രിപ്പറേഷനുകൾ എടുത്ത ശേഷം, ഒരു സുഹൃത്തിനെ കാണാൻ പോകുന്ന ലാഘവത്തോടെ നിങ്ങള്‍ക്ക് പോകാൻ കഴിയുമെങ്കിൽ നിങ്ങൾ ഇന്‍റർവ്യൂവിന്‍റെ ആദ്യ ഘട്ടം പാസ്സായി എന്ന് പറയാം

Talk to the interviewer like you talk to a respectable friend of yours
ചിലർ പറയാറുണ്ട്. ഭയങ്കര ഇന്‍റര്‍വ്യൂ ആയിരുന്നു. തുരുതുരാ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു. ജോലി കിട്ടിയില്ലെങ്കിലും ഒരുപാട് കാര്യങ്ങൾ ആ ഇന്‍റർവ്യൂവിൽ നിന്ന് പഠിച്ചു എന്നൊക്കെ അതൊന്നും ഒരു നല്ല ഇന്‍റർവ്യൂ അല്ല. ഒരു നല്ല ഇന്‍റർവ്യൂവർ നമ്മളെ കൊണ്ട് സംസാരിപ്പിക്കുക മാത്രമേ ഉള്ളൂ. ഉം ഉം എന്ന് വെറുതെ മൂളിക്കൊണ്ടിരുന്നാൽ പോലും ഇന്‍റർവ്യൂവീ സംസാരിക്കാൻ നിര്‍ബന്ധിതനാകും. കൂടുതൽ സംസാരിക്കുമ്പോൾ കൂടുതൽ ക്യാരക്റ്റർ വെളിപ്പെടുകയും ചെയ്യും. മടങ്ങുമ്പോൾ അയാൾ സുഹൃത്തുക്കളോട് പറയും ഇന്‍റർവ്യൂവർക്കു ഒന്നുമറിയില്ലായിരുന്നെന്ന്, ഞാൻ അയാൾക്ക് ക്ലാസ്സ് എടുത്തു കൊടുത്തെന്ന്. നിങ്ങൾ പറയുന്നത് ഒരുപാട് നേരം നിങ്ങളെ തടസ്സപ്പെടുത്താതെ കേട്ടിരിക്കുന്നെങ്കിൽ നിങ്ങൾ പറയുന്നത് താല്പര്യജനകമാണ് എന്ന് തന്നെയാണർത്ഥം. അതിനിടയിലെ ഒന്നോ രണ്ടോ ഉപചോദ്യങ്ങളിൽ നിന്ന് നിങ്ങൾ പറയുന്നതിന്‍റെ സത്യാവസ്ഥ അവർ ഗണിച്ചെടുക്കുകയും ചെയ്യും

അതായത് നിങ്ങളുടെ കരിയറിലെ ഒരു പ്രധാന റോൾ വിശദീകരിക്കാൻ ഇന്‍റർവ്യൂവർ ആവശ്യപ്പെടുമെന്നു നിങ്ങൾക്കറിയാം, അത്തരം മുഖ്യ ചോദ്യങ്ങൾക്കുത്തരം ഒരു പക്ഷെ നിങ്ങൾ നേരത്തെ തന്നെ മാനസികമായെങ്കിലും തയ്യാറാക്കിയിട്ടുണ്ടാവാം. പക്ഷെ നിങ്ങളുടെ വിശദീകരണങ്ങൾക്കുള്ളിൽ എവിടെ നിന്ന് വേണമെങ്കിലും ഒരു ഉപചോദ്യം ഉണ്ടാകാം. ചുരുക്കി പറഞ്ഞാൽ നിങ്ങൾ പറയുന്ന ഓരോ കാര്യങ്ങളെ കുറിച്ചും നിങ്ങൾക്ക് ശരിയായ ധാരണ ഉണ്ടായിരിക്കണം. അല്ലെങ്കിൽ നിങ്ങളുടെ ഉത്തരങ്ങൾ തന്നെ നിങ്ങൾക്ക് വില്ലനായി മാറും
നമ്മളീ മീൻ പിടിക്കാൻ പോകുമ്പോൾ ചൂണ്ടയിൽ ഇരയുമായി പോകാറില്ലേ, അത് പോലെ, നിങ്ങള്‍ക്ക് ശേഷിയുണ്ടെങ്കിൽ, ശേഷിയുണ്ടെങ്കിൽ മാത്രം, ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിൽ നിങ്ങൾക്ക് പറയേണ്ടുന്ന സബ്ജക്റ്റിനെക്കുറിച്ച്, നിങ്ങളുടെ ശക്തി സ്രോതസ്സുകളെ കുറിച്ച് ഒക്കെയുള്ള റെഫെറെൻസ് ആകാം. വിഷയത്തിലെ ഒരു കീ വേർഡ് ചോദ്യവുമായി കണക്റ്റ് ചെയ്തു ഏതെങ്കിലും ഒരുത്തരത്തിൽ കൊളുത്തിയിടുക. ഇന്‍റർവ്യൂവർ ആ കൊളുത്തിൽ കയറി പിടിച്ച് ഒരു ചോദ്യമിട്ടു തന്നാൽ ഇഷ്ടവിഷയത്തെ കുറിച്ച് നിങ്ങൾക്ക് സംസാരിച്ചു തുടങ്ങാം. ഓർക്കുക, ഇത് എല്ലാവർക്കും കഴിയില്ല
പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊന്ന് പഴയ ഓഫീസിലെ ഗോസിപ്പുകൾ ഒന്നും പറയാതിരിക്കുക എന്നതാണ്. എന്ത് കൊണ്ട് ഇപ്പോഴത്തെ ജോലി വിടുന്നു എന്നതിന് ലളിതവും കൃത്യവുമായ ഒരുത്തരം ഉണ്ടായിരിക്കണം. അത് ഇപ്പോഴത്തെ ബോസിന്‍റെ കുഴപ്പങ്ങൾ കൊണ്ടെന്നോ ഓഫീസിന്‍റെ കുഴപ്പം കൊണ്ടെന്നോ ഒന്നും ആയിരിക്കുകയും അരുത്. ഇപ്പോൾ പഴയ ബോസിനെ കുറ്റം പറയുന്ന നിങ്ങൾ അല്ലെങ്കിൽ സഹപ്രവർത്തകരെ കുറ്റം പറയുന്ന നിങ്ങൾ പുതിയ ഓഫീസിലും അത് ആവർത്തിക്കുമെന്ന് മനസ്സിലാക്കാൻ ഒരു ഇന്‍റർവ്യൂവർക്കു പാഴൂർ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല. ഇനി നിങ്ങളുടെ ഇപ്പോഴത്തെ ഓഫീസിലെ പ്രശ്നങ്ങൾ ജെനുവിന്‍ ആണെങ്കിൽ പോലും അത് പറയാതിരിക്കുക എന്നതാണ് ശരി. നിങ്ങള്‍ക്ക് ശരിയെന്നു തോന്നുന്നത് ഇന്‍റർവ്യൂവർക്കു അങ്ങിനെയായിരിക്കണമെന്നില്ല. ഓർക്കുക, അവർ പ്രശ്നങ്ങളെ സമീപിക്കുന്നത് ടേബിളിന്‍റെ, നിങ്ങൾ ഇരിക്കുന്ന വശത്തിരുന്നു കൊണ്ടല്ല
ഇന്‍റർവ്യൂവിന് വിളിച്ചിരിക്കുന്ന സ്ഥാപനത്തെ കുറിച്ച് മിനിമം കാര്യങ്ങൾ എങ്കിലും അന്വേഷിച്ചു അറിഞ്ഞിരിക്കുക എന്നതും പ്രധാനമാണ് അപ്പോൾ “ tell me why should I hire you ? “ എന്ന ചോദ്യത്തിന് ആ സ്ഥാപനത്തെ പുകഴ്ത്തി രണ്ടു ഡയലോഗ് അടിക്കാനുള്ള അവസരം കിട്ടും.
സ്ഥാപനത്തെ കുറിച്ച് ഗൂഗിൾ സെർച്ച് പോലും ചെയ്യാതെ ഇന്‍റർവ്യൂവിനു വന്ന ഈ മടിയനെ ഞാനെന്തിന് ജോലിക്കെടുക്കണം എന്ന ഇന്‍റർവ്യുവറുടെ ചിന്ത തട്ടിനീക്കുകയും ചെയ്യാം.
ബസ്സിലും ട്രെയിനിലുമൊക്കെ കയറി വിയർത്തു നാറി ഇന്‍റർവ്യൂവിനു എത്താതിരിക്കാൻ ശ്രദ്ധിക്കുക. ഒരു പെർഫ്യൂം കയ്യിലുള്ള ബാഗിൽ കരുതുന്നതും നന്നാവും. അതല്പം പൂശിയ ശേഷം ഇന്‍റർവ്യൂവിന് കയറാം. സ്ത്രീകൾ ആണെങ്കിൽ ഹാൻഡ് ബാഗിൽ ഒരു യുദ്ധത്തിനുള്ള പടക്കോപ്പുണ്ടാകുമെന്നറിയാം. ലേഡീസ് റൂമിൽ കയറി അതൊന്നു കൂടി പ്രയോഗിക്കാൻ മടിക്കേണ്ട. വളരെ ബേസിക്കായ കാര്യമാണല്ലോ എന്ന് തോന്നാം. വിയർത്തു നാറി,അവസാന നിമിഷം ലേറ്റായി വന്നത് കൊണ്ട് മാത്രം ജോലി കിട്ടാതെ പോകുന്നവർ ഇപ്പോഴുമുണ്ട് എന്നറിയുക.

ഏതൊരു ഇന്‍റർവ്യൂവിന്‍റെയും തുടക്കം പോലെ തന്നെ ഒടുക്കവും പ്രധാനമാണ്. ഒടുവിൽ ഒരു ചോദ്യം വരും. നിങ്ങൾക്കെന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന്. തീർച്ചയായും ഒരു ചോദ്യമെങ്കിലും ചോദിക്കുക. കഴിയുമെങ്കിൽ രണ്ട്. അത് നിങ്ങളുടെ കോൺഫിഡൻസിനെ വീണ്ടും എടുത്തു കാട്ടും. ഒരു പക്ഷെ നോ എന്ന് നോട്ടെഴുതിയ ഇന്‍റർവ്യൂവറുടെ ആ തീരുമാനം മാറ്റി മറിക്കുന്നതിനും നിങ്ങളുടെ ഒരു ചോദ്യം കാരണമായേക്കാം.
ആ ചോദ്യം എത്ര ദിവസം ലീവ് കിട്ടും എന്നോ ശമ്പള വർദ്ധനവ് എത്ര നാൾ കൂടുമ്പോഴാണ് എന്നോ ആകാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ അല്ലേ

ഇപ്പൊ നിങ്ങൾ ഒരു ഇന്‍റർവ്യൂവിനു ഏതാണ്ടൊക്കെ റെഡിയായെന്നു തോന്നുന്നു

ജോലി കിട്ടിക്കഴിഞ്ഞു ആ എസ്കലേറ്ററിലൂടെ മുകളിലേക്ക് പോകുമ്പോൾ എതിരെ വരുന്ന എന്നോട് ഒരു “ഹായ്” പറയാൻ മറക്കരുത് കേട്ടോ

Comments
Print Friendly, PDF & Email

മലയാളനാട് വെബ് ജേണൽ എഡിറ്റോറിയൽ ബോർഡ് അംഗം.

You may also like