പൂമുഖം നിരീക്ഷണം ഒ. വി. വിജയൻ എഴുതിയതും പി. പരമേശ്വരൻ വായിച്ചതും സക്കറിയ പറഞ്ഞതും

ഒ. വി. വിജയൻ എഴുതിയതും പി. പരമേശ്വരൻ വായിച്ചതും സക്കറിയ പറഞ്ഞതും

 

ൽഹിയിൽ ഒ വി വിജയൻ എന്ന ഞങ്ങളുടെ ‘മാഷു’മായും സക്കറിയയുമായും, അവരുടെ വൈകുന്നേരത്തെ കൂട്ടായ്മയുടെ കേന്ദ്രമായ വി കെ മാധവൻ കുട്ടിയുടെ മാതൃഭൂമി ഓഫീസിലും, അവരുടെ സാമൂഹ്യ ഗാർഹിക ഇടങ്ങളിലും നടന്ന സംവാദങ്ങളിലൂടെ രണ്ടര പതിറ്റാണ്ട് സഞ്ചരിച്ച എന്നെപ്പോലെ തല നരച്ച ഒരാൾക്കു, മാഷ് തൻറെ ജീവിതാവസാനകാലഘട്ടത്തിൽ ഒരു മൃദുഹിന്ദുത്വക്കാരനായിരുന്നു എന്ന സക്കറിയയുടെ പ്രസ്താവന വളരെ ആശങ്കയുണ്ടാക്കുന്നതാണ്. കാരണം സക്കറിയ ആ പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചത് പോലെ, ജനാധിപത്യത്തിൻറെയും ചിന്തയുടേയും തത്വചിന്തയുടെയും മാനുഷികതയുടെയും രാഷ്ട്രീയത്തിൻറെയും പാഠങ്ങൾ 1980 മുതൽ പഠിപ്പിച്ചിരുന്ന ഞങ്ങളുടെ മാഷ് ഒരു സാധാരണ മികച്ച എഴുത്തുകാരൻ മാത്രമായിരുന്നില്ല, മറിച്ചു ഞങ്ങളുടെ ഒക്കെ ചിന്തയുടെയും എഴുത്തിൻറെയും ലോകവീക്ഷണത്തി ൻറെയും ഒക്കെ ചുക്കാൻ പിടിച്ചിരുന്ന ഒരു തത്വ ചിന്തകൻ തന്നെ യായിരുന്നു .

ov vijayan

ഒരു രംഗത്ത് ചുവടുറപ്പിക്കുമ്പോൾ ആ രംഗത്ത് പയറ്റി തെളിഞ്ഞവരുടെ, നല്ല പേരുള്ളവരുടെ ലാളന, ശിഷ്യത്വം എന്നിവ ലഭിക്കുക എന്നത് ഏതൊരു പ്രൊഫെഷണലിനെയും ഭാഗ്യവാനാക്കുന്നു. മേൽ പറഞ്ഞ മൂന്നു പേരുടെയും ലാളനയിൽ എഴുത്തു, കലകൾ, രാഷ്ട്രീയം. ചിന്ത, ലോകവീക്ഷണം എന്നിവയെപ്പറ്റി ഒരു നല്ല അവബോധം എൻറെതായ രീതിയിൽ നിർമ്മിച്ചെടുക്കാൻ കഴിഞ്ഞു എന്ന് തന്നെയാണ് എൻറെ വിശ്വാസം. അതുകൊണ്ട് തന്നെയാണ് മാഷിനും സക്കറിയക്കും ഇടയിൽ വാസ്തവികതയുടെ ഒരു പാലമിടാൻ ധൈര്യപ്പെടുന്നതും. .

1996 ജൂൺ പതിനേഴിലെ ഇന്ത്യൻ എക്സ്പ്ര സ്സിൻറെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച ഹിന്ദുത്വയും ഡയലറ്റിക്‌സും എന്ന ലേഖനം അദ്ദേഹത്തെ അടുത്തറിയാവുന്ന ഞങ്ങളെ ആകമാനം വേദനിപ്പിച്ചു, അത്ഭുതപ്പെടുത്തി. കാരണം എകെജി, കാർട്ടൂണിസ്റ് ശങ്കർ എന്നിവരാൽ പരിപോഷിപ്പിക്കപ്പെട്ടു വളർന്നു പന്തലിച്ച ഒരുമഹാമേരുവിനു പി. പരമേശ്വരൻ പ്രതിനിധീകരിക്കുന്ന ഒരു കൂപ മണ്ഡൂക ഹിന്ദുത്വയിൽ എത്തിപ്പെടാൻ കഴിയുകയില്ല എന്ന വിശ്വാസം തന്നെ. അത്ഭുതത്തിനു കാരണം. നെഹ്‌റു പ്രതിനിധീകരിച്ച, എ കെ ജി, കാർട്ടൂണിസ്റ് ശങ്കർ എന്നിവർ വരച്ചു കാട്ടിയ ഇന്ത്യയുടെ ബൗദ്ധിക സമൂഹത്തിൽ പെട്ട ഒരാൾക്ക് എങ്ങനെ ഹിന്ദുത്വയുടെ ഇടുങ്ങിയ ഇടനാഴിയിൽ എത്താൻ കഴിയും എന്നതു തന്നെ. എകെജിയുടെ പേര് ഇവിടെ എടുക്കുന്നതിനു കാരണം, മാഷ് തന്നെ, താൻ ഡൽഹിയിൽ എത്തിച്ചേരുവാൻ കാരണം എകെജിയാണെന്നു ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞിരുന്നു എന്നതാണ് .

എന്തായിരുന്നു ആ ലേഖനം? അതിലെ ചില പ്രസക്ത ഭാഗങ്ങൾ ഇവിടെ തർജമ ചെയ്യുമ്പോൾ. ആ ലേഖനം എന്ത് കൊണ്ട് ഇന്ന് , മറ്റാരേക്കാളും പദ്മഭൂഷൺ പരമേശ്വർജിയെ ഒരാസ്വാദനം എഴുതുന്നതിലേക്കു നയിച്ചു എന്ന് മനസ്സിലാക്കാവുന്നതാണ്. മാഷിൻറെ ലേഖനത്തേക്കാൾ ഇന്ന് സക്കറിയയുടെ പ്രസംഗത്തിൻറെ വെളിച്ചത്തിൽ പരമേശ്വർജിയുടെ ജൂലൈ 3 ലെ എക്സ്പ്രസ്സിൽ എഴുതിയ ആസ്വാദനം കൂടുതൽ കാലികപ്രസക്തി നേടുന്നു.ആ ‘ആസ്വാദന’ത്തിൽ നിന്നു തന്നെയാണ് സക്കറിയയുടെയും എഴുത്തുകാരൻ മാധവൻറെയും മാഷിനെ കുറിച്ചുള്ള സന്താപം അസ്ഥാനത്തല്ല എന്ന് സാമാന്യ ബുദ്ധി നഷ്ടപ്പെട്ടില്ലാത്ത ഏവർക്കും മനസ്സിലാവുന്നത് .

“ഹിന്ദു എന്നതും ഹിന്ദുത്വ എന്നതും സമാധാനത്തിൻറെ പരിസരത്തിൽ നിന്ന് പറിച്ചെടുത്തു ഒരു യുദ്ധകാഹളമാക്കി മാറ്റിയെടുത്തിരിക്കുന്നു. ഇവിടെ ഒരു നല്ല ഹാസ്യ കഥ ഉരുത്തിരിയുന്നു. നാം, മണ്ഡൽ കമ്മീഷനിലെ റിസർവേഷൻ പോലെ മതം മാറി മുസ്ലിം സമുദായത്തിൽ നിന്നു വരുന്നവർക്ക്, ജാതിപരമായ ചില ആനുകൂല്യങ്ങൾ കൊടുക്കുവാൻ ഹിന്ദു രാഷ്ട്രീയക്കാർക്ക് അനുമതി കൊടുക്കേണ്ട സമയം അമാന്തിച്ചിരിക്കുന്നു. മതം മാറി വരുന്നവനെ എവിടെ പ്രതിഷ്ഠിക്കും? അവൻ തീർച്ചയായും ഒരു ബ്രാഹ്മണൻ ആവാൻ ആഗ്രഹിക്കും. ന്യുന പക്ഷ ആനുകൂല്യങ്ങൾ മിക്കവയും ഈ മതം മാറ്റത്തിൻറെ അവസാന ഘട്ടം വരെ സൂക്ഷിക്കുവാൻ അവൻ ആഗ്രഹിക്കും. കൂടെ വ്യക്തി നിയമങ്ങളുടെ വിശേഷപ്പെട്ട ചില ഭാഗങ്ങളും. പിന്നീട് സതി പോലുള്ള ആചാരങ്ങളും…. ഇത് കൊണ്ടുചെന്നെത്തിക്കുക, ഇന്നത്തെ വ്യവസ്ഥാപിത ഹിന്ദു സമൂഹത്തെ, മണ്ഡൽ പോലെ ഒരു തിരിച്ചു പോക്കിലായിരിക്കും. അതും ഭ്രാന്തമായ ഒരു തല തിരച്ചിലിൽ. മാംസഭക്ഷണം എന്ന ചെറിയ പ്രശ്നത്തെ ബലിമൃഗങ്ങളുടെ കറികളുടെ മണം പങ്കു വെച്ച് തീർക്കാവുന്നതാണ്. ഈ നിർദേശം അതിന്റെ എല്ലാ ഗൗരവത്തോടെയും ആണ് ഞാൻ നടത്തുന്നത് എല്ലാ മതവ്യതിയാനങ്ങളുടെ ഗൗരവമായ എല്ലാ വ്യത്യാസങ്ങൾ പോലെ തന്നെ.  ഹിന്ദുത്വയെ ആണയിടുന്ന ഒരു പാർട്ടി ഇത്തരമൊരു മുന്നേറ്റത്തിന് തയ്യാറാകുമെന്ന് തോന്നുന്നില്ല. മാത്രമല്ല ഇത്തരമൊരു മുന്നേറ്റം ഉണ്ടായാൽ ഇത്തരം ഹിന്ദുത്വ സഹിക്കാനാവാതെ ബഹുമാനപ്പെട്ട അദ്വാനിജി സിന്ധിലേക്കു (പാകിസ്ഥാൻ) രക്ഷപ്പെടുവാനും സാധ്യതയുണ്ട്.”

തൻറെ ഹിന്ദുത്വ സങ്കല്പവും രാഷ്ട്രീയവൽക്കരിച്ച ഹിന്ദുത്വയുമായി ഒരു വേലികെട്ടി വെച്ചിട്ടാണ് മാഷ് പോയിരിക്കുന്നത്
“ഈ എഴുത്തുകാരൻ ഒന്ന് വ്യക്തമാക്കട്ടെ; കാവി മുന്നേറ്റമോ ഹിന്ദു മുദ്രാവാക്യങ്ങളോ രാജ്യ വിഭജനമായോ കുലങ്ങൾ തമ്മിലുള്ള യുദ്ധവുമായോ ഒരുബന്ധവുമില്ല . എന്നാൽ വിഭജനമോ അഖണ്ഡഭാരത വാദമോ ഒരു വൃത്തികെട്ട രാഷ്ട്രീയ വിഷയവുമല്ല ഇവ അങ്ങനെതന്നെ ഇരിക്കും. ഒരു മൃദു കാവി സംസ്കാരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ രാഷ്ട്രീയ ഐഡിയോളജിയുടെ ഭാരമില്ലാതെ നടക്കേണ്ടതാണ് “

vkc1

“നാം ഓർക്കേണ്ടതാണ്; നാം ഹിന്ദുത്വക്കു അയിത്തം കൽപ്പിക്കുമ്പോഴും അതിനെ അധികാരത്തിലേക്കുള്ള കുറുക്കു വഴി ആക്കുമ്പോഴും ഒരു രാഷ്ട്രീയത്തിൻറെ മഹത്തരമായ സാധ്യതയെയാണ് തള്ളിക്കളയുന്നത്. നമ്മൾ മതേതര രാഷ്ട്രീയം തുടരണം. മതപരമായ കടുംപിടുത്തതിൻറെ വൃത്തികെട്ട രാഷ്ട്രീയം ഒരിക്കലും അനുവദിച്ചുകൂടാ. പക്ഷെ ഭാരതത്തിൻറെ വലിയ സമ്പത്തായ പ്രണവയും ( cycle of life ) ബ്രാഹ്മണിക്കൽ ധ്യാനവും നമുക്ക് വീണ്ടും കണ്ടെത്തേണ്ടിയിരിക്കുന്നു. ഹിന്ദുത്വ ശരിയാണ്. അത് തത്വ ചിന്തയിൽ കടും പിടുത്തമില്ലാത്ത മാർക്സിസം പോലെ അന്തമില്ലാത്ത ചോദ്യം ചെയ്യലിൻറെ തത്വശാസ്ത്രമായി ഹിന്ദുത്വയെ അംഗീകരിക്കാം (യെസ്…. )”… തൻറെ സ്വത സിദ്ധമായ കറുത്ത ഹാസ്യത്തിലൂടെ മാഷ് തൻറെ ഹിന്ദു ദർശന ലേഖനം ഇങ്ങനെ അവസാനിപ്പിച്ചു .

തൻറെ മനസ്സിൽ അടിത്തറയായ മാർക്സിസത്തെയും ഹിന്ദുത്വയേയും മാഷ് ചോദ്യം ചെയ്യലിൻറെ ഡൈലറ്റിക്സിൽ കൊണ്ട് പ്രതിഷ്ഠിച്ചിരിക്കുന്നു.

ഹിന്ദുത്വയിൽ ആ ചോദ്യം ചെയ്യൽ ഇല്ല എന്ന് ഈ ലേഖനത്തിന്റെ ആസ്വാദനമായി പി പരമേശ്വരൻ എന്ന പരമേശ്വർജി, 1996 ജൂലൈ 3 ലെ ഇന്ത്യൻ എക്സ് പ്ര സ്സിൽ തന്നെ പ്രസിദ്ധീകരിച്ച ” ഓ വി വിജയനൊരു മറുപടി “എന്ന ലേഖനത്തിൽ വ്യക്തമാക്കുന്നു. “ഹിന്ദുത്വയുടെ ഡൈലറ്റിക്സ് എന്നത് വളരെ ഭാവപരമാണ്. പക്ഷെ പ്രസക്തവും. ഡൈലറ്റിക്സ്എന്ന് പറയുന്നത് തന്നെ ഹിന്ദുത്വയുടെ കാര്യത്തിൽ ഒരിക്കലും ചേരുന്നതല്ല. ഡൈലറ്റിക്സ് – ചോദ്യങ്ങളിലൂടെ സത്യത്തിൽ എത്തുന്ന പ്രക്രിയ )-എന്നത് തന്നെ ഒരു ഹെഗലിയൻ തത്വമാണ് (മാർക്സ് അതിനെ തലതിരിച്ചു നിർത്തി )”

parameswarji p

പക്ഷെ ഈ അടിസ്ഥാന വിയോജിപ്പുകൾ ഉണ്ടെങ്കിലും പരമേശ്വർജി വിജയൻറെ ലേഖനത്തിൽ അത്യന്തം പുളകിതനായി എന്ന് കാണാം. കാരണം അദ്ദേഹത്തിൻറെ വാക്കുകളിൽ തന്നെ ആകട്ടെ .” മാർക്സിയൻഡൈലറ്റിക്സിൽ നിന്ന് ഹിന്ദുത്വയുടെ “ഡയാലിസ്റിസി”ലേക്കു അദ്ദേഹം ഒരു പതിറ്റാണ്ടായി സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിൻറെ രചനകൾ പിന്തുടർന്നവർക്കറിയാം ഈ സഞ്ചാരം എത്രമാത്രം ദുഷ്കരവും വേദനാജനകവും ആണ് എന്ന് . പക്ഷെ ഈ സഞ്ചാരത്തിൻറെ നല്ല സൃഷ്ടി അതിനെയൊക്കെ (വേദനകളെ )മഹത്വവൽക്കരിക്കുന്നു “.

ഇത് മാഷിനെ പ്പോലെ ഉള്ള ഒരാൾക്ക് ആർ എസ് എസ് ആചാര്യനിൽ നിന്ന് ലഭിക്കുക എന്നത് തന്നെ അദ്ദേഹത്തെ അറിയുന്നവർക്ക് വേദനാജനകമാണ്
കാരണം മാഷ് മഹത്വവൽക്കരിച്ച’ സത്യത്തിനു വേണ്ടിയുള്ള ചോദ്യം ചെയ്യലിനെ, തുറന്ന മനസ്സിൻറെ തത്വശാസ്ത്രത്തെ, ഇടുങ്ങിയ മനസ്സുള്ള ഹിന്ദുത്വ ആചാര്യൻ കണ്ടത് ‘അവരുടെ രീതിയിൽ തന്നെയാണ്. മാഷിനെപോലെയുള്ള ഒരാൾ തങ്ങളെ ഗൗരവമായി എടുത്തു ഒരു ലേഖനം ഏഴുതുക എന്നത് അവർക്കു ആ കാലഘട്ടത്തിൽ ചിന്തിക്കുവാൻ പോലും കഴിയാത്തതായിരുന്നു. കാരണം സാധാരണ ബൗദ്ധിക മേഖലക്ക് വെളിയിലായിരുന്നു അവരുടെ സ്ഥാനം; അന്നും ഇന്നും. പരമേശ്വർജിയുടെ ഈ ആസ്വാദനമാണ് സക്കറിയയെയും കഥാകൃത്ത് മാധവനെയും പോലെ അദ്ദേഹത്തെ അടുത്തറിയുന്ന പലരെയും വ്യാകുലപ്പെടുത്തുന്നത്. മാഷിൻറെ തന്നെ പല നോവലുകളുടെയും കൈയെഴുത്തു പ്രതി വായിച്ചു അഭിപ്രായം പറഞ്ഞിരുന്ന സിംഗപ്പുർ ഗോപനും ഈ വ്യാകുലപ്പെടുന്നവരുടെ കൂട്ടത്തിൽ ഉണ്ട്. ഗുരുസാഗരം കയ്യെഴുത്തു പ്രതി വായിച്ചു ഈ ഗോപൻ പരമേശ്വർജി പറഞ്ഞ മാറ്റത്തിൻറെ കാര്യം സൂചിപ്പിച്ചുവത്രെ. ഖസാഖ് ആദ്യം വായിച്ചു അത് ഒരു ലോകോത്തര നോവൽ എന്ന് ആദ്യം വിശേഷിപ്പിച്ച ഗോപനു മാഷിൻറെ മറുപടി സന്തോഷകരമായി തോന്നിയിരുന്നില്ല. തിരുവനന്തപുരത്തു തൻറെ എഴുപതുകൾ ജീവിച്ചു തീർക്കുന്ന ഗോപൻ അതൊട്ടു പൊതു സമൂഹത്തിൻറെ മുൻപിൽ വെക്കാനും തയ്യാറല്ല. സക്കറിയേക്കാളേറെ, ഇടക്കിടെ സിംഗപ്പൂരിൽ നിന്ന് ഡൽഹിയിൽ വരാറുണ്ടായിരുന്നു ഗോപൻ, മാഷിൻറെ മനസ്സാക്ഷി സൂക്ഷിപ്പുകാരിൽ പ്രമുഖനായിരുന്നുതാനും. മാഷിൻറെ ചുറ്റുമുള്ള എല്ലാവർക്കും പരമേശ്വർജി പറഞ്ഞ ഈ ‘യാത്ര’ പിടികിട്ടിയിരുന്നു എന്ന് ചുരുക്കം. പക്ഷെ തൊണ്ണൂറുകളിൽ പാർക്കിൻസൺ എന്ന മഹാരോഗത്തിനു അടിമയായ അദ്ദേഹത്തെ വേദനിപ്പിക്കാൻ ആരും തയ്യാറായില്ല എന്നതും മറ്റൊരു വസ്തുത. അദ്ദേഹത്തിൻറെ ചുറ്റുമുള്ളവരുടെ ഒരു’രഹസ്യ’മായിരുന്നു ഈ ‘യാത്ര’യുടെ വർത്തമാനം .

zacc

ഈ വേദനാജനകമായ സത്യമാണ് സക്കറിയയുടെ വാക്കുകളിൽ പ്രതിഫലിച്ചു കണ്ടത്.വളരെ വികലമാണെങ്കിലും മാഷ് ഹിന്ദുത്വയിലും മാർക്സിസത്തിൻറെ ഡൈലറ്റിക്സ്‌ കണ്ടു തുടങ്ങിയിരുന്നു. പരമേശ്വർജി അതിനെ കളിയാക്കുന്നു എങ്കിലും അദ്ദേഹം, ‘സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ ‘എന്ന മട്ടിലാണ് തൻറെ ആസ്വാദനം എഴുതിയത്

…’.ഹിന്ദുത്വയുടെ എതിരാളികളും വിജയനും തമ്മിൽ ഒരു സാമ്യവും ഇല്ല. കാരണം അദ്ദേഹം യഥാർത്ഥ ഹിന്ദുത്വയെയും കാവി എതിർപ്പിനെയും രാഷ്ട്രീയ വടംവലിയെയും വേർതിരിച്ചു കണ്ടിരുന്നു…..

ഒരു ധൈര്യശാലിയായ എഴുത്തുകാരനേ, ഈ കാലഘട്ടത്തിൽ ബ്രാഹ്മണിസം ഇന്ത്യ-ഗംഗ ആത്മീയതയുടെ മഹത്തായ മുന്നേറ്റമെന്നു പറയാൻ കഴിയു…….

വിജയൻ പടിഞ്ഞാറൻ സംസ്കാരത്തിൽ നിന്ന് ഇറക്കുമതി ചെയ്ത ‘ വഴുവഴുത്ത ‘ മതേതരത്വം മുഴുവനായും തിരസ്കരിക്കുന്നു……

ഹിന്ദു മതത്തിൻറെ മുന്നേറ്റത്തെ തടയുവാനോ എതിർക്കുവാനോ കഴിയാത്ത മതേതര ബുദ്ധി ജീവികൾ ആണ് ഹിന്ദുത്വക്കു രണ്ട് മുഖങ്ങൾ ഉണ്ടെന്നും, ഒന്ന് പിന്തിരിപ്പനും യാഥാസ്ഥിതികതയുടേതും മറ്റത് പുരോഗമന ലോകവീക്ഷണത്തിൻറെ തും ആണെന്നും പറയുന്നത്. വിജയൻ അവരുടെ (രണ്ടാമത്തെ) കെണിയിൽ പെട്ടിരിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു……..’

പരമേശ്വർജി ലേഖനത്തിൻറെ ഉപസംഹാരമായി തൻറെ അവസാനവിധി മാഷിനെപ്പറ്റി എഴുതി..
അതായതു അദ്ദേഹം മാർക്സിയൻ ക്യാമ്പ് വിട്ടു എന്നും എന്നാൽ മുഴുവനായി ഹിന്ദുത്വയുടെ ക്യാമ്പിൽ എത്തിയില്ല എന്നും. അത് തന്നെയല്ലേ മൃദു ഹിന്ദുത്വം എന്ന് സക്കറിയയും മറ്റുള്ളവരും പറയുന്നത്.

vkc 2

ഈ രണ്ട് ലേഖനങ്ങളും വായിച്ചു നെറ്റി ചുളിച്ച ഞങ്ങൾക്കാർക്കും സക്കറിയയുടെ പ്രസംഗം ഒരിക്കലും അസ്ഥാനത്താണെന്ന് തോന്നിയില്ല .ശരിയാണ്, ഈലേഖനങ്ങൾ വായിക്കാത്തവർക്കു അത് ഒരത്ഭുതമാണ് താനും.

ഇംഗ്ലീഷ് വായനയുള്ള മലയാളികൾ ക്കായി ഈ രണ്ട് ലേഖനങ്ങളും ഹിന്ദു വിവേക കേന്ദ്രത്തിൻറെ വെബ് സൈറ്റിലുള്ളതിൻറെ ലിങ്ക് ഇവിടെ കൊടുക്കട്ടെ

http://www.hvk.org/1996/0796/0019.html

http://www.hvk.org/1996/0796/0019.html

Comments
Print Friendly, PDF & Email

മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍.ഫിനാൻഷ്യൽ എക്സ്പ്രസ്സ്, ഹിന്ദു ബിസിനസ് ലൈൻ, മാതൃഭൂമി എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സ്ഥിരതാമസം. ഏതാനും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

You may also like