പൂമുഖം LITERATUREകഥ ദേശീയ ഗാനം

ദേശീയ ഗാനം

 

ത്തരേന്ത്യക്കാരെ മുഴുവൻ ബംഗാളി എന്ന് പറയുന്നതാണ് ഇപ്പോൾ നമ്മുടെ ഒരു രീതി .അവരുടെ കണ്ണിൽ ദക്ഷിണേന്ത്യക്കാർ മുഴുവൻ മദ്രാസികളും . ഇന്നലെ ഗഫൂർക്ക പോയ ഹോട്ടലിലും ഉണ്ടായിരുന്നു ഒരു ബംഗാളിപ്പയ്യൻ .ഇവൻ പക്ഷെ ഒറിജിനൽ ബംഗാളി തന്നെയായിരുന്നു .

“അരെ ഭായ്…. കഴിക്കാനെന്തൊക്കെയാണ് വിഭവങ്ങൾ ഉള്ളത് ?” കയിക്കാനെന്താണ്ടാ എന്ന് സാധാരണ ചോദിക്കാറുള്ള ഗഫൂർക്ക ഈ അന്യസംസ്ഥാനക്കാരന്റെ മുന്നിൽ ഒരു ഭാഷാ വിദഗ്ദ്ധനെപ്പോലെ പെരുമാറേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല
“സാബ് …മോസല്ല ദോസ ”

“ഇബ്ടുത്തെ ദോശ മോശല്ലന്നു നമ്മക്കറി യാം . അത് നീ ഞമ്മളെ പഠിപ്പിക്കണ്ട “ഗഫൂർക്ക സ്വന്തം ഭാഷയിലേക്ക് തിരിച്ചു വന്നു

“നഹി സാബ് ” അവൻ ആദ്യം പറഞ്ഞത് തന്നെ അംഗ ചലനങ്ങൾ ക്കൊപ്പം ആവർ ത്തിച്ചു

“ഓ . . മസാല ദോശ. ഹ ഹ എന്താ നിന്റെ പേര് ”
“റൊബി ”
“ആഹാ .. രവി അല്ലെ ?”
ബംഗാളികൾ അകാരത്തിന് പകരം ഒ കാരവും ‘വ ‘എന്നുപറയുന്നിടത് ‘ബ ‘എന്നുമാണ് പറയാറുള്ളത് എന്ന് ഗഫൂർക്കായ്ക്കു പണ്ടേ അറിയാവുന്ന കാര്യമായിരുന്നു .അതിനാൽ ബംഗാളിയായ സുന്ദരി ബിബാഷാ ബസുവിന്റെ ശരിക്കുമുള്ള പേര് വിവാസാ വാസു എന്നാണെന്ന് ഗഫൂർക്ക എപ്പോഴും പലരോടും തർക്കിക്കാറുണ്ടായിരുന്നു .

‘ ബേറെ എന്തൊക്കെയാ കയിക്കാനുള്ളത് “?

ഇവിടെ പക്ഷെ ഗഫൂർക്കയും വ എന്നതിന് പകരം ബ എന്നാണു ഉപയോഗിച്ചതെന്ന് അദ്ദേഹംപോലും അറിഞ്ഞിരുന്നില്ല …
“സാബ് .. കരിമീൻ പൊള്ളി ചത്തു ” അവൻ പറഞ്ഞു

“അയ്യോ കഷ്ടായിപ്പോയല്ലോ മോനെ ,ബന്ധുക്കളെയൊക്കെ വിവരമറിയിച്ചോ .എപ്പോഴാ ഖബറടക്കം ”

മിഴിച്ചു നില്ക്കുന്ന പയ്യനെ നോക്കി ഗഫൂർക്ക അലറി .”എടാ പൊള്ളി ചത്തു അല്ല. പൊള്ളിച്ചത് എന്നാണ് പറയണ്ടത് . ബാസ സെരിക്കും പറയാൻ കയ്യാത്ത നീയൊന്നും ഈ ഹോട്ടലിൽ നിന്നാൽ സരിയാവൂല്ല …നെന്റെ മൊയലാളി നെ ഇപ്പ തന്നെ കാണട്ടെ ഞാൻ .. ”

ദേഷ്യത്തോടെ എഴുന്നേറ്റുപോയ ഗഫൂർക്ക അഞ്ചു മിനിട്ട് കഴിഞ്ഞപ്പോ ശാന്തനായി തിരിച്ചു വന്നു .
“അല്ലെങ്കി വേണ്ട .. പാവം ”
“എന്താ കാര്യം ഇക്കാ ” അടുത്തിരുന്ന കൃഷ്ണേട്ടൻ ചോദിച്ചു

“നീ അത് കേട്ടാ ?” ഇക്കാ പുറത്തേക്കു വിരൽ ചൂണ്ടി

റോഡിന്റെ മറുവശത്തുള്ള സ്കൂളിൽ നിന്നും ജനഗണമന കേൾക്കു ന്നുണ്ടായിരുന്നു .
“മ്മടെ ദേശീയ ഗാനം ഓന്റെ ബാസയിൽ ഉള്ളതാ . എത്രയോ കാലായിട്ട് നമ്മൾ അത് പാടുന്നു .. “രാവിലെ ഉച്ചലെ വങ്കാ” എന്നൊക്കെ തെറ്റിച്ചു പാടിയിട്ടല്ലേ മോനേ നീയും ഞാനുമൊക്കെ ഇബ്ടവരെയെത്തിയത് ..എന്നിട്ട് ഓനെ നമ്മൾ ബാസെന്റെ കാര്യത്തില് കുറ്റം പറയുന്നത് ശരിയാണോ ..”

ആരാധനയോടെ ഇക്കയെ നോക്കിയിരിക്കുന്ന കൃഷ്ണേട്ടനോട് കണ്ണിറുക്കി കാണിച്ചുകൊണ്ട് ഇക്ക അപ്പോൾ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു …

“മോനെ റോബി .. പൊള്ളിച്ചത്ത കരിമീൻ രണ്ടു പ്ലേറ്റ് … ”
– .——–

Comments
Print Friendly, PDF & Email

You may also like