പൂമുഖം ഓർമ്മ വീണ്ടുമൊരു കാർഗിൽ വിജയ് ദിവസ്

വീണ്ടുമൊരു കാർഗിൽ വിജയ് ദിവസ്

1999 ജൂലൈ 26
ഏങ്ങനെ മറക്കാനാവും ? ഇതുപോലെ ഒരു പ്രഭാതത്തിലാണ് കമാൻഡിങ് ഓഫീസർ അറിയിച്ചത് . Our operation is successfully completed. We are moving back to Unit tomorrow.
പഞ്ചാബിൽ രണ്ട്‌ മാസത്തിലേറെയായി ജാഗ്രതയോടെ എന്തിനും സന്നദ്ധരായ യൂണിറ്റംഗങ്ങൾ അത് ആദ്യം അവിശ്വാസത്തോടെ കേട്ടു. പിന്നീട് ആശ്വാസമായും.  അഭിമാന നിമിഷമായി ഞങ്ങള്‍ക്ക് അത് . ആരോ ലഡ്ഡു കൊണ്ടു വന്നു. പലരുടെയും കുടുംബങ്ങൾ യൂണിറ്റിൽ കാത്തിരിയ്ക്കുന്നു. അവിവാഹിതരായ ഞങ്ങൾക്ക് ഈ ഡിപ്ലോയ്‌മെന്‍റും പതിവ് ചര്യയായി മാറിയിരുന്നു. ഏത് സാഹചര്യത്തിലും സമരസപ്പെടാനുള്ള ഒരു കരുത്ത് എല്ലാവര്‍ക്കും  കൈവന്നിരുന്നു.

കേരളീയ സമൂഹത്തിൽ സാധാരണ പട്ടാളക്കാർ എന്നൊരു വംശം ഉണ്ടെന്ന് അറിയിച്ച സമയം കൂടിയായിരുന്നു.അത്. പഞ്ചാബിലോ രാജസ്ഥാനിലോ പട്ടാളക്കാർക്ക് ലഭിക്കുന്ന ബഹുമാനം മുമ്പൊരിക്കലും കേരളത്തിൽ ഉണ്ടായിരുന്നില്ല.

രണ്ട്‌ മാസം മറ്റൊന്നും മനസ്സിൽ ഇല്ലായിരുന്നു. നുഴഞ്ഞുകയറ്റക്കാരെ തുരത്തിയോടിക്കുന്ന ധീരരായ ആർമിയ്‌ക്ക്‌ പിന്തുണയായി യുദ്ധ വിമാനങ്ങൾക്കും അവ തയ്യാറെടുക്കുന്ന റൺവേയ്ക്കുമുള്ള സംരക്ഷണം  മാത്രം യുക്തിയിൽ. ഇത് ഏറ്റവും മനോഹരമായ മുഹൂർത്തങ്ങളിൽ ഒന്നായി മാറി.
ഒന്നാം വർഷ ഡിഗ്രിയ്ക്ക് നെഹ്‌റു കോളേജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് വ്യോമസേനയിൽ ചേരാനുള്ള ഉത്തരവ് ലഭിയ്ക്കുന്നത്. ചെറുപ്പത്തിലേ ജോലി കിട്ടുന്നത് നല്ലതാണെന്നു വീട്ടുകാരും നാട്ടുകാരും പറഞ്ഞപ്പോൾ ഞാനും മനസ്സില്ലാമനസ്സോടെ കൊച്ചിയിൽ എത്തി.
അവിടെ നിന്നും ഞങ്ങൾ ഇരുപത് പേർ ഐലൻഡ് എക്സ്പ്രസ്സില്‍  ബാംഗ്ലൂരേക്ക് വണ്ടി കയറി. 1990 ഫെബ്രുവരി 1

നീണ്ട ട്രെയിനിങ് പീരിയഡ്, കടുത്ത ഗൃഹാതുരതയിൽ  കഴിച്ചു കൂട്ടി. ആഴ്ചയിൽ എത്തുന്ന അമ്മയുടെയും കൂട്ടുകാരുടെയും കത്തുകളിൽ  നാടിനെയറിഞ്ഞു. ’91മെയ് മാസത്തിൽ ബാംഗ്ലൂർ വിട്ടു. പിന്നീട് ട്രെയിനിങ് ബറോഡയിലായിരുന്നു. 92 ആഗസ്തിൽ ഗ്വാളിയാറില്‍ ആദ്യ പോസ്റ്റിങ്ങ്‌.
ഉത്തരേന്ത്യയുടെ കടുംചൂടും തണുപ്പും. ആറു വർഷം ഗ്വാളിയാറിൽ. മിസൈൽ സിസ്റ്റത്തിലായിരുന്നു  ജോലി. ഉത്തരേന്ത്യൻ സൗഹൃദവും മലയാളികളുടെ കൂടെ ഓണവും ക്രിസ്മസും ഫുട്‍ബോളുമൊക്കെയായി ഞാൻ എയർഫോഴ്സിൽ പൊരുത്തപ്പെട്ടു പിന്നീട് പഞ്ചാബിലെ ചണ്ഡീഗഡിൽ അഞ്ച് വർഷം
കാർഗിൽ യുദ്ധം അപ്പോഴാണ് വരുന്നത്.
നിരവധി ഓപ്പറേഷനുകള്‍  വിജയകരമായി പൂർത്തിയാക്കി. അതിർത്തിയായ സാമ്പയിലും ഇടയ്ക്ക് പോയി
ഒടുവിൽ 2003ൽ ഭൂകമ്പത്തിന്‍റെ മുറിവുകൾ ഉണങ്ങാത്ത ഭുജിൽ. എന്‍റെ അഞ്ചോളം   സുഹൃത്തുക്കൾ 2001ൽ നടന്ന ഭൂകമ്പത്തിൽ മരിച്ചിരുന്നു.
2005 ഡിസംബറിൽ യൂണിഫോം ഊരിവെച്ചു.

ഏത് സാഹചര്യത്തിലും ജീവിക്കാനും ആരുമായും ഒത്തുപോകാനും ജാതി, മത പ്രദേശ വകതിരിവുകൾ ഇല്ലാതെ സാഹോദര്യം മാത്രമാണ് ഏറ്റവും വിലപിടിപ്പുള്ളത് എന്ന തിരിച്ചറിവ് നേടാനും പഠിച്ച കാലം . ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി, മറാത്തി, തെലുഗ്, ഭോജ്പൂരി, പഞ്ചാബി എല്ലാം കേട്ടും പറഞ്ഞും നടന്ന കാലം .
മനസ്സ് തുറന്നപ്പോൾ ഓർമകളുടെ കർക്കിടക വർഷം .
വാർത്താ മാധ്യമങ്ങൾ കാർഗിൽ ഏറ്റെടുത്ത സമയം. ഇദംപ്രഥമമായി ദൃശ്യമാധ്യമങ്ങൾ യുദ്ധം റിപ്പോർട്ട് ചെയ്തു. സ്റ്റാർ ന്യൂസും സി ടിവിയും സജീവം. ഫൈറ്റർ പൈലറ്റ് നചികേത വാർത്തകളിൽ നിറഞ്ഞു നിന്നു.നിതാന്ത  ജാഗ്രതയോടെ അജ്ഞാത ശത്രുക്കളെ തുരത്താനുള്ള ഉത്സാഹം. മറ്റൊന്നും മനസ്സിൽ കടന്നുവന്നതേയില്ല. സഹപ്രവർത്തകർ എന്നും കൂടെയുള്ളത് കൊണ്ട് നിറഞ്ഞ സൗഹൃദം. ഇന്ത്യയുടെ പരിച്ഛേദം ഒരു ചെറിയ യൂണിറ്റായി, ക്ഷീണമില്ലാതെ യത്നിച്ചു.
ആ ജയത്തിന്‍റെ മധുരത്തിന് 19 വയസ്സായി .

Comments
Print Friendly, PDF & Email

ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

You may also like