പൂമുഖം നിരീക്ഷണം നഷ്ടമാകുന്ന ലിബറല്‍ ഇടങ്ങള്‍

നഷ്ടമാകുന്ന ലിബറല്‍ ഇടങ്ങള്‍

മുരളി മീങ്ങോത്ത് :-
1.കേരള നവോത്ഥാനം ഒരു തിരിച്ചു പോക്കിന്റെ വക്കിലാണോ ?
2.ഹരീഷിന്റെ നോവലിന്റെ കാര്യത്തിൽ കേരളീയ സമൂഹം കൊടുത്ത പിന്തുണ ഭീഷണിയെ മറികടക്കാൻ പര്യാപ്തമായില്ലേ ?
3.ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ എല്ലാ മത നേതാക്കളും ഒപ്പമാണോ?

സി.ആര്‍.പരമേശ്വരന്‍:-

കേരള നവോത്ഥാനം ഒരു തിരിച്ചു പോക്കിന്റെ വക്കിലാണെന്നല്ല പറയേണ്ടത് ; .മൂന്നുനാല് ദശകങ്ങളായി നാം ഏറെ ദൂരം തിരിച്ചു നടന്നു കഴിഞ്ഞു എന്നാണ് പറയേണ്ടത്.. വൈകുണ്ഠ സ്വാമിയില്‍ നിന്ന് തുടങ്ങി നക്സലൈറ്റ് പ്രസ്ഥാനം വരെയുള്ള ഒന്നര നൂറ്റാണ്ടു കാലത്തേതായിരുന്നു നമ്മുടെ നവോത്ഥാനപ്രസ്ഥാനം.നമുക്ക് അഭിമാനിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് നമ്മുടെ നവോത്ഥാനചരിത്രം .നമുക്കുണ്ടെന്ന് അഭിമാനിക്കുന്ന അധികം സാക്ഷരതയും അധികം വൃത്തിയും അധികം പത്രപാരായണവും അധികം അവകാശബോധവും കേമം സിനിമയും കേമം സാഹിത്യവും ഒക്കെ അതിന്റെ സൃഷ്ടിയാണ്.എണ്‍പതുകള്‍ക്ക് ശേഷം ആ ഉന്മേഷങ്ങള്‍ തിരിച്ചു പോകുകയാണ്.

ഏതാണ്ട് 200 കൊല്ലം മുന്‍പ് ആരംഭിച്ച് 160 കൊല്ലം സജീവമായിരുന്ന ഒരു പ്രക്രിയയെ കുറിച്ച് ഇന്ന് ഗൃഹാതുരരാകുന്നതില്‍ അര്‍ത്ഥമൊന്നുമില്ല . നമുക്ക് ഇന്നു വരെ പരിചയമില്ലാത്ത രാഷ്ട്രീയ ആഖ്യാനങ്ങളിലാണ് ലോകം ഇന്ന് സഞ്ചരിക്കുന്നത്.നാം മുന്‍പ് അജയ്യമെന്ന് കരുതിയിരുന്ന ദേശരാഷ്ട്രങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത ആഗോളമൂലധനവും കയറുപൊട്ടിക്കുന്ന സാങ്കേതിക വിദ്യകളും ഒരു വശത്തു നിന്നും നാനാവിധ സ്വത്വ-ജാതി-മത കുടിപ്പടകളും തീവ്രവാദികളും മറുവശത്ത് നിന്നും ജനതയെ ഞെരുക്കുന്നു.ദേശരാഷ്ട്രങ്ങള്‍ വളര്‍ത്തിയെടുത്ത ഭരണകൂടസ്ഥാപനങ്ങളുടെ മുഖത്ത് നോക്കി വെല്ലുവിളിക്കുന്ന ഈ പുതിയ പ്രാകൃതശക്തികളോട് കിടനില്‍ക്കാനാണ് റൂസ്‌വെല്‍റ്റിനെ പോലെയോ വാലസിനെ പോലെയോ നെഹ്രുവിനെപോലെയോ അച്യുതമേനോനെ പോലെയോ ഉള്ള രാജ്യതന്ത്രജ്ഞരെ ഉപേക്ഷിച്ച് സാമാന്യം ക്രിമിനല്‍ സ്ഫുരണങ്ങള്‍ ഉള്ള ട്രംപിനെയും പുട്ടിനെയും എര്‍ദോഗനെയും മോദിയെയും പിണറായിയെയും ഒക്കെ ജനങ്ങള്‍ അബോധപൂര്‍വം ഭരണമേല്‍പ്പിക്കുന്നത്.നിരായുധരായ ജനങ്ങളുടെ മേല്‍ കുതിര കേറുന്ന ഇത്തരം ഇരട്ടച്ചങ്കന്മാര്‍ ആത്യന്തികമായി മുന്‍പറഞ്ഞ ശക്തികളുടെ വിനീതദാസന്മാരായി തീരുന്ന കാഴ്ചയാണ്,പക്ഷെ, ലോകമെങ്ങും കാണുന്നത്.റാണ ദാസ്‌ഗുപ്ത എന്ന യുവഎഴുത്തുകാരന്‍ പറയുന്നത് പോലെ ഒരൊറ്റ Lawless Gangland ആയിരിക്കുന്നു ലോകം മുഴുവന്‍. ഈ ലോകത്തില്‍ ജനാധിപത്യം, സ്വാതന്ത്ര്യം സോഷ്യലിസം,മതേതരത്വം എന്നിവയൊക്കെ ഫലിതങ്ങളാക്കപ്പെട്ടിരിക്കുന്നു. മുക്കാല്‍ നൂറ്റാണ്ടിന് മുന്‍പ് ജോര്‍ജ് ഓര്‍വലും മറ്റും പരിഹസിച്ചതിലും പ്രവചിച്ചതിലും ഒക്കെ ഭീകരമായ നുണകളിലാണ് നാം ഇന്ന് ജീവിക്കുന്നത്. നിയമവാഴ്ചയില്ലാത്ത ഈ gangland എഴുത്തുകാരന് വലിയ വെല്ലുവിളിയും സാധ്യതയുമാണ് .

s-harish

ഹരീഷിന്റെ നോവലിന്റെ കാര്യത്തിൽ കേരളീയ സമൂഹം കൊടുത്ത പിന്തുണ ഭീഷണിയെ മറികടക്കാന്‍ എന്തുകൊണ്ടാണ് പര്യാപ്തമാകാത്തിരുന്നത്?നല്ല സാഹിത്യരചനകള്‍ sculpting നോടും painting നോടും അടുക്കുവാന്‍ സദാ ഉന്നിക്കൊണ്ടിരിക്കും എന്നാണ് എന്റെ ഒരു വിചാരം.വലിയ സാഹിത്യസിദ്ധാന്തങ്ങള്‍ മന:പാഠമാക്കിയിട്ടുള്ളത് കൊണ്ടല്ല,മറിച്ച് നല്ല രചനകള്‍ പ്രസരിപ്പിക്കുന്ന ഒരു വൈദുതി മുഖാന്തിരമാണ് ഒരു വായനക്കാരനായ ഞാന്‍ അവയെ തിരിച്ചറിയുന്നത്.ആധുനികര്‍ക്കു ശേഷമുള്ള തലമുറയില്‍ ഈ ആലക്തിക വിദ്യ അറിയുന്ന രണ്ടോ മൂന്നോ കഥാകൃത്തുക്കളില്‍ ഒരാളാണ് ഹരീഷ് എന്നാണ് എന്‍റെ വിശ്വാസം .പ്രത്യേകിച്ച് ,കലയില്‍ അത്യന്താപേക്ഷിതമായ ദാര്‍ശനികശേഷി തന്‍റെ പില്‍ക്കാല കഥകളില്‍ അദ്ദേഹം കൈവരിക്കുന്നുണ്ട്‌. എന്നിരുന്നാലും,നോവലിന്റെ ആദ്യ ലക്കം വായിക്കാന്‍ ശ്രമിച്ചപ്പോള്‍,അപ്പോഴത്തെ എന്റെ മനോനില കൊണ്ടാകാം ,വാര്‍ദ്ധക്യത്തില്‍ വര്‍ദ്ധിക്കുന്ന തൊലിക്കട്ടി കൊണ്ടാകാം , ഈ ആലക്തികത ഞാന്‍ അനുഭവിച്ചില്ല .വൈദ്യുതിയുടെ സ്രോതസ്സ് നോവലില്‍ മറ്റെവിടെയെങ്കിലും ആയിരിക്കാം എന്ന് സമാധാനിച്ച് നോവല്‍ പുസ്തകരൂപത്തില്‍ വായിക്കാനായി മാറ്റി വച്ചു.നോവലിലെ വിവാദാസ്പദഭാഗം സൌന്ദര്യാത്മകമായി വീക്ഷിച്ചാല്‍ ഹരീഷില്‍ നിന്ന് പ്രതീക്ഷികാനാകാത്ത വിധം ബാലിശമാണ്. പക്ഷെ അത് ഒരു സൌന്ദര്യാത്മക വിലയിരുത്തല്‍ മാത്രമാണ്. ആ നിസ്സാരഭാഗം ഒരു മതഗ്രൂപ്പിനെ പ്രകോപിപ്പിക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ആ മനുഷ്യര്‍ പത്രം പോലും ശരിയാം വണ്ണം വായിക്കാത്ത പൊള്ളമനുഷ്യര്‍ ആണെന്ന് മാത്രമാണ്.

ഹരീഷിന്‍റെ നോവല്‍ പിന്‍വലിക്കാനുള്ള തീരുമാനം എന്നെ ഞെട്ടിക്കുന്നത് അദ്ദേഹം ആ തീരുമാനമെടുക്കാനിടയായ സാഹചര്യത്തിനോട് ആദരവില്ലാത്തത് കൊണ്ടല്ല. ആത്മാവിഷ്കാരത്തിനും ആശയാവിഷ്കാരത്തിനും ഉള്ള അവകാശത്തിന്റെ കാര്യത്തിലുള്ള എന്‍റെ നിലപാട് ,അത് ഹിംസക്കുള്ള പ്രത്യക്ഷാഹ്വാനമോ തീവ്ര പോര്‍ണോഗ്രഫിയോ അല്ലെങ്കില്‍ , യാതൊരു ഉപാധിയേയും അംഗീകരിക്കാത്തതാണ് .ഞാന്‍ ഒരേ സമയം M.F.ഹുസൈനിന്‍റെയും സല്‍മാന്‍ റുഷ്ദിയുടെയും വെന്‍ഡി ഡോനിഗെറിന്റെയും തസ്ലീമ നസ്രീനിന്റെയും പെരുമാള്‍ മുരുകന്റെയും കസാന്സാക്കിസിന്റെയും സര്‍ഗ്ഗാത്മകാവകാശങ്ങളുടെ ഒപ്പമാണ്. ഈ അപരിമിതസ്വാതന്ത്ര്യത്തിന്റെ വീഥിയില്‍ എത്ര ദൂരം സഞ്ചരിക്കണമെന്നും മുന്‍പ് പറഞ്ഞ Gang land ലെ കടുത്ത ഹിംസയുടെ അന്തരീക്ഷത്തില്‍ ഏതേതു തന്ത്രങ്ങള്‍ ഉപയോഗിച്ച് തന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കണമെന്നും തീരുമാനിക്കേണ്ടത് എഴുത്തുകാരനാണ്‌.ആവിഷ്കാരസ്വാതാന്ത്ര്യത്തിനു വേണ്ടിയുള്ള പൊരുതലുകള്‍ക്ക് ആയിരത്താണ്ടുകളുടെ പഴക്കമുണ്ട്. വളരെ ബാലിശമായ ഒരു കാരണത്തിന്മേല്‍ കെട്ടിപ്പൊക്കിയ ഒരു ആരോപണത്തെ പരിഗണിച്ച് നോവല്‍ പിന്‍വലിച്ചപ്പോള്‍ അസഹിഷ്ണുക്കള്‍ ആജ്ഞാപിച്ച ഇടുങ്ങിയ പരിധിയിലേക്ക് ആശയാവിഷ്കാരതത്വത്തെ ചുരുക്കുകയാണ് എഴുത്തുകാരന്‍ ചെയ്യുന്നത്. നാളെ ഒരു എഴുത്തുകാരനോട് ഈ താഴ്ന്ന ഇടമാണ് ഇനി എന്ന് സ്വാതന്ത്ര്യത്തിന്‍റെ നോര്‍മല്‍ എന്ന് സംഘപരിവാറും ഇസ്ലാമിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും എന്നല്ല സമൂഹത്തിലെ സര്‍വമാന മത-ജാതി-ഭാഷാഗ്രൂപ്പുകളും അടങ്ങുന്ന എല്ലാ തരം അസഹിഷ്ണുക്കളും ശാസിക്കും.പരസ്പരം പോരടിക്കുന്ന ഇവരെല്ലാം ആശയാവിഷ്കാരത്തിന്റെ കാര്യത്തില്‍ ഏകോദരസഹോദരന്മാരാണ്. ഹരീഷിന്റെ കയ്യില്‍ നിന്ന് ഇന്ന് സംഘപരിവാര്‍ വെട്ടിപ്പിടിച്ചെടുത്ത സ്വാതന്ത്ര്യത്തിന്റെ ഇടം മറ്റെല്ലാ ദുരുപദിഷ്ടശക്തികളുടെയും പൊതുസ്വത്താണ്. മത്സരാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവരില്‍ മറ്റൊരാള്‍ നാളെ അസഹിഷ്ണുതയുടെ മേഖല കൂടുതല്‍ വിശാലമാക്കും . മറ്റന്നാള്‍ വേറൊരാള്‍. ഇനി വരുന്ന നാളുകളില്‍ ഒരു എഴുത്തുകാരന് തന്റെ ആത്മവത്തയെ രക്ഷിക്കാന്‍ വല്ലാതെ പാടു പെടേണ്ടി വരും.
നമ്മുടെ മഹത്തായ സാഹിത്യത്തില്‍ പലതും ഇന്ന് ഈ അസഹിഷ്ണുതയുടെ മേഖലയിലാണ് എന്നത് ഓര്‍ക്കുക .എം.ടി.യുടെ ‘നിര്‍മാല്യം’ മാത്രമല്ല,ബഷീറിന്റെയും വിജയന്‍റെയും വി.കെ.എന്നിന്റെയും പല കൃതികളും ഇന്നത്തെ ചുറ്റുപാടിലാണെങ്കില്‍ സാധ്യമാകുമായിരുന്നില്ല. ബഷീറിനെക്കൊണ്ട് ‘അനല്‍ ഹഖി’ന് അവസാനം ക്ഷമാപണക്കുറിപ്പ്‌ എഴുതിപ്പിക്കുന്നതില്‍ വിജയിച്ച യാഥാസ്ഥിതികര്‍ക്ക് കുഞ്ഞിപ്പാത്തുമ്മയെ ബുര്‍ഖ ധരിപ്പിക്കാനും നിസ്സാര്‍ അഹമ്മദിനെ മഹല്ലില്‍ നിന്ന് പുറത്താക്കാനും കഴിയാതിരുന്നത് ഈ ദുര്‍ദ്ദിനങ്ങള്‍ കാണാന്‍ നില്‍ക്കാതെ ബഷീര്‍ മരിച്ചത് കൊണ്ടാണ്. സന്യാസിനിയുമായി അവിഹിതവേഴ്ച നടത്തിയ ,മുസ്ലീംസ്ത്രീകളുമായി പള്ളിയില്‍ വച്ച് പോലും തലങ്ങും വിലങ്ങും ജാരവൃത്തി നടത്തിയ, നായര്‍ യുവാവിനെ സൃഷ്ടിച്ച തീയന്‍ എഴുത്തുകാരനെ ഇന്നാണെങ്കില്‍ ഹിന്ദു ഗര്‍വോ മുസ്ലിം ഈമാനോ കത്തിക്കുമായിരുന്നു.മത-ജാതിപ്പേരുകള്‍ നിരന്തരം ഉപയോഗിച്ച് തന്നെ മത-ജാതീയതയെ അതിവര്ത്തിച്ച ബഷീറിന്റെയും വി.കെ.എന്നിന്റെയും കഥ എന്താകുമായിരുന്നു? ഒരു മാസത്തെ പുറംജോലി കഴിഞ്ഞ് തിരിച്ചെത്തി കിടക്കയില്‍ ‘ദ് എന്താണ്ടി ത്ര ലൂസ് ?’എന്ന് സംശയഗ്രസ്തനായി ചോദിക്കുന്ന മാപ്പിളയെ സൃഷ്ടിച്ച നാണ്വായര്‍ മതദ്രോഹവിചാരണക്ക് വിധേയനായി വിളറി നില്‍ക്കുന്ന ചിത്രം ഒന്ന് സങ്കല്‍പ്പിക്കൂ. മുസ്ലീം വിചാരണ കഴിഞ്ഞാല്‍ ഉടനെ ‘മഞ്ചലും’’കാവി’യും എഴുതിയതിന്‍റെ പേരില്‍ സവര്‍ണ്ണ വിചാരണക്കും ‘ജനറല്‍ ചാത്തന്‍സ് ‘ എഴുതിയതിന് ദളിത വിചാരണക്കും മൊത്തം കൃതികളുടെ പേരില്‍ ഫെമിനിസ്റ്റ് വിചാരണക്കും വി.കെ.എന്‍ .വിധേയനാകേണ്ടി വരുമായിരുന്നു.

vkn
ഇതാണ് അവസ്ഥ. ഈ മൂര്‍ത്തമായ ദുരവസ്ഥയോട് എങ്ങിനെ പ്രതികരിക്കണമെന്ന് തീരുമാനിക്കേണ്ടത് മുന്‍പ് പറഞ്ഞത് പോലെ എഴുത്തുകാരനാണ്‌.ഇത് അയാള്‍ സ്വയം നേരിടേണ്ട തീവ്രമായ അസ്തിത്വപ്രശ്നമാണ്. നിങ്ങള്‍ ‘കേരളീയ സമൂഹം കൊടുത്ത പിന്തുണ’യെ കുറിച്ച് സൂചിപ്പിക്കുന്നു.നാം സാമൂഹ്യമാദ്ധ്യമങ്ങളില്‍ നടത്തുന്ന കീ ബോഡ് കലാപങ്ങളെയോ ജില്ലതലസ്ഥാനങ്ങളില്‍ നടത്തുന്ന ചെറുപ്രതിഷേധങ്ങളെയോ ഒക്കെ മഹത്തായ കാര്യങ്ങളായി കാണുന്നു.ഇതൊക്കെ അസഹിഷ്ണുതാതെമ്മാടികളെ ഭയപ്പെടുത്തുമെന്നാണോ? ഇന്നത്തെ കേരളീയ സമൂഹം ഒരു കപടസമൂഹമാണ്.രാഷ്ട്രീയമായോ മതപരമായോ വൃത്തികെട്ട വിഭാഗീയത പുലര്‍ത്തുന്നവരല്ലാത്തവരുടെ എണ്ണം പരിമിതമാണ് . നമ്മുടെ പൊതുസമൂഹത്തിലും എഴുത്തുകാരുടെ സമൂഹത്തിലും വായനക്കാരുടെ സമൂഹത്തിലും എല്ലാം സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സമഗ്രചിന്ത സൂക്ഷിക്കുന്നവര്‍ കുറവാണ്. ഒരു പക്ഷെ,സ്വാതന്ത്ര്യ ധ്വംസകരേക്കാള്‍ അപകടകാരികള്‍ ആയിട്ടുള്ളത് മനുഷ്യാവകാശപ്രശ്നങ്ങളിലും ആവിഷ്കാരസ്വാതന്ത്ര്യപ്രശ്നങ്ങളിലും തങ്ങളുടെ സങ്കുചിതമായ വിഭാഗീയതക്ക് അനുസൃതമായി വരണനിരാകരണങ്ങള്‍ നടത്തുകയും അവ നിരങ്കുശം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പുകാരാണ്.

ഒരു സമൂഹമെന്നനിലയില്‍ ആര്‍ക്കെങ്കിലുമൊക്കെ അര്‍ഹമായ നീതി നേടിക്കൊടുക്കാനുള്ള കഴിവുണ്ടെന്ന നമ്മുടെ ധാരണ മിഥ്യയാണ് എന്ന് ബോധ്യം വരുത്തുന്ന വിധത്തില്‍ നമ്മുടെ ലിബറല്‍ ഇടങ്ങള്‍ വിവിധ മത-വര്‍ഗ്ഗീയ-രാഷ്ട്രീയ നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ കയ്യേറിക്കഴിഞ്ഞു .നോവല്‍ പിന്‍വലിച്ചപ്പോള്‍ ‘അയ്യോ,ഒരു ലിബറലിടം കൂടി ദുഷ്ടന്മാര്‍ കയ്യേറിയല്ലോ’ എന്ന് ഞെട്ടാന്‍ നമുക്ക് അവകാശമുണ്ടെങ്കിലും ആ തീരുമാനത്തിന്റെ പേരില്‍ ഹരീഷിനെ ഭര്ത്സിക്കാന്‍ നമുക്ക് അവകാശമില്ല. ഹരീഷ് പ്രസിദ്ധീകരിച്ച വിശദീകരണത്തില്‍ gang land സംസ്കാരം കയ്യേറിക്കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതങ്ങളില്‍ നീതിന്യായവ്യവസ്ഥയുടെയും പൊതുസമൂഹത്തിന്റെയും ഷണ്ഡാവസ്ഥയെ കുറിച്ചുള്ള പരോക്ഷമായ സൂചനയുണ്ട്. ആ തിരിച്ചറിവ് അദ്ദേഹം തന്റെ സമകാലികരില്‍ വച്ച് ഏറ്റവും പ്രബുദ്ധനാണെന്നാണ് തെ ളിയിക്കുന്നത്.എഴുത്തുകാരനെ സ്വന്തം ആത്മവത്തയും അതിജീവനതന്ത്രങ്ങളും മാത്രമേ രക്ഷിക്കൂ.അല്ലാതെ,ഭരണകൂടമോ പൊതുസമൂഹമോ രക്ഷിക്കില്ല.

​ജനവഞ്ചകരായ ഭരണകൂടങ്ങളുടെ ഒത്താശയോടെ പൊതുവിടങ്ങളും പൊതുവിഭവങ്ങളും മൂലധനകുത്തകകള്‍ സ്വന്തമാക്കുന്ന പ്രവണതയോട്‌ സമാനമാണ് ലിബറല്‍ ഇടങ്ങള്‍ മത-രാഷ്ട്രീയ-ജാതീയ ശക്തികള്‍ സ്വന്തമാക്കുന്നത്. കാലം പോകും തോറും മതവികാരം നേരിയ നേരിയ കാരണങ്ങളാല്‍ കൂടുതല്‍ കൂടുതല്‍ വ്രണപ്പെടുന്നത് എങ്ങിനെയാണ്? മതങ്ങള്‍ക്ക് എന്തെങ്കിലും ഉദാരതയോ മാനവികതയോ ഉണ്ടെങ്കില്‍ അവയെല്ലാം വരണ്ട് നശിച്ച് മതാന്ധത മാത്രം സമൂഹത്തില്‍ ബാക്കിയാവുന്നു.ലിബറല്‍ ഇടങ്ങള്‍ മത്സരാടിസ്ഥാനത്തിലാണ് (competitive) മതശക്തികളാല്‍ കയ്യേറപ്പെടുന്നത് . ‘എഴുത്തുകാരന്‍ പ്രവാചകന്‍റെ ജീവചരിത്രം വ്യാഖ്യാനിച്ചപ്പോള്‍ അവന്‍ നിങ്ങളുടെ ഓഫിസ് അടിച്ചു തകര്‍ത്തു;നിങ്ങള്‍ അക്രമിക്കു മുന്‍പില്‍ മുട്ടുകുത്തി മാപ്പുപറഞ്ഞു.ആ അളവില്‍ ലിബറല്‍ ഇടം ഞങ്ങള്‍ക്കും കയ്യേറാന്‍ തരിക .ഞങ്ങളുടെ മുന്‍പിലും മാപ്പ് പറയുക.‘ എന്നാണ് ഹരീഷിന്റെ കാര്യത്തില്‍ സംഘപരിവാര്‍ പറഞ്ഞത്. ഹരീഷിന്‍റെ നോവലിലെ ഒരു അപ്രസക്തഭാഗം കയ്യേറ്റത്തിന്‍റെ കാര്യത്തില്‍ സംഘപരിവാറിനു മറ്റുള്ള അന്ധശക്തികള്‍ക്ക് ഒപ്പമെത്താനുള്ള സുവര്ണാവസരമായി.

നിയമവാഴ്ചയില്‍ പ്രതിബദ്ധതയുള്ള ഭരണകൂടവും ശക്തമായ ഒരു പൊതുസമൂഹവും സൌവര്‍ണ്ണപ്രതിപക്ഷമായ ഒരു എഴുത്തുസമൂഹവും ആണ് ഹരീഷിന് സംരക്ഷണം നല്‍കേണ്ടിയിരുന്നത്. മുന്‍പ് പറഞ്ഞത് പോലെ ,അനിയന്ത്രിത സമ്പദ്ക്രമത്തിന്റെയും ആക്രമണോത്സുക മതശക്തികളുടെയും മുന്‍പില്‍ ഭരണകൂടങ്ങള്‍ ശക്തികെട്ടതും മിക്കവാറും ഈ ശക്തികളാല്‍ നിയന്ത്രിക്കപ്പെട്ടതുമാകുന്നു. ഹരീഷിന്‍റെ പരാതിയുടെ വെളിച്ചത്തില്‍, അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും അപമതിപ്പെടുത്തുകയും ചെയ്തവരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരികയാണ് ആവിഷ്കാരസ്വാതന്ത്ര്യ പ്രശ്നത്തില്‍ ഉല്‍ക്കണ്ഠാകുലനാണെങ്കില്‍ മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത്.നിസ്സാരമായ യൌവനചാപല്യങ്ങളെ പോലും തനിക്കെതിരായ ഗുരുതരമായ സൈബര്‍ആക്രമണങ്ങളായി കണ്ട് സത്വരനടപടി എടുക്കുന്ന ആളാണല്ലോ മുഖ്യമന്ത്രി. അധരസേവക്കപ്പുറം ഒരു മതാന്ധശക്തികള്‍ക്കെതിരെയും ഇന്നത്തെ ഭരണകൂടം നടപടിയെടുക്കാന്‍ ധൈര്യപ്പെടില്ല.

ഉത്തരേന്ത്യയില്‍ ഭരണകൂടം ഭൂരിപക്ഷമതതാല്‍പ്പര്യങ്ങള്‍ക്ക് ഏതു മുന്‍ഗണനയോടെ പ്രാമുഖ്യം കൊടുത്തുവരുന്നുവോ അതേ മുന്‍ഗണനയോടെയാണ് ഇതുവരേക്കും കേരളത്തിലെ ഇരു മുന്നണികളും സമ്പത്തും വോട്ടും ലക്ഷ്യമാക്കി ന്യൂനപക്ഷപ്രീണനം നടത്തിയിരുന്നത്.ചരിത്രപരമായ കാരണങ്ങളാല്‍ താരതമ്യേന പരിശ്രമവിമുഖവും ജാതിയാല്‍ കഠിനമായി വിഭജിതവും ആയതിനാല്‍ ഹിന്ദുസത്തയെ അവഗണിക്കുക ഇത് വരെ എളുപ്പമായിരുന്നു. ഇന്ന് അതും ദൃഢപ്രസ്താവങ്ങള്‍ നടത്താനും അക്രാമകമാകാനും തുടങ്ങിയപ്പോള്‍ ഇടത് അധികാരികള്‍ തന്നെ ശോഭായാത്രയിലൂടെയും രാമായണമാസത്തിലൂടെയും പ്രതീകാത്മകസാമ്പത്തിക സംവരണത്തിലൂടെയും തിരുത്തലുകള്‍ നടത്താമെന്ന് ആശിക്കയാണ്. ഇതൊക്കെ ബാലിശശ്രമങ്ങള്‍ ആണെങ്കിലും ,അത്തരം ശ്രമങ്ങള്‍ മതാന്ധശക്തികള്‍ക്ക് മുന്നിലുള്ള തങ്ങളുടെ മുട്ടിടിക്കല്‍ വെളിപ്പെടുത്തുന്നതാണ്.സര്‍ക്കാര്‍ സ്വയമേവ ക്രിമിനല്‍ സ്വഭാവവും ഇരട്ടത്താപ്പും നിറഞ്ഞതാകയാല്‍ കൊലവിളികള്‍ നടത്തുന്ന ശശികലയെയോ പോപ്പുലര്‍ ഫ്രന്റിനെയോ കൂട്ട ബലാല്‍സംഗം നടത്തുന്ന പാതിരിമാരേയോ രാഷ്ട്രീയസമൂഹത്തില്‍ പെട്ട മറ്റു ഏതെങ്കിലും കുറ്റവാളിയെയോ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനുള്ള ധാര്‍മ്മികശക്തി അതിനില്ല.ഒരു പൌരന്‍ ജീവിച്ചിരിക്കുന്നതും പുറത്തു പോയാല്‍ വീട്ടിലേക്ക് കേടുകൂടാതെ തിരിച്ചു വരുന്നതും ആകസ്മികതയാകുന്ന ഒരു സമൂഹത്തില്‍ ഒരു എഴുത്തുകാരന്‍ ധീരനാകുന്നതിന് ഒരു പരിധിയൊക്കെയുണ്ട്.

ധാര്‍മ്മികശക്തിയുള്ള ഒരു എഴുത്തുസമൂഹത്തിന്‍റെ പിന്തുണയാണ് ഹരീഷിന് പിന്നെ ആശ്രയിക്കാനുള്ളത്.ആശാന്‍ മുതല്‍ ആനന്ദ് വരെയുള്ള മഹത്തായ വംശാവലിക്ക് അവമതിപ്പ്‌ ഉണ്ടാക്കുന്നതാണ് പൊതുവേ ഇന്നത്തെ എഴുത്ത് സമൂഹം .കഷ്ടിച്ച് അര ശതാബ്ദത്തോളം നിലനിന്ന ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഗാന്ധി-നെഹ്‌റു പൈതൃകത്തെ പുറമേ നിന്നാണ് സംഘപരിവാര്‍ തകര്‍ക്കുന്നത്. അതിനു മുന്‍പേ തന്നെ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകാരും ആ പൈതൃകത്തെ ഉള്ളില്‍ നിന്ന് തകര്‍ക്കാന്‍ തുടങ്ങിയിരുന്നു. ഉള്ളില്‍ നിന്ന് തകര്‍ക്കുന്ന ഇതേ ധര്‍മ്മമാണ് ഭരിക്കുന്ന വ്യാജഇടതുപക്ഷത്തിന്‍റെ അനുബന്ധമായ എഴുത്തുകാരുടെ സംഘം ഇന്ന് നമ്മുടെ സാംസ്കാരികരംഗത്ത്‌ നിര്‍വഹിക്കുന്നത്.പലരും ‘ഇടതു’പക്ഷത്തിന്റെയോ ജിഹാദികളുടെയോ രണ്ടു കൂട്ടരുടേയുമോ കയ്യില്‍ നിന്ന് അക്ഷരാര്‍ത്ഥത്തിലോ ആലങ്കാരികമായോ ആഹരിക്കുന്നവരാണ് . അവരുടെ മൂപ്പന് ടി.പി.ചന്ദ്രശേഖരന്റെയും അഭിമന്യുവിന്റെയും കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത സംഘടനകള്‍ ഏവയാണെന്ന് ഇപ്പോഴും പറയാനാകുന്നില്ല -പണ്ട് ഭര്‍ത്താവിന്റെ പേരുപറയാന്‍ ഗൃഹിണികള്‍ സന്നദ്ധമാകാത്തത് പോലുള്ള ഒരു വ്രീളാവിവശത. ജിഹാദി ബന്ധം മറച്ചു വക്കാത്ത അവരുടെ ലഘുത്വത്തിനും കാപട്യത്തിനും മറ്റൊരു ഉദാഹരണമാണ് സര്‍വധര്‍മ്മസമഭാവന എന്ന പുതിയ സംഘടന. പേരു കൊണ്ട് മറ്റൊരു സംഘപരിവാര്‍ അംഗമോ എന്ന് സന്ദേഹം തോന്നിപ്പിക്കുന്ന ഈ സംഘടന ഉദ്ദേശശുദ്ധിയില്‍ പി.ജയരാജന്‍റെ അമ്പാടിമുക്കിലെ കൃഷ്ണാഷ്ടമി സംഘത്തെ കൃത്യമായും ഹാസ്യാനുകരണം നടത്തുന്നു.ചിറ്റാളന്മാരെ വഞ്ചിച്ചു മുങ്ങുന്ന ചിട്ടിസംരഭകരെ പോലെ കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലത്തിനുള്ളില്‍ ഇക്കൂട്ടര്‍ തുടങ്ങുന്ന എത്രാമത്തെ മതേതര സംരംഭമാണിത്? .

​ഭീഷണി ഉപയോഗിച്ച് നോവല്‍ പിന്‍വലിപ്പിച്ച ഈ സംഭവത്തിലും ഹരീഷിനേക്കാള്‍ ഹിന്ദുത്വക്രിമിനലുകള്‍ ലക്ഷ്യമിടുന്നത് ഇരട്ടത്താപ്പുകാരായ ഈ എഴുത്ത് സമൂഹത്തിനെയാണ്.രണ്ടു തരം ചെന്നായ്ക്കളോടുള്ള എഴുത്തുകാരുടെ സമീപനത്തിലെ -ഒന്നിനെ നിരുപാധികം താലോലിക്കുന്നു , മറ്റേതിനെ അവഹേളിക്കുന്നു –ശോഭ (fairness) ഇല്ലായ്മആണ് അവരെ പ്രകോപിപ്പിക്കുന്ന മുഖ്യസംഗതി.സംഘപരിവാറിന്റെ സാംസ്കാരികോപകരണങ്ങള്‍ ത്രേതായുഗത്തിലേതാണ്.പദ്ധതികളും പ്രത്യയശാസ്ത്രവും സംഘപരിവാറിന്‍റേതിനൊപ്പമോ അതില്‍ കൂടുതലോ പ്രാകൃതവും വിജ്ഞാനവിരോധപരവും ആണെങ്കിലും ഇസ്ലാമിസ്റ്റുകള്‍ അന്താരാഷ്ട്രീയ വെട്ടപ്പെടല്‍ ഉള്ളതിനാല്‍ സാംസ്കാരികപ്രലോഭനമടക്കമുള്ള ആധുനികഉപകരണങ്ങളുമായാണ് മലയാളത്തില്‍ പ്രവേശിച്ചത് തന്നെ.നാനാവിധത്തില്‍ പ്രലോഭിതരായ നമ്മുടെ പല മുഖ്യ എഴുത്തുകാരും അനുവാചകരെ തെറ്റിദ്ധരിപ്പിക്കാന്‍ സഹായകമായ സാംസ്കാരിക ആട്ടിന്‍തോല്‍വസ്ത്രം ഈ ഹിംസമൃഗത്തിന് പൂര്‍ണ്ണമനസ്സോടെ തുന്നിക്കൊടുക്കുകയും ചെയ്തു. നമ്മുടെ എഴുത്തുസമൂഹത്തിന്‍റെ ഈ അനുപാതരാഹിത്യത്തിനു എതിരെ കൂടെയാണ് പരിവാര്‍ഘടകങ്ങള്‍ ഇപ്പോള്‍ അക്രമം അഴിച്ചുവിടുന്നത്.

​കേരളീയപൊതുസമൂഹമാണെങ്കില്‍ ഞാന്‍ 25 വര്‍ഷം മുന്‍പ് പ്രവചിച്ച പോലെ ഏറെക്കുറെ മരിച്ചിരിക്കുന്നു.ഞാനും നിങ്ങളും ഒക്കെ വ്യാപാരാടിസ്ഥാനത്തില്‍ ജീവിക്കുമ്പോള്‍ പത്രസ്ഥാപനങ്ങളെ പഴിക്കുന്നതിലും അര്‍ത്ഥമില്ല .ഒന്നാമതായും രണ്ടാമതായും മൂന്നാമതായും വ്യാപാരസ്ഥാപനങ്ങളല്ലാത്ത പത്രസ്ഥാപനങ്ങള്‍ ഇന്ന് ഇന്ത്യയിലില്ല . സ്വാതന്ത്ര്യസമരച്ചൂടില്‍ ഏകദേശം ഒരു നൂറ്റാണ്ടു മുന്‍പ് ജനിച്ച സ്ഥാപനം മാത്രം അതേ മട്ടില്‍ ആദര്‍ശകേദാരമായി നിലനില്‍ക്കണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അപ്പോള്‍,പ്രഖ്യാപിതമായി കക്ഷിരാഷ്ട്രീയവിമുഖതയുള്ള ഹരീഷിനെ പോലുള്ള ഒറ്റപ്പെട്ട ഒരു എഴുത്തുകാരന് എന്ത് സംരക്ഷണമാണ് ഉള്ളത്?

തയ്യാറാക്കിയത് മുരളി മീങ്ങോത്ത്

Comments

You may also like