പൂമുഖം നിരീക്ഷണം ചില രാമായണ മാസ ചിന്തകൾ

ചില രാമായണ മാസ ചിന്തകൾ

എല്ലാ രാമായണമാസത്തിലും ചോദിക്കുന്ന ചോദ്യം ഒരിക്കൽ കൂടി : ജനകൻ സീതയുടെ വളർത്തച്ചൻ ആണെങ്കിൽ സീതയുടെ യഥാർത്ഥ അച്ഛൻ ആരാണ്? അത് വാൽമീകി തന്‍റെ രാമായണത്തിൽ മറച്ച് വച്ചത് എന്തിനാണ്?

മുൻപ് വായിച്ചിട്ടില്ലാത്തവർക്ക്‌ മുസ്ലിം വേദം വായിച്ച കുറിപ്പ് താഴെ..

“ബാപ്പ, ഈ മതിലുകളിൽ എഴുതിയിരിക്കുന്നത് എന്താണ് ?” നിതിൻ ചോദിച്ചു.

ഞങ്ങൾ ന്യൂ ജേഴ്‌സിയിൽ പ്രശസ്തമായ ബ്രിഡ്ജ് വാട്ടർ വെങ്കിടേശ്വര അമ്പലത്തില്‍  ആയിരുന്നു. എല്ലാ കൊല്ലവും ഓണത്തിന് എല്ലാ മലയാളികളും വീടുകളിൽ നിന്ന് സദ്യ ഉണ്ടാക്കി കൊണ്ട് വന്നു അമ്പലതില്‍  ഒത്തു കൂടി കഴിക്കും.ഉച്ച കഴിഞ്ഞു മലയാളം ക്ലാസ് കുട്ടികളും മറ്റുള്ളവരും അവതരിപ്പിക്കുന്ന കലാ പരിപാടികളും ഉണ്ടാവും. അതെല്ലാം കഴിഞ്ഞു അമ്പലത്തില്‍  കയറുന്നതു പതിവാണ്. അങ്ങിനെ ഒരു ദിവസം ആണ് നിതിൻ ഇത് ചോദിച്ചത്. പ്രദക്ഷിണം വയ്‌ക്കുമ്പോള്‍  ഇടതു വശത്തു മതിലിൽ ഭഗവത് ഗീതയിലെ സൂക്തങ്ങൾ എഴുതിയിരിക്കുന്നു.

“ഇതെല്ലാം ഹിന്ദു വിശുദ്ധ ഗ്രന്ഥമായ ഭഗവദ് ഗീതയിൽ നിന്നുള്ള സൂക്തങ്ങൾ ആണ്” ഞാൻ ഒരു ഒഴുക്കൻ മറുപടി പറഞ്ഞു ഒതുക്കാൻ നോക്കി. അമേരിക്കയിൽ ജനിച്ചു വളർന്ന ഇതുവരെ ഒരു മതത്തിന്‍റെ കെട്ടുപാടുകളിലും പെടാത്ത കുട്ടിയാണ്. കൂടുതൽ ചോദ്യങ്ങൾ ഉണ്ടാവില്ല എന്ന് കരുതി. പക്ഷെ തെറ്റി.

“അത് സഹോദരങ്ങൾ തമ്മിൽ യുദ്ധം ചെയ്യുന്ന കഥ പറയുന്ന പുസ്തകത്തിൽ നിന്നുള്ളതല്ലേ?”

“അതെ , മഹാഭാരതം എന്ന പുരാണത്തിലെ ഒരു അധ്യായം ആണ് ഭഗവദ് ഗീത. പക്ഷെ സഹോദരങ്ങൾ തമ്മിലുള്ള യുദ്ധം മാത്രമുള്ള ഒരു കഥയായി ഇതിനെ കാണുന്നത് തെറ്റാണ് . ചില ഇന്ത്യൻ ഹിന്ദു തത്വ ശാസ്ത്രങ്ങൾ സാധാരണക്കാർക്ക് മനസിലാക്കി കൊടുക്കാൻ വേണ്ടി കഥയായി എഴുതിയതാണ്. കൂടുതൽ മനസ്സിലാകണമെങ്കിൽ ചില ഇന്ത്യൻ തത്വശാസ്ത്ര ചരിത്രം അറിയണം. നിനക്ക് ചിലപ്പോ ബോറടിക്കും”

“കുഴപ്പം ഇല്ല, ഞാൻ കേൾക്കാം. ബാപ്പ പറഞ്ഞോളൂ, ഇവിടെ എന്തായാലും വേറെ ഒന്നും ചെയ്യാനില്ല”

അയ്യായിരം വർഷത്തെ ഇന്ത്യൻ തത്വശാസ്ത്ര ചരിത്രം ഹിന്ദു മതത്തിന്‍റെ പശ്ചാത്തലത്തിൽ പറഞ്ഞു കൊടുക്കുക ദുഷ്കരമായ കാര്യം ആണ്. എന്നാലും ഒരു കൈ നോക്കാം എന്ന് ഞാൻ തീരുമാനിച്ചു.

“ആദ്യമായി അറിയേണ്ടത് വേദങ്ങളെ കുറിച്ചാണ്. ഇന്ത്യയിൽ ഉണ്ടായിരുന്ന ജനത അവരുടെ അനുഭവങ്ങളെ ക്രോഡീകരിച്ചു തുടങ്ങിയത് വേദങ്ങളിലൂടെ ആണ്. ഇന്ത്യയിൽ നമുക്ക് അറിവുള്ളതിൽ ഏറ്റവും പഴക്കം ഉള്ള ഗ്രന്ഥങ്ങൾ ആണവ”

“പക്ഷെ അയ്യായിരം വർഷങ്ങൾക്കു മുൻപ് എഴുത്ത് ഉണ്ടായിരുന്നോ?”

“ഇല്ല. അത് കൊണ്ടാണ് അതിനെ ശ്രുതി എന്ന് വിളിച്ചത്. ശ്രുതി എന്നാൽ കേട്ടത് എന്നർത്ഥം. പുരാതന ഇന്ത്യൻ തത്വശാസ്ത്രങ്ങൾ എല്ലാം ശ്രുതി ആയി തുടങ്ങുകയും പിന്നീട് വൈദിക സംസ്‌കൃതത്തിൽ രേഖപ്പെടുത്തുകയും ചെയ്യപ്പെട്ടതാണ്”

“വേദങ്ങളിൽ എന്താണ് ഉണ്ടായിരുന്നത്?”

“പ്രധാനമായും പ്രകൃതിയും ആയി ബന്ധപ്പെട്ട പ്രതിഭാസങ്ങളെ ദൈവങ്ങൾ ആയി ആരാധിക്കുന്ന ചില ശ്ലോകങ്ങളും മറ്റും ആണ് തുടക്കത്തിൽ വേദങ്ങളിൽ ഉണ്ടായിരുന്നത്. ഉദാഹരണത്തിന് ആദ്യ വേദം എന്ന് കരുതപ്പെടുന്ന, ഇന്ന് പാകിസ്ഥാനിൽ ഉള്ള മുൾട്ടാനിൽ വച്ച് എഴുതപ്പെട്ട ഋഗ് വേദത്തിൽ മഴയുടെയും ഇടിമിന്നലിന്‍റെയും ദൈവമായ ഇന്ദ്രനെ അവതരിപ്പിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഇന്ദ്രദേവനെ പ്രീതി പെടുത്തി, മഴയെ നിയന്ത്രിക്കാം എന്ന് ഒരു പക്ഷെ അന്നത്തെ ആളുകൾ കരുതിയിരിക്കണം. പുരാതന റോമക്കാർക്കു ആയിരകണക്കിന് ദൈവങ്ങൾ ഉണ്ടായിരുന്നു. അത് പോലെ തന്നെ ഹിന്ദുക്കൾക്ക് പ്രകൃതിയും ആയി ബന്ധപ്പെട്ട എല്ലാം ദൈവങ്ങൾ ആയിരുന്നു. വായു,സൂര്യൻ, സമുദ്രം എല്ലാം ദൈവങ്ങൾ ആയിരുന്നു. നമ്മൾ ഈജിപ്ത് സന്ദർശിച്ചപ്പോൾ കൊടുങ്കാറ്റിന്‍റെ ദേവനായ സെത്തിനെ പറ്റി കേട്ടത് ഓർക്കുന്നുണ്ടോ?”

“ഓർക്കുന്നുണ്ട്, പക്ഷെ ഇന്ത്യൻ സംസ്കാരം ഈജിപ്തിന്‍റെ അത്ര പഴയതാണോ?

“അതെ, സിന്ധു നദീതട സംസ്കാരവും, ഈജിപ്തും മെസോപ്പൊട്ടാമിയയും ക്രിസ്തുവിനു ഏതാണ്ട് മൂവായിരം വർഷം മുൻപ് നില നിന്നിരുന്നതാണ്.  ഒരു പ്രധാന വ്യത്യസം, ഈജിപ്തുകാർ അവരുടെ ചരിത്രം ഹൈറോഗ്ലിഫിക്സ് എന്ന ഭാഷ ഉപയോഗിച്ച് എഴുതി വയ്ക്കാൻ അന്നേ തുടങ്ങിയിരുന്നു എന്നതാണ്.  1200 വര്‍ഷങ്ങള്‍ക്കു ശേഷം 1800 ബി സിയിൽ മാത്രം ആണ് നമ്മൾ വേദിക്‌ സംസ്‌കൃതത്തിൽ എഴുതാൻ തുടങ്ങിയത്. വേദിക് സംസ്കൃതം മറ്റു ഭാഷകളിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. ഇന്നും അവസ്ത തുടങ്ങിയ സോരാഷ്ട്രിയൻ ഭാഷകൾ നോക്കിയാൽ സംസ്കൃതവും ആയി സാമ്യം കാണാം. അവസ്തയും സംസ്കൃതവും ഒരേ റൂട്ടിൽ നിന്ന് വന്നതാണ് എന്ന് കരുതപ്പെടുന്നു. ഇന്നുള്ള ഇറാൻ ആണ് ഈ ഭാഷകളുടെയും സോരാഷ്ട്രിയൻ മതത്തിന്‍റെയും  ഉത്ഭവ പ്രദേശം ആയി പറയപ്പെടുന്നത്. സോരാഷ്ട്രിയക്കാർക്കും ഒരു ഗീത ഉണ്ട്. അതിലെ പല സൂക്തങ്ങളും കേൾക്കുമ്പോൾ സംസൃതം പോലെ നമുക്ക് തോന്നും.”

“ശരി, പക്ഷെ വേദങ്ങൾ എങ്ങിനെ ആണ് ഈ മതിലുകളിൽ എഴുതിയിരിക്കുന്ന ഗീത വാക്യങ്ങളും ആയി ബന്ധപ്പെട്ടു കിടക്കുന്നത്?

“ഞാൻ ആദ്യം പറഞ്ഞ പോലെ കുറച്ചു ക്ഷമിച്ചാൽ എളുപ്പം മനസിലാക്കാം. എല്ലാ മതങ്ങൾക്കും രണ്ടു ഭാഗങ്ങൾ ഉണ്ട്. തത്വശാസ്ത്രവും, ആചാരങ്ങളും. ഉദാഹരണത്തിന് ഇവിടെ കുറെ ആളുകൾ എല്ലാ വിഗ്രഹങ്ങൾക്കു ചുറ്റും വലം വയ്ക്കുകയും ചിലർ വിഗ്രഹങ്ങൾക്ക് മുന്പിൽ കുമ്പിടുകയും മറ്റും ചെയ്യുന്നതാണ് ആചാരം. ഈ മതിലുകളിൽ എഴുതി വച്ചിരിക്കുന്നതാണ് മതത്തിന്‍റെ തത്വശാസ്ത്രപരമായ ഭാഗം. പക്ഷെ ഈ ആചാരങ്ങൾ ചെയ്യുന്ന ഭൂരിഭാഗം പേർക്കും എന്തിനു വേണ്ടിയാണു അവർ ഇത് ചെയ്യുന്നത് എന്നറിയില്ല. മാത്രമല്ല അവരൊന്നും ഈ മതിലിൽ എഴുതി വച്ചിരിക്കുന്നത് വായിക്കുകയും ഇല്ല, ഇതെല്ലാം  നമ്മുടെ ചരിത്രത്തിന്‍റെ  ഭാഗം ആണെങ്കിൽ കൂടി. അവർക്കു ആചാരങ്ങളിൽ മാത്രം ആണ് ശ്രദ്ധ ”

“എനിക്ക് മുഴുവൻ മനസിലായില്ല. എങ്ങിനെ ആണ് ഇതെല്ലാം  പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നത് ?”

“വേദങ്ങൾ എഴുതി കുറെ നാളുകൾക്കു ശേഷം സംഹിതകൾ, ബ്രാഹ്മണങ്ങൾ, ആര്യണ്യകങ്ങൾ, ഉപനിഷത്തുക്കൾ എന്നിങ്ങനെ വേദങ്ങളെ മുൻനിർത്തിയുള്ള കുറെ സാഹിത്യം വന്നു. ഇതിൽ ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, സമൃതികള്‍  എന്നിവ ആചാരപരമായ കാര്യങ്ങളെ കുറിച്ച് പ്രതിപാദിച്ചപ്പോൾ, ഉപനിഷത്തുകൾ, വേദങ്ങളിൽ പറഞ്ഞതും പുതിയതുമായ തത്വശാസ്ത്രങ്ങളെ കൂടുതൽ വിശദമായി അവതരിപ്പിച്ചു. വേദങ്ങളുടെ തുടർച്ചയായി വരുന്നു എന്ന അർത്ഥത്തിൽ വേദാന്തം എന്നാണ് ഉപനിഷത്തുക്കൾ അറിയപ്പെടുന്നത്. നൂറ്റി എട്ടു ഉപനിഷത്തുക്കൾ ആണ് ഇവയിൽ പ്രധാനം.

“തത്വശാസ്ത്രപരമായ എന്ത് ചോദ്യങ്ങൾ ആണ് ഇവയിലുള്ളത്?”

“ആധുനിക ശാസ്ത്രം പ്രധാനമായും ഗ്രീക്ക് തത്വശാസ്ത്രത്തിൽ നിന്ന് വികസിച്ചു വന്നതാണ്. മുൻപുണ്ടായിരുന്ന മനുഷ്യരുടെ മനസ്സിൽ തോന്നിയ ചോദ്യങ്ങളിൽ നിന്നാണ് ഇവയുടെ തുടക്കം. മൂന്നു തരത്തിൽ ഉള്ള ചോദ്യങ്ങൾ ആണ് ഉപനിഷത്തുക്കൾ മുൻപോട്ടു വയ്ക്കുന്നത്. ഏതൊക്കെ തരത്തിൽ ഉള്ള ചോദ്യങ്ങൾ ആണ് ആദിമ മനുഷ്യൻ ചോദിച്ചു തുടങ്ങിയത് എന്ന് നിനക്ക് ഊഹിക്കാമോ?”

“മിക്കവാറും, പ്രകൃതിയിൽ നടക്കുന്ന കാര്യങ്ങള്‍  എങ്ങിനെ നടക്കുന്നു എന്നെല്ലാം ആയിരിക്കും… അന്നുള്ളവർക്കു അത് വലിയ അത്ഭുതം ആയിരുന്നല്ലോ?”

“അതെ, പക്ഷെ കാലം ചെല്ലുന്തോറും അവർ കൂടുതൽ ഗഹനമായ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. ഉപനിഷത്തുക്കൾ ചർച്ച ചെയ്യുന്ന മൂന്നു കാര്യങ്ങൾ ബ്രഹ്മൻ – എല്ലാം ഉൾകൊള്ളുന്ന ഒരു യാഥാർത്ഥ്യം (the ultimate metaphysical reality), ആത്മൻ – ആത്മാവ് , പ്രകൃതി എന്നിവയാണ്. “

“കൊള്ളാം, മനുഷ്യന്‍റെ ജിജ്ഞാസ അന്നും ഉണ്ടായിരുന്നു അല്ലെ …”

“അതെ, ഇന്നത്തെ ശാസ്ത്രജ്ഞർ ചിന്തിക്കുന്ന തരത്തിൽ ആണ് ഉപനിഷത് രചിച്ച മുനിമാർ ചിന്തിച്ചത്. അവർ വളരെ അധികം ചോദ്യങ്ങൾ ചോദിക്കുകയും അതിനു ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. ഇന്നുള്ള ആധുനിക ശാസ്ത്രത്തിന്‍റെ തുടക്കക്കാരായ ഗ്രീക്കിലെ തത്വചിന്തകൻ ക്രിസ്തുവിനു മുമ്പ് 800 ൽ വരുന്നതിനു വളരെ വർഷങ്ങൾക്കു മുൻപാണ് ഇതെന്ന് ഓർക്കണം. ഗ്രീക് തത്വ ചിന്തകർ ഒരു വസ്തു എന്ത് കൊണ്ട് നിർമ്മിച്ചിരിക്കുന്നു എന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു വസ്തു വളരെ ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു കൊണ്ടേ ഇരുന്നാൽ എന്ത് സംഭവിക്കും. ആ ചോദ്യം ആണ് തന്മാത്രയിലേക്കും ആറ്റത്തിന്‍റെ കണ്ടു പിടുത്തത്തിലേക്കും നയിച്ചത്. ഇന്ത്യയിലെ മുനിമാർ മനുഷ്യന്‍റെ മനസ് ആത്മാവ് തുടങ്ങിയവ ഏതു കൊണ്ട് നിർമ്മിച്ചിരിക്കുന്നു, ജീവൻ എന്നാൽ എന്താണ്, മരണശേഷം ജീവന് എന്ത് സംഭവിക്കുന്നു എന്നെല്ലാം ഉള്ള ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്താൻ നോക്കി. നിങ്ങളുടെ ശരീരം മരിച്ചാൽ മനസ് / ആത്മാവ് എന്നിവ കൂടി മരിക്കുമോ? “

“അത് കടുപ്പമായ ചോദ്യം അല്ലെ? എന്ത് ഉത്തരം ആണ് അവർ കണ്ടു പിടിച്ചത്?”

“ഈ വിഷയം കൈകാര്യം ചെയ്യുന്നത് കതോപനിഷത്തിലാണ്. പലപ്പോഴും ഉപനിഷത്തുക്കൾ പ്രധാനപ്പെട്ട വിഷയങ്ങൾ ഒരു കഥയുടെ രൂപത്തിലാണ് അവതരിപ്പിക്കുന്നത്. കഥ ഉപനിഷത് നചികേതസും യമരാജാവും തമ്മിലുള്ള ഒരു വാദപ്രതിവാദത്തിന്‍റെ രൂപത്തിലാണ് ഈ വിഷയം അവതരിപ്പിക്കുന്നത് മരണത്തിന്‍റെ രാജാവായ യമനാണല്ലോ മരണത്തിനു ശേഷം എന്ത് സംഭവിക്കുന്നു എന്ന് പറയാൻ ഏറ്റവും യോഗ്യൻ. “

“എന്നിട്ട്, നചികേതസിനു എന്ത് ഉത്തരമാണ് ലഭിച്ചത്?”

“ആ ഉത്തരം ആണ് ഹിന്ദു മതത്തിന്‍റെ അടിസ്ഥാന തത്വങ്ങളിൽ ഒന്ന്. ചുരുക്കി പറഞ്ഞാൽ ശരീരം മരിക്കുന്നു,  ആത്മാവ് മരിക്കുന്നില്ല എന്ന ഉത്തരമാണ് യമരാജൻ നൽകുന്നത്. ഒരാൾ  വസ്ത്രം മാറുന്നത് പോലെ ആത്മാവ് ശരീരങ്ങൾ മാറുന്നു എന്ന് ഈ ഉപനിഷത് പറയുന്നു.

“എല്ലാ ഹിന്ദുക്കളും ഇങ്ങിനെ ഉള്ള തത്വശാസ്ത്രങ്ങൾ പഠിക്കണോ ?”

“വേണമെന്നും വേണ്ട എന്നും പറയാം.  ഉപനിഷത്തിൽ പറയുന്ന തത്വശാസ്ത്രങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുവാന്‍  ആണ് ഋഷിമാർ പുരാണങ്ങളും ഇതിഹാസങ്ങളും എഴുതിയത്.”

“കത ഉപനിഷത് എങ്ങിനെ ആണ് ഒരു കഥയായി അവതരിപ്പിക്കുക?”

“തൻ്റെ ഗുരുക്കന്മാരെയും സഹോദരങ്ങളെയും കൊല്ലാൻ കഴിയാതെ ഒരു രഥത്തിൽ ആയുധം കീഴെ വച്ചിരിക്കുന്ന അർജുനന്‍റെയും അർജുനനെ ഉപദേശിക്കുന്ന കൃഷ്ണന്‍റെയും ചിത്രം നീ കണ്ടിട്ടില്ലേ?”

“അത് വളരെ പ്രശസ്തമായ പെയ്ന്‍റിംഗ് അല്ലെ? അഞ്ചു കുതിരകളെ പൂട്ടിയ രഥത്തിൽ കൃഷ്ണൻ ഇരുന്നു അർജുനന് ഉപദേശം കൊടുക്കുന്ന ചിത്രം”

“അതെ, ഇനി കതോപനിഷത്തിലെ ചില വരികൾ നോക്കൂ

‘ആത്മാവാണ് രഥത്തിൽ യാത്ര ചെയ്യുന്നത്,
ശരീരമാണ് രഥം
ബുദ്ധി ആണ് രഥത്തിന്‍റെ സാരഥി
മനസ്സാണ് കടിഞ്ഞാണ്‍
പഞ്ചേന്ദ്രിയങ്ങൾ ആണ് കുതിരകൾ ‘
– കതോപനിഷത് 1.3.3-1.3.4

ഈ ചിത്രത്തിൽ കാണുന്ന ഓരോന്നിനെ കുറിച്ചും ഉള്ള വിവരണം ആണിത്. അവിടെ അർജുനനും, കൃഷ്ണനും  ആളുകൾ അല്ല, മറിച്ച്, ആത്മാവും, ശരീരവും, പഞ്ചേന്ദ്രിയങ്ങളും  ആണ്. ചുരുക്കി പറഞ്ഞാൽ മഹാഭാരത യുദ്ധം പുറത്തു നടക്കുന്ന ഒന്നല്ല മറിച്ചു നമ്മുടെ എല്ലാം ഉള്ളിൽ നടക്കുന്ന കാര്യം ആണ്. മഹാഭാരതം എന്ന ഇതിഹാസവും ഗീത എന്ന അധ്യായവും കതോപനിഷത്തിലെ ചില കാര്യങ്ങൾ സാധാരണക്കാർക്ക് എളുപ്പം മനസ്സിലാക്കാൻ വേണ്ടി എഴുതപ്പെട്ടതാണ്. അർജുനൻ തൻ്റെ സഹോദരങ്ങളെ കൊല്ലാൻ കഴിയില്ല എന്ന് പറയുമ്പോൾ കൃഷ്ണൻ പറയുന്നത് ഇതേ തത്വശാസ്ത്രം ആണ്. ആത്മാവ് മരിക്കുന്നില്ല, നീ കൊല്ലുന്നതു അവരുടെ ശരീരത്തെ മാത്രം ആണ്. അത് കൊണ്ട് ദുഃഖിക്കേണ്ട കാര്യമില്ല.”

“എന്ന് വച്ചാൽ മഹാഭാരത യുദ്ധം ഒരിക്കലും നടന്നതല്ല എന്നാണോ? രാമായണത്തിലും മഹാഭാരതത്തിലും പറഞ്ഞിരിക്കുന്ന പല സ്ഥലങ്ങളും ഇന്ത്യയിൽ ഉള്ള സ്ഥലങ്ങൾ അല്ലെ?”

“പുരാണങ്ങളും ഇതിഹാസങ്ങളും ഒരു കാലഘട്ടത്തിലെ ഒരാൾ എഴുതിയതല്ല  പല തലമുറകൾ ആയി കൈമറിഞ്ഞു വന്ന് കൂട്ടിച്ചേർക്കലുകൾ നടന്ന് രചിക്കപ്പെട്ടവ  ആണ്. ഇത് ചെയ്തവർ, അവർക്കു പരിചയമുള്ള സ്ഥലങ്ങളും കഥാപാത്രങ്ങളും ഇതിൽ ഉപയോഗിച്ചു. അത് കൊണ്ട് തന്നെ ഇതിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളും ചില കഥാപാത്രങ്ങളും ശരിക്കും ഉണ്ടായിരുന്നവർ ആണ്. ഉദാഹരണത്തിന് തമിഴ് നാട്ടിൽ ഉണ്ടായിരുന്ന പാണ്ഡ്യ രാജാക്കന്മാർ കുരുക്ഷേത്ര യുദ്ധത്തിൽ പങ്കെടുത്തു എന്ന് മഹാഭാരതം പറയുന്നു. പാണ്ഡ്യരാജാക്കന്മാർ തമിഴ് നാട്ടിൽ യഥാർത്ഥത്തിൽ ഉണ്ടായിരുന്നവർ ആണ്. അതുകൊണ്ടു തന്നെ യഥാർഥത്തില്‍  ഉള്ളത് ഏതാണ് കഥ ഏതാണ് എന്ന് ഇതിഹാസങ്ങളിൽ നിന്ന് കണ്ടു പിടിക്കാൻ വളരെ ബുദ്ധിമുട്ടാണ്.”

“കതോപനിഷത് പോലെ എത്ര ഉപനിഷത്തുക്കൾ ഉണ്ട്”

“108 ആണ് പ്രധാനമയുള്ളത് . പലതും പല വിഷയങ്ങൾ ആണ് ചർച്ച ചെയ്യുന്നത്. ഉദാഹരണത്തിന് മാണ്ഡുക്യ ഉപനിഷത്തിൽ മനസ്സിനെ കുറിച്ചാണ് പറയുന്നത് . നമ്മൾ ഉണർന്നിരിക്കുമ്പോൾ, ഉറങ്ങുമ്പോൾ, സ്വപ്നം കാണുമ്പോള്‍  ഒക്കെ  നമ്മുടെ മനസ്സിന്  എന്ത് സംഭവിക്കുന്നു? എന്താണ് യഥാർത്ഥം , ഒരു സ്വപ്‌നം കണ്ടു നിങ്ങൾ പേടിക്കുമ്പോൾ സ്വപ്നമാണെങ്കിൽ കൂടി നാം പേടിക്കുന്നത് എന്ത് കൊണ്ടാണ്. “

“പക്ഷേ ആത്മാവ് മരിക്കുന്നില്ല എന്നെല്ലാം പറയുന്നത് ഊഹം അല്ലെ, ഇതിൽ എവിടെ ആണ് ശാസ്ത്രം?”

“വളരെ നല്ല പോയന്‍റ് . മറ്റു പല നാടുകളിൽ സംഭവിച്ചത്  പോലെ ഇന്ത്യയിലും ഒരു മതം ആയി മാറിയതിൽ പിന്നെ ഇങ്ങിനെ ഉള്ള സ്വതന്ത്ര ചിന്തകൾ വെറും ആചാരങ്ങൾ ആയി മാറുകയും മതത്തിന്‍റെ വേലിക്കെട്ടിനുള്ളിൽ വളർച്ച മുരടിച്ചു കിടക്കുകയും ചെയ്തു. ആധുനിക ശാസ്ത്രം ഹൈപോതെസിസ്, തിയറി, ലാ എന്നിങ്ങനെ സയന്‍റിഫിക്  തിയറി ഡെവലപ്പ് ചെയ്ത കാര്യം നിനക്കറിയാമല്ലോ. ഉപനിഷത്തുക്കൾ പ്രധാനമായും ഹൈപോതെസിസ് എന്ന സ്റ്റെപ്പിൽ നിന്ന് പോയി. പലരും ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തുകയും ആചാരങ്ങൾ എന്തിനു വേണ്ടി ചെയ്യുന്നു എന്നറിയാതെ പിന്തുടരുകയും ചെയ്തു. ഉദാഹരണത്തിന് ഇപ്പോഴുള്ളവർ വിഗ്രഹത്തിനു ചുറ്റും വലത്തോട്ട് വലം വയ്ക്കണോ, ഇടത്തോട്ട് വലം വയ്ക്കണോ എന്നെല്ലാം ആണ് കൂടുതൽ ചർച്ച ചെയ്യന്നത്. എന്ന് വച്ച് ഇന്ത്യക്കാർ ആധുനിക ശാസ്ത്രത്തിനു ഒരു സംഭാവനയും ചെയ്തില്ല എന്ന് കരുതരുത്  . ജ്യോതിശാസ്ത്രം ( കപട ശാസ്ത്രം ആയ ജ്യോതിഷം അല്ല), കാൽകുലസ്, പൂജ്യം, അറബിക് അക്കങ്ങൾ എന്ന് തെറ്റായി വിളിക്കപ്പെടുന്ന ഇന്ത്യൻ അക്കങ്ങൾ എല്ലാം ഇന്ത്യക്കാരുടെ സംഭാവന ആണ്, പക്ഷെ ഇതെല്ലാം  ഉപനിഷദ് കാലഘട്ടത്തിനു ശേഷം ആണ്. എനിക്കുറപ്പാണ് ഉപനിഷദ് കാലഘട്ടത്തിലെ ഋഷിമാർ ഇന്നുണ്ടായിരുന്നെങ്കിൽ ഏതെങ്കിലും ലബോറട്ടറിയിൽ ഇപ്പോൾ പല ആധുനിക വിഷയങ്ങളെ പറ്റിയും ഗവേഷണം നടത്തുകയായിരുന്നിരിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ശാസ്ത്രജ്ഞർ ആണ് പുതിയ ഋഷിമാർ, ശാസ്ത്രം ആണ് പുതിയ വേദവും ഉപനിഷത്തും…”

“ഇതെല്ലാം ബാപ്പ എങ്ങിനെ പഠിച്ചു…. ബാപ്പ മുസ്ലിമല്ലേ?”

“ചരിത്രത്തിനു മതമില്ലല്ലോ. ഡിങ്ക ശരണം!”

തിരിച്ചു വീട്ടിൽ പോകുവാൻ സമയം ആയി. ഇന്ത്യൻ തത്വശാസ്ത്രം ഒരു കടലായി കിടക്കുകയാണ്, സാംഖ്യം,ന്യായം,യോഗം,ദ്വൈതം, അദ്വൈതം, നാസ്തിക ചാർവാക ദർശനം… ഇതിനെ കുറിച്ചെല്ലാം വേറെ ഒരിക്കലാവാം.

റഫറൻസ്

1 : സോരാഷ്ട്രിയൻ ഗീത : https://www.youtube.com/watch?v=HQ_VmdywrZY

2 : “Know that the Atman is the rider in the chariot,
and the body is the chariot,
Know that the Buddhi (intelligence, ability to reason) is the charioteer,
and Manas (mind) is the reins.
The senses are called the horses,
the objects of the senses are their paths,
Formed out of the union of the Atman, the senses and the mind,
him they call the “enjoyer”.
— Katha Upanishad, 1.3.3-1.3.4”

3 : http://www.malayalamebooks.org/…/108-upanishads-malayalam-…/

Comments
Print Friendly, PDF & Email

You may also like