വേരില്‍ ജീവിച്ചതിനാല്‍ പൂവുകളേക്കാള്‍ മണത്ത കൃതികളാണ് നാരായന് രചിച്ചത്. പൂവുകളുടെ ഭാഷ മാത്രം പരിശീലിച്ച ഭാഷയ്ക്കുള്ളില്‍ വേരിന്റെ ഭാഷയെ ആഴത്തിലേക്കു പടര്‍ത്തുകയായിരുന്നു നാരായന്. മലയാളസാഹിത്യം അതുവരെ അനുഭവിച്ചിട്ടില്ലാത്ത ജീവിതത്തെ മാത്രമല്ല നാരായന് അവതരിപ്പിച്ചത്. ഒരു പുതിയ ഭാഷാക്രമവും ആഖ്യാനരീതിയുമാണ്. ഫിക്ഷന്റെ താളത്തെ സമര്‍ത്ഥമായി തന്റെ കഥകളിലും നോവലുകളിലും അദ്ദേഹം ചേര്‍ത്തുവച്ചു. ആ താളത്തില്‍ ഒരു ദേശത്തിന്റെയും ജനതയുടെയും അനുഭവ സമൃദ്ധി തിടം വച്ചു നിന്നു. പൊരുതലിന്റെ ഭാഷയാണ് നാരായന് അവതരിപ്പിച്ചത്. “കൊ ച്ചരേത്തി”യിലും “വന്നല”യിലും “ഊരാളിക്കുടി”യിലും ഭാഷയുടെ പുതിയ പ്രകാരം കാട്ടുമരങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന കാറ്റുപോലെ കാണാം.ഇടത്തിന്റെ മൊഴിവഴക്കങ്ങളും ജീവിതചര്യകളും അനുഭവവഴികളും അറിവുരൂപങ്ങളും നാരായന്റെ രചനകളില്‍ ഉടനീളം കാണാം.വേദനയും ആനന്ദവും നിസ്സഹായതയും ചേര്‍ന്ന വൈകാരികതയുടെ വിശാലഭൂമികയില്‍ നിലയുറപ്പിക്കുന്നു രചനകളെല്ലാം. ആദ്യ രചനയായ കൊച്ചരേത്തിയോടൊപ്പം തന്നെ ഓര്‍മ്മിക്കേണ്ടവയാണ് നാരായന്റെ കഥകള്‍.
“നിസ്സഹായന്റെ നിലവിളി”, “പെലമറുത” എന്നിവയാണ് നാരായന്റെ കഥാസമാഹാരങ്ങള്‍. നോവലില്‍ എന്നതുപോലെ കഥയിലും ജീവിതത്തിന്റെ വ്യഥകളും സന്ദിഗ്ധതകളും നാരായന് അവതരിപ്പിച്ചു. ആക്ഷേപഹാസ്യത്തിന്റെ രചനാരീതി ചില കഥകളില്‍ പിന്തുടരുന്നതായി കാണാം. അതിലൂടെ വിവേചനമനുഭവിക്കുന്ന മനുഷ്യരുടെ കഥാലോകം നാരായന് തുറക്കുകയായിരുന്നു. ദളിതര്‍ക്ക് സമൂഹത്തിന്റെ മുഖ്യാധാരസങ്കല്പങ്ങളുടെ പരിസരങ്ങളിലൊന്നും സ്ഥാനം കൊടുക്കാതെ ആഖ്യാനങ്ങളുടെ ഭൂമികയില്‍ നിന്നും പുറത്താക്കിയ കഥനകലയുടെ ഭാവുകത്വങ്ങളോട് കഥയിലൂടെ നാരായന് പ്രതിഷേധിക്കുന്നു. ദൈവങ്ങളും തമ്പുരാനും മിത്തുകളും പഴങ്കഥകളും ഈ വിമര്‍ശനത്തില്‍ കടന്നുവരുന്നു. കഥനകലയുടെ മുഖ്യാധാരാ വഴിയില്‍ നിന്നു വിട്ടുമാറി മറ്റൊരു പാത നാരായന് കണ്ടെത്തുന്നു. അവിടെ നിന്നും തന്റെ ആഖ്യാനങ്ങള്‍ക്കു ഒരു ഭാഷയും കണ്ടെടുക്കുന്നു. സാമൂഹികവിമര്‍ശനത്തിനും ആ ഭാഷയെ എഴുത്തുകാരന് ഉപയുക്തമാക്കുന്നു.
എതിര്‍പ്പിന്റെ നോട്ടങ്ങളായിരുന്നു നാരായന്റെ കഥകള്‍ . ഫെമിനിസ്റ്റ് സൈദ്ധാന്തികയായിരുന്ന ബെല്‍ ഹൂക്സ് പ്രതിപക്ഷനോട്ടം (oppositional gaze ) എന്ന ആശയം അവതരിപ്പിക്കുന്നുണ്ട്. അതുവരെ നോട്ടത്തിനു പോലും വിലക്ക് നേരിട്ട ജനതയുടെ പ്രതിരോധത്തിന്റെ നോട്ടമായിരുന്നു അത്.കലാ സാഹിത്യചരിത്രത്തിലൊക്കെ ദളിതരുടെ നോട്ടത്തെ വിലക്കിയ സാമ്പ്രദായിക ശീലങ്ങളെയെല്ലാം ഈ എതിര്‍പ്പിന്റെ നോട്ടം തുടച്ചുമാറ്റുന്നു. നാരായന് നിലനിന്ന ഭാവുകത്വത്തോടും കര്ത്തൃത്വനിര്മ്മിതികളോടും സ്വയം കണ്ടെത്തിയ ഭാഷയിലൂടെ പൊരുതുകയായിരുന്നു. അതിന്റെ അടയാളം നോവലിനപ്പുറം കഥയിലാണ് പതിഞ്ഞത്.
“തമ്പ്രാന്റെ വക ദുര്‍മരണങ്ങള്‍” ഇങ്ങനെയൊരു എതിര്‍പ്പിന്റെ ഭാഷയിലാണ് അവസാനിപ്പിക്കുന്നത്.
”മൂരിയെ ആരൊക്കെയോ കെട്ടിയെടുത്തു കൊണ്ടുപോയി. ചീരാമാൻ ഇഴഞ്ഞുവലിഞ്ഞ്, കോന്നന്റെ അടുത്തെത്തി. കീറി ചോരപുരണ്ട്. മണ്ണിൽക്കിടന്ന ഉടുമുണ്ടെടുത്ത്, അപ്പന്റെ നഗ്നത മറച്ചു. അപ്പാ അപ്പാ….ങേഹ് മരിച്ചു. എന്റപ്പനെക്കൊന്നു
സകലവേദനകളും മറന്ന്, ഒടിഞ്ഞ കാൽമുട്ടു മണ്ണിലൂന്നിനിന്ന് , അവൻ ചുറ്റിലും നോക്കി.ഇല്ല ആരും സഹായിക്കില്ല, ഇതിനു പകരം വീട്ടാതെ… മരണം എല്ലാവർക്കുമുണ്ടല്ലോ. ഒരി മാത്രം, ഒരുമിയെക്കൊന്നിട്ടു മരിക്കുന്നത് എന്തു സുഖം… ഹാ അവനവിടെനിന്നലറി, കൊല്ലെന്നെ. ”
ഇതു അധിനിവേശത്തിന്റെ ആഖ്യാനപരിസരങ്ങളില്‍ നിന്നും മുക്തമായ പുതിയൊരു ചിന്താസരണിയും ഭാഷാബോധവും നിര്‍മ്മിക്കലാണ്.
“ദൈവത്തിന്റെ ഇടംകണ്ണും വലംകണ്ണും” അയിത്തത്തെയും അന്ധവിശ്വാസങ്ങളെയും പരിഹസിക്കുന്ന കഥയാണ്. ക്ഷേത്രത്തിനകത്ത് ശ്രീകോവിലില്‍ വാഴുന്ന തേവരും ,ക്ഷേത്രത്തിനു പുറത്ത് കാഞ്ഞിരമരത്തില്‍ ബന്ധിച്ചിരിക്കുന്ന കരിങ്കുട്ടിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. ക്ഷേത്രത്തിനകത്തെ ചൂടില്‍ നിന്നും, തൊഴാന്‍ വരുന്ന മനുഷ്യരുടെ കാപട്യത്തില്‍ നിന്നും രക്ഷനേടാന്‍ കരിങ്കുട്ടിയുടെ അരികിലെത്തുന്ന തേവര് തന്റെ വിഷമങ്ങള്‍ കരിങ്കുട്ടിയുമായി പങ്കുവെക്കുന്നു.
ജാതിസംഘര്‍ഷങ്ങള്‍ ദൈവങ്ങള്‍ക്കിടയിലും കാണാം. തേവരെയും കരിങ്കുട്ടിയെയും ആരാധിക്കുന്ന രീതികള്‍ വ്യത്യസ്തമാണ്. തേവരോട് ആയുസ്സും മംഗല്യസൗഭാഗ്യവും പുത്രസൗഭാഗ്യവും ആവശ്യപ്പെടുന്നവര്‍ കരിങ്കുട്ടിയോടു അതു ചോദിക്കാത്തതിന്റെ കാരണം ജനിക്കുന്ന കുട്ടി കറുത്തുപോകുമോ എന്ന പേടിയാണെന്ന് കഥയില്‍ പറയുന്നുണ്ട്. ജാത്യാഭിമാനത്തിന്റെ ദുഷിപ്പ് ഹൃദയത്തില്‍ പേറിയ ജനതയെ കഥ രൂക്ഷമായി വിമര്‍ശിക്കുന്നു. ദളിതരോട് അയിത്തം കാട്ടുന്ന പൂജാരി അവരുടെ ആരാധനാ മൂര്‍ത്തിയായ കരിങ്കുട്ടിയുടെ മുന്നില്‍ ഉള്ള പണം അയിത്തം കാട്ടാതെ കട്ടെടുക്കുന്നത് കരിങ്കുട്ടി തേവരോട് പറയുന്ന സന്ദര്‍ഭം കഥയില്‍ കാണാം. ജാതിയുടെ പേരില്‍ ഒരു ജനതയും അവരുടെ ഭാഷയും ദൈവങ്ങളും എങ്ങനെ പൊതുമണ്ഡലത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്നു എന്നു കഥ പറയുന്നു.
“നാഗങ്ങള്‍ കാക്കുന്ന നിധി “എന്ന കഥ വിശ്വാസത്തിന്റെയും ഭക്തിയുടെയും പുറംമോടിയില്‍ ചൂഷണം നടത്തുന്നവരുടെ കഥയാണ്. പാമ്പ്ശല്യമൊഴിവാക്കാന് സ്വാമിയെ ചെന്നു കണ്ട ശിവനെയും മാലതിയെയും പറമ്പില്‍ നിധിയുണ്ടെന്നു പറഞ്ഞ് സ്വാമി പ്രലോഭിപ്പിക്കുന്നു. നിധി കിട്ടാനുള്ള പല വിധ പൂജകള്‍ നിര്‍ദ്ദേശിച്ചു സ്വാമി അവരുടെ സമ്പത്തിന്റെ അസ്ഥി വാരം ഇളക്കിയെടുക്കുന്നു. അതുവരെ സമ്പാദിച്ചത് നഷ്ടപ്പെടുത്തിയും പലരില്‍ നിന്നും കടംവാങ്ങിയും ശിവനും മാലതിയും പ്രതിസന്ധിയിലാവുന്നു. അപ്പോഴും നിധിയോടുള്ള ഒടുങ്ങാത്ത ആസക്തിയാല്‍ അവര്‍ സ്വാമി പറഞ്ഞതെല്ലാം ചെയ്യുന്നു. ഒടുക്കം സ്വാമി നരബലി ചെയ്ത് നിധി കണ്ടെത്താം എന്നുപറഞ്ഞ വേളയില്‍ അവര്‍ പതറുന്നു. നരബലിക്കായി കൊണ്ടുവന്ന കുട്ടിയെ സ്വാമിയില്‍ നിന്നും നാട്ടുകാര്‍ രക്ഷിക്കുന്നു. ശിവനെ നാട്ടുകാര്‍ പിടിച്ചുകെട്ടുന്നു.മനുഷ്യന്റെ മോഹത്തിന്റെ പിറകെയുള്ള ആര്‍ത്തിയോടെയുള്ള സഞ്ചാരവും അതിന്റെ പരിണിതഫലവും സാമൂഹികവിമര്ശനത്തോടെ കഥാകൃത്ത് അവതരിപ്പിക്കുന്നു. ഒടുക്കം സ്വാമിയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടിയോട് പേര് ചോദിക്കുമ്പോള്‍ അവള് തേവു എന്നു പറയുന്നു.വീടെവിടെയാണന്നറിയാതെ അവള് അമ്പരന്നു നില്ക്കുന്നു.
”നേഴ്സ് ചോദിച്ചു. “മോളുടെ പേരെന്താ?
”തേവു ”
“അമ്മയുണ്ടോ?
ഉം
“അച്ഛനോ?”
“അറിയില്ല”
“വീടെവിടെയാ?
“അതുമറിയില്ല.
ഓർമ്മ വന്നത് ഏറെക്കഴിഞ്ഞ്. ഒരാൾ തന്ന ചോക്കലേറ്റു തിന്നു. പിന്നെ ഒന്നുമോർമ്മയില്ലായിരുന്നു. കുട്ടി ശിവനെയും
മാലതിയെയും മാറിമാറി നോക്കി. ആരാണിവരൊക്കെ? ” എന്ന നോട്ടത്തില്‍ കഥ അവസാനിക്കുന്നു.
“അജാമിളമോക്ഷവും കാലന്‍കോഴിയും”
എന്ന കഥ ‘അജാമിളമോക്ഷം ‘ എന്ന പുരാണകഥയെ കാലാനുസൃതമായി പുനര്‍വിന്യസിക്കുകയാണ്. പുനര്‍വിന്യാസത്തിലൂടെ ജാതിത്തറകളുടെ അടിത്തറയിലേക്ക് കഥാകൃത്ത് വിരല്‍ചൂണ്ടുന്നു. നാരായണന് എന്ന, ജീവിതം നോക്കി അന്ധാളിച്ചുനില്ക്കുന്നൊരാളിലൂടെ ആഖ്യാനം മുന്നോട്ടു നീങ്ങുന്നു. തമ്പ്രാന്റെ വക ദുര്‍മരണങ്ങള്‍, തലയ്ക്കും മുലയ്ക്കും കരം,വാണിയന്മൂപ്പര് , തേന്‍വരിക്ക, ഈനാംചക്കി,നിസ്സഹായന്റെ നിലവിളി, ശവംകാവല് , മലമുഴക്കികള്‍ കാടുപേക്ഷിക്കുമ്പോള് , സൂചിമുഖി ഒരുരാക്ഷസി തുടങ്ങി നിരവധി കഥകള്‍ ജീവിതത്തിലാണ്ടു നില്ക്കുന്ന വേരിന്റെ ഗന്ധം പേറുന്നവയാണ്. അവയിലൊക്കെയും പ്രതിഷേധത്തിന്റെ സ്വരം കേള്‍ക്കാം.
ഇങ്ങനെ ജീവിതത്തിന്റെ സാന്ദ്രതയെ , അതിലൂറി നില്ക്കുന്ന വേദനയെ,അന്യവത്കരണത്തെ നാരായന് കഥകളിലൂടെ ആവിഷ്കരിക്കുന്നു. ഒരു എഴുത്തുകാരന് എന്നു പറയാന്‍ ആത്മവിശ്വാസമില്ലാത്ത തന്നെക്കുറിച്ച് നാരായന് കൊച്ചരേത്തിയുടെ ആമുഖത്തില്‍ പറയുന്നുണ്ട്. ആരേയും അനുകരിക്കാതെ,സ്വന്തം ഭാഷയില്‍ , സ്വന്തം ശൈലിയില്‍ താനെഴുന്നു- കഥാകൃത്ത് പ്രഖ്യാപിക്കുന്നു.കഥയെഴുത്തിന്റെ രീതികൾ ഒന്നും അറിയാത്തൊരാളാണ് താനെന്ന് പറയുന്ന നാരായന്,തന്നിലൊതുങ്ങാത്ത ആഗ്രഹമെന്നു പറഞ്ഞ എഴുത്തുകാരന്റെ കര്‍ത്തൃത്വത്തിലേക്കു രചനകളിലൂടെ സഞ്ചരിച്ചു. അതുവരെ പുറമേ നിന്നു സാഹിത്യലോകം നോക്കിക്കണ്ട ജനതയുടെ ജീവിതത്തെ കര്‍ത്തൃപദവിയിലേക്ക് കൊണ്ടുവന്നു.തനിക്ക് തോന്നിയ ശൈലിയില്‍ കാനോനകളുടെ പനയോല കെട്ടുകളെ തീപ്പിടിപ്പിച്ചു. ഭാഷയിലും പ്രമേയത്തിലും അപരിചിതമായ ഭാഷയും സംസ്കാരവും സന്നിവേശിപ്പിച്ചു. അധിനിവേശത്തിന്റെ വിലങ്ങുകളെ പൊട്ടിച്ച് ഒരു രചനവഴി തുറന്നു. മലയാളത്തിന്റെ പൊതുരചനാ ബോധങ്ങളെ അട്ടിമറിച്ച പ്രവര്‍ത്തനമായിരുന്നു അത്. നാരായന് ഉയര്‍ന്ന ശിരസ്സോടെ സാഹിത്യലോകത്ത് അനശ്വരനായി നിലനില്ക്കും, ഒപ്പം അയാള്‍ പറഞ്ഞ ജീവന്റെ തുടിപ്പാര്‍ന്ന കഥകളും.
കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ