പൂമുഖം LITERATURE കാടകം (അധ്യായം – 6)

കാടകം (അധ്യായം – 6)

ഇരുപത്തിമൂന്ന്

നാലുപേരും പരസ്പരം കാര്യമായി സംസാരിക്കാതെ, രക്ഷപ്പെടാനുള്ള പദ്ധതികൾപോലും വെടിഞ്ഞ് രണ്ടു ദിവസം വെറുതെയിരുന്നു. രണ്ടാംദിവസം ഹേമ രാജനോട് ജോലി തുടരുന്നതിനെപ്പറ്റി ചോദിച്ചെങ്കിലും അവൻ മുഖം കുനിച്ച് ഇരുന്നതേയുള്ളു. സ്റ്റെല്ലയും ഹേമയും ശേഖരിച്ചു കൊണ്ടുവന്ന പേരയ്ക്കകൾ ആയിരുന്നു പ്രധാന ഭക്ഷണം. കാടിനുള്ളിൽ കണ്ട പേരയുടെ സർവ്വവ്യാപിത്വം യുവതികളെ വല്ലാതെ അതിശയിപ്പിച്ചു. പക്ഷേ അസാധാരണ മധുരമുള്ള കായകൾ കഴിക്കുമ്പോൾ അധികം സന്തോഷിക്കരുതെന്നും തൊട്ടടുത്ത് മരണമുണ്ടാകാമെന്നും സ്റ്റെല്ല സ്വയം മുന്നറിയിപ്പ് നൽകി. മൂന്നാംനാൾ രാത്രിയോടെ മഴ തുടങ്ങി. മഴയല്ല, വലിയ അലർച്ചപോലെ പേമാരിയാണു വന്നത്. നിർത്താതെ പെയ്യുന്ന മഴ! അതുവരെ നേരിട്ട പ്രതിസന്ധികൾ എല്ലാം അതിന്റെ മുൻപിൽ നിസ്സാരമെന്നു തോന്നിച്ച ഭീകരത. ആകാശത്തുനിന്നും മരക്കൊമ്പുകളിൽ നിന്നും ഭൂമിയിലേക്ക് മഴ മുറിവില്ലാതെ ഒഴുകി. ഇലകളും കമ്പുകളും ചേർത്ത് രാജനുണ്ടാക്കിയ മേൽക്കൂര മഴയുടെ പ്രഹരം താങ്ങാനാകാതെ നിലംപൊത്തി. അതോടെ നാലുപേരും മരങ്ങളുടെ സംരക്ഷണയിലേക്ക് നീങ്ങി. മരച്ചുവട്ടിൽ നിൽക്കുമ്പോൾ പാദങ്ങളെ നനച്ച് മഴയുടെ തണുപ്പ് ഒഴുകിക്കൊണ്ടിരുന്നു. നേരം പുലരുന്നതിന്റെ വെളിച്ചം വന്നുതുടങ്ങിയപ്പോഴേക്കും വെള്ളം മുട്ടോളം ആയിക്കഴിഞ്ഞിരുന്നു.

ഏതോ ഉൾപ്രേരണയിലെന്നവണ്ണം രാജൻ പൊടുന്നനെ തനിച്ചു നടന്നു തുടങ്ങി. അവൻ നടന്ന് കാണാമറയത്തായതോടെ സ്റ്റെല്ലയും ഹേമയും കൈകോർത്തു പിടിച്ച് ഗിരിയുടെ അടുത്തേക്ക് നീങ്ങി. അന്തരീക്ഷം പെട്ടെന്ന് കൂടുതൽ ഇരുണ്ടതിനൊപ്പം മഴയുടെ ശക്തിയും കൂടി. കാടിന്റെ മേലാപ്പിനെ ആകെയുലച്ച് ഒരു വലിയ കാറ്റ് വീശാൻ തുടങ്ങി. സന്ദേഹമില്ലാതെ സ്റ്റെല്ല ഉറപ്പിച്ചു: ഇതാ, ഇതാ എല്ലാം അവസാനിക്കുന്നു. വെള്ളം മുട്ടിൽനിന്ന് അരക്കെട്ടോളം ഉയർന്നതോടെ ഗിരി വേവലാതി പൂണ്ടു പറഞ്ഞു: ‘എവിടെയോ ഉരുൾ പൊട്ടിയിട്ടുണ്ടെന്നു തോന്നുന്നു. നമുക്ക് ഇവിടുന്നു പോകാം.’

എങ്ങോട്ടെന്ന് പറഞ്ഞില്ലെങ്കിലും രാജൻ പോയ ദിശയിലേക്കാണ് അവർ പാടുപെട്ട് നീങ്ങിയത്. എളുപ്പമായിരുന്നില്ല നടത്തം. വഴുക്കലുള്ള വേരുകളിൽ തട്ടി തുടർച്ചയായി വീണതോടെ മൂന്നുപേരും കിതയ്ക്കാൻ തുടങ്ങി. കൂടുതൽ വെള്ളം നാലു ദിശകളിൽ നിന്നും വന്നുനിറയുന്നുണ്ടായിരുന്നു. രാജൻ എതിർദിശയിൽ നിന്ന് പാടുപെട്ടു വരുന്നതു കണ്ടു. അവൻ അടുത്തെത്തിയതും ഹേമ സ്റ്റെല്ലയുടെ ദേഹത്തേക്ക് മോഹാലസ്യപ്പെട്ടു വീണു. രാജൻ തല കുനിച്ച് വെള്ളത്തിൽ മുങ്ങി ഹേമയെ ചുമലിലേറ്റാൻ നോക്കി. ഗിരിയുടെ സഹായത്തോടെ ഹേമയെ ചുമലിലേറ്റി രാജൻ നടന്നു തുടങ്ങി. പരസ്പരം കൈകോർത്ത് സ്റ്റെല്ലയും ഗിരിയും ഒപ്പം നടന്നു. കുറേശ്ശേ കയറ്റം കയറുകയാണെന്നും അതുകൊണ്ട് വെള്ളത്തിന്റെ നിരപ്പ് താഴുകയാണെന്നും മനസ്സിലായി. അകലെ വിസ്തൃതമായ ഒരു പാറക്കെട്ടും കാണാറായി. അങ്ങോട്ട് അവർ നീങ്ങി.

വര: പ്രസാദ് കാനത്തുങ്കൽ

ഇരുപത്തിനാല്

മൂന്നു ദിവസം കൂടി തോരാതെ മഴ പെയ്തു. നാലുപേരും മരങ്ങളുടെ ചുവട്ടിൽ തന്നെ മൂന്നു ദിവസവും രക്ഷതേടി. ആകെയുള്ള തുണികൾ നനച്ച് ഉണക്കിയിട്ടിരുന്നത് വെറുതെയായി. അതെല്ലാം അകലെ വെള്ളത്തിൽ കിടക്കുകയാകും. രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ അവ എടുക്കാൻ മറന്നു. കമ്പി,വെട്ടുകത്തി എന്നിവയും വെള്ളത്തിൽ തന്നെയാണ്. അവയില്ലാതെ എങ്ങനെ വേട്ടയാടും, എങ്ങനെ ആപത്തുകളെ നേരിടും എന്ന ശങ്ക നാലുപേർക്കും ഉണ്ടായി. തീ കത്തിക്കാനുള്ള സൗകര്യമില്ലാത്തതിനാൽ മുന്നിൽ വന്നുപെട്ട പറവകളെയും ചെറുമൃഗങ്ങളെയും വെറുതേ വിട്ട് അവർ പഴങ്ങളും കായകളും കൊണ്ട് വിശപ്പടക്കി.

നാലാം ദിവസം മഴ ശമിച്ചു. വെള്ളമിറങ്ങാൻ രണ്ടുദിവസങ്ങൾ കൂടി അവർ കാത്തു. പിന്നെ പുറപ്പെട്ടയിടത്തേക്ക് നീങ്ങി. നഷ്ടപ്പെട്ടെന്ന് കരുതിയ പണിയായുധങ്ങളും വസ്ത്രങ്ങളും ചെളിയിൽ നിന്ന് പാടുപെട്ട് വീണ്ടെടുത്തു. വീണ്ടും ഒരു പാർപ്പിടം ഉണ്ടാക്കി. രണ്ടു ദിവസം വിശ്രമിച്ചു.

ഇരുപത്തിയഞ്ച്

വളരെ പ്രായംചെന്ന ഒരു കാട്ടുപോത്തിന്റെ വരവാണ് അടുത്ത ദിവസത്തിനെ പ്രാധാന്യമുള്ളതാക്കിയത്. അതിരാവിലെ സ്റ്റെല്ലയാണ് പോത്തിന്റെ വരവ് ആദ്യം കണ്ടത്. അതിന്റെ ഭീമാകാരം കണ്ട് അവൾ ഭയചകിതയായി. പോത്ത് അല്പം ദൂരത്ത് നിന്ന് തങ്ങളെത്തന്നെ നോക്കി നിൽക്കുന്നതാണ് അവൾ കണ്ടത്. നിമിഷങ്ങൾക്കുള്ളിൽ അത് തങ്ങളുടെ നേരെ കുതിക്കും എന്നും എല്ലാവരെയും അവസാനിപ്പിക്കുമെന്നും അവൾക്ക് തോന്നി.

‘എണീറ്റേ, എണീറ്റേ. അയ്യോ ! വേഗം എണീറ്റേ.’
സ്റ്റെല്ല ബഹളം ഉണ്ടാക്കി. ഹേമയും ചാടി എഴുന്നേറ്റു. പോത്തിനെ കണ്ട് അവളും ഭയന്നു. ഗിരി രാജനെ കുലുക്കിയുണർത്തി. പോത്തിനെ കണ്ട് രാജൻ ചാടിയെഴുന്നേറ്റു. വെട്ടുകത്തി എടുത്ത് വേഗം തയ്യാറായി നിന്നു. പോത്ത് മെല്ലെ അവർക്ക് നേരെ നടന്നു. ക്ലേശിച്ചുള്ള അതിന്റെ വരവ് കണ്ടപ്പോൾ തന്നെ രാജന് ധൈര്യമായി. മരണാസന്നനായ ഒരു കിഴവൻ പോത്താണ്. അത് കുതിച്ചു വരില്ല. അതിന്റെ വെട്ടിന് ആയം കാണില്ല.

പോത്തിന്റെ നടത്തയുടെ വേഗം കുറഞ്ഞു കുറഞ്ഞു വന്നു. അത് നിശ്ചലമായി നിന്ന് അവരെ ദയനീയമായി നോക്കി. പിന്നെ വലിയ ശബ്ദത്തോടെ താഴെ വീണ് ചത്തു.

‘നമ്മുടെ മരണം അടുത്തെന്നാ കരുതിയെ.’ ഹേമ പറഞ്ഞു.

‘അതിന്റെ അടുത്തോട്ട് പോകാം.’ ഗിരി എഴുന്നേറ്റു കൊണ്ട് പറഞ്ഞു . ഗിരിക്ക് ഒപ്പം ഹേമയും സ്റ്റെല്ലയും പോത്തിന്റെ അടുത്തേക്ക് നീങ്ങി. അല്പസമയം മടിച്ചു നിന്ന ശേഷം രാജനും അങ്ങോട്ട് ചെന്നു.

‘ഇതിന്റെ ഇറച്ചി കൊള്ളാമോ? ചത്തുവീണതാ.’
ഗിരി രാജനോട് ചോദിച്ചു .

ഒന്നും മിണ്ടാതെ രാജൻ കുനിഞ്ഞ് പോത്തിനെ മണത്തു. അതിന്റെ ദേഹമാകെ തടവി. പിന്നെ തിരികെ പോയി വെട്ടുകത്തിയുമായി വന്നു.

ഒന്നുരണ്ടു ദിവസത്തെ ഭക്ഷണം കുശാൽ ആയെങ്കിലും പോത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അതിന്റെ ഭീമൻ ശരീരം അവിടെക്കിടന്ന് അഴുകാൻ തുടങ്ങി. ചെറുതും വലുതുമായ മൃഗങ്ങളുടെ ഒരു സഞ്ചയം തന്നെ അവിടെ ഉണ്ടായി വന്നു. പോത്തിന്റെ ജഡത്തിന്റെ ദുർഗന്ധം അസഹ്യമായപ്പോൾ മനുഷ്യർക്ക് പാർപ്പിടം അവിടെനിന്നു മാറ്റേണ്ടി വന്നു.

ആ കഠിനാധ്വാനത്തിന്റെ പ്രധാന ഫലം രാജനുമായി ബാക്കിയുള്ളവർക്ക് ഉണ്ടായിരുന്ന അകൽച്ച മാറിക്കിട്ടി എന്നതാണ്. ഒരുതവണ പഴം ശേഖരിക്കാൻ സ്റ്റെല്ല രാജനൊപ്പം പോയി. കാട്ടിൽ എത്തിയശേഷം ആദ്യമായാണ് അവർ ഒരുമിച്ച് പോകുന്നത്. രണ്ടുപേരും ഒന്നും മിണ്ടാതെ ജോലി ചെയ്തു. പെട്ടെന്ന് അകലേക്ക് ചൂണ്ടിക്കൊണ്ട് സ്റ്റെല്ല പറഞ്ഞു: ‘അതാ അവിടെ ആ മരത്തിൽ നിറയെ പഴം. എന്തുപഴമാ അത്?’

ആ മരത്തിന് താഴെ ഇരുവരും നിന്നു. മരമേതെന്ന് രാജനും മനസ്സിലായില്ല. വലിയ ഇലകളും തവിട്ടു പഴങ്ങളും ഉള്ള ഒരു വലിയ മരം. താഴെയെമ്പാടും അതിന്റെ പൂക്കൾ വീണു കിടന്നിരുന്നു.

രാജൻ ചോദിച്ചു: ‘ഞാൻ നിങ്ങളെ എടുത്തുയർത്തട്ടെ? ആ ചില്ല നന്നായി കുലുക്കിയാൽ പഴം മുകളീന്ന് വീണോളും.’

സ്റ്റെല്ല ഒന്നു മടിച്ചു. പിന്നെ തലയാട്ടി. രാജൻ അവളെ എടുത്തുയർത്തി . സ്റ്റെല്ല ശക്തിയായി മരച്ചില്ല കുലുക്കി. നിറയെ പഴം വീണു.

സ്റ്റെല്ല മരച്ചില്ല കുലുക്കൽ അവസാനിപ്പിട്ടും രാജൻ അവളെ നിലത്തു വെച്ചില്ല. സ്റ്റെല്ല അമ്പരന്നു പോയി. ബലം പ്രയോഗിച്ചപ്പോൾ പിടുത്തം വിട്ടു. പക്ഷേ താഴേക്ക് വന്നുകൊണ്ടിരുന്ന സ്റ്റെല്ലയുടെ ദേഹത്തിനു നേരെ മുഖം ചേർത്തുവെച്ചു.

തിരികെ വരുമ്പോൾ രാജനും സ്റ്റെല്ലയും ഒന്നും സംസാരിച്ചില്ല.

ഇരുപത്തിയാറ്

‘ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമായിപ്പോയി അത്. അവൻ നൂറു ശതമാനം മാന്യൻ ആണെന്ന് തെറ്റിദ്ധരിച്ചിരുന്നു. ഇന്നത്തെ അനുഭവത്തോടെ എനിക്ക് അവനെ മനസ്സിലായി. മറ്റുള്ള ആണുങ്ങളെപ്പോലെ ഒരു ആണ്. അത്രമാത്രം.’ അരുവിയിലേക്ക് നടക്കുമ്പോൾ സ്റ്റെല്ല ഹേമയോട് പറഞ്ഞു.

‘നീ ഇപ്പോഴും നാട്ടിൽ തന്നെ നിൽക്കുവാണ് സ്റ്റെല്ല. മാന്യൻ, മാന്യത ഇതൊക്കെ നാട്ടിലെ സംസ്കാരവുമായി ബന്ധപ്പെട്ടതല്ലേ. ഇവിടെ കാട്ടിൽ ആണും പെണ്ണുമേ ഉള്ളൂ. നമ്മളെല്ലാം നാട്ടിൽ ജീവിച്ചു വന്നതുകൊണ്ട് ഇപ്പോഴും അവിടുത്തെ സംസ്കാരം അൽപം കാണിക്കുന്നു എന്നേയുള്ളൂ. അത് അധികം നാൾ ഉണ്ടാവില്ല. ഒന്നാലോചിച്ചു നോക്കിയേ, തിന്നാൻ ഒന്നും കിട്ടാതെ ചാവാൻ തുടങ്ങിയാൽ നമ്മൾ എന്തു ചെയ്യും. ആദ്യം അവനവന്റെ കാര്യം നോക്കും. അതുപോലെയേ ഉള്ളൂ ഇത്. അർദ്ധനഗ്നയോ ഏതാണ്ട് പൂർണ്ണ നഗ്നയോ ആയ ഒരു പെണ്ണിനെ കാട്ടിൽ അടുത്ത് കിട്ടിയാൽ ഒരാണ് എന്ത് ചെയ്യാനാ സാധ്യത, അവളെ ഭോഗിക്കുകയല്ലാതെ? അവന് സംസ്കാരം അല്പം കൂടുതലുള്ളതു കൊണ്ട് അങ്ങനെ ചെയ്തില്ല എന്നേയുള്ളൂ. പക്ഷേ എന്നെ അത്ഭുതപ്പെടുത്തുന്ന സംഗതി മറ്റൊന്നാ.’

‘എന്ത്?’

‘നിന്നെ പഥ്യമല്ല എന്ന് തുറന്നുപറഞ്ഞ ആളാ അവൻ. ഇതുവരെ നിന്നോട് അകലം കാട്ടിയിരുന്ന ആളും. ഇതെന്താണ് പെട്ടെന്ന് നിന്നെ തൊടാനും ചുംബിക്കാനുമൊക്കെ താൽപര്യപ്പെടുന്നത്? ആദ്യം കേട്ടപ്പോൾ അത്ഭുതം തോന്നിയെങ്കിലും എനിക്കതിന് ഉത്തരമുണ്ട്. നിന്നോട് പറയില്ലെന്നു മാത്രം.’

‘നീ സുരക്ഷിതയായല്ലോ, കുടുംബിനിയല്ലേ! ഭർത്താവ് ഒപ്പം ഉണ്ടല്ലോ,’ സ്റ്റെല്ല പറഞ്ഞു.

ഹേമയ്ക്ക് അരിശം ഇരച്ചു കയറി:
‘ഞാനൊരു കാര്യം ചെയ്യാം. ഗിരിയെ നിനക്ക് തന്നേക്കാം. നീ അവനുമായി അങ്ങു ജീവിച്ചോ.’

‘നിനക്ക് എങ്ങനെ അത് പറയാൻ തോന്നി !’

സ്റ്റെല്ല സംഭാഷണം അവസാനിപ്പിച്ചു വിഷാദത്തോടെ നടന്നു. രാവിലെ രാജനുമൊത്ത് പഴം ശേഖരിച്ച മരത്തിന്റെ ചുവട്ടിലെത്തിയപ്പോൾ സ്റ്റെല്ല പെട്ടെന്ന് ഒരു കല്ലെടുത്ത് ആ മരത്തിനു നേരെ എറിഞ്ഞു .
‘നശിച്ചത്!,’ മരത്തിനെ അവൾ പ്രാകി.
ഹേമ അവളെ ചേർത്തുപിടിച്ചു ചോദിച്ചു:
‘ഇതാണോ ആ മരം?’

സ്റ്റെല്ല ഒന്നും മിണ്ടിയില്ല.

‘സ്റ്റെല്ലേ,’ ഹേമ പറഞ്ഞു. ‘അധികം സംസാരിക്കുന്നില്ലെങ്കിലും നിന്നോട് തുറന്നു പറച്ചിൽ നടത്തിയതോടെ രാജന് അവന്റെ കോംപ്ലക്സുകളിൽ നിന്ന് കുറച്ച് മോചനം കിട്ടിയിട്ടുണ്ട്. ശരിയാണോ എന്നറിയില്ല, ഇപ്പോൾ അവന്റെ ശ്രമം നിന്റെ മുകളിൽ ആധിപത്യം നേടാനാണെന്നു തോന്നുന്നു.’

‘എന്തിന്?’

‘നിന്റെ മേൽ ആധിപത്യം നേടുക എന്നു വെച്ചാൽ അവനെ സംബന്ധിച്ചിടത്തോളം ഒരുപക്ഷേ ഭൂതകാലത്തിൽ നിന്നുള്ള മോചനം നേടലാകാം.’

‘എത്ര നിമിഷം കൂടിയുണ്ട് ജീവിതം എന്ന് ഉറപ്പില്ലാത്തപ്പോഴാണോ അവൻ ആധിപത്യവും അധീശത്വവുമൊക്കെ ചിന്തിക്കുന്നേ? അത്ര വിഡ്ഢിയാണോ അവൻ?’

‘നിനക്കും എനിക്കുമുള്ള പോലെ മരണഭയം അവനുണ്ടാകില്ല.’

‘ശരിയാ. അതൊരു പോത്താ.’

‘അങ്ങനെ പറയാതെ.’

ഇരുപത്തിയേഴ്

താമസിക്കുന്ന സ്ഥലം കേന്ദ്രമാക്കി നാല് വശത്തേക്കും പാത പണിയുന്ന ജോലി അർത്ഥശൂന്യമായ ഒന്നായി രാജന് തോന്നി. കാട്ടിലെത്തിയിട്ടു മൂന്നു മാസമെങ്കിലും കഴിഞ്ഞിട്ടുണ്ടാവണമെന്ന് അവൻ ഊഹിച്ചു. ഇതിനകം ഓരോ വശത്തേക്കും എത്ര ദൂരം പോയിട്ടുണ്ടാവണം? രാവിലെ മുതൽ ഉച്ചവരെ ആഞ്ഞു നടന്നാൽ എത്തുന്ന ദൂരം മാത്രം. ഓരോ ദിവസത്തെയും പണി കഴിഞ്ഞ് കേന്ദ്രത്തിലേക്ക് നടന്നുവരാനുള്ള സമയം ആണ് വലിയ വേസ്റ്റ്. ഇനി അത് വേണ്ട. ഏതെങ്കിലും ഒരു വശം നിശ്ചയിച്ച് അങ്ങോട്ട് ഊർജ്ജിതമായി നീങ്ങണം. രണ്ടുമൂന്നു ദിവസമായി രാജൻ കാറ്റിന്റെ ഗതി പഠിക്കുകയായിരുന്നു. മുഖ്യമായും ഒരു വശത്തു നിന്നാണ് കാറ്റ് കടന്നുവരുന്നതെന്ന് അവൻ കണ്ടെത്തി. അവിടെയാകണം നാട്. ഇനിയങ്ങോട്ട് തന്നെ നീങ്ങണം.

മറ്റുള്ളവരോട് ആശയം ചർച്ച ചെയ്യാൻ പോയില്ല. പകരം തുടർച്ചയായി ആറു ദിവസം നിശ്ചയിച്ച ദിശയിൽ തന്നെ യാത്ര ചെയ്തു. ആരും എതിർത്തില്ല. ചോദ്യം ചെയ്തതു പോലുമില്ല. ആറാം ദിവസം വിസ്തൃതമായ അരുവിയും പാറക്കെട്ടും ഉള്ള ഒരു സ്ഥലം കണ്ടു. അവിടെ താവളം ഒരുക്കി മൂന്നുദിവസം വിശ്രമിച്ചു. ഇതേ പ്രക്രിയ ആഴ്ചകളോളം ആവർത്തിച്ചു. പത്തു തവണ താവളം മാറ്റി.

‘നമുക്ക് നിശ്ചയമായും ദിശ തെറ്റിയിരിക്കുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല. ഇതേ ദിശയിലൂടെ തന്നെ പോകാം.’ ഒരു ദിവസം സ്റ്റെല്ല അഭിപ്രായപ്പെട്ടു. ഹേമയ്ക്കും ഗിരിക്കും അതേ അഭിപ്രായമായിരുന്നു. രാജനും ഉള്ളിൽ ആ ചിന്ത തോന്നുന്നുണ്ടായിരുന്നു. പക്ഷേ കാറ്റിന്റെ ദിശ? സ്റ്റെല്ലയുടെ പറച്ചിലിൽ ഉണ്ടായിരുന്ന കുറ്റപ്പെടുത്തലിന്റെ ധ്വനി അവനിഷ്ടമായില്ല. എങ്കിലും കുറ്റപ്പെടുത്താൻ അവൾ കാണിക്കുന്ന ധൈര്യം അവന് ഇഷ്ടമായി. അതിനൊരു കാരണം കൂടി ഉണ്ടായിരുന്നു. തലേന്നു രാത്രി കണ്ട ഒരു സ്വപ്നം. അതിൽ സ്റ്റെല്ലയും അവനും ഭാര്യാഭർത്താക്കന്മാരായിരുന്നു. അവർക്ക് നാലഞ്ച് കുട്ടികൾ ഉണ്ടായിരുന്നു. രാജന്റെ നഷ്ടപ്പെട്ടുപോയ പെറ്റമ്മ മുത്തശ്ശിയായി അവരുടെ വീട്ടിൽ കൂനിക്കൂടിയിരിക്കുന്നുണ്ടായിരുന്നു. സ്റ്റെല്ല അവരെ അനുകമ്പയോടെ പരിചരിക്കുന്നുണ്ടായിരുന്നു.

ഇരുപത്തിയെട്ട്

പത്താമത്തെ താവളത്തിൽ എത്തിയപ്പോൾ ഇനി രണ്ടുദിവസം വിശ്രമം എന്ന് തീരുമാനമായി. രാജന് കലശലായ പനി ഉള്ളതുകൊണ്ട് അവനെ വിശ്രമിക്കാൻ വിട്ട് മറ്റു മൂന്നു പേരും പുറത്തു പോയി. അവർ പോയപ്പോൾ ഒരു ഊർജ്ജവും ഇല്ലാതെ രാജൻ മയങ്ങിപ്പോയി. അല്പസമയം കഴിഞ്ഞു കാണും മുഖത്ത് മുള്ളുകൊള്ളുന്ന പോലെയുള്ള ഒരു തോന്നലിൽ അവൻ കണ്ണ് തുറന്നു. പനിയുടെ ആധിക്യതയിൽ മുന്നിൽ കണ്ട ദൃശ്യം അവനു വ്യക്തമായില്ല. തീക്കട്ട പോലെയുള്ള രണ്ട് കണ്ണുകൾ തന്നെ നോക്കുന്നു. ഒരു മൃഗത്തിന്റെ വലിയ മുഖം മുന്നിൽ. കടുവ! അനങ്ങാൻ പോലുമാവാതെ കനത്ത ഭീതിയിൽ രാജന്റെ ബോധം പോയി.

മണിക്കൂറുകൾ കഴിഞ്ഞ് പോയവർ തിരികെ എത്തിയപ്പോഴും രാജന് ബോധം ഇല്ലായിരുന്നു. അവർ അവനെ കുലുക്കിയുണർത്തി. കുറെ നേരം മറ്റേതോ ലോകത്തിൽ നിന്ന് വന്ന പോലെ അവൻ അവരെ നോക്കി പകച്ചിരുന്നു. പിന്നെ ചാടി എഴുന്നേറ്റ് ചുറ്റും നോക്കി.

‘എന്താ,’ സ്റ്റെല്ല ചോദിച്ചു.
ഒന്നും മിണ്ടാൻ ആകാതെ രാജനിരുന്നു. അവന്റെ അസാധാരണ ഭാവം കണ്ട് മറ്റു മൂന്നു പേർക്കും അതിശയം തോന്നി. രാജൻ മെല്ലെ എഴുന്നേറ്റ് എന്തോ നോക്കിക്കൊണ്ട് ചുറ്റും നടന്നു. അല്പം പൂഴിമണ്ണ് കിടന്നതിൽ ഏതോ മൃഗത്തിന്റെ വലിയ കാൽപ്പാടുകൾ കണ്ടു. അവൻ കൂട്ടുകാരുടെ അടുത്തേക്ക് തിരികെ എത്തി.

‘ഇവിടം ഒട്ടും സുരക്ഷിതമല്ല. ഇപ്പോൾ തന്നെ മുന്നോട്ടു പോകാം.’

രാജൻ കൂടാരം ഉറപ്പിച്ചിരുന്ന മരക്കുറ്റികൾ പിഴുതെടുത്തു.

‘നാളെ ആകട്ടെ രാജാ. ഞങ്ങൾ വല്ലാതെ തളർന്നിരിക്കുകയാണ്. ഇന്ന് ഞങ്ങൾ ഒരു ഊരാക്കുടുക്കിൽ ആയിപ്പോയി. എന്താന്നുവെച്ചാ തിരിച്ചുവരാനുള്ള വഴി മറന്നു പോയി. ഒരു വിധത്തിൽ തിരികെയെത്തിയതാ. അതാ ഇത്ര സമയം എടുത്തത്.’
ഹേമ പറഞ്ഞു .

‘നാളെ ഒക്കുകില്ല. അതാ പറഞ്ഞത് ഇപ്പോൾ തന്നെ പോകാമെന്ന്.’

‘കാര്യം പറ.’ ഗിരി അക്ഷമ കാട്ടി.
‘കടുവ.’ രാജൻ അത്രമാത്രം പറഞ്ഞു .

മറ്റുള്ളവർ പിന്നെ ഒന്നും പറഞ്ഞില്ല. രാജനൊപ്പം അവർ മുന്നോട്ടു നീങ്ങി.

പോകുന്ന പോക്കിൽ അവർ രാജനിൽ നിന്ന് നടന്ന കാര്യം ചോദിച്ചറിഞ്ഞു. പനിയുടെ ആധിക്യം മൂലം ഉണ്ടായ മായക്കാഴ്ച ആകാമെന്ന് സ്റ്റെല്ല ഹേമയോട് അടക്കം പറഞ്ഞു. അവൾ ഗിരിയോടും അടക്കം പറഞ്ഞു. അവർ പറയുന്നത് എന്താണെന്ന് രാജൻ ഊഹിച്ചു. അവനു മാത്രം സംശയം ഒന്നുമില്ലായിരുന്നു. മുഖത്ത് നല്ലവണ്ണം ഒട്ടുന്ന ഉമിനീർ. അതിന്റെ മരണത്തിന്റെ ഗന്ധമുള്ള ഉപ്പ്. വഴിയിൽ കിട്ടിയ വയണയില കൊണ്ട് അവൻ അതു തുടർച്ചയായി തുടച്ചു കൊണ്ടിരുന്നു.

ഇരുപത്തിയൊൻപത്

അടുത്ത ഒരാഴ്ച പൂർവാധികം ഊർജ്ജിതമായാണ് കാടിനു വെളിയിലേക്കുള്ള യാത്ര നടന്നത്. പനിയുടെ അവശതയിലും രാജനായിരുന്നു ജോലിയെടുപ്പിൽ മുന്നിൽ. അർദ്ധബോധാവസ്ഥയിൽ എന്നവണ്ണമായിരുന്നു തുടക്കത്തിൽ രണ്ടു ദിവസങ്ങളിൽ രാജന്റെ പ്രവർത്തനം. കടുവയുടെ ഭീഷണമായ രൂപം കൂടെക്കൂടെ മുന്നിലുയരും. ഒരു വിറ ദേഹമാകെ അപ്പോൾ പടരും. കടുവ എന്തുകൊണ്ട് തന്നെ വെറുതെ വിട്ടു എന്ന അമ്പരപ്പ് പിന്നെ മനസ്സിൽ ഉയരും. തിന്നുതുടങ്ങുന്നതിന്റെ ഭാഗമായി മുഖം ആകെ നക്കിയ മട്ട് ഉണ്ട്. തന്നെ അതിന് കയ്യോടെ തിന്നാമായിരുന്നു. അല്ലെങ്കിൽ കടിച്ചെടുത്തു കൊണ്ട് പോകാമായിരുന്നു. ഒന്നുമുണ്ടായില്ല. ഒന്നുകിൽ അതിനു വിശപ്പുണ്ടായിരിക്കില്ല. അല്ലെങ്കിൽ തന്റെ അവസ്ഥയിൽ അതിന് ദയയോ പുച്ഛമോ തോന്നിക്കാണാം. ഏതായാലും ആദ്യമായാണ് ജീവിതത്തോട് ഇത്ര ആസക്തി തോന്നുന്നത്. മറ്റൊന്നും വേണ്ട, ജീവിക്കണം. വെറുതെ ജീവിക്കുക മാത്രം ചെയ്യണം.

രണ്ടാഴ്ച കൂടി ആ വിധം കടന്നുപോയി. ഇതിനിടെ രാജനും മറ്റുള്ളവരുമായി രണ്ടുതവണ വലിയ ശണ്ഠ നടന്നു. രണ്ട് അവസരങ്ങളിലും രാജൻ അധികം സംസാരിച്ചില്ല. അവർ പറഞ്ഞത് കേട്ട് നിൽക്കുകയും തുടർന്ന് നിശ്ചയദാർഢ്യത്തോടെ വീണ്ടും യാത്ര തുടരുകയും മാത്രമാണ് ചെയ്തത്. നിർവാഹമില്ലാതെ ബാക്കിയുള്ളവർ അവനെ പിന്തുടർന്നു. അവന്റെ മനോനിലക്ക് എന്തോ തകരാർ സംഭവിച്ചിട്ടുണ്ടെന്ന് അവർ സംശയിച്ചു.

മൂന്നാമത്തെ ആഴ്ചയായപ്പോഴേക്കും രാജൻ അവരുമായി സംസാരിക്കാൻ തുടങ്ങി. അവന്റെ മുഖത്തെ പിരിമുറുക്കം അപ്രത്യക്ഷമായി. ഒരു ദിവസം അവൻ അവരോട് പറഞ്ഞു: ‘ചിലപ്പോ, ചിലപ്പോളല്ല മിക്കവാറും ഞാനെടുത്ത തീരുമാനം തെറ്റിയിട്ടുണ്ടാവും. അതിനിപ്പോ എന്ത് ചെയ്യാൻ? എന്റെ അഭിപ്രായം ഇത്രേം ദൂരം വന്ന സ്ഥിതിക്ക് നമ്മൾ ഇനിയും മുന്നോട്ടു തന്നെ പോണമെന്നാ. പിന്നെ എല്ലാം നിങ്ങൾ പറയുന്ന പോലെ ആകാം.’

‘അങ്ങനെ നീ, ഞങ്ങൾ എന്നൊന്നുമില്ല രാജാ. നമ്മൾ ഒരുമിച്ച് ഒരു ആപത്തിൽ പെട്ടു. ഒരുമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നു എന്നേയുള്ളൂ.’ ഹേമ അലിവോടെ പറഞ്ഞു.

ഒരാഴ്ച അവർ വിശ്രമിച്ചു. കൂടാരം ഒരുക്കുക, വസ്ത്രം നിർമ്മിക്കുക, ഭക്ഷണം സമ്പാദിക്കുക തുടങ്ങിയ ജോലികൾ കൂടുതലും രാജനും സ്റ്റെല്ലയും ചെയ്തു. അതിനായി അവർ ആയുധങ്ങളുമായി ഒരുമിച്ചു യാത്ര ചെയ്തു.

ഒരു ദിവസം ഒരുമിച്ച് പഴം ശേഖരിച്ചുകൊണ്ട് നിന്നപ്പോൾ രാജൻ സ്റ്റെല്ലയോട് പറഞ്ഞു:
‘ഹേമയ്ക്ക് വലിയ ക്ഷീണം ഉള്ളതുപോലെ. എന്റെ തോന്നലാണോ എന്നറിയില്ല.’

‘എനിക്കും തോന്നി. ചിലപ്പോൾ അവൾക്ക് …. .’

രാജൻ സ്റ്റെല്ലയെ പൊടുന്നനെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു. ഇത്തവണ സ്റ്റെല്ല കുതറിയില്ല. അനങ്ങാതെ നിന്നു. രാജന്റെ കൈ വികൃതി കാട്ടാൻ തുടങ്ങിയപ്പോൾ തള്ളി മാറ്റി. രണ്ടുപേരും ജോലി തുടർന്നു.

കവർ: വിൽസൺ ശാരദ ആനന്ദ്

(തുടരും)

Comments

You may also like