പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' എൻമകജെ ഒരു ഉത്തരമല്ല , കുറെ ചോദ്യങ്ങൾ ചോദിക്കാനുള്ള ശ്രമമാണ്

എൻമകജെ ഒരു ഉത്തരമല്ല , കുറെ ചോദ്യങ്ങൾ ചോദിക്കാനുള്ള ശ്രമമാണ്

കാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ ” എന്ന നോവലിന്റെ പതിനേഴാം പതിപ്പ് പുറത്തിറങ്ങിയിരിക്കുകയാണ് .എൻമകജെ എഴുതാനുണ്ടായ സാഹചര്യം ഒന്ന് പറയാമോ ?

അംബികാസുതൻ മാങ്ങാട് :_

പതിനേഴാം പതിപ്പ് ഇറങ്ങി . ഇംഗ്ളീഷിലും ,തമിഴിലും ,കന്നഡയിലും വന്നു .ഹി ന്ദിയിൽ അടുത്ത മാസം രാഷ്‌ട്രപതി പ്രകാശിപ്പിക്കും .നൂറാം വാർഷികത്തോടനുബന്ധിച്ച് ഹിന്ദി പ്രചാര സഭയാണ് ഹിന്ദി വിവർത്തനം പ്രസിദ്ധീകരിക്കുന്നത് ,
നോവലിനെ ഹൃദയത്തോട് ചേർത്തുപിടിച്ച എല്ലാ വായനക്കാരെയും ഞാനിപ്പോൾ സ്നേഹത്തോടെ ഓർമ്മിക്കുന്നു ..ഒരിക്കലും എഴുതില്ലെന്ന് നിശ്ചയിച്ച പുസ്തകം ,പിന്നീട് എഴുതിയപ്പോൾ ആരും കാണേണ്ടതില്ലെന്ന അപകർഷതയോടെ പൂഴ്ത്തിവെച്ച പുസ്തകം ,ഒടുവിൽ കയ്യെഴുത്ത് പ്രതി ഡി സി ബുക്സിനെ ഏൽപ്പിച്ചപ്പോൾ വെറും പതിനാറ് ദിവസത്തിൽ വെളിച്ചം കണ്ട പുസ്തകം .വിചിത്രമായിരുന്നു “എൻ മകജെ “യുടെ ജാതകം എന്ന് ഇപ്പോൾ തിരിച്ചറിയുകയാണ് .
ഭാവനയല്ല ,പൊള്ളുന്ന യാഥാർത്ഥ്യങ്ങളാണ് “എൻമകജെ” എഴുതിച്ചത് . നോവൽ ആരംഭിയ്ക്കുമ്പോൾ ഭാവന ആരംഭിയ്ക്കുന്നു എന്ന് പറയാറുണ്ട് .എന്നാൽ ഭാവന അവസാനിക്കുന്നിടത്താണ് എൻ മകജെ ” ആരംഭിക്കുന്നത് ..കാസറഗോഡ് നടന്ന നിരവധിയായ എൻഡോസൾഫാൻ വിരുദ്ധ സമരങ്ങളിൽ പങ്കെടുക്കുമ്പോഴും സമരങ്ങൾ സംഘടിപ്പിക്കുമ്പോഴും അന്യഗ്രഹ ജീവികളെപ്പോലെ വിചിത്രമായ ഉടലുകളോടെ പിറന്ന പാവം കുഞ്ഞുങ്ങളുടെ ദീനതകൾ കാണുമ്പോഴും അവരുടെ അമ്മമാരുടെ നിശ്ശബ്ദ നിലവിളികൾക്ക് മുന്നിൽ വാക്കുകളറ്റ് നിരായുധനായി നിൽക്കുമ്പോഴുമൊക്കെ ഉണ്ടായ അസ്വാസ്ഥ്യങ്ങൾ കെടുത്തുമ്പോൾ മനസ്സ് പറയും എല്ലാം എഴുതിത്തീർക്കാൻ .പക്ഷെ അപ്പോഴൊക്കെ ആ ദുരാഗ്രഹങ്ങളെ മനഃസാക്ഷി ചവിട്ടിമെതിച്ചു .ഭാഷ കൊണ്ട് അലങ്കരിക്കാനുള്ളതല്ല അവരുടെ മഹാഖേദങ്ങൾ .നേരിട്ടറിയാവുന്ന ആ കുഞ്ഞുപൈതങ്ങളുടെ വേദനകളെ ,പെറ്റ വയറുകളുടെ സങ്കടങ്ങളെ മലയാളത്തിലെന്നല്ല ,,ഒരു ലോകഭാഷയിലും ആവിഷ്‌ക്കരിക്കാൻ വാക്കുകൾ മതിയാവുകയില്ല എന്ന ബോധ്യവും എനിക്കുണ്ടായിരുന്നു .
2006 ൽ മുഖ്യമന്ത്രിയായിരുന്ന വി എസ് കാസറഗോഡെത്തി ദുരിത ബാധിതകർക്ക് ആദ്യമായി ആശ്വാസ പദ്ധതി പ്രഖ്യാപിച്ചു .ഭരണ കൂടം ഇവരെ ഏറ്റെടുക്കുകയാണല്ലോ എന്ന സമാധാനത്തിൽ എൻഡോസൾഫാനെതിരെയുള്ള സമരം എഴുത്തിലൂടെ തുടരാനുള്ള ഉത്തരവാദിത്തമുണ്ട് എന്ന ദൃഢമായ തോന്നൽ ഉണ്ടായി ..ഈ എഴുത്ത് സമരം തന്നെയാണ് .രണ്ട് പ്രതിജ്ഞകൾ കൂടിയെടുത്തു ..നോവലെഴുതാൻ വേണ്ടി ഒരിക്കലൂം ദുരന്ത ബാധിതരെ ചെന്നു കാണുകയില്ല .നോവൽ യാഥാർത്ഥ്യമായാൽ റോയൽറ്റി അവർക്ക് തന്നെ നൽകും ..എന്നിട്ടും എഴുത്ത് നീണ്ടുപോയി .ഒടുവിൽ 23/ 7/ 2006 ഒരു തീവണ്ടിയാത്രയിൽ സന്ധ്യാനേരം കമ്പാർട്ട്മെന്റ് ഏറെക്കൂറെ വിജനമായിരുന്നു ..ഭൂതാവേശമുണ്ടായത് പോലെ എഴുതിയിരുന്നു .പിന്നെ തടസ്സങ്ങളുണ്ടായില്ല . .രണ്ടര വർഷത്തിനുള്ളിൽ എഴുതിത്തീർന്നു .
പക്ഷെ ആ എഴുത്തുകാലം ജീവിതത്തിലെ ഏറ്റവും വേദനാജനകമായ കാലമായി .ആളിക്കത്തുന്ന തീക്കുടം തലയിൽവെച്ച് നൃത്തമാടുന്ന ധൂമാ ഭഗവതി തെയ്യത്തെപ്പോലെ ആ കാലമത്രയും നീറിപ്പുകഞ്ഞ് നടന്നു ..നോവലിന്റെ മൂന്നാമത്തെ പകർപ്പെടുത്ത് അവസാനത്തെ അടിവരയിടുമ്പോൾ എഴുത്ത് മുറിയിലിരുന്ന് ഉറക്കെ പ്രതിജ്ഞ എടുത്തു .ഇനി ഒരിക്കലൂം ഞാൻ നോവൽ എഴുതുകയില്ല .മാനസികമായി അത്രത്തോളം തളർന്നിരുന്നു
എഴുത്തുവേളയിൽ എൻമകജെ ഗ്രാമത്തിന്റെ ഭൂപ്രകൃതിയും മിത്തുകളും അറിയുന്നതിന് ഏതാനും യാത്രകൾ വേണ്ടിവന്നു .കഥാപാത്രങ്ങളെ തേടി യാത്ര ചെയ്തില്ല .മനസ്സിൽ തന്നെ വേണ്ടതിലധികം യഥാർത്ഥ മനുഷ്യർ വേഷമിടാൻ തയ്യാറായി കഴിഞ്ഞിരുന്നു . ദേവയാനി ഒഴിച്ചുള്ള കഥാപത്രങ്ങളെല്ലാം ജീവിച്ചിരുന്നവരോ ജീവിച്ചിരിക്കുന്നവരോ ആണ് .മുഖ്യപാത്രങ്ങളിലൊന്നായ പരീക്ഷിത്ത് എന്ന കുട്ടിയെ രാണ്ടായിരത്തിന്റെ തുടക്കത്തിലേ അറിയാം .
റോയൽറ്റി തുക എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള ഒരു ഭവന പദ്ധതിക്ക് തന്നെ കാരണമായ സംഗതിയും പറയാതിരിക്കാനാവില്ല .

“എൻമകജെ “ഒരു ഉത്തരമല്ല ..കുറെ ചോദ്യങ്ങൾ ചോദിക്കാനുള്ള ശ്രമമാണ് .പരിസ്ഥിതി വിവേകം വീണ്ടെടുക്കാനുള്ള പരിശ്രമമാണ് .മനുഷ്യൻ മാത്രം ബാക്കിയാകുന്ന വികസന സങ്കൽപ്പത്തിനെതിരായ ഒരു മുന്നറിയിപ്പാണ് .

Comments
Print Friendly, PDF & Email

ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

You may also like