നീ
എനിക്കാരാണെന്ന്
നിനക്കറിയുമോ?
നോക്കി നോക്കിയിരിക്കെ
നിറം മാറ്റി
അതിശയിപ്പിക്കുന്ന
മാജിക്റോസെന്ന
പുഷ്പംപോലെ
എനിക്ക്
നിന്നോടുള്ള ഭാവങ്ങളും
മാറിമാറിപ്പോകാറുണ്ട്…
പ്രകൃതി
ഭാവമാറ്റങ്ങൾ
ആവശ്യപ്പെടുമ്പോൾ,
സാധ്യമല്ലെന്ന്
പറയാനാവാത്ത
ആ
അനുസരണയുടെ വിത്ത്
നിയതി എന്നിൽ
പാകി മുളപ്പിച്ചിരിക്കുന്നു.
അതിൽ ഞാൻ
നിന്നിലേക്ക്
മുളയ്ക്കുന്നു
തളിർക്കുന്നു
പൂക്കുന്നു
കായ്ക്കുന്നു
പഴുക്കുന്നു
കൊഴിയുന്നു
അവിരാമം
ആവർത്തനങ്ങൾ….
എന്തു ചെയ്യേണ്ടു?
വിത്ത്,
പ്രാണനൂറ്റി
വേരുകളാഴ്ത്തി
മുളച്ചുപൊന്തുമ്പോൾ…
നിലമാകാതെയെങ്ങനെ !
കവർ: ജ്യോതിസ് പരവൂർ
Comments