പൂമുഖം നിരീക്ഷണം ചെറിയ മനുഷ്യരുടെ ദല്‍ഹി

ചെറിയ മനുഷ്യരുടെ ദല്‍ഹി

 

ഇക്കഴിഞ്ഞ ജൂണ്‍ 10- ആം തീയ്യതി ഡൊണാള്‍ഡ് ട്രംപ് സിംഗപ്പൂരില്‍ എത്തി.ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ്ങ് ഉന്‍ – നെ കണ്ട് ശാന്തി ചൊല്ലലായിരുന്നുഅജണ്ട. ജൂണ്‍ 12-ആം തീയ്യതി, കിം -നെ അരികിലിരുത്തി ഡൊണാള്‍ഡ് ട്രംപ് ഇങ്ങനെ പ്രസംഗമാരംഭിച്ചു: “Anyone can make war, but only the wise can make peace…..”

Trump-and-Ki
ഇന്നലെ വരെ കൊല്ലും തിന്നും എന്നു വെല്ലുവിളിച്ചു നിന്നവരായിരുന്നു ഇരുവരും. കുഞ്ചിരോമങ്ങള്‍ എഴുപ്പിച്ച് ഇരു ദിശകളില്‍ നിന്ന് അവര്‍ പോര്‍ വിളിച്ചു. ജൂണ്‍ 12-ആം തീയ്യതി നാം കാണുന്നത് മുകളില്‍ കൊടുത്ത പ്രസംഗത്തിനു മുമ്പും പിന്‍പും ഇരുവരും കൈ പിടിച്ചു കുലുക്കുന്നതും തോളില്‍ തട്ടുന്നതും കൊച്ചു കുഞ്ഞിന്‍റെ നിഷ്കളങ്കതയോടെ കിം എന്ന ഭയങ്കരന്‍ ചിരിച്ചു കുഴയുന്നതുമാണ്.ഈ ചങ്ങാത്തമുറപ്പിക്കലിലേക്ക് ആദ്യം ഇറങ്ങിച്ചെന്നത് ഡൊണാള്‍ഡ് ട്രംപ് ആണെന്നാണ്‌ വാര്‍ത്ത. യുദ്ധത്തിലേക്ക് തുറക്കുന്ന വാതില്‍ വരെയെത്തിയിട്ട് പിന്തിരിഞ്ഞു നടക്കാനും കൂടി ഒരു മനസ്സ് വേണം. അമേരിക്കയെ പോലുള്ള ഒരു വമ്പന്‍ ശക്തിയ്ക്കതാകുമ്പോള്‍ ഭയം എന്ന വാക്കെടുത്തല്ല വിവേകം എന്ന ഉള്‍വെളിവെടുത്താണ് അതിനെ അളക്കേണ്ടത്. ഈ തീരുമാനമെടുത്ത ട്രംപ് തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. ഒരു ലോക നേതാവിന്‍റെ ലീഡര്‍ഷിപ്പ് സ്റ്റൈലിന്‍റെ അപൂര്‍വ്വവഴിത്തിരിവാണ് നാം അന്നവിടെ കണ്ടത്.
അന്നേ ദിവസം ജൂണ്‍ 12-ആം തീയ്യതി, അരവിന്ദ് കേജരിവാള്‍ എന്ന ഡല്‍ഹി മുഖ്യമന്ത്രി തന്‍റെ റിപ്പോര്‍ട്ടിംഗ് ഓഫീസര്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനെ കാണാനായി രാജ്ഭവനില്‍ ഇരിക്കുകയായിരുന്നു. കൂടിക്കാഴ്ച്ചക്കായി തലേന്ന് എത്തിയതാണ്. ഒരുവട്ട ചര്‍ച്ചകള്‍ക്ക് ശേഷം തനിക്കൊരിടംവരെ പോകാനുണ്ടെന്ന് പറഞ്ഞിറങ്ങിയ ലെഫ്റ്റനന്‍റ് ഗവര്‍ണരെ കാത്ത് രാജ്ഭവനിലെ അതേ ചേംബറില്‍ ഇരുന്ന കേജരിവാളിനും കൂട്ടുകാര്‍ക്കുമിടയിലേക്ക് ആതിഥേയന്‍ മടങ്ങിച്ചെന്നില്ല. 12- ആം തീയ്യതി അതിഥികള്‍ കാത്തിരുപ്പ്, പുറത്തെ കാത്തിരുപ്പ് മുറിയിലേക്ക് മാറ്റി. അന്ന്, ആ ജൂണ്‍ 12-ആം തീയ്യതി, കേജരിവാള്‍ പ്രഖ്യാപിച്ചു, തങ്ങള്‍ ധര്‍ണയിലാണ്, കാഴ്ചക്ക് സമയം തരുംവരെ ആ കാത്തിരുപ്പ് മുറിയില്‍ കുത്തിയിരിക്കും.
ഇന്നലെ വരെ പോരുകോഴികളെപ്പോലെ പെരുമാറിയിരുന്ന രണ്ടു ലോകനേതാക്കാള്‍ ആ ജൂണ്‍ 12- ആം തീയ്യതി സിംഗപ്പൂരിലെ സെന്‍റോസാ ദ്വീപിലെ കാപ്പെല്ല റിസോര്‍ട്ട് ഹോട്ടലില്‍ സ്നേഹം പറയുന്നത് ഒരിന്ത്യന്‍ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ദല്‍ഹിയിലെ രാജ്ഭവനില്‍ അന്നവും വെള്ളവുമിറക്കാതെ തന്‍റെ ഭരണഘടനാ തലവനെ കാത്തിരിക്കുമ്പോള്‍ സ്മാര്‍ട്ട് ഫോണിലൂടെ കണ്ടിരിക്കണം.
ലീഡര്‍ഷിപ്പിന്‍റെ വകഭേദങ്ങള്‍ ഇന്ന് എല്ലാ തുറകളിലും പരീക്ഷിക്കപ്പെടുന്നുണ്ട്. അത് കോര്‍പ്പറേറ്റുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. ഒരാളെ, ഒരു വസ്തുവിനെ, ഒരു കാര്യത്തെ, സമീപിക്കുന്നതില്‍ മാറ്റം വരുത്തിക്കഴിഞ്ഞു. നാട്ടിലെ പലവ്യഞ്ജനകടക്കാരനും മീന്‍കാരനും വരെ സമീപനത്തില്‍ മാറ്റം വരുത്തിക്കഴിഞ്ഞു. അപ്പോഴാണ്‌ ഒരേ രാജ്യത്തിലെ, ഒരേ സംസ്ഥാനത്തെ, രണ്ടു ഭരണാധികാരികള്‍ ഞാനോ നീയോ വീരന്‍ എന്ന മട്ടിലുള്ള ഒളിപ്പോരാട്ടം നടത്തുന്നത്. അതവരുടെ തന്നെ പ്രതിച്ഛായ തകര്‍ക്കുന്നു എന്നു പറഞ്ഞുകൊടുക്കാന്‍ തലപോയാലും സത്യം പറയും എന്ന തലയെടുപ്പില്‍ ആസ്ഥാന വിദ്വാന്മാരും അവര്‍ക്ക് ചുറ്റുമില്ല.
തന്‍റെ ഈ ദുസ്ഥിതിക്ക് കാരണക്കാരന്‍ ശ്രീമാന്‍ നരേന്ദ്രമോദിജിയാണെന്ന് കേജരിവാള്‍ ആരോപിക്കുന്നു. ലെഫ്റ്റനന്‍റ് ഗവര്‍ണറെ നിയന്ത്രിക്കുന്നത് ഭരണഘടനയല്ല ഇന്ത്യന്‍ പ്രധാനമന്ത്രിയാണെന്നാണ് കേജരിവാളിന്‍റെ ആരോപണം.

kejrival
സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യത്തെ ജനാധിപത്യ വിപ്ലവമായിരുന്നു അരവിന്ദ് കേജരിവാളിന്‍റെ രാഷ്ട്രീയ പ്രവേശവും അധികാരത്തിലേറലും. ജനങ്ങള്‍ ഒട്ടാകെ ഈ പരീക്ഷണത്തിലേക്ക് ചെന്ന് ചേര്‍ന്നു. ചൂല് ഒരു നല്ല കാര്യത്തിനും കണ്ടുകൊണ്ടിറങ്ങാന്‍ കൊള്ളില്ല എന്ന് രൂഢമൂലമായ വിശ്വാസം ഉള്ള ഒരു സംസ്കാരത്തില്‍ ആ ‘നികൃഷ്ടവസ്തു’വിനെ തന്നെ തന്‍റെ പാര്‍ട്ടി ചിഹ്നമാക്കി അധികാരത്തിലേറിയ ഒരു ഇന്ത്യന്‍ രാഷ്ട്രീയക്കാരനെ ഇതിനു മുമ്പ് നമുക്ക് ചൂണ്ടിക്കാട്ടാനില്ല. ജനസമ്മതിയുള്ള ആര്‍ക്കും ഇന്ത്യയുടെ തലസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാകാനാകും.എന്നാല്‍ ലോക രാഷ്ട്രങ്ങള്‍ വരെ ഉറ്റുനോക്കുന്ന തരത്തിലുള്ള ആരവങ്ങളും പുറം പകിട്ടും പ്രകടമാക്കുന്ന ദല്‍ഹിയിലെ ഇപ്പോഴത്തെ കാഴ്ചശീവേലിയില്‍ ഡല്‍ഹി സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയൊക്കെ മുങ്ങിപ്പോകാനായിരുന്നു സാധ്യത. നിലവില്‍ ഭരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി കുഞ്ഞുപുള്ളിയൊന്നുമല്ല, ഞെട്ടിച്ചുകളയുന്ന വിദ്യകള്‍ കയ്യിലുള്ള ആള്‍. എന്നാല്‍ കേജരിവാള്‍ എന്ന കുറിയ മനുഷ്യന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോട് ഇടഞ്ഞുനില്‍ക്കുന്ന കാഴ്ച ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇതിനു മുമ്പ് ഇത്തരം വീറോടെ അരങ്ങേറിയിട്ടില്ല. പോരാത്തതിന് ആള്‍ ഇന്നലെ മുളച്ച ഒരു ആം ആദ്മിക്കാരനും. രാഷ്ട്രീയത്തിലോ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലോ വര്‍ഷങ്ങളുടെ പരിചയ സമ്പന്നതയില്ല, ആരെയും മുട്ടുകുത്തിച്ച ചരിത്രമില്ല, കാഴ്ച്ചക്കൊരശു. ഒരര രോഗി. എന്നാല്‍ ഈ മനുഷ്യന്‍ ഒരു ടെയ്ക്ക്വോന്‍ഡോ പോരാളിയെപ്പോലെ മുന്നേറുന്നത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുന്നുണ്ട്, നരേന്ദ്രമോദിയെ അസ്വസ്ഥനാക്കുന്നുണ്ട്, 1991- ലെ 69- ആം ഭരണഘടനാഭേദഗതിയുടെ വരികള്‍ക്കിടയില്‍ നിന്ന് പുതു കണ്ടെത്തലുകള്‍ക്കായി സുപ്രീം കോടതിയെ പ്രേരിപ്പിക്കുന്നുണ്ട്.
സൂര്യനും ചന്ദ്രനും ഉള്ള കാലത്തോളം ഇന്ത്യ ഭരിക്കാമെന്ന് വ്യാമോഹിച്ച കോണ്‍ഗ്രസ്സിന്‍റെ 1991- ലെ ഒരു കൈവിട്ട കളിയായിരുന്നു ദല്‍ഹിയെ സംസ്ഥാനമാക്കി മാറ്റിയത്. ദല്‍ഹിയെ ത്രിശങ്കു സ്വര്‍ഗ്ഗത്തിലിട്ടു വയ്ക്കുന്ന ഒരു നിയമ നിര്‍മ്മാണമായിരുന്നു കോണ്‍ഗ്രസ് അന്ന് ചെയ്തത്. ദല്‍ഹിയുടെ ഔന്നത്യത്തില്‍ എന്നെന്നും തങ്ങള്‍ക്ക് ഭരണം സ്വാഭാവികമായി വന്നുചേരുമെന്നൊക്കെയായിരിക്കാം കോണ്‍ഗ്രസ് അന്ന് വിചാരിച്ചത്. പഴുതുകളിട്ടായിരുന്നു നിയമനിര്‍മ്മാണം. മുഖ്യമന്ത്രിക്ക് വലിയ അധികാരമൊന്നുമില്ല. ആം ആദ്മി പാര്‍ട്ടിക്ക് അധികാരം കിട്ടിയ ഉടനെ എല്ലാം ഒന്ന് നന്നാക്കാനിറങ്ങിയ ദല്‍ഹി സംസ്ഥാനത്തിന്‍റെ ആഭ്യന്തരമന്ത്രി സോംനാഥ്‌ഭാരതി ‘കേറി റെയിഡ് ചെയ്യെടോ’ എന്ന് കിര്‍ക്കിയിലെ ‘അനാശ്യാസം’ പിടിക്കാന്‍ കൂടെയുള്ള ഉന്നതനായ പോലീസ് ഓഫീസറോട് ആജ്ഞാപിച്ച ആ രാത്രി നമുക്കൊക്കെ ഓര്‍മ്മയുണ്ടല്ലോ. അത് കേട്ടെങ്കിലും ബധിരനെപോലെ നിന്ന പോലീസ് ഓഫീസറെ ‘ഇപ്പോള്‍ ജോലിയില്‍ നിന്നും പിരിച്ചുവിടും’ എന്നാണ് ആഭ്യന്തരമന്ത്രി വ്യംഗിച്ചത്. ആ പോലീസ് ഓഫീസര്‍ അക്ഷോഭ്യനായി മറുപടി പറഞ്ഞു: “സാധ്യമല്ല, ദല്‍ഹി പോലീസ് താങ്കളുടെ കീഴിലല്ല.” സോംനാഥ്‌ ഭാരതി അമ്പരന്നു നിന്നുപോയി. പിറ്റേന്ന് രാജ്യം മുഴുക്കെ ചര്‍ച്ചാവിഷയമായത് കേജരിവാളിന്‍റെ വരാനിരിക്കുന്ന വിപത്തുകളെപ്പറ്റിയും കൂടിയായിരുന്നു.
എന്നാല്‍, തന്‍റെ എതിര്‍ പാര്‍ട്ടിയാണ് ഭരിക്കുന്നതെന്ന ഒറ്റക്കാരണത്താല്‍ മനസ്സു ചുരുക്കി വയ്ക്കേണ്ട ഒരാളാകണോ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്? ‘എടോ, കുഞ്ഞുണ്ണീ, രാജ്യമാണെടോ വലുത്, നാമൊക്കെ നിയോഗികള്‍ മാത്രം’ എന്ന് പറയുന്ന ഒരു പ്രധാനമന്ത്രിയെ ഇന്ത്യയിലെ ജനങ്ങള്‍ സ്വപ്നം കാണുന്നുണ്ട്.
എന്തുകൊണ്ടാണ് തെരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ അധികാരത്തെ തങ്ങള്‍ക്ക് എന്നെന്നേക്കുമായി ലഭ്യമായ ഒരു വരദാനമോ മറ്റോ ആയി കാണുന്നത്?
ചെറിയ മനുഷ്യര്‍ അങ്ങനെയാണ്. ജനാധിപത്യത്തിലെ പദവി ഏറെക്കാലം നില നില്‍ക്കണമെന്നില്ല. നിലനില്‍ക്കണമെങ്കില്‍ ആ പദവി വഹിച്ചുകൊണ്ടുതന്നെ വാഹകന്‍ നിസ്സംഗിയാകണം. ‘ഇദം ന മമ’ എന്നറിയുന്ന യോഗിയാകണം. നമുക്ക് ഇക്കാലം വരെ ശരാശരി രാഷ്ട്രീയക്കാരനേ ഉണ്ടായിട്ടുള്ളൂ. (ഇ എം എസ്, എ കെ ഗോപാലന്‍, എ കെ ആന്‍റണി എന്നിവരെ മറക്കുന്നില്ല) ശരാശരിക്കാരുടെ മൊത്തം ചെയ്തികളെ ഉരുട്ടിയെടുത്താല്‍ ഇംഗ്ലീഷിലെ AVARICE എന്ന വാക്കിലൊതുക്കാം. ആ പദത്തിന് ദുരാഗ്രഹം എന്നുവരെയേ മലയാളത്തില്‍ വിവര്‍ത്തനമുള്ളൂ. അതിലൊതുങ്ങുന്ന ആക്രാന്തമൊന്നുമല്ല അവര്‍ ദിനേന കാട്ടുന്നത് (ചില പദങ്ങള്‍ അങ്ങനെയാണ്. മുഴുവന്‍ അര്‍ത്ഥമൊന്നും തരില്ല. രാജ്യത്തിനുവേണ്ടി മരിക്കുന്ന ആളുടെ ഇംഗ്ലീഷ് പദമായ MARTYR- നെയെടുത്ത് മൂന്നാം കിട രാഷ്ട്രീയത്തിലെ നാലാംകിട ഹീന പ്രവൃത്തിയായ കൊലപാതകത്തിനിരയാകുന്നവന്‍റെ കുടുംബത്തിനൊരാശ്വാസമായിക്കോട്ടെ എന്ന് കരുതി മരണപ്പെട്ടവനെ ‘രക്തസാക്ഷി’ എന്നൊക്കെയാണല്ലോ നാം ഉത്ഘോഷിക്കുന്നത്).
ദല്‍ഹി എന്നും പിടിച്ചെടുക്കപ്പെടുന്ന ഒരു നഗരമായിരുന്നു. ജനാധിപത്യത്തിലൂടെയാണ്‌ അധികാരത്തിലേറുന്നതെങ്കിലും ആ പഴയ പിടിച്ചെടുക്കല്‍ സംസ്‌ക്കാരവുമായിട്ടാണ്‌ ഒട്ടുമുക്കാല്‍ പ്രധാനമന്ത്രിമാരും ഇവിടെ അധികാരത്തിലേറിയത്‌. കാര്യങ്ങള്‍ ഇപ്പോഴും വ്യതസ്‌തമല്ല. ഏതു നിമിഷവും ആക്രമിക്കപ്പെടാം എന്ന തൊട്ടയല്‍വാസി നാട്ടുരാജാവിന്‍റെ ചേലില്‍ അരവിന്ദ്‌ കേജരിവാള്‍ കൊട്ടാരത്തിന് ചുറ്റും കിടങ്ങു തീര്‍ത്ത് ‌ബൈനോക്കുലര്‍ കണ്ണില്‍ ചേര്‍ത്ത് ‌റെയ്‌സിന കുന്നിലേക്ക്‌ നോക്കി നില്‍ക്കുന്നു. ഭീതിദനായ ഒരു ഭരണാധികാരിയും നല്ല ഭരണം കാഴ്‌ചവച്ചിട്ടില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കേജരിവാളിന്‍റെ ഭരണം പ്രതീക്ഷിച്ച അളവില്‍ തേനും പാലുമൊന്നും ഒഴുക്കുന്നില്ല. താഴേക്കിടയിലുള്ള ദല്‍ഹിയിലെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം അഭൂതപൂര്‍വമായ ഔന്നത്യത്തിലെത്തിയിരിക്കുന്ന കാര്യം മറക്കുന്നില്ല. ലെഫ്‌റ്റനന്‍റ് ഗവര്‍ണര്‍ എന്നൊരാളെ ഇടക്ക്‌ നിര്‍ത്തി തങ്ങളെ ഭരിക്കാന്‍ അനുവദിക്കുന്നില്ല എന്നാണ്‌ കേജരിവാളിന്‍റെ വിശദീകരണം. ഒരു പേന വാങ്ങാന്‍ കൂടി തനിക്കധികാരമില്ല എന്ന്‌ ദല്‍ഹി മുഖ്യമന്ത്രി ഈയിടെ ജനത്തോടു പതം പറഞ്ഞു. വിശദീകരണത്തില്‍ സത്യമുണ്ടോ ഇല്ലയോ എന്നൊന്നും ദല്‍ഹി ജനതക്ക്‌ അറിയേണ്ട കാര്യമല്ല. അവര്‍ക്ക്‌ നല്ല ഒരു ഭരണമാണ്‌ ആവശ്യം. അതു ചെയ്യാനാവുന്നില്ല എങ്കില്‍, കാരണമെന്തായാലും, ഭരണാധികാരി പിടിപ്പു കെട്ട ആള്‍ തന്നെ.

ANIL_Baijal_PTI
തനിക്കുണ്ടെന്ന് ധരിച്ചുവശായ പല അധികാരങ്ങളും ഇല്ലെന്ന്‌ ഈയിടെ സുപ്രീം കോടതി ലെഫ്‌റ്റനന്‍റ് ഗവര്‍ണറെ ബോദ്ധ്യപ്പെടുത്തി. രണ്ടു നാള്‍ കഴിഞ്ഞപ്പോള്‍ പത്തുവട്ടം കേട്ട അശരീരി കാണാപാഠം പഠിച്ചതുപോലെ അദ്ദേഹം വിളംബരം ചെയ്‌തു: “ഞാന്‍ തന്നെയാണ്‌ ബോസ്സ്‌”. കുമിഞ്ഞുകൂടി കുത്തബ്‌മിനാറിന്‍റെ ഉയരത്തിലെത്താറായ ദല്‍ഹിയുടെ ഘാസിപൂരിലെ മാലിന്യക്കൂമ്പാരം വൃത്തിയാക്കാനുള്ള നടപടി ‘അല്ലയോ, ദല്‍ഹിയുടെ ബോസ്സേ, താങ്കളെന്താണെടുക്കാത്ത’തെന്ന്‌ സുപ്രീം കോടതി ഇക്കഴിഞ്ഞ ദിവസം ഇത്തിരി ചൂടായിത്തന്നെ ലെഫ്‌റ്റനന്‍റ് ഗവര്‍ണറോടു ചോദിച്ചു. മറുപടിയൊന്നും ഇതുവരെ കേട്ടില്ല.
ദല്‍ഹിക്ക്‌ മുഴുസംസ്ഥാന പദവി ലഭ്യമാക്കാക്കാനുള്ള കേജരിവാളിന്‍റെ പോരാട്ടം സഫലമായാലേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവൂ. ല്യൂട്ടന്‍ സായിപ്പിന്‍റെ ദല്‍ഹി എന്ന, പാര്‍ലമെന്‍റും അതിന്‍റെ ചുറ്റുവട്ടത്തെ ഇരുപതോളം സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശങ്ങളും കേന്ദ്രം കയ്യില്‍ വച്ച്‌ ബാക്കി ഭാഗം ദല്‍ഹി സംസ്ഥാനത്തിനു വിട്ടു കൊടുത്ത്‌ ദല്‍ഹിയെ ഒരു പൂര്‍ണ്ണ സംസ്ഥാനമാക്കേണ്ടകാലം വൈകിയിരിക്കുന്നു. രാജ്യത്തിന്‍റെ പുരോഗതിയാണ്‌ ഭരണകര്‍ത്താക്കളുടെ ലക്ഷ്യമെങ്കില്‍ അങ്ങനെയൊരു തീരുമാനം എത്രയും വേഗം എടുക്കേണ്ടതാവശ്യമാണ്‌. പക്ഷെ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഇടപാടുകാര്‍ക്ക് അത്തരം ബുദ്ധിയൊന്നും ഉടനെ ഉണ്ടാകാനിടയില്ല.
വാരാണാസി മുറിച്ചു പോകുന്ന ഗംഗയും ദല്‍ഹിയിലെ യമുനയും ഇപ്പോഴും ദുര്‍ഗ്ഗന്ധം വമിച്ചുതന്നെയാണ്‌ ഒഴുകുന്നത്‌!

Comments
Print Friendly, PDF & Email

You may also like