പൂമുഖം Travel പ്രകൃതിയ്ക്ക് തിരിച്ചുകൊടുക്കുമ്പോള്‍: ബ്രസീലിയന്‍ ഗ്രാമങ്ങളിലൂടെ ഒരു യാത്ര

പ്രകൃതിയ്ക്ക് തിരിച്ചുകൊടുക്കുമ്പോള്‍: ബ്രസീലിയന്‍ ഗ്രാമങ്ങളിലൂടെ ഒരു യാത്ര

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ആമുഖം

്രസീലിന്‍റെ ചരിത്രം എന്നാല്‍ അവിടത്തെ ആദിമജനതയില്‍ നിന്ന് തുടങ്ങുന്നു. കൊതിമൂത്ത യൂറോപ്യന്മാര്‍ ഇവിടെ കാല് കുത്തുന്നത് വരെ ഇവിടത്തെ ജീവിതം പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്നുള്ളതും സന്തുഷ്ടവുമായിരുന്നു.
പോര്‍ച്ചുഗീസ്കാരനായ പെദ്രോ അല്‍വാരസ് കബ്രല്‍ എത്തിയതിനു ശേഷം ഇല്ലാതായത് അതുവരെയുണ്ടായിരുന്ന ഒരു സംസ്കാരം ആയിരുന്നു. 1822 ല്‍ സ്വാതന്ത്ര്യം നേടിയ ഈ രാജ്യം
മിക്കപ്പോഴും ഏകാധിപതികളുടെയും പട്ടാളഭരണത്തിന്‍റെയും കീഴിലായിരുന്നു. ബ്രസീലിലേക്ക് പ്രധാനമായും കുടിയേറ്റം വന്നത് 1870 മുതല്‍ 1975 വരെയാണ്. സ്പാനിഷ്‌ സാന്നിധ്യവും
ഏറെയുണ്ടിവിടെ. പോര്‍ച്ചുഗലിനെ കൂടാതെ സ്പെയിന്‍, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍റ്, നെതര്‍ലന്‍റ്, ബല്‍ജിയം, ഇറ്റലി, ഉക്രെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍, എന്നിവിടങ്ങളില്‍ നിന്നും വന്ന് കുടിയേറിവര്‍.

അമേരിന്ത്യന്‍സ്
ഏകദേശം രണ്ടായിരത്തോളം ഗോത്രങ്ങളും സംസ്കാരവും പോര്‍ച്ചുഗീസുകാരുടെ വെട്ടിപ്പിടിത്തത്തോടെ ക്രൂരതയുടെ കൊന്നൊടുക്കലില്‍ മൊത്തം ബ്രസീലിയന്‍  ജനസംഖ്യ യുടെ ഒരു ശതമാനം പോലുമില്ലാതെയായി.
ബ്രസീലില്‍ ആമസോണും അമേരിക്കനിന്ത്യനും കൂടുതലുണ്ടെന്ന ധാരണ തിരുത്തുന്ന തായിരുന്നു എന്‍റെ പിന്നീടുള്ള ദിനങ്ങള്‍. നമ്മള്‍ കാണുന്ന ബ്രസീലിന്‍റെ തുടിപ്പും, താളവും ഇപ്പോഴും വടക്ക് കിഴക്കന്‍ ബ്രസീലില്‍ തന്നെ. അവിടെയാണല്ലോ നീഗ്രോവംശജരെ അടിമവേലക്കായി കൊണ്ടുവന്നത്. ഇന്നും അറ്റ്ലാന്‍റിക് മഴക്കാടുകളിലും മലമുകളിലും പോകണം ഒറ്റപ്പെട്ട് ജീവിക്കുന്ന ഇവിടുത്തെ ഗോത്രക്കാരെ കാണാന്‍.
അവരുടെ ലോകം അവര്‍ക്ക്  നഷ്ടമായിരിക്കുന്നു.

ആഫ്രിക്കന്‍ തനിമയുള്ള കറുത്ത നീഗ്രോവംശജരെ ‘Preto’ എന്നും വ്യത്യസ്ത സംസ്കാരങ്ങള്‍ ഇഴുകിചേര്‍ന്ന  നീഗ്രോവംശജരെ ‘padros’ എന്നും വിളിക്കുന്നു. ഇതില്‍ 2010 ലെ സെന്‍സസ്സില്‍ 7.6%  വരുന്ന petro യും 43% വരുന്ന pardo യും കൂടിച്ചേര്‍ന്നാല്‍ ബ്രസീലിയന്‍ ജനതയുടെ ഇന്നത്തെ കാഴ്ചയായി. കറുത്തവന്‍ എന്നോ നീഗ്രോ എന്നോ ഇവരെ ആരും വിളിക്കാറില്ല. ഇവരെല്ലാം ബ്രസീലിയന്‍  എന്ന് തന്നെയാണ് അറിയപ്പെടാറ്.

foto-gleilson-miranda-11935069-cropped-copy_screen

(ചിത്രത്തിനു സർവൈവൽ സൈറ്റിനോട് കടപ്പാട്)

തകര്‍ച്ചയുടെ തുടക്കം

ബ്രസീലില്‍ 1500 AD യില്‍ പോര്‍ച്ചുഗീസുകാര്‍ ആദ്യമായി കാല് കുത്തിയപ്പോള്‍ സമ്പര്‍ക്കത്തിലായത് തെക്കന്‍ ബ്രസീലിലെ ഗോത്രജനതയോടാണ്. ഇവര്‍ അറ്റ്ലാന്‍റിക് കാടുകളില്‍ വസിച്ചിരുന്ന patexo Hahahae വും Tupinamba യും ഗോത്രവിഭാഗങ്ങളായിരുന്നു. ഇവരില്‍ ഇന്നവശേഷിക്കുന്ന വലിയ ഗോത്രം 51000 പേര്‍ മാത്രം അടങ്ങുന്ന Guarani ഗോത്രമാണ്. കഴിഞ്ഞ നൂറു വര്‍ഷങ്ങള്‍ക്കുള്ളില്‍ അവരുടെ ഭൂമിയും ആകാശവും
പോര്‍ച്ചുഗീസുകാരും പിന്നീട് കുടിയേറിയ മറ്റ് യൂറോപ്പ്യന്‍ ജനതയും കട്ടെടുത്തിരിക്കുന്നു.

ആമസോണ്‍ കാട്ടില്‍ ഇന്നവശേഷിക്കുന്ന ഏറ്റവും വലിയ ഗോത്രവിഭാഗമാണ് Tikua. ഏകദേശം 40,000 പേര്‍ മാത്രമാണ് ഉള്ളതിപ്പോള്‍. പല ഗോത്രങ്ങളും ഇപ്പോള്‍ ആയിരത്തില്‍ താഴെയായി കുറഞ്ഞ്, എന്നെന്നേക്കുമായി ഈ ഭൂമിയില്‍ നിന്ന് തന്നെ ഇല്ലാതാവും എന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ഏകദേശം എണ്‍പതോളം ഗോത്രങ്ങള്‍ പുറംലോകവുമായി ബന്ധമില്ലാതെ ഇന്നും ആമസോണ്‍ കാട്ടില്‍ മറവില്‍, ഭീതിയില്‍ കഴിയുന്നു. പഴയകാല പീഡനങ്ങള്‍ ഇവരുടെ ജീനുകളില്‍ നിറഞ്ഞിരിക്കുന്നു. ഇവരുടെ പ്രധാന ജീവനോപാധി നായാട്ടും മീന്‍പിടിക്കലും ആണ്. പ്രകൃതിയെ മറ്റൊന്നായി കാണാതെ അതില്‍ ഒരു ജീവനായി നില്ക്കാന്‍ ശ്രമിച്ചവരുടെ ദുരന്തം.

Marta Guarani പറഞ്ഞത്പോലെ “we Indians are like plants. How can we live without our soil, without our land.”

കൂടുതല്‍ നാശം സംഭവിച്ചത് ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തിലാണ്. 1940 മുതല്‍ 1960 കള്‍ വരെ അമേരിന്ത്യന്‍സിനെ കൊന്നൊടുക്കിയ ചരിത്രം ഇന്ന്‍ ലോകത്തിനറിയാം കൂട്ടക്കൊല, പീഡനം, അടിമത്തം, ജൈവയുധങ്ങളുടെ പ്രയോഗം, ലൈംഗിക അതിക്രമം ഒക്കെ ചരിത്രത്തിലെ കറുത്ത പാടുകളാണ്.

ഏകദേശം തൊണ്ണൂറു ശതമാനം അമേരിന്ത്യന്‍സും പത്തൊന്‍പതാം നൂറ്റാണ്ടോടെ ഇല്ലായ്മ ചെയ്യപ്പെട്ടിരുന്നു. സിന്‍റ ലാര്‍ഗ എന്നറിയപ്പെടുന്ന അമസോണിയന്‍ ബെല്‍ട്ടിലെ ജനത 1920 മുതല്‍ 1960 വരെയുള്ള അക്രമത്തിലും പീഡനത്തിലും തീര്‍ന്നുപോയിരുന്നു. Massacre of the 11th parallel എന്നാണ് ക്രൂരമായ ഈ കൂട്ടക്കൊല അറിയപ്പെട്ടത്. അരിപ്വാന നദിയുടെ അരികില്‍ റബ്ബര്‍ ശേഖരിച്ചിരുന്ന Arruda, Janqeira & Co  മുതലാളി അന്‍റോണിയൊ ജാന്‍ക്വീറ ചെറുവിമാനത്തില്‍ നിന്ന് ഡൈനാമിറ്റ് എറിഞ്ഞു നശിപ്പിച്ചത് സിന്‍റ ലാര്‍ഗ എന്ന ഗോത്രത്തെയാണ്. അതില്‍ മുപ്പതു പേര്‍ മരിച്ചു. അവശേഷിച്ചവര്‍ രണ്ടുപേര്‍ മാത്രം.
അദ്ദേഹം ഒരു ചെറിയ പ്ലെയിന്‍ വാടകക്കെടുത്തു ഡൈനാമിറ്റ് ഫിറ്റ്‌ ചെയ്തു ആ ഗ്രാമത്തിനു മേലെ എറിഞ്ഞു. അവശേഷിച്ചവരെ, നേരിട്ട് ചെന്ന് കൊന്നുതീര്‍ത്തു . അമ്മയെ മാറ്റി നിര്‍ത്തി, മുലകുടിച്ചു കൊണ്ടിരുന്ന കുഞ്ഞിന്‍റെ തല തകര്‍ത്ത് അമ്മയെ തലകീഴായി നിര്‍ത്തി ശരീരം പകുതിയില്‍ രണ്ടാക്കിയ ക്രൂരതയെ കുറിച്ചെന്തു പറയും? 

ഇന്ത്യക്കാര്‍ വെറും പരാന്നഭോജികളാണെന്നും ഇതാണ് ഈ കീടങ്ങളെയില്ലാതാക്കുവാന്‍ ഏറ്റവും നല്ല സമയം എന്നും ആയിരുന്നു അന്‍റോണിയോയുടെ വാക്കുകള്‍. എന്തൊരു വിരോധാഭാസം. എങ്ങുനിന്നോ വന്ന ‘പരിഷ്കൃതര്‍’ തങ്ങള്‍ക്ക് തോക്കും ആയുധങ്ങളും ഉപയോഗിക്കാന്‍ അറിയാമെന്നതിന്‍റെ ബലത്തില്‍ തദ്ദേശവാസികളെ പരാന്നഭോജികള്‍ എന്നു വിളിക്കാനും അവസാനിപ്പിക്കാനും ഉള്ള ചിന്ത. എന്താണ് മനുഷ്യത്വം?

ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം ഇപ്പോള്‍ ഈ ജനത ആമസോണ്‍ കാടുകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൈനിങ്ങും മറ്റ് ‘വികസന’ പ്രവര്‍ത്തനങ്ങളും, മരംവെട്ടലും, ഡാം നിര്‍മ്മിക്കലും കുടിയേറിയവരുടെ സംഘടിതമായ അക്രമവും പശുവളര്‍ത്തലും ഒക്കെ കാരണം ഒരുപക്ഷെ ഈ ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതാവുന്ന അവസ്ഥ യിലേക്കെത്തിയിരിക്കുന്നു. സ്വന്തം ഭൂമിയും അതിരും നിശ്ചയിക്കാനോ നിയമപരമായ സഹായം തേടാനോ അറിയാതെ വന്നപ്പോള്‍ ഭൂമിയും നക്ഷത്രങ്ങളും അവര്‍ക്ക് നഷ്ടപ്പെട്ടു.

തെക്കും വടക്കും അമേരിക്കയുടെ ആദിമ ജനതയ്ക്ക് ഒരു പൊതുവായ കണ്ണിയുണ്ട്. ഈ തുടര്‍ച്ച കരീബ്യന്‍ രാജ്യങ്ങളിലും കാണാം. മായ, ഇന്‍ക, റെഡ് ഇന്ത്യന്‍ വിവിധ ഗോത്രങ്ങള്‍, സംസ്കാരങ്ങള്‍. എല്ലാവര്‍ക്കും ഒരേ ജീവിതരീതിയായിരുന്നു. പ്രകൃതിയുടെ ഭാഗമായിരുന്നു. മറ്റ് ഭൂഖണ്ഡങ്ങളില്‍ ചെയ്തത് പോലെ ഇവിടുത്തെ ജനതയെ ഇല്ലാതാക്കിയ യൂറോപ്യന്‍ ജനത ഇവിടേക്ക് തങ്ങളുടെ സംസ്കാരവും ലാഭത്തില്‍ മാത്രം അധിഷ്ടിതമായ, പ്രകൃതിയോട് ഒട്ടിനില്‍ക്കാത്ത, കൃഷിരീതിയും കൊണ്ടുവന്നു- കൂട്ടത്തില്‍ മനുഷ്യരേയും. മണ്ണില്‍ പണിയെടുക്കാന്‍ അടിമകളാകാന്‍ ഇഷ്ടപ്പെടാതിരുന്ന ഇന്ത്യന്‍സ് കൂട്ടക്കൊല ചെയ്യപ്പെടുകയോ പുതിയ യൂറോപ്യന്‍ അസുഖങ്ങള്‍ ബാധിച്ച് ഇല്ലാതാവുകയോ ചെയ്തു.

ബര്‍ത്തലോമിയോ പറയുന്നത് പോലെ “POPERY Truly Display’d in its Bloody Colours: Or, a faithful NARRATIVE OF THE Horrid and Unexampled Massacres, Butcheries, and all manner of Cruelties, that Hell and Malice could invent, committed by the Popish Spanish Party on the inhabitants of West-India TOGETHER With the Devastations of several Kingdoms in America by Fire and Sword, for the space of Forty and Two Years, from the time of its first Discovery by them.”
(* A Brief Account of the Destruction of the by Bartolome de las Casas, 1689)

ഇവിടെ സിയാറ്റില്‍ മൂപ്പന്‍ പറഞ്ഞ കാര്യം ഓര്‍മ വരുന്നു. ഇതിനു മുന്‍പേ തന്നെ സ്പെയിനിന്‍റെ നേതൃത്വത്തില്‍ ക്യൂബയും നികരാഗ്വയും ഗ്രനഡയും ഗ്വാട്ടിമാലയും ജമൈക്കയും ക്രൂരമായ കൂട്ടക്കൊലക്കും ഉന്മൂലനത്തിനും ഇരയാവുകയായിരുന്നു.
ഈ കാലയളവില്‍ ബ്രസീലില്‍ പ്രത്യേകിച്ച് ആമസോണ്‍ കാടുകളില്‍ പോര്‍ച്ചുഗീസുകാര്‍ നടത്തിയ അറുംകൊലകള്‍.. ഈ മൂന്ന് സംഭവങ്ങളും ഒരു സമാന്തര രീതിയില്‍ ചെയ്തുകൂട്ടിയ പ്രാകൃതമായ നരഹത്യയായിരുന്നു. വിഭവങ്ങള്‍ കൊള്ളയടിക്കുകയും തങ്ങളുടെ സമ്പന്നതയ്ക്ക് മാറ്റ് കൂട്ടുകയും ചെയ്യാന്‍ ഒരു സംസ്കാരത്തെ ഇല്ലായ്മ ചെയ്ത സംഭവങ്ങള്‍.

Mr. Lemkin പറയുന്നത്പോലെ “ഒന്ന് ആദിമജനങ്ങളുടെ ജീവിത രീതിയെ മാറ്റിമറിച്ചു രണ്ട് പിന്നീട് വന്നവര്‍ തങ്ങളുടെ ജീവിതരീതി അവരില്‍ അടിച്ചേല്‍പ്പിച്ചു.” 1906 മുതല്‍ 1957 വരെ മാത്രം ഏകദേശം എണ്‍പതിനായിരത്തോളം ഗോത്രമനുഷ്യരെ ഇല്ലാതാക്കി. പത്തു ലക്ഷത്തിന് മേലെ ബാക്കിയുണ്ടായിരുന്ന അമേരിന്ത്യന്‍സ് ഇന്ന് വെറും പതിനായിരങ്ങളായിരിക്കുന്നു. അമേരിനിന്ത്യന്‍സിനെ ഇല്ലായ്മ ചെയ്യാന്‍ പ്രധാന പങ്ക് വഹിച്ച പോര്‍ച്ചുഗീസിനെപ്പോലെ സ്പെയിനും, ഇംഗ്ലണ്ടും മറ്റു രാജ്യങ്ങളും തികച്ചും പ്ലാന്‍ ചെയ്ത രീതിയില്‍ വിവിധയിടങ്ങളില്‍ ഇത് നടപ്പാക്കി. മഹത്തായ സംസ്കാരങ്ങളെ,  മനുഷ്യ സമ്പത്തിനെ, തീരാത്ത വിജ്ഞാനത്തെ ഇല്ലായ്മ ചെയ്ത നൂറ്റാണ്ടുകളായിരുന്നു 1500 മുതല്‍ ഇന്ന് വരെ.

ആമസോണ്‍ കാട്ടിലെ റബ്ബറിന്‍റെ വാണിജ്യസാധ്യതയും എങ്ങിനെ അതൊരു നാണ്യവിളയായി ലാഭം കൊയ്യാമെന്നുള്ള യൂറോപ്യന്‍ അധിനിവേശരുടെ ചിന്തയുമാണ് ഒരു പരിധിവരെ ആമസോണ്‍ കാടുകളിലെ അമേരിന്ത്യന്‍സിനെ ഇല്ലായ്മ ചെയ്തത്.
അവിടങ്ങളിലെ  സ്വാഭാവിക റബ്ബറിന്‍റെ ജീവിതം ഇല്ലാതായതും  അന്ന് മുതലാണ്‌.

BC 1600 മുതലേ റെഡ്ഇന്ത്യന്‍സ് വസ്ത്രങ്ങളുണ്ടാക്കാനും വെള്ളം കടക്കാത്ത ഷൂസുകള്‍ ഉണ്ടാക്കാനും റബ്ബര്‍ ഉപയോഗിച്ചിരുന്നു എന്ന് ചരിത്രം പറയുന്നു. ഇതിന്‍റെ ആഗോളസാധ്യത തിരിച്ചറിഞ്ഞ സ്പെയിനും പോര്‍ച്ചുഗലും വ്യാപകമായി തെക്കനമേരിക്കയില്‍ കാടുവെട്ടി റബ്ബര്‍മരങ്ങള്‍ നടാന്‍ തുടങ്ങി. കൂടുതല്‍ തൊഴിലാളികളെ അവശ്യമായി വന്നപ്പോള്‍ കാട്ടിന് പുറത്തെ ജീവിതം അറിയാത്ത, സംഘടിതജോലി ചെയ്ത് ശീലമില്ലാത്ത, അമേരിന്ത്യന്‍സിനെ പിടിച്ചുകൊണ്ടുവന്ന് നിര്‍ബന്ധിതമായി ജോലി ചെയ്യിപ്പിച്ചു. തങ്ങള്‍ക്കന്യമായ വാസസ്ഥലവും ജോലിയും രീതിയും. ഇതിനു തയ്യാറാകാതിരുന്നവരെ വളരെ ക്രൂരമായി കൂട്ടക്കൊല ചെയ്തു. പകര്‍ച്ചവ്യാധികള്‍ ബാധിച്ചും ഒരു നല്ല വിഭാഗം ചത്തൊടുങ്ങി.
ഈ സംഭവങ്ങള്‍ നടന്നത് റബ്ബര്‍ ബൂം എന്നറിയപ്പെട്ട പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയുമായിരുന്നു. ഒരു ജനതയെ അപ്പാടെ ഉന്മൂലനം ചെയ്യുകയായിരുന്നു.

 


Reference:

http://www.survivalinternational.org/
A Brief Account of the Destruction of the by Bartolome de las Casas, 1689
http://ieg-ego.eu/en/threads/europe-and-the-world/european-encounters
https://en.wikipedia.org/wiki/History_of_North_America
http://www.pan-uk.org/pestnews/Issue/pn33/pn33p18.htm
http://archive.aramcoworld.com/issue/200504/the.seas.of.sindbad.htm

BRAZIL: ENTIRE TRIBES MASSACRED


https://en.wikipedia.org/wiki/Genocide_of_indigenous_peoples
http://www.spiegel.de/spiegel/print/d-46093905.html


torres-beach5

ഭാഗം ഒന്ന്

“We Indians are like plants. How can we live without uor soil, without our land.” -Marta Guarani

  1. മാറുന്ന കാലാവസ്ഥയും കൃഷിയു‍: പുതിയ അറിവിന്‍റെ പ്രസക്തി

എന്‍റെ ബ്രസീല്‍യാത്ര, താളം തെറ്റുന്ന കാലാവസ്ഥയും അതോടനുബന്ധിച്ച് പ്രകൃതിസൗഹൃദ സുസ്ഥിരകൃഷിരീതികളിലേക്ക് മാറേണ്ട ആവശ്യകതയും സംബന്ധിച്ച ഒരു പഠനവുമായി ബന്ധപ്പെട്ടായിരുന്നു. ഒരു ചുരുങ്ങിയ കാലയളവിലെ ഈ പഠനത്തില്‍ ഇന്ത്യയില്‍ നിന്ന് ഞാനും ഫിലിപ്പിന്‍സില്‍ നിന്ന് ഗിയോര്‍ജിയും  ആണ് ഏഷ്യയെ പ്രതിനിധീകരിച്ചത്. മറ്റുള്ളവര്‍ ആഫ്രിക്കയില്‍നിന്നും ലാറ്റിനമേരിക്കയില്‍നിന്നുമായിരുന്നു‍.പഠനത്തിന്‍റെ ഭാഗമായി സഞ്ചരിച്ച ഗ്രാമങ്ങള്‍, കണ്ടുമുട്ടിയ കൃഷിക്കാര്‍, സാധാരണക്കാര്‍ തരുന്ന അറിവുകള്‍ ഏറെയാണ്‌. ഇത് നമ്മുടെ അവസ്ഥയോട് ചേര്‍ത്തു വായിക്കാനുള്ള ഒരു ശ്രമമാണിവിടെ.

യാത്രകള്‍ നേരിട്ടുള്ള കാഴ്ചകളാകുമ്പോഴാണ് നാം കേട്ടതും വായിച്ചതും എന്താണെന്നറിയുന്നത്. യാത്ര എനിക്കേറെയിഷ്ടപ്പെട്ടയിടത്തേയ്ക്കായപ്പോള്‍  കാഴ്ചകള്‍ക്ക് തെളിമ കൂടി. കേരളത്തിന്‍റെ രാഷ്ട്രീയ സാംസ്‌കാരിക ഭൂമികയെ ലാറ്റിനമേരിക്കന്‍ സാഹിത്യം, രാഷ്ട്രീയം, ദൈവശാസ്ത്രം, സിനിമ, ആമസോണ്‍ കാടുകള്‍, അമേരിന്ത്യന്‍സ്, ഫുട്ബോള്‍ ഒക്കെ ഒരു വലിയ അളവ് വരെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ ഈ അറിവുകള്‍ നേരിട്ട് കാണുമ്പോള്‍ അതിനുള്ളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ആണ് തോന്നുക യാത്രകള്‍ ഒരിക്കലും അവസാനിക്കരുതെന്ന്‍.

  1. പോര്‍ട്ടോ അലെഗ്രെ

സാവോപോളോയില്‍ നിന്ന് ബ്രസീലിലെ തെക്കന്‍ സംസ്ഥാനമായ പോര്‍ട്ടോ അലെഗ്രെയിലെത്തുമ്പോള്‍ സമയം രാത്രി പതിനൊന്ന് മണി. ചൂടില്ല- നേരിയ തണുപ്പിന്‍റെ സുഖം. പതിനഞ്ച് ഡിഗ്രി വരെ രാത്രിയില്‍ അന്തരീക്ഷം. ഭൂമധ്യരേഖക്കടുത്തു കിടക്കുന്നത്കൊണ്ടുള്ള നല്ല കാലാവസ്ഥ. പോര്‍ട്ടോ അലെഗ്രെ നഗരം റയോ ഗ്രാണ്ടേ സുലിന്‍റെ തലസ്ഥാനമാണ്. ഉറുഗ്വയോടും അര്‍ജന്‍റീനയോടും തൊട്ടുരുമ്മിക്കിടക്കുന്ന അതിര്‍ത്തി. ആന്ദ്രെയെ കണ്ടുമുട്ടാന്‍ അധികം പാടുപെട്ടില്ല. പേരും ബോര്‍ഡുമൊന്നുമില്ലാതെ ഒരു സാധാരണ ടീഷര്‍ട്ടില്‍ പുറത്തു കാത്തുനിന്നത് കണ്ടപ്പോള്‍ എനിക്കാളെ മനസ്സിലായി. അങ്ങോട്ട്‌ ചെന്ന് പരിചയപ്പെട്ടു‍. ഒരു നിറചിരിയോടെ കൈ തന്നു. ഒരു കട്ടന്‍കാപ്പിയില്‍ നിന്ന് തന്നെ ബ്രസീലിയന്‍ കാപ്പിയുടെ രുചിയറിഞ്ഞു. പിന്നീട് ഞങ്ങള്‍ ഫിലിപ്പൈന്‍സില്‍ നിന്നുവരുന്ന ഗിയോറിയെയും കാത്ത് അവിടെ നിന്നു  സംസാരിച്ചു. ബ്രസീലും കൃഷിയും ആദിമജനതയും ഫുട്ബോളും കുറച്ച് രാഷ്ട്രീയവും. ഞങ്ങളെ കൂട്ടാന്‍ വേണ്ടി മാത്രം ഇരുന്നൂറു കിലോമീറ്റര്‍ അകലെ ടോറെസ്സില്‍ നിന്ന് വണ്ടിയെടുത്ത് വന്നിരിക്കയാണ്‌.

ആന്ദ്രെ ബ്രസീലിലെ ജൈവകൃഷിയും പരമ്പരാഗതരീതികളും കൂട്ടിയിണക്കി കര്‍ഷകരുടെ ഉല്പ്പന്നം വിപണനം ചെയ്യുന്നതിനും പുതിയ രീതികള്‍ അവതരിപ്പിക്കുന്നതിലും ജൈവഗുണമേന്മ ഉറപ്പുവരുത്തുന്നതിലും വര്‍ഷങ്ങളായി ശ്രമിക്കുന്ന തെക്കന്‍ ബ്രസീലിലെ കൂട്ടായ്മയുടെ ഒരു പോരാളിയാണെന്നത് കൂടാതെ Santa Catarina യിലെ Instituto Federal Center ലെ പ്രൊഫസറും കൂടെയാണ്. ഇദ്ദേഹത്തിന്‍റെ ഡോക്ടറേറ്റ്‌ ecological agriculture ല്‍ ആയിരുന്നു. ഇവിടുത്തെ ജൈവകൃഷിയുടെ നൂതനരീതികള്‍ക്ക് മുപ്പതോളം വര്‍ഷത്തെ പഴക്കമുണ്ട്. ബ്രസിലിന്‍റെ മിശ്രജീവിതരീതി ഏത് സംസ്കാരങ്ങളെയും ഉള്‍ക്കൊണ്ടു പോകുന്ന പ്രകൃതിയാണ്. ഇതിനെല്ലാമിടയില്‍ അപ്പാടെ അവഗണിക്കപ്പെട്ട ബ്രസീലിയന്‍ ഇന്ത്യന്‍ ആദിമ ജനത. ആമസോണ്‍ കാടുകളിലും പരിസരങ്ങളിലുമായി കഴിയുന്നു-  ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ, ഇല്ലാതാക്കപ്പെടുന്ന അവസ്ഥയില്‍.

  1. ടോറസ്സിലെക്ക്

ആന്ദ്രെക്ക് ഡ്രൈവിംഗ് ഒരു പാഷനായതുകൊണ്ട് ഡ്രൈവറെ കൂട്ടിയില്ല. ഗിയൊറി വന്നതോടെ, ഒരു കാപ്പികൂടെ കുടിച്ച്, പുറപ്പെട്ടു. സമയം രാത്രി ഒരു മണി. ആകാശം നിറയെ വെട്ടിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍. ആന്ദ്രെ പറഞ്ഞു നാളത്തെ ആകാശം ഇതിലും മനോഹരമായിരിക്കും. നിശബ്ദതയെ സുന്ദരമാക്കുന്ന വെളിച്ചങ്ങള്‍. ഞങ്ങള്‍ പറഞ്ഞു തുടങ്ങി. ആന്ദ്രെയുടെ അഭിപ്രായത്തില്‍ ബ്രസീലിയന്‍ സംസ്കാരത്തില്‍ പ്രധാനമായും മൂന്നു ശ്രേണികളാണുള്ളത്. ഒന്ന് വടക്കും കിഴക്കുമായി ഒരു കാലത്ത് വ്യാപിച്ചുകിടന്ന ഇപ്പോള്‍ ചിതറിപ്പോയ മായ ഇന്‍കാ ഇന്ത്യന്‍ സംസ്കാരത്തിന്‍റെ അവസാന പച്ചകള്‍. ഇവരുടെ ജീവിത ഭക്ഷണ രീതികള്‍ പുറംലോകത്ത് നിന്ന് വന്നവരെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. രണ്ടാമത് പോര്‍ച്ചുഗീസ്.  കോളനിവല്ക്കരണത്തിന്‍റെ അവസാനിക്കാത്ത സ്വാധീനം. മൂന്ന് ആഫ്രിക്കന്‍ ജനസഞ്ചയം. നൂറ്റാണ്ടുകള്‍ക്ക് മുമ്പിവിടെ പ്ലാന്‍റേഷന്‍ ജോലിക്ക് വന്ന് ഇവിടുത്ത്കാരായി മാറിയ ജനത. പിന്നെ ജാപ്പാന്‍, ഇറ്റലി, ജര്‍മ്മനി, ഉക്രൈന്‍ തുടങ്ങിയ തെക്കന്‍ യൂറോപ്പിലെ രാജ്യങ്ങളില്‍ നിന്ന് വന്ന് നൂറ്റാണ്ടുകളായി ഇവിടം നാടാക്കിയവര്‍.

പ്രകൃതിസമ്പത്തിന്‍റെ. കലവറ സമൃദ്ധമായ ഓയില്‍ നിക്ഷേപം. ഇവിടെ വിന്‍ഡ്മില്‍ ഊര്‍ജോത്പാദനം വ്യാപകമാണ്. ഗവണ്മെന്‍റ്  തന്നെയിത് നിയന്ത്രിക്കുന്നു. ഇഷ്ടംപോലെ നദികളും തടാകങ്ങളും ജലസ്രോതസ്സുകളും ഉള്ളത് കൊണ്ട് ഹൈഡല്‍പവര്‍ ജനറേഷനാണ് മുഖ്യം. മിക്കവാറും എല്ലാ മാസങ്ങളിലും കുളിര് തരുന്ന മഴ. നമ്മുടെ മണ്‍സൂണ്‍ പോലെയൊന്നില്ല. ഒരു മാസം ചുരുങ്ങിയത് പത്തു ദിവസം സമൃദ്ധമായ മഴ കിട്ടും. ഇത് കൊല്ലത്തിലെ പന്ത്രണ്ടു മാസവും ആവര്‍ത്തിക്കും. അതുകൊണ്ട് നിറയെ നദികള്‍-അരുവികള്‍- തടാകങ്ങള്‍- ജലസമൃദ്ധി.
തണുപ്പ്കാലം ഇവിടെ ജൂലൈയില്‍ ആണ് തുടങ്ങുക.

കേരളത്തിന്‍റെ ഫുട്ബാള്‍ ചൂടും അര്‍ജെന്റീന-ബ്രസില്‍ ഫാന്‍സും അങ്കവും മറ്റും പറഞ്ഞപ്പോള്‍ ആന്ദ്രെക്കല്‍ഭുതമായിരുന്നു. ഇങ്ങനെയും സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ടോ എന്ന്. ആന്ദ്രെയുടെ ഡ്രൈവിങ്ങിനിടയിലെ സംഭാഷണത്തില്‍ ഞാന്‍ ബീഫ് കഴിക്കും എന്ന് പറഞ്ഞപ്പോള്‍ ആ മുഖത്ത് സന്തോഷം. നാളത്തെ ജൈവകര്‍ഷകരുടെ ഇരുപത്തഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്ന ആഘോഷത്തില്‍ ബീഫായിരിക്കും മുഖ്യയിനം എന്നുള്ളത്കൊണ്ട് എന്നെ ഏതു പട്ടികയില്‍ പെടുത്തും എന്നാലോചിക്കുകയിരുന്നു ആന്ദ്രെ. ഒരു നൂറു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ഒരു റെസ്റ്റോറന്‍റ്  കണ്ടു വണ്ടി നിര്‍ത്തി. ആന്ദ്രെക്ക് കാപ്പി കുടിക്കണം. ഡ്രൈവ് ചെയ്യന്നതിന്‍റെ ക്ഷീണം. ഞങ്ങള്‍ കട്ടന്‍ കാപ്പി പറഞ്ഞു. തലയോടിനെ വരെ സന്തോഷിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും രുചിയുള്ള കാപ്പി. ഗ്യോര്ജി യാത്രാക്ഷീണത്തില്‍ വണ്ടിയില്‍ കിടന്നുറങ്ങിപ്പോയിരുന്നു. എന്നേക്കാള്‍ ദൂരം താണ്ടിയ ഫിലിപ്പിനെസ് വനിത.

കാപ്പി കുടിച്ചു പുറത്തിറങ്ങി ആന്ദ്രെ വീണ്ടും വണ്ടിയെടുത്തു. പെട്ടെന്നൊരു പൂച്ച കുറുകെ ചാടി. ആന്ദ്രെ വണ്ടി വെട്ടിച്ചെടുത്തു. എപ്പോഴും എന്‍റെ കൂടെ പൂച്ച ഒരു കഥാപാത്രമായോ യാഥാര്‍ത്ഥ്യമായോ വരാറുണ്ട് എന്താണെന്നറിയില്ല. വീതികൂടിയ എട്ടുവരിപ്പാത. ഇരുന്നൂറു കിലോമീറ്റര്‍ രണ്ടു മണിക്കൂര്‍ കൊണ്ടോടിയെടുത്തു ആന്ദ്രെ. വെളിച്ചങ്ങള്‍ പാലമരങ്ങളിലെ പൂക്കള്‍ പോലെ. ചെറിയ വണ്ടികളും വലിയ ട്രക്കുകളും അങ്ങിങ്ങായി പായുന്നു. അതൊരുപക്ഷേ ഉറുഗ്വയിലെക്കോ അര്‍ജന്‍റീനയിലെക്കോ പോകുന്ന ചരക്കുകള്‍ ആയിരിക്കാം ആന്ദ്രെ പറഞ്ഞു. പുലര്‍ച്ചെ മൂന്നര മണിക്ക് ഞങ്ങള്‍ ടോറസ് നഗരത്തിലെത്തി. ഞങ്ങളെ ഹോട്ടലിലാക്കി ആന്ദ്രെ പോയി. പിറ്റേന്ന് കാണാമെന്നു പറഞ്ഞു.

  1. ടോറസ്

പിറ്റേദിവസം ഉണര്‍ന്നപ്പോള്‍ രാവിലെ ഒന്‍പതു മണി. ക്ഷീണം കൊണ്ടുറങ്ങിപ്പോയിരുന്നു. സൂര്യന്‍ ഉദിക്കുന്നത് ഒന്‍പതു ഒന്‍പതരയ്ക്കാണ്. സൂര്യവെളിച്ചം മുറിയിലേക്കെത്തി നോക്കുന്നു. കടല്‍ വളരെയടുത്തായതുകൊണ്ട് ഞാന്‍ തീരത്തേക്ക് നടന്നു.

വൃത്തിയുള്ള ബീച്. അങ്ങിങ്ങായി മലനിരകളും പാറക്കൂട്ടങ്ങളും. ഏതോ തകര്‍ന്നുപോയ ലോകത്തെ ഓര്‍മിപ്പിക്കുന്നത്‌പോലെ. നടക്കാനിറങ്ങിയ വിനോദസഞ്ചാരികള്‍‍. ഞാന്‍ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടന്നു. മണലും പാറയും തൊട്ടുരുമ്മി.
പെട്ടെന്നൊരു കാഴ്ച.

ഒരു പ്രാചീന ഇന്ത്യനെ, അതിലേറെ നമ്മുടെ ഹനുമാനെ ഓര്‍മ്മിപ്പിക്കുന്ന ഒരു ചെറിയ പ്രതിമ അവിടെ ആരോ വെച്ചിരിക്കുന്നു. അടുത്ത് കുറെ മാലകളും കത്തികളും ചില ഇരുമ്പായുധങ്ങളും. ഒരു കൂടോത്രം കഴിഞ്ഞ പ്രതീതി. ഏതോ ചില ആചാരങ്ങളുടെയും പ്രാചീന ജീവിതത്തിന്‍റെയും അടയാളങ്ങള്‍.

ടോറസ് നഗരം റയോ ഗ്രാന്‍റെ സൂള്‍ സംസ്ഥാനത്തിലെ ചെറിയതെങ്കിലും ടൂറിസത്തിനും നല്ല കാലാവസ്ഥയ്ക്കും പേരുകേട്ട സ്ഥലമാണ്. ഏകദേശം നാല്‍പ്പതിനായിരം പേര്‍ മാത്രം താമസിക്കുന്ന ഈ നഗരം ഒരു മുനിസിപ്പാലിറ്റിയാകുന്നത്‌ 1878 ലാണ്. എല്ലാ മാസവും മഴ കിട്ടുന്ന ഇവിടത്തെ അന്തരീക്ഷം വളരെ സുഖകരമാണ്.

നാലു മണിക്ക് ആന്ദ്രെ വന്നു.  സ്വീഡനില്‍ നിന്നും കരീനും എത്തിയിരുന്നു. സ്റ്റോക്ക്‌ഹോം സര്‍വകലാശാലയും കൂടി ചേര്‍ന്നാണ് ഈ പഠനം. ഞങ്ങളെ അടുത്തുള്ള ഒരു ഓര്‍ഗാനിക് ഷോപ്പിലേക്ക് കൂട്ടിക്കൊണ്ട് പോയി. ഈ ഷോപ്പ് തുടങ്ങിയിട്ട് ഇരുപത്തഞ്ചുകൊല്ലമായി. നല്ല രീതിയില്‍ പ്രവര്‍ത്തി്ക്കുന്നു. ഇവിടെ മിക്ക ജൈവസാധനങ്ങളും കിട്ടും. ഇതിനോട്ചേര്‍ന്ന്‍ ഒരു കാപ്പിഷാപ്പും ഉണ്ട്. ഗ്രാമങ്ങളിലെ ഉല്പ്പന്നങ്ങള്‍ ഇവിടെ വിറ്റഴിക്കുന്നു. ഇവിടെ വരുന്നവര്‍ക്ക് ജൈവഭക്ഷണത്തിന്‍റെ മൂല്യങ്ങളെപ്പറ്റിയും ഗുണത്തെപ്പറ്റിയും നല്ല ധാരണയുണ്ട്. ചെറിയ വിലക്കൂടുതലുണ്ടെങ്കിലും പലരും ഇവിടെ നിന്ന് വാങ്ങിക്കുന്നു. ലാഭം കൃഷിക്കാരന് നേരിട്ട കിട്ടുന്നു. ഇതൊരു കര്‍ഷകകൂട്ടായ്മയാണ്. ഇതുപോലെ എത്രയോ ഷോപ്പുകളും മാര്‍ക്കറ്റുകളും ജൈവസന്നിധ്യമായി ബ്രസീലില്‍ ഉണ്ട്. അവിടെ നിന്ന് ഒരു മരച്ചീനി സ്റ്റാര്‍ച്ച്കൊണ്ടുണ്ടാക്കിയ ദോശ കഴിച്ചു. കൂടുതല്‍ ചീസ് കൂട്ടി കട്ടിയാക്കിയ ഈ വിഭവം. എനിക്ക് രുചി ഇഷ്ടപ്പെട്ടില്ല ! തിരിച്ച് ഹോട്ടലിലെത്തുമ്പോള്‍ കെനിയയില്‍ നിന്ന്‍ ഹഡ്സനും മര്‍ലീനും എത്തിയിരുന്നു.

സമ്പത്തിന്‍റെയും വിഭവത്തിന്‍റെയും കാര്യത്തിലുമൊക്കെ മുന്നോട്ട് പോകുമ്പോഴും ആദിമജനതയെ തള്ളുന്ന പ്രവണത. പാവപ്പെട്ടവരും പണക്കാരും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന വിടവ്. ഇവിടെ തെക്കന്‍ ബ്രസീലില്‍ ഒരാള്‍ക്ക് ചുരുങ്ങിയത് പത്ത് ഹെക്ടര്‍ മുതല്‍ ഭൂമിയുണ്ട്. ആമസോണ്‍ സൈഡില്‍ മുപ്പതിനായിരം ഹെക്ടര്‍ വരെ കൈവശം വെക്കുന്ന വ്യക്തികള്‍ ഉണ്ട്. അമേരിന്ത്യക്കാര്‍ ബ്രസീലിന്‍റെ മൊത്തം ജനസംഖ്യയുടെ വെറും 0.3 % ആയി ചുരുങ്ങിയിരിക്കുന്ന. ഇനിയും എത്രയോ പേര്‍ ഒരു തുണ്ട് ഭൂമിപോലും കൈവശമില്ലാതെ. പക്ഷെ ഇവിടെ ഒരു നല്ല പ്രകൃതിയിലൂന്നിയ രാഷ്ട്രീയ സാംസ്‌കാരിക ഇടപെടല്‍ ഇന്നും ശക്തമാണ്. ഒരു പരിധിവരെ ജൈവകൃഷിരീതിയെ മുപ്പതു വര്‍ഷം കൊണ്ട് മാറ്റി മറിച്ചത് ക്രിസ്ത്യന്‍ പള്ളികളും സഭകളും ആണ്.

“നിങ്ങള്‍ വിഷമില്ലാത്ത ഭക്ഷണം കഴിച്ചു എന്തുകൊണ്ട് നിന്‍റെ അയല്‍ക്കാരന് വിഷമുള്ള ഭക്ഷണം വില്‍ക്കുന്നു” എന്ന് ചോദിച്ച സഭ ഒട്ടേറെയിടങ്ങളില്‍ ജൈവകൃഷിയുടെ നല്ല പാഠങ്ങള്‍ പറഞ്ഞുകൊടുത്തു. ഇവര്‍ ഗ്രീന്‍പീസുമായും മറ്റു പാരിസ്ഥിതിക സംഘടനകളുമായും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയം ഇവിടെ നല്ല മണ്ണിനും പ്രകൃതിക്കുമായുള്ള കൂട്ടായ പ്രവര്‍ത്തനമാണ്. ഇതാണ് ലാറ്റിനമേരിക്കന്‍ ക്രൈസ്തവ പ്രവര്‍ത്തനങ്ങളുടെ വ്യത്യസ്ത ദൈവശാസ്ത്രങ്ങള്‍. 1970ലെ ഹരിതവിപ്ലവം തകര്‍ത്ത മണ്ണിന് ഇവര്‍ എല്ലാം തിരിച്ചു കൊടുത്തുകൊണ്ടിരിക്കുന്നു.

mauru-organic-farmer

  1. അന്നയുടെയും ലയാസ്സിന്‍റെയും വീട്ടില്‍

അന്ന് പകല്‍ വെറുതെയിരുന്നു. ഹോട്ടലിലെ റിസപ്ഷനിസ്റ്റിനോട്  കൈയും  കാലും കാണിച്ച് ഞങ്ങള്‍ സംസാരിച്ചു. റൊഡീന്യോവിനു പോര്‍ച്ചുഗീസ് മാത്രമേ അറിയൂ. ഫുട്ബോളും ഇന്ത്യയും ഒക്കെ മുറിച്ചു മുറിച്ചു കൈമാറി. വൈകുന്നേരം ആന്ദ്രെ ഞങ്ങളെ നാലുപേരെയും ഡിന്നറിനു കൊണ്ട്പോയി. നഗരത്തില്‍ തന്നെ തിരക്ക് കുറഞ്ഞ, കല്ല്‌പാകിയ റോഡിലൂടെ, അധികം ദൂരെയല്ലാത്ത വീടുകള്‍ മാത്രമുള്ള ഒരുസ്ഥലത്ത് വണ്ടി നിറുത്തി. ഇത് അന്നയുടെയും ലയാസിന്‍റെയും വീട്. ഇവരാണ് സെന്‍ട്രോ എകൊളോജികോ എന്ന എന്‍ജിഓയുടെ ഊര്‍ജം. ഞങ്ങള്‍ അകത്തു കടന്നു. തീര്‍ത്തും  ബേക്കര്‍ ശൈലിയില്‍ പണിതീര്‍ത്ത വീട്. അന്നയെയും ലയാസ്സിനെയും പരിചയപ്പെട്ടു. ലയാസ് ബീഫ് തയ്യാറാക്കുന്നതിന്‍റെ തിരക്കിലും അന്ന അടുക്കളയില്‍ കപ്പയും മറ്റും പാചകം ചെയ്യുന്നതിലും മുഴുകിയിരിക്കുകയായിരുന്നു. കെനിയയില്‍ നിന്ന് വന്ന ഹട്സന്‍ ചെവിയില്‍ ‘ആണി’ തിരുകി ആഫ്രിക്കന്‍ സംഗീതം കേള്‍ക്കാന്‍ ലാപ്ടോപ് തുറന്നിരുന്നു. മര്‍ലിനും കരീനും അന്നയോട് സംസാരിച്ചു. വീടിനു പിന്നില്‍ തുറസ്സായ സ്ഥലം.

സൂര്യവെളിച്ചം ഇഷ്ടംപോലെ കിട്ടും. പല പച്ചക്കറി പരീക്ഷണങ്ങളും ഇവിടെ നടക്കുന്നു. കൃഷിയിലും സാങ്കേതികതയിലും ഏറെ പരിജ്ഞാനമുള്ള ഇവര്‍ കണ്ടുമുട്ടുന്നത് ബ്രസീലിലെ എണ്‍പതുകളിലെ സോഷ്യല്‍ മൂവ്മെന്‍റിലൂടെയാണ്. അങ്ങിനെയാണ് 1985ല്‍ സെന്‍ട്രോ എകൊളോജികോ എന്ന  സിവില്‍സമൂഹപ്രസ്ഥാനം  പിറന്നത..

ഭക്ഷണം തയ്യാറായി. പുറത്തെ വിശാലമായ പുല്‍ത്തകിടിയില്‍ മേശപ്പുറത്തു നിരത്തി. ഹട്സന്‍ സംഗീതം അവസാനിപ്പിച്ച് വന്നു. കപ്പയും ബീഫും സോസേജും പിന്നെ സാലഡും കൂട്ടിന് ഓര്‍ഗാനിക് സ്ടയിന്‍ ഹൌസ് ബിയറും. ഈ ബ്രാന്‍ഡ്‌ മാത്രമാണ് ബ്രസീലില്‍ ഓര്‍ഗാനിക് ബിയര്‍ ഉത്പാദിപ്പിക്കുന്നത്. അന്ന പറഞ്ഞുതുടങ്ങി. ബ്രസീലിന്‍റെ രാഷ്ട്രീയവും ഇപ്പോഴത്തെ അവസ്ഥയും. പട്ടാളഭരണകാലത്ത് സോഷ്യലിസ്റ്റില്‍ നിന്ന് മാര്‍ക്സിസ്റ്റ്‌ അര്‍ബന്‍ ഗറില്ല പ്രവര്‍ത്തനത്തില്‍ പിടിക്കപ്പെട്ട രുസേഫ് ദില്‍മ റുസേഫ് ജയില്‍ പീഡനങ്ങള്‍ക്കും ജയില്‍ജീവിതത്തിനും ശേഷം രാഷ്ട്രീയം തുടങ്ങിയത് പോര്‍ട്ടോ അലെഗ്രെയില്‍ ആയിരുന്നു. പിന്നീട് ബ്രസീല്‍ പ്രസിഡണ്ടായി മൂന്ന്‍മാസം മുന്‍പ്‌ ഇമ്പീച്ച് ചെയ്യപ്പെട്ടപ്പോള്‍ തോറ്റത് ബ്രസീലിലെ സ്ത്രീകളും പാവപ്പെട്ടവരുമാണ്.

ദില്മ ഭരിച്ചിരുന്നപ്പോള്‍ സ്ത്രീകള്‍ക്ക് പല മേഖലയിലും പ്രാമുഖ്യം ഉണ്ടായിരുന്നു. പാവപ്പെട്ടവര്‍ക്ക് ആശ്വാസമായിരുന്നു. ലുലയും ദില്മയും ബ്രസീലിനെ പല മേഖലയിലും മുന്നോട്ട് കൊണ്ടുപോയിരുന്നു, എന്തൊക്കെ അഴിമതി ആരോപണങ്ങള്‍ അവര്‍ക്കെതിരെ ഉന്നയിച്ചാലും. വൈസ് പ്രസിഡന്‍റ്  ആയിരുന്ന മൈക്കേല്‍ ടെമര്‍ പിന്നീട് പ്രസിഡന്‍റായി തന്‍റെതായ ആള്‍ക്കാരെ പല മേഖലകളിലും നിയമിച്ച് അധികാരം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇനി തെരഞ്ഞെടുപ്പിന് രണ്ടു വര്‍ഷം കൂടിയുണ്ട്. “ഞങ്ങള്‍ തെക്കന്‍ ബ്രസീലുകാര്‍ നിരാശയിലാണ്, ദില്‍മ ഞങ്ങളുടെ ഊര്‍ജമായിരുന്നു. അന്ന പറഞ്ഞു നിര്‍ത്തി.

പലവിധ പരീക്ഷണങ്ങളും രാഷ്ട്രീയ സംഭവങ്ങളും ഇഴചേര്‍ന്ന പതിറ്റാണ്ടുകളായിരുന്നു കഴിഞ്ഞ നാല്‍പതുവര്‍ഷം. പട്ടാളഭരണത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക്. ഇടതു പാര്‍ട്ടികളുടെ സജീവ സാന്നിധ്യം.  ഇപ്പോള്‍ അവര്‍ പലതായെങ്കിലും സമൂഹത്തില്‍ ഇന്നും ഇടതുചിന്തയുടെ സ്വാധീനം ഏറെ. സോഷ്യല്‍ മൂവ്മെന്‍റുകളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സജീവമാണിവിടെ‍.  സമയം പതിനൊന്നു മണിയായി. ഡിന്നര്‍ കഴിഞ്ഞ് ഞങ്ങളെ ലയാസ്സും ആന്ദ്രെയും ഹോട്ടലില്‍ കൊണ്ടാക്കി. ഒരു തെളിവാര്‍ന്ന സൌഹൃദത്തിന്‍റെ  അനുഭവം. സന്തോഷത്തോടെ കിടന്നുറങ്ങി.

  1. ജൈവകര്‍ഷകരുടെ ഇരുപത്തഞ്ചു വര്‍ഷം

Associação dos Colonos Ecologistas da Região de Torres (ACERT) എന്ന ജൈവകര്‍ഷകരുടെ അസോസിയേഷന്‍ സ്ഥാപിതമായത് 1991 ലാണ്. ഈ സംഘടനയുടെ സില്‍വര്‍ ജൂബിലി അവര്‍ ആഘോഷിച്ചത് സംഗീതവും നാടകവും പാട്ടുകളുമായിട്ടായിരുന്നു. ഞങ്ങള്‍ മൊറീനോസ് ഗ്രാമത്തില്‍ ചെന്നപ്പോഴേക്കും അവിടത്തെ കമ്മ്യൂണിറ്റി ഹാള്‍ നിറഞ്ഞിരുന്നു. നാല് ഗ്രാമങ്ങളില്‍ നിന്ന് ഏകദേശം നാനൂറോളം പേരുണ്ടായിരുന്നു ഈ ആഘോഷത്തിന്. കുറെ നേരം ബ്രസീലിയന്‍ നാടന്‍സംഗീതം കേട്ടു. പീറ്റ് സീഗറിനെപ്പോലെ തോന്നിച്ച തൊപ്പി ധരിച്ച് നരച്ച തടിയുള്ള പ്രത്യേകവസ്ത്ര ധാരണവുമായി ഒരാള്‍ നാടന്‍ ഉപകരണത്തിന്‍റെ അകമ്പടിയോടെ പാടുന്നുണ്ടായിരുന്നു. അദ്ദേഹവും അവിടെയുള്ള പലരും 1960കള്‍ മുതല്‍ പട്ടാളഭരണത്തിനെതിരെയുള്ള സോഷ്യല്‍ മൂവ്മെന്റിന്‍റെ ഭാഗമായിരുന്നു എന്ന് ആന്ദ്രെ പറഞ്ഞുതന്നു.

പിന്നീട്, ഭക്ഷണം ഉണ്ടാക്കുന്നത് കാണിച്ചുതരാനായി ആന്ദ്രെ, ഞങ്ങളെ  ഹാളിനു പിന്നിലേക്ക് കൊണ്ടുപോയി. അവിടെ ഭക്ഷണപ്പുരയില്‍ അത്ഭുതങ്ങളുടെ ബര്‍ബക്യൂ തയ്യാറാക്കുകയായിരുന്നു. വലിയ ബീഫ് കഷണങ്ങള്‍ തീക്കുണ്ഡത്തില്‍ ചുട്ടെടുക്കുന്നു. എങ്ങിനെയാണ്‌ അവര്‍ പരമ്പരാഗത രീതിയില്‍ ബീഫ് ബര്‍ബക്യൂ ഉണ്ടാക്കുകയെന്നു കാണിച്ചുതരികയായിരുന്നു ആന്ദ്രെ. ജൈവമെന്നാല്‍ പൂര്‍ണ വെജിറ്റേറിയന്‍ ആണെന്ന ധാരണ മാറിക്കിട്ടും ഇതൊക്കെ കണ്ടാല്‍‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബീഫ് കഴിക്കുന്ന ഒരു സ്ഥലമായ ബ്രസീലില്‍ ബര്‍ബക്യൂ ഇല്ലാതെ അവര്‍ക്കൊരു സദ്യയില്ല,

അവിടെ മറ്റൊരു സ്ഥലത്ത് ചെന്നപ്പോള്‍ രണ്ടു സ്ത്രീകള്‍ പൂളക്കിഴങ്ങ്‌ (മരച്ചീനി) പൊളിച്ച് നുറുക്കുന്നത് കണ്ടു. അടുത്ത് തന്നെ ചേമ്പും ക്ലീന്‍ ചെയ്ത് വെച്ചിരിക്കുന്നു.  കേരളത്തില്‍ എത്തിയത് പോലെ!  ഭക്ഷണം, രുചികളുടെ ജൈവവൈവിധ്യങ്ങളായിരുന്നു.  ഉപയോഗിച്ച എല്ലായിനങ്ങളും ഗ്രാമീണരുണ്ടാക്കിയതാണ്. ആറേഴു തരം സാലഡും, ബീഫും കപ്പയും ചേമ്പും  എല്ലാം. തിരിച്ചുപോരുമ്പോള്‍ കര്‍ഷകര്‍ തങ്ങളുടെ കുട്ടികളെയും കൂട്ടി വീട്ടിലേക്ക് തിരിച്ചിപോവുകയായിരുന്നു.

  1. മൌരുവിന്‍റെ കൃഷിയിടത്തില്‍

ടോറസ്സില്‍ നിന്നും അന്‍പതു കിലോമീറ്റര്‍ അകലെയാണ് അലക്കാന്ദര ഗ്രാമം. അവിടെ ഞങ്ങള്‍ ജൈവകര്‍ഷകനായ മൌരു കുദീഞ്യോവിനെ കാണാന്‍ പോവുകയാണ്. രാവിലെ തന്നെ ടോറസ് നഗരവും താണ്ടി പ്രധാന വഴികളിലൂടെ ഞങ്ങളുടെ ബസ് നീങ്ങി.

ടോറസ്സിന്‍റെ കെട്ടിടങ്ങള്‍ക്ക് ഉയരം കുറവാണു സുന്ദരമാണ്. മനോഹരമായി രൂപകല്‍പന ചെയ്ത റോഡുകള്‍. വലിയ ട്രക്കുകളും കാറുകളും അതിവേഗത്തില്‍ ഒരേ താളത്തില്‍ ഒഴുകുന്നു. റോഡില്‍ നിന്ന് വണ്ടി വലത്തേക്ക് തിരിഞ്ഞു. ഒറ്റപ്പെട്ട പീടികകളും മരംകൊണ്ട് തീര്‍ത്ത വീടുകളും കണ്ടുതുടങ്ങി. കേരളത്തിന്‍റെ പ്രതീതി. അങ്ങിങ്ങായി വലിയ ചില വീടുകള്‍. യൂറോപ്പ്യന്‍ നിര്‍മാണത്തിന്‍റെ സ്വാധീനം. ഓരോ വീടും തങ്ങളുടേതായ പറമ്പിന്‍റെ മദ്ധ്യേ. റോഡിന്നിരുവശങ്ങളിലുമായി മാലിന്യം നിക്ഷേപിക്കാനുള്ള പ്രത്യേകം പെട്ടികള്‍. എല്ലാ വീട്ടുകാരും മാലിന്യം രണ്ടായി തരംതിരിച്ച് ഇതില്‍ നിക്ഷേപിക്കുന്നു. പ്രാദേശിക ഭരണകൂടം ഏര്‍പ്പെടുത്തിയ ജോലിക്കാര്‍ എല്ലാ ദിവസവും വന്നെടുത്തുകൊണ്ടുപോകും.  പ്ലാസ്റ്റിക്കോ മറ്റേതെങ്കിലും മാലിന്യമോ എവിടെയും  കാണാനില്ല. കുറെ കഴിഞ്ഞ് റോഡ്‌ വീണ്ടും ചെറുതായി വന്നു. ടാറിട്ട റോഡ്‌ തീര്‍ന്നു. മുന്നോട്ട് മണ്ണും കരിങ്കല്‍ കട്ടകളും മാത്രമായ റോഡ്‌. ദൂരെ മലകളും അതിന്‍റെ വശങ്ങളില്‍ വാഴകൃഷിയും അടുത്തുവന്നു. വാഴകൃഷി എന്നാല്‍ നമ്മുക്ക് നിരപ്പായ പറമ്പിലും പാടത്തും ആണല്ലോ. എന്നാല്‍ ഇവിടെ ലാറ്റിന്‍ അമേരിക്കയില്‍ വാഴകൃഷി കുന്നിന്‍ ചരിവിലും മലമുകളിലും ആണ്. തടാകത്തില്‍ നിന്നും കടലില്‍ നിന്നും കിട്ടുന്ന നീരാവിയും എല്ലാ മാസവും പെയ്യുന്ന മഴയും വാഴയ്ക്കനുകൂലമാണ്. നനയക്കേണ്ട ആവശ്യമില്ല. നട്ട  വാഴ കുലച്ചുതുടങ്ങുമ്പോള്‍ മതി പരിചരണം. ഈ വാഴത്തോട്ടങ്ങള്‍ കണ്ടപ്പോള്‍ മാര്‍കേസിനെയും ബനാന കമ്പനിയേയും ഓര്‍മ്മ വന്നു.

ഞങ്ങള്‍ മൌരുവിന്‍റെ വീട്ടിലെത്തി. ഒറ്റപ്പെട്ട ഒരു ചെറിയ വീട്. ചുറ്റുപാടും കൃഷിസ്ഥലവും മലകളും. പുല്ല് തിന്ന് തൃപ്തിയായി തികട്ടിയരയ്ക്കുന്ന പശുക്കള്‍. ഓടിനടക്കുന്ന കോഴിക്കുഞ്ഞുങ്ങളും. നമുക്ക് നഷ്‌ടമായിക്കൊണ്ടിരിക്കുന്ന കാഴ്ചകള്‍. ഞങ്ങള്‍ ചെല്ലുമെന്ന് മൌരുവിനറിയാമായിരുന്നെങ്കിലും തിരക്കിലായിരുന്നു. കൃഷിയിടത്തില്‍നിന്ന് പറിച്ച ഒന്നാംതരം ഇഞ്ചി കഴുകി വൃത്തിയാക്കി പ്ലാസ്റ്റിക് കൊട്ടകളില്‍ നിറക്കുകയായിരുന്നു മൌരുവും ഭാര്യ ലോറയും. അവരുടെകൂടെ ഒരു പണിക്കാരനും ഉണ്ടായിരുന്നു. പേര് ചോദിച്ചപ്പോള്‍ മിഗ്വല്‍ എന്ന് പറഞ്ഞു ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്തു തന്നു. ഞങ്ങളെയെല്ലാവരേയും കൂട്ടിയിരുത്തി മൌരു സ്വന്തം ജൈവകൃഷിയുടെ കഥ  പറഞ്ഞു.  ഭാര്യ ലോറയും മറ്റു പണികളെല്ലാം നിര്‍ത്തി വന്നിരുന്നു. മൌരുവും ലോറയും പൂര്‍ണമായ ജൈവരീതിയിലേക്ക് മാറിയിട്ട് ഇരുപത്തഞ്ചു വര്‍ഷമായി.  ജൈവകൃഷി ഒരു പ്രസ്ഥാനമായി  തുടങ്ങിയ കാലം- 1991. സിവില്‍ സമൂഹസംഘടനയായ സെന്‍ട്രോ എക്കോളോജിക്കൊയുടെയും കത്തോലിക്കാ പള്ളിയുടെയും ശ്രമഫലമായി പ്രകൃതിയില്‍ ഊന്നിയുള്ള കൃഷിരീതി രൂപപ്പെടുന്നത് ഈ കാലത്താണ്. അവരുടെ പൂര്‍വികര്‍ ചെയ്തിരുന്ന കരിമ്പും പുകയിലയും കൃഷി  തനിക്ക് കിട്ടിയപ്പോള്‍ ആണ് മൌരു കൃഷിരീതി  മാറ്റിയത്. ഇപ്പോള്‍  രണ്ടുപേരും ചേര്‍ന്നാണ്  കൃഷി നോക്കുന്നത്. മക്കള്‍ മൂന്ന് പേരും പഠിക്കുന്നുണ്ടെങ്കിലും സമയം കിട്ടുമ്പോഴൊക്കെ കൃഷിയില്‍ സഹായിക്കും.  മകള്‍ IFC യില്‍ കൃഷിതന്നെയാണ് ബിരുദമായെടുത്തി രിക്കുന്നതെന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി.

torres-beach5

കൃഷിയിടം – പ്രകൃതി

ഞങ്ങള്‍ കൃഷിയിടത്തിലേക്ക് നടന്നു.  വിവിധ രീതിയിലുള്ള കൃഷികള്‍. പരമ്പരാഗത യിനങ്ങള്‍ക്ക് പുറമേ പുതിയ പലതും മണ്ണിനെ പരിചയപ്പെടുത്തിയിരിക്കുന്നു. കാക്റ്റസ് വര്‍ഗത്തില്‍പ്പെട്ട പിതായ എന്ന ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നത് സ്വാഭാവികമായ രീതിയിലാണ്. വളമിടുകയോ കിളയ്ക്കുകയോ ചെയ്യുന്നില്ല. മണ്ണിന്‍റെയും അന്തരീക്ഷ ത്തിന്‍റെയും ഊര്‍ജവും ആവാസവ്യവസ്ഥയും നിലനിര്‍ത്തുന്ന രീതി. താനെ വളരുന്ന കളകളും ചെടികളും താനെ വളമാകുന്ന അവസ്ഥ. സൂര്യനാണ് കൃഷിയുടെ ജീവനും വെളിച്ചവും ഊര്‍ജവുമെന്നും ഒന്നും ചെയ്യാതിരിക്കലാണ് യഥാര്‍ത്ഥകൃഷി എന്നുമുള്ള ഒരു ഫുക്വോക്വന്‍ പ്രയോഗത്തില്‍ ആണ് മൌരുവും സെന്‍ട്രോ എകൊളോജികോയും കൃഷിയെ  മനസ്സിലാക്കിയത്.

കൃഷി എന്നത് ഒരു സ്വാഭാവിക ജീവിത രീതിയാണ്‌. നമ്മള്‍ എത്ര പ്രകൃതിക്ക് കൊടുക്കുന്നുവോ അത്രയും  അതു തിരിച്ചും  തരും. തന്‍റെ കൃഷിയിടത്തിലെ ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റോസ്ബെറി, പിത്തായ തുടങ്ങിയവ മാര്‍ക്കറ്റിലെക്ക് പോകാനുള്ളതാണ്. ഇഞ്ചി, നെല്ല്, വാഴ,  കാരറ്റ്, കാബേജ്, കോളിഫ്ലവര്‍, ബ്രോകൊലി തുടങ്ങിയവയും കൃഷി ചെയ്യുന്നു. പാടത്തുനിന്നും തിരിച്ചു വീട്ടിലേക്ക് വന്നപ്പോള്‍ തണ്ണിമത്തനും ഓറഞ്ചും മുറിച്ചു കാത്തിരിക്കയായിരുന്നു ലോറ. അവിടെ നിന്ന് തിരിച്ചുപോരുമ്പോള്‍ നമുക്ക് നഷ്ടപ്പെട്ട കൃഷിയും കാലാവസ്ഥയും ജീവിതവുമായിരുന്നു മനസ്സില്‍.

(തുടരും)

Comments
Print Friendly, PDF & Email

യാത്രികൻ. പരിസ്ഥിതിപ്രവർത്തകൻ, എഴുത്തുകാരൻ,

You may also like