പൂമുഖം OPINION വിവാദങ്ങളുയര്‍ത്തിയും, ആര്‍ എസ് എസിനോട് താരതമ്യപ്പെടുത്തിയുമല്ല ഐ.എസ്.ഐ.എസിനെ നേരിടേണ്ടത്

സാക്കിര്‍ നായിക് വിഷയത്തില്‍ കെ എസ് യു പാലക്കാട് ജില്ലാ പ്രസിഡന്റ് തന്റെ നിലപാട് പറയുന്നു: വിവാദങ്ങളുയര്‍ത്തിയും, ആര്‍ എസ് എസിനോട് താരതമ്യപ്പെടുത്തിയുമല്ല ഐ.എസ്.ഐ.എസിനെ നേരിടേണ്ടത്

ാധ്യമങ്ങളില്‍ മുഴുവന്‍ ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത് ഐ എസ് ഐ എസ് തീവ്രവാദത്തിന്റെ വാര്‍ത്തകളാണ്. ഇന്ത്യയില്‍ നിന്ന്, പ്രത്യേകിച്ച് കേരളത്തില്‍ നിന്നും അത് സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത് ഒട്ടും തന്നെ ആശാവഹമായ ഒരു കാര്യമല്ല. ഇതിനിടയിലാണ് സാക്കിര്‍ നായിക് എന്ന മുസ്ലിം പണ്ഡിതന്റെ പേര് പരാമര്‍ശിക്കപ്പെടുന്നത്. ഇതുവരെ ആ മനുഷ്യന്റെ പ്രംസംഗം ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ഈ വിവാദങ്ങൾ ഉയർന്നതിന് ശേഷമാണ് ഈ ക്ലിപ് കിട്ടുന്നതും ഞാന്‍ ആദ്യമായി സാക്കിര്‍ നായിക്കിനെ കേൾക്കുന്നതും. ഇതിൽ സാക്കിർ നായ്ക് ഐ.എസ്.ഐ.എസിനെ ‘ആന്റി ഇസ്ലാമിക്’ എന്നാണ് വിശേഷിപ്പിക്കുന്നത് . എന്നാൽ ഒരു സംവാദത്തിനിടയിൽ ഒരു ചോദ്യത്തിന് നൽകിയ മറുപടി മാത്രം വിലയിരുത്തി ഒരാളെ നിരുപാധികം പിന്തുണക്കാനാകില്ല. അന്വേഷണം നടക്കുകയും കൃത്യമായ തെളിവുകൾ ഉണ്ടാവുകയും ചെയ്താൽ സാക്കിർ നായിക് നിയമത്തിന് വിധേയമാകണം എന്ന് പ്രത്യേകം പറയേണ്ടതില്ല.

ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രിയ സാഹചര്യം ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വബോധം ഉറപ്പ് നൽകുന്നതല്ല എന്നതാണ് ഇക്കാര്യത്തിലുള്ള നമ്മുടെ പ്രധാന ആശങ്ക. നിതാന്ത ജാഗ്രത പാലിച്ച് രാജ്യത്തെ ജനാധിപത്യ മതേതര ചേരി നിലയുറപ്പിക്കേണ്ടതുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. തിരക്ക് പിടിച്ച് സാക്കിർ നായിക് പ്രശ്നത്തിൽ ഒരു നിലപാട് സ്വീകരിക്കുന്നത് നീതിപൂർവ്വം ആവുകയില്ല എന്നത് ഉറപ്പാണ്.

കേരളത്തിൽ നിന്ന് ഐ എസ് ഐ.എസിലേക്ക് ആളുകൾ റിക്രൂട്ട് ചെയ്യപ്പെടുന്നു എന്നത് അന്ധാളിപ്പുളവാക്കുന്ന വാര്‍ത്ത തന്നെയാണ് എന്നതില്‍ തര്‍ക്കമില്ല. പുറത്ത് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ ഇത്ര കാലം നമ്മൾ കൊട്ടിഘോഷിച്ച രാഷ്ട്രീയ പ്രബുദ്ധതയ്ക്കും മതേതര ബോധത്തിനും എന്തോ കുഴപ്പമുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. ആശയപരമായ ആകർഷണത്തിനുമപ്പുറം മറ്റെന്തൊക്കെ കാര്യങ്ങളാണ് ഇവരെ സ്വാധീനിക്കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്. സാമ്പത്തിക നേട്ടം, ജീവിത സാഹചര്യം അങ്ങനെ എല്ലാ കാര്യങ്ങളെയും പരിശോധനക്ക് വിധേയമാക്കണം. എന്തിന്റെ പേരിലായാലും അത്തരം സാഹചര്യം മുതലെടുത്ത് ഐ.എസ്.ഐ എസ് കാം പിലേക്ക് ആളുകളെ എത്തിക്കാൻ സദാസജ്ജരായി ചിലർ നമുക്കിടയിൽ തന്നെ ഉണ്ടെന്നത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്.

കശ്മീരിലേക്ക് കേരളത്തിൽ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നു എന്ന് മുൻപ് വാർത്തകൾ ഉണ്ടായിരുന്നു മഅദനിയുടെ പ്രസംഗം അന്നത്തെ യുവാക്കളെ ആകർഷിച്ചിരുന്നതായി അന്ന് വിലയിരുത്തലുകളും വന്നിരുന്നു. അന്ന് പക്ഷെ രാജ്യത്തെ ഒരു വിഭാഗം അനുഭവിക്കുന്ന നീതി നിഷേധം; ഭരണകൂടത്തിനെതിരെ പ്രതികരിക്കാൻ യുവാക്കളെ പ്രേരിപ്പിച്ചു എന്നും, സ്വീകരിച്ച മാർഗം തെറ്റായിരുന്നു എന്നും വിലയിരുത്താനാകും. അപ്പോഴും കാശ്മീരിലെ നീതി നിഷേധം ചോദ്യചിഹ്നമായി തുടരുക തന്നെയായിരുന്നു.

എന്നാൽ ഐ.എസ്.ഐ.എസ് പോലെ ലോകത്തെവിടെയും മനുഷ്യരെക്കൊല്ലാനും, സ്ത്രീകളെ ബലാൽസംഘം ചെയ്യാനും ‘മദീനയിൽ’ സ്ഫോടനം നടത്താനും തയ്യാറാകുന്ന ഒരു ഭീകര സംഘടനയോടൊപ്പം ചേരാൻ തയ്യാറാകുന്നവരുടെ മാനസികാവസ്ഥ എന്താണെന്ന് മനസ്സിലാകുന്നില്ല. ജനാധിപത്യ മാർഗത്തിലൂടെയോ പൊതുവിൽ അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും മാർഗത്തിലൂടെയോ അധികാരം നേടാൻ ശ്രമിക്കാത്തഐ എസ് ഐ എസിനെ ആർ എസ് എസുമായി താരതമ്യപ്പെടുത്തുന്നത് ഒരിക്കലും ശരിയാവുകയില്ല.


Comments
Print Friendly, PDF & Email

പാലക്കാട് ജില്ലയിലെ കൂറ്റനാട് സ്വദേശി. കെ.എസ്.യുവിന്റെ പാലക്കാട് ജില്ല പ്രസിഡന്റാണ്.

You may also like