പൂമുഖം LITERATURE ബ്ളാക്ക് ഹോൾ

ബ്ളാക്ക് ഹോൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

താ ഇതു പോലെ ഒരു ഉമ്മ എനിക്കു തന്നിട്ട് എത്ര കാലായി എന്ന് ഓർമ്മയുണ്ടോ ?”

പതിവു പോലെ ഓഫീസിലേക്ക് പോകുവാൻ തയ്യാറായി ബാഗുമായി വരാന്തയിൽ നിൽക്കുകയായിരുന്നു അയാൾ. ഉച്ച ഭക്ഷണം നിറച്ച ലഞ്ച് ബോക്സ് ഇതു വരെ എത്തിയില്ല. അടുക്കളയിൽ അവൾ എല്ലാം തിരക്കിട്ട് തയ്യാറാക്കുകയാണ്. ഇതിനിടയിൽ എപ്പോഴോ ആണ് അവൾ ലഞ്ച് ബോക്സുമായി വരാന്തയിലേക്ക് വന്നത്. അവൾ വന്നതും അത് ബാഗിനുള്ളിൽ വച്ചിട്ട് വിയർത്ത ചുണ്ടുകൾ കൊണ്ട് അയാളുടെ നരച്ച രോമങ്ങൾ എഴുന്നുനിന്ന മുഖത്തെ രണ്ടു കൈ കൊണ്ടും ചേർത്തു പിടിച്ച് രണ്ടു കവിളിലും അമർത്തി ഉമ്മ വച്ചതും വളരെ പെട്ടെന്നായിരുന്നു. ഒരു നിമിഷം അവിടെ എന്താണ് സംഭവിച്ചതെ ന്ന് ഓർത്തെടുക്കാൻ കഴിയാതെ അയാൾ തന്റെ ബാഗ് പല തവണ തുറക്കുകയും അടയ്ക്കുകയും ചെയ്തുകൊണ്ട് അവിടെത്തന്നെ കുറച്ചു നേരം നിന്നുപോയി.

ഇത്രയും പറഞ്ഞിട്ട് അവൾ അടുക്കളയിലേക്കുതന്നെ ധൃതിയിൽ തിരിഞ്ഞു നടന്നു. പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും തോറ്റ ഒരു കുട്ടിയെപ്പോലെ അയാൾ വരാന്തയിൽ തനിച്ചായി. ആരോ തന്റെ ഉള്ളിൽ നിന്നും പഴകിയ ഗന്ധമുള്ള പൂപ്പൽ പിടിച്ച ചില ഓർമ്മകളെ കുത്തി പുറത്തിട്ടതു പോലെ തോന്നി. അയാൾക്ക് ചെറുതായി തല ചുറ്റി.
കുറേ കാലങ്ങളായി അയാളുടെ ജീവിതത്തിൽ ആകാംഷയുണ്ടാക്കുന്ന സംഭവങ്ങളോ, നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ജീവിത പ്രശ്നങ്ങളോ ഉണ്ടാകാറേയില്ലായിരുന്നു. അയാളിൽ ഉത്കണ്ഠ ഉണർത്തുന്ന തീക്ഷ്ണമായ ചിന്തകളോ, മാരകമായ അസുഖങ്ങളെക്കുറിച്ചുള്ള സംശയങ്ങളോ ഇല്ലായിരുന്നു. കീ കൊടുത്തു വിടുമ്പോൾ ചലിക്കുന്ന ഒരു യന്ത്രപ്പാവയെപ്പോലെ അയാൾ വീട്ടിൽ നിന്ന് ഓഫിസ്സിലേക്കും, ഓഫീസ്സിൽ നിന്ന് വീട്ടിലേക്കും സഞ്ചരിച്ചു കൊണ്ടിരുന്നു. കുറെ കാലങ്ങളായി തന്റെ മെലിഞ്ഞ ശരീരത്തിനുള്ളിൽ അലസനായി, ഒരു കുഴി മടിയനെപ്പോലെ തിരിഞ്ഞും മറിഞ്ഞും കിടന്ന് തനിക്കു ചുറ്റുമുള്ള ജീവിതങ്ങളിലേക്ക് ഉറ്റു നോക്കി ദിവസങ്ങൾ തള്ളി നീക്കാൻ തുടങ്ങിയിരുന്നു അയാൾ .

“ജീവിതമൊക്കെ എങ്ങിനെ പോകുന്നു” ഒരിക്കൽ വഴിയിൽ വച്ച് അയാളെ നന്നായി അറിയുന്ന ഒരു സുഹൃത്ത് കുശലം ചോദിച്ചപ്പോൾ അയാൾ പറഞ്ഞു:

“എന്നും മുടങ്ങാതെ ഓഫീസ്സിൽ പോകുന്നത് കൊണ്ട് കൃത്യ സമയത്ത് ഭക്ഷണം കഴിക്കാൻ പറ്റുന്നു, കൃത്യ സമയത്ത് തന്നെ ചായ കുടിക്കാൻ കഴിയുന്നു. പിന്നെ വായനയും നന്നായി നടക്കുന്നു. ഒരു ജീവിതത്തിൽ ഇതിനപ്പുറം ഒരാൾക്ക് എന്താ വേണ്ടത് അല്ലെ?”.
കുറച്ചു കാലങ്ങളായി ആരെന്തു ചോദിച്ചാലും അതിനൊക്കെ ദാർശനികമായ ഉത്തരങ്ങൾ കൊടുക്കുന്നതിനാൽ ഓഫീസ്സിൽ പോലും ഒഫിഷ്യൽ കാര്യങ്ങളൾക്കല്ലാതെ ആരും അയാളോട് സംസാരിക്കാതെയായി.
അവധി ദിവസങ്ങളെ അയാൾ വെറുത്തു തുടങ്ങിയിരുന്നു.
എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരമാകുമ്പോഴേക്കും സഹപ്രവർത്തകരെല്ലാം വളരെ ഉന്മേഷമുള്ളവരായിത്തീരും, പലരും ജോലി ചെയ്യുന്നതിനിടയിൽ മൂളിപ്പാട്ട് പാടുകയും, തമാശകൾ പറഞ്ഞു ഉറക്കെ ചിരിക്കുകയും ചെയ്യുന്നത് അയാൾ ശ്രദ്ധിക്കാറുണ്ട്. വരാൻ പോകുന്ന രണ്ട് അവധി ദിവസങ്ങളെ ഓർത്തുള്ള സന്തോഷമാണ് അതെന്ന് അയാൾക്കറിയാം. വെള്ളിയാഴ്ച അഞ്ചര മണിയാകുന്നതിനു മുൻപേ തന്നെ പലരും ബാഗുകൾ അടച്ചു പൂട്ടി, വാച്ചുകളിലേക്ക് നോക്കി അക്ഷമരാവും. ചിലർക്ക് വീടുകളിൽ എത്തുന്നതിന് മുൻപേ ബാറുകളിലും മറ്റു ചിലർക്ക് മെഡിക്കൽ ഷോപ്പുകളിലും കയറേണ്ടതുണ്ട്. ഒരാഴ്ചയായി ശേഖരിച്ചു വച്ചിരിക്കുന്ന ശരീരത്തിന്റെ ഊർജ്ജം മുഴുവനും ചിലവാക്കുന്നത് വെള്ളിയാഴ്ച രാത്രിയിലാണ്.
രണ്ടു മാസത്തിന് മുൻപ് മാത്രം വിവാഹിതനായ ഒരാളെ മറ്റുള്ളവർ ചേർന്ന്‌ കളിയാക്കുന്നതും അയാൾ ഒരു പെൺകുട്ടിയെ പ്പോലെ ലജ്ജ കൊണ്ടു തുടുക്കുന്നതും അയാൾ ശ്രദ്ധിക്കാറുണ്ട്. ഇതൊക്കെ കാണുമ്പോൾ അയാളുടെ ഉള്ളിൽ നിന്നും എന്തോ പുളിച്ചു തികട്ടി വരാറുണ്ട്.

അയാൾ സ്വസ്ഥതയോടെ തന്റെ മുറിയിൽ ഇരിക്കുന്നത് സഹപ്രവർത്തകരെല്ലാം പോയതിനു ശേഷമാണ്. ഒരു ദിവസത്തിൽ അയാൾ കൂടുതൽ ഇഷ്ടപ്പെടുന്നതും ആ സമയത്തെയാണ്. ഒഴിഞ്ഞ കസേരകളെ നോക്കി, അതു വരെ അവിടെയിരുന്ന് ചിരിക്കുകയും, തമാശകൾ പറയുകയും ചെയ്തവർ ഇപ്പോൾ എന്തായിരിക്കും ചെയ്യുന്നത് എന്നാലോചിച്ച്, ഒന്നും ചെയ്യാതെ, തനിക്കു ചുറ്റും കേൾക്കുന്ന ശബ്ദങ്ങൾ ശ്രവിച്ച് വെറുതെയിരിക്കാൻ അയാൾക്കിഷ്ടമാണ്. ചിലപ്പോഴൊക്കെ താൻ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകത്തിലെ സെൻ കടങ്കഥകൾ കുരുക്കഴിച്ചെടുക്കാൻ ശ്രമിക്കും.

സെൻ മാസ്റ്റർ തന്റെ ശിഷ്യനോട് ഉത്തരം കണ്ടെത്താനായി ഒരു ചോദ്യം കൊടുക്കുന്നു: ഒരു ജനാലയിലൂടെ ഒരു പശു കടന്നു പോകുന്നു, അതിന്റെ തല കടന്നു പോയി, ശരീരവും കടന്നു പോയി വാല് മാത്രം കടന്നു പോകുന്നില്ല. അതെന്തു കൊണ്ട്. അയാൾ കടങ്കഥയുടെ ഉത്തരം തേടി ജനാലയിലൂടെ കാണാവുന്ന റോഡിലേക്ക് നോക്കി വെറുതേയിരിക്കും.

ഓരോ സെൻ കടങ്കഥയുടെ കുരുക്കുകൾ അഴിക്കപ്പെടുമ്പോഴും അതിലൂടെ ഓരോ രഹസ്യങ്ങൾ വെളിപ്പെട്ടുകിട്ടുകയാണ്. ഒരേ താളത്തിൽ, നേർ രേഖയിലൂടെ മാത്രം ചിന്തിച്ചു കൊണ്ടിരിക്കുന്ന മനുഷ്യ മനസ്സിനെ വഴി തിരിച്ചു വിട്ട് സ്വതന്ത്രനാക്കാനുള്ള രഹസ്യങ്ങൾ. താൻ തന്നോട് തന്നെ എപ്പോഴോ ചോദിച്ചൊരു ചോദ്യം ഉത്തരമില്ലാതെ തന്റെയുള്ളിലും ഉണ്ടല്ലോ എന്നു ചിന്തിക്കുകയും ഏതോ ഇടുങ്ങിയൊരു ജനാലയിലൂടെ പുറത്ത് കടക്കാനുള്ള വഴികൾ തിരക്കുകയാണെന്നും തോന്നാറുണ്ട് അപ്പോഴൊക്കെ.

അത്യാവശ്യം ചില ഫയലുകൾ നോക്കാനുണ്ടെന്ന് കള്ളം പറഞ്ഞു അയാൾ ചില അവധി ദിവസങ്ങളിലും ഓഫീസ്സിൽ വന്നിരിക്കാറുണ്ട്. മകൾ ഹോസ്റ്റലിൽ നിന്നും വീട്ടിൽ വരുന്ന ദിനങ്ങളിലാണ് അതൊക്കെ. മാസങ്ങൾക്കു ശേഷമുള്ള അമ്മയുടേയും മകളുടേയും സന്തോഷങ്ങൾക്കിടയിൽ താനൊരു അധികപ്പറ്റാണെന്ന് തോന്നാറുണ്ട്.

ഓരോ മാസവും കിട്ടുന്ന ശമ്പളം അതേ പടി ഭാര്യയുടെ കയ്യിൽ ഏൽപ്പിച്ചു കഴിഞ്ഞാൽ പിന്നെ അയാൾ സ്വതന്ത്രനാണ്. ജീവിത ഭാരം മുഴുവനും അയാളിൽ നിന്നും കവർന്നെടുത്ത് അയാളെ ഒരു സ്വതന്ത്രനും ശൂന്യ മനുഷ്യനുമാക്കി മാറ്റിയത് ഭാര്യ തന്നെയാണ്.

വരാന്തയിൽ നിന്ന് ബാഗിന്റെ ഓരോ അറയും തുറക്കുകയും അടക്കുകയും ചെയ്തു കൊണ്ട് അയാൾ എന്തൊക്കെയോ ഓർത്തു നിന്നു.

വിവാഹം കഴിഞ്ഞതിന്റെ ആദ്യ നാളുകളിൽ ഓഫീസിലേക്ക് ഇറങ്ങാൻ നേരം…ഒരു കൈകൊണ്ട് അവളെ ചേർത്തു പിടിക്കാൻ ശ്രമിക്കുന്നതും, അവൾ കുതറി മാറാൻ ശ്രമിക്കുന്നതും. രാവിലെ മുതൽ കടുത്ത തലവേദന ആയതിനാൽ ഇന്ന് ഓഫീസിൽ വരാൻ കഴിയില്ലെന്ന് ഓഫീസിലേക്ക് ഫോൺ ചെയ്തു പറഞ്ഞിട്ട് അന്ന് പകൽ മുഴുവനും വീട്ടിൽ അവളോടൊപ്പം ചിലവിടുന്നതും. അവൾക്കുപോലും അതു വരെ അറിവില്ലാത്ത, അവൾ പോലും കണ്ടിട്ടില്ലാത്ത ചില മറുകുകളും, അടയാളങ്ങളും അവളുടെ ശരീരത്തിൽ നിന്നും കണ്ടു പിടിച്ച് അവളെ അതിശയിപ്പിച്ചതും.

അയാൾക്ക് പെട്ടെന്ന് ശർദ്ദിക്കാൻ തോന്നി, അടി വയറ്റിൽ നിന്നും എന്തോ മുകളിലേക്ക് ഇഴഞ്ഞു കയറുന്നതു പോലെ. അതുവരെ എവിടെയോ കെട്ടി കിടന്നിരുന്ന രക്തം വീണ്ടും ശക്തിയോടെ ഒഴുകാൻ തുടങ്ങി. ഓർക്കാൻ പാടില്ലാത്തതെന്തോ ഓർത്തതു പോലെ അയാൾ വാച്ചിലേക്ക് നോക്കി ബാഗുമായി ഓഫീസിലേക്ക് ധൃതിയിൽ ഇറങ്ങി നടന്നു.

ദിവസങ്ങൾക്ക് മുൻപാണ് മകളും ഇതു പോലെ അയാളെ വല്ലാതെ കുഴപ്പത്തിലാക്കിയത്. മകൾ ഹോസ്റ്റലിൽ നിന്നും അവധിക്ക് വീട്ടിൽ വന്ന ദിവസങ്ങളായിരുന്നു അത്.

ആ ദിവസം അയാൾ കുളിച്ചിട്ട് ഷർട്ടിടുവാൻ വേണ്ടി മുറിയിലേക്ക് കയറുകയായിരുന്നു. അച്ഛനെ ഒന്ന് പേടിപ്പിക്കാൻ അയാളറിയാതെ അവിടെ പതുങ്ങി നിന്നിരുന്ന മകളെ അയാൾ കണ്ടില്ല. അയാളെ അതിശയിപ്പിച്ചു കൊണ്ട് അവൾ പിറകിലൂടെ ചെന്ന് അയാളെ കെട്ടിപ്പിടിച്ചു.

“ഠോ”.

അച്ഛനെ പേടിപ്പിച്ചിട്ട് മകൾ നിന്ന് ചിരിച്ചു. അവിചാരിതമായ ആ വെടി കൊണ്ട് അയാൾ പുളഞ്ഞു പോയി. തൊണ്ട വരണ്ടു പോയ അയാൾ നിശ്ചലനായി നിന്നു.
“ഹൊ അച്ഛന്റെ ശരീരത്തിന് എന്തു തണുപ്പാ, എനിക്ക് ഇങ്ങനെത്തന്നെ നിൽക്കാൻ തോന്നണൂ”.

അവൾ അയാളുടെ ശരീരത്തെ ചേർത്തു പിടിച്ച്, മുഖത്തോടു തന്റെ മുഖം ചേർത്ത് അയാളിൽ നിന്നും എന്തോ പ്രതീക്ഷിച്ചു നിന്നു. മകൾ അയാളോട് ചേർന്നു നിന്നപ്പോൾ, അയാൾ തിരിച്ചറിഞ്ഞു. അവൾ വളർന്നിരിക്കുന്നു. ഞാൻ എടുത്ത് കൊണ്ടു നടന്നിരുന്ന, കൈകളിലെടുത്ത് ആകാശത്തേക്കുയർത്തി ചിരിപ്പിച്ചിരുന്ന ആ കൊച്ചു കുഞ്ഞല്ല അവളിന്ന്. അതോർത്തപ്പോൾ വെടിയുണ്ട തുളഞ്ഞു കയറിപ്പോയ വഴികൾ നീറി, കൈകൾ അനക്കാൻ കഴിയാതെ, വാക്കുകൾ പുറത്തു വരാതെ നിന്നു.

മകൾ അച്ഛന്റെ തലമുടിയിലൂടെ വിരലോടിച്ചുകൊണ്ടു പറഞ്ഞു.

“വെറുതെയല്ല അച്ഛനിത്രയും കഷണ്ടി വന്നത്. ഈയിടെയായി മുരടനായിപ്പോയി മുരടൻ. നിൽക്കുന്ന നിൽപ്പു കണ്ടില്ലേ, ഇഞ്ചി കടിച്ച പോലെ”.

അവളെ ചേർത്തു പിടിക്കാൻ കഴിയാതെ, കവിളിൽ പണ്ടത്തെപ്പോലെ ഒരുമ്മ കൊടുക്കാൻ കഴിയാതെ അയാൾ എന്തൊക്കെയോ ചിന്തിച്ച് വെറുതെ ചിരിച്ചു നിന്നു.

ചില ദിവസങ്ങളിൽ സോഫയിൽ ഇരുന്ന് പത്രം വായിക്കുമ്പോൾ മകൾ വന്ന് മടിയിൽ തല വച്ച് കിടക്കാറുണ്ട്, അപ്പോഴൊക്കെ അയാൾക്ക് സ്വസ്ഥത നഷ്ടപ്പെടും. പണ്ടത്തെപ്പോലെ അവളുടെ തലമുടിയിലൂടെ വിരലോടിക്കാൻ കഴിയാതെ, കവിളിൽ വിരലുകൾ കൊണ്ട് താളം പിടിക്കാൻ കഴിയാതെ, കോളേജു വിശേഷങ്ങൾ ചോദിക്കാൻ കഴിയാതെ അയാൾ ന്യൂസ് പേപ്പറിലെ വായിച്ചു തീർത്ത വാർത്തകൾ തന്നെ വീണ്ടും വീണ്ടും വായിക്കും. അക്ഷരങ്ങൾ തെളിയാതെ, വാക്കുകൾ മറന്ന്, കണ്ണിൽ ഇരുട്ട് കയറും. അസ്വസ്ഥത പുറത്തു കാണിക്കാതെ അയാൾ പറയും.

“നിനക്ക് പഠിക്കാനൊന്നുമില്ലേ. വെറുതെ സമയം വേസ്റ്റ് ചെയ്യാതെ പോയിരുന്ന് പഠിക്കൂ”.

ഒരു ദിവസം അവധി തീർന്ന് വീട്ടിൽ നിന്നും അവൾ മടങ്ങി പ്പോകാൻ തയ്യാറെടുക്കുകയായിരുന്നു അവൾ. കൊണ്ടു പോകേണ്ട സാധനങ്ങൾ എല്ലാം പാക്ക് ചെയ്തും, അടുക്കി വച്ചും അമ്മയും മകളും മുറിക്കുള്ളിലാണ്. പുറപ്പെടും മുൻപുള്ള ആ പതിവ് യാത്ര പറച്ചിൽ പ്രതീക്ഷിച്ച് അയാൾ പുറത്ത് കാത്തു നിൽക്കുകയായിരുന്നു. ആദ്യം അമ്മയോട്, പിന്നെ അച്ഛനോട്. അവൾ അടുത്തെത്തി. ആ സമയത്താണ് അയാൾ ആ വിളി കേട്ടത്. തന്റെ ഉള്ളിലിരുന്ന് ആരോ അയാളെ വിളിക്കുന്നു. അയാൾ ആ വിളി ശ്രദ്ധിച്ചു, ആരോ അതീവ ശ്രദ്ധയോടെ, അയാളെ നിരീക്ഷിക്കുകയാണ്, തടയുകയാണ്, എന്തിൽ നിന്നോ ഒഴിഞ്ഞു മാറാൻ ആരോ അയാളെ പിറകിലേക്ക് വലിച്ചു മാറ്റുകയാണ്. ഇതിനിടയിൽ മകൾ വന്ന് അടുത്തു നിന്നതും യാത്ര ചോദിച്ചതും, മുഖത്തെ രണ്ടു കൈകൊണ്ടും ചേർത്തു പിടിച്ചു ഉമ്മ വച്ചതും അയാൾ അറിഞ്ഞില്ല. എപ്പോഴോ ഉള്ളിൽ നിന്നും തിരിച്ചെത്തി, മകളുടെ ഉമിനീരും വിയർപ്പും പുരണ്ട കവിൾ ഇടം കൈകൊണ്ട് അയാൾ ഭയത്തോടെ, വെറുപ്പോടെ തുടച്ചു കളഞ്ഞു.
അയാളുടെ കവിളിൽ നിന്നും പിന്നെ ആ അടയാളം ഉണങ്ങി പ്പോയതേയില്ല. അതൊരു വൃണമായി വളരെ വേഗം ഉള്ളിലേക്ക് പടർന്നു നിറയുന്നത് അയാളറിഞ്ഞു.

അന്ന് രാത്രി അയാൾ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. അടുത്ത മുറിയിൽ കിടക്കുന്ന ഭാര്യ ഉറങ്ങിയിട്ടും. ഉറക്കം അയാളെ തിരിഞ്ഞു നോക്കിയില്ല. എപ്പോഴോ അവൾ മുറിയിൽ വന്നിരിക്കണം. അയാളുടെ നെറ്റിയിൽ തലോടിക്കൊണ്ട് അവൾ ചോദിച്ചു.

“നിങ്ങൾക്കിത് എന്തു പറ്റി. ഞാനിത് ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി”.

“എനിക്കറിയില്ല എന്തൊക്കെ വാർത്തകളാ ഞാൻ ദിവസവും വായിക്കുന്നത് ? ..എങ്ങിനെയാ ഒരച്ഛന്…ഇങ്ങനെയൊക്കെ ചിന്തിക്കാൻ കൂടി കഴിയുക?”

അവൾ അയാളുടെ നെറ്റിയിൽ തലോടി കൊണ്ടേയിരുന്നു, തല മുടി മാടിയൊതുക്കി. കവിളിലേയും നെറ്റിയിലേയും വിയർപ്പു തുടച്ചു

“ഒന്നു മില്ല, ഉറങ്ങിക്കോളൂ” അവൾ അയാളുടെ നെഞ്ചിൽ വിരലുകൾ കൊണ്ട് പതിയെ താളം പിടിച്ചു കൊണ്ടേയിരുന്നു.
താൻ എരിഞ്ഞു തീർന്നു തുടങ്ങുന്ന ഒരു നക്ഷത്രമായി മാറുകയാണെന്ന് അയാൾക്ക് തോന്നി. പ്രകാശ രശ്മികളെ പ്പോലും പുറത്തേക്കു വിടാതെ വിഴുങ്ങിക്കളയുന്ന ഒരു ബ്ളാക്ക് ഹോൾ. അപാരമായ ഉൾ വലിവുകളിൽ പെട്ട്‌ തന്നിൽ തന്നെ നിപതിച്ച് സ്വയം ഇല്ലാതായി തീരുന്നൊരു നക്ഷത്രം.

Comments

You may also like